ചാണക്യനും ഗീബല്‍സും പുനര്‍ജനിച്ചുകൊണ്ടേയിരിക്കും
വ്യത്യസ്ത തരം ഭരണകൂടങ്ങള്‍ക്ക് നൂറ്റിഅറുപത്തി ഒമ്പത് പേരുകളുണ്ട് ഇംഗ്ലീഷ് ഭാഷയില്‍. ഏറ്റവും ഉത്തമായത് മുതല്‍ ഏറ്റവും നീചമായതടക്കം പലതരം ഭരണരീതികളാണ് ആ പേരുകള്‍ അര്‍ഥമാക്കുന്നത്. അതില്‍ ചിലതാണ് ഒരു വ്യക്തിയെ മുന്നില്‍ നിര്‍ത്തി ഗൂഢസംഘം ഭരിക്കുന്ന Jauntocracy-യും, വിഡ്ഢികളുടെ ഗവണ്‍മെന്റായ Foolocracy-യും ദുഷ്ടന്മാരുടെ ഭരണമായ Demonocracy-യും നിഗൂഢ ഭരണമായ Cryptarchy-യുമെല്ലാം. ഇതില്‍ Juntocracy-യാണ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ പരീക്ഷിച്ചത്. പ്രസംഗം കൊണ്ട് ശ്രോതാക്കളെ ഇളക്കിമറിച്ചിരുന്നു അയാള്‍. ആ ഏകാധിപതി പറയുന്നതെന്തും ജനരക്ഷക്കുള്ള മാര്‍ഗരേഖകളായി പിന്നില്‍നിന്ന് ഉറക്കെ പറയാന്‍ അനേകം സ്തുതിപാഠകരുണ്ടായിരുന്നു. ആ സ്തുതിപാഠകരെ മുന്നില്‍നിന്ന് നയിക്കാന്‍ പ്രൊപഗണ്ട മന്ത്രിയെന്ന പേരില്‍ ജോസഫ് ഗീബല്‍സ് മുന്നില്‍നിന്നു.
നാസിസത്തിന്റെ ചിന്താപദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നത് മാര്‍ട്ടിന്‍ ബോര്‍മാന്‍, റുഡോള്‍ഫ് ഹെസ്സ്, ഗീബല്‍സ് എന്നീ മൂവര്‍ സംഘമായിരുന്നു. സൈന്യത്തിന്റെ തലപ്പത്ത് ഹെര്‍മന്‍ ഗോറിംഗും രഹസ്യപ്പോലീസിന്റെ തലവനായി ഹെന്റിച്ച് ഹിംലറുമുണ്ടായിരുന്നെങ്കിലും അവരിരുവരും മുന്‍ചൊന്ന ത്രിമൂര്‍ത്തികളെ അപേക്ഷിച്ച് അല്‍പന്മാരായിരുന്നുവെന്നാണ് നാസികള്‍ക്കിടയിലെ അടക്കം പറച്ചില്‍.
പത്രമാധ്യമങ്ങളും സിനിമകളും ഉപയോഗിച്ച് ഹിറ്റ്‌ലറുടെ പ്രതിഛായ ഊതിവീര്‍പ്പിക്കുകയാണ് ഗീബല്‍സ് ചെയ്തത്. ഹിറ്റ്‌ലറുടെ പല പ്രസംഗങ്ങളും തയാറാക്കി നല്‍കിയിരുന്നത് ഗീബല്‍സായിരുന്നു. ജൂത ന്യൂനപക്ഷത്തിനെതിരെ കൊലവിളി നടത്താനും അവര്‍ക്കെതിരില്‍ ജനങ്ങളെ ഇളക്കിവിടാനും ഹിറ്റ്‌ലര്‍ക്കാവശ്യമായ വാഗ്‌ധോരണികളും ഗീബല്‍സിന്റെ പേനത്തുമ്പിലൂടെയാണ് പുറത്ത് വന്നത്. അത്തരം പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ഇടക്കിടെ ഗീബല്‍സ് തയാറാക്കി കൊടുത്ത കുറിപ്പിലേക്ക് ഹിറ്റ്‌ലര്‍ കണ്ണു പായിക്കുമായിരുന്നു. ആവര്‍ത്തിച്ചു പറയുന്ന നുണ ജനങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുമെന്നായിരുന്നു ഗീബല്‍സിന്റെ സിദ്ധാന്തമെന്ന് അയാളുടെ ബൃഹത്തായ ജീവചരിത്രം വെളിപ്പെടുത്തുന്നുണ്ട്. ജാഥകളും സമ്മേളനങ്ങളും പരേഡുകളും കൊടിതോരണങ്ങളും സമര്‍ഥമായി ഉപയോഗിച്ചാല്‍ അത് ജനങ്ങളില്‍ ആവേശവും നല്ല സ്വാധീനവുമുണ്ടാക്കാമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍.
