Prabodhanm Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

ജനങ്ങളില്‍ ഒരുവനായി ദൈവദൂതന്റെ ജീവിതം

ബര്‍ണബി റോജേഴ്‌സണ്‍

പ്രവാചകന്റെ പെരുമാറ്റ രീതി, ലളിതമായി പറഞ്ഞാല്‍ മനുഷ്യന്റെ തുല്യതയെക്കുറിച്ച സഹജമായ ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മദീനയില്‍ അദ്ദേഹം ചെലവിട്ട വര്‍ഷങ്ങള്‍ ശരിയായ ഉദാഹരണമാണ്. ജനാംഗീകാരം നേടിയെടുക്കേണ്ട ഒരാള്‍ക്ക് കളങ്കരഹിതമായി ജീവിക്കുന്നത് പ്രയാസമുള്ള കാര്യമല്ല. എന്നാല്‍, അധികാരത്തിന്റെ ഉന്നത ശ്രേണിയിലെത്തിയ ഒരാള്‍ക്ക് ഇത് എളുപ്പമല്ല.

തന്നെ പരിരക്ഷിക്കുന്ന അംഗരക്ഷകന്റെയോ കാവല്‍ക്കാരന്റെയോ പിന്നില്‍ മുഹമ്മദ് ഒളിച്ചിരുന്നില്ല. യുദ്ധകാലത്ത് അദ്ദേഹത്തിന്റെ പ്രവേശനകവാടത്തിന് കുറുകെ കിടന്നുറങ്ങാന്‍ സന്നദ്ധരായ  രണ്ട്  പേരുണ്ടായിരുന്നു. എന്നാല്‍ ഇതുപോലും വിരളമായേ അനുവര്‍ത്തിക്കപ്പെട്ടുള്ളൂ. തന്നോട് സംസാരിക്കാനുദ്ദേശിക്കുന്ന ആര്‍ക്കും അദ്ദേഹത്തെ ലഭ്യമായിരുന്നു. വിശ്വാസി സംഘത്തിലെ ആര്‍ക്കും ദിനേന പ്രാര്‍ഥനക്കു ശേഷം അദ്ദേഹത്തോട് എന്തെങ്കിലും പറയാനുള്ള അവസരമുണ്ടായിരുന്നു. രാവിലെയുള്ള പ്രാര്‍ഥനക്കു ശേഷം തന്റെ അനുചരരില്‍ ആരെങ്കിലും രോഗികളാണോ എന്നന്വേഷിച്ച് അവരെ സന്ദര്‍ശിക്കല്‍ അദ്ദേഹത്തിന്റെ ശീലമായിരുന്നു. ആരെങ്കിലും മരിച്ചാല്‍ മൃതദേഹം വസ്ത്രം കൊ് പൊതിയാന്‍ സഹായിക്കുകയും ചരമശുശ്രൂഷയും പ്രാര്‍ഥനയും നിര്‍വഹിക്കുകയും ചെയ്തു.

തന്റെ സാന്നിധ്യമറിഞ്ഞ് ആരെങ്കിലും എഴുന്നേറ്റാല്‍ എല്ലാ മനുഷ്യരോടും ബഹുമാനം കാണിക്കുന്നതിനുള്ള അവരുടെ രീതിയാണെങ്കില്‍ മാത്രമേ അങ്ങനെ ചെയ്യാവൂ എന്ന് അദ്ദേഹം നിര്‍ദേശിക്കും. തനിക്കുവേണ്ടി മാത്രമായി എഴുന്നേറ്റുനില്‍ക്കുന്നവരോട് അദ്ദേഹം ഇരിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. 'ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രം. നിങ്ങളെപ്പോലെ ഭക്ഷിക്കുന്നു. ക്ഷീണം തോന്നുമ്പോള്‍ നിങ്ങളെപ്പോലെ വിശ്രമിക്കുന്നു' എന്ന് അവരോടദ്ദേഹം പ്രഖ്യാപിക്കും. 

