തലമുറകളെ റാഞ്ചുന്ന ഉന്മാദച്ചുഴി
കഞ്ചാവും മദ്യവും മാത്രമല്ല, നമുക്കാര്‍ക്കും കേട്ടറിവ് പോലുമില്ലാത്ത ലഹരികളുടെ മേച്ചില്‍പുറങ്ങളിലൂടെ അലഞ്ഞു നടക്കുകയാണ് യുവാക്കളും വിദ്യാര്‍ഥികളും. വൈറ്റ്‌നറും എസ്.ആര്‍ ഫെവികോളും മുതല്‍ ഹെറോയിനും ഹാഷിഷും കൊക്കെയ്‌നും മാത്രമല്ല, ഒരൊറ്റ ഉപയോഗത്തില്‍തന്നെ ഇരയെ അടിമയാക്കാന്‍ ശേഷിയുള്ള അതിമാരകമായ എല്‍.എസ്.ഡിയും എം.ഡി.എം.എമ്മും വരെ അവരുപയോഗിക്കുന്നു. സ്‌കൂള്‍-കോളേജുകള്‍ക്ക് സമീപം മയക്കു ഗുളികകള്‍, ലഹരി മിഠായി, പെന്‍സിഗരറ്റ്, ടെന്റ സോസിന്‍ ഇഞ്ചക്ഷന്‍ എന്നിവ സുലഭം. സേവിച്ചാല്‍ 12 മണിക്കൂര്‍ മുതല്‍ 20 മണിക്കൂര്‍ വരെ ഉന്മാദത്തില്‍ നിര്‍ത്തുന്ന മയക്കുമരുന്നുകള്‍. പ്രിന്‍സ് എന്നും പാര്‍ട്ടി ഡ്രഗ് എന്നും കുപ്രസിദ്ധമായ എല്‍.എസ്.ഡി ഒരു മൈക്രോ സിം കാര്‍ഡിന്റെ നാലിലൊന്ന് വലുപ്പമുള്ള സ്റ്റാമ്പുകളാക്കി വിപണിയിലെത്തുന്നു. ആയിരം രൂപ വില വരുന്ന 10 ഗ്രാം കഞ്ചാവിന്റെ നാലിരട്ടി ഉന്മാദമാണ് 2000 രൂപയുടെ എല്‍.എസ്.ഡി സ്റ്റാമ്പ് നാവിന്‍ തുമ്പിലൊട്ടിച്ചാല്‍ ഒരു ദിവസം മുഴുവന്‍ ലഭിക്കുക. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ അതിന്റെ മാസ്മരികതയില്‍നിന്ന് വിട്ടുപോകാനാവില്ല. നാരങ്ങാ നീരില്‍ ഹെറോയിന്‍ ചേര്‍ത്ത് കുത്തിവെക്കുന്നവരും സാക്കറി പേപ്പറില്‍ ബ്രൗണ്‍ ഷുഗര്‍ ചൂടാക്കി വലിക്കുന്നവരുമുണ്ട്. ആദ്യം കൈയിലും കാലുകളിലെ ഞരമ്പുകളിലും പെട്ടെന്ന് ലഹരി കിട്ടാന്‍ ജനനേന്ദ്രിയത്തിലും വൃഷണങ്ങളിലും വരെ ലഹരി കുത്തിവെക്കുന്നവര്‍! മനോരോഗികള്‍ക്ക് സമനില വീണ്ടെടുക്കാനും കാന്‍സര്‍ രോഗികള്‍ക്ക് വേദന ശമിക്കാനും ഡോക്ടര്‍മാര്‍ വളരെ കരുതലോടെ നല്‍കുന്ന ഔഷധങ്ങള്‍ വരെ ഇവര്‍ ലഹരി കൂട്ടാനായി വാരിവിഴുങ്ങുന്നു.
