പ്രവാചക ചര്യയും അറേബ്യന്‍ ആചാരങ്ങളും
ആചാരപരമായ നടപടിക്രമങ്ങളും ആരാധനാപരമായ നബിമാതൃകകളും ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് പ്രത്യേകം പ്രത്യേകം ഇനം തിരിച്ചുകൊണ്ടല്ല. എന്നാല്‍, നബിചരിത്രത്തിലെ ആദത്തും ഇബാദത്തും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടത് സുന്നത്തിന്റെ യാഥാര്‍ഥ്യം ഗ്രഹിക്കാനും വിവേകത്തോടെ നബിമാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്താനും അനിവാര്യമാണ്. ഇത് ശ്രമകരമായ ദൗത്യമാണ്, സൂക്ഷ്മത ആവശ്യമുള്ളതും. സുന്നത്ത് ചര്‍ച്ചകള്‍ അതിവാദമായും നിഷേധമായും പല വിധത്തില്‍ സജീവമായിട്ടുള്ള സമകാലിക ലോകത്ത് ഇവ തമ്മിലുള്ള വേര്‍തിരിവ് അത്യന്താപേക്ഷിതവുമാണ്. ഈ വിഷയത്തിലെ അജ്ഞതയും അശ്രദ്ധയും ചിലരെ, വിശേഷിച്ചും വിദ്യാര്‍ഥി-യുവജനങ്ങളെ ഒരു തരം അതിവാദത്തിലേക്ക് നയിച്ചതായി പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.1
ആചാരപരമായ നടപടിക്രമം
(സുന്നത്തുല്‍ ആദത്ത്)
നാട്ടുനടപ്പുകള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു നാടിന്റെ പാരമ്പര്യ ആചാരങ്ങള്‍, ചില കുടുംബങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന നടപടിക്രമങ്ങള്‍, വ്യക്തികളുടെ തികച്ചും വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ജീവിത ശീലങ്ങള്‍ തുടങ്ങിയവയെയാണ് 'ആദത്ത്' (സമ്പ്രദായം, ആചാരം) എന്ന് പറയുന്നത്. ആവര്‍ത്തിച്ചു വരുന്നത് എന്നാണ് ഭാഷാപരമായി 'ആദത്തി'ന്റെ അര്‍ഥം. 'ആദ' (മടങ്ങി) എന്നതാണ് അടിസ്ഥാന ഭൂതകാല പ്രയോഗം. വര്‍ഷം തോറും ആവര്‍ത്തിച്ചു വരുന്നത് എന്ന അര്‍ഥത്തിലാണ് ആഘോഷത്തിന് ഈദ് എന്ന് പ്രയോഗിക്കുന്നത്. ബുദ്ധിപരമായ ന്യായമോ ബന്ധമോ ഇല്ലെങ്കിലും ആവര്‍ത്തിച്ചു ചെയ്തു വരുന്ന കാര്യങ്ങളാണ് ആദത്ത് എന്ന് പണ്ഡിതന്മാര്‍ നിര്‍വചിക്കുന്നു.2 'ബുദ്ധിപരമായ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ജനത അനുവര്‍ത്തിച്ചുവരുന്ന സമ്പ്രദായങ്ങളാണ് ആദത്ത്' എന്ന് നിര്‍വചിച്ചവരുമുണ്ട്.3 ജനം ഒന്നാകെയല്ലെങ്കിലും ഏതാനും വ്യക്തികള്‍ ചെയ്യുന്നതായാലും അത് അവരുടെ ആദത്തായി പരിഗണിക്കപ്പെടും.4 ആദത്തുകള്‍ക്ക് ഇസ്‌ലാമിക നിയമത്തിന്റെ പദവിയോ പ്രാമാണികതയോ ഉണ്ടാകില്ല. ഏതെങ്കിലും ദീനീ നിയമത്തിന് വിരുദ്ധമല്ലാത്തതും ദീനിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് വിഘാതമല്ലാത്തതുമായ ഘട്ടത്തോളം ഓരോ പ്രദേശത്തെയും ഇത്തരം ആചാര സമ്പ്രദായങ്ങള്‍, അതതു പ്രദേശത്തുകാര്‍ കേവലം ആദത്തുകള്‍ എന്ന നിലയില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ തെറ്റില്ല. ആചാരവും സമ്പ്രദായവും പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യേണ്ട സന്ദര്‍ഭങ്ങളുണ്ടാകും, അത് ശരീഅത്തിന് വിരുദ്ധമാകാത്തിടത്തോളം ഇസ്‌ലാം അനുവദിച്ചിരിക്കുന്നു. ഒരു ദേശത്ത് സാമൂഹികവും കുടുംബപരവുമായ ജീവിതം നയിച്ച മനുഷ്യന്‍ എന്ന നിലയില്‍ ഇത്തരം ആദത്തുകള്‍ നബിയുടെ ജീവിതത്തില്‍ ധാരാളം ഉണ്ടായിരുന്നു. ഇവയാണ് ആചാരപരമായ നടപടിക്രമം (സുന്നത്തുല്‍ ആദത്ത്).5
