Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

കെ. മൂസക്കുട്ടി ചങ്ങരംകുളം

ഡോ. സൈനുദ്ദീന്‍ ചങ്ങരംകുളം

ഹൃദ്യമായ പെരുമാറ്റവും ആരിലും മതിപ്പുളവാക്കുന്ന വ്യക്തിത്വവും കൊണ്ട് പരിചയപ്പെട്ടവരുടെയെല്ലാം ഹൃദയത്തില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ കഴിഞ്ഞ അനുപമ വ്യക്തിത്വത്തിനുടമയായിരുന്നു ചങ്ങരംകുളം സ്വദേശി കോലക്കാട്ട് മൂസക്കുട്ടി. ചങ്ങരംകുളത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു.

വ്യാപാരത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനവും പള്ളികളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും മേല്‍നോട്ടവും ദീര്‍ഘകാലം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. മുസ്‌ലിം ലീഗിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രദേശത്തെ മുസ്‌ലിം ലീഗിന്റെ സ്ഥാപകനായി അറിയപ്പെടുന്ന മാനംകണ്ടത്ത് അബ്ദുല്‍ ഹയ്യ് ഹാജിയുടെ കൂടെ ലീഗ് കെട്ടിപ്പടുക്കുന്നതില്‍ പങ്കുവഹിച്ച അദ്ദേഹം എട്ടു വര്‍ഷത്തോളം മുസ്‌ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. ലീഗ് അംഗമായി ആലംകോട് പഞ്ചായത്ത് ഭരണസമിതിയില്‍ തന്റെ വാര്‍ഡിനെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.

പതിനാലാം വയസ്സില്‍ ജോലി തേടി ബോംബെയിലെത്തിയ മൂസക്കുട്ടി എട്ടു വര്‍ഷത്തോളം അവിടെ ഹോട്ടല്‍ തൊഴിലാളിയായും ചെറിയ കച്ചവടങ്ങളുമായും കഴിഞ്ഞു. മലയാളികള്‍ ഏറെയുള്ള ബോംബെയിലെ ബോരിവെല്ലി മുസ്‌ലിം ലീഗ് ഘടകത്തിന്റെ സെക്രട്ടറിയായിരിക്കെയാണ് ജി.എം ബനാത്ത്‌വാലയുമായി അടുക്കുന്നത്. അത് പിന്നീട് വലിയൊരു സൗഹൃദമായി വളരാന്‍ അധികകാലം വേണ്ടിവന്നില്ല. ഈ ബന്ധം പിന്നീട് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ബാഫഖി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സീതിഹാജി, യു.എ ബീരാന്‍ തുടങ്ങിയ ലീഗ് നേതാക്കന്മാരിലേക്കും നീണ്ടു.

തന്റെ പിതൃസഹോദരനും ജമാഅത്തെ ഇസ്‌ലാമി അംഗവുമായിരുന്ന അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ വ്യക്തിപ്രഭാവത്തിലും സ്വഭാവ മഹിമയിലും ആകൃഷ്ടനായ മൂസക്കുട്ടി പിന്നെ ജമാഅത്തെ ഇസ്‌ലാമിയുമായി അടുക്കാന്‍ തുടങ്ങി. 1965 കാലഘട്ടം മുതല്‍ക്കേ പ്രദേശത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവികള്‍ ഒത്തുകൂടാറുണ്ടായിരുന്നു. എന്നാല്‍, അവരെല്ലാം ഇതര ജില്ലക്കാരായിരുന്നു. മര്‍ഹൂം ഡോ. മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഉസ്മാന്‍ സാഹിബ് എന്നിവരൊക്കെ അവരിലെ അവിസ്മരണീയ വ്യക്തിത്വങ്ങളാണ്. പിന്നീട് എളമ്പിലങ്ങാട് മുഹമ്മദുണ്ണി ഹാജി, വട്ടത്തൂര്‍ അബ്ദുറു ഹാജി എന്നിവരുടെ കടന്നുവരവ് പ്രാസ്ഥാനിക പ്രവര്‍ത്തന രംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചു. പ്രസ്ഥാനം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങി. പ്രസ്ഥാന ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ ചങ്ങരംകുളത്ത് പള്ളിനിര്‍മാണം ആരംഭിക്കുന്നത് ഈ കാലയളവിലാണ്. ചങ്ങരംകുളം ഇസ്‌ലാമിക് ട്രസ്റ്റിന്റെ കീഴില്‍ മര്‍ഹൂം ചാന്ദ്‌നി മുഹമ്മദിന്റെ കൂടെ മൂസക്കുട്ടിയും പള്ളിനിര്‍മാണത്തില്‍ സജീവമായതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലതയേറി. പിന്നീട് മരണം വരെയും മൂസക്കുട്ടി തന്നെയായിരുന്നു ട്രസ്റ്റ് സെക്രട്ടറി.