ഇന്ത്യയില്‍ മയക്കുമരുന്ന് ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. ദക്ഷിണേഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഹെറോയിന്‍ ഉപയോഗം ഇന്ത്യയിലാണ്. ഇതിന് രാജ്യത്ത് മൂന്ന് ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നും ഇതിലേറെയും വിദ്യാര്‍ഥികളാണെന്നും യു.എന്നിന്റെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ മയക്കുമരുന്നുപയോഗം 15 മടങ്ങിലധികം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 98.4 ലക്ഷം പേര്‍ കേരളത്തില്‍ മദ്യ/മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ശരാശരി പതിമൂന്നര വയസ്സില്‍ തന്നെ കുട്ടികള്‍ ലഹരി ഉപയോഗിച്ചുതുടങ്ങുന്നു എന്നാണ്. എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ വിംഗ് നടത്തിയ പഠനത്തിലും മയക്കുമരുന്ന് ഉപഭോഗവും കച്ചവടവും ഇരട്ടിയിരട്ടിയായി വര്‍ധിച്ചു എന്നുതന്നെയാണുള്ളത്.
മയക്കുമരുന്നുകള്‍ പിടിക്കുന്ന വാര്‍ത്തകള്‍ കേരളത്തിലിപ്പോള്‍ സര്‍വ സാധാരണം. പിടികൂടുന്നതിന്റെ എത്രയോ ഇരട്ടി നിയമത്തിന്റെയോ നിയമപാലകരുടെയോ പിടിയില്‍പെടുന്നേയില്ല. കള്ളവാറ്റിന്റെയും കള്ളക്കടത്തിന്റെയും കണക്കുകള്‍ ലഭ്യമല്ലെങ്കിലും, മദ്യത്തിന്റെ ഔദ്യോഗിക വില്‍പന കണക്കുകള്‍ പുറത്തു പറയാറുണ്ടല്ലോ. എന്നാല്‍ മയക്കുമരുന്നിന്റെ ഉപഭോഗവും വില്‍പനയുമൊന്നും അറിയാനോ തിട്ടപ്പെടുത്താനോ യാതൊരു മാര്‍ഗവുമില്ല. നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ കണക്കനുസരിച്ച് 70 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും മദ്യമോ ഏതെങ്കിലും മയക്കുമരുന്നോ ഉപയോഗിക്കുന്നു. രാജ്യം എത്രത്തോളം ലഹരിയുടെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞുവെന്നതിന്റെ ജനസംഖ്യാടിസ്ഥാനത്തിലുള്ള ഒരു സര്‍വേയും ഇതുവരെ നടത്തിയിട്ടില്ല.
നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ നിഗമനമനുസരിച്ച്, ഐ.ടിയും സാങ്കേതിക തൊഴില്‍ വികസനവും സാധ്യമായ നഗരങ്ങളില്‍ മയക്കുമരുന്ന് വില്‍പനയും വളരെയധികം വ്യാപിച്ചുകഴിഞ്ഞു. കടല്‍മാര്‍ഗവും കരമാര്‍ഗവും വ്യോമമാര്‍ഗവുമെല്ലാം കേരളത്തിലേക്ക് ലഹരി മരുന്നുകള്‍ എത്തുകയാണ്. അന്തര്‍ സംസ്ഥാന ബസ്സുകളിലും ദീര്‍ഘദൂര ട്രെയ്‌നുകളിലുമെല്ലാം ലഹരി വസ്തുക്കള്‍ കേരളത്തിലെത്തിക്കുന്ന ലോബികളുണ്ട്.
2010-ല്‍ കേരളത്തിലെ എക്‌സൈസ് വകുപ്പ് 273 നാര്‍ക്കോട്ടിക് കേസുകളാണ് എടുത്തത്. 2015-ല്‍ അത് 1425 ആയും 2016 അവസാനത്തില്‍ 2982 ആയും ഉയര്‍ന്നു. വളരെ കുറച്ചേ കേസായി മാറുന്നുള്ളൂ എന്നത് ഇതിനോടൊപ്പം ചേര്‍ത്തുവായിക്കണം. 19.98 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിനേക്കാള്‍ നാര്‍ക്കോട്ടിക് കേസുകളുടെ എണ്ണത്തില്‍ 3.34 കോടി ജനങ്ങളുള്ള കേരളം മുന്നിലാണ്. എന്‍.സി.ആര്‍.ബിയുടെ കണക്കനുസരിച്ച് ലഹരി ഉപയോഗത്തിന്റെ കാര്യത്തില്‍ പഞ്ചാബ്, യു.പി എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കേരളത്തിനാണ്. ഏറ്റവും കൂടുതല്‍ ലഹരി മരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായതും പരിഗണിച്ച് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ലഹരി വ്യാപിക്കുന്ന ഇന്ത്യയിലെ നഗരങ്ങളെ കണ്ടെത്തിയതില്‍ ആദ്യത്തെ മൂന്നെണ്ണം പഞ്ചാബിലെ അമൃത്‌സറും മഹാരാഷ്ട്രയിലെ പൂനയും കേരളത്തിലെ കൊച്ചിയുമാണ്.
