Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

നബി പഠിപ്പിച്ചത് സ്‌നേഹിക്കാനാണ്, സംഘര്‍ഷപ്പെടാനല്ല

ശൈഖ് അഹ്മദ് കുട്ടി

മുഹമ്മദ് നബി വിശുദ്ധനായ ഒരു മനുഷ്യനായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയും സംഘര്‍ഷഭരിതമായ ജീവിതം നയിക്കേിവന്നത്?

ലോകത്തിന്റെ എല്ലാ ദിക്കിലുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ ഇസ്‌ലാമില്‍ വിശ്വസിക്കുന്നുണ്ട്. മനുഷ്യവംശത്തിലെ തീര്‍ത്തും വ്യത്യസ്തമായ, വിവിധ ധാരകളെ പ്രതിനിധീകരിക്കുന്നവരാണ് അവര്‍. മാത്രമല്ല, അനുദിനം നിരവധി പേര്‍ ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് നബി(സ) നല്‍കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശത്തിന്റെ മനോഹാരിതയും ലാളിത്യവും മനസ്സിലാക്കുന്നതുകൊണ്ടാണ് ആയിരക്കണക്കായ ആളുകള്‍ വര്‍ഷംപ്രതി ഇസ്‌ലാമില്‍ പ്രവേശിക്കുന്നത്. മുഹമ്മദ് നബി പ്രചരിപ്പിച്ചത് സംഘര്‍ഷമായിരുന്നെങ്കില്‍ ഇത്രയധികമാളുകള്‍ ഇസ്‌ലാമിലേക്ക് ചേക്കേറുന്നതില്‍ അസ്വാഭാവികതയുണ്ടാകണമല്ലോ.

ഇസ്‌ലാമിന്റെ ആധാരഗ്രന്ഥമായ ഖുര്‍ആന്‍ ജീവിത വിശുദ്ധിയാണ് പഠിപ്പിക്കുന്നത്; സംഘര്‍ഷത്തെ കുറിച്ചല്ല. മനുഷ്യരാശിയുടെ അടിസ്ഥാനമായി ഖുര്‍ആന്‍ എടുത്തുകാട്ടുന്നത് സമാധാനം, നീതി, അനുകമ്പ എന്നിവയാണ്. എല്ലാ തരം സംഘര്‍ഷങ്ങളെയും അത് അപലപിക്കുകയും ചെയ്യുന്നു. ''അല്ലാഹു നീതിയും ദയയും കല്‍പ്പിക്കുന്നു. ബന്ധുക്കള്‍ക്ക് ഉദാരപൂര്‍വം നല്‍കാനും. ചതിയും ക്രൂരതയും അടിച്ചമര്‍ച്ചത്തലും വിരോധിക്കുന്നു. അവന്‍ താക്കീത് നല്‍കുന്നു, നിങ്ങള്‍ ശ്രദ്ധയുള്ളവരാകാന്‍.''

വംശം, വര്‍ണം, സാമൂഹിക പദവി, സമ്പത്ത് എന്നിവ മനുഷ്യാന്തസ്സിന്റെ അളവുകോലായിരുന്ന ഏഴാം നൂറ്റാണ്ടിലെ അറേബ്യയില്‍, എല്ലാ മനുഷ്യരെയും ഒരുമിച്ചുനിര്‍ത്തുന്ന വിശുദ്ധ സാഹോദര്യത്തെ ഖുര്‍ആന്‍ ഊന്നിപ്പറഞ്ഞു. ''മനുഷ്യരേ, നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങളെ നാം വിവിധ സമൂഹങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയാനാകുന്നു അത്. അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നവനാകുന്നു അല്ലാഹുവിന്റെ കണ്ണില്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍. അല്ലാഹു എല്ലാം അറിയുന്നവനാകുന്നു, സൂക്ഷ്മജ്ഞനും'' (49:13).

വിശുദ്ധ യുദ്ധം എന്ന സങ്കല്‍പം പോലും ഇസ്‌ലാം തള്ളിക്കളയുന്നു. യുദ്ധത്തെ ഇസ്‌ലാം വേര്‍തിരിക്കുന്നത് ന്യായമെന്നും അന്യായമെന്നും മാത്രമാണ്. വിശുദ്ധമെന്നൊരു വിഭാഗമില്ല. ന്യായത്തിനായുള്ള യുദ്ധം ഇസ്‌ലാം അനുവദിക്കുന്നു. ഭീകരതയെയും അടിച്ചമര്‍ത്തലിനെയും നിഷ്‌കാസനം ചെയ്യുന്നതിനോ പ്രതിരോധത്തിനോ വേിയുള്ള യുദ്ധത്തെ ഇസ്‌ലാം പിന്തുണക്കുന്നു. അതിക്രമത്തെ ഇസ്‌ലാം കര്‍ശനമായി അപലപിക്കുന്നു.

''നിങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നവരുമായി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തുകൊള്ളുക. എന്നാല്‍ അതിക്രമം അരുത്. അതിക്രമകാരികളെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നില്ല'' (2:190). ''അന്യായമായി ആക്രമിക്കപ്പെടുന്നവര്‍ക്ക് യുദ്ധം ചെയ്യാന്‍ അനുവാദമുണ്ട്. തീര്‍ച്ചയായും അവരെ സഹായിക്കാന്‍ അല്ലാഹുവിന് കഴിവുണ്ട്''(22:39). 

