Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

അനുരഞ്ജനത്തിലേക്ക്

ഡോ. മുഹമ്മദ് ഹമീദുല്ല

(മുഹമ്മദുന്‍ റസൂലുല്ലാഹ്-33)

മക്കക്കാരും മുസ്‌ലിംകളും തമ്മില്‍ ഇടക്കൊക്കെ ചില ഉരസലുകള്‍ നടക്കാറുണ്ട്. അതിനെയൊന്നും 'യുദ്ധം' എന്ന് വിളിച്ചുകൂടാത്തതാണ്. മാത്രവുമല്ല, പ്രതിയോഗികളുടെ ഖന്‍ദഖ് പടയൊരുക്കം ചീറ്റിപ്പോയതിനു ശേഷം, രക്തച്ചൊരിച്ചില്‍ പരമാവധി ഒഴിവാക്കാനാണ് പ്രവാചകന്‍ ശ്രമിച്ചത്; അപ്പോഴേക്കും അദ്ദേഹത്തിന്റെ സൈനിക ശേഷി കാര്യമായി പുഷ്ടിപ്പെട്ടിട്ടുണ്ടായിരുന്നുവെങ്കിലും. ഖന്‍ദഖ് പടയൊരുക്കം ഇരുഭാഗത്തുനിന്നും അണിനിരന്ന സൈനികരുടെ എണ്ണം നോക്കുമ്പോള്‍ വളരെ പ്രധാനമാണെങ്കിലും, അതിനിടക്കുണ്ടായ ചെറിയ ഏറ്റുമുട്ടലുകളില്‍ മുസ്‌ലിംകളില്‍നിന്ന് ആറും ശത്രുക്കളില്‍നിന്ന് എട്ടു പേര്‍ മാത്രമാണ് വധിക്കപ്പെട്ടത്. അതിനാല്‍ ഇരുപക്ഷത്തെയും സൈന്യത്തിന് കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ല. വന്ന അതേ സൈനിക ശക്തിയോടെയാണ് മക്കക്കാര്‍ തിരിച്ചുപോയതും എന്നര്‍ഥം. പക്ഷേ, വടക്കന്‍ മേഖലയില്‍ (സിറിയ, ഈജിപ്ത്, ഇറാഖ് ഭാഗങ്ങളില്‍) അവരുടെ വ്യാപാര യാത്രകള്‍ തടയപ്പെട്ടത് അവരെ തീര്‍ച്ചയായും സാമ്പത്തികമായി ക്ഷീണിപ്പിച്ചിട്ടുണ്ടാവണം. മാത്രവുമല്ല ആ വര്‍ഷം (ഹിജ്‌റ അഞ്ചാം വര്‍ഷം) തന്നെ ഒരു വരള്‍ച്ച അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു.

മുസ്‌ലിംകളുടെ നിലയും അത്ര ശുഭകരമായിരുന്നില്ല. മദീനയിലെ ശൈശവ ദശയിലുള്ള ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ തെക്കു ഭാഗത്ത് മക്കയിലെ പ്രതിയോഗികള്‍. അവരുടെ ശത്രുത ഇപ്പോഴും അത്യന്തം ഹിംസാത്മകമായി തുടരുന്നു. വടക്കു ഭാഗത്ത് ഗത്വ്ഫാന്‍, ഫസാറ ഗോത്രങ്ങള്‍. അവരെ പ്രഫഷനല്‍ പിടിച്ചുപറിക്കാരെന്ന് പറയണം. അവര്‍ കൂട്ടുകൂടിയിരിക്കുന്നത് ഖൈബറിലെ പ്രബലമായ ജൂത അധികാര കേന്ദ്രവുമായി. അവര്‍ ഖന്‍ദഖില്‍ തോല്‍വി സമ്മതിച്ചെങ്കിലും മദീനക്കെതിരെ അവര്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് ഒട്ടും തീക്ഷ്ണത കുറഞ്ഞിരുന്നില്ല. അവരുടെ അത്യധികം അപായകരമായ ഗൂഢപദ്ധതികളെക്കുറിച്ച് സറഖ്ശി1 എഴുതുന്നുണ്ട്: 'മക്കയും ഖൈബറും തമ്മില്‍ ഒരു ഉടമ്പടി ഉണ്ടായിരുന്നു. ഈ രണ്ടില്‍ ഏതെങ്കിലുമൊന്നിനെതിരെ പ്രവാചകന്‍ പടനീക്കം നടത്തിയാല്‍ ഉടന്‍ മറ്റേ വിഭാഗം മദീന കൈയേറണം എന്നായിരുന്നു അത്. അതുകൊണ്ടാണ് പ്രവാചകന്‍ മക്കക്കാരുമായി ഒരു അനുരഞ്ജനത്തിന് ശ്രമിച്ചത്. താന്‍ ഖൈബറിലേക്ക് പട നയിക്കുമ്പോള്‍ മക്കക്കാര്‍ നിഷ്പക്ഷത പുലര്‍ത്താനും മദീന ആക്രമിക്കാതിരിക്കാനും വേണ്ടിയായിരുന്നു അത്.'

മക്കക്കാരെയും ഖൈബറുകാരെയും ഒരേപോലെ കീഴൊതുക്കേണ്ടതുണ്ട്. പക്ഷേ, ഇരുവിഭാഗത്തിനുമെതിരെ ഒരേസമയം സൈനിക നടപടി സ്വീകരിക്കാനുള്ള ശേഷി മുസ്‌ലിംകള്‍ക്കില്ല. അപ്പോള്‍ ഇതില്‍ ഏതെങ്കിലും ഒരു വിഭാഗവുമായി സമാധാനസന്ധിയുണ്ടാക്കുകയാണ് ബുദ്ധി. പക്ഷേ, അതിനു വേണ്ടി ഇതില്‍ ഏതിനെ തെരഞ്ഞെടുക്കും എന്നത് അത്ര എളുപ്പമല്ല. മക്കയും ഖൈബറും വളരെ അടുപ്പത്തിലായിരുന്നതിനാല്‍ ആ സൗഹൃദം പൊളിക്കുന്നതും എളുപ്പമായിരുന്നില്ല. പക്ഷേ, എന്തെങ്കിലുമൊക്കെ ചെയ്‌തേ പറ്റൂ.

ഗത്വ്ഫാന്‍, ഫസാറ ഗോത്രവിഭാഗങ്ങള്‍ യാതൊരു തത്ത്വദീക്ഷയുമില്ലാത്ത, അച്ചടക്കം തീരെയില്ലാത്ത പരുക്കന്മാരാണ്. ഇവരെ പണം നല്‍കി ഖൈബറുകാര്‍ കൂലിക്കെടുത്ത് സൈന്യത്തില്‍ കൂട്ടിയിരുന്നുവെങ്കിലും ഖന്‍ദഖ് പടയൊരുക്കത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ അവരുടെ നീക്കം മുസ്‌ലിം പക്ഷത്തിന് അനുകൂലമായിരുന്നു. മുസ്‌ലിംകളും അവരെ വിലക്കെടുത്തു എന്നു പറയാം. ഏതായാലും ഈ ബദുക്കളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുമായിരുന്നില്ല.