കേരളത്തിലെ വിവിധ ജില്ലകളിലെ പോലീസ്-എക്‌സൈസ് വകുപ്പുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളനുസരിച്ച് ബംഗളുരു, മുംബൈ അടക്കമുള്ള നഗരങ്ങളിലേതിനേക്കാള്‍ വ്യാപ്തിയില്‍ കേരളം കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നു മാഫിയയുടെ പിടിയിലമര്‍ന്നിരിക്കുന്നു.
പ്രബുദ്ധ സാക്ഷര കേരളം ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ മാത്രമല്ല മുന്നില്‍. അതോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും മാനസിക രോഗങ്ങളും പെരുകുകയാണ്. ഗുണ്ടായിസവും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നതില്‍ ലഹരി മാഫിയക്കുള്ള പങ്ക് പ്രത്യേകം പറയേണ്ടതില്ല.
കുട്ടികള്‍ക്കിടയില്‍ ഉപയോഗം ആശങ്കയുണര്‍ത്തുംവിധം കൂടിവരുന്നത് ചര്‍ച്ചയായതുതന്നെ ഈ അടുത്തകാലത്താണ്. സംസ്ഥാനത്ത് പിടിയിലായ നൂറോളം മയക്കുമരുന്ന് കച്ചവടക്കാരില്‍ 90 പേരും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തിയവരാണ്. വിദ്യാര്‍ഥികളാണ് മയക്കുമരുന്ന് വിപണനത്തിലും ഉപയോഗത്തിലും മുന്‍പന്തിയില്‍. കുട്ടികള്‍ ആകസ്മികമായി ലഹരിയുടെ മാരക വലയത്തിലെത്തുകയല്ല. മനഃപൂര്‍വം അവരെ ഈ മരണവലയത്തില്‍ കുടുക്കുകയാണ്. വഴിതെറ്റി നടക്കുന്നവരെയും ഒറ്റപ്പെട്ടവരെയും മാത്രമല്ല, ഏത് പശ്ചാത്തലത്തില്‍നിന്ന് വരുന്ന കുട്ടികളെയും കറക്കിയെടുക്കുന്നവരുണ്ട്.
അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ വേരുകള്‍ നമ്മുടെ നാട്ടിലും ആഴ്ന്നിറങ്ങിക്കഴിഞ്ഞുവെന്നാണ് വന്‍തോതിലുള്ള മയക്കുമരുന്ന് ഇടപാടുകള്‍ വെളിപ്പെടുത്തുന്നത്. ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമെന്ന് ഖ്യാതിയുള്ള കൊച്ചി കേന്ദ്രമായി മയക്കുമരുന്ന് മാഫിയകളും വളരുന്നു. രാജ്യത്തെ 19 നഗരങ്ങളിലെ ശരാശരി കുറ്റകൃത്യങ്ങളുടെ വര്‍ധനവ് 6.5 ശതമാനമാണെങ്കില്‍ കൊച്ചി നഗരത്തിലെ കുറ്റകൃത്യങ്ങളുടെ വര്‍ധനവ് 27 ശതമാനമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രണ്ട് മാസത്തിനിടെ 35 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയതോടെയാണ് അന്താരാഷ്ട്ര ലഹരിക്കടത്ത് മാഫിയയുടെ പ്രധാന മേഖലയാണ് കൊച്ചിയെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടത്.
ഭൂഖണ്ഡങ്ങള്‍ കടന്നെത്തുന്ന രാസലഹരികള്‍ പല രാജ്യങ്ങളിലേക്കും കടത്താന്‍ കൊച്ചിയെയും ഹബ്ബാക്കുന്നുണ്ട്. ചൈന, നേപ്പാള്‍ അതിര്‍ത്തികള്‍ വഴി കടത്തിക്കൊണ്ടുവരുന്ന ലഹരി വസ്തുക്കള്‍ ദല്‍ഹിയിലും ഗോവയിലും എത്തിച്ച് ബംഗളുരു-മൈസൂരു വഴിയും മുംബൈ വഴിയും കേരളത്തിലെത്തുന്നു.
