ഇ.സി സൈമണ്‍ മാസ്റ്റര്‍ സന്മാര്‍ഗം പ്രാപിച്ച സത്യാന്വേഷണം
ഏകദേശം രണ്ടര മാസം മുമ്പാണ് സൈമണ്‍ മാസ്റ്ററെ അവസാനമായി നേരില്‍ കണ്ടത്. രോഗശയ്യയിലായിരുന്നുവെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു.
അസാധാരണമായ ജീവിത വിശുദ്ധിയുടെയും സ്വഭാവ നന്മയുടെയും പെരുമാറ്റ മേന്മയുടെയും ഉടമയായിരുന്നു ഇ.സി സൈമണ്‍ മാസ്റ്റര്‍. ബൈബിളില്‍ ആഴത്തിലുള്ള അറിവ് നേടിയ അദ്ദേഹം സ്വയം നടത്തിയ സത്യാന്വേഷണത്തിലൂടെയാണ് ഇസ്‌ലാമിന്റെ ശീതളഛായയിലെത്തിയത്. വിസ്മയകരമായ മനംമാറ്റത്തിന്റെ കഥകൂടിയാണ് സൈമണ്‍ മാസ്റ്ററുടെ ഇസ്‌ലാം ആശ്ലേഷണം.
1932 ജൂലൈ 14-നാണ് അദ്ദേഹം ജനിച്ചത്. സ്വദേശം കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ് ഗ്രാമമാണ്. പിതാവ് ഇലഞ്ഞിക്കല്‍ ചീക്കു ഇസ്‌ലാമിനെ സംബന്ധിച്ച് നല്ല അറിവുള്ള സഹൃദയനായിരുന്നു. പ്രദേശത്തെ മുസ്‌ലിംകളുടെ ഉറ്റ കൂട്ടുകാരനും. മാതാവ് ഏലിയ. എടവിലങ്ങ് പ്രൈമറി സ്‌കൂള്‍, എറിയാട് ഹൈസ്‌കൂള്‍, മുത്തകുന്നം എസ്.എസ് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് സെന്റര്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഇംഗ്ലണ്ടിലെ പ്രശസ്തമായ അംബാസിഡര്‍ കോളേജിന്റെ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് ചേര്‍ന്ന് ബൈബിളില്‍ ആഴത്തില്‍ അറിവുനേടി. എല്ലാ പരീക്ഷകളും ഉയര്‍ന്ന മാര്‍ക്കോടെ പാസ്സാവുകയും ചെയ്തു. എടവിലങ്ങ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രൈമറി വിഭാഗത്തില്‍ കാല്‍ നൂറ്റാണ്ടിലധിക കാലം അധ്യാപകനായിരുന്നു. ഹെഡ്മാസ്റ്ററായിരിക്കെ ജോലിയില്‍നിന്ന് വിരമിച്ചു. ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യുമായിരുന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
ക്രൈസ്തവ സമൂഹം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ത്രിയേകത്വം ബൈബിളിന് പോലും യോജിക്കാന്‍ കഴിയാത്തതാണെന്ന് സൈമണ്‍ മാസ്റ്റര്‍ തിരിച്ചറിഞ്ഞു. അദ്ദേഹം തന്നെ അതിങ്ങനെ വ്യക്തമാക്കുന്നു: ''യേശു ദൈവമാണെന്ന് ബൈബിള്‍ ഒരിടത്തും പറയുന്നില്ല. ഒരിക്കലെങ്കിലും ദൈവമോ ദൈവപുത്രനോ ആയിരുന്നുവെങ്കില്‍ അക്കാര്യം വെട്ടിത്തുറന്ന് പരസ്യമായി പ്രഖ്യാപിക്കാതെ എന്തിന് ഒളിച്ചുവെക്കണം; ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍! എന്നിട്ടും കത്തോലിക്കാ മതം നിര്‍ബന്ധപൂര്‍വം ആ വിശ്വാസം മുറുകെ പിടിക്കുന്നതിനോട് എനിക്ക് യോജിക്കാനായില്ല. ഒട്ടും തന്നെ'' (എന്റെ ഇസ്‌ലാം അനുഭവങ്ങള്‍, പേജ്: 16).
