ട്രസ്റ്റ്, സൊസൈറ്റി, വഖ്ഫ്... അവശ്യം അറിഞ്ഞിരിക്കേണ്ടത്
മനുഷ്യസമൂഹത്തിന്റെ തുടക്കം മുതല്‍ തന്നെ പരസ്പരം സഹായിക്കാനും സാമ്പത്തിക ശേഷിയില്ലാത്തവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ശാരീരികമായും മാനസികമായും തളര്‍ന്നവരെ ഉത്തേജിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നുവന്നിരുന്നു. പ്രവാചകന്‍മാരുടെ ജീവിതത്തിലും ഇ ത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നുവെന്ന് കാണാം. സമൂഹത്തിലെ ഇല്ലായ്മക്കും വല്ലായ്മക്കും പരിഹാരം കാണാനും ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അകലം കുറക്കാനും അവര്‍ നിരന്തരം യത്‌നിച്ചു. മുഹമ്മദ് നബി(സ)യുടെ ജീവചരിത്രവും നമ്മെ അതുതന്നെ പഠിപ്പിക്കുന്നു.
ഇതിനെ മുന്‍നിര്‍ത്തി ചരിത്രത്തിലുടനീളം ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി നിരവധി സംരംഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിലൊന്നാണ് സംഘടിത സകാത്ത് കമ്മിറ്റികള്‍. മറ്റ് നിരവധി ധര്‍മ സ്ഥാപനങ്ങളും ഇതേ ഉദ്ദേശ്യ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമായും നിലവിലുള്ളത്, 1947-നു ശേഷം വിവിധ സംസ്ഥാനങ്ങളിലെ മാറ്റങ്ങള്‍ക്ക് വിധേയമായ, 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന സൊസൈറ്റികള്‍ അഥവാ സംഘങ്ങള്‍ ആണ്. 1920-ലെ ചാരിറ്റബ്ള്‍ ആന്റ് റിലീജിയസ് ആക്ട് പ്രകാരവും 1863-ലെ റിലീജിയസ് എന്റോവ്‌മെന്റ് ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്യുന്ന മതപരവും ധാര്‍മികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകള്‍, 1995-ലെ വഖ്ഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന വഖ്ഫ് സ്ഥാപനങ്ങള്‍, 1882 -ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരവും 1890-ലെ ചാരിറ്റബ്ള്‍ എന്റോവ്‌മെന്റ് ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്യുന്ന ട്രസ്റ്റുകളും ധര്‍മ സ്ഥാപനങ്ങളും ആണ് അവയില്‍ ചിലത്.
ട്രസ്റ്റായും സംഘമായും (സൊസൈറ്റികളായും) ഇതേ ആവശ്യത്തിന് കമ്പനി രൂപീകരിച്ചും പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും ധര്‍മ സ്ഥാപനങ്ങളാണ്.