മറ്റുള്ളവര്‍ ജോലി ചെയ്യുമ്പോള്‍ മുഹമ്മദ് സ്വസ്ഥമായി ഇരിക്കാറില്ലായിരുന്നു. ഒരിക്കല്‍ നാല് അനുചരന്മാരോടൊപ്പം മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോള്‍ അദ്ദേഹവും സംഘവും ഒരിടത്ത് തങ്ങി. ഒരാള്‍ ആടിനെ അറുക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോള്‍ മറ്റൊരാള്‍ തോലുരിക്കാമെന്നും മൂന്നാമന്‍ പാകം ചെയ്യാമെന്നും അറിയിച്ചു. ഇതുകേട്ട നബി എഴുന്നേറ്റ് വിറകുകള്‍ ശേഖരിക്കാന്‍ തുടങ്ങിയപ്പോള്‍ നബിയോട് അവിടെത്തന്നെയിരിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. 'എന്റെ സഹായം കൂടാതെ തന്നെ ഇതെല്ലാം നിങ്ങള്‍ ചെയ്യുമെന്ന് എനിക്കറിയാം. പക്ഷേ സുഹൃത്തുക്കളില്‍നിന്ന് വേറിട്ടുനില്‍ക്കാന്‍ ആഗ്രഹമില്ല' എന്നായിരുന്നു നബിയുടെ മറുപടി. ഇത്രത്തോളം നബി സേവകരെ ജോലിയില്‍ സഹായിച്ചു. പ്രവാചകന്റെ അവസാനത്തെ പത്തു വര്‍ഷങ്ങളില്‍ സേവകനായിരുന്ന അനസുബ്‌നു മാലിക് പറഞ്ഞു: ''ഞാനദ്ദേഹത്തെ സേവിച്ചതിനേക്കാള്‍ അദ്ദേഹം എന്നെ സേവിച്ചു. എന്നോടദ്ദേഹം ഒരിക്കലും കോപിച്ചിട്ടില്ല, മോശമായി പെരുമാറിയിട്ടില്ല.''

ഭൃത്യരോ കുട്ടികളോ അദ്ദേഹത്തെ വിളിച്ചാല്‍ ആധിപത്യസ്വഭാവത്തില്‍ പെരുമാറാതെ അവരെ മുന്നില്‍ നടത്താനുള്ള മാന്യത കാട്ടി. മദീനയില്‍ പ്രാദേശിക സമ്പ്രദായമനുസരിച്ച് ഭൃത്യന്റെ കൈപിടിച്ചാണ് അദ്ദേഹം നടന്നിരുന്നത്. മറ്റുള്ളവര്‍ക്ക് സേവനമര്‍പ്പിക്കുന്നവനാണ് സമൂഹത്തില്‍ ഏറ്റവും സ്‌നേഹിക്കപ്പെടുന്നവന്‍ എന്ന തത്ത്വം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. 

മറ്റുള്ളവരുടെ കണ്ണുകളിലേക്ക് അപൂര്‍വമായി മാത്രം നോക്കിയ ലജ്ജാലുവായിരുന്നു  അദ്ദേഹം. ശക്തവും പ്രാതിഭാസികവുമായ നോട്ടമോ വാചകമടിയോ അദ്ദേഹം പുലര്‍ത്തിയില്ല. ഏവരോടും പുഞ്ചിരിക്കുകയും സ്വന്തം ഊഴത്തിനായി കാത്തിരുന്ന് ചുരുക്കി മാത്രം സംസാരിക്കുകയും ചെയ്തു. കേള്‍ക്കാത്ത ശ്രോതാക്കള്‍ക്കായി വാക്കുകളോരോന്നും ആവര്‍ത്തിച്ചുപറയാന്‍ മടിച്ചിരുന്നില്ല. യോഗസ്ഥലത്ത് തനിക്കായി ഇരിപ്പിടം ഒഴിച്ചിടാന്‍ അനുവദിച്ചിരുന്നില്ല. ഒഴിവുള്ളിടത്ത് ഇരിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. 