ഏകാധിപതിയാണെങ്കിലും മുഴുവന്‍ ജനതയെയും ഒരുപോലെ വെറുപ്പിക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കിയ ഉപദേശകര്‍, ഒരു ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷത്തെ തിരിച്ചുവിട്ടുകൊണ്ടായിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞത്. സവര്‍ണ മേധാവിത്വത്തെ പ്രോത്സാഹിപ്പിച്ചും ന്യൂനപക്ഷത്തിന്റെ സാമ്പത്തികവും മതപരവുമായ അവകാശങ്ങള്‍ കവര്‍ന്നെടുത്തും നിയമനിര്‍മാണങ്ങള്‍ നടത്തി. യൂനിവേഴ്‌സിറ്റികള്‍ പിടിച്ചെടുക്കുക എന്നതായിരുന്നു അടുത്ത തന്ത്രം. പാഠ്യപദ്ധതികള്‍ നാസിവത്കരിക്കാന്‍ ഇതര ഗ്രന്ഥങ്ങള്‍ വിദ്യാര്‍ഥികളെ കൊണ്ടുതന്നെ ചുട്ടെരിച്ചു. ശബ്ദമുയര്‍ത്തിയ ചിന്തകരെയും സാംസ്‌കാരിക നായകന്മാരെയും എസ്.എസ് എന്ന തെമ്മാടിക്കൂട്ടത്തെക്കൊണ്ട് നാവടപ്പിച്ചു. ഇംഗ്ലണ്ടും ഫ്രാന്‍സുമടക്കം പല രാജ്യങ്ങളുമായി യുദ്ധം നടക്കുമ്പോഴും പ്രബല ശക്തിയായിരുന്ന റഷ്യക്ക് അപ്പക്കഷ്ണങ്ങളെറിഞ്ഞുകൊടുത്തും യുദ്ധമില്ലാ സന്ധികളില്‍ ഒപ്പുവെച്ചും വഞ്ചനയുടെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു. തക്കം കിട്ടിയപ്പോള്‍ ആ യുദ്ധമില്ലാ സന്ധി കാറ്റില്‍ പറത്തുകയും ചെയ്തു.
ആദ്യമാദ്യം ജര്‍മനി സാമ്പത്തിക രംഗത്തും യുദ്ധരംഗങ്ങളിലും വന്‍ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും റഷ്യയുടെ നേര്‍ക്ക് ആക്രമണം തുടങ്ങിയതോടെ ഹിറ്റ്‌ലര്‍ക്കും കൂട്ടാളികള്‍ക്കും അടി തെറ്റി. പിന്നീട് വന്‍ തിരിച്ചടികള്‍ നേരിട്ടപ്പോഴും രാജ്യത്ത് മാന്ദ്യം മുര്‍ധന്യാവസ്ഥയിലെത്തിയപ്പോഴും പ്രചാരണ മന്ത്രി റേഡിയോയിലൂടെയും പത്രങ്ങളിലൂടെയും നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ബെര്‍ലിന്‍ നിലംപൊത്തുകയും സോവിയറ്റ് സൈന്യം നഗരത്തില്‍ പ്രവേശിക്കുകയും ചെയ്തിട്ടും ഗീബല്‍സ് ലഘുലേഖകളില്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു; ജര്‍മനി കുതിച്ചുമുന്നേറുകയാണ്, കമ്യൂണിസ്റ്റ്-ജൂത വിപത്ത് നേരിടാന്‍ ഫ്യുററുടെ പിന്നില്‍ ഉറച്ചുനിന്ന് പൊരുതുക.
ഹിറ്റ്‌ലറോടുള്ള അതിവിധേയത്വം കൊണ്ട് തന്റെ ആറു മക്കള്‍ക്കും ഒ എന്ന അക്ഷരം കൊണ്ടാരംഭിക്കുന്ന പേരുകളിട്ട ഗീബല്‍സ്, ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തതിന്റെ പിറ്റേന്നുതന്നെ തന്റെ ആറു മക്കളെയും വിഷം നല്‍കി കൊന്ന ശേഷം ഭാര്യയെ വെടിവെച്ചു കൊന്ന് സ്വയം ജീവനൊടുക്കുകയാണുണ്ടായത്.
