Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

ഉഹുദിലെ പോരാട്ടം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-31

ബദ്‌റിലെ പോരാട്ടം കഴിഞ്ഞ് പതിമൂന്ന് മാസമായെങ്കിലും മക്കയും മദീനയും തമ്മിലുള്ള സംഘര്‍ഷത്തിന് യാതൊരു അയവും വരികയുണ്ടായില്ല. എന്നു മാത്രമല്ല മദീനയില്‍ മുസ്‌ലിംകളും ജൂത ഗോത്രങ്ങളുമായുള്ള ബന്ധം വഷളായിക്കൊണ്ടുമിരുന്നു. ഖുറൈശികളുടെ പ്രതികാര ചിന്ത ഉണര്‍ത്തുന്നതിനായി ഒരു ജൂതപ്രതിനിധിസംഘം മക്കയിലേക്ക് പുറപ്പെടുകപോലും ചെയ്തു. തങ്ങളുടെ എല്ലാവിധ സഹായവും മക്കക്കാര്‍ക്ക് ഉണ്ടാവുമെന്ന് പ്രതിനിധിസംഘം ഉറപ്പു കൊടുത്തിട്ടുമുണ്ടാവണം. ഇതെല്ലാം യുദ്ധൊരുക്കങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്നു. അങ്ങനെ ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ മക്കന്‍ സൈനികരും അവരുടെ സഖ്യഗോത്രങ്ങളും കൂലിപ്പടയാളികളുമടങ്ങുന്ന മൂവായിരം പേര്‍ മദീന ലക്ഷ്യമാക്കി നീങ്ങി. മുസ്‌ലിംകള്‍ മദീന നഗരത്തില്‍തന്നെ തങ്ങി പ്രതിരോധം തീര്‍ക്കണമെന്നായിരുന്നു പ്രവാചകന്റെ അഭിപ്രായം. പക്ഷേ, മദീനക്കു പുറത്ത് തുറന്ന മൈതാനത്ത് ശത്രുവിനെ എതിരിടുകയാണ് വേണ്ടതെന്ന് മുസ്‌ലിം സൈന്യത്തിലെ യുവാക്കള്‍ വാശിപിടിച്ചു.1 ശത്രുസൈനികര്‍ മദീനയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് തമ്പടിച്ചിരുന്നതിനാല്‍ പ്രവാചകനും മദീനയുടെ വടക്കന്‍ പ്രാന്തങ്ങളിലേക്ക് നീങ്ങി. ശൈഖയ്ന്‍ എന്ന സ്ഥലത്താണ് അദ്ദേഹം രാത്രി കഴിച്ചുകൂട്ടിയത് (മദീനക്കും ഉഹുദ് മലക്കും ഇടയിലാണത്. ഇപ്പോഴും ശൈഖയ്ന്‍ പള്ളി അവിടെ കാണാം). രാത്രിഭക്ഷണം കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുസലമ ആയിരുന്നു (സംഹൂദി, പേ: 865). രാവിലെ അദ്ദേഹം ഉഹുദിലേക്ക് നീങ്ങി. എന്നിട്ട് മലയടിവാരത്ത് ഒരു ഇടുങ്ങിയ സ്ഥലത്ത് താവളമടിച്ചു.