ഈ ഗണത്തില്‍ ഒന്ന് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ജീവിത ശീലങ്ങളുമാണ്. നബിയുടെ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങള്‍ മുസ്‌ലിം സമൂഹത്തിന് ബാധകമാകുന്ന നിയമപരമായ സുന്നത്തല്ല. ഉദാഹരണമായി, നബി(സ) തലമുടി നീട്ടി വളര്‍ത്തിയിരുന്നു. നബിയുടെ തലമുടി ചുമലു വരെ ഇറങ്ങിക്കിടന്നതായി ഹദീസുകളില്‍ കാണാം.6 നബി ചിലപ്പോള്‍ തലമുടി മെടഞ്ഞിടാറുണ്ടായിരുന്നു. എന്നാല്‍, നബി(സ) ചെയ്തിരുന്നു എന്നതുകൊണ്ട് തലമുടി നീട്ടി വളര്‍ത്തല്‍ മുസ്‌ലിംകള്‍ എല്ലാവരും പിന്തുടരേണ്ട സുന്നത്താണോ? ഒറ്റപ്പെട്ട ചിലര്‍ ഇത് സുന്നത്താണെന്ന് ധരിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് ആദത്താണ്, നബിയുടെ വ്യക്തിപരമായ ഇഷ്ടം. കാരണം, തലമുടി നീട്ടി വളര്‍ത്തുന്ന രീതി പുണ്യകര്‍മമെന്ന നിലയില്‍ നബി പഠിപ്പിച്ചതല്ല. നബിക്കും മുമ്പേ നിലനിന്നിരുന്നതും അറബികളില്‍ പലരും ജീവിത ശൈലിയെന്ന നിലയില്‍ തുടര്‍ന്നുവന്നതുമാണ്. നബി സ്വയം അത് ചെയ്തുവെന്നല്ലാതെ, അനുചരന്മാരോട് അത് ആവശ്യപ്പെടുകയോ, അവര്‍ പൊതുവില്‍ പുണ്യകര്‍മം എന്ന നിലയില്‍ അത് പിന്തുടരുകയോ ചെയ്തിരുന്നില്ല. ഇത് മുസ്‌ലിം സമുഹത്തിനുളള നബിമാതൃകയാണെന്ന് പറയാന്‍ തെളിവുകളൊന്നുമില്ല. ഒരാള്‍ ജീവിതകാലം മുഴുവന്‍ തലമുടി കളയുകയാണെങ്കില്‍ അയാള്‍ നബിചര്യക്ക് എതിര് ചെയ്തതായി വിലയിരുത്തപ്പെടുകയുമില്ല. മുമ്പ് നമ്മുടെ നാട്ടില്‍ മുസ്‌ലിം പുരുഷന്മാര്‍ മുടി തീരെ കളയുന്ന രീതി വ്യാപകമായിരുന്നല്ലോ.
നബി വിജയവേളയില്‍ മക്കയില്‍ പ്രവേശിക്കുമ്പോള്‍ തലമുടി നാലായി മെടഞ്ഞിട്ടിരുന്നുവെന്ന് ഹദീസുകളില്‍ കാണാം.7 നബി തലമുടി മെടഞ്ഞിട്ടിരുന്നതിനാല്‍ മുസ്‌ലിം പുരുഷന്മാര്‍ അപ്രകാരം ചെയ്യല്‍ സുന്നത്താണോ? അല്ല, കാരണം തലമുടി മെടയല്‍ അറബികളുടെ നാട്ടുനടപ്പിന്റെ ഭാഗമായിരുന്നു. വിശേഷിച്ചും ബദവികള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നു. ഇനി, പുണ്യം ലഭിക്കുന്ന നബിചര്യ പിന്തുടരുകയാണെന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ തലമുടി നീട്ടി വളര്‍ത്തിയാല്‍ അത് സുന്നത്തിന് വിരുദ്ധമാകും. പ്രത്യക്ഷത്തിലല്ല, പരോക്ഷമായാണ് ഇത് സുന്നത്തിന് വിരുദ്ധമാകുന്നത്. തലമുടി നീട്ടുന്നത് പ്രത്യക്ഷത്തില്‍ നബിയെ പിന്തുടരലായി കാണപ്പെടുമ്പോഴും കര്‍മത്തിന്റെ ഉദ്ദേശ്യമനുസരിച്ച് സുന്നത്തിന് വിരുദ്ധമായിത്തീരുന്നു. കാരണം, 'കര്‍മങ്ങള്‍ ഉദ്ദേശ്യം (നിയ്യത്ത്) അനുസരിച്ചാണെന്ന്' നബി പഠിപ്പിച്ചിട്ടുണ്ട്. നബിയോടൊപ്പം ജിഹാദിന് പുറപ്പെട്ട ഒരാള്‍ പ്രത്യക്ഷത്തില്‍ നബിയെ പിന്തുടരുകയാണ്. പക്ഷേ, സമ്പത്തോ വിവാഹമോ ആണ് അയാള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ അയാള്‍ പ്രത്യക്ഷത്തില്‍ നബിയെ പിന്തുടരവെ തന്നെ, യഥാര്‍ഥത്തില്‍ നബിചര്യക്ക് വിരുദ്ധം ചെയ്തവനായിത്തീരുന്നു. അപ്രകാരം നബിയുടെ ദീനീമാതൃകയില്‍പെടാത്ത മുടി നീട്ടല്‍, നബിമാതൃകയാണെന്ന് ധരിച്ച്, അങ്ങനെ നിയ്യത്ത് ചെയ്ത്, അല്ലാഹുവിങ്കല്‍നിന്ന് പുണ്യം മോഹിച്ച് പ്രവര്‍ത്തിക്കുന്നതാണ് പ്രശ്‌നം. ഹദീസ് പണ്ഡിതനായ നാസിറുദ്ദീന്‍ അല്‍ബാനി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.8