സമാധാനത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നവരെ ആക്രമിക്കരുതെന്ന് ഇസ്‌ലാം മുസ്‌ലിംകളെ വിലക്കുന്നു. ''അങ്ങനെ നിങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നുവെങ്കില്‍, നിങ്ങളോട് യുദ്ധം ചെയ്യുന്നില്ലെങ്കില്‍, സമാധാനം കാംക്ഷിക്കുന്നുവെങ്കില്‍, അവരെ ദ്രോഹിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് അനുവാദം നല്‍കുന്നില്ല'' (4:90).

''അങ്ങനെ, നിങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍, സമാധാനം നല്‍കുന്നില്ലെങ്കില്‍, അവര്‍ കൈ അടക്കിവെക്കുന്നില്ലെങ്കില്‍, നിങ്ങള്‍ കണ്ടുമുട്ടുന്നേടത്തുവെച്ച് അവരെ കീഴ്‌പ്പെടുത്തി വധിച്ചുകൊള്ളുക. അത്തരക്കാര്‍ക്കെതിരെ യുദ്ധം ചെയ്യാനാണ് നിങ്ങള്‍ക്ക് നാം അധികാരം നല്‍കിയിരിക്കുന്നത്.'' ഇതുപ്രകാരം, പ്രതിരോധത്തിനായി മാത്രമേ മുഹമ്മദ് നബി (സ) ആയുധമെടുത്തിട്ടുള്ളൂ.

ഗോത്രം മാത്രം പരസ്പരബന്ധത്തിന്റെ ആധാരമായ ഒരു സമൂഹത്തിലാണ് പ്രവാചകന്‍ ജനിച്ചത്. ഏകദൈവത്വവും മാനവിക സാഹോദര്യവും വിളംബരം ചെയ്തപ്പോള്‍, സമൂഹത്തിലെ പ്രബലരായ വിഭാഗം അദ്ദേഹത്തെ എതിര്‍ത്തു. അദ്ദേഹത്തെയും അനുയായികളെയും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയരാക്കി. ചിലരെ അംഗവിഛേദനം ചെയ്തു. മക്കവിട്ട് അബ്‌സീനിയയിലേക്കും പിന്നീട് മദീനയിലേക്കും പലായനം ചെയ്യാന്‍ ചിലരെ നിര്‍ബന്ധിച്ചു. മദീനയില്‍ പോലും പ്രവാചകന്‍ മുഹമ്മദിനെ അദ്ദേഹത്തിന്റെ മതം അനുസരിച്ച് ജീവിക്കാന്‍ അവര്‍ അനുവദിച്ചില്ല. അദ്ദേഹത്തെയും അനുയായികളെയും ഉന്മൂലനം ചെയ്യാന്‍ ചില ഗോത്രങ്ങള്‍ സൈനിക നീക്കം തന്നെ നടത്തി. അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ പലവുരു ശ്രമമുണ്ടായി. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സ്വന്തത്തെയും അനുചരന്മാരെയും സംരക്ഷിക്കുന്നതിന് ആയുധമെടുക്കാന്‍ ഹിജ്‌റാനന്തരം പ്രവാചകന് അനുവാദം ലഭിക്കുന്നത്. യുദ്ധം ചെയ്യുമ്പോഴും, മനുഷ്യജീവന്റെ മൂല്യം കെടുത്താന്‍ ഒരിക്കലും അദ്ദേഹം തയാറായില്ല. നീതിയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള യുദ്ധത്തില്‍ എല്ലാ മൂല്യങ്ങളും മുറുകെപിടിക്കാന്‍ തന്റെ അനുചരന്മാര്‍ക്ക് അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി.

ഒട്ടകത്തെ കൊന്നതിന്റെ പേരില്‍ ആയിരക്കണക്കായ മനുഷ്യരുടെ ജീവന്‍ കവര്‍ന്ന നിരവധി യുദ്ധങ്ങള്‍ ചെയ്ത ഒരു സമൂഹത്തില്‍, ഇരുപക്ഷത്തും ആളപായം വളരെ കുറഞ്ഞ, സംഘര്‍ഷങ്ങള്‍ എന്നു വിളിക്കാവുന്ന തരം യുദ്ധമാണ് പ്രവാചകന്‍ നയിച്ചത്. നിരപരാധിയായ ഒരു ആത്മാവിനെ കൊല്ലുന്നതിനേക്കാള്‍ നീചമായ കൃത്യം വേറെയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

യുദ്ധത്തില്‍ പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ എത്ര മഹത്തരമായിരുന്നുവെന്ന് മനസ്സിലാക്കുന്നതിന്, ബൈബിള്‍ പഴയനിയമത്തിലെ യുദ്ധവീരന്മാരുമായി നബിയെ താരതമ്യം ചെയ്യാം. മൊത്തം ജനസംഖ്യയെ തന്നെ ബലികഴിക്കുന്ന തരം ആത്യന്തിക യുദ്ധങ്ങളാണ് നാം ബൈബിളില്‍ കാണുക. ചില ഉദാഹരണങ്ങള്‍:

''എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്. നിന്റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചിട്ടുള്ളതുപോലെ ഹിത്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരെ നിശ്ശേഷം നശിപ്പിക്കണം'' (നിയമാവര്‍ത്തനം അധ്യായം 20: 16,17).

''ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക'' (സാമുവല്‍ ഒന്ന്, അധ്യായം 15,3).

ജെറീക്കോയുടെ ആധിപത്യത്തിനുശേഷം: ''അതിലുള്ള സമസ്തവും അവര്‍ നിശ്ശേഷം നശിപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി'' (ജോഷ്വോ 6: 21).

മേല്‍പ്പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി യുദ്ധത്തില്‍ ഉള്‍പ്പെട്ടവരല്ലാത്തവരുമായി മുഹമ്മദ് നബി ഒരിക്കലും യുദ്ധം അനുവദിച്ചില്ല. സാധാരണക്കാരെയും സ്ത്രീകളെയും കുട്ടികളെയും പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ആക്രമിക്കുന്നത് പ്രവാചകന്‍ കര്‍ശനമായി വിലക്കി. ഭക്ഷണത്തിനുവേണ്ടിയല്ലാതെ മൃഗങ്ങളെയറുക്കുന്നത് അദ്ദേഹം നിരോധിച്ചു. ശ്വസിക്കുന്ന എന്തിനെയും വകവരുത്താന്‍ കല്‍പ്പിച്ച യുദ്ധനായകരില്‍നിന്ന് വ്യത്യസ്തമായി, നിരുപദ്രവകാരികളും നിഷ്‌കളങ്കരുമായ ജീവിവര്‍ഗങ്ങളെ ഉപദ്രവിക്കരുതെന്ന് അദ്ദേഹം പഠിപ്പിച്ചു. ന്യായത്തിനുവേണ്ടി സമരം ചെയ്യുമ്പോഴും ഓരോ ജീവന്നും നല്‍കേണ്ട ഔന്നത്യത്തെ കുറിച്ച് അദ്ദേഹം പഠിപ്പിച്ചു. ഒരു പാഠമിങ്ങനെ: ''ഒരുറുമ്പ് ഒരു പ്രവാചകനെ കടിച്ചു. ദേഷ്യത്താല്‍ ആ ഉറുമ്പിന്‍കൂട് ഒന്നാകെ കത്തിക്കാന്‍ അദ്ദേഹം കല്‍പന നല്‍കി. അന്നേരം അല്ലാഹു അദ്ദേഹത്തിന് ബോധനം നല്‍കി: ഒരൊറ്റ ഉറുമ്പ് നിന്നെ കടിച്ചതിന്റെ പേരില്‍, ദൈവത്തെ പ്രകീര്‍ത്തിക്കുന്ന ഒരു സമൂഹത്തെ ഒന്നാകെ കത്തിച്ചാമ്പലാക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു!'' (ബുഖാരി ഉദ്ധരിച്ച ഹദീസ്).

പക്ഷിക്കുഞ്ഞുങ്ങളെ അവരുടെ തള്ളപ്പക്ഷിയില്‍നിന്നും വേര്‍തിരിക്കുന്നത് നിരോധിക്കുന്ന നബിവചനങ്ങള്‍ നമുക്ക് കാണാനാവും. വിനാശകാരിയായ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന പഴയനിയമ വാക്യങ്ങളെ വിശുദ്ധമായി കാണുകയും അതേസമയം, പ്രവാചകന്റെ അധ്യാപനങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവരുടെ സമീപനം വിവേചനപരമാണെന്ന് പറയാതെ വയ്യ. മക്ക കീഴടക്കിയപ്പോള്‍ മുഹമ്മദ് നബി പൊതുമാപ്പ് നല്‍കിയ നടപടിയും, നഗരം കീഴടക്കിയശേഷം അവിടത്തെ ജനങ്ങളെയൊന്നാകെ വാളിനിരയാക്കിയ ജോഷ്വോയുടെ സമീപനവും താരതമ്യം ചെയ്തു നോക്കുക.

പഴയനിയമത്തിലെ കഥകള്‍ ഉദ്ധരിച്ചതുവഴി, പുണ്യപുരുഷന്മാരെ കുറിച്ച്, അവരുടെ പ്രവൃത്തികള്‍ വിലയിരുത്താന്‍ നമുക്ക് അവകാശമുണ്ടെന്നല്ല പറയുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ നിയമങ്ങളും സാഹചര്യങ്ങളും ഇന്നത്തേതുമായി താരതമ്യം ചെയ്യാനുമാവില്ല. അവരുടെ കാലത്തെ സാഹചര്യങ്ങള്‍ മുന്നില്‍ വെച്ചാണ് അതിനെ വിലയിരുത്തേണ്ടത്. ഖുര്‍ആന്‍ പറയുന്നു: ''അവരുടെ കാലം കഴിഞ്ഞുപോയി. അവര്‍ ചെയ്തത് അവര്‍ക്ക് ലഭിക്കും. നിങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്കും. അവരുടെ പ്രവൃത്തികളെ പറ്റി നിങ്ങളോട് ചോദിക്കുന്നതല്ല'' (2:134).

