Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

ദൈവനാമങ്ങള്‍ വായിക്കുമ്പോള്‍

അര്‍ശദ് ചെറുവാടി

ദൈവനാമത്തില്‍ ആരംഭിക്കാത്ത ഒരു വായനയും പൂര്‍ണമല്ല. ദൈവനാമത്തില്‍ വായിക്കുമ്പോള്‍ ദൈവനാമങ്ങളെക്കുറിച്ചും വായന അനിവാര്യമാണ്. പ്രപഞ്ചനാഥന്റെ നാമങ്ങള്‍ മനസ്സിലാക്കി അവന്റെ നാമത്തില്‍ അക്ഷരലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ മുന്നോട്ടുള്ള പാഥേയം ദൈവികമാവും. കരസ്ഥമാക്കുന്ന വിജ്ഞാനം ദൈവസാമീപ്യത്താല്‍ പ്രകാശിതമാവും. ഇതിന് സഹായിക്കുന്ന ഗ്രന്ഥമാണ് അല്ലാഹുവിന്റെ ഉത്കൃഷ്ട നാമങ്ങളെക്കുറിച്ച് ഇ.എന്‍ ഇബ്‌റാഹീം മൗലവി രചിച്ച, 'അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങള്‍.'

ഖുര്‍ആനിലും ഹദീസിലുമായി പരാമര്‍ശിക്കപ്പെട്ട അല്ലാഹുവിന്റെ നാമങ്ങളാണ്  'അല്‍ അസ്മാഉല്‍ ഹുസ്‌നാ' അഥവാ വിശിഷ്ട നാമങ്ങള്‍. അവയെക്കുറിച്ചുള്ള അറിവ് ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണ്. പ്രപഞ്ചമൊന്നാകെ സൃഷ്ടിക്കാനും പരിപാലിക്കാനും സംഹരിക്കാനും അല്ലാഹുവിനുള്ള ശക്തിയുടെയും കഴിവുകളുടെയും സമാഹാരമാണ് അവന്റെ വിശിഷ്ട നാമങ്ങള്‍. എന്തുകൊണ്ട് നാം അല്ലാഹുവിനു മാത്രം കീഴ്‌പ്പെടണം, അവനില്‍ മാത്രം ഭരമേല്‍പ്പിക്കണം, അവനോട് മാത്രം സഹായം തേടണം എന്നിങ്ങനെ എല്ലാവിധ ചോദ്യങ്ങളുടെയും ഉത്തരം ഈ വിശിഷ്ട നാമങ്ങളില്‍നിന്ന് കണ്ടെത്താനാവും. 

അല്ലാഹുവിന്റെ ഓരോ നാമവും ഒന്നിനൊന്ന് സവിശേഷമാണ്. ഒന്ന് മറ്റൊന്നിനെ സാധൂകരിക്കുന്നതാണ്. ഓരോ നാമവും അവന്റെ ഗാംഭീര്യവും പൂര്‍ണതയും സൗന്ദര്യവും പ്രകാശിപ്പിക്കുന്നു.  പ്രഥമവും അത്യുത്കൃഷ്ടവുമായ അല്ലാഹു എന്ന നാമത്തിന്റെ സമഗ്രത നമുക്ക് ഈ കൃതിയില്‍നിന്ന് വായിച്ചെടുക്കാനാവും. 'അല്ലാഹു' എന്ന നാമം മറ്റെല്ലാ നാമങ്ങളെയും ഉള്‍ക്കൊള്ളുന്നു. കേവലമൊരു ദൈവനാമമായി 'അല്ലാഹു' എന്ന വാക്കിനെ മനസ്സിലാക്കുന്നത് അബദ്ധമാവും. പ്രപഞ്ചത്തെയും അതിലടങ്ങിയിരിക്കുന്ന ജൈവവും നിര്‍ജീവവുമായ ഓരോ വസ്തുവിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ഒരുവന്റെ ശക്തിയുടെയും കഴിവിന്റെയും നാമമാണത്. തുടര്‍ന്നുള്ള ഓരോ നാമവും ഈ സൃഷ്ടിപ്പിനും പരിപാലനത്തിനും സംഹാരത്തിനും അവനുള്ള അധികാരങ്ങളും സവിശേഷ ഗുണങ്ങളും പ്രകാശിപ്പിക്കുന്നവയാണ്. 