നബി(സ) ഉടുമ്പിന്റെ മാംസം ഇഷ്ടപ്പെടാതിരുന്നതും ഭക്ഷിക്കാതിരുന്നതും ഹദീസില്‍ കാണാം. പക്ഷേ, ഇസ്‌ലാമില്‍ ഉടുമ്പ് മാംസം വിലക്കപ്പെട്ടതോ (ഹറാം), അനഭിലഷണീയം (മക്‌റൂഹ്) പോലുമോ അല്ല, അനുവദനീയമാണ്. ഇതു സംബന്ധിച്ച ഹദീസ് ഇങ്ങനെ; ഒരിക്കല്‍ ഭക്ഷണസമയത്ത് നബിയുടെ മുമ്പില്‍ ഉടുമ്പ് മാംസം വിളമ്പി. ഉടുമ്പ് മാംസമാണെന്ന് അറിഞ്ഞപ്പോള്‍ നബി അത് കഴിച്ചില്ല. കൂടെയുണ്ടായിരുന്ന സ്വഹാബിവര്യന്‍ ഖാലിദു ബ്‌നു വലീദ് ഇഷ്ടത്തോടെ ആഹരിക്കുകയും ചെയ്തു. നബി കഴിക്കാതിരിക്കുന്നത് കണ്ടപ്പോള്‍ ഉടുമ്പ് മാംസം നിഷിദ്ധമാണോ എന്ന് ആരോ അന്വേഷിച്ചു. 'നിഷിദ്ധമല്ല, ഞങ്ങളുടെ പ്രദേശത്ത് അത് കഴിക്കാറില്ലായിരുന്നു, എനിക്ക് അത് ഇഷ്ടമല്ല' -ഇതായിരുന്നു നബിയുടെ പ്രതികരണം.9 ഉടുമ്പ്മാംസം കഴിക്കാതിരുന്നത് നബിയുടെ തീര്‍ത്തും വൈയക്തികമായ തെരഞ്ഞെടുപ്പായിരുന്നു, അതിന് ദീനീനിയമവുമായി ബന്ധമൊന്നും ഇല്ല. അപ്പോള്‍, നബി ഇഷ്ടപ്പെടാത്തതും കഴിക്കാത്തതുമായ ഉടുമ്പുമാംസം ഒരു മുസ്‌ലിം കഴിച്ചാല്‍ അദ്ദേഹം സുന്നത്തിന് വിരുദ്ധം ചെയ്തു എന്ന് പറയാന്‍ കഴിയില്ല. വ്യക്തിപരമായി ഇഷ്ടമില്ലാത്തതിനാല്‍ ഒരാള്‍ക്ക് ഉടുമ്പ് മാംസം കഴിക്കാതിരിക്കാം. എന്നാല്‍, നബി കഴിക്കാതിരുന്നതിനാല്‍ താനും ഉടുമ്പ് മാംസം കഴിക്കുന്നില്ല, അതാണ് നബിയുടെ ദീനീമാതൃക എന്ന് ഒരാള്‍ തീരുമാനിച്ചാല്‍, അത് സുന്നത്തിന് എതിരാകും. കാരണം, ദീനീ നിയമപദവി (സുന്നത്തുന്‍ ശര്‍ഇയ്യ)ഇല്ലാത്ത ഒരു വൈയക്തിക ആദത്തിനെ തെറ്റായി മനസ്സിലാക്കുകയാണ് അയാള്‍ ചെയ്യുന്നത്.പ്രത്യക്ഷത്തില്‍ നബിയുടെ പ്രവര്‍ത്തനത്തോട് യോജിക്കുകയും യഥാര്‍ഥത്തില്‍ സുന്നത്തിന് വിരുദ്ധം പ്രവര്‍ത്തിക്കുകയുമാണ് ഇവിടെ സംഭവിക്കുന്നത്.
നാട്ടാചാരമാണ് മറ്റൊന്ന്. ഓരോ രാജ്യത്തും പ്രദേശത്തും ജനങ്ങള്‍ പൊതുവായി തുടര്‍ന്നു വരുന്ന ആചാര സമ്പ്രദായങ്ങള്‍ എല്ലാ വിഷയങ്ങളിലുമുണ്ടാകും. അറബികളുടെയും യൂറോ
പ്യരുടെയും ഉത്തരേന്ത്യക്കാരുടെയും വസ്ത്രധാരണ രീതി ഉദാഹരണമാണ്. യൂറോപ്യന്‍ പുരുഷന്മാര്‍ പാന്റ്, ഷര്‍ട്, ടി ഷര്‍ട്, കോട്ട്, ടൈ തുടങ്ങിയവയാണ് പൊതുവില്‍ ഉപയോഗിക്കുന്നത്. യൂറോപ്പിലെ പൊതു വസ്ത്ര രീതിതന്നെയാണ് അവിടത്തെ മുസ്‌ലിംകളും പൊതുവില്‍ പിന്തുടരുന്നത്; അതില്‍ ഔറത്തുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങള്‍കൂടി പാലിക്കുന്നുവെന്നു മാത്രം. അറബികള്‍ നീണ്ട്, അയഞ്ഞ ഥൗബ്/ഖമീസ് എന്ന് വിളിക്കുന്ന ഒറ്റ വസ്ത്രം ധരിക്കുന്നു. യൂറോപ്യന്‍-അറേബ്യന്‍ മുസ്‌ലിംകളുടെ വസ്ത്ര രീതിയില്‍നിന്ന് വ്യത്യസ്തമാണ് ഉത്തരേന്ത്യയിലെ മുസ്‌ലിംപുരുഷന്മാരുടെ വസ്ത്രം. പൈജാമയും ജുബ്ബയുമാണ് അവര്‍ അണിയുന്നത്. ഇതാണ് ശരിയായ മുസ്‌ലിം വസ്ത്രം എന്നും അവരില്‍ ചിലര്‍ ധരിക്കുന്നു. ദക്ഷിണേന്ത്യയിലും മലേഷ്യ പോലുള്ള രാജ്യങ്ങളിലുമെത്തുമ്പോള്‍ മുസ്‌ലിംകളുടെ വസ്ത്രരീതി പിന്നെയും മാറുന്നു. അറബികളില്‍ തന്നെ, സുഊദി, ഒമാന്‍, യമന്‍ എന്നിവിടങ്ങളിലെ പുരുഷന്മാരുടെ തലപ്പാവുകള്‍ തമ്മിലെ വ്യത്യാസങ്ങള്‍ നിരീക്ഷിക്കുക. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ തൊപ്പി ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണല്ലോ. രാജസ്ഥാനിലെ രജപുത്രരും മറ്റും പരമ്പരാഗതമായി പ്രത്യേക തലപ്പാവ് ധരിക്കുന്നു. മുസ്‌ലിംകളും ഇതരരുമായ സ്ത്രീകളുടെ വസ്ത്ര രീതികള്‍ ലോകാടിസ്ഥാനത്തില്‍ പരിശോധിച്ചാലും വലിയ വൈവിധ്യത കാണാം. ഭക്ഷണം, വീട്, വീട്ടുപകരണങ്ങള്‍, കൃഷി രീതികള്‍, പാത്രങ്ങള്‍, കായികാഭ്യാസങ്ങള്‍, കലാരൂപങ്ങള്‍, വിവാഹ രീതികള്‍ തുടങ്ങിയവയിലെല്ലാം ദേശീയവും പ്രാദേശികവും ഗോത്രപരവുമൊക്കെയായ വൈവിധ്യങ്ങള്‍ ചരിത്രപരമായിത്തന്നെ ഒരു യാഥാര്‍ഥ്യമാണ്. ഇത്തരം വിഷയങ്ങളിലെല്ലാം പൊതുവില്‍ പാലിക്കേണ്ട ചില മൂല്യങ്ങളും ധാര്‍മിക നിയമങ്ങളും നല്‍കുകയല്ലാതെ, ഇവയെല്ലാം ഒറ്റ രൂപത്തിലേക്കും ശൈലിയിലേക്കും ഏകീകരിക്കാന്‍ ഇസ്‌ലാം അനുശാസിച്ചിട്ടില്ല. 6-7 നൂറ്റാണ്ടുകളിലെ അറേബ്യന്‍ ജീവിതരീതിക്ക് പല പ്രത്യേകതകളുമുണ്ടായിരുന്നു. അവ നബിയുടെയും അനുചരന്മാരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നതും ഹദീസ് ചരിത്ര ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടവയുമാണ്. ആ രീതികളും ശൈലികളും നാട്ടാചാരങ്ങളുടെ ഭാഗം മാത്രമായിരുന്നു, നിയമപരമായ(ശറഈ) അനുശാസനകളല്ല. അതുകൊണ്ട്, നബി അണിഞ്ഞതായി ഹദീസില്‍ വന്നിട്ടുള്ള അറേബ്യന്‍ വസ്ത്രരൂപങ്ങള്‍ അനുകരിക്കുന്നത് സുന്നത്തല്ല. യമനീ നിര്‍മിത വരയന്‍ പുതപ്പ് (ഹിബറ) നബിക്ക് ഇഷ്ടമായിരുന്നുവെന്ന് അനസ് (റ) പറഞ്ഞതായി ഖതാദ നിവേദനം ചെയ്ത പ്രബല ഹദീസിലുണ്ട്.10 നബി ഖമീസ് ധരിച്ചതുകൊണ്ട് മുസ്‌ലിംകള്‍ നീണ്ട അറേബ്യന്‍ വസ്ത്രം ധരിക്കണമെങ്കില്‍, നബി ഇഷ്ടപ്പെട്ടിരുന്നതുകൊണ്ട് മുസ്‌ലിംകള്‍ യമനീ പുതപ്പ് ഇഷ്ടപ്പെടലും സുന്നത്തായിത്തീരാമല്ലോ!
സാധാരണയായി തലയില്‍ തൊപ്പിയോ തട്ടമോ ധരിക്കുന്നത് അറേബ്യന്‍ രീതിയായിരുന്നു. അപ്രകാരം നബിയും ചെയ്തിരുന്നു. തലപ്പാവ് ആദത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തലപ്പാവ് അണിയുന്നതിന് ദീനീ നിയമത്തിന്റെ മാനമോ, പുണ്യകരമായ സുന്നത്തിന്റെ പദവിയോ ഇല്ല. കാരണം, സാധാരണ ജീവിതത്തില്‍ തൊപ്പിയോ തട്ടമോ ഉപയോഗിച്ച് പുരുഷന്മാര്‍ തല മറക്കണം എന്ന് നിര്‍ബന്ധ ശാസനയായോ ഐഛിക ഉപദേശമായോ നബി പറഞ്ഞിട്ടില്ല. നബിയുടെ ആദത്താണ് തല മറക്കല്‍, അതുകൊണ്ട് അത് പുണ്യകരമാണെന്ന് ആരെങ്കിലും വാദിച്ചാല്‍, അബൂജഹ്‌ലിന്റെയും ആദത്തായിരുന്നു തല മറക്കല്‍ എന്ന മറുവാദവുമുണ്ട്. 'ഓരോ ദേശത്തെയും ജനങ്ങളുടെയും പൊതുവസ്ത്രമാണ് അവിടങ്ങളിലെ മുസ്‌ലിംകള്‍ അണിയേണ്ടത്. ആ വിധത്തില്‍ നബി അണിഞ്ഞ അറേബ്യന്‍ വസ്ത്രരീതിയില്‍പെട്ടതായിരുന്നു തലപ്പാവ്. അത് അനുവദിക്കപ്പെട്ട ആചാരമാണ്, അല്‍ആദാത്തു വല്‍മുബാഹാത്ത് എന്ന ഗണത്തിലാണ് അതുള്‍പ്പെടുക' എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. തലപ്പാവ് അറബികളുടെ ആചാരമാണെന്ന് ഇമാം മാലിക് രേഖപ്പെടുത്തിയിട്ടുണ്ട്.11 'നബി തലപ്പാവ് ധരിച്ചത് അല്ലാഹുവിന്റെ സാമീപ്യം ഉദ്ദേശിച്ചല്ല, ആദത്ത് അനുസരിച്ചാണ്. തല മറക്കാന്‍ നബി പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇതിലൊന്നും നബിമാതൃകയില്ല എന്നാണ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നത്. ഒരാള്‍ തല മറച്ചതുകൊണ്ട് പ്രതിഫലാര്‍ഹനോ, തല