Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

അല്‍ അസ്ഹര്‍ ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം

എം. ദില്‍ഷാദ് ഐനി

2018 ജനുവരി 17,18 തീയതികളിലാണ് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെയും മജ്‌ലിസു ഹുകമാഇല്‍ മുസ്‌ലിമീന്റെയും (Muslim Council of Elders) ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് 'ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം' സംഘടിപ്പിക്കപ്പെട്ടത്. അല്‍ അസ്ഹറിലെ വിദേശ വിദ്യാര്‍ഥി എന്ന നിലയില്‍  എനിക്കും ചരിത്രപ്രധാനമായ  ആ പരിപാടിയില്‍  പങ്കെടുക്കാനായി. 1948-1988 കാലയളവില്‍ നടന്ന പതിനൊന്ന് ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ക്കു ശേഷം മുപ്പത് വര്‍ഷങ്ങളുടെ ഇടവേളയില്‍ അല്‍ അസ്ഹര്‍ കലാലയം മറ്റൊരു വിമോചന മുദ്രാവാക്യം ഉയര്‍ത്തുന്നു എന്നതായിരുന്നു പരിപാടിയുടെ  പ്രത്യേകത. എണ്‍പത്തിയാറ് രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്ര പ്രതിനിധികള്‍, മത പണ്ഡിതര്‍, രാഷ്ട്രീയ നിരീക്ഷകര്‍, ചരിത്രകാരന്മാര്‍, ചിന്തകന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ദ്വിദിന കോണ്‍ഫറന്‍സ്  മുസ്‌ലിം ലോകത്തെ ഖുദ്‌സ് പോരാട്ട വീര്യത്തിന്റെ അടയാളപ്പെടുത്തലായാണ് അനുഭവപ്പെട്ടത്. 

കൈറോയില്‍ നടന്ന സമ്മേളനത്തിന് ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബ് നേതൃത്വം നല്‍കി. 'ഫലസ്ത്വീനികളേ, ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്, പോരാട്ട വീഥിയില്‍ ധീരതയോടേ ഉറച്ചുനിന്നോളൂ'- കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസ്, സുഊദി മതകാര്യ വകുപ്പ് മേധാവി ശൈഖ് സ്വാലിഹ് ബിന്‍ അബ്ദില്‍ അസീസ്, കുവൈത്ത് നാഷ്‌നല്‍ അസംബ്ലി സ്പീക്കര്‍  മര്‍സൂഖ് അല്‍ ഗാനിം, അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈത്ത്, മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ഈസ, വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി ജനറല്‍ ഡോ. ഔലാഫ് ഫാക്‌സ്, അറബ് പാര്‍ലമെന്റ് പ്രസിഡന്റ് ഡോ. മിശ്അല്‍ ബിന്‍ ഫഹ്മ് അസ്സുലമി തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു. 'അല്‍ അസ്ഹര്‍ ഖുദ്‌സ് ഐകദാര്‍ഢ്യ സമ്മേളനം' ഖുദ്‌സ് വിമോചന ചരിത്രത്തിന്റെ ഒരു നാഴികകല്ലായി മാറുമെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. അലക്‌സാണ്‍ട്രിയന്‍ പോപ്പ് എച്ച്.എച്ച് ത്വവാറുസ് രണ്ടാമനും, വത്തിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിനിധി യുനുസ് ലക്‌സിയും കോണ്‍ഫറന്‍സിന് എത്തിയിരുന്നു.

  ഖുദ്‌സിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് തീര്‍ത്തും അക്രമോത്സുകമാണെന്ന് സമ്മേളനത്തില്‍ സംസാരിച്ച പോപ്പ് എച്ച്.എച്ച് ത്വവാറുസ് രണ്ടാമന്‍ അഭിപ്രായപ്പെട്ടു. സയണിസ്റ്റ് ക്രൂരതക്കെതിരെ  ലോകതലത്തില്‍ ശബ്ദിച്ചുകൊണ്ടിരിക്കുന്ന 'നാത്തൂരി കാര്‍ത്ത'യെ പോലുള്ള ജൂത-ക്രൈസ്തവ കൂട്ടായ്മകളും കോണ്‍ഫറന്‍സിന്റെ ഭാഗമായി. കോണ്‍ഫറന്‍സില്‍ അതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന മസ്ജിദുല്‍ അഖ്‌സ്വാ ഖത്വീബ് ഡോ. യൂസുഫ് സലാമയുടെ യാത്ര ഇസ്രയേല്‍ തടഞ്ഞതിനെ സമ്മേളനം ശക്തമായി അപലപിക്കുകയും സയണിസ്റ്റുകളുടെ ലജ്ജാകരമായ ഭീരുത്വമാണിതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആഗോളതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കോണ്‍ഫറന്‍സ് റിപ്പോര്‍ട്ട് ചെയ്യാന്‍ എണ്ണൂറോളം മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി സമ്മേളനത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതും ഖുദ്‌സ് വിമോചനത്തിന് ഈജിപ്ത്  പ്രയത്‌നിക്കുമെന്ന് പ്രഖ്യാപിച്ചതും അറബ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഈജിപ്തില്‍ ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ പ്രതിഷേധ പ്രകടനം  നടത്താന്‍  ഭരണകൂടം പ്രത്യേക അനുമതി നല്‍കുകയുണ്ടായി.