മുഹമ്മദ് നബി നയിച്ച യുദ്ധങ്ങളെ സംബന്ധിച്ച് പറയുമ്പോള്‍, അദ്ദേഹത്തെ ഒരു യുദ്ധപുരുഷനായി ചിത്രീകരിക്കുന്നത് കാപട്യമാണെന്നുകൂടി പറയേണ്ടിവരും. നവോത്ഥാനത്തിന്റേതെന്ന് അവകാശപ്പെടുന്ന സമീപ നൂറ്റാണ്ടുകളില്‍പോലും അധിനിവേശ യുദ്ധങ്ങളില്‍ ദശലക്ഷക്കണക്കിനാളുകളാണ് കൊല്ലപ്പെടുന്നത്. രണ്ട് ലോകയുദ്ധങ്ങളിലും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളിലും കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ദശലക്ഷങ്ങളാണ് കൊല്ലപ്പെട്ടത്. ദൈവനിരാസത്തില്‍ അധിഷ്ഠിതമായ കമ്യൂണിസവും ദേശീയതയും മതേതരത്വവുമെല്ലാം ഇത്തരം യുദ്ധങ്ങള്‍ക്ക് പ്രേരണകളായിട്ടു്.

അവിടെയാണ് മുഹമ്മദ് നബിയുടെ വചനം ശ്രദ്ധേയമാകുന്നത്: ''ഒരു ചെറിയ കുരുവിയെ പോലും അന്യായമായി കൊന്നാല്‍, നീതി തേടി അത് അല്ലാഹുവിന്റെ സന്നിധിയില്‍ കരഞ്ഞുവിളിക്കും'' (നസാഈ, ദാരിമി, അഹ്മദ് എന്നിവര്‍ ഉദ്ധരിച്ച ഹദീസ്).

ജനാധിപത്യം, സ്വാതന്ത്ര്യം, യുദ്ധം തടയല്‍, മനുഷ്യത്വത്തിനായുള്ള ഇടപെടല്‍ എന്നൊക്കെ പറഞ്ഞ് നടത്തുന്ന കൊലകള്‍ക്ക് എത്ര കണക്കെടുപ്പുകള്‍ വേണമെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ. യേശുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ചോദ്യത്തിനുള്ള ഉത്തരം സംഗ്രഹിക്കട്ടെ: ''നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷ്ണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്?'' (ലൂക്കാ അധ്യായം 6, 41,42).

 

പ്രണയം; ദൈവത്തോടും സൃഷ്ടിജാലങ്ങളോടും

ലോകം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച നേതാക്കളിലൊരാളായിരുന്നു മുഹമ്മദ് നബി (സ). വെറും 23 വര്‍ഷം കൊണ്ട് തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത് വലിയ നേട്ടമായി പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നു. മെച്ചപ്പെട്ട ഒരു ലോകത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, പ്രവാചക കാരുണ്യത്തിന്റെ വിവിധ പാഠങ്ങളെ കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്:

പ്രവാചകജീവിതം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മറ്റുള്ളവരില്‍നിന്ന് വേറിട്ടുനിര്‍ത്തുന്ന അസാധാരണമായ ഭാവങ്ങള്‍ പലതും അതില്‍ കാണാനാവും. എന്നാല്‍, അതില്‍ ഏറ്റവുമാദ്യം പരിഗണനയര്‍ഹിക്കുന്നത് അദ്ദേഹത്തിന് അല്ലാഹുവിനോടുണ്ടായിരുന്ന സ്‌നേഹവും പ്രണയവുമാണ്. അവന് കീഴ്‌പ്പെടാനുള്ള ഹൃദയസന്നദ്ധതയാണ്. സദാസമയവും ദൈവസ്മരണയില്‍ ചലിക്കുന്ന ചുണ്ടുകള്‍, ദൈവത്തിന് കീഴ്‌പ്പെടുമ്പോള്‍ ശാന്തത കൈവരിക്കുന്ന ഹൃദയം, ദൈവത്തിന് പ്രീതിപ്പെടുന്ന കര്‍മങ്ങള്‍. രാത്രികളില്‍ ഒപ്പം കിടക്കുന്ന ഭാര്യപോലും അറിയാതെ ശയ്യയില്‍നിന്നെഴുന്നേറ്റ് ദൈവത്തിനു മുന്നില്‍ സുജൂദിലമര്‍ന്ന ദൈവത്തിന്റെ ദാസന്‍.

ദൈവത്തോടുള്ള മുഹമ്മദ് നബിയുടെ സ്‌നേഹം പ്രതിഫലിച്ചത് മനുഷ്യരോട് അദ്ദേഹം കാണിച്ച സ്‌നേഹത്തിലായിരുന്നു. വ്യക്തിപരമായി ഒരിക്കലെങ്കിലും ഇടപെട്ടവര്‍ക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ടവനായി. ശത്രുവായിരുന്ന പലരും അദ്ദേഹത്തെ പരിചയപ്പെട്ട മാത്രയില്‍ അദ്ദേഹത്തിന്റെ അടിയുറച്ച അനുയായിയായി. അക്കൂട്ടത്തില്‍ ധനികരും പാവപ്പെട്ടവരും പ്രഭുക്കളും സാധാരണക്കാരുമുണ്ടായിരുന്നു.