മറക്കാതിരുന്നതിനാല്‍ ശറഇയ്യായി ആക്ഷേപാര്‍ഹനോ ആകുന്നില്ല.'12 ശൈഖ് ഇബ്‌നുബാസ്, ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്, ശൈഖ് അബ്ദുല്ല ജദ്ആന്‍, സ്വാലിഹുല്‍ ഫൗസാന്‍, ശൈഖ് ഇബ്‌നു ഉസൈമീന്‍ തുടങ്ങിയ ആധുനിക സലഫി പണ്ഡിതന്മാര്‍ ഉള്‍പ്പെട്ട ഫത്‌വാ സമിതി, 'തലപ്പാവ് സുന്നത്താണെന്നത് തെറ്റിദ്ധാരണയാണ്, അത് ആദത്ത് മാത്രമാണ്, ഓരോരുത്തരും അവരവരുടെ നാട്ടിലെ രീതിയാണ് സ്വീകരിക്കേണ്ടത്' എന്ന് കൃത്യമായി പറഞ്ഞതു കാണാം.13 തലപ്പാവ് ധരിക്കല്‍ പൗരുഷത്തിന്റെ അടയാളമാണെന്ന് പറഞ്ഞവരെ പണ്ഡിതന്മാര്‍ ഖണ്ഡിച്ചതും കാണാം; 'സത്യസന്ധത, പ്രയാസപ്പെടുന്ന സഹോദരങ്ങളെ സഹായിക്കുക, സമൂഹത്തിന് നന്മയും സേവനവും ചെയ്യുക, അയല്‍വാസികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തടുക്കുക, ജീവിത ചര്യകളില്‍ മുഴുവന്‍ ഉത്തമ സ്വഭാവ സംസ്‌കാരം ദീക്ഷിക്കുക തുടങ്ങിയവയാണ് വ്യക്തിത്വത്തിന്റെയും പൗരുഷത്തിന്റെയും അടയാളങ്ങള്‍. നാട്ടിലെ പൊതുരീതിയില്‍നിന്ന് അഭികാമ്യമല്ലാത്ത വിധം വേറിട്ടു നില്‍ക്കാതെ സൂക്ഷ്മത പുലര്‍ത്തണമെന്നാണ് പണ്ഡിതാഭിപ്രായങ്ങളുടെ സാരാംശം.'14 അപ്രധാനമായ ചിഹ്നങ്ങളിലേക്ക് ഇസ്‌ലാമിനെ ചുരുക്കാതെയും ചര്‍ച്ചകള്‍ അതില്‍ കേന്ദ്രീകരിക്കാതെയും ആദര്‍ശ
വും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ശരിയായ സമീപനമെന്നാണ് ഇത് പഠിപ്പിക്കുന്നത്.
എന്നാല്‍, തലപ്പാവ്/തൊപ്പി ധരിക്കല്‍ നബിചര്യയാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. നമസ്‌കാരത്തില്‍ തല മറക്കല്‍ സുന്നത്താണെന്ന അഭിപ്രായം ശാഫിഈ മദ്ഹബുകാരനായ ഇബ്‌നു ഹജറുല്‍ ഹൈഥമി പ്രകടിപ്പിച്ചിട്ടുണ്ട്; നബി തല മറച്ചിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. നമസ്‌കാരത്തില്‍ തല മറക്കാതിരിക്കുന്നത് വെറുക്കപ്പെട്ടതായാണ് (മക്‌റൂഹ്) ഹനഫീ മദ്ഹബ് കാണുന്നത്, നമസ്‌കാരത്തില്‍ തല മറക്കുന്നത് ഭക്തിയുടെയും വിനയത്തിന്റെയും ഭാഗമാണ് ഹനഫീ മദ്ഹബില്‍. എന്നാല്‍, ഇഹ്‌റാമിലെ നമസ്‌കാരത്തിലൊന്നും നബി തല മറച്ചിരുന്നില്ല എന്നത് ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്. അതിനാല്‍ നമസ്‌കാരത്തെക്കുറിച്ച ഹനഫീ വീക്ഷണം ശരിയല്ലെന്നാണ് മറുപക്ഷം.
നബി തല മറച്ചിരുന്നതായി വിവരിക്കുന്ന ചില ഹദീസുകളാണ് അത് സുന്നത്താണെന്ന് വാദിക്കുന്നവര്‍ക്കുള്ള തെളിവ്. അത്തരം ഹദീസുകളെല്ലാം ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.15 'നിങ്ങള്‍ തലപ്പാവ് ധരിക്കുക, വിവേകം വര്‍ധിക്കും' എന്ന ദുര്‍ബലമായ ഹദീസ് ഉദാഹരണമാണ്. 'ഇവയില്‍ ഒന്ന് മറ്റൊന്നിനേക്കാള്‍ ദുര്‍ബലമാണെന്ന്' ഇമാം സഖാവി പറയുന്നു.16 'തലപ്പാവിനെ സംബന്ധിച്ച ഹദീസൊന്നും തന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് സ്ഥിരപ്പെടാത്തതുകൊണ്ടാകണം ഇമാം ബുഖാരി ഇതു സംബന്ധിച്ച അധ്യായത്തില്‍ ഒന്നും പറയാതിരുന്നത്' എന്നാണ് ഇമാം ഐനീ രേഖപ്പെടുത്തിയിട്ടുള്ളത്.17
ഇനി ഇതു സംബന്ധിച്ച ഹദീസുകള്‍ വാദത്തിനു വേണ്ടി വിശകലനം ചെയ്തു നോക്കുക. തലമറക്കല്‍ മുസലിംകള്‍ പിന്തുടരേണ്ട നബിചര്യയാണെന്നതിന് അവയൊന്നും മതിയായ തെളിവല്ല.
