Prabodhanm Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

'എനിക്കറിയാമായിരുന്നു അയാളുടെ രണ്ടാം വിവാഹം'

ഡോ. ജാസിമുല്‍ മുത്വവ്വ

ചിലരുടെ ദാമ്പത്യ ജീവിതത്തിലെ യഥാര്‍ഥ സംഭവങ്ങള്‍ കേട്ടാല്‍, ഭാവനാലോകത്ത് മാത്രമേ ഇത്തരം കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് നമുക്ക് തോന്നും. അതിലൊരു കഥയാണ് ഞാനിവിടെ ഓര്‍ക്കുന്നത്:

പരസ്പര വിശ്വാസത്തിലും അദമ്യമായ സ്‌നേഹത്തിലും കഴിഞ്ഞുപോന്ന ദമ്പതികള്‍. ആണും പെണ്ണുമായി നല്ല മക്കളെയും അല്ലാഹു അവര്‍ക്ക് നല്‍കി. നീണ്ട സംവത്സരങ്ങള്‍ അവര്‍ അങ്ങനെ സന്തോഷത്തിലും ആഹ്ലാദത്തിലും ജീവിച്ചു. പക്ഷേ, ഭര്‍ത്താവ് എന്തോ കാരണത്താല്‍ ഭാര്യയും മക്കളും അറിയാതെ രണ്ടാമതൊരുവളെ വിവാഹം കഴിച്ചു. ഈ രണ്ടാം വിവാഹവും വിഘ്‌നങ്ങളൊന്നുമില്ലാതെ തുടരുന്നതിനിടയില്‍ ആദ്യഭാര്യ വിവരം അറിയുകയും ജനമധ്യത്തില്‍ അയാളെ തുറന്നുകാട്ടണമെന്ന് അവര്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു. വീടും മക്കളും എല്ലാം ഉപേക്ഷിച്ച് പിതാവിന്റെ വീട്ടിലേക്ക് പോയാലോ എന്ന് അവര്‍ പലവട്ടം ചിന്തിച്ചു. പക്ഷേ, പിന്നീട് ശാന്തമായി ആലോചിച്ചപ്പോള്‍, അവള്‍ ഉറച്ച ഒരു തീരുമാനത്തിലെത്തി. ഈ വിഷയം ആരോടും സംസാരിക്കരുത്, വീട്ടുകാരെയും ഉറ്റവര്‍ ആരെയും അറിയിക്കരുത്, മൗനം പാലിക്കാം.

രണ്ടാം വിവാഹത്തിനു ശേഷം, ആദ്യ ഭാര്യയായ തന്നോട് ഭര്‍ത്താവ് വളരെ സ്‌നേഹത്തോടും കരുതലോടും കൂടിയാണ് പെരുമാറുന്നതെന്നും സാമ്പത്തിക സഹായത്തിലും ദാമ്പത്യ ബന്ധങ്ങളിലും മുമ്പത്തേക്കാള്‍ ഉദാരതയോടെയാണ് വര്‍ത്തിക്കുന്നതെന്നും അവള്‍ മനസ്സിലാക്കി. തന്നോട് സല്ലപിക്കാനും തന്നോടൊപ്പം സമയം ചെലവഴിക്കാനും വീട്ടിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാനും അതീവ താല്‍പര്യം കാണിക്കുന്നുണ്ടെന്നും അവള്‍ക്ക് ബോധ്യപ്പെട്ടു. നിരവധി വര്‍ഷങ്ങള്‍ ഈ വിവാഹകാര്യം ആരോടും മിണ്ടാതെ അവള്‍ മൗനം അവലംബിച്ചു. പിന്നീട് മെല്ലെമെല്ലെ വീട്ടുകാരും കുടുംബക്കാരുമെല്ലാം വിവരം അറിഞ്ഞു. തന്റെ ആദ്യ ഭാര്യയോട് വിവരങ്ങളൊന്നും പറയരുതെന്നും താന്‍ രണ്ടാമതും വിവാഹം കഴിച്ചകാര്യം അവളെ അറിയിക്കരുതെന്നും ഭര്‍ത്താവ് കേണപേക്ഷിച്ചു. അത് അവള്‍ക്ക് മനോവിഷമം ഉണ്ടാക്കുമെന്നും അവളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും അയാള്‍ ഭയപ്പെട്ടു. അയാളുടെ അപേക്ഷ മാനിച്ച് ആരും അവളോട് ഇക്കാര്യമൊന്നും സംസാരിച്ചതുമില്ല.

വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞു. ധനാഢ്യനായ ഈ ഭര്‍ത്താവ് ഉദാരമതിയും ഏവര്‍ക്കും പ്രിയങ്കരനുമായിരുന്നു. രോഗഗ്രസ്തനായി ദീര്‍ഘകാലം ശയ്യാവലംബിയായിക്കഴിഞ്ഞ അദ്ദേഹം മരണമടഞ്ഞു. ഭാര്യ അയാളുടെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി. അങ്ങേയറ്റം ദുഃഖിച്ചു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടി ആദ്യ ഭാര്യയോട് രണ്ടാം വിവാഹത്തിന്റെ കാര്യം എങ്ങനെ ധരിപ്പിക്കുമെന്ന് ഗാഢമായ ആലോചനയില്‍ മുഴുകി. അവര്‍ തന്റെ 'ഇദ്ദ'യിലാണ്. അനന്തരസ്വത്ത് വീതിക്കേണ്ട വിഷയമുണ്ടല്ലോ. ശാന്തമായും നയത്തിലും ഭര്‍ത്താവ് രണ്ടാമതൊരുവളെ കൂടി വിവാഹം ചെയ്ത കാര്യം അവരോട് തുറന്നു പറയാമെന്ന തീരുമാനത്തിലെത്തി അവര്‍. ആദ്യ ഭാര്യയെ സമീപിച്ച അവര്‍: 'ഭര്‍ത്താവിന്റെ വിയോഗത്താല്‍ ദുഃഖിച്ചിരിക്കുന്ന നിങ്ങളുടെ സങ്കടത്തിന്റെയും ദുഃഖത്തിന്റെയും കട്ടികൂട്ടിയേക്കാമെന്നിരിക്കിലും ഒരു വിവരം നിങ്ങളില്‍നിന്ന് മറച്ചുവെക്കുന്നത് ശരിയല്ലെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.' സംസാരത്തില്‍ ഇടപെട്ട അവര്‍: 'എന്റെ ഭര്‍ത്താവ് രണ്ടാമതൊരുവളെ വിവാഹം കഴിച്ച കാര്യമാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?' അവരുടെ സംസാരത്തില്‍ അന്തംവിട്ട അവര്‍ പരസ്പരം നോക്കി. അവര്‍ ഇങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാത്ത പോലെ തോന്നി.