ക്രൈസ്തവതയോട് വിടപറയാന്‍ പ്രേരിപ്പിച്ച കാരണങ്ങള്‍ സൈമണ്‍ മാസ്റ്റര്‍ വിശദീകരിക്കുന്നു:
''മരണത്തെയും ഉയിര്‍ത്തെഴുന്നേല്‍പിനെയും പറ്റി വിശദീകരിക്കുന്ന സുവിശേഷ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ യേശുവിന് അവസരമുണ്ടായിട്ടില്ലെന്നുള്ളത് ആരെയും അമ്പരപ്പിക്കുന്ന ഒരു വലിയ വസ്തുതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മത്തായി, മാര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാലു ഗ്രന്ഥങ്ങളും യേശു കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുള്ളവയല്ലാത്തതിനാല്‍ അവയ്‌ക്കൊന്നിനും അദ്ദേഹത്തിന്റെ അംഗീകാരമില്ലെന്നുള്ളത് തീരേ നിസ്സാരമായി പാടേ അവഗണിച്ചുതള്ളാവുന്ന അപ്രധാന സംഗതിയല്ല. ഈ ആധികാരിക ഗ്രന്ഥങ്ങള്‍ക്ക് യേശുവുമായി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബന്ധം അറ്റുപോകുമ്പോള്‍ യഥാര്‍ഥത്തില്‍ ആ മതവും മതസ്ഥാപകനെന്ന് സങ്കല്‍പിക്കപ്പെടുന്ന ആളും തമ്മിലുള്ള ബന്ധമാണ് ഇല്ലാതാകുന്നത്'' (അതേ പുസ്തകം പേജ്: 15,16).
''യേശുവിന്റെ കുരിശുമരണം വിവരിക്കുന്ന ഗ്രന്ഥങ്ങളാകയാല്‍ പുതിയ നിയമം അപ്പാടെ യേശുവിന്റെ കാലശേഷം എഴുതപ്പെട്ടതും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അംഗീകാരമില്ലാത്തതുമാണെന്ന വസ്തുത എന്റെ കണ്ണു തുറപ്പിച്ചു'' (പേജ്: 18).
''ബൈബിളിന്റെ ഗ്രന്ഥകര്‍ത്താക്കളില്‍ ആരും തന്നെ അവരുടെ കൃതികള്‍ ദൈവികമെന്നോ ദൈവത്തിന്റെ ഏതെങ്കിലും മാലാഖ വെളിപ്പെടുത്തിക്കൊടുത്തതിന്റെ ഫലമായി എഴുതപ്പെട്ടതെന്നോ അവകാശപ്പെട്ടിട്ടില്ല. സുവിശേഷങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും അക്കാര്യം ബോധ്യപ്പെടും. ലൂക്കായുടെ സുവിശേഷത്തിന്റെ ആരംഭത്തിന്റെ ഒന്നുമുതല്‍ നാലുവരെ വാക്യങ്ങളില്‍, താന്‍ ഗ്രന്ഥമെഴുതാനുണ്ടായ കാരണങ്ങളും അതിലെ ഉള്ളടക്കം ഏതെല്ലാം വിധത്തില്‍ എവിടെനിന്നെല്ലാമാണ് ശേഖരിച്ചതെന്നും അദ്ദേഹം സ്പഷ്ടമായി വിസ്തരിക്കുന്നുണ്ട്....
''പില്‍ക്കാലത്ത് സുവിശേഷങ്ങളെ ദൈവവചനങ്ങളായി ക്രൈസ്തവ സഭകള്‍ അംഗീകരിച്ചുവെന്നേയുള്ളൂ. യേശുവെ കാണുകയോ നേരിട്ട് കേള്‍ക്കുകയോ ചെയ്തിട്ടുള്ളവരല്ല പ്രമുഖ സുവിശേഷകരായ മാര്‍കോസ്, ലൂക്കാ തുടങ്ങിയവര്‍'' (പേജ്: 20).
''പള്ളികളില്‍ നിറഞ്ഞുനില്‍ക്കുന്ന വിഗ്രഹങ്ങള്‍, പുണ്യവാന്മാരോടും പുണ്യവതികളോടുമുള്ള പ്രാര്‍ഥനകള്‍, പാപമോചനം നേടുന്നതിനു വേണ്ടി പുരോഹിതന്മാരോടു നടത്തുന്ന കുമ്പസാരം, പുരോഹിത മേധാവിത്തം തുടങ്ങി ബൈബിളിനും പ്രവാചകന്മാര്‍ക്കും നിരക്കാത്ത എണ്ണമറ്റ ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വാസമില്ലാതായപ്പോള്‍ അതുപേക്ഷിച്ച് പുറത്തുപോരാതെ നിവൃത്തിയില്ലെന്നതായി എന്റെ അവസ്ഥ'' (പേജ്: 15).