അറബികള്‍ക്കുണ്ടായിരുന്ന മേലാളിത്തഭാവങ്ങളെ  തള്ളിപ്പറഞ്ഞ അദ്ദേഹം  കഴുതപ്പുറത്തോ കോവര്‍കഴുതപ്പുറത്തോ സസന്തോഷം യാത്ര ചെയ്തു. ഒട്ടകമോ കുതിരയോ മറ്റൊരാളുമായി പങ്കിടാനും അദ്ദേഹത്തിന് സന്തോഷമായിരുന്നു. ഇത് ആലോചിച്ചുറപ്പിച്ച തീരുമാനമായിരുന്നു. കാരണം ചെറുപ്പം മുതലേ അദ്ദേഹം ഏതൊരു അറബിയെയുംപോലെ ഒട്ടകപ്പുറത്തുള്ള യാത്രയുടെ ഉപചാരക്രമങ്ങള്‍ സ്വായത്തമാക്കുകയും പ്രിയപ്പെട്ട മൃഗങ്ങളുടെ സഹവാസം ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഏത് അറബിയെയും പോലെ ഒട്ടകപ്പുറത്തേറിയ യാത്ര നബിക്കും ഹരമായിരുന്നു. ഒട്ടകത്തെ നല്ലപോലെ മെരുക്കാനും പരിചരിക്കാനും ചെറുപ്പം മുതലേ അദ്ദേഹം പരിശീലനം നേടി. ഏതൊരു മൃഗസംരക്ഷകനെയുംപോലെ താന്‍ ഭക്ഷിക്കും മുമ്പേ ഒട്ടകം തിന്നുകയും കുടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി. മൃഗങ്ങള്‍ വെള്ളം കുടിച്ചുതീരും വരെ ബക്കറ്റുമായി അദ്ദേഹം ക്ഷമയോടെ കാത്തുനിന്നു. കുതിരയുടെ മുഖവും കണ്ണുകളും അദ്ദേഹം കൂടെക്കൂടെ തുടച്ചുകൊടുത്തു. ചെറുപ്പത്തില്‍ വളര്‍ത്തഛനെയും മുത്തഛനെയും മറ്റും സഹായിച്ചപോലെ  മുതിര്‍ന്നപ്പോള്‍ ഈ പ്രവൃത്തികള്‍ ചെയ്യാന്‍ കൂടുതലായി മറ്റുള്ളവരെയും അനുവദിച്ചു.

പ്രവാചകന്റെ കാലത്തുള്ള ഭരണാധികാരികള്‍ മനോജ്ഞമായ മണിമന്ദിരങ്ങളിലിരുന്ന് രാജകീയ പ്രൗഢിയുള്ള വെള്ളിപ്പാത്രങ്ങളില്‍ ഭക്ഷിക്കുന്നവരായിരുന്നു. മുഹമ്മദ് പക്ഷേ തുറന്നസ്ഥലത്ത് നിലത്തിരുന്ന് ഭക്ഷിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. മേശയോ ട്രേയോ പരവതാനിയോ ഉണ്ടായിരുന്നില്ല. പകരം പനയോല നിലത്തിട്ടിരുന്നു. ദൈവത്തിന്റെ വരദാനമായ ഭക്ഷണം മറ്റുള്ളവരുമായി പങ്കുവെക്കുകയെന്നത് വിശുദ്ധ കര്‍മമായി പ്രവാചകന്‍ കരുതി. അദ്ദേഹം പ്രഖ്യാപിച്ചു: ''ഒരാളുടെ ഭക്ഷണം രണ്ടുപേര്‍ക്കും രണ്ടുപേരുടേത് നാല് പേര്‍ക്കും നാല് പേരുടേത് എട്ടുപേര്‍ക്കും മതിയാകുന്നതാണ്.'' ഈ സമീപനമാകട്ടെ അദ്ദേഹത്തിന്റെ ഭാര്യമാരെ ചിലപ്പോഴൊക്കെ  അസ്വസ്ഥരാക്കിയിരുന്നു. കാരണം ബാര്‍ലിയും ഈത്തപ്പഴവും കാര്യമായൊന്നും ശേഖരിച്ചു വെക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല; ഉള്ളതുതന്നെ പാവങ്ങള്‍ക്കും അപരിചിതര്‍ക്കും കൊടുത്ത് നിരന്തരം കുറഞ്ഞുകൊണ്ടുമിരുന്നു. ഭക്ഷണം പങ്കുവെക്കാനുള്ള ഈ മനോഭാവവും ആതിഥ്യമര്യാദയും പാരമ്പര്യമുസ്‌ലിം സമൂഹത്തെയും പാശ്ചാത്യലോകത്തേയും വേര്‍തിരിക്കുന്ന പ്രധാന പ്രവണതയാണ്.  ഇവിടെ എല്ലാ മഹത്വവും ഉദാരതയും ഇസ്‌ലാമിന്റെയും, ഹൃദയലോലതയില്ലായ്മ പടിഞ്ഞാറിന്റെയും മുഖമുദ്രയാണ്. ഒരതിഥിയെ ഭക്ഷണമേശയില്‍നിന്നൊഴിവാക്കാന്‍ പടിഞ്ഞാറന്‍ ലോകത്ത് പല പരിചിതമായ ന്യായങ്ങളുമുണ്ട്- മുന്നറിയിപ്പുണ്ടായിരുന്നില്ല; ആവശ്യത്തിന് മുറിയില്ല; ആവശ്യത്തിന് ഭക്ഷണമില്ല; കൂടുതല്‍ പേരുണ്ട് തുടങ്ങിയവ. ഇവയൊന്നും ഇസ്‌ലാമിക പശ്ചാത്തലത്തില്‍ ന്യായങ്ങളല്ല. ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം ഭക്ഷിക്കുക എന്നതായിരുന്നു പ്രവാചകന്റെ രീതി. എല്ലാ അറബികളെയുംപോലെ അദ്ദേഹം തന്റെ വലതുകരം ഇതിനുപയോഗിച്ചു; ഇടതുകരം ശുചീകരണത്തിനും. ആഡംബര ഭക്ഷണത്തോട് അദ്ദേഹം  ഒരിക്കലും താല്‍പര്യം കാണിച്ചില്ല. ബാര്‍ലിപൊടി കൊണ്ട് നിര്‍മിച്ച അപ്പമായിരുന്നു വിലയേറിയ ഗോതമ്പ് മാവിനേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടത്. ഈത്തപ്പഴം, പാല്‍, മട്ടന്‍സൂപ്പ്, ഒലിവെണ്ണയില്‍ മുക്കിയ അപ്പം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ദിനേനയുള്ള വിഭവങ്ങള്‍. കടയില്‍ നേരിട്ട് ചെന്ന് വസ്തുക്കള്‍ വാങ്ങി സ്വയം ഭാര്യമാര്‍ക്കു കൊണ്ടുവന്നുകൊടുക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. 

