Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

ഇബ്‌ലീസ് ജയിക്കുന്നു (കഥ)

തൗഫീഖുല്‍ ഹകീം

പണ്ട് മനുഷ്യരില്‍ ചിലര്‍ ഒരു മരത്തെ ദൈവമാക്കി. പിന്നീടതിനെ ആരാധിക്കാനും തുടങ്ങി. ഇതറിഞ്ഞ ഒരു പുരോഹിതന്‍ ആ മരം മുറിക്കാനായി മഴുവെടുത്ത് പുറപ്പെട്ടു. പക്ഷേ, വഴിയില്‍ ഇബ്ലീസ്/പിശാച് അയാളെ തടഞ്ഞു.

'എന്തിനാണ് നീ ആ മരം മുറിക്കുന്നത്?'

'അത് ജനങ്ങളെ വഴിതെറ്റിക്കുന്നു.'

'അതിന് നിനക്കെന്താ? അവരെ അവരുടെ വഴികേടില്‍ വിട്ടേക്കുക.'

'ഇല്ല, അവരെ നേരിലേക്ക് നയിക്കല്‍ എന്റെ ബാധ്യതയാണ്.'

'ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള വഴി തെരഞ്ഞെടുക്കട്ടെ.'

'ഇപ്പോഴവര്‍ സ്വതന്ത്രരല്ല; നിന്റെ അടിമകളാണ്.'

'പിന്നെ, അവരെ നിന്റെ അടിമകളാക്കാനാണോ നീ ഉദ്ദേശിക്കുന്നത്?'

'അല്ല; ദൈവത്തിന് മാത്രം കീഴടങ്ങുന്ന ദൈവദാസന്മാരാക്കാന്‍.'

'ഇല്ല; ആ മരം മുറിക്കാന്‍ ഞാന്‍ സമ്മതിക്കില്ല.'

'ഞാനത് മുറിച്ചേ മടങ്ങൂ.'

പിശാച് പുരോഹിതന്റെ പിരടിക്ക് പിടിച്ചു. അദ്ദേഹം പിശാചിന്റെ കൊമ്പിനും. അടിപിടിയായി. പുരോഹിതന്‍ ജയിച്ചു. പിശാച് വീണു. പുരോഹിതന്‍ പിശാചിന്റെ നെഞ്ചത്തിരുന്ന് ചോദിച്ചു:

'എന്റെ കരുത്ത് നീ കണ്ടില്ലേ?'

പരാജിതനായ പിശാച് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:

'നിനക്കിത്രത്തോളം കരുത്തുണ്ടെന്ന് ഞാനറിഞ്ഞില്ല. എന്നെ വെറുതെ വിട്ട് നിനക്കിഷ്ടമുള്ളത് ചെയ്യുക.'

പുരോഹിതന്‍ പിശാചിനെ ഉപേക്ഷിച്ചു. പക്ഷേ, മല്‍പ്പിടിത്തം കാരണം ക്ഷീണിച്ചിരുന്നതിനാല്‍ അദ്ദേഹം അന്ന് രാത്രി വീട്ടിലേക്ക് മടങ്ങി വിശ്രമിച്ചു.

*****

അടുത്ത ദിവസം വീണ്ടും പുരോഹിതന്‍ മരം മുറിക്കാനായി മഴുവെടുത്ത് പുറത്തിറങ്ങി. അപ്പോഴുമതാ പിശാച് പിന്നില്‍നിന്ന് ഒച്ചവെക്കുന്നു:

'ഇന്നും നീ മരം മുറിക്കാനിറങ്ങിയോ?'

'ആ മരം മുറിക്കല്‍ അനിവാര്യമാണെന്ന് ഞാന്‍ പറഞ്ഞില്ലേ....?'

'ഇന്നും എന്നെ കീഴടക്കാനാവുമെന്ന് നീ വിചാരിക്കുന്നുണ്ടോ?'

'അതേ, സത്യം വിജയിക്കുന്നതുവരെ നിന്നോട് ഞാന്‍ പോരാടും.'

'നിനക്കെന്ത് ശക്തിയാണുള്ളത്?'

ഇതു കേട്ടപാടെ പുരോഹിതന്‍ പിശാചിന്റെ കൊമ്പിന് പിടിച്ചു. ഉഗ്രപോരാട്ടമായി. ഒടുവില്‍ വീണ്ടും ഇബ്ലീസ് നിലംപതിച്ചു. പുരോഹിതന്‍ അവന്റെ നെഞ്ചത്ത് കയറിയിരുന്ന് ചോദിച്ചു:

'എന്റെ ശക്തി നീ കണ്ടില്ലേ?'