''ദൈവത്തോട് പ്രാര്‍ഥിക്കാന്‍ യേശു ആകെ കൂടി പഠിപ്പിച്ചതായി ബൈബിള്‍ പഠിപ്പിച്ചത് അഞ്ചു വാക്യങ്ങള്‍ മാത്രമാണെങ്കിലും എണ്ണമറ്റ പുണ്യവാന്മാരോടും പുണ്യവതികളോടുമുള്ള അസംഖ്യം പ്രാര്‍ഥനകള്‍ പുരോഹിത നിര്‍മിതമായി നിലവിലുള്ളതിനാല്‍ പള്ളിയിലും വീട്ടിലും ഉരുവിടുന്ന പ്രാര്‍ഥനകളുടെ കാര്യത്തില്‍ ക്രൈസ്തവ സഭക്ക് യാതൊരു കുറവും അനുഭവപ്പെടുന്നില്ല. എന്നു തന്നെയല്ല; ദൈവത്തോടു മാത്രമേ പ്രാര്‍ഥിക്കാവൂ എന്ന നിര്‍ബന്ധം അശേഷവുമില്ല'' (പേജ്: 10).
യേശു, ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ലെന്നും ബൈബിള്‍ സുവിശേഷങ്ങള്‍ക്ക് യേശുവിന്റെ അംഗീകാരമില്ലെന്നും അവ ദൈവികമാണെന്ന് ബൈബിള്‍ തന്നെ അവകാശപ്പെടുന്നില്ലെന്നും ബൈബിള്‍ പോലും തുറന്നുപറയാത്ത ത്രിയേകത്വമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമെന്നും സമാനമായ മറ്റു കാര്യങ്ങളും തിരിച്ചറിഞ്ഞതോടെ ക്രൈസ്തവതയോടു വിടപറയുകയായിരുന്നു സൈമണ്‍ മാസ്റ്റര്‍.
ഇസ്‌ലാമിലേക്ക്
മുസ്‌ലിംകളുമായുള്ള ഉറ്റ സമ്പര്‍ക്കത്തിലൂടെ ഇസ്‌ലാമിനെ സംബന്ധിച്ച് സാമാന്യമായി മനസ്സിലാക്കിയ സൈമണ്‍ മാസ്റ്റര്‍ സ്വയം താല്‍പര്യമെടുത്ത് ഖുര്‍ആന്‍ പഠിക്കാന്‍ തുടങ്ങി. അതിലൂടെ ഇസ്‌ലാമിന്റെ കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസം, ഏകദൈവാരാധനയിലെ കണിശത, പരലോക വിശ്വാസത്തിലെ കൃത്യത, പ്രാര്‍ഥനകളിലെ വ്യക്തത, സരളത, ഖുര്‍ആന്‍ പൂര്‍വ പ്രവാചകന്മാരെയൊക്കെ അംഗീകരിക്കുന്നുവെന്ന വസ്തുത, ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന സമത്വം, ലാളിത്യം, പൗരോഹിത്യരാഹിത്യം തുടങ്ങി അത് പഠിപ്പിക്കുന്ന അഭിവാദ്യത്തിന്റെ മഹത്വം വരെ നന്നായി മനസ്സിലാക്കി ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹം സ്വയംപ്രേരിതനായി ഇസ്‌ലാം ആശ്ലേഷിച്ചു. 2000 ആഗസ്റ്റ് പതിനെട്ടിനാണ് സൈമണ്‍ മാസ്റ്റര്‍ വീട്ടിനടുത്തുള്ള പള്ളിയില്‍ വെച്ച് സത്യസാക്ഷ്യം പ്രഖ്യാപിച്ച് സന്മാര്‍ഗം സ്വീകരിച്ചത്.
അതോടെ തനിക്ക് അതിരറ്റ ആത്മസംതൃപ്തി ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു. തികഞ്ഞ മനശ്ശാന്തിയും സ്വസ്ഥതയും ലഭിച്ചു. തന്റെ സത്യാന്വേഷണ യാത്ര ഫലപ്രദമായതായി ബോധ്യമായി. അതുകൊണ്ടുതന്നെ തന്റെ ജീവിതത്തില്‍ സ്വയം എടുത്ത ഏറ്റവും ബുദ്ധിപൂര്‍വകവും വിവേകപൂര്‍ണവുമായ തീരുമാനമാണ് തന്റെ ഇസ്‌ലാം ആശ്ലേഷമെന്ന് സൈമണ്‍ മാസ്റ്റര്‍ തുറന്നെഴുതുന്നു.