ഖൈബറിലെ ജൂതന്മാര്‍ വംശീയമായും സാംസ്‌കാരികമായും അറബികളില്‍നിന്ന് വളരെയേറെ വ്യത്യസ്തത പുലര്‍ത്തുന്ന ജനവിഭാഗമായിരുന്നു. അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കുറച്ചു മുമ്പ് മദീനയില്‍നിന്ന് പുറത്താക്കപ്പെട്ട ബനുന്നളീര്‍ ഗോത്രം. അവരുടെ മുമ്പത്തെ അവസ്ഥ പുനഃസ്ഥാപിച്ചാലേ അവരുമായി അനുരഞ്ജനത്തിനുള്ള സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം അവരെ തൃപ്തിപ്പെടുത്തുക അസാധ്യമാണ്. സമ്പന്നരായിരുന്നതിനാല്‍ പാരിതോഷികങ്ങള്‍ നല്‍കിയൊന്നും അവരെ വശീകരിക്കാന്‍ കഴിയില്ല. ഖുര്‍ആന്റെ തന്നെ വിവരണമനുസരിച്ച്2 അക്കാലത്തെ ജൂതന്മാര്‍ 'അജ്ഞാനികളു'(ഉമ്മിയ്യൂന്‍)മായുള്ള കരാറുകളൊന്നും പാലിക്കേണ്ടതില്ല എന്ന പക്ഷക്കാരായിരുന്നു. അവര്‍ നല്ല കച്ചവടക്കാരായിരുന്നെങ്കിലും മികച്ച പോരാളികളായിരുന്നില്ല.

കാര്യമായി ആലോചിക്കാനുള്ളത് രണ്ടാമത്തെ പക്ഷമായ മക്കക്കാരെക്കുറിച്ചു തന്നെയാണ്. പ്രവാചകനും അദ്ദേഹത്തിന്റെ കൂടെയുള്ള വലിയൊരു അനുയായിവൃന്ദവും മക്കയില്‍ ജനിച്ചു വളര്‍ന്നവരാണ്. ഇസ്‌ലാമിന്റെ മതകീയ ആസ്ഥാനമായി കഅ്ബ(ദിവസ പ്രാര്‍ഥനകള്‍ക്ക് അങ്ങോട്ട് തിരിഞ്ഞും ആ വിശുദ്ധ ഗേഹത്തിലേക്ക് തീര്‍ഥാടനം നടത്തിയും)യെ സ്വീകരിക്കുകയും ചെയ്തിരുന്നുവല്ലോ. അതിനാല്‍ അനുരഞ്ജനമാവുന്നത് മക്കയുമായിട്ടാണ് നല്ലത് എന്ന അഭിപ്രായത്തിനായിരുന്നു മേല്‍ക്കൈ. ബന്ധുത്വമുണ്ട് എന്നതുകൊണ്ടു മാത്രമായിരുന്നില്ല അത്. അറേബ്യ മുഴുക്കെ മക്കാനഗരത്തിന് സവിശേഷമായ സ്ഥാനവും പദവിയുമുണ്ടായിരുന്നു. കഅ്ബ അതിനൊരു നിമിത്തമാണെങ്കിലും അത് മാത്രമായിരുന്നില്ല കാരണം. മക്കക്കാരുടെ സാമ്പത്തിക ബന്ധങ്ങള്‍ വളരെ വിപുലമായിരുന്നതും ഈ പദവിയാര്‍ജിക്കാന്‍ നിമിത്തമായിട്ടുണ്ട്. അതിലേക്ക് നാം പിന്നീട് വരുന്നുണ്ട്. നാഗരികമായും മേഖലയിലെ മറ്റു പ്രദേശങ്ങളേക്കാള്‍ വികാസമുണ്ടായിരുന്നു മക്കക്ക്. അത് കേവലം നാടോടികളുടെ ആവാസഭൂമിയായിരുന്നില്ല, വ്യവസ്ഥാപിതമായി നിയന്ത്രിക്കപ്പെടുന്ന ഒരു നഗരരാഷ്ട്രം തന്നെയായിരുന്നു. പറഞ്ഞ വാക്കിന് അവര്‍ വലിയ വില കല്‍പിച്ചിരുന്നു. വ്യക്തിതാല്‍പര്യങ്ങളേക്കാള്‍ പൊതു താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന കീഴ്‌വഴക്കവും അവര്‍ക്കുണ്ടായിരുന്നു. യാത്രകളും സാഹസികതകളുമാണ് മറ്റു സവിശേഷതകള്‍. സാഹിതീയവും ബുദ്ധിപരവുമായ കഴിവുകള്‍ക്കൊപ്പം സംഘാടന മികവുകളും.

എന്നുമാത്രമല്ല, ഖന്‍ദഖ് പടയൊരുക്കത്തിനു ശേഷം, മുസ്‌ലിംകളുമായി സമാധാനം സ്ഥാപിക്കാം എന്നൊരു ചിന്തയിലേക്ക് അവര്‍ എത്തിയിരുന്നു എന്നും അനുമാനിക്കാവുന്നതാണ്. മദീനയുമായുള്ള ഈ ശക്തിക്ഷയിപ്പിക്കല്‍ സംഘര്‍ഷങ്ങള്‍ അവരുടെ വ്യാപാരബന്ധങ്ങളെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ മുഖം രക്ഷിക്കുന്ന ഒരു സമാധാനക്കരാറിന് അവര്‍ സന്നദ്ധരായേക്കും. പോരാത്തതിന്, ആ വര്‍ഷം വരള്‍ച്ച മാത്രമല്ല പട്ടിണിയും മക്കയെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.3 സിറിയ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള സഞ്ചാരപാതകള്‍ നേരത്തേ തന്നെ തടയപ്പെട്ടു. നജ്ദില്‍ സ്ഥിതിചെയ്തിരുന്ന യമാമ പ്രദേശം അറേബ്യയുടെ ധാന്യപ്പുര4യായാണ് അറിയപ്പെട്ടിരുന്നത്. അപ്പോഴാണ് അവിടത്തെ ഗോത്രമുഖ്യന്‍ സുമാമതുബ്‌നു ഉസാല്‍ ഇസ്‌ലാം സ്വീകരിക്കുന്നതും മക്കയിലേക്കുള്ള എല്ലാ ധാന്യക്കയറ്റുമതികളും നിര്‍ത്തിവെക്കുന്നതും. അത് മക്കയില്‍ ഒരു ഭക്ഷ്യപ്രതിസന്ധി തന്നെ സൃഷ്ടിച്ചു. ഈ നിരോധവും വിലക്കും മാറിക്കിട്ടാന്‍ മക്കയിലെ ചില പ്രമാണിമാര്‍, പ്രവാചകന്റെ ഉദാര മനസ്സിനെ പ്രകീര്‍ത്തിച്ചുകൊണ്ടും കുടുംബ ബന്ധങ്ങളെ അനുസ്മരിച്ചുകൊണ്ടും അദ്ദേഹത്തിന് കത്തുകള്‍ വരെ അയക്കുകയുണ്ടായി. ഉടന്‍തന്നെ പ്രവാചകന്‍ അതു സംബന്ധമായ ചില നടപടികള്‍ സ്വീകരിക്കുന്നതും നാം കാണുന്നു.5