ജൂതന്മാരുമായുണ്ടാക്കിയ കരാര്‍ പ്രകാരം മദീനാ നഗരത്തെ സംരക്ഷിക്കാന്‍ അവര്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. പക്ഷേ, അവരില്‍ ഭൂരിപക്ഷവും പൊരുതാന്‍ വിസമ്മതിച്ചു; യുദ്ധപ്പുറപ്പാട് തീരുമാനിച്ചത് ശനിയാഴ്ചയാണ് എന്ന കാരണം പറഞ്ഞ് (ശനിയാഴ്ച അവര്‍ക്ക് വിശുദ്ധ ദിനമായതിനാല്‍ അന്നവര്‍ യുദ്ധം ചെയ്യില്ല). പക്ഷേ, ജൂത ഗോത്രങ്ങളില്‍പെട്ട ചിലര്‍ മദീനയെ സംരക്ഷിക്കാനായി രംഗത്തു വന്നിരുന്നു. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ സംശയമുള്ളതുകൊണ്ട് അവരെ മുസ്‌ലിം സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രവാചകന്‍ സന്നദ്ധനായില്ല. കേവലം എഴുനൂറ് പേരുമായാണ് പ്രവാചകന്‍ 200 പടക്കുതിരകളുള്ള അശ്വസൈന്യത്തെയും പുറമെ മൂവായിരം ശത്രുസൈനികരെയും നേരിട്ടത്. പ്രവാചകന്റെ യുദ്ധതന്ത്രം വളരെ സമര്‍ഥമായിരുന്നു. അത് ഉദ്ദേശിച്ച ഫലം ചെയ്തു.2 ശത്രുവിന്റെ കുതിരപ്പട രണ്ടായി പകുക്കപ്പെട്ടിരുന്നു. അതിന്റെ പകുതി കാലാള്‍പ്പടയോടൊപ്പമായിരുന്നു; അതവിടെ ചലിക്കാതെ നില്‍ക്കുകയായിരുന്നു. കുതിരപ്പടയുടെ രണ്ടാം പകുതി നീണ്ട ദൂരം ഓടി ഉഹുദ് മല ചുറ്റി വന്ന് മുസ്‌ലിംകളെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. പക്ഷേ, തൊട്ടടുത്തുള്ള തന്ത്രപ്രധാനമായ ഒരു കുന്നില്‍ നിലയുറപ്പിച്ച മുസ്‌ലിം വില്ലാളികള്‍ അവരെ മുന്നേറാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി. തങ്ങളേക്കാള്‍ നാലിരട്ടിയിലധികം സൈനികരുള്ള ശത്രുക്കളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിഞ്ഞത് കയറ്റിറക്കങ്ങളുള്ള യുദ്ധഭൂമിയുടെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കാരണമാണ്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ മുസ്‌ലിം സൈന്യത്തിന്റെ ആക്രമണത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ ശത്രുസൈന്യം പിന്തിരിഞ്ഞോടുന്നതാണ് കാണാനുണ്ടായിരുന്നത്. ശത്രുവിന്റെ കുതിരപ്പടയെ തടഞ്ഞു നിര്‍ത്തിയ കുന്നിന്‍മുകളിലെ വില്ലാളികള്‍ ഒരു നിമിഷം പ്രവാചകന്‍ നല്‍കിയ നിര്‍ദേശം മറന്നുകളഞ്ഞു. പ്രവാചകന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: 'പക്ഷികള്‍ വന്ന് ഞങ്ങളുടെ മൃതദേഹങ്ങള്‍ തിന്നുന്നതു കണ്ടാല്‍ പോലും നിങ്ങള്‍ക്ക് നിശ്ചയിച്ച സ്ഥാനത്തുനിന്ന് നിങ്ങള്‍ മറ്റെവിടേക്കും നീങ്ങരുത്.' വില്ലാളിപ്പടയുടെ നേതാവ് അക്കാര്യം തന്റെ കീഴിലുള്ളവരെ അടിക്കടി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, വില്ലാളികളില്‍ വലിയൊരു ഭാഗവും ശത്രു ഉപേക്ഷിച്ചുപോയ യുദ്ധമുതലുകള്‍ ശേഖരിക്കുന്നതിനായി താഴെയിറങ്ങി. ഇതാണ് എല്ലാം തകിടം മറിച്ചത്. എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ശത്രു കുതിരപ്പടയുടെ രണ്ടാം പകുതി ഈ അവസരം മുതലെടുത്ത് പിന്നിലൂടെ വന്ന് കനത്ത ആക്രമണം നടത്തി. മുസ്‌ലിം സൈന്യത്തിന്റെ മുഴുശ്രദ്ധയും അങ്ങോട്ട് തിരിഞ്ഞു. അപ്പോള്‍ പിന്തിരിഞ്ഞോടുകയായിരുന്ന ശത്രുസൈന്യത്തിന്റെ മുഖ്യദളത്തിന്റെ മേല്‍ മുസ്‌ലിം സൈന്യത്തിനുണ്ടായിരുന്ന പിടി അതോടെ അയഞ്ഞു. അവരും തിരിഞ്ഞുനിന്ന് മുസ്‌ലിം സൈന്യത്തിനു നേരെ കുതിച്ചു. ഇരുഭാഗത്തുനിന്നും വെടിയുതിര്‍ക്കുന്നവരുടെ ഇടയില്‍ പെട്ടുപോയതുപോലെയായി മുസ്‌ലിംകളുടെ അവസ്ഥ. യുദ്ധം തീര്‍ത്തും അവര്‍ക്ക് പ്രതികൂലമായി. ഈ ആശയക്കുഴപ്പത്തിനിടെ ഒരു ശത്രു സൈനികന്‍ താന്‍ പ്രവാചകനെ വധിച്ചുവെന്ന് ഉച്ചത്തില്‍ വിളിച്ചുകൂവി. മുസ്‌ലിംസേന ചിതറിയോടി. അവര്‍ പരാജയപ്പെട്ടുകഴിഞ്ഞിരുന്നു. പക്ഷേ, പ്രവാചകന് പരിക്കേല്‍ക്കുക മാത്രമേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. ശത്രുക്കള്‍ കുഴിച്ചു വെച്ച ഒരു കെണിക്കുഴിയില്‍ അദ്ദേഹം വീണുപോവുകയാണുണ്ടായത്. അപ്പോഴും ഒരുപറ്റം സത്യവിശ്വാസികള്‍ (അവരില്‍ സ്ത്രീ പടയാളികളുമുണ്ട്) പ്രവാചകനെ രക്ഷിക്കാനായി അദ്ദേഹത്തിനു ചുറ്റും സുരക്ഷാ വലയം തീര്‍ത്ത് പൊരുതുന്നുണ്ടായിരുന്നു. ഇനിയൊന്നും ചെയ്യാനില്ലെന്ന് കണ്ട് ശത്രുക്കള്‍ യുദ്ധക്കളം വിട്ടുപോകാനും തുടങ്ങി. മുസ്‌ലിംകള്‍ക്ക് 70 പടയാളികളുടെ ജീവന്‍ നഷ്ടമായി. രക്തസാക്ഷികളില്‍ പ്രവാചകന്റെ പിതൃസഹോദരന്‍ ഹംസയും ഉള്‍പ്പെടും.3