പ്രവാചകനുമായി ഏറ്റവുമധികം ബന്ധപ്പെടുത്തി പറയുന്നത് ഈത്തപ്പഴമാണ്. തുടര്‍ച്ചയായി രണ്ടു മൂന്നുദിവസങ്ങള്‍ അദ്ദേഹം പലപ്പോഴും വ്രതമനുഷ്ഠിച്ചിരുന്നു. നോമ്പിന് വിരാമം കുറിച്ചിരുന്നത് എപ്പോഴും ഈത്തപ്പഴം കൊണ്ടായിരുന്നു. ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ റമദാനില്‍ പകല്‍ വ്രതം അനുഷ്ഠിക്കുകയും വൈകീട്ട് ഈത്തപ്പഴം കൊണ്ട് വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തനിക്ക് കൂടി ക്ഷണം ലഭിച്ചിട്ടുള്ള പ്രാര്‍ഥനാ സദസ്സുകളില്‍ മുഖ്യഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് മുന്‍പ് ഈത്തപ്പഴവും പാലും ആദ്യം വിളമ്പിയിരുന്നു. അദ്ദേഹം ലോകത്തിന് പഠിപ്പിച്ച പ്രാര്‍ഥനകളും അദ്ദേഹത്തിന് പ്രിയങ്കരമായ ഭക്ഷണങ്ങളും തമ്മില്‍ ഭൗതികമായ, നേരിട്ടുള്ള മൂര്‍ത്തമായ ബന്ധം കണ്ടെത്താനാവും. അരക്കഷ്ണം ഈത്തപ്പഴമാണ് നല്‍കാനുള്ളതെങ്കിലും വീട്ടുപടിക്കലെത്തുന്ന ഒരു ഭിക്ഷാടകനില്‍നിന്നും മുഖം തിരിക്കരുതെന്നും അദ്ദേഹം ഭാര്യമാരോട്  നിര്‍ദേശിച്ചു.

ഇഷ്ടമില്ലാത്ത ഭക്ഷണം ഏതെന്ന് എടുത്തുപറയാതെ ഇഷ്ടപ്പെട്ടത് കഴിക്കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്. ചുവന്നുള്ളിയും വെളുത്തുള്ളിയും പുറപ്പെടുവിക്കുന്ന ഗന്ധം മൂലം  അത് അധികം കഴിക്കുന്നത് ഒഴിവാക്കിയെങ്കിലും വ്യക്തിപരമായ ഈ ശീലങ്ങള്‍ പ്രമാണമായി മാറാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അതുപോലെ അദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാല്‍ തന്റെയടുക്കല്‍ അതില്ല എന്ന് അദ്ദേഹം പറയില്ല. ഉണ്ടെങ്കില്‍ അത് നല്‍കും. കൈവശമില്ലെങ്കില്‍  നിശ്ശബ്ദനായിരിക്കും. മറ്റു വ്യക്തികളുടെ അഭിമാനം സംരക്ഷിക്കാന്‍ ശ്രദ്ധാലുവായ അദ്ദേഹം ആരുടെയും മാനം കളയുന്ന തരത്തില്‍ മുഖത്തുനോക്കി കുറ്റം പറയാറില്ലായിരുന്നു.