മക്കയിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്യാനായി പ്രവാചകന്‍ 500 ദീനാര്‍ (സ്വര്‍ണ നാണയങ്ങള്‍) അയച്ചുകൊടുക്കുന്നു. ഇതു കണ്ട് അബൂസുഫ്‌യാന്‍ ഇങ്ങനെ പിറുപിറുക്കുക പോലുമുണ്ടായി: 'മുഹമ്മദ് നമ്മുടെ ചെറുപ്പക്കാരെ വശീകരിച്ച് വഴിതെറ്റിക്കും'6. തന്റെ നാട്ടുകാരുടെ മനശ്ശാസ്ത്രമറിയുന്ന പ്രവാചകന്‍, അബൂസുഫ്‌യാന് വലിയ അളവില്‍ മദീനാ കാരക്ക അയച്ചുകൊടുക്കുന്നുണ്ട് ഈ ഘട്ടത്തില്‍. പകരമായി തുകലുകള്‍ തിരിച്ചുതന്നാല്‍ മതി.7 മക്കക്കാരുടെ പ്രധാന കയറ്റുമതി ചരക്കുകളിലൊന്നായിരുന്നു മൃഗത്തോലുകള്‍. പല കച്ചവടപാതകളും അടഞ്ഞതോടെ ആ തുകലുകള്‍ അബൂസുഫ്‌യാന്റെ ഗോഡൗണുകളില്‍ ജീര്‍ണിച്ച് നാശമാവാന്‍ തുടങ്ങി. പട്ടിണിക്കാലത്ത് ആ തുകലുകള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് പകരമായി മറിച്ചുവില്‍ക്കാന്‍ അബൂസുഫ്‌യാന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെ സംഘര്‍ഷാവസ്ഥ ഗണ്യമായി കുറഞ്ഞ സ്ഥിതിക്ക്, മുസ്‌ലിം അധീന പ്രദേശങ്ങളിലൂടെ സിറിയ-ഫലസ്ത്വീനിലേക്ക് കച്ചവടയാത്ര പുനരാരംഭിക്കാന്‍ പ്രവാചകന്‍ മക്കക്കാര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ടാവുമെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. ഇതിനു വേണമെങ്കില്‍ ഒരു തെളിവും ഹാജരാക്കാന്‍ കഴിയും. ഹുദൈബിയ സന്ധി ഒപ്പുവെക്കുന്ന സമയത്ത് മക്കന്‍ പ്രതിനിധിസംഘത്തില്‍ അബൂസുഫ്‌യാന്‍ ഉണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. മക്കക്കാര്‍ക്കു വേണ്ടി ഹുദൈബിയ സന്ധിയില്‍ ഒപ്പുചാര്‍ത്തിയത് പകരക്കാരനായി എത്തിയ സുഹൈലുബ്‌നു അംറ് ആണ് (സറഖ്ശിയുടെ മബ്‌സൂത്വ് 30/169 കാണുക). അനുരഞ്ജന യത്‌നത്തിന് ശക്തി പകര്‍ന്ന്, പ്രവാചകന്‍ അബൂസുഫ്‌യാന്റെ മകള്‍ ഉമ്മുഹബീബയെ വിവാഹം കഴിക്കുന്നതും ഈ ഘട്ടത്തിലാണ്. ഉമ്മുഹബീബ അപ്പോള്‍ അബ്‌സീനിയയില്‍ അഭയാര്‍ഥിയായി കഴിയുകയായിരുന്നു. ഭര്‍ത്താവ് മരിച്ച ശേഷം വിധവയായി കഴിയുകയായിരുന്ന അവരെ അവരുടെ അഭാവത്തില്‍ നബി വിവാഹം കഴിച്ചതില്‍ ആഹ്ലാദം പങ്കിടാന്‍ അവിടത്തെ ചക്രവര്‍ത്തി നേഗസ് സല്‍ക്കാരം നടത്തിയിരുന്നു. വൈകാതെ ഉമ്മുഹബീബ മദീനയിലെത്തി പ്രവാചകനുമായി ചേര്‍ന്നു.8

ഇബ്‌നു ഹബീബ്9 പറയുന്നത്, 'നിങ്ങള്‍ക്കും നിങ്ങള്‍ ശത്രുത പുലര്‍ത്തുന്നവര്‍ക്കുമിടയില്‍ അല്ലാഹു ഒരുവേള സൗഹൃദം സ്ഥാപിച്ചേക്കാം.' എന്ന ഖുര്‍ആന്‍ സൂക്തത്തില്‍10 ഈ സംഭവങ്ങളുടെ അനുരണനങ്ങളെല്ലാം അടങ്ങിയിട്ടുണ്ട് എന്നാണ്. തുടര്‍ന്ന് പ്രവാചകന്‍ തന്നെ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുക്കുകയാണ്. പ്രവാചകന്‍ വളരെ പരസ്യമായി താന്‍ മക്കയിലേക്ക് തീര്‍ഥാടനത്തിന് പോവുകയാണെന്ന് പ്രഖ്യാപിക്കുന്നു. ഇതിനോടുള്ള മക്കക്കാരുടെ പ്രതികരണമറിയാന്‍ ചില രഹസ്യ ഏജന്റുമാരെ അദ്ദേഹം അങ്ങോട്ട് പറഞ്ഞയക്കുന്നുമുണ്ട്.11 'തങ്ങളുടെ ദേവാലയ'ത്തിന് ഇസ്‌ലാം നല്‍കുന്ന ആദരവ് മാത്രമായിരിക്കില്ല അവരെ സന്തോഷിപ്പിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായ ഈ 'സന്ദര്‍ശകരുടെ കുത്തൊഴുക്കും' കച്ചവടക്കണ്ണുള്ള മക്കാനിവാസികള്‍ക്ക് സ്വീകാര്യമായി തോന്നിയിട്ടുണ്ടാവണം. എങ്കിലും, തങ്ങളെ മക്കയിലേക്ക് സ്വീകരിച്ചാനയിക്കും എന്നൊന്നും മുസ്‌ലിംകള്‍ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. ചില ചതിപ്രയോഗങ്ങളും നടന്നു കൂടായ്കയില്ല. അതിനാല്‍ യുദ്ധം നിഷിദ്ധമായ ഒരു മാസമാണ് പ്രവാചകന്‍ മക്കയിലേക്ക് പോകാനായി തെരഞ്ഞെടുക്കുന്നത്.

