Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

ജനാധിപത്യത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ജനാധിപത്യം സമ്പൂര്‍ണ പരാജയമാണെന്ന് ഒരു കൂട്ടര്‍. ജനാധിപത്യം തിരിച്ചടികള്‍ നേരിടുക മാത്രമാണ് ചെയ്യുന്നതെന്നും ആ ഭരണ സംവിധാനത്തിന് ലോകം മുഴുക്കെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത അതിന് തെളിവാണെന്നും മറ്റൊരു കൂട്ടര്‍. അമേരിക്കന്‍ ചിന്തകന്‍ ഫ്രാന്‍സിസ് ഫുക്കുയാമ, സാമൂഹിക ശാസ്ത്രജ്ഞരായ ഫിലിപ്പ് ഷ്മിറ്റര്‍, ലാറി ഡയമണ്ട്, തോമസ് ക്രൗഥര്‍ തുടങ്ങി വളരെപ്പേര്‍ ഈ രണ്ടാമത്തെ വീക്ഷണം പങ്കുവെക്കുന്നവരാണ്. ജനാധിപത്യ സംവിധാനങ്ങള്‍ വലിയ തിരിച്ചടി നേരിടുന്നു എന്ന കാര്യത്തില്‍ ഇരു കൂട്ടര്‍ക്കും ഏകാഭിപ്രായമാണ്. ജനാധിപത്യ സംവിധാനങ്ങളുടെ ഗതിവിഗതികളെ വളരെ സൂക്ഷ്മമായി പിന്തുടരുന്ന ലാറി ഡയമണ്ട്, സാമ്പത്തിക ഘടകമാണ് ഈ തിരിച്ചടിക്ക് മുഖ്യ കാരണം എന്ന് വിശ്വസിക്കുന്നില്ല. എല്ലാ അര്‍ഥത്തിലും പൗരന്മാര്‍ക്ക് സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കുക എന്നതാണ് പരമപ്രധാനം. അതില്‍ പരാജയപ്പെടുന്ന ഏതൊരു രാജ്യവും ജനാധിപത്യത്തിന്റെ അന്തസ്സത്ത നിലനിര്‍ത്തുന്നതിലും പരാജയപ്പെടും. ഫുക്കുയാമയുടെ നിരീക്ഷണവും വളരെ പ്രസക്തമാണ്. ഒരു ജനാധിപത്യ സംവിധാനത്തിന്റെ പ്രകടനത്തെ വിലയിരുത്തേണ്ടത് മൂന്ന് കാര്യങ്ങള്‍ മുന്നില്‍ വെച്ചാവണം എന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രത്തിന്റെ അധികാര പ്രയോഗം, നിയമവാഴ്ച, സുതാര്യത എന്നിവയാണവ. നിയമവാഴ്ച നിലനിര്‍ത്താന്‍ രാഷ്ട്രത്തിന് അധികാര പ്രയോഗം നടത്തേണ്ടിവരും. പക്ഷേ, അത് ശരിയോ തെറ്റോ എന്ന് നിശിതമായി വിചാരണ ചെയ്യപ്പെടുന്ന സുതാര്യമായ സംവിധാനങ്ങളും അതിനകത്തുതന്നെ വേണം. അല്ലാത്തപക്ഷം ആ സംവിധാനം എളുപ്പത്തില്‍ ഏകാധിപത്യത്തിന് വഴിമാറും.

ഓരോ നാട്ടിലും എത്രമാത്രം ജനാധിപത്യം പുലരുന്നുണ്ട് എന്ന് പഠിച്ച് വര്‍ഷാവര്‍ഷം തടിച്ച റിപ്പോര്‍ട്ട് പുസ്തകങ്ങള്‍ പുറത്തിറക്കുന്ന എന്‍.ജി.ഒകളുണ്ട്. അതിലൊന്നാണ് 1941-ല്‍ അമേരിക്കയില്‍ സ്ഥാപിതമായ ഫ്രീഡം ഹൗസ്. 2006-ല്‍ ഇതിന്റെ 66 ശതമാനം ഗ്രാന്റും നല്‍കിയിരുന്നത് അമേരിക്കന്‍ ഭരണകൂടമായിരുന്നു. 2016-ല്‍ ഗ്രാന്റ് തുക 86 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഈ എന്‍.ജി.ഒ നിഷ്പക്ഷമാണോ എന്ന ചോദ്യമേ ഉത്ഭവിക്കുന്നില്ല. അമേരിക്ക ലോകത്തുടനീളം നടത്തുന്ന ജനാധിപത്യധ്വംസനങ്ങളെ അത് കാണുകയേ ഇല്ല. അമേരിക്കയുടെ ശിങ്കിടികളായ ഏകാധിപതികളും സുരക്ഷിതര്‍. പടിഞ്ഞാറു നിന്നിറങ്ങുന്ന ഏതാണ്ടെല്ലാ ജനാധിപത്യ അവലോകന റിപ്പോര്‍ട്ടുകള്‍ക്കും ഇങ്ങനെയൊരു വലിയ തകരാറുണ്ട്. അവയെ അവലംബിക്കുന്നത് സൂക്ഷിച്ചുവേണം.

ഇന്ത്യയിലെയും ജനാധിപത്യ സംവിധാനങ്ങള്‍ ഗുരുതരമായ ഭീഷണി നേരിടുകയാണെന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല. ഫാഷിസത്തിന്റെ തേരോട്ടം ആദ്യം നിര്‍വീര്യമാക്കുന്നതും പിന്നെ നശിപ്പിക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ തന്നെയായിരിക്കും. ഭരണത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഭരണഘടനയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ ശ്രമങ്ങള്‍ നടക്കും. പക്ഷേ, സത്യത്തിനും നീതിക്കും സ്ഥാനമില്ലാതായ സത്യാനന്തര കാലത്ത് ഭരണഘടനയിലെ ഒരക്ഷരം പോലും മാറ്റിയെഴുതാതെ, ജനാധിപത്യ മൂല്യങ്ങളെ കശാപ്പു ചെയ്യാനും ഫാഷിസത്തെ തിരുകിക്കയറ്റാനും സാധ്യമാവുമെന്ന് ഭരണഘടനാ വിദഗ്ധന്‍ കൂടിയായ എ.ജി നൂറാനി നിരീക്ഷിക്കുന്നുണ്ട്. സകല മേഖലകളിലും നാമത് നിത്യേന കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഭരണഘടനയെയും നിയമവാഴ്ചയെയും നോക്കുകുത്തിയാക്കി മാറ്റുന്ന ഫാഷിസ്റ്റ് രീതികളെ എങ്ങനെ ചെറുക്കാമെന്നത് തന്നെയാണ് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