ചിലര്‍ ട്രസ്റ്റ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുമ്പോള്‍ മറ്റൊരു വിഭാഗം സംഘം/സൊസൈറ്റി രൂപീകരിച്ചും മറ്റ് ചിലര്‍ കമ്പനി രൂപീകരിച്ചും പ്രവര്‍ത്തനം നടത്തുന്നു. ട്രസ്റ്റ് പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നത്, ട്രസ്റ്റ് രൂപീകരിച്ചാല്‍ അതിന്റെ സ്ഥാപനങ്ങള്‍ക്കും അതിലെ അംഗങ്ങള്‍ക്കും സുരക്ഷിതത്വം ഉണ്ടാകുമെന്ന ധാരണയിലാണ്. ട്രസ്റ്റില്‍ മെമ്പര്‍ഷിപ്പ് നിലനില്‍ക്കുന്നത് ട്രസ്റ്റി മരിക്കുന്നതുവരെയോ സ്വയം രാജിവെക്കുന്നതുവരെയോ ട്രസ്റ്റാധാരത്തിലെ നിബന്ധനകള്‍ പാലിക്കാത്തതുമൂലം പുറത്താക്കപ്പെടുന്നത് വരെയോ ആണ് എന്നതാണ് അതിന്റെ പ്രത്യേകത. എന്നാല്‍ സംഘം രജിസ്റ്റര്‍ ചെയ്യുന്നവര്‍ എപ്പോഴും അതില്‍ അംഗങ്ങളായി നിലനില്‍ക്കണമെന്നില്ലെന്നും ജനറല്‍ ബോഡിയുടെ സ്ഥിര അംഗങ്ങളായി തുടരാന്‍ കഴിയില്ലെന്നും അതിന് നിശ്ചിത പ്രദേശത്തെ സ്ഥിര താമസക്കാരായിരിക്കണമെന്നും നിശ്ചിത വാര്‍ഷിക വരിസംഖ്യ കൊടുക്കണമെന്നും അംഗത്വ ഫീസ് കൊടുക്കണമെന്നും, തുടര്‍ച്ചയായി മുടക്കമില്ലാതെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കണമെന്നും ഇവയൊന്നുമില്ലാത്തവരെ ഏതു സമയത്തും ഏതെങ്കിലും കാരണം പറഞ്ഞ് പുറത്താക്കാന്‍ നിലവിലുള്ള ജനറല്‍ ബോഡിക്ക് അധികാരമുണ്ടായിരിക്കുമെന്നും വര്‍ഷത്തില്‍ ഭാരവാഹികളുടെ ലിസ്റ്റ് ജില്ലാ രജിസ്ട്രാര്‍ മുമ്പാകെ സമര്‍പ്പിക്കണമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റികളും ജനറല്‍ ബോഡി മെമ്പര്‍മാരും ഒരു പ്രത്യേക സമയം എത്തിയാല്‍ മാറിക്കൊണ്ടേയിരിക്കുമെന്നും സൊസൈറ്റികളായി രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ന്യൂനതകളായി പറയാറുണ്ട്. നമ്മുടെ നാട്ടിലെ ക്ലബുകളും മിക്ക പള്ളി കമ്മിറ്റികളും മദ്‌റസകളും ഇത്തരത്തിലാണ് നടന്നുവരുന്നതും. ഒരു വര്‍ഷം ഒരു കമ്മിറ്റിയില്‍ ഉണ്ടായവര്‍ അതേ കമ്മിറ്റിയില്‍ പിറ്റേ വര്‍ഷം ഉണ്ടാവണമെന്നില്ല. എതിര്‍ഗ്രൂപ്പ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി അവരുടെ ആള്‍ക്കാരെ തിരുകിക്കയറ്റി ഭൂരിപക്ഷമുണ്ടാക്കി സ്ഥാപനം കെട്ടിപ്പടുത്തവരെ തൂത്തെറിഞ്ഞിട്ടുണ്ടാവും. സംഘമായി രജിസ്റ്റര്‍ ചെയ്തവര്‍ എല്ലാ വര്‍ഷവും അവര്‍ക്കാവശ്യമുള്ളവരെ പുതിയ മെമ്പര്‍മാരായി ചേര്‍ക്കുന്നതും കമ്മിറ്റിയില്‍ അഭിപ്രായം പറയുന്നവരെ പിടിച്ച് പുറത്താക്കുന്നതും നാം കാണുന്നു. ചില സ്ഥാപനങ്ങളുടെ ഇലക്ഷന്‍ കോടതി കയറുന്നതും അതില്‍ പോലീസ് ഇടപെടുന്നതും സംഘട്ടനമുണ്ടാകുന്നതുമൊക്കെ ഈ കാരണങ്ങള്‍ കൊണ്ട് തന്നെ.