ഖന്‍ദഖ് യുദ്ധത്തില്‍ പങ്കാളികളായ മുസ്‌ലിം പടയാളികളുടെ എണ്ണം 3000 ആണ്. പക്ഷേ, ഇബ്‌നു ഇസ്ഹാഖിന്റെ കണക്കുകൂട്ടല്‍ പ്രകാരം12 പ്രവാചകന്റെ കൂടെ മക്കയിലേക്ക് തിരിച്ച തീര്‍ഥാടകരുടെ എണ്ണം 700 മാത്രമാണ്. ജാബിര്‍ അവരുടെ എണ്ണം 1400 എന്ന് പറയുന്നുണ്ടെങ്കിലും13 ദൂരദേശങ്ങളില്‍നിന്നുള്ള ബദവികളെക്കൂടി ഉള്‍പ്പെടുത്തിയാവണം ആ കണക്ക്. എന്തായാലും ഖന്‍ദഖില്‍ പങ്കെടുത്തവരുടെ കണക്ക് വെച്ചുനോക്കുമ്പോള്‍, അടിയന്തര സന്ദര്‍ഭങ്ങളുണ്ടായാല്‍ അതിനെ നേരിടാന്‍ വേണ്ടത്ര പടയാളികളെ മദീനയില്‍ നിര്‍ത്തിക്കൊണ്ടു തന്നെയാണ് പ്രവാചകന്റെ മക്കയിലേക്കുള്ള ഈ യാത്ര എന്നു മനസ്സിലാക്കാം. ആയുധങ്ങള്‍ എടുക്കാതെയാണ് പ്രവാചകന്‍ ആ യാത്ര തുടങ്ങിയത്. താന്‍ യുദ്ധത്തിനല്ല വരുന്നത് എന്ന് തെളിയിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, വഴിയില്‍വെച്ച്, കൂടിയാലോചനാ സമിതി ഈ വിഷയം ചര്‍ച്ച ചെയ്തതനുസരിച്ച്, മുന്‍കരുതല്‍ എന്ന നിലക്ക് കുറച്ച് ആയുധങ്ങള്‍ കൈയില്‍ വെക്കണമെന്ന തീരുമാനമുണ്ടായി. പക്ഷേ, ആ ആയുധങ്ങള്‍ പുറത്തെടുക്കാതെ സീല്‍ ചെയ്ത് സൂക്ഷിക്കും. ഈ മുന്‍കരുതലെടുത്തത് തെറ്റായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. മക്കക്കാരും14 അവരുടെ സഖ്യകക്ഷിയായ അഹാബീശ് ഗോത്രസമുച്ചയത്തിലെ ചിലരും എടുത്തുചാട്ടത്തിന് മുതിര്‍ന്നേക്കുമോ എന്ന സംശയത്തിന് ഇടവരുത്തി അവരുടെ ചില നീക്കങ്ങള്‍. ബുഖാരി15യുടെ റിപ്പോര്‍ട്ട് പ്രകാരം, യാതൊരു പ്രകോപനവുമില്ലാതെ അഹാബീശ് വിഭാഗം സംഘര്‍ഷമുണ്ടാക്കാന്‍ തുനിഞ്ഞതിന് അവരെ ശിക്ഷിക്കേണ്ടതുണ്ടോ എന്ന കാര്യം പ്രവാചകന്‍ അനുയായികളുമായി കൂടിയാലോചിച്ചു. ഒടുവില്‍ അബൂബക്‌റിന്റെ അഭിപ്രായത്തിനാണ് സ്വീകാര്യത ലഭിച്ചത്. ആര്‍ക്കെതിരെയും പ്രത്യാക്രമണം നടത്തേണ്ടതില്ല, അടിയന്തര ഘട്ടങ്ങളില്‍ സ്വയംരക്ഷക്കു വേണ്ടി മാത്രം മുന്നിട്ടിറങ്ങിയാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. മക്കക്കാരാകട്ടെ ആകെ ആശയക്കുഴപ്പത്തിലുമായി. മുസ്‌ലിംകളെ സ്വീകരിക്കാനോ തീര്‍ഥാടനം നിര്‍വഹിക്കുന്നതില്‍നിന്ന് അവരെ തടയാനോ കഴിയാത്ത സ്ഥിതി. അതിനാല്‍ മക്കാ നഗരരാഷ്ട്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പതിനഞ്ച് കിലോമീറ്റര്‍ ദൂരെ അതിന്റെ അതിര്‍ത്തിയില്‍, ജിദ്ദയിലേക്കുള്ള വഴിയില്‍ സ്ഥിതിചെയ്യുന്ന ഹുദൈബിയ എന്ന സ്ഥലത്ത് മക്കക്കാര്‍ ഒത്തുകൂടി. ഇതൊരു തന്ത്രപ്രധാനമായ പ്രദേശമാണ്. ഉയര്‍ന്ന പര്‍വതനിരകളും ഇടുങ്ങിയ സഞ്ചാരപാതയും മക്കയിലേക്കുള്ള വഴിക്ക് ഇവിടെ സംരക്ഷണമൊരുക്കുന്നുണ്ട്. മുസ്‌ലിം സംഘം അവിടെ തമ്പടിക്കുകയും തങ്ങളുടെ നയതന്ത്ര ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

റോമന്‍ ബൈസാന്റിയക്കാരും പേര്‍ഷ്യക്കാരും തമ്മില്‍ യുദ്ധം നടക്കുന്ന സന്ദര്‍ഭമായിരുന്നു അത്. നിനിവയില്‍വെച്ച് ഹെറാക്ലിയസ് പേര്‍ഷ്യക്കാര്‍ക്കു മേല്‍ യുദ്ധവിജയം നേടുകയും ചെയ്തു. നേരത്തേ, യമാമയിലെ ഗോത്രമുഖ്യന്‍ സുമാമതുബ്‌നു ഉസാല്‍ ഇസ്‌ലാം ആശ്ലേഷിച്ച കാര്യം പറഞ്ഞിരുന്നല്ലോ. പേര്‍ഷ്യന്‍ സാമ്രാജ്യത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായിരുന്നു അന്ന് യമാമ. അതായത് യമാമ കഴിഞ്ഞാല്‍ പിന്നെ, പേര്‍ഷ്യക്കാര്‍ അധിനിവേശം നടത്തിയ അറബ് ഭൂപ്രദേശങ്ങളാണ്. പേര്‍ഷ്യന്‍ അധീനതയിലുള്ള ഈ അറബ് പ്രദേശങ്ങള്‍ മോചിപ്പിക്കാനുള്ള അനുകൂല അവസരമാണ് കൈവന്നിരിക്കുന്നത്. ഈയൊരു ഘട്ടത്തില്‍ മക്കക്കാരുമായുള്ള അനുരഞ്ജനം വളരെ അഭികാമ്യമാണെന്ന് പറയേണ്ടതില്ല. ഒരു പക്ഷേ, മക്കക്കാര്‍ക്ക് ഇതേക്കുറിച്ച് ധാരണ ഉണ്ടാവണമെന്നില്ല. പ്രവാചകനാട്ടെ, മക്കക്കാരുമായി ഒരു സമാധാന സന്ധി ഉണ്ടാക്കിയേ തീരൂ എന്ന ഉറച്ച നിലപാടിലും. നബി പറഞ്ഞതായി ഇബ്‌നു ഇസ്ഹാഖ്16 ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്: 'ഇന്ന് ഖുറൈശികള്‍ എന്ത് ഔദാര്യം ചോദിച്ചാലും ഞാനത് അവര്‍ക്ക് നല്‍കുന്നുണ്ട്.' ഇസ്‌ലാമിന് വലിയ ഭീഷണിയായിത്തീര്‍ന്ന മക്ക-ഖൈബര്‍ സഖ്യത്തിന്റെ അന്ത്യമായിത്തീരും എന്ന സൂചന കൂടി ഈ സമാധാനക്കരാറില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