'നിങ്ങളില്‍നിന്നുതന്നെ ഒരാളെ നാം നിങ്ങള്‍ക്ക് ദൂതനാക്കിയിരിക്കുന്നു' (9: 128) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ആ വാക്യത്തെ ശരിവെക്കും പടി ജനകീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ധനികനും പാവപ്പെട്ടവനും ഒരുപോലെ സമീപിക്കാവുന്നയാള്‍. സമൂഹത്തിലെ നിരാലംബരായവര്‍ക്ക് തങ്ങളുടെ ഭാരങ്ങളെല്ലാം ഇറക്കിവെക്കാവുന്ന അത്താണിയായിരുന്നു അദ്ദേഹം. തങ്ങളുടെ പ്രശ്‌നങ്ങളില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. മദീനയിലെ വീട്ടുജോലിക്കാര്‍ പോലും അദ്ദേഹത്തെ നടക്കാന്‍ കൂട്ടും. അല്ലെങ്കില്‍ ഒപ്പം സംസാരിച്ചിരിക്കും. അവരുടെ എല്ലാ പ്രശ്‌നങ്ങളും അദ്ദേഹം നെഞ്ചേറ്റിയിരുന്നതായി അദ്ദേഹത്തിന്റെ സഖാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്രയും താഴ്മയാല്‍ പെരുമാറുന്നത് ഒരു ഭരണകര്‍ത്താവിന് ചേര്‍ന്നതല്ലെന്ന് അറേബ്യയിലെ രാജാക്കന്മാര്‍ പലപ്പോഴും രോഷം കൊണ്ടു!

ഇതരരോടുള്ള മുഹമ്മദ് നബിയുടെ സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ലായിരുന്നു. ദൈവത്തിന്റെ ചെറുതും വലുതുമായ എല്ലാ സൃഷ്ടികളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ സ്‌നേഹമായിരുന്നു അത്. വിശ്വാസികളോട് അദ്ദേഹം പറഞ്ഞു: ''സൂര്യന്‍ നിങ്ങള്‍ക്കുമേല്‍ നിത്യവും പ്രശോഭിക്കുന്നതുപോലെ നിങ്ങള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക.''

സല്‍ക്കര്‍മങ്ങള്‍ക്ക് ഉദാഹരണങ്ങളും അദ്ദേഹം നല്‍കി: ''ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഒരു സംഗതി നിര്‍മിക്കുക. പരസ്പരം പോരടിക്കുന്ന രണ്ടുപേരെ സമാധാനത്തിലേക്ക് കൊണ്ടുവരിക. തെരുവിലെ തടസ്സം നീക്കുക. ഒരു നല്ല വാക്ക് പറയുക. വഴിയറിയാത്തവന് വഴികാട്ടുക. ദുഃഖം പേറുന്ന മനസ്സിന് സമാധാനം കിട്ടാനുതകുന്ന ഒരു കര്‍മം ചെയ്യുക.''

നായയോട് കാരുണ്യം കാണിച്ചതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ സ്ഥാനം നേടിയ ഒരു വേശ്യയുടെ കഥ അദ്ദേഹം അനുചരന്മാരെ പഠിപ്പിച്ചു. നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും സംരക്ഷണം നല്‍കുന്നതിന് സമ്പാദ്യത്തില്‍നിന്നും ഒരു ഭാഗം നീക്കിവെക്കുന്ന ഒരു സമൂഹമായി മുസ്‌ലിംകള്‍ മാറുന്നതിന് ആ അധ്യാപനങ്ങള്‍ പ്രേരകമായി. മുസ്‌ലിം നാഗരികതയില്‍, ധനികരായ ജനങ്ങള്‍ തെരുവുകളിലും മറ്റും നായ്ക്കള്‍ക്ക് വെള്ളം കുടിക്കാനുള്ള ടാങ്കുകള്‍ പണിതു. ദൈവസാമീപ്യം തേടിയ ഭക്തരില്‍ ചിലര്‍, നിത്യവും സ്വുബ്ഹ് നമസ്‌കാരത്തിനു പിന്നാലെ ആ ടാങ്കുകള്‍ വൃത്തിയാക്കി. അതുവഴി അവര്‍ പാപമോചനം തേടി.

 

സ്ത്രീകളോടുള്ള സമീപനം

പ്രവാചകന്‍ പറഞ്ഞു: ''മാന്യതയുള്ള പുരുഷന്മാര്‍ സ്ത്രീകളോട് മാന്യത കാണിക്കും; മാന്യതയില്ലാത്ത പുരുഷന്മാര്‍ മാത്രമാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത്.''

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുന്ന ഒരു കാലത്ത്, സ്ത്രീയെ ആദരിക്കുന്നതില്‍ പെരുമ കാണിച്ച പ്രവാചകന്റെ പാരമ്പര്യം ചിന്തനീയമാണ്. തങ്ങളുടെ അധ്യാപകന്‍ നിശ്ചയിച്ച മാതൃകയിലല്ല ജീവിക്കുന്നതെന്ന് തിരിച്ചറിയാന്‍ അത്തരം മുസ്‌ലിംകള്‍ക്ക് അത് സഹായകമാവും. അതുവഴി പ്രവാചകന്റെ കരുണയുടെ അധ്യാപനങ്ങള്‍ തിരിച്ചറിയാന്‍ മറ്റുള്ളവര്‍ക്ക് അവസരമാകും.

സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു സമൂഹത്തിലാണ് മുഹമ്മദ് നബി ജനിച്ചത്. പെണ്‍കുട്ടികളെ പിറന്നപാടേ കുഴിച്ചുമൂടുന്ന ഗോത്രങ്ങളുള്ള ഒരു സമൂഹം. സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ഉഛാടനം ചെയ്യാനുള്ള പദ്ധതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. അതിനായി പ്രശ്‌നത്തിന്റെ മര്‍മത്തിലാണ് അദ്ദേഹം തൊട്ടത്; സ്ത്രീവിരുദ്ധ പൊതുബോധത്തില്‍. മനുഷ്യോല്‍പത്തി സംബന്ധിച്ച് പ്രചരിച്ചിരുന്ന കഥകള്‍ അദ്ദേഹം തിരുത്തി. സ്ത്രീകള്‍ക്ക് ആത്മാവുണ്ടോ എന്നായിരുന്നു അക്കാലത്തെ സാംസ്‌കാരിക സദസ്സുകളിലെ ചര്‍ച്ച. അവരോട് ഖുര്‍ആന്‍ പറഞ്ഞു: ''നിങ്ങളെ (ആണിനെയും പെണ്ണിനെയും) നാം ഒരൊറ്റ ആത്മാവില്‍നിന്ന് സൃഷ്ടിച്ചു''. സ്ത്രീയുടെയും പുരുഷന്റെയും  ഐക്യം വിളംബരം ചെയ്തതുവഴി, വിവേചനത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ന്നു.

സ്ത്രീവിരുദ്ധതയുടെ മറ്റൊരു ആധാരമായിരുന്നു, ആദിപാപത്തിന്റെ കാരണക്കാരി ഹവ്വയാണെന്ന ഐതിഹ്യം. ഈ ഐതിഹ്യം ഖുര്‍ആന്‍ പൊളിച്ചെഴുതി. ആദിപാപത്തിന് ആദമും ഹവ്വയും ഒരുപോലെ കാരണക്കാരാണെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു. അവര്‍ ഇരുവര്‍ക്കും പാപമോചനം അരുളിയതിനുശേഷമാണ് അവരെ ഭൂമിയിലേക്ക് അയച്ചതെന്നും ഖുര്‍ആന്‍ വ്യക്തമാക്കി.

'നിങ്ങളെ പേറിയ ഉദരങ്ങളെ ആദരിക്കുക' (4:1) എന്ന ഖുര്‍ആനിക അധ്യാപനം പ്രവാചകന്‍ ആവര്‍ത്തിച്ചു: ''മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗം''. ആദരിക്കപ്പെടാന്‍ ഏറ്റവും അര്‍ഹത ആര്‍ക്കാണെന്ന ചോദ്യത്തിന് ആദ്യ മൂന്ന് തവണയും മാതാവിന് എന്ന് മറുപടി നല്‍കിയ പ്രവാചകന്‍, നാലാമത്തെ തവണയാണ് 'പിതാവിന്' എന്ന് മറുപടി നല്‍കിയത്. ബാല്യകാലത്ത് തന്നെ സംരക്ഷിച്ച എല്ലാ സ്ത്രീകളെയും പ്രവാചകന്‍ സ്‌നേഹത്തോടെയാണ് ഓര്‍ത്തിരുന്നത്.

മാതാപിതാക്കളോടുള്ളതുപോലെ തന്നെ ഒരാള്‍ക്ക് ബാധ്യതയുണ്ട് അയാളുടെ ജീവിതപങ്കാളിയോട്. ഒരു വിശ്വാസിയുടെ മുഖമുദ്ര ഭാര്യയോടുള്ള അനുകമ്പയാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. പ്രവാചകന് അദ്ദേഹത്തിന്റെ ഭാര്യ ഖദീജയോടുള്ള സ്‌നേഹം വിഖ്യാതമാണ്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തില്‍ അദ്ദേഹത്തിന് താങ്ങായത് ഖദീജയായിരുന്നല്ലോ. അവരുടെ മരണശേഷം പത്തുവര്‍ഷത്തിലേറെ കാലം നീണ്ട നിര്‍ബന്ധിത പ്രവാസം കഴിഞ്ഞാണ് പ്രവാചകന്‍ മക്കയിലേക്ക് തിരിച്ചുവരുന്നത്. തന്റെ സ്വന്തം വീട്ടില്‍ പിതൃവ്യനായ അബ്ബാസിന്റെ മകന്‍ ആഖിലാണ് കഴിഞ്ഞിരുന്നതെന്ന് മനസ്സിലാക്കിയ അദ്ദേഹം അത് തിരിച്ചുവാങ്ങിയില്ല. പകരം അദ്ദേഹം നടത്തിയ അഭ്യര്‍ഥന ഇതായിരുന്നു: ഖദീജയുടെ ഖബ്‌റിന് സമീപം എനിക്കൊരു കൂടാരമൊരുക്കിത്തരൂ!

വെറുമൊരു സ്‌നേഹപ്രകടനം നടത്തിയതായിരുന്നില്ല അദ്ദേഹം. അത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവം ഒരിക്കലും വിശ്വാസത്തില്‍നിന്നും വേര്‍പ്പെട്ടിരുന്നില്ല. 