നിരവധി വനിതകള്‍ ശ്രദ്ധപിടിച്ചുപറ്റിയ യുദ്ധം കൂടിയാണിത്. തുടക്കത്തില്‍ ഖുറൈശിപ്പടക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നിരുന്നല്ലോ. പതാകവാഹകര്‍ ഓരോന്നായി നിലം പതിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം. ഒടുവില്‍ പതാക കൈയിലെടുക്കാന്‍ ശത്രുസൈനികരില്‍ ഒരാള്‍ക്കും ധൈര്യമില്ലാതായി. അപ്പോള്‍ അഹ്ബശ് ഗോത്രക്കാരിയായ അംറഃ എന്ന സ്ത്രീ മുന്നോട്ടു വന്നാണ് യുദ്ധപ്പതാക കൈയിലെടുത്തത്. യുദ്ധം അവസാനിക്കും വരെ അവരത് കൈയിലേന്തുകയും ചെയ്തു. മക്കക്കാര്‍ അഹാബീശ് ഗോത്രത്തില്‍നിന്ന് കൂലിക്കെടുത്ത പട്ടാളക്കാരെക്കുറിച്ച ആക്ഷേപഹാസ്യ കവിത രചിച്ച ഹസ്സാനുബ്‌നു സാബിത് ഈ സംഭവം സൂചിപ്പിക്കുന്നുണ്ട്: 'ഹാരിസക്കാരിയായ(അഹാബീശ്) ആ സ്ത്രീ ഇല്ലായിരുന്നെങ്കില്‍, കമ്പോളത്തില്‍ അടിമകളായി നിങ്ങളെ വില്‍പ്പനക്ക് വെക്കുമായിരുന്നു.'4

ശത്രുസൈന്യത്തിന്റെ മുഖ്യപടനായകന്‍ അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദ് താനെടുത്ത ശപഥം മറന്നിട്ടുണ്ടായിരുന്നില്ല. ഹിന്ദ് പ്രവാചകന്റെ പിതൃസഹോദരനായ ഹംസയുടെ മൃതദേഹത്തിന്റെ അടുത്തേക്ക് ചെന്നു. ബദ്‌റില്‍ വെച്ച് ഹിന്ദിന്റെ പിതാവും മകനും ഹംസയുടെ കൈയാലാണ് വധിക്കപ്പെട്ടത്. മൃതദേഹത്തിന്റെ നെഞ്ചു കീറി കരള്‍ പുറത്തെടുത്ത് ഹിന്ദ് അത് വായിലിട്ട് ചവച്ചു. പിന്നീട് മൃതശരീരത്തിന്റെ മൂക്കും ചെവികളും മറ്റും മുറിച്ചെടുത്ത് അവ കൊണ്ട് മാലപോലെ ഒന്നുണ്ടാക്കി.5 ഉഹുദില്‍ വെച്ച് തന്റെ രണ്ട് മക്കള്‍ മുസ്‌ലിംകളുടെ കൈകളാല്‍ കൊല്ലപ്പെട്ടപ്പോള്‍ കൊന്നവരുടെ തലയോട്ടിയില്‍ താന്‍ വീഞ്ഞുകുടിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു സഅ്ദിന്റെ മകള്‍ സുലാഫ.6

തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച ചില മുസ്‌ലിം വനിതകളുമുണ്ട്. അവരിലൊരാളാണ് ഉമ്മു അമ്മാറഃ. പുരുഷനെപ്പോലെയാണ് അവര്‍ പോര്‍ക്കളത്തില്‍ അടരാടിയത്. പ്രവാചകന്‍ അതിന്റെ പേരില്‍ അവരെ പ്രശംസിക്കുകയുമുണ്ടായി. അംറിന്റെ പുത്രി ഹിന്ദ് മറ്റൊരു തരം ധീരതയാണ് പ്രകടമാക്കിയത്. യുദ്ധം കഴിഞ്ഞ് മുസ്‌ലിംകള്‍ മദീനയിലേക്ക് തിരിച്ചുവരുമ്പോള്‍, തന്റെ ഭര്‍ത്താവും പിതാവും മകനും കൊല്ലപ്പെട്ടിരിക്കുന്നു എന്നവര്‍ മനസ്സിലാക്കി. വിവരമറിഞ്ഞപ്പോള്‍ അവര്‍ അന്വേഷിച്ചത് മറ്റൊരു കാര്യമാണ്: 'പ്രവാചകന് എന്തെങ്കിലും പറ്റിയോ?' പ്രവാചകന്‍ സുരക്ഷിതനാണെന്ന് അവര്‍ക്ക് വിവരം കിട്ടുകയും പ്രവാചകനെ നേരില്‍ കാണുകയും ചെയ്തപ്പോള്‍ തന്റെ വികാരങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് അവര്‍ ഒരു പദ്യശകലം കുറിച്ചു: 'താങ്കള്‍ ജീവനോടെ ഇരിക്കുന്നുവെങ്കില്‍, മറ്റെല്ലാം എനിക്ക് നിസ്സാരമാണ്.'7