പ്രസ്ഥാനത്തില്‍ സജീവമായിരിക്കെത്തന്നെ പ്രദേശത്തെ എല്ലാ പള്ളികളുമായും മത സംഘടനകളുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. ആവശ്യമായ ഘട്ടങ്ങളിലൊക്കെ നേതൃപരമായ പങ്കും വഹിച്ചു. ദീര്‍ഘകാലം ചങ്ങരംകുളം ടൗണ്‍ ജുമാ മസ്ജിദിന്റെ സെക്രട്ടറിയായിരുന്നു. തന്റെ വീടിനടുത്തുള്ള സലഫി മസ്ജിദിന്റെ നിര്‍മാണ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന അദ്ദേഹം മരണം വരെ അതിന്റെ സ്ഥാപക ട്രസ്റ്റിയായി തുടര്‍ന്നു. എം.ഇ.എസ്സിന്റെ സ്ഥാപക കാലം തൊട്ടേ അതിന്റെ ലൈഫ് മെമ്പര്‍ ആയിരുന്നു. പിന്നീട് കേരളാ മുസ്‌ലിം എജുക്കേഷണല്‍ അസോസിയേഷന്‍ രൂപീകൃതമായതോടെ അതിന്റെയും മുസ്‌ലിം സര്‍വീസ് സൊസൈറ്റിയുടെയും ആയുഷ്‌കാല മെമ്പറായി തുടര്‍ന്നു. മരണം വരെയും പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. പ്രബോധന പ്രവര്‍ത്തനത്തില്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം കേരള ഇസ്‌ലാമിക് മിഷനുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നു. അതിന്റെ വാര്‍ഷിക വരവു -ചെലവ് കണക്കുകള്‍ സ്വയം ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ പ്രത്യേക താല്‍പര്യം കാണിച്ചു. ജീവകാരുണ്യ-ജനസേവന രംഗത്ത് അനുകരണീയ മാതൃകയായി തിളങ്ങിയ അദ്ദേഹം പ്രദേശത്ത് പുതുതായി ഇസ്‌ലാം സ്വീകരിച്ച ചിലര്‍ക്ക് വീടു വെച്ചു നല്‍കുന്നതിനും മുന്നിട്ടിറങ്ങി. 

റുക്‌സാനാ മാര്‍ബിള്‍സ് എന്ന പേരില്‍ നാട്ടില്‍തന്നെ ചെറുകിട വ്യാവസായിക യൂനിറ്റിന് തുടക്കമിട്ടാണ് അദ്ദേഹം കച്ചവട രംഗത്തേക്ക് തിരിയുന്നത്. പിന്നീട് വീടിനോടു ചേര്‍ന്ന് വസ്ത്രഭവന്‍ എന്ന പേരില്‍ ഗാര്‍മെന്റ്‌സ് ഷോപ്പ് ആരംഭിച്ചു.

