Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

അവളുടെ പ്രവാചകന്‍

ഹുസ്‌ന മുംതാസ്

''സംശയമില്ല, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും'' (അല്‍ അഹ്‌സാബ് 21).

ഈ സൂക്തം വായിക്കുമ്പോഴെല്ലാം മനസ്സിലേക്ക് ഒരു സംശയം കയറിവരും. ഒരാണിന് പ്രവാചകനില്‍ സകല മാതൃകകളുമുണ്ടാവും. പക്ഷേ ഒരു പെണ്ണിന് എങ്ങനെയാണ് പ്രവാചകന്‍ ഒരു സമ്പൂര്‍ണ മാതൃകയാവുക? മുഹമ്മദ് എന്ന പുരുഷന് സ്ത്രീകള്‍ക്ക് മാതൃകയാവുന്നതില്‍ സ്വാഭാവികമായും പരിമിതികളുണ്ടാകില്ലേ?

ഈയടുത്താണ് ആ സംശയത്തിന് മനസ്സ് നിറഞ്ഞ ഒരു ഉത്തരം കിട്ടിയത്. പല ചോദ്യങ്ങള്‍ക്കുമുള്ള ഒറ്റ മറുപടി. റസൂലിന് ഭാര്യമാര്‍ ഒമ്പതുണ്ടായിരുന്നല്ലോ. പല ഗുണങ്ങളുള്ള ഒമ്പതു പേര്‍. ഭിന്ന വീക്ഷണങ്ങളുള്ളവര്‍, വ്യത്യസ്ത ജീവിത സാഹചര്യങ്ങളുള്ളവര്‍. അവരില്‍ സൗന്ദര്യമുള്ളവരും ഇല്ലാത്തവരുമുണ്ട്, പണ്ഡിതകളും സാധാരണക്കാരികളുമുണ്ട്. തന്റെ ജീവിതം പങ്കിട്ടെടുത്ത പെണ്ണുങ്ങളിലൂടെ പ്രവാചകന്‍ സ്ത്രീസമൂഹത്തിന് മാതൃക നിര്‍മിക്കുകയായിരുന്നു. പെണ്ണിന്റെ ഒരു പ്രശ്‌നത്തിനും പരിഹാരമില്ലാതെ പോവരുത് എന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നിരിക്കണം നബിക്ക്. ഒന്ന് ചികഞ്ഞുനോക്കൂ, സ്ത്രീയുടെ ഏതു പ്രശ്‌നത്തിനാണ് പ്രവാചക ജീവിതത്തില്‍ മാതൃകയില്ലാത്തത്? ആ ഒമ്പത് പേരിലൂടെ സകല പെണ്‍വിഷയങ്ങളും തീര്‍പ്പാക്കി ലോകനായകന്‍.

നൂര്‍ പര്‍വതത്തിന്റെ മുകളിലാണ് മുഹമ്മദ് (സ) ധ്യാനിച്ചിരുന്ന ഹിറാ ഗുഹ. വലിയ കുന്ന് കയറി ഗുഹയിലെത്തുന്ന ആര്‍ക്കും മറക്കാനാവാത്ത ഒരാളുണ്ട്- ഖദീജ(റ). കുത്തനെയുള്ള കയറ്റമാണ്. ഇക്കാലത്ത് തന്നെയും അത് കയറാന്‍ പ്രയാസമാണ്. എങ്കില്‍ പതിനാല് നൂറ്റാണ്ടിനപ്പുറത്ത് അമ്പത്തഞ്ചു വയസ്സായ ഖദീജ നൂര്‍പര്‍വതം കയറാന്‍ എത്ര പ്രയാസപ്പെട്ടിട്ടുണ്ടാവും! റൊട്ടിപ്പൊതി എത്ര തവണ കൈയില്‍നിന്ന് വഴുതിപ്പോയിട്ടുണ്ടാവും! വല്ലാത്തൊരത്ഭുതമാണ്. അത്രമേല്‍ അതിരുകളില്ലാതെ പ്രിയതമനെ പ്രണയിക്കാന്‍ ഖദീജക്കെങ്ങനെയാണ് കഴിഞ്ഞത്! 'എന്നെ പുതപ്പിക്കൂ, ഖദീജാ' എന്നു പറഞ്ഞ് പരിഭ്രാന്തിയോടെ ഓടിവരുമ്പോള്‍ വാരിപ്പുണര്‍ന്ന് 'പേടിക്കേണ്ട, ദൈവം നിങ്ങളെ കൈവിടില്ല' എന്ന് താലോടണമെങ്കില്‍ ഉള്ളിലെ കടലിരമ്പത്തെ എത്ര പാടുപെട്ടാവും അവര്‍ അടക്കിനിര്‍ത്തിയിട്ടുണ്ടാവുക! ഉമ്മയെ ചെറുപ്പത്തില്‍ നഷ്ടപ്പെട്ട പ്രവാചകന്റെ ജീവിതത്തിലെ ആദ്യത്തെ സ്ത്രീയായിരുന്നല്ലോ അവര്‍.