എന്നാല്‍ ട്രസ്റ്റ് രൂപീകരിക്കുന്നതും ട്രസ്റ്റ് ഭരിക്കുന്നതും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും നിശ്ചിത വ്യക്തികളാണ്. അവര്‍ അതില്‍ നിത്യാംഗത്വം സമ്പാദിച്ചവരുമാണ്. അതിലേക്ക് ആളെ അങ്ങനെ തിരുകിക്കയറ്റാനാവില്ല. അങ്ങനെ ആളെ കയറ്റുന്നതിനും പരിമിതികളുണ്ട്. പരമാവധി മെമ്പര്‍മാര്‍ ഇത്രയായിരിക്കണം, എന്താണ് പുതിയ ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം, പുതിയ ട്രസ്റ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിന്റെ ക്വാറം എത്രയായിരിക്കണം എന്നിവയൊക്കെ ട്രസ്റ്റാധാരത്തില്‍ പ്രത്യേകമായി കാണിക്കാറുണ്ട്. എന്നിരുന്നാലും ചില ട്രസ്റ്റുകളിലും സംഘങ്ങളിലെ പോലെ തന്നെ പ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്. നിലവിലെ ട്രസ്റ്റികള്‍ തമ്മില്‍ ചേരിതിരിവുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ട്രസ്റ്റ്
കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കിടയില്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. നിരവധി സംഘടനകള്‍ ഇത്തരം രാജ്യങ്ങളില്‍ നിലവില്‍ വന്നു. ചാരിറ്റി പ്രവര്‍ത്തനം ഇസ്‌ലാമിക ചരിത്രത്തില്‍ പണ്ടുമുതല്‍ക്കേ ഉണ്ടായിരുന്നു. പല രാജ്യങ്ങളുടെയും ട്രസ്റ്റ് നിയമങ്ങള്‍ക്ക് അവലംബം തന്നെ ഇസ്‌ലാമിക ചരിത്രമാണ്. പ്രവാചകന്റെ കാലത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിച്ചവയാണ്. ഉസ്മാന്റെ(റ) പേരില്‍ ഇന്നും നിലനില്‍ക്കുന്ന മദീനയിലെ കിണര്‍ അതിനൊരുദാഹരണമാണ്. ചാരിറ്റി എന്ന വാക്കിന്റെ അര്‍ഥം തന്നെ ധര്‍മം എന്നാണ്. ചാരിറ്റി എന്നത് ഇസ്‌ലാമില്‍ രണ്ട് വിധമുണ്ട്. നിര്‍ബന്ധ ധര്‍മവും ഐഛിക ധര്‍മവും. നിര്‍ബന്ധ ധര്‍മം സകാത്താണ്; ഐഛിക ധര്‍മം സ്വദഖയും.
ഇന്ത്യയുടെ ചരിത്രത്തിലും ചാരിറ്റി പ്രവര്‍ത്തനത്തിന് വളരെ പണ്ടുമുതല്‍ക്കേ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയിരുന്നു. വിവിധ തരം ടാക്‌സ് ഇളവുകള്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പു മുതലേ നിലവിലുണ്ടായിരുന്നു.
വിശ്വാസം, അഭയം, പ്രത്യാശ, പ്രതീക്ഷ, ശ്രദ്ധ, നിക്ഷേപം, പ്രാമാണ്യം, വിശ്വാസ പത്രം, വ്യാപാര കൂട്ടുകെട്ട്, പരിപാലനോദ്യോഗം, ചുമതല, ഭാരവാഹിത്വം, ഉത്തരവാദിത്തം എന്നിങ്ങനെയാണ് ട്രസ്റ്റ് എന്ന വാക്കിന്റെ മലയാള അര്‍ഥം. ട്രസ്റ്റ് വിവിധ തരത്തിലുണ്ട്. പബ്ലിക് ട്രസ്റ്റ്, പ്രൈവറ്റ് ട്രസ്റ്റ്, മതപരമായ ട്രസ്റ്റ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ട്രസ്റ്റ് എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. മത ധര്‍മ സ്ഥാപനങ്ങള്‍ പ്രത്യേക തരം ട്രസ്റ്റുകളാണ്.