ഒന്ന്, മക്കാവിജയവേള. ജാബിര്‍ (റ) പറയുന്നു: നബി വിജയദിനത്തില്‍ മക്കയില്‍ പ്രവേശിക്കുമ്പോള്‍ കറുത്ത തലപ്പാവ് അണിഞ്ഞിരുന്നു.18 വിജയ ദിനത്തില്‍ മക്കയില്‍ പ്രവേശിക്കുമ്പോള്‍ നബി കറുത്ത മഗ്ഫര്‍ ധരിച്ചിരുന്നതായി ശറഹു മുസ്‌ലിമില്‍ ഇമാം നവവി രേഖപ്പെടുത്തിയിട്ടുണ്ട്.19 അന്നേ ദിവസം നബി പ്രസംഗിക്കുമ്പോള്‍ കറുത്ത തലപ്പാവ് ധരിച്ചിരുന്നതായി ഒട്ടേറെ നിവേദനങ്ങളുണ്ട്.20
രണ്ട്, മിമ്പറിലെ ഖുത്വ്ബ. ജഅ്ഫറുബ്‌നു അംറുബ്‌നു ഉമയ്യ പറയുന്നു: നബി മിമ്പറില്‍ നില്‍ക്കുമ്പോള്‍ കറുത്ത തലപ്പാവ് ധരിച്ചത് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ അറ്റം രണ്ട് ചുമലുകള്‍ക്കിടയില്‍ താഴ്ത്തിയിട്ടിരുന്നു.21 ജഅ്ഫറുബ്‌നു അംറുബ്‌നു ഹുറൈസ് തന്റെ പിതാവില്‍നിന്ന് ഇതേ ആശയത്തിലുള്ള ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. തലപ്പാവിന്റെ രണ്ട് അറ്റങ്ങള്‍ രണ്ട് ചുമലുകള്‍ക്കിടയില്‍ ഇറക്കിയിട്ടതായാണ് ഇതില്‍ പറയുന്നത്.22
മൂന്ന്, സൈനിക നേതൃത്വം. അബ്ദുല്ലാഹിബ്‌നു ഉമറിനോട് ഒരാള്‍ 'താങ്കള്‍ തലപ്പാവിന്റെ അറ്റം താഴ്ത്തിയിടുന്നത് എന്തിനാണെ'ന്ന് സംശയം ചോദിച്ചു. ഇബ്‌നു ഉമറിന്റെ വിശദീകരണം ഇങ്ങനെ ആയിരുന്നു; നബി(സ) അബ്ദുര്‍റഹ്മാനു ബ്‌നു ഔഫിനെ നായകനാക്കി ഒരു സൈന്യത്തെ നിയമിച്ചു. അവര്‍ക്ക് ഒരു കൊടി കെട്ടിക്കൊടുത്തു. അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന് കറുത്ത ഒരു തലപ്പാവ് (കറാബീസ്) ഉണ്ടായിരുന്നു. നബി(സ) അദ്ദേഹത്തെ അടുത്തു വിളിച്ച് തലപ്പാവ് അഴിച്ച് കെട്ടിക്കൊടുത്തു. നാല് വിരല്‍ നീളത്തില്‍ അതിന്റെ അറ്റം നീട്ടിയിട്ടു. ഇപ്രകാരം തലപ്പാവ് അണിയുക, ഇതാണ് ഉത്തമവും സുന്ദരവും എന്ന് പറയുകയും ചെയ്തു.'23 ഇതുകൊണ്ടാണ് താനും അപ്രകാരം ചെയ്യുന്നതെന്നര്‍ഥം. ഇബ്‌നു ഉമറിന്റെ നിവേദനങ്ങള്‍ വേറെയുമുണ്ട്.24
തലപ്പാവ് / തൊപ്പി ധരിക്കല്‍ പുണ്യകരമായ സുന്നത്താണെന്ന് പറയാന്‍ ഈ ഹദീസുകളൊന്നും തെളിവാകുന്നില്ല. കാരണം; ഒന്ന്, നബി തലപ്പാവ് ധരിച്ചിരുന്നു എന്നത് സംഭവ വിവരണം മാത്രമാണ്. തലപ്പാവ് ധരിക്കല്‍ പുണ്യമാണെന്ന് നബി ഇതിലൊന്നിലും മറ്റൊരിടത്തും പഠിപ്പിച്ചിട്ടില്ല. നബി(സ) തലപ്പാവ് ധരിച്ചിരുന്നുവെന്ന ചരിത്രവിവരണം തന്നെ സുന്നത്തിന് തെളിവാണെങ്കില്‍, നബി വേഷ്ടിയും (ഇസാര്‍), മേല്‍മുണ്ടും (രിദാഅ്-മേലങ്കി) അണിഞ്ഞിരുന്നതായി ഹദീസിലുള്ളതുകൊണ്ട്25 അവയും സുന്നത്തായി അനുഷ്ഠിക്കേണ്ടിവരും. നബി ഒട്ടകപ്പുറത്ത് ഇരുന്ന് ത്വവാഫ് ചെയ്യുകയും അറഫാ പ്രസംഗം നടത്താന്‍ വരികയും ചെയ്തതായി ഹദീസിലുള്ളതുകൊണ്ട്26 അതും സുന്നത്തായി പരിഗണിക്കേണ്ടിവരില്ലേ? രണ്ട്, നബി കറുത്ത തലപ്പാവാണ് അണിഞ്ഞിരുന്നതെന്ന് എല്ലാ നിവേദനങ്ങളിലും കാണുന്നു. ഇതില്‍ ആര്‍ക്കും അഭിപ്രായാന്തരമില്ല. അപ്പോള്‍, ഈ ഹദീസുകള്‍ അനുസരിച്ച് തലപ്പാവ് സുന്നത്താണെങ്കില്‍ കറുത്ത തലപ്പാവാണ് നബിചര്യയെന്ന് പറയേണ്ടിവരും. അതിന് ചുമലിലേക്ക് ഒരു വാലും തൂക്കിയിടണം. വെളുത്ത വസ്ത്രം ഉത്തമമാണെന്ന് പഠിപ്പിച്ച നബി കറുത്ത തലപ്പാവ് അണിഞ്ഞിട്ടുണ്ടെങ്കില്‍ അതിനര്‍ഥം, വസ്ത്രം വെളുത്തതും തലപ്പാവ് കറുത്തതും ആകണമെന്നായിരിക്കുമല്ലോ. പക്ഷേ, തല മറക്കല്‍ സുന്നത്തായി കാണുന്നവര്‍ വ്യാപകമായി വെളുത്ത തലപ്പാവാണ് ഉപയോഗിക്കുന്നത്. ഇത് ഹദീസിനോട് യോജിക്കുന്നതല്ലല്ലോ.