ഇടറിയ ശബ്ദത്തോടെ പിശാച് പറഞ്ഞു:

'ഞാന്‍ സമ്മതിച്ചിരിക്കുന്നു. നീ വിചാരിക്കുന്നത് ചെയ്യുക.'

പുരോഹിതന്‍ അവനെ വിട്ടയച്ചു. ക്ഷീണം കാരണം അന്നും അദ്ദേഹം തന്റെ കുടിലിലേക്ക് മടങ്ങി  കിടന്നുറങ്ങി.

*****

രാത്രി പോയി. സൂര്യനുദിച്ചു. പുരോഹിതന്‍ വീണ്ടും മഴുവെടുത്ത് മരം മുറിക്കാനായി പുറപ്പെട്ടു. പിശാച് പിന്നെയും പ്രത്യക്ഷനായി.

'ഹേ.. മനുഷ്യാ, നിന്റെ തീരുമാനത്തില്‍നിന്ന് ഇനിയും പിന്മാറിയില്ലേ...?'

'ഒരിക്കലുമില്ല. ആ തിന്മയുടെ വേരറുത്തേ ഞാനടങ്ങൂ...'

'ഞാന്‍ നിന്നെ അതിന് അനുവദിക്കുമെന്ന് നീ കരുതുന്നുണ്ടോ?'

'നീ എന്നോട് ഏറ്റുമുട്ടിയാല്‍ ഞാന്‍ നിന്നെ തറപറ്റിക്കും'

ഇതു കേട്ടതോടെ ഇബ്ലീസ് അല്‍പ്പനേരം ആലോചിച്ചു. ഇനി പുരോഹിതനോട് ഏറ്റുമുട്ടി വിജയം വരിക്കാനാവില്ലെന്ന് അവനുറപ്പായിരുന്നു. കാരണം ആദര്‍ശത്തിനു വേണ്ടി അടരാടുന്നവരെ അടക്കിനിര്‍ത്താന്‍ ഒരാള്‍ക്കും സാധ്യമല്ലെന്ന് അവനറിയാം.

ഈ മനുഷ്യന്റെ കൊട്ടാരത്തിലെത്താന്‍ ഇനി ഒരേ ഒരു കവാടം മാത്രമാണുള്ളതെന്ന് അവന്‍ മനസ്സിലാക്കി. തന്ത്രത്തിന്റെയും സൂത്രത്തിന്റെയും കവാടം. അതിനാല്‍ വളരെ വിനയത്തോടെ പിശാച് അയാളോട് മൊഴിഞ്ഞു:

'ഈ മരം മുറിക്കരുതെന്ന് ഞാന്‍ നിന്നെ ഉപദേശിക്കാന്‍ കാരണമെന്താണെന്ന് നിനക്കറിയാമോ? നിന്നോടുള്ള സ്‌നേഹവും നിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് എന്നെ അതിന് പ്രേരിപ്പിച്ചത്. നീ അത് മുറിച്ചാല്‍ അതിനെ ആരാധിക്കുന്നവര്‍ നിന്നെ വെറുക്കും. എന്തിനാണ് വെറുതെ വയ്യാവേലികളുണ്ടാക്കുന്നത്? നീ അത് മുറിക്കാതിരുന്നാല്‍ ഓരോ ദിവസവും ഞാന്‍ നിനക്ക് രണ്ട് സ്വര്‍ണ നാണയങ്ങള്‍ നല്‍കാം. അത് ചെലവഴിച്ച് നിനക്ക് എന്നും സമാധാനത്തോടെ  ജീവിക്കാം'

'രണ്ട് സ്വര്‍ണ നാണയങ്ങളോ?'

'അതേ, എല്ലാ ദിവസവും നിന്റെ തലയിണക്കടിയില്‍ രണ്ട് സ്വര്‍ണ നാണയങ്ങള്‍ ഞാന്‍ എത്തിക്കാം'

പുരോഹിതന്‍ കുറേനേരം തല പുകഞ്ഞാലോചിച്ചു. പിന്നെ ശിരസ്സുയര്‍ത്തി പിശാചിനോട് ചോദിച്ചു:

'നീ പറഞ്ഞതെല്ലാം പാലിക്കുമെന്നതിന് എന്താണൊരുറപ്പ്?'

'ഞാന്‍ വാക്കു തരാം. എന്റെ വാഗ്ദാനം സത്യമാണെന്ന് നിനക്ക് പിന്നീട് ബോധ്യപ്പെടും.'

'ശരി, കുറച്ചു കാലം ഞാനൊന്ന് പരീക്ഷിക്കട്ടെ.'