ട്രസ്റ്റ് രേഖയില്‍ അത്യാവശ്യം വേണ്ടത്
ട്രസ്റ്റുകളുടെ ഭരണഘടന എന്ന് പറയുന്നത് ട്രസ്റ്റ് രേഖയാണ്. ഈ രേഖയില്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉണ്ടാവണം. ട്രസ്റ്റിന്റെ പേരും വിലാസവും, പ്രവര്‍ത്തന പരിധി, ഉദ്ദേശ്യലക്ഷ്യങ്ങള്‍, ഭാരവാഹികളും അവരുടെ ചുമതലകളും, കണക്കുകളും അവയുടെ സൂക്ഷിപ്പും അവയുടെ ഓഡിറ്റിംഗും, ട്രസ്റ്റികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ചെയര്‍മാന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗം, ട്രസ്റ്റ് പിരിച്ചുവിടാന്‍ പറ്റാത്തതാണെന്ന് കാണിക്കല്‍, നിര്‍ബന്ധ സാഹചര്യത്തില്‍ പിരിച്ചുവിടേണ്ടിവന്നാല്‍ സ്ഥാപനത്തിന്റെ ആസ്തികളുടെ കൈമാറ്റം, പുതിയ ട്രസ്റ്റികളെ എടുക്കലും നിലവിലുള്ള ട്രസ്റ്റികളെ പുതുക്കലും എന്നു തുടങ്ങി വളരെ അത്യാവശ്യമുള്ള എല്ലാ കാര്യങ്ങളും ഇതിലുണ്ടാവും. ട്രസ്റ്റിന്റെ പേരില്‍ ആസ്തികള്‍ വാങ്ങുന്നതും അവ വില്‍ക്കുന്നതിനുമുള്ള അധികാരം ട്രസ്റ്റ് ബോര്‍ഡില്‍ നിക്ഷിപ്തമാക്കണം. മിനിട്‌സ് സൂക്ഷിക്കുന്നതിനെക്കുറിച്ച്, ഭാരവാഹികളുടെ ചുമതലകള്‍, ഭാരവാഹികളുടെ ഉത്തരവാദിത്തങ്ങള്‍, മീറ്റിംഗ് അജണ്ടകള്‍ എങ്ങനെ കൈകാര്യം ചെയ്യണം, യോഗത്തിലെ അധ്യക്ഷന്‍ ആരാവണം, കണക്കുകള്‍ എങ്ങനെ, എപ്പോള്‍ ഓഡിറ്റ് ചെയ്യണം, മീറ്റിംഗ് ക്വാറം എത്ര, ബാങ്ക് ഇടപാടുകള്‍ ആര് നടത്തണം, ചെക്കുകളില്‍ ആര് ഒപ്പിട്ടാലാണ് എന്നിത്യാദി കാര്യങ്ങളും ട്രസ്റ്റ് രേഖയില്‍ ഉണ്ടാവണം.
ട്രസ്റ്റ് സ്ഥാപിക്കുന്നവര്‍ക്ക് വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം. ട്രസ്റ്റ് ഫണ്ടായി ആസ്തി ഉണ്ടാവണം. ട്രസ്റ്റ് പ്രവര്‍ത്തനത്തില്‍ ഉപഭോക്താവ് ഉണ്ടാവണം. ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് വകുപ്പ് 10 പ്രകാരം കരാറില്‍ ഒപ്പിടാന്‍ കഴിവുള്ള 18 വയസ്സായ ആര്‍ക്കും ട്രസ്റ്റ് രൂപീകരിക്കാം. ഒരു വ്യക്തിയെ ഏതെങ്കിലും ട്രസ്റ്റില്‍ അംഗമായി തെരഞ്ഞെടുത്താല്‍ അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരാവകാശം അദ്ദേഹത്തിനുണ്ട്. ഒരു ട്രസ്റ്റ് പബ്ലിക് ട്രസ്റ്റാവണമെങ്കില്‍ അത് പൊതുജനങ്ങളുടെ ന•ക്കും വളര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാകണം. ട്രസ്റ്റ് പൂര്‍ണമായോ ഭാഗികമായോ ചാരിറ്റിക്ക് വേണ്ടിയായിരിക്കണം. ട്രസ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിയമപ്രകാരമുള്ളതാണെങ്കിലേ അതിന് നിയമസാധുതയുള്ളൂ എന്ന് വകുപ്പ് 4 പറയുന്നു.
1882-ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് സ്വകാര്യ ട്രസ്റ്റുകള്‍ക്കാണ് ബാധകം. പൊതു ട്രസ്റ്റുകള്‍ക്ക് ഇന്ത്യയിലെ മറ്റ് പൊതു നിയമങ്ങളാണ് ബാധകം.
ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ എന്ന കാര്യം ഇപ്പോഴും തീരുമാനമാവാത്ത നിയമപ്രശ്‌നമാണ്. വഖ്ഫായി ഉപയോഗിക്കുന്ന ഏത് സ്ഥാപനവും വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ച് പലര്‍ക്കും വഖ്ഫ് ബോര്‍ഡില്‍നിന്നും നോട്ടീസ് കിട്ടാറുണ്ട്. എന്നാല്‍ 1995 ലെ വഖ്ഫ് ആക്ടിലെ 43-ാം വകുപ്പ് പ്രകാരം ട്രസ്റ്റ് വസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും വഖ്ഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്യാന്‍ തങ്ങളോട് ആവശ്യപ്പെട്ടത് നിലനില്‍ക്കില്ലെന്നും കാണിച്ച് അന്‍സാരി ചാരിറ്റബ്ള്‍ ട്രസ്റ്റ് കേരള വഖ്ഫ് ബോര്‍ഡിനെതിരെ WP(C) 2083/2000 നമ്പര്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വഖ്ഫ് ബോര്‍ഡിന്റെ നടപടി സ്റ്റേ ചെയ്തിട്ടുമുണ്ട് (2006(2) കെ എല്‍ ടി പേജ് 891).
സൊസൈറ്റി (സംഘം)
സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് വകുപ്പ് 1 പ്രകാരം വകുപ്പ് 20-ല്‍ പറഞ്ഞ ചില പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി, അതായത് ശാസ്ത്ര, സാഹിത്യ, ധര്‍മ സംബന്ധിയായതോ അല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റേതെങ്കിലും പ്രവര്‍ത്തനം നടത്താനോ കുറഞ്ഞത് ഏഴോ അതിലധികമോ ആള്‍ക്കാര്‍ക്ക് അംഗങ്ങളായി കൂട്ടായി ഒരു സൊസൈറ്റി രൂപീകരിക്കാവുന്നതാണ്. അംഗങ്ങളുടെ പേരുവിവരങ്ങള്‍ മെമ്മോറാണ്ടം ഓഫ് അസ്സോസിയേഷനിലൂടെ ബന്ധപ്പെട്ട ജില്ലാ രജിസ്റ്ററോഫീസില്‍ സമര്‍പ്പിച്ച് സൊസൈറ്റി രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. ഇത് തുടങ്ങാന്‍ ആസ്തി വേണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ വസ്തു സമ്പാദിക്കുന്നതില്‍ തെറ്റുമില്ല. എന്നാല്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പൈസയോ വസ്തുവോ ആയി ആസ്തി നിര്‍ബന്ധമാണ്.
സൊസൈറ്റിയും ട്രസ്റ്റും തമ്മിലെ വ്യത്യാസം
ട്രസ്റ്റിനെ സംബന്ധിച്ചേടത്തോളം ട്രസ്റ്റ് ബോര്‍ഡിനാണ് പരമാധികാരം, സൊസൈറ്റിയില്‍ ജനറല്‍ ബോഡിയാണ് സുപ്രീം അതോറിറ്റി. ട്രസ്റ്റ് രേഖയാണ് അതിന്റെ ഭരണഘടന, മെമ്മോറാണ്ടവും ബൈലോയുമാണ് സൊസൈറ്റിയുടെ ഭരണഘടന. സൊസൈറ്റി എല്ലാ വര്‍ഷവും ഭാരവാഹികളുടെ ലിസ്റ്റ് ജില്ലാ രജിസ്ട്രാര്‍ മുമ്പാകെ ബോധിപ്പിക്കണം. എന്നാല്‍ ട്രസ്റ്റിന് അത് വേണ്ട.