സംസ്ഥാന തലത്തില്‍ വ്യാപാരി സംഘടനകള്‍ക്ക് ഔപചാരിക സ്വഭാവവും ഏകീകൃത ഘടനയും നിലവില്‍ വരുന്നതിന് കാലങ്ങള്‍ക്ക് മുമ്പേ തന്നെ ചങ്ങരംകുളത്തെ കച്ചവടക്കാരെ ഒരുമിച്ചുകൂട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന് രൂപം നല്‍കുന്നതില്‍ മൂസക്കുട്ടി നിര്‍ണായക പങ്കുവഹിച്ചു. ഏറെക്കാലം ഇതിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് വ്യാപാരി വ്യവസായി ഏകോപന സമിതി രൂപീകൃതമായതോടെ രണ്ടു ഘട്ടങ്ങളിലായി ഇരുപത് വര്‍ഷത്തോളം അതിന്റെ യൂനിറ്റ് ജനറല്‍ സെക്രട്ടറിയും നാലു വര്‍ഷത്തോളം ജില്ലാ സെക്രട്ടറിയുമായിരുന്നു. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ യു.പി സ്‌കൂളിന് ആരംഭം കുറിച്ച അദ്ദേഹം മരണം വരെ അതിന്റെ മാനേജറായി തുടര്‍ന്നു. പ്രദേശത്തെ ആദ്യത്തെ സി.ബി.എസ്.ഇ സ്ഥാപനമായ ദാറുസ്സലാം ഇംഗ്ലീഷ് സ്‌കൂളിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു.

കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലും വിളക്കിച്ചേര്‍ക്കുന്നതിലും അതീവ ശ്രദ്ധയും സൂക്ഷ്മതയും കാണിച്ചിരുന്ന മൂസക്കുട്ടി മരണം വരെയും അഞ്ഞൂറോളം കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ കോലക്കാട്ട് ഫാമിലി അസോസിയേഷന്റെ പ്രസിഡന്റും ട്രസ്റ്റ് ചെയര്‍മാനുമായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലാവുന്നതുവരെയും പ്രാസ്ഥാനിക-സാമൂഹിക സേവന രംഗത്ത് നിറഞ്ഞുനിന്നു.

എടപ്പാള്‍ അയിലക്കാട് സ്വദേശി കോലക്കാട്ട് മുഹമ്മദ് എന്ന ബാപ്പുട്ടിയാണ് പിതാവ്. മാതാവ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശിയായ കദളിക്കാട്ടില്‍ മറിയക്കുട്ടി. ഭാര്യ സക്കീന സജീവ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകയാണ്. മക്കള്‍: സ്വലാഹുദ്ദീന്‍ അയ്യൂബി, അനസ് യൂസുഫ് യാസീന്‍, റുക്‌സാന, റൈഹാന, യാസിര്‍ അറഫാത്ത്.

 

 

 

കെ.പി.എം അഹ്മദ് കുട്ടി ഹാജി

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലം എളേറ്റില്‍ വട്ടോളിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ മുന്നില്‍നിന്ന് നയിച്ച ജമാഅത്ത് അംഗമായിരുന്നു കെ.പി.എം അഹ്മദ് കുട്ടി ഹാജി. പൗരപ്രമുഖന്‍, പഴയകാല വ്യാപാരി, മികച്ച കര്‍ഷകന്‍, ജനസേവകന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍, പതിനായിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റിയുടെ ദീര്‍ഘകാല പ്രസിഡന്റ്, മഹല്ല് മുതവല്ലി, മദ്‌റസാ കമ്മിറ്റി പ്രസിഡന്റ്, സര്‍വോപരി പ്രദേശത്തെ പ്രസ്ഥാന നിയന്ത്രണത്തിലുള്ള അന്‍സാര്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ട്രഷറര്‍ എന്നീ നിലകളിലെല്ലാം സ്തുത്യര്‍ഹ സേവനം സമര്‍പ്പിച്ചാണ് തൊണ്ണൂറാമത്തെ വയസ്സില്‍ അല്ലാഹുവിങ്കലേക്ക് യാത്രയായത്.