ഉഹുദിനു ശേഷം തന്റെ പിതാവും ഭര്‍ത്താവും മകനും കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും 'എന്റെ റസൂലിന് വല്ലതും പറ്റിയോ?' എന്ന് തിരിച്ചു ചോദിച്ചൊരു വനിതയു് ചരിത്രത്തില്‍. റസൂലിനെ നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു ഉറ്റവരുടെ നഷ്ടത്തേക്കാള്‍ അവരെ അലോസരപ്പെടുത്തിയത്. മദീനയിലെ സ്ത്രീകള്‍ക്ക് അത്രമേല്‍ പിരിശമായിരുന്നു റസൂലിനോട്.

ഏതൊരു സ്ത്രീയും പുരുഷനില്‍നിന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും പരിഗണനയാണ്. അംഗീകരിക്കപ്പെടാനുള്ള വെമ്പല്‍ മനുഷ്യസഹജമാണല്ലോ. സ്ത്രീയില്‍ അത് അല്‍പം കൂടിയ അളവിലാണെന്നു മാത്രം. ആ മനുഷ്യവാസനയെ കണ്ടറിഞ്ഞ് പരിഗണിച്ചിരുന്നു എന്നതു തന്നെയാണ് റസൂല്‍ സ്ത്രീകളില്‍ സ്വാധീനം ചെലുത്തിയതെങ്ങനെയൊക്കെയാണ് എന്ന ചോദ്യത്തിന്റെ ഒന്നാമത്തെ ഉത്തരം.

റസൂലും(സ) ആഇശ(റ)യും ഓട്ട മത്സരം നടത്തിയ കഥ പ്രസിദ്ധമാണ്. ആദ്യത്തെ തവണ ആഇശ ജയിച്ചു, രണ്ടാം തവണ റസൂലും. 'പണ്ട് ഞാന്‍ തടിച്ചിട്ടായിരുന്നു, ഇപ്പോള്‍ നീ തടിച്ചു' എന്ന നബിയുടെ കാരണം പറച്ചില്‍ നമുക്ക് തമാശയായി തോന്നാം. പക്ഷേ, അതിലല്‍പം കാര്യം കൂടി ഒളിഞ്ഞുകിടപ്പുണ്ട്. 'നീയെന്റെ പിന്നില്‍ നടക്കേണ്ടവളല്ല, എന്റെ മുന്നില്‍ നടക്കേണ്ടവളുമല്ല, നാം രണ്ടു പേരും കൈകോര്‍ത്തുപിടിച്ച് ഒന്നിച്ചു നടക്കേണ്ടവരാണ്' എന്നൊരു മഹദ്‌സന്ദേശം ആ കളിവാക്കില്‍നിന്ന് നമുക്ക് വായിച്ചെടുക്കാനാവും.

ആഇശ(റ)ക്ക് പതിനെട്ടു വയസ്സുള്ളപ്പോഴാണ് റസൂല്‍(സ) ഇഹലോകത്തോട് വിടവാങ്ങിയത്. ഒന്നിച്ചു ജീവിച്ചത് എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മാത്രം. റസൂലിന്റെ വിയോഗശേഷം അമ്പതിലധികം വര്‍ഷങ്ങള്‍ ആഇശ ബീവി വിധവയായി ജീവിച്ചു. ഇസ്‌ലാമിക ലോകത്തിന് അവര്‍ വൈജ്ഞാനിക നേതൃത്വം നല്‍കി. മുഴുസമയവും ദീനിനു വേണ്ടി മാറ്റിവെക്കാന്‍ സന്നദ്ധയായി. ഒന്നിച്ചു ജീവിച്ച ചില്ലറക്കാലം കൊണ്ട് മരണം വരേക്കുള്ളതെല്ലാം റസൂല്‍(സ) ആഇശക്ക് പകര്‍ന്നുകൊടുത്തിരുന്നു. ആ വിരലിലെണ്ണാവുന്ന വര്‍ഷങ്ങളുടെ ശിക്ഷണം മതിയായിരുന്നു അവര്‍ക്ക് ലോകത്തിന്റെ വെളിച്ചമായി മാറാന്‍.