നേരത്തേ ഇടുക്കിയിലും മറ്റും കഞ്ചാവ് കൃഷി ചെയ്തിരുന്ന മലയാളികള്‍ ഇപ്പോള്‍ ആന്ധ്ര, ഒഡീഷ, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അത് മാറ്റിയതായാണ് വാര്‍ത്തകള്‍. അവിടെ നിന്ന് കഞ്ചാവ് തമിഴ്‌നാട്ടിലേക്കെത്തിച്ച് മധുര വഴി ചില്ലറ വില്‍പനക്കാര്‍ക്കെത്തിക്കുന്നു. ഇത് രണ്ട് ഗ്രാം, മൂന്ന് ഗ്രാം പാക്കറ്റുകളിലാക്കി ആവശ്യക്കാരിലെത്തും. അന്തര്‍സംസ്ഥാന രാത്രി ബസ്സുകളിലും ദീര്‍ഘദൂര ട്രെയ്‌നുകളിലും ഒളിപ്പിച്ചു കടത്തി ഇവ കേരളത്തിലെത്തിക്കുന്ന മാഫിയ സജീവമാണ്. വലിയ നെറ്റ്‌വര്‍ക്ക് തന്നെയാണിതിനു പിന്നിലുള്ളത്. ലഹരി ഉപയോഗിക്കുന്നതിലും അതിന്റെ കടത്തിലും ഇതര സംസ്ഥാന തൊഴിലാളികള്‍ പങ്കാളികളാണ്. കേരളത്തില്‍ ഔദ്യോഗിക മദ്യലഭ്യതയില്‍ ഇടക്കാലത്തുണ്ടായ ചെറിയ കുറവ് മുതലെടുത്തത് ഈ ലഹരി വില്‍പനക്കാരാണ്. കാലാവധി കഴിഞ്ഞ് സംസ്‌കരിക്കാനായി ഏല്‍പിക്കുന്ന ഗുളികകളും ക്യാപ്‌സൂളുകളും കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കി ലഹരി മരുന്നാക്കി തിരിച്ചെത്തിക്കുന്ന മാഫിയകളുമുണ്ട്. സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലേക്കും പാര്‍ട്ടികളിലേക്കും കെമിക്കല്‍ ലഹരികള്‍ എത്തിക്കുന്ന ലോബികളും സജീവമാണ്.
സ്വര്‍ണക്കടത്തിനേക്കാള്‍ എത്രയോ ഇരട്ടി ലാഭം കിട്ടുന്നുവെന്നതാണ് ലഹരി മരുന്ന് വിപണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ കാരണം. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗമായി മാറുകയാണ് മയക്കുമരുന്നു കടത്ത്. യാചക വേഷധാരികളായ ധാരാളം പേര്‍ ലഹരി മാഫിയയുടെ കണ്ണികളാണ്. ലഹരി വില്‍പന മീന്‍ മാര്‍ക്കറ്റിലെ കച്ചവടം പോലെയായിട്ടുണ്ട്. പാവപ്പെട്ടവനു വാങ്ങാന്‍ നൂറ് രൂപയുടെയും പണക്കാരനു വാങ്ങാന്‍ ആയിരത്തിന്റെയും പാക്കറ്റുകള്‍.
ഐ.ടി രംഗം വളര്‍ന്നതോടെ ലഹരി മാഫിയ ഓണ്‍ലൈന്‍ വിപണിയും സൗകര്യങ്ങളും ധാരാളമായി ഉപയോഗപ്പെടുത്തുന്നു. മയക്കുമരുന്ന് വില്‍പനയും അതിന്റെ സന്ദേശങ്ങളും ഹൈടെക് ആവുകയാണ്. ഫേസ്ബുക് പോസ്റ്റിലെ അസാധാരണ പദപ്രയോഗങ്ങളും കോഡു വാക്കുകളും ലഹരിയുമായി ബന്ധപ്പെട്ടതാവാം.
Comments