യുദ്ധത്തിലേക്ക് തിരിച്ചുവരാം. കുഴിയില്‍ വീണുപോയ പ്രവാചകന്‍ ചിലരുടെ സഹായത്തോടെ അതില്‍നിന്ന് പുറത്തു കടന്നു. പിന്നെ ഉഹുദ് മല കയറി അതിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒരു ഗുഹയില്‍ കയറിയിരുന്നു. ഈ ഗുഹയും ചിലര്‍ ആദരപൂര്‍വം സന്ദര്‍ശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ശത്രുക്കളില്‍ ചിലര്‍ അങ്ങോട്ട് കയറാന്‍ നോക്കിയെങ്കിലും പ്രവാചകന്‍ അവിടെ ഉണ്ടോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. മുസ്‌ലിംകളില്‍ ചിലരും അവിടെ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു. അബൂസുഫ്‌യാന്‍ യുദ്ധക്കളം അവസാനമായി ഒന്നുകൂടി വീക്ഷിച്ച ശേഷം ഗുഹയുടെ അടുത്ത് വന്ന് ഉച്ചത്തില്‍ ചോദിച്ചു: 'മുഹമ്മദ് ജീവിച്ചിരിപ്പുണ്ടോ?' ഇതിനൊന്നും മറുപടി പറയരുതെന്ന് നബി തന്നോടൊപ്പമുള്ളവരോട് നിര്‍ദേശിച്ചിരുന്നു. ഉത്തരം കിട്ടാതായപ്പോള്‍ അബൂസുഫ്‌യാന്‍ വീണ്ടും: 'അബൂബക്ര്‍ ജീവിച്ചിരിപ്പുണ്ടോ? ഉമര്‍ ജീവിച്ചിരിപ്പുണ്ടോ?' മറുപടി കിട്ടാതായപ്പോള്‍ അബൂസുഫ്‌യാന് സന്തോഷമായി. ഇങ്ങനെ സമാധാനിക്കുകയും ചെയ്തു: 'അവരൊക്കെയും കൊല്ലപ്പെട്ടുകാണും; ഹുബല്‍ വിഗ്രഹത്തിന് സ്തുതി.' ഇതെല്ലാം കണ്ടും കേട്ടും ഉമറിന് അധികനേരം അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. താന്‍ ഇവിടെ ഉണ്ടെന്ന് ഉമര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഉമറിന്റെ ശബ്ദം അബൂസുഫ്‌യാന്‍ തിരിച്ചറിഞ്ഞതാണ്; പ്രവാചകന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അതോടെ വ്യക്തമായി. എന്നിട്ടും, അത്ഭുതകരമെന്നു പറയട്ടെ, അബൂസുഫ്‌യാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഒരു ദിവസം കിട്ടിയ അടിക്ക് മറ്റൊരു ദിവസം തിരിച്ചടി. ബദ്‌റിന് പ്രതികാരം ഉഹുദ്. (എന്റെ മകന്‍) ഹന്‍ളലക്ക് പകരം ഹന്‍ളല (ബ്‌നു അബീ ആമിര്‍). എന്നെ നേരിടണമെന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഇതേ സമയത്ത് ബദ്‌റിലേക്ക് വരിക'.8 ഇത്രയും പറഞ്ഞ് അബൂസുഫ്‌യാന്‍ തന്റെ സൈനികരെയും കൂട്ടി മക്കയിലേക്ക് തിരിച്ചു. യാതൊരു പ്രതിരോധവുമില്ലാതെ കിടക്കുന്ന മദീന കൊള്ളയടിക്കണമെന്നു പോലും ശത്രുപടനായകന് തോന്നിയില്ല. ആ പക്ഷത്തു നിന്ന് നോക്കുമ്പോള്‍ ഇതൊരു തെറ്റായ തീരുമാനമായിരുന്നോ? വിലയിരുത്തലില്‍ വന്ന പിഴവ്? കൂടെയുള്ള കൂലിപ്പട്ടാളക്കാരെയെല്ലാം പറഞ്ഞു വിട്ട സ്ഥിതിക്ക്, തന്നോടൊപ്പമുള്ള സൈനികരുമായി മാത്രം മദീന കൈയേറാന്‍ പുറപ്പെട്ടാല്‍ അത് വിജയിക്കാനിടയില്ലെന്ന് അബൂസുഫ്‌യാന് തോന്നിക്കാണുമോ? അതുമല്ലെങ്കില്‍, തന്റെ ബാല്യകാല കൂട്ടുകാരനായ മുഹമ്മദിനോട് ആ സ്‌നേഹം ഇപ്പോഴും അയാള്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടാവുമോ?9 പ്രവാചകന്റെ വ്യക്തിഗുണങ്ങളെ അബൂസുഫ്‌യാന്‍ പ്രശംസിച്ചിരുന്നുവല്ലോ. വ്യക്തിപരമായി മുഹമ്മദിനോട് വെറുപ്പ് ഇല്ലാത്തതിനാല്‍ നേടിയ വിജയം തന്നെ മതി എന്ന് വെച്ച് അയാള്‍ തിരിച്ചുപോയതായിരിക്കുമോ? ഉഹുദ് യുദ്ധത്തിന്റെ തുടക്കത്തില്‍ ഏറ്റ തിരിച്ചടിക്ക് കൂലിപ്പടയാണ് കാരണമെന്നിരിക്കെ, അവരെ വെച്ച് ഇനിയൊരു യുദ്ധം കൂടി നടത്തുന്നത് പന്തിയല്ലെന്ന് അയാള്‍ക്ക് തോന്നിക്കാണുമോ? രണ്ടാമതൊരു യുദ്ധത്തില്‍, ഭാഗ്യം മുസ്‌ലിംകളുടെ പക്ഷത്താകുമെന്നും നേടിയ വിജയം കൈവിട്ടുപോകുമെന്നും കണക്കുകൂട്ടിക്കാണുമോ? ഒന്നും നമുക്ക് തീര്‍ച്ച പറയാനാവില്ല. അബൂസുഫ്‌യാന്‍ തന്റെ സഖ്യകക്ഷികളെ ചതിക്കുകയായിരുന്നു എന്ന് പറയുന്നതും ശരിയല്ല. കാരണം അതുകൊണ്ട് അയാള്‍ക്ക് ഒന്നും നേടാനില്ലല്ലോ.