 

അവളെ നിര്‍മിച്ചെടുത്ത വിധം

ആ കാലമേതായിരുന്നുവെന്നോര്‍ക്കണം. പെണ്‍കുട്ടികള്‍ അപമാനമാണ് എന്നായിരുന്നു ആ ജനത കരുതിപ്പോന്നത്. അവര്‍ക്കിടയില്‍ തന്റെ കരളിന്റെ കഷ്ണമായ ഫാത്വിമ(റ)യെ മടിയിലിരുത്തി ഓമനിക്കുമായിരുന്നു നബി(സ). ആളുകള്‍ റസൂലിന്റെ ചുറ്റും വട്ടത്തിലിരുന്ന് ഗൗരവമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞു ഫാത്വിമ അവിടുത്തെ മടിയിലിരുന്ന് കളിക്കുമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ അവരുടെ ആത്മവിശ്വാസത്തെ ആ പിതാവ് ഉയര്‍ത്തിക്കൊണ്ടുവന്നു. താന്‍ ഒരു അപമാനമല്ല എന്ന ബോധം അവര്‍ക്കുള്ളില്‍ വളര്‍ത്തിയെടുക്കാനുള്ള മനപ്പൂര്‍വമുള്ള ശ്രമങ്ങളായിരുന്നു അവയൊക്കെയും.

ഓരോ ഘട്ടത്തിലും അങ്ങേയറ്റത്തെ സൂക്ഷ്മതയോടെയാണ് റസൂല്‍(സ) മുസ്‌ലിം സ്ത്രീയുടെ വ്യക്തിത്വത്തെ വാര്‍ത്തെടുത്തത്. തിരിഞ്ഞുനോക്കിയാല്‍ അവളുടെ തളര്‍ച്ചകളിലെല്ലാം കരുത്താവുന്ന റസൂലിനെയാണ് നമുക്ക് കാണാനാവുക. ലിംഗാടിസ്ഥാനത്തിലുള്ള സകല വിവേചനങ്ങളെയും ഇസ്‌ലാം എതിര്‍ത്തു തോല്‍പിച്ചു. ലിംഗസമത്വത്തിന്റെ വഴിയായിരുന്നില്ല അത്. മറിച്ച് ഇസ്‌ലാം സ്ത്രീക്ക് കൃത്യമായ സ്ഥാനങ്ങള്‍ നിര്‍ണയിച്ചുകൊടുത്തു. തന്റെ ദൗത്യങ്ങള്‍ ഏറ്റവും മനോഹരമായി നിര്‍വഹിക്കാന്‍ റസൂല്‍(സ) അവരെ പഠിപ്പിച്ചു. പുരുഷനെ തോല്‍പിച്ചുകൊണ്ടോ അനുകരിച്ചുകൊണ്ടോ അല്ല, സ്വന്തം വ്യക്തിത്വത്തെ സ്വതന്ത്രമായി അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു ആ മുന്നോട്ടുപോക്കുകള്‍.

ഇല്ലായ്മയെ പറ്റി പ്രവാചകനോട് പത്‌നിമാര്‍ നിരന്തരം പരാതി പറയാറുണ്ടായിരുന്നു. റസൂല്‍ വരുമ്പോഴെല്ലാം അവര്‍ പരാതിയുടെ ഭാണ്ഡങ്ങളഴിച്ചു. മനസ്സ് വല്ലാതെ വേദനിച്ചിട്ടും അവരോട് ഒരിക്കല്‍ പോലും റസൂല്‍ കയര്‍ത്തു സംസാരിച്ചില്ല. നമ്മളാശ്ചര്യപ്പെട്ടുപോകും, സമചിത്തതയുടെ ആള്‍രൂപമായിരുന്നു റസൂല്‍(സ). ഒടുവില്‍ ഭാര്യമാരുടെ സംഘര്‍ഷം ഖുര്‍ആന്‍ ഇടപെട്ട് പരിഹരിക്കുകയാണുണ്ടായത്. ഐഹിക സുഖം വേണ്ടവര്‍ക്ക് ജീവനാംശം വാങ്ങി പിരിഞ്ഞുപോകാവുന്നതാണ് എന്നായിരുന്നു ദൈവിക നിര്‍ദേശം. പക്ഷേ, അവരിലൊരാള്‍ പോലും ആ മാര്‍ഗം വരിച്ചില്ല. പകരം അവരെല്ലാവരും പ്രവാചകനെയും അദ്ദേഹത്തിന്റെ ദാരിദ്ര്യത്തെയും തെരഞ്ഞെടുത്തു. വിജയത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാണെന്ന് അത്രയും കാലത്തെ സഹവാസത്തിലൂടെ അവര്‍ക്ക് ബോധ്യമായിരുന്നു.