പെണ്‍മക്കള്‍ അങ്ങേയറ്റം വിവേചനം നേരിട്ട ഒരു സമൂഹത്തില്‍ പ്രവാചകന്‍ മുഹമ്മദ് (സ) അതിനെതിരെ ശക്തമായി പ്രതികരിച്ചു. പെണ്‍കുട്ടികളോടുള്ള സമീപനം ഒരാളുടെ പാപമോചനത്തിനും മോക്ഷത്തിനും മാനദണ്ഡമായിരിക്കുമെന്ന് പഠിപ്പിച്ചു: ''ആരെങ്കിലും പെണ്‍കുട്ടികളെ സ്‌നേഹം നല്‍കി, നല്ല രീതിയില്‍ വളര്‍ത്തിയാല്‍ അവന്‍ നരകത്തില്‍നിന്നും രക്ഷപ്പെട്ടു.'' ''നിങ്ങള്‍ കുട്ടികള്‍ക്കിടയില്‍ നീതിയോടെ പെരുമാറുക.'' ''ആരോടെങ്കിലും മുന്‍ഗണന കാണിക്കാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നെങ്കില്‍, ഞാന്‍ പെണ്‍കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.''

സന്താനലബ്ധിയെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ ആദ്യം പറഞ്ഞതും പെണ്‍കുഞ്ഞിനെ കുറിച്ചാണ്. ''അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു'' (42:49).

 

നമ്മുടെ നബിസ്‌നേഹംബലപ്പെടുത്തുക

അദ്ദേഹത്തിന്റെ ചരിത്രം പഠിച്ചാല്‍, സുന്നത്തില്‍ വ്യക്തമാക്കിയ ആ ജീവിത മാതൃകകള്‍ പഠിച്ചാല്‍, പ്രവാചകന്‍ മുഹമ്മദിനോടുള്ള നമ്മുടെ സ്‌നേഹം കൂടും. തങ്ങളുടെ ജീവിതം മുഴുവന്‍ ആ മഹാനുഭാവന്റെ ജീവിതം പഠിക്കാനും പകര്‍ത്താനുമായി ഉഴിഞ്ഞുവെക്കാന്‍ ആയിരക്കണക്കായ പണ്ഡിതന്മാര്‍ സന്നദ്ധരായതായി നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. ഗ്രന്ഥശാലകളെല്ലാം ആ പണ്ഡിതന്മാരുടെ രചനകളാല്‍ നിറഞ്ഞുകവിഞ്ഞു.

പ്രവാചകനോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ആലോചിക്കുക:

1. ദൈവത്തിന്റെ ദാസനാണ് താനെന്ന് സ്വയം നിരന്തരം ഓര്‍മപ്പെടുത്തിയ വിനീതവിധേയനായ ദൈവത്തിന്റെ അടിമയായിരുന്നു മുഹമ്മദ് (സ).

2. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായിരുന്നവരോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ കുറിച്ച് ആലോചിക്കുക.

3. ഒരു യജമാനന്‍ എന്ന നിലയിലും അദ്ദേഹം കാണിച്ച സ്വഭാവഗുണങ്ങളെ പറ്റി ആലോചിക്കുക. അദ്ദേഹത്തെ പത്തുവര്‍ഷത്തിലധികം കാലം സേവിച്ച അനസുബ്‌നു മാലിക് (റ) പറയുന്നത് കേള്‍ക്കൂ: 'പത്തുവര്‍ഷത്തിലധികം കാലം ഞാന്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യെ സേവിച്ചു. എന്നാല്‍ എന്തെങ്കിലും തെറ്റിന്റെ പേരില്‍ ഒരിക്കല്‍പോലും അദ്ദേഹം എന്നോട് കോപിക്കുകയോ മുഖം ചുളിക്കുകയോ ചെയ്തില്ല.'

4. മികച്ച സ്വഭാവവും പെരുമാറ്റവും കൊണ്ട് തന്റെ ചുറ്റിലുള്ളവരുടെയെല്ലാം സ്‌നേഹം അദ്ദേഹം സ്വന്തമാക്കി.

5. നിസ്വാര്‍ഥതയോടെയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ശത്രുക്കളായിരുന്നവരെ പോലും അദ്ദേഹത്തിന്റെ മിത്രങ്ങളാക്കി. ഉമര്‍, സ്വഫ്‌വാന്‍, ഇക്‌രിമ, ഖാലിദ് എന്നിവരെല്ലാം ഒരിക്കല്‍ അദ്ദേഹത്തിന്റെ കഠിന ശത്രുക്കളായിരുന്നു!

6. അനാഥനായി ജനിച്ച പ്രവാചകന്‍ അനാഥനെപ്പോലെ തന്നെ മരിച്ചു. അഥവാ, അദ്ദേഹത്തിന്റെ ജീവിതശൈലി ഒരിക്കലും മാറിയില്ല. 

 

പ്രവാചക സ്‌നേഹം പ്രകടമാക്കേ വിധം

മുഹമ്മദ് നബിയോടുള്ള സ്‌നേഹം ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ പ്രകടമാക്കണമെന്നാണ് ഓരോ മുസ്‌ലിമും നിത്യേന സ്വയം ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന്. ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണിത്. അതിന് രണ്ട് കാരണങ്ങളുണ്ട്:

ഒന്ന്, പ്രവാചകനോടുള്ള സ്‌നേഹപ്രകടനം എങ്ങനെ വേണമെന്ന ചര്‍ച്ച മുസ്‌ലിംകളെ ഇന്ന് രണ്ട് ചേരിയിലാക്കിയിട്ടുണ്ട്. പ്രവാചകസ്‌നേഹത്താല്‍ അവരിലൊരു സംഘം അദ്ദേഹത്തെ ബിംബവത്കരിച്ചിട്ടുണ്ട്. മറ്റേ ചേരിയാകട്ടെ, അദ്ദേഹത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതും അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നതും ആ ചരിത്രം പുനരാനയിക്കുന്നതും ബിദ്അത്തായി കരുതുന്നു.