മൂന്ന്: തലപ്പാവ് പ്രാദേശിക ആചാരമാണ് എന്നതിന്റെ ഒരു തെളിവ് ഹജ്ജിലെ ഇഹ്‌റാമില്‍ തലപ്പാവ് അണിയാന്‍ അനുവാദമില്ല എന്നതാണ്. ഹജ്ജില്‍ തലപ്പാവോ ഖമീസോ ധരിക്കരുതെന്ന് നബി പഠിപ്പിച്ചിട്ടുണ്ട്.27 വിവിധ ദേശങ്ങളിലെ ആചാരമനുസരിച്ച് തലപ്പാവ് അണിയുന്നവരും അണിയാത്തവരും ഹജജിന് വരും. അവരുടെയെല്ലാം വസ്ത്രം ഏകീകരിക്കുമ്പോള്‍ തലപ്പാവ് അണിയുന്ന പ്രദേശത്തുകാര്‍ അത് അഴിച്ചുവെക്കണം എന്നാണ് ദീനീനിയമം. തലപ്പാവ് അണിയാത്ത ദേശക്കാരും കൂടി അത് അണിയട്ടെ എന്നല്ല ശാസന. അതിനര്‍ഥം ഇത് നാട്ടാചാരമാണ് എന്നത്രെ. അല്ലാഹുവിനോടുള്ള ബഹുമാന സൂചകമായിട്ടാണ് നാട്ടാചാരം വേന്നെുവെക്കുന്നത് എന്നും പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നത് ശ്രദ്ധേയമാണ്.28
നാല്: വിവിധ ദേശങ്ങളില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ചവരോട് തലപ്പാവ് ധരിക്കാന്‍ നബിയോ അനുചരന്മാരോ നിര്‍ദേശിച്ചതിന് തെളിവൊന്നുമില്ല. നിത്യജീവിതത്തില്‍ സത്യവിശ്വാസികള്‍ തലപ്പാവ് ധരിക്കല്‍ സുന്നത്താണെന്നും പണ്ഡിതന്മാര്‍ ഖണ്ഡിതമായി പറഞ്ഞിട്ടില്ല. പ്രാദേശിക രീതികളും വ്യക്തിയുടെ ഇഷ്ടങ്ങളുമനുസരിച്ച് തലപ്പാവ്/തൊപ്പി/തട്ടം തുടങ്ങിയവ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ആകാം. ഇന്ന് ലോകത്ത് മുസ്‌ലിംകളും അമുസ്‌ലിംകളും പ്രദേശം/തൊഴില്‍/കാലാവസ്ഥ തുടങ്ങിയവക്കനുസരിച്ച് പലവിധത്തിലുള്ള തലപ്പാവ്/തൊപ്പി ധരിക്കുന്നത് കാണാം. അത് അനുവദനീയമാണ്. എന്നാല്‍, ഇസ്‌ലാം പൊതുവില്‍ ഇതൊരു ചിഹ്നമായി അംഗീകരിക്കുകയോ നിര്‍ബന്ധമോ ഐഛികമോ ആയ പുണ്യകര്‍മമായി പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല.
അഞ്ച്: സവിശേഷ സന്ദര്‍ഭങ്ങളില്‍ അനുയോജ്യമായ തലപ്പാവുകള്‍ ധരിക്കുന്നത് സര്‍വാംഗീകൃത രീതിയാണ്. യൂനിവേഴ്‌സിറ്റികള്‍ ബിരുദദാന വേളകളില്‍ ദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും നല്‍കുന്ന പ്രത്യേക തലപ്പാവുകള്‍ ഉദാഹരണം. നബി(സ) ചില സന്ദര്‍ഭങ്ങളില്‍ തലപ്പാവ് ധരിച്ചതും അണിയിച്ചതും ഈ സവിശേഷ അര്‍ഥത്തിലാണ്. മക്കാ വിജയവേളയില്‍ അതൊരു ജേതാവിന്റെ പ്രൗഢിയാണ്, മിമ്പറിലും നമസ്‌കാരത്തിലെ ഇമാമത്തിലും അതൊരു നേതാവിന്റെ അടയാളമാകാം. സൈനിക നേതാവ് എന്ന നിലയില്‍ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന്റെ തലപ്പാവ് ശരിപ്പെടുത്തിയത് മറ്റൊരു ഉദാഹരണം. അതു തന്നെ ഐഛികമാണ്. പ്രത്യേക തലപ്പാവ് അണിയണമെന്ന് നബി അദ്ദേഹത്തോട് നിര്‍ദേശിക്കുകയായിരുന്നില്ല, അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം അണിഞ്ഞുവന്നത് ഭംഗിയാക്കുക മാത്രമാണ് നബി ചെയ്തത്. മറ്റു പല ഘട്ടങ്ങളില്‍ നബി നിയോഗിച്ച സൈനിക നേതൃത്വങ്ങള്‍ക്ക് ഇവ്വിധം തലപ്പാവ് അണിയിച്ചതിന് തെളിവൊന്നുമില്ല. മാത്രമല്ല, പല രൂപത്തിലുള്ള തലപ്പാവുകളാണ് പലപ്പോഴായി നബി അണിഞ്ഞത്. സന്ദര്‍ഭത്തിനു യോജിച്ചത് ധരിക്കുന്ന രീതിയാണിത് സൂചിപ്പിക്കുന്നതെന്നും അതില്‍ സുന്നത്തില്ലെന്നും പണ്ഡിതന്മാര്‍ നിരീക്ഷിച്ചതും ഇവിടെ ശ്രദ്ധേയമാണ്.29 തല മറക്കുന്നതിലെ അഭിമാനവും ആക്ഷേപവും സ്ഥലകാലങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്ന് ഇമാം ശാത്വിബി നിരീക്ഷിച്ചതും അത് ആദത്തായതുകൊണ്ടാണ്.30
നബിയുടെ സുന്നത്തുല്‍ ആദത്ത്, സുന്നത്തുല്‍ ഇബാദത്തായി മാറിയതാണ് തലപ്പാവിന്റെ വിഷയത്തില്‍ ചിലര്‍ സ്വീകരിച്ച സമീപനം. സുന്നത്തും ആദത്തും വേര്‍തിരിക്കുന്നതിലെ അജ്ഞതയോ അബദ്ധധാരണയോ ആണിതിന് കാരണം.