ഇസ്‌ലാം സ്വീകരണത്തിനു മുമ്പുതന്നെ ഇസ്‌ലാമിനെയും ക്രൈസ്തവതയെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ പ്രകാശിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രബോധനം വാരികയില്‍ എഴുതിക്കൊണ്ടിരുന്നു. കുടുംബത്തിലെ പലരും അതറിയുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നുവെങ്കിലും വായിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ജ്യേഷ്ഠ സഹോദരി മാത്രമായിരുന്നു ഇതിനപവാദം. പ്രബോധനത്തില്‍ വന്ന 'യേശുവും മര്‍യമും ബൈബിളിലും ഖുര്‍ആനിലും' എന്ന ലേഖനം വായിച്ച് അവര്‍ മാസ്റ്റര്‍ക്ക് എഴുതി: 'മതത്തിന്റെ കടയ്ക്കലാണോ കോടാലി വെച്ചത്?' പിന്നീട് പ്രസിദ്ധീകരിച്ച 'ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും' വായിച്ചപ്പോള്‍ ഉപദേശ സ്വഭാവത്തില്‍ അവര്‍ പറഞ്ഞു: ''രണ്ടു വഞ്ചിയില്‍ കാലുവെക്കരുത്.''
കുടുംബക്കാരെയെല്ലാം ടെലഫോണില്‍ വിളിച്ച് വിവരമറിയിച്ച ശേഷമാണ് സൈമണ്‍ മാസ്റ്റര്‍ ഇസ്‌ലാം സ്വീകരിച്ചത്. സത്യസാക്ഷ്യ പ്രഖ്യാപനത്തിന് പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുമ്പായി വീട്ടുകാരെയെല്ലാം വിളിച്ചുവരുത്തി വിവരം പറഞ്ഞു. തന്റെ തീരുമാനത്തിന്റെ അടിസ്ഥാനം വിശദീകരിക്കുകയും അതിന് ദൈവസഹായം ഉാകുമെന്ന് അവരെ അറിയിക്കുകയും ചെയ്തു. മുമ്പത്തേക്കാള്‍ കുടുംബ സമാധാനത്തിനു വേണ്ടി ശ്രമിക്കുമെന്നും വീട്ടില്‍ എല്ലാവരോടും കൂടുതല്‍ സ്‌നേഹത്തില്‍ പെരുമാറുമെന്നും ഉറപ്പു നല്‍കി. അത് കുടുംബാംഗങ്ങള്‍ക്ക് വലിയ ആശ്വാസവും സമാധാനവും നല്‍കി. അതുകൊണ്ടുതന്നെ ഇസ്‌ലാം സ്വീകരണത്തിനായി പള്ളിയിലേക്ക് പോയപ്പോള്‍ മകന്‍ ജോണ്‍സനും മകളുടെ മകന്‍ ക്രിസ്റ്റഫറും ഇളയ മകന്‍ പീറ്ററിന്റെ കൊച്ചുകുട്ടി എബിയും സൈമണ്‍ മാസ്റ്ററെ അനുഗമിച്ചു. സത്യസാക്ഷ്യ പ്രഖ്യാപനത്തിന് കുടുംബത്തെ പ്രതിനിധീകരിച്ച് അവരൊക്കെ സാക്ഷികളാവുകയും ചെയ്തു.
തിന്മയെ നന്മകൊണ്ട് തടഞ്ഞപ്പോള്‍
സൈമണ്‍ മാസ്റ്റര്‍ ഏവരെയും ആകര്‍ഷിക്കുമാറ് സൗമ്യശീലനായിരുന്നു. അദ്ദേഹം പരിചിതരുമായെല്ലാം ഉറ്റബന്ധം പുലര്‍ത്തി. അതോടൊപ്പം തനിക്കു ശരിയെന്ന് തോന്നുന്നതൊക്കെയും സൗമ്യമായ ശൈലിയില്‍ തുറന്നു പറഞ്ഞു. മിതഭാഷിയായിരുന്ന മാസ്റ്റര്‍ കുടുംബത്തോട് ഗാഢബന്ധം പുലര്‍ത്തി. അതുകൊണ്ടുതന്നെ ക്രൈസ്തവ വിശ്വാസികളായ മക്കള്‍ ഇസ്‌ലാമിനെ സംബന്ധിച്ച ലേഖനങ്ങള്‍ കേട്ടെഴുതിക്കൊടുക്കുക പോലും ചെയ്തു.