രണ്ട്, ഇസ്‌ലാമോഫോബിയ വളരെയധികം വ്യാപകമായ ഇക്കാലത്ത്, അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ മുസ്‌ലിംകള്‍ ഓരോരുത്തരും ജാഗരൂകരായിരിക്കണം. പ്രവാചകന്റെ ജീവിതം മാതൃകാപരമായി പകര്‍ത്തുക എന്നതുതന്നെയാണ് അതിന് ഏറ്റവും നല്ല മാര്‍ഗം.

പ്രവാചകനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നത് സമൂഹത്തിലെ നമ്മുടെ സ്ഥാനമനുസരിച്ച് വ്യത്യസ്തമായിരിക്കും. സമൂഹത്തില്‍ നമ്മുടെ പദവി ഉയരുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടും. ഒരു ഭരണാധികാരിക്ക് സാധാരണക്കാനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. കുടുംബനാഥന് ആ കുടുംബത്തിലെ മറ്റു അംഗങ്ങളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തങ്ങള്‍ ഹ്രസ്വമായി പരിശോധിക്കാം:

1. മുസ്‌ലിം ഭരണാധികാരികളുടെയും നേതൃത്വത്തിന്റെയും ഉത്തരവാദിത്തം മുന്‍കാലങ്ങളിലേതിനേക്കാള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. ഇസ്‌ലാമിനോടുള്ള നിഷേധാത്മക സമീപനത്തിന് ഒരു കാരണം മുസ്‌ലിം നാടുകളിലെ അവസ്ഥയാണ്. മനുഷ്യാവകാശം, നിയമവാഴ്ച, നീതിനിര്‍വഹണം തുടങ്ങിയവ ആധാരമാക്കി നടത്തിയ പഠനങ്ങളില്‍ മുസ്‌ലിം രാജ്യങ്ങളുടെ നില വളരെ പരിതാപകരമാണ്. പ്രവാചകദൗത്യത്തിലെ പ്രധാന ഊന്നലുകളായിരുന്നു ഈ വിഷയങ്ങള്‍.

ഇസ്‌ലാമോഫോബിയക്കെതിരെ പോരാടാന്‍ നമ്മുടെ ഭരണാധിപന്മാര്‍ക്കുള്ള ഏറ്റവും നല്ല മാര്‍ഗം, സ്വന്തം നാടുകളിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുക എന്നതാണ്. നാടിന്റെ സമ്പത്ത് സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ വിസമ്മതിച്ച പ്രവാചകനില്‍നിന്ന് ഇന്നത്തെ മുസ്‌ലിം ഭരണാധികാരികള്‍ക്ക് പഠിക്കാനേറെയുണ്ട്.

2. ഭരണാധികാരികള്‍ കഴിഞ്ഞാല്‍, സമൂഹത്തില്‍ ഏറ്റവുമധികം ഉത്തരവാദിത്തമുള്ളത് പണ്ഡിതന്മാര്‍ക്കാണ്. ഉമ്മത്തിന്റെ ധാര്‍മിക കേന്ദ്രമായി പണ്ഡിതന്മാര്‍ വര്‍ത്തിച്ച ഒരു കാലമുണ്ടായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ഭരണാധികാരികളുടെ പരിഗണന ലഭിക്കുന്നതിനും മറ്റും പണ്ഡിതന്മാര്‍ പരസ്പരം പോരടിക്കുന്നതാണ് നാമിന്ന് കാണുന്നത്. 

3. ഭരണാധികാരികളും മറ്റും ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതില്‍ പ്രവാചകന്‍ കാണിച്ച മാതൃക പിന്‍പറ്റേണ്ടതാണ്. ചെറിയ സംഘടനകള്‍ മുതല്‍, നഗരങ്ങളുടെയും രാജ്യങ്ങളുടെയും ഭരണം കൈയാളുന്നവര്‍ വരെ ഈ രീതി അവലംബിക്കേണ്ടതുണ്ട്.

4. പിതാവ്, ഭര്‍ത്താവ് എന്ന നിലയില്‍ പ്രവാചകനെ അനുകരിക്കാന്‍ നാം തയാറാവണം. അതുവഴി, ഇസ്‌ലാമിന്റെ സൗന്ദര്യം യഥാര്‍ഥ ജീവിതത്തില്‍ ആസ്വദിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം വന്നുചേരും.

5. ഇസ്‌ലാമിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ താല്‍പര്യം കാണിക്കുന്നവര്‍, പ്രബോധനദൗത്യം ഏറ്റെടുക്കുന്നതിന് മുമ്പുള്ള പ്രവാചകജീവിതം പഠിക്കേണ്ടതുണ്ട്. അദ്ദേഹം ആദ്യമായി, മാതൃകയോഗ്യനായ വ്യക്തിയായിരുന്നു. അദ്ദേഹം പറയുന്നത് വിശ്വസിക്കാതിരിക്കാന്‍ ആര്‍ക്കും സാധ്യമായിരുന്നില്ല. മാതൃകാ വ്യക്തികളാവുക എന്നതാണ് നബിജീവിതം നമുക്ക് തരുന്ന പ്രധാന സന്ദേശം. 

വിവ: മുഹമ്മദ് അനീസ്

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