ഒരു സന്ദര്‍ഭത്തിലും ജാഗ്രതയും സമചിത്തതയും കൈവിട്ടിട്ടില്ലാതിരുന്ന പ്രവാചകന്‍, ശത്രുവിന്റെ നീക്കങ്ങളറിയാന്‍ ഒരു സംഘത്തെ അവരുടെ പിന്നാലെ വിട്ടു. ശത്രുസൈനികര്‍ ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയും കുതിരകളെ തങ്ങളുടെ പാര്‍ശ്വഭാഗങ്ങളില്‍ നിര്‍ത്തി തെളിച്ചുകൊണ്ടുപോവുകയുമാണ് എന്ന വിവരം അവരില്‍നിന്ന് ലഭിക്കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'ദീര്‍ഘയാത്ര ചെയ്യുന്നതിനു വേണ്ടിയാണിത്. മദീനയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കില്‍ അവര്‍ കുതിരപ്പുറത്ത് സഞ്ചരിച്ചേനെ.'10

പരിക്കേറ്റ പ്രവാചകന് വേണ്ട പരിചരണവും ശുശ്രൂഷയും ലഭിച്ചു. അദ്ദേഹം തന്നെ മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. നമസ്‌കാരത്തിനും അദ്ദേഹം തന്നെയായിരുന്നു ഇമാം; പക്ഷേ, ഇരുന്നായിരുന്നു നമസ്‌കാരം. പിന്നെ മദീനയിലേക്ക് മടങ്ങി. ശത്രുക്കള്‍ പിന്തിരിയാനുള്ള കാരണം വ്യക്തമാകാത്തതിനാല്‍, തീരുമാനം മാറ്റി അവര്‍ ഏതു നിമിഷവും തിരിച്ചുവന്നേക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി. ആ കണക്കുകൂട്ടല്‍ തെറ്റായിരുന്നില്ല. മുസ്‌ലിം സൈനികര്‍ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ശത്രുസൈനികര്‍ തിരിച്ചുവരാതെ മക്കയിലേക്കുള്ള പ്രയാണം തുടര്‍ന്നത്. മാത്രമല്ല, ഒപ്പമുള്ള കൂലിപ്പടയാളികള്‍ക്ക് കൂടുതല്‍ വേതനം കിട്ടാതെ തങ്ങളുടെ ജീവന്‍ ഇനിയൊരിക്കല്‍കൂടി അപകടത്തില്‍ പെടുത്താന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല.11

മറ്റൊരു സംഭവം കൂടി ഇവിടെ ഓര്‍മിക്കാം. പ്രവാചകന്‍ മദീനയിലെത്തിയപ്പോള്‍ ക്രിസ്ത്യന്‍ പുരോഹിതനായ അബൂ ആമിര്‍ സ്വമേധയാ മദീനവിട്ട് മക്കയിലേക്ക് പോയി. ഇദ്ദേഹം മക്കക്കാരോടൊപ്പം ഉഹുദ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ കെണിക്കുഴികള്‍ കുഴിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ മുസ്‌ലിം സേനാ ദളത്തിന്റെ അടുത്തു ചെന്ന് തന്റെ നാട്ടുകാരായ മദീനക്കാരോട് പ്രവാചകനെ ഉപേക്ഷിക്കാന്‍ അബൂ ആമിര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഒരാളും അത് ചെവിക്കൊള്ളുകയുണ്ടായില്ല.12

 