ഇതേക്കുറിച്ചൊക്കെ ധാരണയുണ്ടായാല്‍ സമാധാന ചര്‍ച്ചക്കിടയിലുണ്ടായ ആവര്‍ത്തിച്ചുള്ള പ്രകോപനങ്ങളെ പ്രവാചകന്‍ ശാന്തനായി അഭിമുഖീകരിക്കുന്നത് നമ്മെ അതിശയിപ്പിക്കുകയില്ല. എന്തൊക്കെയായിരുന്നു പ്രകോപനങ്ങള്‍? മുസ്‌ലിംകളെ ദ്രോഹിക്കാനായി ഖുറൈശികള്‍ നാല്‍പതോ അമ്പതോ പേരുള്ള ഒരു സംഘത്തെ അയക്കുന്നു. മുസ്‌ലിംകള്‍ അവരെ പിടികൂടി പ്രവാചകന്റെ മുമ്പാകെ ഹാജരാക്കുന്നു. പക്ഷേ, പ്രവാചകന്‍ അവരെ മാപ്പു നല്‍കി വിട്ടയക്കുകയാണുണ്ടായത്. അവര്‍ മുസ്‌ലിം  ക്യാമ്പിനു നേരെ അമ്പ് തൊടുക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു എന്നോര്‍ക്കണം.17 അതിനിടക്ക്, മുസ്‌ലിംകളുടെ യാത്രാ ലക്ഷ്യം എന്താണെന്ന് ആരാഞ്ഞുകൊണ്ട് നിരവധി മക്കന്‍ സംഘങ്ങള്‍ വന്നുകൊണ്ടിരുന്നു. അവരൊന്നും സമാധാനക്കരാര്‍ ചര്‍ച്ച ചെയ്യാന്‍ ചുമതലപ്പെടുത്തപ്പെട്ട ഔദ്യോഗിക സംഘങ്ങളായിരുന്നില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ നബി ഒരാളെ മക്കയിലേക്ക് പ്രതിനിധിയായി അയക്കാന്‍ തീരുമാനിക്കുന്നു. ഖുസാഅ ഗോത്രക്കാരനായ ഖിറാശുബ്‌നു ഉമയ്യക്കാണ് നറുക്കു വീഴുന്നത് (ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഖുറൈശികളുമായി സഖ്യമുള്ളവരാണ്). മക്കയിലെത്തിയപ്പോള്‍ അദ്ദേഹം യാത്ര ചെയ്തിരുന്ന ഒട്ടകത്തെ അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ കൊന്നുകളഞ്ഞു. വധിക്കപ്പെടാതെ ഖിറാശ് രക്ഷപ്പെട്ടുവെന്നു മാത്രം.18  സമാധാന ചര്‍ച്ചക്കായി നബി മറ്റൊരു നീക്കം കൂടി നടത്തുന്നു. മക്കയിലേക്ക് തന്റെ പ്രതിനിധിയായി ഉമറുബ്‌നുല്‍ ഖത്ത്വാബിനെ അയക്കാന്‍ നബി തീരുമാനിക്കുന്നു (ഇസ്‌ലാം പൂര്‍വകാലത്ത് മക്കന്‍  അധികാരശ്രേണിയില്‍ അംബാസഡറുടെ റോള്‍ ഏറ്റെടുത്തിരുന്നത് അദ്ദേഹമായിരുന്നല്ലോ). പക്ഷേ, വ്യക്തിപരമായ ചില കാരണങ്ങളാല്‍ ഉമറിന് പോകാന്‍ കഴിഞ്ഞില്ല. പിന്നെ നിയോഗിക്കുന്നത് ഉസ്മാനുബ്‌നു അഫ്ഫാനെയാണ്. അബൂസുഫ്‌യാന് ഉസ്മാനുമായുള്ള കുടുംബബന്ധം പ്രയോജനപ്പെട്ടെങ്കിലോ എന്ന് നബി ചിന്തിച്ചുകാണണം. പക്ഷേ, മക്കയിലാകെ പ്രശ്‌നമായിരുന്നു. അബൂസുഫ്‌യാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം സിറിയയിലേക്ക് പോയിരുന്നു. മറ്റു നേതാക്കള്‍ക്കാവട്ടെ, എന്തു ചെയ്യണമെന്ന നിശ്ചയവുമില്ല. പ്രവാചകന്‍ അയച്ച ഉസ്മാനുബ്‌നു അഫ്ഫാനെ അവര്‍ തടവുകാരനാക്കുകയാണ് ചെയ്തത്. അദ്ദേഹം വധിക്കപ്പെട്ടു എന്ന അഭ്യൂഹം പ്രചരിക്കുകയും ചെയ്തു.

ഈ അഭ്യൂഹം പ്രവാചകന്റെ ചെവിയിലുമെത്തിയതോടെ തന്റെ ശ്രമങ്ങള്‍ പാഴാവുന്നല്ലോ എന്നോര്‍ത്ത് അദ്ദേഹം ദുഃഖിതനും നിരാശനുമായി. അദ്ദേഹം ഒരു മരച്ചുവട്ടില്‍ പോയി ഇരുന്നു (ഇന്ന് ഇവിടെ, ഹുദൈബിയയിലെ ശുമൈസില്‍ ഒരു മനോഹര പള്ളിയുണ്ട്, ആ ചരിത്ര സംഭവത്തിന്റെ ഒാര്‍മ പുതുക്കാനെന്നോണം). എന്നിട്ട്, തന്നോടൊപ്പമുള്ള ഓരോ അനുയായിയില്‍നിന്നും മരണം വരെ പൊരുതുമെന്ന അനുസരണ പ്രതിജ്ഞ വാങ്ങി. പ്രശ്‌നം ഗുരുതരമാവുമെന്നു കണ്ട് മക്കക്കാര്‍ ഉടന്‍ തന്നെ സുഹൈലുബ്‌നു ആമിറിന്റെ നേതൃത്വത്തില്‍ ഒരു പ്രതിനിധി സംഘത്തെ പ്രവാചകനുമായി ചര്‍ച്ച നടത്താനായി പറഞ്ഞയച്ചു. സമാധാനക്കരാര്‍ ഉണ്ടാക്കാനുള്ള ഔദ്യോഗികാംഗീകാരം ഈ സംഘത്തിന് ഉണ്ടായിരുന്നു. പ്രവാചകനെ സന്ധിച്ച സംഘം ആദ്യമേ തന്നെ ഒരു കാര്യം അദ്ദേഹത്തിന് ഉറപ്പുകൊടുത്തു-ഉസ്മാനുബ്‌നു അഫ്ഫാന്‍ വധിക്കപ്പെട്ടിട്ടില്ല. മക്കക്കാര്‍ താഴെപ്പറയുന്ന ആവശ്യങ്ങളാണ് ഉന്നയിച്ചത്:

1. ഇത്തവണ മുസ്‌ലിംകള്‍ കഅ്ബ സന്ദര്‍ശിക്കാതെ മദീനയിലേക്കു തന്നെ തിരിച്ചുപോകണം. അടുത്ത വര്‍ഷം മൂന്ന് ദിവസത്തെ കഅ്ബാ സന്ദര്‍ശനം അനുവദിക്കാം.

2. മക്കയിലേക്ക് വരുന്ന ഒരു അഭയാര്‍ഥിയെയും തിരിച്ചുനല്‍കില്ല. മദീനയിലേക്ക് വരുന്ന മക്കന്‍ അഭയാര്‍ഥിയെ തിരിച്ചുനല്‍കുകയും വേണം.

3. കരാറിന്റെ കാലാവധി പത്തു വര്‍ഷമായിരിക്കും. മുസ്‌ലിംകള്‍ക്കും ഖുറൈശികള്‍ക്കും മാത്രമല്ല, കരാറില്‍ പങ്കാളികളാവുന്ന അവരുടെ സഖ്യകക്ഷികള്‍ക്കും വ്യവസ്ഥകള്‍ ബാധകമായിരിക്കും. ഓരോ വിഭാഗത്തിനും മറ്റേ വിഭാഗത്തിന്റെ അധീന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. മൂന്നാമതൊരു കക്ഷിയുമായി രണ്ടില്‍ ഏതെങ്കിലുമൊരു വിഭാഗം യുദ്ധത്തിലേര്‍പ്പെട്ടാല്‍, കരാറില്‍ ഒപ്പിടുന്ന മറ്റേ കക്ഷി അതില്‍ പങ്കുചേരാതെ നിഷ്പക്ഷത പാലിക്കും.

ഇതെല്ലാം പ്രവാചകന്‍ അംഗീകരിച്ചു. എന്നിട്ടും കരാറിലെ ചില പ്രയോഗങ്ങളെ ചൊല്ലി മക്കക്കാര്‍ പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരുന്നു. കരാറില്‍ 'ദൈവദൂതനായ മുഹമ്മദ്' എന്നെഴുതാന്‍ പാടില്ലെന്ന് അവര്‍ ശഠിച്ചു. 'അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്' എന്നെഴുതണം. രണ്ടാമതായി അവര്‍ നിര്‍ദേശിച്ച തിരുത്ത് ഒട്ടും യുക്തിസഹമായിരുന്നില്ല. 'കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍' എന്ന് എഴുതാന്‍ പാടില്ലത്രെ. പകരം 'ദൈവമേ, നിന്റെ നാമത്തില്‍' എന്നേ എഴുതാവൂ. അതും പ്രവാചകന്‍ അംഗീകരിച്ചു. വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തിയ നിഷ്പക്ഷത പാലിക്കണമെന്നത് പ്രവാചകന്‍ മുന്നോട്ടുവെച്ചതാവാനാണ് സാധ്യത.