മറ്റു രാഷ്ട്രങ്ങളില്‍നിന്നുള്ള അംബാസിഡര്‍മാരെയോ പ്രതിനിധികളെയോ സ്വീകരിക്കുമ്പോള്‍ സന്ദര്‍ഭോചിതമായ വസ്ത്രധാരണ രീതി അദ്ദേഹം അനുവര്‍ത്തിച്ചു. മറ്റെല്ലായ്‌പ്പോഴും ആഡംബരപൂര്‍ണമായ വസ്ത്രങ്ങള്‍ ധരിക്കുന്നതോ സമ്മാനങ്ങള്‍ സ്വീകരിക്കുന്നതോ അദ്ദേഹം ഒഴിവാക്കി.  സ്വര്‍ണത്തെ മേനിനടിക്കലിന്റെയും രാജകീയക്രൂരതയുടേയും പര്യായമായി മനസ്സില്‍ കണ്ട അദ്ദേഹം അതിനോട് വൈമുഖ്യം കാട്ടി. കമ്പിളിയും പരുത്തിയും കൊണ്ടുള്ള ലളിതമായ വെള്ള വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്. ഇവയില്‍ പലതും തന്റെ കുടുംബത്തിലെ സ്ത്രീകള്‍ തുന്നിയവയായിരുന്നു;  സ്വയം വസ്ത്രം തുന്നാനും കേടുപാടുകള്‍ തീര്‍ക്കാനുമാണ് പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നതെങ്കിലും. തുന്നിയ വസ്ത്രങ്ങളേക്കാള്‍ പുതക്കപ്പെടുന്ന വസ്ത്രങ്ങളായിരുന്നു അദ്ദേഹത്തിന് താല്‍പര്യമെന്ന് പറയപ്പെടുന്നു. പുതപ്പു പോലുള്ള നീണ്ട ഷര്‍ട്ടുകളോ കുപ്പായമോ വെള്ളയോ കറുപ്പോ പച്ചയോ തലപ്പാവുകളുമായിരുന്നു മിക്കപ്പോഴും വേഷം. മഞ്ഞ തോല്‍ച്ചെരുപ്പിനോടുള്ള ഇഷ്ടം ഒഴിച്ചുനിര്‍ത്തിയാല്‍ ഈ നിറങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രത്യേക പ്രാധാന്യമൊന്നുമില്ല. തലപ്പാവ് മരുഭൂമിയിലെ ജീവിതത്തിന്റെ അനിവാര്യമായ ഘടകമായിരുന്നു; ധരിക്കുന്ന വ്യക്തിയുടെ കണ്ണ്, ചെവി, വായ എന്നിവയെ സൂര്യന്റെ ചൂടില്‍ നിന്നും മരുഭൂമിയിലെ കാറ്റില്‍ നിന്നും പരിരക്ഷിക്കാന്‍ ഇത് പ്രയോജനകരമായിരുന്നു. ഏതാണ്ട് മൂന്ന് മീറ്റര്‍ നീളമുള്ള വസ്ത്രം തലയില്‍ പലവട്ടം ചുറ്റി കിരീടംപോലെ ചൂടിയിരുന്നു. തലപ്പാവ്  ബൗദ്ധികകേന്ദ്രമായ തലയ്ക്ക് അലങ്കാരവുമായിരുന്നു. ഇത്തരമൊരു വസ്ത്രം കൊണ്ട് തന്നെയാണ് മരണാനന്തരം  വ്യക്തിയെ പുതപ്പിക്കുന്നത് എന്നതുതന്നെ മരണത്തെക്കുറിച്ചുള്ള ബോധം സദാ അങ്കുരിപ്പിക്കാന്‍ പ്രയോജനപ്പെട്ടിരുന്നു. യുദ്ധക്കളത്തില്‍ വെച്ച് മരിച്ചുവീഴുന്നപക്ഷം ഇത് സൗകര്യപ്രദവുമായിരുന്നു. തലപ്പാവിനടിയിലെ മുടിയില്‍ എണ്ണ പുരട്ടുകയും  മുടി വലുതാകുമ്പോള്‍ പിന്നിയിടുകയും ചെയ്തുപോന്നു.