ശേഷം നടന്ന വിവിധ സെഷനുകളില്‍ ഖുദ്‌സ്: ചരിത്രം വര്‍ത്തമാനം, ബൈത്തുല്‍ മഖ്ദിസിന്റ മതപരമായ ബന്ധങ്ങള്‍, സയണിസ്റ്റ് അവകാശവാദങ്ങള്‍-ഒരു പുനഃപരിശോധന, ഫലസ്ത്വീന്‍ പ്രശ്‌നത്തിലെ രാഷ്ട്രീയ സമീപനങ്ങള്‍, ഖുദ്‌സ് മോചനത്തിന്  മത-സാമൂഹിക കൂട്ടായ്മകളുടെ പങ്ക്, പ്രശ്‌നപരിഹാരത്തിനായുള്ള മാധ്യമ ഇടപെടലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ 32 ഓളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഡോ. ഇക്‌രിമ സ്വബരി (ഇമാം അല്‍ അഖ്‌സ്വാ മസ്ജിദ്), ഡോ. അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഒഗ്‌ലൂ (മുന്‍  ഒ.ഐ.സി ജനറല്‍ സെക്രട്ടറി), ഡോ. ശൗഖി അലാം (ഈജിപ്ത് ഗ്രാന്റ് മുഫ്തി), ശൈഖ് അഹ്മദ് മുഹമ്മദ് ഹുസൈന്‍ (ഫലസ്ത്വീന്‍ ഗ്രാന്റ് മുഫ്തി), നബീല്‍ അല്‍ അറബി (അറബ് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി), ഡോ. സര്‍ദാര്‍ മുഹമ്മദ് യൂസുഫ് (മതകാര്യ വകുപ്പ് മന്ത്രി - പാകിസ്താന്‍), ഡോ. യാസീന്‍ അല്‍ അയ്യൂത്തി (ഇന്റര്‍നാഷ്‌നല്‍ നിയമ വിദഗ്ധന്‍), ഡോ. ടെറി റാബു (ഫ്രാന്‍സ് ഉന്നത വിദ്യഭ്യാസ ചാന്‍സലര്‍), ഡോ. ചാര്‍ലസ് സെന്റ് പ്രെട് (Director of the Observatory of Geopolitical Studies - Paris) ഡോ. ഹംദി സഖ്‌സൂഖ് (ചീഫ് എഡിറ്റര്‍, അല്‍ അസ്ഹര്‍ മാഗസിന്‍), ഡോ. ഇസ്സത്ത് ജര്‍ദാത്ത് (സെക്രടറി ജനറല്‍ ഓഫ് ജറൂസലം കോണ്‍ഫറന്‍സ്, ജോര്‍ദാര്‍), ഡോ. ഫാദിയ കിവാന്‍ (മുന്‍ ഡയറക്ര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്, സെന്റ് ജോസഫ് യൂനിവേഴ്‌സിറ്റി, ജോര്‍ദാന്‍), ബിഷപ്പ് പോള്‍ മാത്ത്ര്‍ (ആര്‍ച്ച് ബിഷപ്പ് ഓഫ് ബൈറൂത്ത്, ലബനാന്‍) തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. മൗലാന മഹ്മൂദ് മദനി (ജനറല്‍ സെക്രട്ടറി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), മൗലാനാ അസ്ഗര്‍ ഇമാം മഹ്ദി (പ്രസിഡന്റ്, അഖിലേന്ത്യാ ജംഇയ്യത്ത് അഹ്‌ലെ ഹദീസ്), ഡോ. ശിഹാബുദ്ദീന്‍ (അല്‍ അസ്ഹര്‍ അലുംനി ഇന്ത്യന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി) എന്നിവരായിരുന്നു സമ്മേളനത്തിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

സമ്മേളനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഴക്കു പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്ര പ്രതിനിധികള്‍, പണ്ഡിതര്‍, നയതന്ത്രജ്ഞര്‍, ചിന്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിച്ചു. ഖുദ്‌സ് വിമോചനത്തിനും മേഖലയിലെ സയണിസ്റ്റ് കിരാത പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ആഗോളതലത്തില്‍ പ്രസ്തുത സമിതി സമ്മര്‍ദം ചെലുത്തും. കൂടാതെ പുതിയ തലമുറയില്‍ ഖുദ്‌സ് വിമോചന ചിന്ത വളര്‍ത്തിയെടുക്കാനായി  യൂനിവേഴ്‌സിറ്റിയിലെ എല്ലാ കോളേജുകളിലും ഫലസ്ത്വീന്‍ പ്രശ്‌നം പാഠ്യവിഷയമായി ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