കഅ്ബാ സന്ദര്‍ശനം (ഉംറ) തടയല്‍, തികച്ചും ഏകപക്ഷീയമായ കരാര്‍ വ്യവസ്ഥകള്‍, ദൈവദൂതന്‍ എന്ന പ്രയോഗം വെട്ടിമാറ്റല്‍, മറ്റുള്ള വിട്ടുവീഴ്ചകള്‍- ഇതൊന്നും സ്വന്തം സൈനികക്കരുത്തിനെക്കുറിച്ച് നല്ല ആത്മവിശ്വാസമുള്ള മുസ്‌ലിംകള്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല. ഉമറിനെപ്പോലുള്ള വളരെ അടുത്ത ഒരു അനുയായിക്കു പോലും തന്റെ രോഷം അടക്കിവെക്കാനായില്ല. എന്തിനിത്ര 'ഭീരുത്വം' ( ഈ പ്രയോഗം താനെന്തിന് നടത്തി എന്ന് അദ്ദേഹം പിന്നീട് അത്ഭുതപ്പെടുന്നുണ്ട്) എന്ന് അദ്ദേഹം അമര്‍ഷം കൊള്ളുന്നു. അദ്ദേഹം പ്രവാചകനോട് നേരില്‍ തന്നെ ചോദിച്ചു: ''നാം സത്യത്തിന്റെ പാതയിലല്ലേ, മക്കയിലെ ബഹുദൈവാരാധകര്‍ വഴികേടിലല്ലേ? എങ്കില്‍ സത്യം അപമാനിക്കപ്പെടുന്നതിന് നാമെന്തിന് കൂട്ടുനില്‍ക്കണം?'' (ബുഖാരി 65/48/54). പക്ഷേ, ഇങ്ങനെ പ്രവര്‍ത്തിക്കാനാണ് തനിക്ക് ദൈവനിര്‍ദേശമുള്ളത് എന്ന് പ്രവാചകന്‍ പറഞ്ഞതോടെ അച്ചടക്കത്തിന്റെയും അനുസരണയുടെയും മഹിതോദാഹരണമായ ആ അനുയായിവൃന്ദത്തില്‍നിന്ന് പിന്നെയൊരു മുറുമുറുപ്പും ഉയരുകയുണ്ടായില്ല. സ്വാഭാവികമായും ആ സന്ദര്‍ഭത്തില്‍ അവതരിച്ച വിശുദ്ധ ഖുര്‍ആനിലെ 48-ാം അധ്യായം ഈ 'തിരിച്ചടി'യെ 'ഗംഭീരവും വ്യക്തവുമായ വിജയം'19 എന്ന് വിശേഷിപ്പിച്ചത് പലരെയും അമ്പരപ്പിച്ചിട്ടുണ്ടാവണം. ഇത് ശത്രുക്കള്‍ നേടിയ വിജയമല്ലേ എന്നാവും അവര്‍ ആലോചിച്ചിട്ടുണ്ടാവുക.

പ്രവാചകന്‍ ഈ യാത്ര നടത്തിയിട്ടുണ്ടാവുക മിക്കവാറും, ഖൈബറിനെതിരെ സൈനിക നീക്കം നടത്തുകയാണെങ്കില്‍ ആ സമയത്ത് അതില്‍ ഇടപെടാന്‍ അനുവദിക്കാതെ ഖുറൈശികളെ നിഷ്പക്ഷരാക്കി നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാവാം. ഈ ഉദ്ദേശ്യാര്‍ഥം രാഷ്ട്രീയ വീട്ടുവീഴ്ചകള്‍ ചെയ്യാന്‍ അദ്ദേഹം തയാറായിരുന്നു. പക്ഷേ, സ്വന്തം അനുയായികളോടു പോലും ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഈ നീക്കത്തിലെ ചെറിയൊരു പാകപ്പിഴവു പോലും ശത്രുവിന്റെ മനസ്സ് മാറ്റാന്‍ ഇടയാക്കും എന്നതായിരുന്നു കാരണം. ഖൈബറിലെ ജൂതന്മാര്‍ക്കും ഈ നീക്കത്തെക്കുറിച്ച് സംശയമൊന്നും തോന്നാതിരിക്കാന്‍ വേണ്ടതൊക്കെ മുന്‍കൂട്ടി അദ്ദേഹം ചെയ്തുവെക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് 'നിഷ്പക്ഷത'യെക്കുറിക്കുന്ന കരാറിലെ പരാമര്‍ശം വളരെ സൂക്ഷ്മവും എളുപ്പത്തില്‍ പിടികിട്ടാത്തതുമായത്. കരാറില്‍ ഒപ്പിട്ട മക്കക്കാര്‍ക്കു പോലും അതിന്റെ യഥാര്‍ഥ പൊരുള്‍ പിടികിട്ടിയിട്ടുാവില്ല. അതിലെ ഒരു പ്രയോഗം നോക്കൂ: ''നമ്മുടെയെല്ലാം ഹൃദയങ്ങള്‍ (തിന്മകള്‍ക്കെതിരെ) അടഞ്ഞുതന്നെ കിടക്കും; (തുറന്ന) വാളൂരലോ നിഗൂഢ കാലുമാറ്റമോ ഉണ്ടാവില്ല.''

