എം.സി അഹ്മദ് കുട്ടി
ഫാറൂഖ് കോളേജിന് പടിഞ്ഞാറ് പരുത്തിപ്പാറ പ്രദേശത്തെ മാണക്കഞ്ചേരി തറവാട്ടിലെ മുതിര്‍ന്ന അംഗമായിരുന്നു എം.സി എന്ന രണ്ടക്ഷരങ്ങളില്‍ അറിയപ്പെട്ടിരുന്ന ചെട്ടിയാലത്ത് അഹമ്മദ് കുട്ടി ഹാജി.
ഏതാണ്ട് ഒമ്പതു വര്‍ഷം മുമ്പ് പരുത്തിപ്പാറയില്‍ ജമാഅത്ത് ഘടകം രൂപീകരിച്ചതും പ്രവര്‍ത്തിച്ചുവന്നതും അദ്ദേഹത്തിന്റെ എം.സി ഹൗസിലായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരമാണ് പിന്നീട് താഴെ പാറയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അല്‍ ഇഹ്‌സാന്‍ ഇസ്‌ലാമിക് സെന്റര്‍ യാഥാര്‍ഥ്യമായത്. എല്ലാവിധ എതിര്‍പ്പുകളും മറികടന്ന് കെട്ടിടത്തിന് ഭൂമി വാങ്ങി അതില്‍ തന്റെ പങ്ക് ഒട്ടും വെളിപ്പെടുത്താതെ വഖ്ഫ് ചെയ്തതും അദ്ദേഹം തന്നെ. ഇസ്‌ലാമിക് സെന്ററിന്റെ പണി നടന്നുകൊണ്ടിരിക്കെ പല സന്ദര്‍ഭങ്ങളിലും അദ്ദേഹം നല്‍കിയ കൈത്താങ്ങ് അവിസ്മരണീയമാണ്.
അദ്ദേഹം വഖ്ഫ് ചെയ്ത 5 സെന്റ് ഭൂമിയില്‍ ഇസ്‌ലാമിക് സെന്റര്‍ മാത്രമല്ല, വറ്റാത്ത ഉറവയുള്ള ഒരു കിണറും നിര്‍മിച്ചിട്ടുണ്ട്. ഏതാനും പാവപ്പെട്ട കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഈ 'കാരുണ്യ കുടിവെള്ള പദ്ധതി' ഏറെ പ്രയോജനപ്പെടുന്നു.
ഐ.സി.എഫില്‍ ഒരു സാധാരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ച എം.സി സാഹിബ് കഠിനപ്രയത്‌നത്തിലൂടെ പടിപടിയായി ഉയര്‍ന്ന് സെക്ഷന്‍ എഞ്ചിനീയറായി. വലിയ പ്രശംസ നേടിക്കൊണ്ടാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. ജോലിസ്ഥലത്തും തന്റെ ആദര്‍ശം ഒട്ടും മറച്ചുവെക്കാതെ കൂടെയുള്ളവര്‍ക്കും പകര്‍ന്നുകൊടുത്തതിന്റെ തെളിവാണ് ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമുള്ള പല പ്രസ്ഥാന കുടുംബങ്ങളും അവരുടെ കൂട്ടായ്മകളും. അല്‍ ഇഹ്‌സാന്‍ ഇസ്‌ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തന്റെ ജീവിതാന്ത്യത്തോടെ നിലച്ചുപോകാതിരിക്കാന്‍ വേണ്ട മുതല്‍മുടക്കുകൂടി നടത്തിയ ശേഷമാണ് അദ്ദേഹം അല്ലാഹുവിങ്കലേക്ക് മടങ്ങിയത്. ഭാര്യ ഫാത്വിമയും രണ്ട് ആണ്‍മക്കളും അവരുടെ കുടുംബങ്ങളും പെണ്‍മക്കളില്‍ ചിലരും ജമാഅത്ത് പ്രവര്‍ത്തകരാണ്. ചെന്നൈ നഗരത്തില്‍പെട്ട കില്‍പോക്കിലെ ഒരുമ ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മുഖ്യശില്‍പികളിലൊരാളായ എം.സി ശാഹുല്‍ ഹമീദ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനാണ്.