സഹപത്‌നി കൊടുത്തയച്ച പലഹാരം ആഇശ(റ) പാത്രത്തോടെ തട്ടി നിലത്തിട്ട ഒരു സംഭവമുണ്ട്. ആഇശ പെട്ടെന്ന് വന്ന ദേഷ്യത്തില്‍ അങ്ങനെയൊക്കെ ചെയ്തുപോയതായിരുന്നു. പിന്നീട് പശ്ചാത്തപിച്ചപ്പോള്‍ പ്രായശ്ചിത്തമായി എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച ആഇശയോട് അതുപോലൊരു പലഹാരമുണ്ടാക്കി തിരിച്ചുകൊടുത്തയക്കാന്‍ പറയുന്നുണ്ട് നബി. അളവില്ലാതെ സ്‌നേഹിക്കാന്‍ നബി പറയാതെ പറയുകയായിരുന്നു.

ഒടുവില്‍ ഖൗല ബിന്‍ത് സഅ്‌ലബ് എന്ന ധീരവനിതയിലേക്കെത്തുമ്പോള്‍, മുഹമ്മദ്(സ) ആ സമൂഹത്തില്‍ സാധിച്ചെടുത്ത സ്ത്രീമുന്നേറ്റ വിപ്ലവത്തിന്റെ സമ്പൂര്‍ണത നമുക്കനുഭവിക്കാനാവും. ളിഹാര്‍ എന്ന ദുരാചാരത്തിനെതിരെ റസൂലിനോട് പരാതിപ്പെടുകയായിരുന്നു ഖൗല. ഒടുവില്‍ ഖുര്‍ആന്‍ നേരിട്ടിടപെട്ട് അവളുടെ പക്ഷം ചേര്‍ന്ന് ആ പ്രശ്‌നത്തിന് പരിഹാരം കണ്ടു. മിണ്ടാന്‍ ധൈര്യമില്ലാതിരുന്നവളെ അവകാശപോരാളിയാക്കി മാറ്റാന്‍ മാത്രം ആ വിപ്ലവത്തിന് കരുത്തുണ്ടായിരുന്നു. മറ്റേത് സമൂഹത്തിലാണ് അതിനേക്കാള്‍ ഗംഭീരമായൊരു മാറ്റം നമുക്ക് കാണാനാവുക? ചരിത്രത്തിലെ ആദ്യ അവകാശപോരാളിയുടെ പേര് ഖൗലയെന്നായിരിക്കെ ഇസ്‌ലാം സ്ത്രീയെ അടിച്ചമര്‍ത്തി എന്ന പാശ്ചാത്യരുടെ വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ''സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ ദൈവിക നിയമം സൂക്ഷിക്കുക. അവര്‍ക്ക് നിങ്ങളോടുള്ളതുപോലെ നിങ്ങള്‍ക്ക് അവരോടും ബാധ്യതയുണ്ട്.'' റസൂലിന്റെ വസ്വിയ്യത്താണിത്. മരണക്കിടക്കയില്‍ വെച്ചു പോലും അവിടുന്ന് സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തിയിരുന്നു.

നിസ്സാരമായ കാര്യങ്ങള്‍ക്ക് വഴക്കടിച്ച് ആത്മാവ് നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളാണ് പുതിയ കാലത്ത് കൂടുതലും. അവിടെയാണ് പരസ്പരമുള്ള പിരിശത്തിന്റെ കെട്ട് അയഞ്ഞോ, അതോ മുറുകിയോ എന്നന്വേഷിക്കുന്ന പ്രിയതമയോട് 'അത് വീണ്ടും മുറുകി ആഇശാ' എന്ന് ചിരിക്കുന്ന നബിയെ നാം പിന്തുടരേണ്ടത്. ഇടപാടുകളില്‍ സ്‌നേഹമായും ബഹുമാനമായും പ്രണയമായും അല്‍പം കൂടി പരിഗണന അവളര്‍ഹിക്കുന്നുണ്ട് എന്നുതന്നെയാണ് പ്രവാചകാധ്യാപനങ്ങള്‍ നമ്മോട് ആവര്‍ത്തിച്ചു പറയുന്നത്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