'അതോ, അതുതന്നെ. നിങ്ങള്‍ക്കറിയുമായിരുന്നോ അത്?'

അവര്‍: 'അതേ, എനിക്കത് വളരെ നേരത്തേ അറിയാമായിരുന്നു.' 'പക്ഷേ, നിങ്ങള്‍ അതേപറ്റി ഇതേവരെ സംസാരിക്കുകയോ പരാതി പറയുകയോ ഭര്‍ത്താവിന്റെ രണ്ടാം വിവാഹം അറിയാമെന്ന ഭാവത്തോടെ പെരുമാറുകയോ ഉണ്ടായില്ലല്ലോ!'- സംസാരിക്കാന്‍ വന്നവര്‍ ഒരേ ശബ്ദത്തില്‍.

അവര്‍ മനസ്സു തുറന്നു: ''രണ്ടാം വിവാഹത്തിനു ശേഷം ആദ്യ ഭാര്യയായ എന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഹൃദ്യവും ഊഷ്മളവുമായിരുന്നു. എല്ലാ ദിവസവും എന്നോടൊപ്പമായിരുന്നു അദ്ദേഹം രാപ്പാര്‍ത്തിരുന്നത്. എന്റെ തലയണക്കരികത്തായിരുന്നു അദ്ദേഹത്തിന്റെയും തലയിണ. രണ്ടാം വിവാഹ വിഷയം എടുത്തിട്ടാലോ എന്നാലോചിക്കുമ്പോള്‍ എന്റെ മനസ്സ് എന്നോട് പറയും: 'എനിക്കെന്താ ഭ്രാന്തുണ്ടോ? അദ്ദേഹം രണ്ടാം വിവാഹം കഴിച്ചത് ഞാന്‍ അറിഞ്ഞെന്ന് പറയുക. അപ്പോള്‍ സംഭവിക്കുകയെന്താണ്? എന്നോട് പെരുമാറുന്നതുപോലെ അദ്ദേഹം മറ്റവളോടും പെരുമാറിത്തുടങ്ങും. ദിനരാത്രങ്ങളും യാത്രകളുമൊക്കെ ഞങ്ങള്‍ക്കിടയില്‍ വീതം വെച്ച് തുടങ്ങും അദ്ദേഹം.' അങ്ങനെ ഓരോന്നോര്‍ത്ത് ഞാന്‍ അറിഞ്ഞെന്ന ഭാവം നടിക്കാതെ കിടക്കും.''

ബുദ്ധിയും സാമര്‍ഥ്യവും വിവേകവും വീണ്ടുവിചാരവും നിറഞ്ഞ അവളുടെ മറുപടി കേട്ട് എല്ലാവരും ആശ്ചര്യപ്പെട്ടു. തന്റെ ഭര്‍ത്താവുമൊത്തുള്ള ജീവിതം അവള്‍ പൂര്‍ണമായി അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തുവെന്നും ദാമ്പത്യജീവിതം അല്ലലില്ലാതെ മുന്നോട്ടുപോകാന്‍ അവരുടെ ആര്‍ജവത്തോടുള്ള ഇടപെടല്‍ സഹായകമായെന്നും ബോധ്യമായപ്പോള്‍ അവരെക്കുറിച്ചുള്ള മതിപ്പ് വര്‍ധിച്ചു. ഭര്‍ത്താവിന്റെ അനന്തര സ്വത്തില്‍ അര്‍ഹമായ വിഹിതം അവര്‍ക്ക് കിട്ടുകയും ചെയ്തു.

ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചറിഞ്ഞ ഒരു ഭാര്യയോട് ഞാന്‍ ഈ സംഭവം വിശദീകരിച്ചപ്പോള്‍ അവരുടെ പ്രതികരണം; 'അവളെപോലെ പെരുമാറാന്‍ എനിക്കാവില്ല.'

ഞാന്‍: 'അത് ഓരോരുത്തരുടെയും മനോനിലയെ ആശ്രയിച്ചിരിക്കും.' ചിലരുടെ കാര്യത്തില്‍ ഈ സമീപനം ശരിയായിരിക്കും. ചിലരുടെ കാര്യത്തില്‍ അസാധ്യവും. പക്ഷേ, ആത്മനിയന്ത്രണം പാലിച്ച് ഭാവിയെ കുറിച്ച് ഗാഢമായി ചിന്തിക്കുന്ന സ്ത്രീകള്‍ ഈ കഥയിലെ നായികയെ മാതൃകയാക്കും. അവര്‍ പ്രദര്‍ശിപ്പിച്ച സഹനവും ക്ഷമയും അപാരമാണ്. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