ട്രസ്റ്റ് രൂപീകരിക്കാന്‍ രണ്ട് വ്യക്തികള്‍ മതി. എന്നാല്‍ സൊസൈറ്റി രൂപീകരിക്കാന്‍ കുറഞ്ഞത് 7 പേര്‍ വേണം. സൊസൈറ്റിയില്‍ രണ്ട് തരം കമ്മിറ്റികളുണ്ട്. എക്‌സ്‌ക്ലൂസീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും. എന്നാല്‍ ട്രസ്റ്റില്‍ ട്രസ്റ്റ് ബോര്‍ഡ് മാത്രമേ ഉള്ളൂ. സൊസൈറ്റി ജനാധിപത്യ സ്വഭാവത്തിലാണ്. എന്നാല്‍ ട്രസ്റ്റ് ചില വ്യക്തികളില്‍ നിക്ഷിപ്തമാണ്. ട്രസ്റ്റാധാരം ഇന്ത്യയിലെ ഏത് സബ് രജിസ്റ്ററോഫീസിലും രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ സൊസൈറ്റി അതത് ജില്ലാ രജിസ്റ്ററോഫീസിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ട്രസ്റ്റുകള്‍ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് 1882 പ്രകാരവും സൊസൈറ്റികള്‍ ഇന്ത്യന്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് 1860 പ്രകാരവും രജിസ്റ്റര്‍ ചെയ്യുന്നു.
വഖ്ഫ്
വഖ്ഫും ട്രസ്റ്റിന്റെ മറ്റൊരു പതിപ്പാണ്. പക്ഷേ വഖ്ഫ് ചെയ്യുന്ന സ്ഥാപനം ദാനം കൊടുക്കുന്നത് ഒരു മുസ്‌ലിമായിരിക്കണം എന്ന നിബന്ധനയുമുണ്ട്. മുസ്‌ലിംകള്‍ക്ക് വഖ്ഫ് ധര്‍മമാണ്. ഭൂമിയിലെ വഖ്ഫിന്റെ തുടക്കം കഅ്ബയാണ്. പടച്ചവനിലേക്ക് അര്‍പ്പിക്കുന്നതാണ് വഖ്ഫ്. അത് ഇളകുന്നതും ഇളകാത്തതുമായ മുതലുകളാണ്. കാണുന്നതും കാണാത്തതുമെല്ലാം വഖ്ഫില്‍ പെടും. വാഖിഫ്/വഖ്ഫ് ചെയ്യുന്നയാള്‍ ഒരാളെ മുതവല്ലി (മാനേജര്‍) ആയി നിയമിക്കും. പള്ളികളും മദ്‌റസകളും യത്തീംഖാനകളും മറ്റും സ്ഥാപിക്കാനായി വിട്ടുകൊടുക്കുന്നതാണ് വഖ്ഫ്. വഖ്ഫ് ചെയ്യലോടു കൂടി അത് അല്ലാഹുവിലേക്ക് അര്‍പ്പിച്ചുകഴിഞ്ഞു. പിന്നീട് അത് റദ്ദാക്കാന്‍ വാഖിഫിന് അധികാരം ഇല്ല. വഖ്ഫ് വസ്തു ദുരുപയോഗപ്പെടുത്തുന്നത് ഇസ്‌ലാമില്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സ്ഥാപനം വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്താല്‍ വര്‍ഷത്തില്‍ കണക്ക് ബോധിപ്പിക്കുകയും വരുമാനത്തിന്റെ 7 ശതമാനം വിഹിതം വഖ്ഫ് ബോര്‍ഡില്‍ അടക്കുകയും വേണം.
പുരാതന കാലം മുതല്‍ക്കേ ധര്‍മ സ്ഥാപനങ്ങളും ചാരിറ്റബ്ള്‍ ട്രസ്റ്റുകളും സമൂഹത്തില്‍ നിലനിന്നിരുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനായി ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതിനാല്‍ ഇവക്ക് നികുതി ഒഴിവ് നല്‍കി. വളര്‍ച്ചക്ക് അവസരങ്ങള്‍ ഒരുക്കിക്കൊടുത്തിരുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് പാവപ്പെട്ടവരുടെ ഉന്നമനത്തിന് പ്രസ്തുത ധര്‍മ സ്ഥാപനങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ മുഗള്‍ ഭരണം തകര്‍ന്ന ശേഷം കുറേ കാലം വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് യാതൊരു നിയമവുമുണ്ടായിരുന്നില്ല. 1857 -നു ശേഷം ബ്രിട്ടീഷുകാര്‍ പൊതുനിയമങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നപ്പോള്‍ വഖ്ഫ് സ്വത്തുക്കളിന്‍മേലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചു. 1857-ല്‍ വിപ്ലവത്തിനു ശേഷം ബ്രിട്ടീഷ് ഗവണ്‍മെന്റ് ധാരാളം വഖ്ഫ് സ്വത്തുക്കള്‍ കണ്ടുകെട്ടുകയുണ്ടായി. അവയില്‍ പെടുന്നതാണ് ദല്‍ഹി ജുമാ മസ്ജിദ്, ഫത്തേപ്പൂരി മസ്ജിദ് എന്നിവ.
