ഇത്തിക്കണ്ണികള്‍ (കവിത)
'മുത്തശ്ശി' എന്നായിരുന്നു
ആ മാവിനെയും ഞങ്ങള്‍ വിളിച്ചത്.
'വാ നമുക്ക് മുത്തശ്ശിയുടെ
മടിയിലിരിക്കാം
മുത്തശ്ശി ഊഞ്ഞാലാട്ടും
ഇലക്കഥ കേള്‍ക്കാന്‍ വാ...'
എന്നൊക്കെ പല നേരങ്ങളില്‍
ഞങ്ങള്‍ ചുരുക്കിപ്പറഞ്ഞു.
ഒന്നിടവിട്ട വര്‍ഷങ്ങളില്‍
നിറയെ പച്ചക്കുണുക്കുകളിട്ട്
പല്ലില്ലാച്ചിരി ചിരിച്ച്,
മുത്തശ്ശി എല്ലാവരെയും രസിപ്പിച്ചു
അണ്ണാറക്കണ്ണന്മാരെയും
കാക്കത്തൊള്ളായിരം കിളികളെയും
വിരുന്നൂട്ടി
ആയിടക്കൊരു നാള്‍
തിടുക്കത്തില്‍ മറ്റൊരു പച്ച
മുത്തശ്ശിയെ ചുറ്റിപ്പടര്‍ന്ന്
മുകളിലോട്ട് കയറിപ്പോകുന്നത്
ശ്രദ്ധയില്‍പെട്ടു.
അതിന്റെ നഖങ്ങള്‍
വന്യമായ കരുത്തോടെ
മുത്തശ്ശിയുടെ ശരീരത്തില്‍
ആഴ്ന്നിറങ്ങിയതായി ഞാനറിഞ്ഞു
എത്താവുന്ന ഉയരത്തില്‍നിന്നൊക്കെ
ആ പച്ചയെ ഞാന്‍ നുള്ളിയെടുത്തു.
മുത്തശ്ശിയുടെ അസ്ഥിയോളം
അതിന്റെ വേരുകള്‍ പടര്‍ന്നിരിക്കുന്നു.
അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും
വിലക്ഷണമായ വേരുകള്‍
അനുനിമിഷം വളര്‍ന്ന്, പടര്‍ന്ന്
മുത്തശ്ശിയുടെ രക്തമൂറ്റി
എല്ലും പല്ലും തുപ്പിയിട്ട്
കടന്നുപോകുന്നതായി
ഒരുനാള്‍ ഞാന്‍ ദുഃസ്വപ്‌നം കണ്ടു..
അന്നു മുതല്‍ എനിക്കും കൂട്ടുകാര്‍ക്കും
ജോലിയിതാണ്;
ഒഴിവുവേളകളില്‍ ആ കള്ളപ്പച്ചയെ
നുള്ളിയെടുക്കുക
അതിന്റെ വന്യമാം വേരുകള്‍
ചൂഴ്ന്നുകളയുക
മുകളിലേക്ക് പടരുന്ന
ദാഹാര്‍ത്തമായ നാവുകള്‍
ചവുട്ടിയരച്ചുകളയുക!
ഉറപ്പാണ്, ആ പഴയ മുത്തശ്ശിയെ
ഞങ്ങള്‍ വീണ്ടെടുക്കും... തീര്‍ച്ച!
Comments