ഇനി നമുക്ക് പറയപ്പെടുന്ന 'വിട്ടുവീഴ്ചകള്‍' വിശകലനം ചെയ്തുനോക്കാം. തീര്‍ഥാടനത്തിന് പോയി വഴിയില്‍ വെച്ച് തിരിച്ചുപോരേണ്ടിവന്നു എന്നത് പ്രാധാന്യമര്‍ഹിക്കുന്ന വിഷയമേയല്ല; കാരണം ഖുര്‍ആന്റെ വീക്ഷണത്തില്‍, നിര്‍ഭയമായി കഅ്ബയില്‍ എത്തിച്ചേരാന്‍ വഴിയുണ്ടെങ്കിലേ ആ അനുഷ്ഠാനം നിര്‍വഹിക്കേണ്ടതുള്ളൂ. ശത്രു വഴിതടസ്സമുണ്ടാക്കിയതുകൊണ്ട് ആ മതബാധ്യതയില്‍നിന്ന് മുസ്‌ലിംകള്‍ ഒഴിവായി. ഇരുപക്ഷത്തുമുള്ള ആളുകള്‍ നിലപാട് മാറ്റിയാല്‍ അവരെ അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്നതിനു പകരം അത് ഏകപക്ഷീയമാക്കി എന്ന ആരോപണമുണ്ടല്ലോ. അതിന് പ്രവാചകന്‍ തന്നെ ഒരു വിശദീകരണം നല്‍കിയിട്ടുണ്ട്: ''നമ്മില്‍പെട്ട ഒരാള്‍ മക്കയില്‍ പോയി അഭയം തേടുന്നുണ്ടെങ്കില്‍ അയാള്‍ അവിശ്വാസി ആയിട്ടുണ്ടാവും. അത്തരം കാലുമാറ്റക്കാരെ നമുക്ക് ആവശ്യമില്ല. മക്ക വിട്ട് നമ്മിലേക്കു വരുന്ന ഏതൊരാളും പുതുതായി ഇസ്‌ലാം സ്വീകരിച്ചവരാവും. ഇതു കാരണം അവര്‍ക്ക് മക്കക്കാരില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്ന പീഡനങ്ങള്‍ക്ക് ദൈവം തക്ക പ്രതിഫലം നല്‍കാതിരിക്കില്ല.'' ഇനി പുതുവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ആരെങ്കിലും മക്കയില്‍ തടഞ്ഞുവെക്കപ്പെടുകയാണെങ്കില്‍ ഇസ്‌ലാമിനു വേണ്ടി അയാള്‍ 'അഞ്ചാം പത്തി'യായിത്തീരുമെന്നും ഉറപ്പാണല്ലോ. അതിന്റെ പരിണതികള്‍ എന്തൊക്കെയായിരുന്നുവെന്നും നാം വിവരിക്കാന്‍ പോകുന്നുണ്ട്. ഇനി കരാര്‍ കാലാവധി പത്തു വര്‍ഷമായി നിജപ്പെടുത്തിയതിനെക്കുറിച്ച്. അതിന് പല കാരണങ്ങളുമുണ്ട്. മറ്റു ശത്രുക്കളെ കൈകാര്യം ചെയ്യാന്‍ അത്രയും കാലം മുഖ്യ ശത്രുവിനെ നിര്‍വീര്യമാക്കി നിര്‍ത്തുക എന്ന തന്ത്രമാണ് ഒന്ന്. മുസ്‌ലിംകളും മക്കക്കാരും നിരന്തരം സമാധാന ചര്‍ച്ചകള്‍ നടത്തുന്നതുകൊണ്ട് അതുവഴി ഇസ്‌ലാമിനെക്കുറിച്ചുള്ള ഒട്ടുവളരെ തെറ്റിദ്ധാരണകളും മുന്‍വിധികളും അകറ്റാന്‍ അത് കാരണമാകുന്നു. മുസ്‌ലിം അധീന പ്രദേശങ്ങളിലൂടെ മക്കക്കാരുടെ കച്ചവട സംഘങ്ങള്‍ കടന്നുപോയാല്‍ മുസ്‌ലിംകളുടെ വ്യാപാര ഇടപാടുകള്‍ക്കും അത് ഉണര്‍വ് നല്‍കും. 'ദൈവമേ, നിന്റെ നാമത്തില്‍' എന്ന് കരാറില്‍ മാറ്റിയെഴുതിയതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. ബഹുദൈവത്വപരമായ ഒരാശയവും ആ പ്രയോഗത്തിലില്ല. ഖുറൈശികളുടേത് കേവലം കുട്ടികളുടെ പിടിവാശി എന്നേ പറയേണ്ടൂ. ഇനി 'ദൈവദൂതന്‍' എന്ന് എഴുതാതിരുന്നതിനെക്കുറിച്ച്. അങ്ങനെ എഴുതാതിരുന്നതുകൊണ്ടു മാത്രം സംഭവലോകത്ത് ഒന്നും മാറുന്നില്ലല്ലോ. മുഹമ്മദ് ദൈവദൂതനല്ല എന്ന വാദവും ആരും അവിടെ ഉന്നയിച്ചിട്ടില്ല. പദവി ചേര്‍ക്കാതെ അദ്ദേഹത്തിന്റെ പേര് പ്രയോഗിച്ചാലും അതൊരു ഇസ്‌ലാമിക തത്ത്വത്തിനും എതിരാകുന്നില്ല. അതിനു മക്കന്‍ പ്രതിനിധി സംഘം പറഞ്ഞതു തന്നെയാണ് യഥാര്‍ഥ ന്യായം: ''നിങ്ങള്‍ ദൈവദൂതനാണെന്ന് ഞങ്ങള്‍ അംഗീകരിച്ചാല്‍ പിന്നെ നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ യുദ്ധം ചെയ്യേണ്ട കാര്യമില്ലല്ലോ.'' ചുരുക്കത്തില്‍, ഹുദൈബിയ സന്ധി ഒരു തിരിച്ചടിയല്ലെന്നു മാത്രമല്ല, ഖൈബറിലെ പ്രതിയോഗികളെ അവരുടെ അതിശക്തരായ സുഹൃത്തുക്കളില്‍നിന്ന് അകറ്റാനുള്ള അനുപമമായ ഒരു നയതന്ത്ര നീക്കമായിരുന്നു. അതുകൊണ്ടാണത് 'സുവ്യക്തമായ വിജയഗാഥ' ആയിത്തീരുന്നതും.

മദീനയില്‍ തിരിച്ചെത്തിയ പ്രവാചകന്‍ ഖൈബറില്‍നിന്നുള്ള ഭീഷണി എന്നന്നേക്കുമായി അവസാനിപ്പിച്ചു. ആഴ്ചകള്‍ക്കകം അറേബ്യയിലുള്ള പേര്‍ഷ്യന്‍ കോളനികളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് സാസാനിയന്‍ ഭരണത്തിനു കീഴിലായിരുന്ന ബഹ്‌റൈന്‍ മേഖല (ഇന്നത്തെ അല്‍ അഹ്‌സ) അതില്‍നിന്ന് വേര്‍പെട്ട് ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭാഗമായത്. അതുവരെ പ്രവാചകന്റെ ഭരണത്തിന്‍ കീഴിലുണ്ടായിരുന്നത് ഏതാനും ആയിരം ചതുരശ്ര കി.മീ ഭൂമി മാത്രമായിരുന്നു. നാലു വര്‍ഷത്തിനു ശേഷം പ്രവാചകന്‍ വിടവാങ്ങുമ്പോള്‍ അതിന്റെ വിസ്തൃതി അറേബ്യന്‍ ഉപദ്വീപ് (മൂന്ന് ദശലക്ഷം കി.മീ വിസ്തൃതി) മുഴുവന്‍ വ്യാപിച്ചിരുന്നു എന്നു മാത്രമല്ല, തെക്കന്‍ ഫലസ്ത്വീനിലേക്കും (ഐലാഹ്, ജര്‍ബാ, അദ്‌റുഅ്, മആന്‍) തെക്കന്‍ ഇറാഖിലേക്കും വരവറിയിച്ചുകഴിഞ്ഞിരുന്നു.  ഇസ്‌ലാം ഒരു മെഡിറ്ററേനിയന്‍ ശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.

ഹുദൈബിയ കരാര്‍ പ്രകാരം,20 ഏതു ഗോത്രത്തിനും ഇതില്‍ ഏതു പക്ഷവും ചേരാമായിരുന്നു. മുഖ്യ കക്ഷികളുടെ എല്ലാ അധികാരാവകാശങ്ങളും അവര്‍ക്കും ഉണ്ടായിരിക്കും. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്, അഹാബീശ് എന്നറിയപ്പെടുന്ന ബനൂബക്ര്‍ ഗോത്രങ്ങള്‍ ഖുറൈശി പക്ഷത്തായിരുന്നു; ഖുസാഅക്കാര്‍ മുസ്‌ലിം പക്ഷത്തും. കരാറിന്റെ രണ്ട് കോപ്പികള്‍ എടുത്തിരുന്നു. ഇരു കക്ഷികളിലെയും തലവന്മാര്‍ (മുസ്‌ലിംകളില്‍നിന്ന് പ്രവാചകനും, മക്കക്കാരില്‍നിന്ന് സുഹൈലുബ്‌നു അംറും) മാത്രമല്ല, നാട്ടുനടപ്പനുസരിച്ച് ഇരു വിഭാഗത്തിലെയും മറ്റു പ്രമുഖരും സാക്ഷികളെന്ന നിലക്ക് ഇതില്‍ ഒപ്പുവെച്ചിരുന്നു. സീല്‍ ചെയ്ത രേഖകള്‍ ഇരുപക്ഷവും സൂക്ഷിച്ചു.21 