'അല്ലാഹു എന്നതൊഴികെയുള്ള അവന്റെ തന്നെ എല്ലാ നാമങ്ങളുടെയും ആദ്യത്തില്‍ അലിഫ്, ലാം എന്നീ അക്ഷരങ്ങള്‍ പ്രയോഗിക്കുന്നു. കാരണം ഈ നാമങ്ങളില്‍ ചിലത് സൃഷ്ടികള്‍ക്കും ഉപയോഗിക്കും' (പേജ് 17). ഈ നാമങ്ങളില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളുടെയെല്ലാം പ്രഥമ അവകാശി അല്ലാഹുവാണ്. 'അലിഫ്, ലാം' അക്ഷരങ്ങള്‍ ഈ അവകാശത്തെ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, മനുഷ്യരില്‍ പലരും കരുണ കാണിക്കുന്നവര്‍ (റഹീം) ആണ്. പക്ഷേ അല്ലാഹു കരുണാനിധി (അര്‍റഹീം)യാണ്. മാത്രമല്ല. മനുഷ്യരുടെ കാരുണ്യം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറില്‍ ഒന്നാണെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു (ബുഖാരി).

അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് പൂര്‍ണമല്ലാത്തതുകൊണ്ടും മറ്റു പ്രേരണകള്‍ കൊണ്ടും ശിര്‍ക്കിലും കുഫ്‌റിലും അകപ്പെടുന്നവരുണ്ട്. 'എന്റെ നാഥന്‍ സമീപസ്ഥനും ഉത്തരം നല്‍കുന്നവനുമാണ്' (11:61) എന്ന ബോധ്യത്തോടെ സൃഷ്ടികളോട് സഹായാഭ്യര്‍ഥന നടത്തുന്നവരും ഉണ്ട്. എന്നാല്‍ ഇതു മാത്രമല്ല ശിര്‍ക്ക്, 'സ്വതന്ത്രാധികാരം ആരെങ്കിലും അവകാശപ്പെടുന്നതും അത് വകവെച്ചുകൊടുക്കുന്നതും അല്ലാഹുവിനോട് നടത്തുന്ന വെല്ലുവിളി ആയതിനാല്‍ ശിര്‍ക്ക് തന്നെ' (പേജ് 23) എന്ന് അല്ലാഹുവിനെക്കുറിച്ചുള്ള പഠനത്തിലൂടെ മനസ്സിലാക്കാം. 

അല്ലാഹുവിന്റെ നാമങ്ങള്‍ വായിക്കുന്നതിലൂടെ നമ്മുടെ ദൈവസ്‌നേഹം വര്‍ധിപ്പിക്കാനാവും. അവന്‍ തന്ന അനുഗ്രഹങ്ങള്‍ക്ക് സ്തുതിയര്‍പ്പിക്കുന്നവരും അവന്റെ ദൃഷ്ടാന്തങ്ങള്‍ അനുഭവിക്കുമ്പോള്‍ അവനെ സ്മരിക്കുന്നവരും താന്‍ പ്രാവീണ്യം നേടിയ ജോലിപോലും ഏറ്റവും പൂര്‍ണതയോടെ ചെയ്യാന്‍ സഹായിക്കുന്നവന്‍ അല്ലാഹുവാണ് എന്ന ബോധ്യത്തോടെ വിനയാന്വിതരുമായി അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായി മാറാനും നമുക്ക് കഴിയും. യുക്തിവാദത്തെയും പരിണാമവാദത്തെയും നിരാകരിക്കാനും അല്ലാഹുവിന്റെ നാമങ്ങള്‍ സഹായകമാകും. ആ അര്‍ഥത്തില്‍ ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണ്. പേജ് 84, വില 85 രൂപ. പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