ഭരണം സംസ്ഥാപിക്കാനും നിലനിര്‍ത്താനും ദുഷ്‌ചെയ്തികളാവാമെന്ന് പ്രഖ്യാപിച്ച ആളായിരുന്നു, ഗീബല്‍സിനും നാനൂറു കൊല്ലം മുന്നേ ജീവിച്ചിരുന്ന ഇറ്റാലിയന്‍ ഭരണതന്ത്രജ്ഞന്‍ മാക്കിയ വെല്ലി. രാഷ്ട്രമീമാംസയുടെ പിതാവെന്നറിയപ്പെടുന്ന മാക്കിയവെല്ലി കള്ളവും ചതിയും രാഷ്ട്രീയത്തില്‍ ആവാമെന്ന് പ്രചരിപ്പിച്ചു. കാപട്യവും നിരപരാധികളുടെ ഹത്യയും രാഷ്ട്രീയത്തിലും ഭരണത്തിലും ആവശ്യമായിവരും എന്ന നിലപാടായിരുന്നു ആ കുതന്ത്രജ്ഞന്റേത്.
ഇന്ത്യന്‍ രാഷ്ട്രീയ തന്ത്രങ്ങളുടെ ഉത്ഭവം ചാണക്യനിലൂടെ ആയിരുന്നു. ഗീബല്‍സിനെ പോലെ മുടന്തുള്ള ചാണക്യനായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്ത മൗര്യനെ അധികാരത്തിലെത്തിച്ചത്. അല്‍പം ചില നേതൃത്വ കഴിവുകളുള്ള ഒരു സാധാരണ വ്യക്തിയെ ഒരു ചക്രവര്‍ത്തിയായി വളര്‍ത്താനും വാഴിക്കാനും കെല്‍പ്പുള്ളവനായിരുന്നു കൗടില്യനെന്ന ചാണക്യന്‍. ചന്ദ്രഗുപ്തനെ കൊണ്ട് തന്റെ ചിന്താ പദ്ധതികള്‍ക്കനുസരിച്ച് ഒരു വന്‍ സാമ്രാജ്യത്തെ കൊണ്ട് നടത്താന്‍ സാധിച്ചതുകൊണ്ടാണ് തന്ത്രങ്ങള്‍ക്കും സൂത്രങ്ങള്‍ക്കും 'ചാണക്യ' വിശേഷണം വന്നത്.
ചാണക്യസൂത്രത്തിന് തുല്യമായി ഇംഗ്ലീഷിലുള്ള ഒരു വാക്യമാണ് ഠമഹഹല്യൃമിറ എന്നത്. നെപ്പോളിയന്റെ വിദേശകാര്യമന്ത്രിയായിരുന്ന ടാല്ലിരാന്റ് നെപ്പോളിയന്റെ വിജയഗാഥകള്‍ക്ക് പിന്നിലെ അദൃശ്യശക്തിയായിരുന്നു. ചരിത്രത്തിലെ ഏറ്റവും തന്ത്രശാലിയായ സൈന്യാധിപനെന്ന് നെപ്പോളിയന് പേരു ചാര്‍ത്തപ്പെടാന്‍ ടാല്ലിരാന്റ് നല്‍കിയ സംഭാവന ചെറുതൊന്നുമല്ല. എല്‍ബ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയന്‍ ഏകാന്ത തടവില്‍ ദാരുണമായി മരണപ്പെടുകയാണുണ്ടായത്.
രണ്ടായിരത്തി നാനൂറ് കൊല്ലം മുമ്പ് ജീവിച്ചിരുന്ന ചാണക്യനും വക്രരാഷ്ട്രീയ തന്ത്രങ്ങളെ കുറിച്ച് ഗ്രന്ഥം രചിച്ചു. മാക്കിയവെല്ലി നാലര നൂറ്റാണ്ട് മുമ്പും ചാണക്യന്‍ ഇരുപത്തിനാല് നൂറ്റാണ്ട് മുമ്പും യഥാക്രമം എഴുതിയ 'പ്രിന്‍സിപ്പിയ'യും 'അര്‍ഥശാസ്ത്ര'വും ആധുനിക നാഗരികതയില്‍ ഒട്ടും പ്രസക്തമല്ലെങ്കിലും അതിലെ അധ്യാപനങ്ങളെ നവനാസികളും നവഫാഷിസ്റ്റുകളും ഇന്നും നെഞ്ചേറ്റുന്നു.