'അതേ, പരീക്ഷിക്കുക'

'ശരി, സമ്മതിച്ചിരിക്കുന്നു.'

ഇബ്ലീസ് തന്റെ കരം പുരോഹിതന്റെ കൈപ്പത്തിയില്‍ വെച്ചു. ഇരുവരും കരാറിലായി. പുരോഹിതന്‍ തന്റെ വീട്ടിലേക്ക് തിരിച്ചു. 

*****

പിന്നീടുള്ള ദിനങ്ങളിലെല്ലാം പുരോഹിതന്‍ രാവിലെ ഉണര്‍ന്നയുടനെ തലയിണക്കടിയില്‍നിന്ന് രണ്ട് ദീനാര്‍ പുറത്തെടുത്തുകൊണ്ടിരുന്നു. ഒരു മാസം കഴിഞ്ഞു. അന്നൊരു ദിവസം പുരോഹിതന്‍  തലയിണക്കടിയില്‍ കൈ പരതിയെങ്കിലും  ഒന്നും കിട്ടിയില്ല. ഇബ്ലീസ് സ്വര്‍ണദാനം നിര്‍ത്തിവെച്ചിരിക്കുന്നു! അയാള്‍ കോപം കൊണ്ട് വിറച്ചു. മഴുവെടുത്ത് മരം മുറിക്കാനായി പുറത്തിറങ്ങി. മുമ്പത്തെപ്പോലെ, പിശാച് അദ്ദേഹത്തെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉറക്കെ ചോദിച്ചു:

'അവിടെ നില്‍ക്ക്! എങ്ങോട്ടാണ്?'

'ഞാന്‍ ആ മരം മുറിക്കും.'

ഇത് കേട്ട ഇബ്ലീസ് പൊട്ടിച്ചിരിച്ചു.

'ഞാന്‍ കൂലി നല്‍കാത്തതിനാലാണോ നീ അത് മുറിക്കുന്നത്?'

'അതിനല്ല; വഴികേടിന്റെ അന്ധകാരം തുടച്ചുനീക്കി സത്യത്തിന്റെ വെളിച്ചം പരത്താന്‍.'

'ഹഹ ഹാ..... നീയോ!'

'ശപിക്കപ്പെട്ടവനേ, നീ എന്നെ പരിഹസിക്കുകയാണോ?'

'എന്നോട് ദേഷ്യപ്പെടേണ്ട , ഇപ്പോള്‍ നിന്റെ കോലം കണ്ട് എനിക്ക് ചിരി വരുന്നു.'

'എടാ കള്ളാ, എന്തൊക്കെയാണ് നീ പുലമ്പുന്നത്?'

ഇതും പറഞ്ഞ് പുരോഹിതന്‍ പിശാചിനു നേരെ ചാടി അവന്റെ കൊമ്പിന് പിടിച്ചു. ഒരു നിമിഷത്തെ പോരാട്ടമേ വേണ്ടിവന്നുള്ളൂ. പുരോഹിതന്‍ തോറ്റു തൊപ്പിയിട്ടു.  ഇബ്ലീസിന്റെ കാല്‍ക്കീഴില്‍ മലര്‍ന്നു വീണ പുരോഹിതന്റെ നെഞ്ചത്ത് കയറിയിരുന്ന് പിശാച് അഹങ്കാരത്തോടെ അട്ടഹസിച്ചു:

'ഹേ.... മനുഷ്യാ, എവിടെപ്പോയി നിന്റെ കരുത്ത്?'

ഇടറിയ ശബ്ദത്തോടെ അദ്ദേഹം ചോദിച്ചു:

'ശൈത്വാന്‍! ഇത്തവണ എന്നെ തോല്‍പ്പിക്കാന്‍ നിനക്കെങ്ങനെ സാധിച്ചു.?'

അതിന് ഇബ്ലീസിന്റെ മറുപടി ഇപ്രകാരമായിരുന്നു:

'നീ ദൈവത്തിനു വേണ്ടി കോപിച്ചപ്പോള്‍ നിനക്കെന്നെ കീഴടക്കാനായി. പക്ഷേ, നീ നിനക്കു വേണ്ടി കോപിച്ചപ്പോള്‍ എനിക്ക് നിന്നെ പരാജയപ്പെടുത്താനായി. ആദര്‍ശത്തിനായി അടരാടിയപ്പോള്‍ നീ എന്നെ അതിജയിച്ചു. പക്ഷേ, സ്വാര്‍ഥതക്കായി സമരം ചെയ്തപ്പോള്‍ ഞാന്‍ നിന്നെ തോല്‍പ്പിച്ചു.'

മൊഴിമാറ്റം: ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്‌

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