സ്വാഭാവികമായും സഹോദരീസഹോദരന്മാരില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും രൂക്ഷമായ എതിര്‍പ്പുകളുണ്ടായി. എന്നാല്‍ അതൊന്നും അദ്ദേഹത്തെ അല്‍പം പോലും പ്രകോപിതനാക്കിയില്ല. എല്ലാറ്റിനെയും ശാന്തമായും സൗമ്യമായും അഭിമുഖീകരിച്ചു. രൂക്ഷമായ ആക്ഷേപങ്ങളെയും കടുത്ത വിമര്‍ശനങ്ങളെയും അളന്നുമുറിച്ച വാക്കുകളില്‍ കൃത്യമായ മറുപടികളിലൂടെ നേരിട്ടു. മൂത്ത സഹോദരിയും ജ്യേഷ്ഠപുത്രനും കടുത്ത ഭാഷയില്‍ പ്രതികരിച്ചെങ്കിലും സൈമണ്‍ മാസ്റ്റര്‍ തന്റെ ശാന്തപ്രകൃതം കൈവിട്ടില്ല. അത് അവരെയും ഒട്ടൊക്കെ സ്വാധീനിച്ചു. എതിര്‍പ്പിന്റെ കടുപ്പം കുറച്ചു.
ഭാര്യയും മക്കളും ഉദാരമായ നിലപാടാണ് സ്വീകരിച്ചത്. മാസ്റ്റര്‍ തന്നെ തന്റെ അനുഭവം വിശദീകരിക്കുന്നു: ''മക്കള്‍ നാലുപേരില്‍ മൂന്നുപേരും അന്ന് വീട്ടിലുണ്ടായിരുന്നു. തിരുവനന്തപുരത്തെ ജോലിസ്ഥലത്തുനിന്ന് വിവരമറിയിച്ചാണ് മൂത്തമകനെ വരുത്തിയത്. അവരാരും എതിരഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായില്ല. നല്ലതിനല്ലാത്ത ഒരു കാര്യത്തില്‍ ഞാന്‍ ഏര്‍പ്പെടുകയില്ലെന്ന വിശ്വാസം കൊണ്ടാവണം അവര്‍ പ്രതികൂലിക്കാതിരുന്നത്. ഭാര്യക്കായിരുന്നു പ്രയാസം. സ്വന്തക്കാരും ബന്ധുക്കളും അകന്നുപോയാല്‍ ഒറ്റപ്പെട്ടുപോയേക്കുമോയെന്ന ഭയം അവരെ വേട്ടയാടി'' (പേജ്: 22).
അപ്പോഴത്തെ തന്റെ മാനസികാവസ്ഥ സൈമണ്‍ മാസ്റ്റര്‍ ഇങ്ങനെ വരച്ചിടുന്നു: ''എനിക്കും ദുഷ്‌കരമായിരുന്നു ഈ പരിവര്‍ത്തനം. ഉറ്റവരും ബന്ധുക്കളും ഉള്‍പ്പെട്ട ഒരു വലിയ സമൂഹത്തില്‍ അടുപ്പത്തോടെ കഴിഞ്ഞുവന്ന എനിക്ക് അവരുമായി അകലേണ്ടിവരുമെന്ന ബോധം വേദനിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ഹ്രസ്വമായ ശിഷ്ട ജീവിതകാലത്ത് ഉണ്ടായേക്കാവുന്ന നഷ്ടവും ശാശ്വതമായ പരലോക ജീവിതത്തില്‍ ലഭിച്ചേക്കാവുന്ന നഷ്ടവും താരതമ്യം ചെയ്തപ്പോള്‍ പുതിയതിലേക്കുള്ള മാറ്റമാണ് അഭിലഷണീയമെന്നു കണ്ടു. ഇഹത്തിലെ നഷ്ടം പരത്തില്‍ ലാഭമായിരിക്കുമെന്ന് കണക്കുകൂട്ടി. ആ വിശ്വാസവും പ്രതീക്ഷയും മനസ്സിന് ശക്തിപകര്‍ന്നു.''