പി. മോയിന്‍ ഹാജി
കഴിഞ്ഞ നവംബര്‍ 6-ന് നമ്മോട് വിടപറഞ്ഞ പൂളപ്പൊയില്‍ പി. മോയിന്‍ ഹാജി അനേകം നന്മകളുടെ ഒരു പൂമരമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം പ്രദേശത്തെയും പരിസര പ്രദേശത്തെയും മുഴുവന്‍ ജനങ്ങളെയും അഗാധ ദുഃഖത്തിലാഴ്ത്തി. ഓമശ്ശേരിയിലെ പ്രശസ്ത തറവാടായ താഴാമ്പ്ര കുടുംബത്തിലെ അംഗമായ ഉണ്ണിമോയിയുടെയും പൂലേരി ഫാത്വിമയുടെയും മകനായി ജനിച്ച മോയിന്‍ ഹാജിയുടെ പ്രപിതാവിന്റെ പിതാവ് എടക്കോട്ട് ഉണ്ണിമോയി എന്ന ആള്‍ തലശ്ശേരിയിലെ അറക്കല്‍ കുടുംബത്തില്‍നിന്ന് വന്നയാളാണ്.
അക്കാലത്ത് സ്വന്തം നാട്ടില്‍ ലഭ്യമായ വിദ്യാഭ്യാസം അദ്ദേഹം നേടി. സാമ്പത്തിക പ്രയാസം കാരണം ഉയര്‍ന്നു പഠിക്കാനായില്ല. സ്വപരിശ്രമത്തിലൂടെ അറിവ് വികസിപ്പിക്കാന്‍ അദ്ദേഹം സദാ ജാഗ്രത കാണിച്ചിരുന്നു. ഇതിനിടെ പ്രദേശത്ത് താമസമാക്കിയ ഒരു ഹോമിയോ ഡോക്ടറുടെ ക്ലിനിക്കില്‍ അദ്ദേഹം വര്‍ഷങ്ങളോളം സഹായിയായി ജോലിനോക്കിയിരുന്നു. ഡോക്ടറുടെ മരണശേഷം ഹോമിയോ ചികിത്സയില്‍ പാരമ്പര്യ വൈദ്യന്‍ എന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ച അദ്ദേഹം ചികിത്സ ആരംഭിച്ചു. അകലെ നിന്നുപോലും ചികിത്സ തേടി ആളുകളെത്തിയിരുന്നു. മരുന്നിന് മിതമായ ഫീസേ വാങ്ങിയിരുന്നുള്ളൂ. കഴിവില്ലാത്തവരാണെങ്കില്‍ മരുന്നിന്റെ വില ഈടാക്കിയിരുന്നില്ല. അവര്‍ക്ക് വീട്ടിലെത്താനുള്ള ബസ് കൂലി നല്‍കുകയും ചെയ്യും.