റജീഅ് ദുരന്തം

മുസ്‌ലിംകളുടെ തലകള്‍ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു ഖുറൈശികള്‍. അപ്പോഴാണ് മക്കയിലെ അഹാബീശ് സഖ്യത്തില്‍ (അബ്ദുമനാഫിന്റെ കാലം മുതല്‍ക്കുള്ള ഒരു ഗോത്രസഖ്യമാണിത്) പെടുന്ന അളല്‍, ഖാറ ഉപഗോത്രങ്ങളില്‍നിന്നുള്ള ചിലയാളുകള്‍ മദീനയില്‍ വരുന്നത്. അപ്പോള്‍ ഉഹുദ് യുദ്ധം കഴിഞ്ഞ് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. തങ്ങളെ ഇസ്‌ലാം പഠിപ്പിക്കാന്‍ പ്രബോധകരെ അയച്ചുതരണം എന്ന ആവശ്യവുമായാണ് അവര്‍ വന്നത്. പ്രവാചകന്‍ പത്തു പേരടങ്ങുന്ന ഒരു സംഘത്തെ അവരോടൊപ്പം അയച്ചു. അങ്ങനെ അവര്‍ മക്കയുടെ പ്രാന്തപ്രദേശമായ റജീഇല്‍ എത്തിയപ്പോഴാണ് അളല്‍, ഖാറ ഗോത്രക്കാര്‍ അവരുടെ തനിനിറം കാണിച്ചത്. ഒരു ചതിയായിരുന്നു അത്. രാത്രിനേരത്ത് അവര്‍ നബി പറഞ്ഞയച്ച പ്രബോധക സംഘത്തെ വളയുകയും കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, പ്രബോധകസംഘം തയാറായില്ല. ആ പ്രദേശത്തുകാര്‍ അവരില്‍ അധികപേരെയും വധിച്ചു. ഹുദൈലികളാണ് ആ പ്രദേശത്ത് താമസിച്ചിരുന്നത്. പ്രബോധകസംഘത്തില്‍ മൂന്നു പേര്‍ കീഴടങ്ങാന്‍ തയാറായി. മോചനദ്രവ്യം തന്നാല്‍ വിട്ടയക്കാമെന്ന് അവര്‍ക്ക് വാക്കുകൊടുക്കുകയും ചെയ്തു. അങ്ങനെ അവശേഷിച്ച ഈ മൂന്ന് പേരെയും മക്കയില്‍ കൊണ്ടുവന്നു. അതിലൊരാള്‍, ഇവര്‍ ചെയ്യാന്‍ പോകുന്ന ക്രൂരതകള്‍ മുന്‍കൂട്ടി കണ്ട് കുതറിയോടുകയും പിന്നെ നടന്ന സംഘട്ടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ബാക്കിവന്ന രണ്ടു പേരെ മക്കക്കാര്‍ക്ക് കൈമാറി. മക്കയിലുണ്ടായിരുന്ന രണ്ട് ഹുദൈലി തടവുകാര്‍ക്ക് പകരമായാണ് ഇവരെ നല്‍കിയത് എന്നും റിപ്പോര്‍ട്ടുണ്ട്. ഈ രണ്ട് പേരില്‍ ഒരാളെ വാങ്ങിയത് സ്വഫ്‌വാനുബ്‌നു ഉമയ്യയാണ്. അയാള്‍ തന്റെ അടിമയായ നസ്ത്വആസിന് ഈ പ്രബോധകനെ കൈമാറി. പരസ്യമായി കൊന്നുകളയാന്‍ നിര്‍ദേശവും നല്‍കി. വധിക്കുന്നതു കാണാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ പ്രവാചകനെ അധിക്ഷേപിച്ചുകൊണ്ടിരുന്നു. പക്ഷേ, മരണം മുമ്പില്‍ കാണുമ്പോഴും ആ പ്രബോധകന് പ്രവാചകനോടുള്ള അഗാധ സ്‌നേഹം കണ്ട് ആ ജനക്കൂട്ടം അമ്പരക്കുകതന്നെ ചെയ്തു. മറ്റേ തടവുകാരന്റെയും വിധി മറ്റൊന്നായിരുന്നില്ല. ഒരു വീട്ടിലാണ് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്വഭാവ വൈശിഷ്ട്യത്തില്‍ ആകൃഷ്ടരായി ആ കുടുംബം പിന്നീട് ഇസ്‌ലാം സ്വീകരിക്കുക പോലുമുണ്ടായി. തന്നെ കുരിശില്‍ തറക്കാന്‍ കൊണ്ടുപോകുന്നതിനു മുമ്പ് ആ പ്രബോധകന്‍ വീട്ടുകാരിയോട് തന്റെ ഒരാഗ്രഹം പ്രകടിപ്പിച്ചു: 'ഒരു ക്ഷൗരക്കത്തി സംഘടിപ്പിച്ചുതരുമോ? മരിക്കാന്‍ വേണ്ടിയാണെങ്കിലും എനിക്കൊന്ന് ഒരുങ്ങാമല്ലോ.' വീട്ടുകാരി തന്റെ ചെറിയ കുട്ടിയുടെ കൈയില്‍ ക്ഷൗരക്കത്തി കൊടുത്തയച്ചു. മരണം കാത്തിരിക്കുന്ന ഒരാളുടെ അടുത്തേക്ക് ക്ഷൗരക്കത്തിയുമായി കുട്ടിയെ പറഞ്ഞയച്ചാലുള്ള അപകടം പിന്നെയാണ് വീട്ടുകാരി ആലോചിച്ചത്. പക്ഷേ ഖുബൈബ് എന്ന ആ പ്രബോധകനായ തടവുകാരന്‍ ക്ഷൗരക്കത്തി വാങ്ങുകയും കുട്ടിയെ തലോടി വിട്ടയക്കുകയുമാണുണ്ടായത്. 'ഒരു മുസ്‌ലിം ഒരിക്കലും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ വഞ്ചിക്കുകയില്ല' എന്ന് വീട്ടുകാരിയോട് പറയുകയും ചെയ്തു. മക്കക്കാരുടെ അന്ധവിശ്വാസങ്ങളെക്കുറിച്ച് ഒന്നു രണ്ടു വാക്കുകള്‍ കൂടി. തങ്ങള്‍ അധിവസിക്കുന്ന പ്രദേശം പരമപരിശുദ്ധമാണെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചിരുന്നു. അതിനാല്‍ മക്കയില്‍ വെച്ച് അവര്‍ തടവുകാര്‍ക്ക് വധശിക്ഷ നല്‍കില്ല.  വിശുദ്ധ നഗരിക്കു പുറത്തുള്ള തന്‍ഈം എന്ന സ്ഥലത്തേക്ക് തടവുകാരെ കൊണ്ടുപോവുകയാണ് ചെയ്യുക. കുന്തങ്ങള്‍ കൊണ്ട് വളരെ നേരം കുത്തിപ്പരിക്കേല്‍പിച്ച് ഇഞ്ചിഞ്ചായാണ് അവര്‍ തടവുകാരെ കൊല്ലുക.13