സഹോദരീസഹോദരന്മാരുടെ മൗനാനുവാദത്തോടെ ഉറ്റ സഹോദരന്‍ ബഹിഷ്‌കരണ ശ്രമം നടത്തിയപ്പോള്‍ ഒരു ഇസ്‌ലാമിക പ്രവര്‍ത്തകന്റെ സംരക്ഷണം സ്വീകരിക്കേണ്ടിവന്നെങ്കിലും ജീവിതാന്ത്യം വരെ കുടുംബത്തോടൊപ്പം തന്നെ കഴിയാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ സൗകര്യങ്ങളെല്ലാം കുടുംബം ചെയ്തുകൊടുത്തു. റമദാനില്‍ നോമ്പെടുക്കാന്‍ ഭക്ഷണം പാകം ചെയ്യാന്‍ ഭാര്യ പുലര്‍ത്തിയ ജാഗ്രത മാസ്റ്റര്‍ നന്ദിപൂര്‍വം അനുസ്മരിക്കുകയുണ്ടായി: ''ഉറക്കത്തിനിടയില്‍ പല പ്രാവശ്യം എഴുന്നേറ്റ് സമയം വൈകിപ്പോയിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും പതിവായിരുന്നു. അങ്ങനെ ബുദ്ധിമുട്ടി നോമ്പുകാരനെ സഹായിക്കുന്നത് ദൈവത്തില്‍നിന്നുള്ള പ്രതിഫലത്തിന് അര്‍ഹമാക്കുന്ന പുണ്യകര്‍മമാണെന്നും അത് ദൈവത്തോടു തന്നെ ചോദിച്ചുവാങ്ങിക്കൊള്ളണമെന്നും ഞാന്‍ ഓര്‍മിപ്പിക്കാറുണ്ട്. സന്ധ്യാസമയത്ത് നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം തയാറാക്കുന്ന കാര്യത്തിലും കാണിച്ചിരുന്നു കണിശമായ സമയനിഷ്ഠ. മറ്റു ചില പ്രയാസങ്ങള്‍ തടസ്സം സൃഷ്ടിച്ചില്ലായിരുന്നുവെങ്കില്‍ എന്നോടൊപ്പം ഉപവാസമെടുക്കുന്നതിനും സന്നദ്ധയായിരുന്നു ക്രിസ്ത്യാനിയായ ഈ നല്ല ഭാര്യ'' (പേജ്: 30).
ഭാര്യയും മക്കളും സന്മാര്‍ഗം സ്വീകരിക്കണമെന്ന് സൈമണ്‍ മാസ്റ്റര്‍ അതിയായ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജീവിതകാലത്ത് അദ്ദേഹത്തിന്റെ ഈ അഭിലാഷം പൂവണിഞ്ഞില്ല.
സമുദായത്തില്‍നിന്നൊരു ദുരനുഭവം
മുസ്‌ലിം സമുദായത്തിലെ ഭിന്നതയും സംഘടനാ പക്ഷപാതിത്വവും മറ്റു പലരെയുമെന്നപോലെ സൈമണ്‍ മാസ്റ്ററെയും ഏറെ പ്രയാസപ്പെടുത്തി. അക്കാര്യം അദ്ദേഹം തന്നെ വിശദീകരിക്കട്ടെ: ''അറബി പഠിക്കാനുള്ള എന്റെ കൊച്ചുമകന്‍ ക്രിസ്റ്റഫറിന്റെ ആഗ്രഹമനുസരിച്ചും എന്റെ അഭ്യര്‍ഥന മാനിച്ചും ഞങ്ങളുടെ അഭ്യുദയകാംക്ഷിയായ ഒരു അറബി അധ്യാപകന്‍ രണ്ടുകൊല്ലത്തോളം ബുദ്ധിമുട്ടി സൗജന്യമായി അവനെ അറബി പഠിപ്പിച്ചു. തുടര്‍ന്ന് പഠിക്കുന്നതിനായി ഒരു അറബി കോളേജ് പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍, അര്‍ഹത പരിഗണിച്ച് അഡ്മിഷന്‍ തരാമെന്ന് ആദ്യം സമ്മതിച്ച അദ്ദേഹം തക്ക സമയം വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒരു വിധത്തിലും ബാധകമല്ലാത്ത സുന്നി-മുജാഹിദ് അഭിപ്രായ വ്യത്യാസങ്ങള്‍ സൃഷ്ടിച്ച എന്തോ തടസ്സവാദം ഉന്നയിച്ച് വാക്കുമാറി പ്രവേശനം നിഷേധിക്കുകയുണ്ടായി. ഈ സംഭവം ഇസ്‌ലാമിനെ സംബന്ധിച്ച എന്റെ ധാരണകള്‍ക്കും പ്രതീക്ഷകള്‍ക്കും പോറലേല്‍പിച്ചു എന്ന ദുഃഖസത്യം എന്നെ സ്‌നേഹിക്കുന്നവരും ഞാന്‍ സ്‌നേഹിക്കുന്നവരുമായ എന്റെ മുസ്‌ലിം സഹോദരന്മാരുടെ മുമ്പില്‍ അവരുടെ അറിവിനും പരിഗണനക്കുമായി വേദനയോടെ സമര്‍പ്പിക്കുന്നു....