തന്നെ കാണാന്‍ വന്ന മക്കന്‍ പ്രതിനിധി സംഘത്തെ മക്കയില്‍ ബന്ധിതനായിക്കഴിയുന്ന തന്റെ പ്രതിനിധി ഉസ്മാനുബ്‌നു അഫ്ഫാനെ മോചിപ്പിക്കും വരെ പ്രവാചകന്‍ തന്റെ ക്യാമ്പില്‍ തടഞ്ഞുവെക്കുകയുണ്ടായി.22 കരാറില്‍ മുസ്‌ലിം പക്ഷത്തു നിന്ന് സാക്ഷികളായി ഒപ്പിട്ടവരില്‍ ഒരാള്‍ മക്കന്‍ പ്രതിനിധി സംഘത്തിന്റെ നേതാവായ സുഹൈലിന്റെ ഒരു മകനായിരുന്നു. മറ്റൊരു മകന്‍ മക്കയിലെ തന്റെ തടവറയില്‍നിന്ന് രക്ഷപ്പെട്ട് പ്രവാചകന്റെ അടുത്തു വന്ന് അഭയം തേടി. കരാര്‍ പ്രകാരം തന്റെ മകനെ തിരിച്ചയക്കണമെന്ന് സുഹൈല്‍ വാദിച്ചു. 'അല്ലെങ്കില്‍ ഈ ഉടമ്പടി ഞാന്‍ റദ്ദാക്കും.' ആ മകന്‍ കരയാന്‍ തുടങ്ങി. തന്നെ തന്റെ പിതാവ് പീഡിപ്പിക്കുകയാണെന്നും പരാതിപ്പെട്ടു. അത്യധികം ദുഃഖത്തോടെയും പ്രയാസത്തോടെയുമാണെങ്കിലും, കരാര്‍ പ്രകാരം ആ യുവാവിനെ തിരിച്ചയക്കുകയാണ് പ്രവാചകന്‍ ചെയ്തത്.23 രണ്ട് സ്ത്രീകളും ഇതുപോലെ അഭയം തേടി മക്കയില്‍നിന്ന് എത്തിയിരുന്നു. അവരുടെ കാര്യത്തില്‍ നബി ഇടപെട്ടു. കൈമാറ്റ കരാര്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് ബാധകമെന്നും സ്ത്രീകള്‍ക്ക് ബാധകമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മടിച്ചുകൊണ്ടാണെങ്കിലും ഖുറൈശികള്‍ക്കും അത് അംഗീകരിക്കേണ്ടിവന്നു. പ്രവാചകന്‍ ആ രണ്ട് സ്ത്രീകളെയും മുസ്‌ലിം ക്യാമ്പിലുള്ള തങ്ങളുടെ ബന്ധുക്കളെ ഏല്‍പിച്ചുകൊടുക്കുകയാണ് ചെയ്തത്.24 അതേസമയം ഉംറയുടെ ചടങ്ങുകളെല്ലാം അവര്‍ ഹുദൈബിയയില്‍ നിര്‍വഹിക്കുകയും ചെയ്തു. പ്രവാചകന്‍ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ തുടങ്ങിയപ്പോള്‍ അനുയായികളും അത് പിന്തുടര്‍ന്നു.

മദീനയില്‍ തിരിച്ചെത്തിയ പ്രവാചകന്‍ ഹെറാക്ലിയസ്, കുസ്‌റോ, നേഗസ്, മുഖൗഖിസ് (ഈജിപ്തിലെ കോപ്റ്റിക് തലവന്‍) തുടങ്ങിയ പ്രമുഖര്‍ക്ക് കത്തുകളെഴുതുന്നുണ്ട്; അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട്. ഓരോ കത്തിനെക്കുറിച്ചും അതതിന്റെ സ്ഥാനത്ത് നാം വിവരിക്കും.

 

കുറിപ്പുകള്‍

1. സറഖ്ശി-ശറഹു സിയറില്‍ കബീര്‍ 1/201

2. ഖുര്‍ആന്‍ 3:75

3. ഇബ്‌നുല്‍ ജൗസി, മുന്‍തളം II,88

4. ഇബ്‌നു ഹിശാം, പേജ് 997-998, ഇബ്‌നു അബ്ദില്‍ബര്‍റ്, ഇസ്തീആബ്, നമ്പര്‍ 274

4. മേല്‍ പുസ്തകം

6. സറഖ്ശി, മബ്‌സൂത്വ് X, 91,92, യഅ്ഖൂബി II,57

7. സറഖ്ശി-മബ്‌സൂത്വ് X,92

8. ഇബ്‌നു ഹിശാം, പേജ് 783, ബലാദുരി 1/904, ഇബ്‌നു ഹബീബ് പേജ് 88,89

9. മുഹബ്ബര്‍, പേജ് 88,89

10. ഖുര്‍ആന്‍ 60:7

11. സുഹൈലി II, 226

12. ഇബ്‌നു ഹിശാം, 740

13. ത്വബരി I, 1531

14. ഇബ്‌നു ഹിശാം, പേജ് 741

15. ബുഖാരി 63:67, No: 28, ഇബ്‌നുകസീര്‍, ബിദായ IV, 173

16. ഇബ്‌നു ഹിശാം പേജ്  742,743

17. ത്വബരി I, 1542

18. ഇബ്‌നു ഹിശാം, പേജ് 745, മഖ്‌രീസി I,289

19. ഈ പ്രശ്‌നം ഉമറിന്റെ മനസ്സിനെ മഥിച്ചുകൊണ്ടേയിരുന്നു. ഹുദൈബിയയില്‍നിന്നുള്ള മടക്കയാത്രയില്‍, പ്രവാചകന്‍ തന്റെ പെണ്ണൊട്ടകത്തിന്റെ പുറത്ത് ഒറ്റക്കായിരുന്നപ്പോള്‍, ഉമര്‍ വീും ചെന്ന് ഈ ചോദ്യം ഉന്നയിച്ചു (ബുഖാരി, 65/48/5/4). പക്ഷേ, ആവര്‍ത്തിച്ചുള്ള ഈ ചോദ്യങ്ങള്‍ക്ക് പ്രവാചകന്‍ മറുപടി പറയുകയുണ്ടായില്ല. മനസ്സുകളെ ശാന്തമാക്കാന്‍ അപ്പോഴാണ് ഖുര്‍ആനിലെ 48-ാം അധ്യായം അവതരിക്കുന്നത് (ബുഖാരി 65/48/1)

20. എന്റെ വസാഇഖ് (No: 11) കാണുക; Muslim Conduct of State, പാര:584

21. ഇബ്‌നുസഅ്ദ് I/II, പേജ് 71, സറഖ്ശി ശറഹു സിയറില്‍ കബീര്‍ IV, 61

22. ഹലബി-ഇന്‍സാന്‍ III, 26

23. ഇബ്‌നു ഹിശാം, പേജ് 748. പീഡിപ്പിക്കപ്പെടുന്ന ഈ യുവാവിനോട് സഹതാപം തോന്നി മുസ്‌ലിംകളല്ലാത്ത ചിലരും അയാള്‍ക്കു വേണ്ടി ഇടപെട്ടെങ്കിലും പിതാവ് വഴങ്ങിയില്ല (ബുഖാരി 54/15)

24. ഇബ്‌നു ഹിശാം, പേജ് 754,755

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