1863-ല്‍ ചാരിറ്റബ്ള്‍ ആന്റ് റിലീജിയസ് എന്‍ഡോവ്‌മെന്റ് ആക്ട് നിലവില്‍വന്നതിനു ശേഷം ഇത്തരം സ്ഥാപനങ്ങള്‍ മുതവല്ലിയുടെ കൈകളിലെത്തി. കൂടാതെ സമ്പന്ന മുസ്‌ലിം കുടുംബങ്ങള്‍ അനാവശ്യമായി വസ്തു വില്‍ക്കാതിരിക്കാനും അവ വഖ്ഫായി നിലനിര്‍ത്താനും 1894-ല്‍ പ്രൈവെ കൗണ്‍സില്‍ മുന്നിട്ടിറങ്ങി. വഖ്ഫ് മറ്റ് കൈകളില്‍ എത്താതിരിക്കാന്‍ അവര്‍ ശ്രമിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ആദ്യത്തെ നിയമമാണ് 1913-ലെ മുസല്‍മാന്‍ വഖ്ഫ് ആക്ട്. പിന്നീട് പല നിയമങ്ങളും നിലവില്‍വന്നു. മുസല്‍മാന്‍ വഖ്ഫ് ആക്ട് 1923, ബംഗാള്‍ വഖ്ഫ് ആക്ട് 1934, ഹൈദരബാദ് എന്റോവ്‌മെന്റ് റഗുലേഷന്‍ ആക്ട് 1939, യു.പി മുസ്‌ലിം വഖ്ഫ് ആക്ട് 1936, ദല്‍ഹി മുസ്‌ലിം വഖ്ഫ് ആക്ട് 1943, ബിഹാര്‍ വഖ്ഫ് ആക്ട് 1947, ബോംബെ പബ്ലിക് ട്രസ്റ്റ് 1950, ദര്‍ഗ കാജാ സാഹിബ് ആക്ട് 1955, സെന്‍ട്രല്‍ വഖ്ഫ് ആക്ട് 1954, വഖ്ഫ് അമന്റ്‌മെന്റ് ആക്ട് 1969, യു.പി മുസ്‌ലിം ആക്ട് 1960, ദര്‍ഗ കാജാ സാഹിബ് വഖ്ഫ് അമന്റ് മെന്റ് ആക്ട് 1969, വഖ്ഫ് അമന്റ്‌മെന്റ് ആക്ട് 1984, വഖ്ഫ് അമന്റ്‌മെന്റ് ആക്ട് 1955 തുടങ്ങിയവ പിന്നീട് വന്ന നിയമങ്ങളില്‍ ചിലതാണ്. 2015-ലെ കണക്കു പ്രകാരം നിലവില്‍ ഏകദേശം 3,00,000 വഖ്ഫ് സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. വഖ്ഫ് ആക്ട് ജമ്മു-കശ്മീരില്‍ ബാധകമല്ലാത്തതുപോലെ ദര്‍ഗ കാജാ സാഹിബ് അജ്മീറിലും ബാധകമല്ല.
വിദ്യാഭ്യാസ മേഖലകളിലും ആരോഗ്യ മേഖലകളിലും ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. എന്നാല്‍ ഇതിനൊരു മറുവശം കൂടിയുണ്ട്. ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്ന മുഖമുദ്ര ഉപയോഗിച്ചും നിയമത്തിലെ പഴുതുകള്‍ മുതലെടുത്തും പലരും നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോഴും ട്രസ്റ്റിന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി സര്‍ക്കാര്‍ വകുപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ നിയമത്തിലെ പഴുതുകള്‍ അടക്കുകയാണ് പതിവ്.
Comments