പൊതുരംഗത്തിറങ്ങിയത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ടാണ്. ഇതിന്റെ പേരില്‍ അന്നത്തെ സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലടച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് ജീവിതത്തില്‍ വഴിത്തിരിവായി മാറിയ ഒരു സംഭവമുണ്ടാകുന്നത്. മുസ്‌ലിം ലീഗിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കോഴിക്കോട് നഗരത്തിലെത്തിയതായിരുന്നു. സമ്മേളന സ്ഥലത്തേക്കു നടന്നുപോകുന്നതിനിടയില്‍ മറ്റൊരു സമ്മേളനം മുതലക്കുളത്ത് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടു. പ്രഥമദൃഷ്ട്യാ തന്നെ വേറിട്ടൊരു സമ്മേളനം. ബഹളമോ ഒച്ചപ്പാടോ ഇല്ലാ. തികഞ്ഞ അച്ചടക്കം. സദസ്സിനോട് പ്രസംഗിക്കുന്നത് ഒരു ചെറുപ്പക്കാരന്‍. അയാളുടെ പ്രസംഗം ആരെയും പിടിച്ചുനിര്‍ത്തുന്ന ആകര്‍ഷകമായ ശൈലിയില്‍. ഇത്‌പോലൊരു പ്രസംഗം മുമ്പൊരിക്കലും കേട്ടിട്ടില്ല. മോയിന്‍ ഒരു ഭാഗത്തിരുന്നു. യോഗം പിരിയും വരെ. ആ പ്രസംഗകന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സമുന്നത നേതാവായ ടി.കെ അബ്ദുല്ല സാഹിബായിരുന്നു. ഈ പ്രസംഗമാണ് അദ്ദേഹത്തെ പ്രസ്ഥാനത്തോടടുപ്പിച്ചതും അതില്‍ അംഗമാകാന്‍ കാരണമാക്കിയതും.
പ്രസ്ഥാന പ്രവര്‍ത്തകര്‍ നന്നേ കുറഞ്ഞ ഒരു പ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ താമസം. എങ്കിലും ഒരു വലിയ സുഹൃദ് വലയം സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രദേശത്തെ അമുസ്‌ലിം കാരണവന്മാരും അഭ്യസ്ഥവിദ്യരുമായ സഹോദരങ്ങളുമായുള്ള ബന്ധം ഏറെ ശ്ലാഘനീയമായിരുന്നു. മരണദിവസം അനുശോചനമറിയിക്കാന്‍ വീട്ടിലെത്തിയവരില്‍ ധാരാളം അമുസ്‌ലിം പ്രഗത്ഭരും സാധാരണക്കാരുമുണ്ടായിരുന്നു.
വ്യക്തിജീവിതത്തില്‍ എപ്പോഴും കൃത്യനിഷ്ഠ പുലര്‍ത്തി. ഇശാക്കു മുമ്പേ അത്താഴം കഴിക്കും. സ്വുബ്ഹിന്റെ മുമ്പ് ഖുര്‍ആന്‍ പാരായണവും തഹജ്ജുദ് നമസ്‌കാരവും വിടാതെ നിര്‍വഹിക്കും. നമസ്‌കാരങ്ങളെല്ലാം ഇമാമോടൊപ്പം പള്ളിയില്‍ ജമാഅത്തായിട്ടുതന്നെ. രാവിലെ സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞ് നേരെ പോകുന്നത് കൃഷിയിടത്തേക്കായിരിക്കും. കൂവകൃഷിയും നെല്‍കൃഷിയുമൊക്കെ ചെയ്തിരുന്നു. ചില കാര്‍ഷിക അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പാലിയേറ്റീവ് പ്രവര്‍ത്തനം ഒരു പ്രസ്ഥാനമാകും മുമ്പ് അദ്ദേഹം ജനങ്ങളിലേക്കിറങ്ങി ആതുര സേവനങ്ങള്‍ നിര്‍വഹിച്ചിരുന്നു. അവശതയനുഭവിക്കുന്നവര്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചുകൊടുത്തിരുന്നു. സാമ്പത്തിക ഞെരുക്കം നേരിടുന്ന ഒരു കുടുംബത്തിന്റെ വീട്ടില്‍ അദ്ദേഹവും ഊര്‍ജസ്വലയായ ഭാര്യ സൈനബയും നിത്യോപയോഗ സാധനങ്ങളുടെ ഒരു കിറ്റുമായി ചെന്നു. പുലര്‍കാലത്ത് പാടവരമ്പിലൂടെ ദീര്‍ഘദൂരം നടന്നുവന്ന രണ്ടുപേരെയും കണ്ട് വീട്ടുകാരുടെ കണ്ണുകള്‍ നനഞ്ഞു. ഇത്തരം ധാരാളം സംഭവങ്ങള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതം.
ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്ന നേതാക്കളെ കാണാനും പരിചയപ്പെടാനും വലിയ ആഗ്രഹമായിരുന്നു. ഈയിടെ ഖത്തറില്‍ ചെന്നപ്പോള്‍ അന്നത്തെ ഹമാസ് അധ്യക്ഷന്‍ ഖാലിദ് മിശ്അലിനെയും ലോക ഇസ്‌ലാമിക പണ്ഡിത സമിതിയുടെ ചെയര്‍മാന്‍ ശൈഖ് ഡോ. ഖറദാവിയെയും നേരില്‍ കണ്ടിരുന്നു.
ഓമശ്ശേരി പ്രാദേശിക ജമാഅത്തിലെ അംഗമായിരുന്ന അദ്ദേഹം ഇസ്‌ലാമിക് വെല്‍ഫെയര്‍ ട്രസ്റ്റ് ഓമശ്ശേരിയുടെ സ്ഥാപകാംഗവുമായിരുന്നു. ഖത്തറില്‍ ജോലിചെയ്യുന്ന അമീന്‍, അഹദ് എന്നീ ആണ്‍മക്കള്‍ക്കു പുറമെ നാലു പെണ്‍മക്കളുമുണ്ട് അദ്ദേഹത്തിന്.
ഒ.പി. അബ്ദുസ്സലാം, ഓമശ്ശേരി
എം. ഹാരിസ്
കണ്ണൂര്‍ അഴീക്കോട് കാര്‍കുന്‍ ഹല്‍ഖയില്‍ ദീര്‍ഘകാലം സെക്രട്ടറിയായിരുന്നു എം. ഹാരിസ്. എന്തെങ്കിലും ഞാന്‍ നിങ്ങള്‍ക്കായി ചെയ്യേണ്ടതുണ്ടോ എന്ന് നിശ്ശബ്ദമായി ചോദിക്കും പോലെയുണ്ടാവും അദ്ദേഹത്തെ കണ്ടാല്‍. മെലിഞ്ഞ ശരീരത്തില്‍, പതിഞ്ഞ ശബ്ദത്തില്‍, നിറഞ്ഞ ആത്മാര്‍ഥതയില്‍ ഒരു പ്രസ്ഥാന പ്രവര്‍ത്തകന്റെ പൂര്‍ണമായ വിലാസം അദ്ദേഹത്തില്‍ ഒളിഞ്ഞുനിന്നിരുന്നു.
ഐ.ആര്‍.ഡബ്ല്യു പ്രവര്‍ത്തകനെന്ന നിലയില്‍ സൂനാമി ദുരന്ത കാലത്തൊക്കെ അദ്ദേഹം സേവനരംഗത്ത് നിറഞ്ഞുനിന്നു. വളപട്ടണം ഏരിയയുടെ ദഅ്‌വ കണ്‍വീനറായും അദ്ദേഹം പ്രവര്‍ത്തിച്ചു. സമ്മേളനവും മറ്റും വരുമ്പോള്‍ ചുമരെഴുത്തും പരസ്യബോര്‍ഡ് സ്ഥാപിക്കലുമായി ഏതു പാതിരാവിലും പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി മുന്‍നിരയില്‍ അദ്ദേഹമുണ്ടാകും. ഫെബ്രുവരിയില്‍ ജില്ലാ സമ്മേളന കാലത്ത് രോഗശയ്യയിലായിരുന്ന അദ്ദേഹം തന്റെ സേവനം നഷ്ടപ്പെടുന്ന സമ്മേളനത്തെ ഓര്‍ത്ത് ദുഃഖിച്ചിരുന്നു.
പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ സ്വന്തം കീശയുടെ ഭാരക്കുറവ് അദ്ദേഹം സാരമാക്കിയില്ല. വളപട്ടണത്തെ പാലോട്ട് വയലില്‍ തുടങ്ങിയ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിളിലൂടെ തുടങ്ങിയ പ്രസ്ഥാന ബന്ധം അഴീക്കോട് ഹല്‍ഖയുടെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടും മറ്റും ജീവിതാവസാനം വരെ തുടര്‍ന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട് അദ്ദേഹത്തിന്.
അബ്ബാസ് മാട്ടൂല്‍
ആര്‍.വി അഹ്മദ് കുട്ടി
1950-കളില്‍ കൊടുവള്ളി പ്രദേശത്ത് ആദ്യമായി രൂപീകൃതമായ 'ഹംദര്‍ദ് ഹല്‍ഖ'യിലെ ആറു പേരില്‍ ഒരാളായിരുന്നു അടുത്ത കാലത്ത് നമ്മോട് വിടപറഞ്ഞ ആര്‍.വി അഹമ്മദ് കുട്ടി സാഹിബ്. ആര്‍.വി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്, പ്രാരംഭ ഘട്ടത്തില്‍ കയ്‌പേറിയ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. സമുദായത്തിനകത്തുനിന്നുള്ള വിമര്‍ശനങ്ങളെയും ഭ്രഷ്ടിനെയും മനക്കരുത്തോടെ നേരിട്ടു. തന്റെ ആശയങ്ങള്‍ അഭിസംബോധിതരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഉറച്ച നിലപാടും ഏതിനെയും നേരിടാനുള്ള ചങ്കൂറ്റവും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. കൊടുവള്ളിയിലെ അന്നത്തെ അധികാരിയുമായി ബന്ധപ്പെട്ട ഒരു വഴിപ്രശ്‌നത്തില്‍ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും എതിര്‍പ്പിനെ വകവെക്കാതെ വഴി നിര്‍മിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു ആര്‍.വി.
സര്‍വശക്തന്‍ അദ്ദേഹത്തിന് അനുഗ്രഹിച്ചരുളിയ കഴിവുകളായിരുന്നു പെയിന്റിംഗും കൈയെഴുത്തും. ആര്‍.വി എന്ന ചുരുക്കപ്പേരില്ലാത്ത ബോര്‍ഡുകള്‍ കൊടുവള്ളി അങ്ങാടിയില്‍ കുറവായിരുന്നു. തൊട്ടടുത്ത കുന്ദമംഗലത്തേക്കു വരെ ബോര്‍ഡെഴുതാന്‍ അദ്ദേഹം പോയിരുന്നു. അച്ചടി വ്യാപകമല്ലാത്ത കാലത്ത് അദ്ദേഹത്തിന്റെ കഴിവ് പ്രസ്ഥാനത്തിന് വളരെയേറെ പ്രയോജനപ്പെട്ടു. സാമ്പത്തികമായി പ്രയാസങ്ങളനുഭവിച്ച ആര്‍.വി കൊടുവള്ളി ഫാറൂഖ് ക്ലോത്ത് മാര്‍ട്ടിലും കുന്ദമംഗലം ഭൂപതി കമ്പനിയിലും സാഗര്‍ ഹോട്ടലിലുമൊക്കെ ഉപജീവനത്തിനുവേണ്ടി ജോലിചെയ്തിട്ടുണ്ട്.
പ്രദേശത്തെ ജമാഅത്ത് അംഗങ്ങളില്‍ ഒരാളായിരുന്നു. കൊടുവള്ളിയിലെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും മദ്‌റസ, പള്ളി നിര്‍മാണങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. തന്റെ വലിയ കുടുംബത്തെ പ്രസ്ഥാന വഴികളിലൂടെ നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
ആര്‍.സി മൊയ്തീന്‍ കൊടുവള്ളി
***അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍***
Comments