അമ്പതുകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും കാര്‍ഷിക-വ്യാപാര രംഗത്ത് താല്‍പര്യം കാണിച്ച അദ്ദേഹം പ്രദേശത്തെ ആദ്യകാല വ്യാപാരികളില്‍ പ്രമുഖനും മികച്ച കര്‍ഷകനുമായിരുന്നു. ചെറുപ്പം മുതലേ വായനാ തല്‍പരനായിരുന്ന അദ്ദേഹം പ്രസ്ഥാനത്തിന്റെ ആദ്യനാള്‍ തൊട്ടുതന്നെ ഒപ്പം സഞ്ചരിച്ചു.

പ്രദേശത്തെ പുരോഗമന ചിന്താഗതിക്കാരെ കൂട്ടി ഹൈദരാബാദ് അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം 1983-ലെ ദഅ്‌വത്ത് നഗര്‍ സമ്മേളനാനന്തരം പ്രദേശത്ത് പ്രാസ്ഥാനിക ചലനങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ആദ്യം സ്ഥാപിതമായ ഇസ്‌ലാമിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന് സ്വന്തം കെട്ടിടത്തിലെ സൗകര്യപ്രദമായ മുറി സൗജന്യമായി വിട്ടുതരികയും കെട്ടിടം പുതുക്കിപ്പണിതപ്പോള്‍ പ്രസ്ഥാനത്തിന്റെ ഓഫീസിനും വരുമാനത്തിനുമായി അങ്ങാടിയുടെ ഹൃദയഭാഗത്തെ രണ്ട് മുറികള്‍ പ്രസ്ഥാന മാര്‍ഗത്തില്‍ വഖ്ഫ് ചെയ്യുകയുമുണ്ടായി. അന്‍സാര്‍ വെല്‍ഫെയര്‍ ട്രസ്റ്റിനു കീഴില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ആവശ്യമായ സ്ഥലസൗകര്യങ്ങള്‍ ഒരുക്കിത്തന്നതും അദ്ദേഹം തന്നെ.

ജനസേവന രംഗത്ത് എന്നും മുന്നില്‍നിന്നിരുന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തന വലയത്തില്‍നിന്ന് സമൂഹത്തിലെ ഒരു വിഭാഗവും വിട്ടുപോയിരുന്നില്ല. പ്രദേശത്ത് സകാത്ത് കമ്മിറ്റി രൂപീകൃതമാവും വരെ എല്ലാവര്‍ക്കും വ്യക്തിപരമായി സകാത്ത് കൊടുക്കുന്ന ശീലക്കാരനായിരുന്നു. സംഘടിത സകാത്ത് സംഭരണവും വിതരണവും തുടങ്ങിയ നാള്‍ മുതല്‍ അതിന്റെ ഏറ്റവും വലിയ ദാതാവ് അദ്ദേഹമായി മാറി.

പ്രസ്ഥാനത്തിന്റെ ഏതു സംരംഭത്തെയും അകമഴിഞ്ഞ് സഹായിച്ച അദ്ദേഹം അത് ആദ്യമായും കൂടുതലായും നല്‍കുന്നത് പതിവാക്കിയിരുന്നു. സ്വന്തം വീടിനകത്ത് പ്രാസ്ഥാനിക ശിക്ഷണ രീതിയില്‍ കുടുംബത്തെ സംവിധാനിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മാതൃക. സ്വത്തിന്റെയും കച്ചവടത്തിന്റെയും സ്വതന്ത്ര ചുമതല നല്‍കി മക്കളെ കാര്യപ്രാപ്തിയും ശേഷിയുമുള്ളവരാക്കിയ അദ്ദേഹം കുടുംബത്തെ പ്രസ്ഥാന വഴിയില്‍ കൂടെ നടത്തുകയും ചെയ്തു.