(തുടരും)
കുറിപ്പുകള്‍
1. മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനി, ബൈന സുന്നത്തില്‍ ആദത്തി വ സുന്നത്തില്‍ ഇബാദത്തി ംംം.മഹമെറശൂമ.രീാ
2. തയ്‌സീറുത്തഹ്‌രീര്‍, മുഹമ്മദ് അമീന്‍ 2/20, അല്‍മദ്ഖലുല്‍ ഫിഖ്ഹീ അല്‍ആം 2 /836.
3. അത്തഅ്‌രീഫാത്തു ലില്‍ ജുര്‍ജാനി -127.
4. അല്‍ഉര്‍ഫു വഅസറുഹു ഫില്‍അഹ്കാം, മുഹമ്മദ് ജമാല്‍ അലി -22.
5. 'അല്‍ആദാത്തു ഇബാദാത്തുന്‍, അസ്സാബിത്തു ബില്‍ ഉര്‍ഫി കസ്സാബിത്തു ബിന്നസ്സ്വ്' എന്നീ തലക്കെട്ടിലുള്ള ചര്‍ച്ചകള്‍ വിഷയത്തിന്റെ മറ്റൊരു തലമാണ്.
6. ബുഖാരി, മുസ്‌ലിം നിവേദനം ചെയ്ത അനസിന്റെയും ബര്‍റാഇന്റെയും ഹദീസുകള്‍.
7. ഫത്ഹുല്‍ബാരി 10/360
8. ബൈന സുന്നത്തില്‍ ആദ വസുന്നത്തില്‍ ഇബാദ, മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനി, ംംം.മഹമെറശൂമ.രീാ
9. ബുഖാരി 55/37, മുസ്‌ലിം 19/45, ഫത്ഹുല്‍ ബാരി 9/664
10. ബുഖാരി -5812, മുസ്‌ലിം -2079
11. അല്‍ മുന്‍തഖാ ശറഹുല്‍ മുവത്വ ലില്‍ബാജീ 7/219.
12. അഫ്ആലുര്‍റസൂല്‍ ലില്‍അശ്ഖര്‍, 1/2 25.
13. ഫതാവാ ലജ്‌നത്തിദ്ദാഇമ 24/42, വേേു:െ//ശഹെമാൂമ.ശിളീ/മൃ/113894
14. തൗളീഹുല്‍ അഫ്കാര്‍, അമീര്‍ അസ്സന്‍ആനീ.
15. കശ്ഫുല്‍ ഖഫാഅ്, അല്‍ അജലൂനി, 2/94.
16. അല്‍ മഖാസിദുല്‍ ഹസന 466.
17. ഉംദത്തുല്‍ ഖാരീ, 21/3 07.
18. തുഹ്ഫത്തുല്‍ അഹ്വദി.
19. മഗ്ഞര്‍ - രോമത്തൊപ്പി, ഇരുമ്പ്‌തൊപ്പി, തലമക്കന.
20. സുനനുത്തിര്‍മിദി, കിതാബുല്ലിബാസ്, അസ്സുനനുല്‍ കുബ്‌റാ
21. സുനനുന്നസാഈ, കിതാബുസ്സീനത്ത്.
22. മുസ്‌ലിം, തിര്‍മിദി, അബുദാവൂദ് 'നസാഈ, ഇബ്‌നുമാജ-3587
23. ബൈഹഖി, ശുഅബുല്‍ ഈമാന്‍
24. തുഹ്ഫത്തുല്‍ അഹ്‌വദി.
25. ഫൈദുല്‍ ഖദീര്‍ 5/82
26. മുസ്‌ലിം, സുനനു അബൂദാവൂദ്,
സാദുല്‍ മആദ്
27. അബ്ദുല്ലാഹിബ്‌നു ഉമറിന്റെ ഹദീസ്, ബുഖിരിയും മുസ്‌ലിമും ഉദ്ധരിച്ചത്.
28. ഫൈദുല്‍ ഖദീര്‍ മുനാവി, 4 /429.
29. ഗിദാഉല്‍ അല്‍ബാബ് ഫീ ശറഹി മന്‍ളുമത്തില്‍ ആദാബ്, അസ്സഫാരീനി, 2/246.
30. അല്‍ മുവാഫഖാത്ത്, 2/284.
Comments