ഭരണാധികാരിയുടെ പിന്നില്‍നിന്ന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി സ്വേഛയനുസരിച്ച് ഭരണചക്രം തിരിക്കുന്നവര്‍ സ്വജനപക്ഷപാതവും അഴിമതിയും ചെയ്യുന്നവരായി മാറുകയാണ് പതിവ് കാഴ്ച. ഭരണാധികാരി അശക്തനാണെങ്കില്‍ ഇത്തരക്കാര്‍ കൂടുതല്‍ ശക്തരാകും. ഉപദേശകരുടെ കുതന്ത്രങ്ങള്‍ക്ക് വശംവദരാകുന്ന നാമമാത്രമായ ഭരണാധികാരി (Figurehead)കള്‍, ജനത നാശത്തിലേക്ക് നയിക്കപ്പെടുന്നത് നോക്കിനില്‍ക്കുകയാണ് ചെയ്യുക.
രാജവാഴ്ചക്കാലത്ത് രാജാവിന്റെ പുറകില്‍നിന്ന് മറ്റാരുടെയും ശ്രദ്ധയില്‍ പെടാതെ അദ്ദേഹത്തിന്റെ ചെവിയില്‍ മന്ത്രിക്കുകയോ ആംഗ്യഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയോ ആയിരുന്നു അവര്‍ ചെയ്തിരുന്നത്. ആധുനികകാലത്ത് അക്കൂട്ടര്‍ പേഴ്‌സണല്‍ സെക്രട്ടറിയെന്നോ പാര്‍ട്ടി സെക്രട്ടറിയെന്നോ അഡൈ്വസറെന്നോ ഒക്കെയുള്ള പേരുകളിലാവും അറിയപ്പെടുക. അവരുടെ പദ്ധതികള്‍ നടപ്പില്‍ വരുത്താനുള്ള ഉപകരണമായിട്ടാണ് പലപ്പോഴും ഭരണാധികാരി രൂപാന്തരപ്പെടുക.
ആധുനിക ചരിത്രത്തില്‍ അത്തരം ഉപദേശകര്‍ ഉണ്ടാക്കിയ വന്‍ നാശനഷ്ടങ്ങള്‍ ലോകം അനുഭവിച്ചിട്ടുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ ഉപദേശകനായ ഡിക് ചെനിയെ ആരും മറന്നിട്ടുണ്ടാവില്ല. ഇറാഖിനെ ആക്രമിക്കാമെന്നും അവര്‍ സമൂല നശീകരണായുധങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ബുഷിന്റെ ചെവിയില്‍ മന്ത്രിച്ചത് ഡിക് ചെനിയായിരുന്നു. മധ്യപൗരസ്ത്യ ദേശത്തെ മുഴുവന്‍ അസന്തുലിതത്തിലാക്കാനും പിഞ്ചു കുഞ്ഞുങ്ങളടക്കം അനേകരെ കൊന്നൊടുക്കാനുമാണ് അയാളുടെ ഉപദേശങ്ങള്‍ കാരണമായത്. യേലു ചുക്കായി എന്നൊരാളായിരുന്നു ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരികളിലൊരാളായ ചെങ്കിസ് ഖാന്റെ ഉപദേശകന്‍. ബഗ്ദാദ് ചുട്ടെരിച്ചും സൈനികരെ മാത്രമല്ല സാധാരണ ജനങ്ങളെയും പണ്ഡിതന്മാരെയും കൊന്നൊടുക്കിയും, ആക്രമണം നടത്തിയിടത്തെല്ലാം ചാരം മാത്രം അവശേഷിപ്പിക്കുകയും ചെയ്ത ചെങ്കിസ് ഖാന്റെ വലംകൈയായിരുന്നു ചുക്കായി.
റഷ്യന്‍ ഏകാധിപതിയായിരുന്ന സര്‍ നിക്കോളാസ് രണ്ടാമന്റെ ഉപദേശകനായിരുന്നു റാസ്പുട്ടിന്‍ എന്ന നിഗൂഢ സന്യാസി. ചക്രവര്‍ത്തിയുടെ അന്തപ്പുരത്തിലും അങ്കണത്തിലും ഒരുപോലെ സ്വാധീനമുണ്ടായിരുന്ന ആ ഗുപ്ത സന്യാസിയുടെ ഉപദേശങ്ങള്‍ ചക്രവര്‍ത്തിയുടെയും മുഴുവന്‍ കുടുംബാംഗങ്ങളുടെയും കൂട്ടക്കൊലയിലാണ് കലാശിച്ചത്.