''വീട്ടില്‍ ഈ സംഭവം എനിക്കു സൃഷ്ടിച്ച മാനസിക പ്രയാസം ചെറുതായിരുന്നില്ല. മറ്റെല്ലാവരില്‍നിന്നും വിട്ടകന്ന് ഏകനായി ഇസ്‌ലാമിലേക്കു വന്ന് കുടുംബാംഗങ്ങളില്‍നിന്ന് വ്യത്യസ്തമായ മതവിശ്വാസം പുലര്‍ത്തി ജീവിക്കാന്‍ ആരംഭിക്കുക മാത്രം ചെയ്തിരുന്ന, എന്റെ പ്രേരണയനുസരിച്ച് അറബി പഠിക്കാനയച്ച കൊച്ചുമകന്റെ രണ്ടു കൊല്ലം പാഴായിപ്പോയതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് എന്റെ ബാധ്യതയായി വന്നു. വളര്‍ന്നു വരുന്ന അവന്റെ നഷ്ടപ്പെട്ട സമയത്തിനു പകരം കൊടുക്കാന്‍ എനിക്കെങ്ങനെ കഴിയും? മകള്‍ക്കും ഭാര്യക്കും മുറുമുറുപ്പുണ്ടായിരുന്നു. ഭാര്യ ചോദിച്ചു: 'നേരും നെറിയുമുള്ളവരുടെ മതമെന്ന് പറഞ്ഞ് അതിലേക്കു പോയിട്ട് ഇപ്പോള്‍ എന്തായി ഫലം? വാക്കിനു വിലയില്ലാത്ത ഇത്തരക്കാരെയാണോ വിശ്വസിച്ചത്?''
''നില പരുങ്ങലിലായ ഞാന്‍ വാസ്തവത്തില്‍ കൊച്ചായിപ്പോയി. എങ്കിലും പറഞ്ഞു: വാക്കു പാലിക്കാത്തവരും വ്യവസ്ഥയില്ലാത്തവരും എവിടെയും കാണും. വിദ്യാലയങ്ങളിലുമുണ്ട് അക്കൂട്ടര്‍. ഇതൊരു പാഠമായി, നല്ലൊരു പരീക്ഷണവും'' (പേജ്: 38).
എന്നാല്‍ മുസ്‌ലിംകളില്‍നിന്ന് അദ്ദേഹത്തിനുണ്ടായ മറ്റെല്ലാ അനുഭവങ്ങളും അത്യധികം ഹൃദ്യമായിരുന്നു. പരിചിതരും അല്ലാത്തവരുമായ ആയിരങ്ങള്‍ അദ്ദേഹത്തെ അഗാധമായി സ്‌നേഹിക്കുകയും അക്കാര്യം അദ്ദേഹവുമായി പങ്കുവെക്കുകയും ചെയ്തു. ഹജ്ജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ഇതെല്ലാം സൈമണ്‍ മാസ്റ്റര്‍ നന്ദിയോടെ അനുസ്മരിച്ചിട്ടുമുണ്ട്.
അവസാന നിമിഷംവരെ പ്രദേശത്തെ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ മാസ്റ്ററുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ആവശ്യമായതൊക്കെയും ചെയ്തുകൊടുക്കുകയും ചെയ്തു.