ആര്‍.കെ അബ്ദുല്‍ മജീദ് എളേറ്റില്‍ വട്ടോളി

 

 

പുഞ്ചിരിയോടെ വിടപറഞ്ഞ ആദില്‍

വളരെ കുറച്ചുകാലം ജീവിച്ച് അല്ലാഹുവിന്റെ തൃപ്തി നേടാന്‍ പര്യാപ്തമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുകയെന്നത് വല്ലാത്തൊരു ഭാഗ്യമാണ്. ആദില്‍ എന്ന ഇരുപത്തിനാലുകാരന്‍ അനിതര സാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു. മഞ്ചേരി മുബാറക് മസ്ജിദിനു സമീപം താമസിച്ചിരുന്ന മാഹി സ്വദേശി പരേതനായ കല്ലേരി അബ്ദുല്ല സാഹിബിന്റെ മൂന്നാമത്തെ മകനാണ് ആദില്‍. രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ട പിതാവിന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന തന്റെ ഉമ്മയുടെ സംരക്ഷണം ആദില്‍ ഭംഗിയായി നിര്‍വഹിച്ചു. ഒപ്പം മഞ്ചേരി മെഡിക്കല്‍ കോളേജിലെ നിര്‍ധന രോഗികള്‍ക്കുള്ള ഭക്ഷണ വിതരണത്തില്‍ സേവന കേന്ദ്രത്തിന്റെ സ്ഥിരം വളന്റിയറായിരുന്നു.  മാതൃകാപരമായ പെരുമാറ്റത്തിനുടമയായിരുന്നു ആദില്‍. കാര്യങ്ങളെല്ലാം വ്യക്തമായ ആസൂത്രണത്തോടെ ചെയ്യുക, കൂട്ടുകാര്‍ക്ക് എല്ലാ അര്‍ഥത്തിലും സഹായിയായി മാറുക, ബി നെഗറ്റീവ് രക്തം ആയതിനാല്‍ ആവശ്യക്കാര്‍ക്ക് സാധ്യമാകുന്നത്ര രക്തദാനം നടത്തുക, ആരോടും ദേഷ്യപ്പെടാതിരിക്കുക, തികഞ്ഞ സാമ്പത്തിക അച്ചടക്കം പുലര്‍ത്തുക, പാവപ്പെട്ടവരെ സഹായിക്കാനുള്ള എല്ലാ അവസരങ്ങളും ഉപയോഗിക്കുക, പള്ളിയുമായി അഗാധബന്ധം പുലര്‍ത്തുക തുടങ്ങി ഒട്ടേറെ മാതൃകാപരമായ വ്യക്തിത്വ ഗുണങ്ങളുള്ള ആദില്‍ മഞ്ചേരിയിലെ എസ്.ഐ.ഒവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 10-ന് അല്ലാഹുവിന്റെ അലംഘനീയമായ വിളിക്കുത്തരം നല്‍കി ആദില്‍ വിടപറഞ്ഞു. അവന്റെ ഉമ്മയെ സംബന്ധിച്ചേടത്തോളം ഇത് താങ്ങാന്‍ കഴിയാത്ത ദുഃഖമാണ്. 'നിശ്ചയം, ഞങ്ങള്‍ അല്ലാഹുവില്‍നിന്ന്, ഞങ്ങളുടെ മടക്കവും അല്ലാഹുവിലേക്ക്' എന്ന വാക്യം ഉരുവിട്ടുകൊണ്ട് ആ ഉമ്മക്ക് ആശ്വാസം പകരാന്‍ ശ്രമിക്കുകയാണ്. രണ്ട് ജ്യേഷ്ഠ സഹോദരങ്ങള്‍ ഗള്‍ഫിലാണ്. യുവാക്കളുടെ നീ നിരതന്നെ ജനാസയെ അനുഗമിക്കാനുായിരുന്നു.

അല്‍ത്താഫ് മഞ്ചേരി

 

 

****അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍****

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