 

വെല്ലുവിളി പിന്‍വലിക്കുന്നു

ഉഹുദ് യുദ്ധം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ബദ്‌റില്‍ വെച്ച് വീണ്ടും കാണാം എന്ന് അബൂസുഫ്‌യാന്‍ മുസ്‌ലിംകളെ വെല്ലുവിളിച്ചിരുന്നല്ലോ. പക്ഷേ, മക്കയില്‍ വരള്‍ച്ചയും മറ്റും ആയതിനാല്‍ ആ വെല്ലുവിളിയില്‍നിന്ന് അവര്‍ പിന്നാക്കം പോയി. മറ്റേതെങ്കിലും വര്‍ഷം വെല്ലുവിളി ഏറ്റെടുക്കാമെന്ന് അറിയിച്ചു. ഈയൊരു മറുപടി മുസ്‌ലിംകള്‍ പ്രതീക്ഷിച്ചിരുന്നതാണ്. അതിനാല്‍ അവര്‍ ബദ്‌റില്‍ വര്‍ഷംതോറും നടക്കാറുള്ള ചന്തയിലേക്ക് പോയത് ആയുധങ്ങളുമായിട്ടല്ല, കച്ചവടച്ചരക്കുകളുമായാണ്. നല്ല ലാഭം അവര്‍ ഉണ്ടാക്കുകയും ചെയ്തു.14 ഖുറൈശികളുടെ ഭീരുത്വത്തെ പരിഹസിച്ച് മുസ്‌ലിംകള്‍ ആക്ഷേപകാവ്യങ്ങള്‍ രചിച്ചെങ്കിലും, അവര്‍ നിലപാട് മാറ്റിയില്ല.

 

സ്ത്രീകളുടെ പദവി

ശൈശവ ദശയിലുള്ള തന്റെ രാഷ്ട്രത്തിന്റെ സുരക്ഷ ഈ ഘട്ടത്തില്‍ പ്രവാചകന്റെ മുഖ്യ പരിഗണന ആയിരുന്നെങ്കിലും, മതപരവും സാമൂഹികവുമായ പരിഷ്‌കരണങ്ങള്‍ക്കും അദ്ദേഹം മുന്നിട്ടിറങ്ങാതിരുന്നില്ല. മനുഷ്യന് ദൈവവുമായുള്ള ബന്ധത്തെ പ്രവാചകന്‍ എങ്ങനെ പുതുക്കിപ്പണിതു എന്ന് നാം കണ്ടതാണ്. മുമ്പിത് പേരിനു മാത്രമുള്ള ബന്ധമായിരുന്നു. ഒരു ചടങ്ങില്‍ കവിഞ്ഞ് ഒന്നുമായിരുന്നില്ല. ഓരോ മനുഷ്യനിലും ഒരു നിത്യജീവിത യാഥാര്‍ഥ്യമാക്കി അതിനെ മാറ്റിയത് പ്രവാചകനാണ്. ഓരോ ദിവസവും നിര്‍ബന്ധ പ്രാര്‍ഥന തന്നെ അഞ്ചു നേരമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കുകയും വേണം. ഒപ്പം തന്നെ, പാവപ്പെട്ടവര്‍ക്കു വേണ്ടി പണക്കാരില്‍നിന്ന് നികുതി പോലെ ഒരു നിശ്ചിത തുക പിരിച്ചെടുക്കുകയും ചെയ്തു. നാട്ടില്‍ ചില അനന്തരാവകാശ നിയമങ്ങള്‍ പരമ്പരാഗതമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. അവയുടെ പോരായ്മകള്‍ പുറത്തുകൊണ്ടുവന്നത് യുദ്ധങ്ങളാണ്.