കൃതികള്‍
'ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും' എന്ന ചെറിയ പുസ്തകം പേരു സൂചിപ്പിക്കുന്നതുപോലെ നിലവിലുള്ള ക്രിസ്തുമതം യേശു പ്രബോധനം ചെയ്ത ക്രിസ്തുവിന്റെ മതവും ഒന്നല്ലെന്ന് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ തെളിയിക്കുന്നു. 'യേശുവിന്റെ പിന്‍ഗാമി' എന്ന ലഘുകൃതി മുഹമ്മദ് നബിയെ സംബന്ധിച്ച ബൈബിള്‍ പ്രവചനങ്ങളുടെ വെളിച്ചത്തില്‍ യേശുവിന്റെ പിന്‍ഗാമി ആരെന്ന് അന്വേഷിക്കുകയാണ്. 'യേശുവും മര്‍യമും ബൈബിളിലും ഖുര്‍ആനിലും' എന്ന പുസ്തകത്തില്‍ അനിഷേധ്യമായ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ യേശുവിന്റെയും മര്‍യമിന്റെയും യഥാര്‍ഥ ചിത്രം നല്‍കുന്നത് ഖുര്‍ആനാണെന്ന് സമര്‍ഥിക്കുന്നു. നൂറിലേറെ പേജുള്ള ഏക കൃതി 'ബൈബിളും ഖുര്‍ആനും' എന്നതാണ്. ബൈബിള്‍ പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളും യേശുവിന്റേതല്ലെന്നും യേശു അവയൊന്നും കണ്ടിട്ടില്ലെന്നും അവ എഴുതപ്പെട്ട ഭാഷപോലും യേശുവിന്റേതല്ലെന്നും സ്വയം ദൈവികമെന്ന് അവകാശപ്പെടാത്ത അവയെ അവ്വിധം വിശേഷിപ്പിച്ചത് പുരോഹിതന്മാരാണെന്നും വ്യക്തമാക്കുന്നു. യേശുവിന്റെ ജനനം, കുരിശുസംഭവം, ആദം നബിയുടെയും ഇബ്‌ലീസിന്റെയും കഥ, ഇബ്‌റാഹീം നബി, നൂഹ് നബി, ലൂത്വ് നബി, യൂസുഫ് നബി, മൂസാ നബി, ദാവൂദ് നബി തുടങ്ങിയവരുടെ ചരിത്രം തുടങ്ങിയവയെല്ലാം വസ്തുനിഷ്ഠമായും ആധികാരികമായും വിശദീകരിക്കുന്നത് ഖുര്‍ആനാണെന്ന് ആര്‍ക്കും തള്ളിപ്പറയാനാവാത്ത വിധം വിശദീകരിച്ചിട്ടു്. 'എന്റെ ഇസ്‌ലാം അനുഭവങ്ങള്‍' എന്ന കൊച്ചു കൃതി ഇസ്‌ലാം സ്വീകരണവുമായി ബന്ധപ്പെട്ട സംഭവങ്ങളും സ്വീകരണ ശേഷമുണ്ടായ അനുഭവങ്ങളും ഹൃദയസ്പൃക്കായ ഭാഷയില്‍ വരച്ചിടുന്നു. സഹധര്‍മിണിയുമായി നടത്തിയ വികാരനിര്‍ഭരമായ വര്‍ത്തമാനങ്ങളും ആര്‍. കൃഷ്ണന്‍ കുട്ടി തിരുവട്ടാറിന്റെ കത്തിനുള്ള നിരൂപണവും ഏറെ ശ്രദ്ധേയമത്രെ.
സൈമണ്‍ മാസ്റ്ററുടെ ഭാഷ ലളിതവും ശൈലി ഏറെ ആകര്‍ഷകവുമാണ്. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന വിധം ചെറുതും മനോഹരവുമാണ് അഞ്ചു കൃതികളും.
വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ജനുവരി ഇരുപത്തിയേഴിനായിരുന്നു മരണം. മേരിയാണ് ഭാര്യ. ജെസി, ജോണ്‍സണ്‍, പീറ്റര്‍, ബിയാട്രിസ് എന്നിവര്‍ മക്കള്‍.
രോഗാവസ്ഥയില്‍ ഭാര്യയും മക്കളും നന്നായി ശുശ്രൂഷിച്ചുവെങ്കിലും മൃതദേഹം അദ്ദേഹത്തിന്റെ അഭിലാഷത്തിനു വിരുദ്ധമായി തൃശൂര്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കുകയാണുണ്ടായത്. ബന്ധപ്പെട്ട സമുദായത്തിന്റെ സമ്മര്‍ദത്താലാവാം ഇത്തരമൊരു കടുംകൈക്ക് അവര്‍ മുതിര്‍ന്നത്. ത്യാഗിവര്യനായ ആ ദൃഢവിശ്വാസിയെ അല്ലാഹു സ്വര്‍ഗത്തിലെ അത്യുന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ.
ഏതായിരുന്നാലും മരണപ്പെട്ടതിന്റെ മൂന്നാം ദിവസം പി. മുജീബുര്‍റഹ്്മാന്‍, അബ്ദുല്‍ ഹകീം നദ് വി, പ്രാദേശിക അമീര്‍ അബ്ദുര്‍റഹ്്മാന്‍ എന്നിവരടൊപ്പം സൈമണ്‍ മാസ്റ്ററുടെ വീട് സന്ദര്‍ശിക്കുകയുണ്ടായി. ഭാര്യയോടും മകളോടും സംസാരിച്ചു. മാസ്റ്റര്‍ ജീവിച്ചിരുന്ന കാലത്ത് നമുക്കിടയില്‍ നിലനിന്നിരുന്ന നല്ല ബന്ധം എക്കാലവും തുടരണമെന്ന് ഭാര്യ സ്‌നേഹപൂര്‍വം ആവശ്യപ്പെടുകയുണ്ടായി.
Comments