ഭരണാധികാരിയുടെ പിറകില്‍ നിന്നുകൊണ്ട് ഭരണം കൈയാളുന്ന കാര്യത്തില്‍ സ്ത്രീകളും പിന്നിലായിരുന്നില്ല എന്നതിനുള്ള തെളിവാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്‌റോ വില്‍സന്റെ പത്‌നി എഡിത്ത്, അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ അമ്മ ഒളിമ്പ്യാസ്, ഫിലിപ്പീന്‍ ഭരണാധികാരിയായിരുന്ന മാര്‍ക്കോസിന്റെ പത്‌നി ഇമെല്‍ഡ തുടങ്ങിയവര്‍. പ്രതാപത്തിന്റെ പൊന്‍കുട ചൂടിനിന്ന ഉസ്മാനി സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന തുര്‍ക്കിയില്‍ സെക്യുലരിസം സംസ്ഥാപിക്കാനെന്ന വ്യാജേന സ്വജനതയെ പീഡിപ്പിച്ച കമാല്‍ പാഷയുടെ ഉപദേശകന്‍ കൂടിയായിരുന്നു ഇസ്മത്ത് പാഷയെന്ന പ്രധാനമന്ത്രി. എല്ലാ ഇസ്‌ലാമിക ചിഹ്നങ്ങളെയും നിഷ്‌കാസനം ചെയ്യാന്‍ കച്ച കെട്ടിയിറങ്ങിയ കമാല്‍ പാഷ ഒരു പിന്തുടര്‍ച്ചക്കാരനെ കിട്ടാതെ മണ്‍മറയുകയാണുണ്ടായത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഭരണാധികാരിക്ക് സദുപദേശം നല്‍കി ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ് ഉപദേശകര്‍. സന്ദര്‍ഭോചിതമായ ഉപദേശങ്ങള്‍ നല്‍കി ഭരണാധികാരിക്ക് തുണയായതിന്റെ ഉദാഹരണമാണ് ഉമറിന്റേത്. നബി(സ)യുടെ വിയോഗത്തിനു ശേഷം അറേബ്യയിലാകമാനം മതപരിത്യാഗത്തിന്റെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും കൊടുങ്കാറ്റടിച്ചു വീശിയപ്പോള്‍ ഖലീഫയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തം സാത്വികനായ അബൂബക്‌റിനുമേല്‍ വന്നു. പ്രമുഖ സ്വഹാബികളടങ്ങുന്ന ഒരു സൈന്യത്തിന്റെ നേതൃത്വം കേവലം ഇരുപത് വയസ്സ് മാത്രമുണ്ടായിരുന്ന ഉസാമയുടെ കൈയില്‍ ഏല്‍പ്പിച്ചിരിക്കെയായിരുന്നു നബി ഇഹലോകവാസം വെടിഞ്ഞത്. ഉസാമക്ക് പകരം മറ്റൊരാളെ നിയമിക്കാന്‍ ഖലീഫയോടാവശ്യപ്പെടാന്‍ സ്വഹാബിമാര്‍ ഉമറിനെയാണ് നിയോഗിച്ചത്. മനസ്സില്ലാ മനസ്സോടെ പ്രശ്‌നമവതരിപ്പിച്ച ഉമറിനോട് അബൂബക്ര്‍ രോഷാകുലനാവുകയാണ് ചെയ്തത്. എന്നിട്ടും ആ ഉമറിനെ തന്നെയാണ് ഭരണകാര്യങ്ങളില്‍ തന്നെ സഹായിക്കാന്‍ മദീനയില്‍ നിര്‍ത്തണമെന്ന് ഉസാമയോട് അബൂബക്ര്‍ അഭ്യര്‍ഥിച്ചത്. അനവധി കാര്യങ്ങളില്‍ അബൂബക്ര്‍ ഉമറിനോട് വിയോജിച്ചിരുന്നു. ഉപദേശകരുടെ ഉപദേശങ്ങള്‍ അപ്പടി സ്വീകരിക്കുകയല്ല, മറിച്ച് അവരുടെ ഉപദേശങ്ങളില്‍നിന്ന് നല്ലതു മാത്രം സ്വീകരിക്കുക എന്നതായിരുന്നു ഉത്തമ ഭരണാധികാരികളുടെ മാതൃക.
ഭരണാധികാരികളും ഉപദേശികളും ഒരുപോലെ മൂഢന്മാരാവുന്നതാണ് ഏറ്റവും വലിയ ദുരന്തം. ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാത്തവര്‍ക്ക് മൂഢന്മാരെന്നതില്‍ കുറഞ്ഞ എന്തു വിശേഷണമാണ് ചേരുക! പ്രസിദ്ധ ചിന്തകന്‍ ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞു: ''മൂഢന്മാര്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബുദ്ധിമാന്മാര്‍ വലിയ ആശയക്കുഴപ്പത്തിലുമാണ്. ഇതാണ് ഇന്നിന്റെ ദുര്യോഗം.''
Comments