ഇബ്‌നു ഹബീബ്15 നമ്മോട് മദീനയിലുണ്ടായിരുന്ന പരമ്പരാഗത അനന്തരാവകാശ നിയമങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സൈനിക സേവനത്തിന് പ്രായമായ ആണ്‍മക്കള്‍ക്ക് മാത്രമായിരുന്നു പിതാവിന്റെ സ്വത്തില്‍ അനന്തരാവകാശമുണ്ടായിരുന്നത്. അവരുടെ പ്രായപൂര്‍ത്തിയെത്താത്ത സഹോദരന്മാര്‍ക്കോ സഹോദരിമാര്‍ക്കോ മാതാവിനു പോലുമോ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയായ ആണ്‍മക്കളില്ലെങ്കില്‍ മരിച്ചയാളുടെ സഹോദരന്മാര്‍ക്കോ അവരുടെ പുത്രന്മാര്‍ക്കോ അല്ലെങ്കില്‍ പിതാവ് വഴിയുള്ള മറ്റു ബന്ധുക്കള്‍ക്കോ ഒക്കെയാണ് അനന്തരാവകാശം. ഉഹുദ് യുദ്ധാനന്തരമാണ് ഈ വിഷയത്തില്‍ ഖുര്‍ആന്‍ ഇടപെടുന്നത്. അനന്തരാവകാശ വിഷയത്തില്‍ ഒരു സ്ത്രീശാക്തീകരണം തന്നെയാണ് നടന്നത്. പ്രായപൂര്‍ത്തിയെത്തിയവരും എത്താത്തവരും എന്ന ആ വിവേചനം ഖുര്‍ആന്‍ പൂര്‍ണമായി തന്നെ റദ്ദാക്കി. തുടര്‍ന്ന് മരിച്ചയാളുടെ സ്ത്രീബന്ധുക്കളായ മാതാവ്, മകള്‍, സഹോദരി, അമ്മായി, പിതാമഹി, പൗത്രി തുടങ്ങിയവര്‍ക്ക് അനന്തരാവകാശം അനുവദിച്ചു. ഒരു വില്‍പത്രത്തിനും ഇവരുടെ അവകാശം തടയാനാകില്ല. ഉഹുദ് യുദ്ധത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു മുസ്‌ലിം സ്ത്രീയുണ്ടായിരുന്നു. അവര്‍ക്ക് പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ പാരമ്പര്യ അനന്തരാവകാശ നിയമമനുസരിച്ച് മുഴുവന്‍ സ്വത്തും അവര്‍ക്ക് നഷ്ടപ്പെടും. ഭര്‍ത്താവിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മുഴുവന്‍ സ്വത്തും നഷ്ടപ്പെടുകയാണ്. ഈ ഇരട്ട ആഘാതത്തെക്കുറിച്ച് പ്രവാചകനോട് പരാതി പറയാനായി അവര്‍ അദ്ദേഹത്തിന് ഒരു വിരുന്ന് ഒരുക്കിയിരുന്നു. ഇതിന്റെ വര്‍ണാഭമായ വിവരണം സംഹൂദി (പേ: 125) നല്‍കുന്നുണ്ട്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കകം ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചു. ദൂരവ്യാപകമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു ഈ പരിഷ്‌കരണങ്ങള്‍.

(തുടരും)

 

കുറിപ്പുകള്‍

1. ഇബ്‌നുഹിശാം, പേ: 558

2. എന്റെ ലേഖനം, Battlefields.... പേ: 75

3. ഇബ്‌നുഹിശാം, പേ: 555-638

4. മഖ്‌രീസി പേ: 125-6

5. ഇബ്‌നുഹിശാം പേ: 581

6. ഇബ്‌നുഹിശാം 567-639

7. മഖ്‌രീസി 1/147, മുഹബ്ബര്‍, പേ: 404

8. ഇബ്‌നുഹിശാം പേ: 582-3

9. അതേ പുസ്തകം, ഖണ്ഡിക 183

10. അതേ പുസ്തകം പേ: 583

11. അതേ പുസ്തകം പേ: 589-90

12. അതേ പുസ്തകം പേ: 561-2

13. അതേ പുസ്തകം പേ: 638, മഖ്‌രീസി 1/176

14. ഇബ്‌നുഹിശാം പേ: 666, ബലാദുരി 1/726

15. ഇബ്‌നു ഹബീബ്, മുഹബ്ബര്‍ പേ: 324-5, ബലാദുരി 1/722.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