ശുചിത്വത്തിന്റെ വലിയ പ്രണേതാവായിരുന്നു പ്രവാചകന്‍. ഓരോ ആരാധനക്കും മുമ്പേ ശുചീകരണം ബാധ്യതയാക്കി അദ്ദേഹം നിശ്ചയിച്ചു. മുഖവും മുന്‍കൈയും കാലും വിരലുകളും മൂക്കും ചെവിയും കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കപ്പെടേണ്ടതുണ്ടായിരുന്നു. ഇതിനെ വുദൂ (അംഗശുദ്ധി) എടുക്കല്‍ എന്നാണ് പറയുക. വെള്ളം ലഭ്യമല്ലെങ്കില്‍ ശുദ്ധമായ മണ്ണ് ഇതിനായി ഉപയോഗിക്കാം. 

ധാരാളമായി പുഞ്ചിരിക്കുന്ന സ്വഭാവക്കാരനായിരുന്നുവെങ്കിലും വയര്‍ കുലുക്കിയുള്ള പൊട്ടിച്ചിരി വിരളമായിരുന്നു. തമാശ പറയാന്‍ ഇഷ്ടപ്പെട്ട അദ്ദേഹം തന്റെ സമൂഹത്തിന് പുറത്തുള്ളവരും സന്ദര്‍ശനത്തിനെത്തുന്ന വിദേശികളുമായാണ് ഫലിതം അധികവും പങ്കുവെച്ചത്. ഇതില്‍ ചെറുപ്പക്കാരെന്നോ പ്രായമേറിയവരെന്നോ ഉള്ള വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം ചിരി അപൂര്‍വമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതയെയും സമചിത്തതയെയും കുറിച്ച് അന്വേഷിച്ചപ്പോള്‍ പ്രവാചകന്റെ പ്രസിദ്ധമായ     മറുപടി             ഇതായിരുന്നു:    ''നിങ്ങളില്‍ ഏറ്റവുമധികമായി ദൈവത്തെ അറിയുകയും ഭയപ്പെടുകയും ചെയ്യുന്നവന്‍ ഞാനാണ്. ഞാനറിഞ്ഞത് നിങ്ങളറിഞ്ഞിരുന്നുവെങ്കില്‍, നിങ്ങള്‍ കുറച്ച് മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു.''

എവിടെ കിടന്നും അദ്ദേഹത്തിന് ഉറങ്ങാനാകുമായിരുന്നു. ഏത് ഗ്രാമീണ അറബിയെയും പോലെ പുറത്ത്  മണലില്‍; അല്ലെങ്കില്‍ ഈന്തപ്പനച്ചുവട്ടില്‍; അതല്ലെങ്കില്‍ തോല്‍കൊണ്ട് നിറച്ച മരക്കട്ടിലില്‍. മദീനയില്‍ ഭാര്യമാരോടൊപ്പം അവരുടെ കുടിലുകളില്‍ മാറിമാറിയുറങ്ങല്‍ അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഈന്തപ്പനയോലയാല്‍ നിര്‍മിതമായിരുന്നു അദ്ദേഹമുപയോഗിച്ച പായകള്‍. കമ്പിളി നിര്‍മിതമായ ഒരു മെത്ത ഭാര്യ ആഇശ വാഗ്ദാനം ചെയ്തപ്പോള്‍ പ്രവാചകന്‍ നിരസിച്ചു. 'ഞാന്‍ ആഡംബരം ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ എനിക്ക് ദൈവം സ്വര്‍ണം കൊണ്ടും വെള്ളി കൊണ്ടുമുള്ള മെത്തകള്‍ നല്‍കുമായിരുന്നു' എന്നായിരുന്നു പ്രവാചകന്റെ പ്രതികരണം. സ്വത്ത് പ്രവാചകന്‍ വിലമതിച്ചതേയില്ല. എന്നാല്‍ സമ്മാനങ്ങള്‍   അദ്ദേഹം ആഹ്ലാദപൂര്‍വം സ്വീകരിക്കുകയും മറ്റൊന്ന് തിരികെ നല്‍കുകയും ചെയ്യുമായിരുന്നു. 

(ബര്‍ണബി റോജേഴ്‌സണിന്റെ ദ പ്രൊഫറ്റ് മുഹമ്മദ്- എ ബയോഗ്രഫി എന്ന കൃതിയില്‍നിന്ന്)

വിവ: റഫീഖ് സകരിയ്യ

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