നശിപ്പിക്കുന്നത് സ്മാരകങ്ങളെയല്ല, അവ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തെ
നിലവിലുള്ളതിനെ ചെറുതാക്കാന്‍ അതിനേക്കാള്‍ വലിയതൊന്ന് പ്രതിഷ്ഠിക്കാം, വലുതൊന്നും പകരം വെക്കാനില്ലാതിരിക്കുമ്പോള്‍ നിലവിലുള്ളതിനെ നശിപ്പിക്കുകയോ ഇകഴ്ത്തുകയോ അത് തങ്ങളുടേതാണെന്ന് അവകാശപ്പെടുകയോ ചെയ്യാം. അത് പക്ഷേ അധമ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. രണ്ടാമത്തേതാണ് പ്രതിലോമശക്തികള്‍ക്ക് ഏറെ എളുപ്പം. ചരിത്രത്തില്‍ അതിന് സാക്ഷ്യങ്ങള്‍ ധാരാളമു്.
ചരിത്രത്തിലെ ശേഷിപ്പുകള്‍, അവയുടെ പ്രസക്തിയെയും പശ്ചാത്തലത്തെയും വര്‍ത്തമാനകാല മനസ്സുമായി ബന്ധിപ്പിക്കുന്നു. അത്തരം ബന്ധങ്ങള്‍ മനസ്സിനെ സ്വാധീനിക്കുകയും അവ പ്രതിനിധീകരിക്കുന്ന ആശയങ്ങളുമായും വ്യക്തികളുമായും താദാത്മ്യം പുലര്‍ത്താന്‍ ഇടയാക്കുകയും ചെയ്യുന്നു. ഈ അവസ്ഥ ഭരണകൂടങ്ങള്‍ക്ക്/ വരേണ്യ വര്‍ഗത്തിന് അരോചകമാവുമ്പോള്‍ അവര്‍ രണ്ടാമത്തെ വഴി തേടുന്നു.
ഇതിന്റെ ഉദാഹരണങ്ങളിലൊന്നാണ് സ്‌പെയിനിലെ ലാ മെസ്‌ക്യൂറ്റയും (The Mosque) മുസ്‌ലിം ഭരണകാലത്ത് അവിടെ വികസിച്ചുവന്നിരുന്ന വിജ്ഞാന മേഖലയും. ലാ മെസ്‌ക്യൂറ്റ കത്തീഡ്രലായി, വിജ്ഞാന മേഖല നശിപ്പിക്കപ്പെട്ടു. ക്രി. 711 മുതല്‍ 1492 വരെ സ്‌പെയിന്‍ വൃദ്ധിക്ഷയങ്ങളോടെ മുസ്‌ലിം ഭരണകൂടങ്ങളുടെ അധീനതയിലായിരുന്നു. സ്‌പെയിനിന്റെ ചരിത്രത്തിലെ ഏക സുവര്‍ണ കാലവും ഇതായിരുന്നു. ഇഷ്ടിക പാകിയ നിരത്തുകളും പൊതു ശൗചാലയങ്ങളും വായന/ഗ്രന്ഥശാലകളും കോളേജുകളും സര്‍വകലാശാലകളും വാസ്തുകലകളും തുടങ്ങി അഖില മേഖലകളിലും സ്‌പെയിന്‍ ശോഭിക്കുകയായിരുന്നു.
ഇസ്‌ലാമികാശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന, പൊതുക്ഷേമം മുന്‍നിര്‍ത്തിയുള്ള, വിവേചനരഹിതമായ ഭരണം ജനങ്ങളെ ഇസ്‌ലാമിലേക്കും ഇസ്‌ലാമിക നാഗരികതയിലേക്കും ആകര്‍ഷിച്ചു. ഈ സംസ്‌കാരത്തിന്റെ മേന്മ കണ്ടാണ് സ്‌പെയിനിലെ ഇതര മതസ്ഥര്‍ അറബി ഭാഷയും വസ്ത്രവും ഭക്ഷണ രീതികളും സ്വമേധയാ സ്വീകരിച്ചത്. ഈ സംസ്‌കാരത്തിന്റെ ബഹിര്‍സ്ഫുരണം യൂറോപ്പിനെ ഒരളവോളം സംസ്‌കൃതരാക്കി.
1492-ല്‍ കത്തോലിക്കര്‍ രാജ്യം കീഴടക്കിയപ്പോള്‍ ഇവയത്രയും നിരോധിക്കുകയായിരുന്നു. അറബി ഭാഷയും വേഷവും ഭക്ഷണവും വിലക്കി. മസ്ജിദുകള്‍ ചര്‍ച്ചുകളായി. സ്ഥലനാമങ്ങള്‍ മാറ്റിമറിക്കപ്പെട്ടു. വിജ്ഞാന ശേഖരങ്ങള്‍ നശിപ്പിക്കപ്പെട്ടു. മുസ്‌ലികളും ജൂതരും ആദ്യം ചേരികളിലേക്കും പിന്നീട് നിര്‍ബന്ധ മതപരിവര്‍ത്തനത്തിലേക്കും നയിക്കപ്പെട്ടു. അതിനു 100 വര്‍ഷങ്ങള്‍ക്കു ശേഷം പരിവര്‍ത്തിതരായവരെയും അവരുടെ പിന്മുറക്കാരെയും വെറും കൈയോടെ സ്‌പെയിനില്‍നിന്നും ആട്ടിയോടിക്കുകയും ചെയ്തു. കത്തോലിക്കരാണ് ലോകസമാധാനത്തിനും മനുഷ്യപുരോഗതിക്കും തടസ്സമെന്ന് ബര്‍ട്രാന്റ് റസ്സല്‍ പറയുന്നത് ഈ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ്.
പൊതുജനം വേദപുസ്തകങ്ങള്‍ വായിക്കരുതെന്ന് ശഠിച്ചിരുന്ന കാലത്ത് ഇസ്‌ലാമിക നാഗരികത മനുഷ്യര്‍ക്കിടയിലുണ്ടായിരുന്ന വേര്‍തിരിവുകളെ പൊളിച്ചുനീക്കി. ഇതിന് അവലംബിച്ചത് ഉച്ചനീചത്വങ്ങള്‍ വിലക്കിയുള്ള ശാസനങ്ങളെ മാത്രമായിരുന്നില്ല. കലകള്‍, പ്രത്യേകിച്ചും ടൗണ്‍ പ്ലാനിംഗ് ഉള്‍പ്പെടെയുള്ള വാസ്തുകലയും വിജ്ഞാന ശേഖരണ-വിതരണ സംവിധാനങ്ങളും ഇതിനു വേി ഉപയോഗപ്പെടുത്തി. ഇസ്‌ലാം എത്തിച്ചേര്‍ന്ന സ്ഥലങ്ങളില്‍ ലഭ്യമായതെന്തും സ്വാംശീകരിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയുമാണുായത്. ഇതിന്റെ ഉദാഹരണങ്ങളാണ് യൂറോപ്പിലെയും ഏഷ്യയിലെയും വാസ്തുശില്‍പങ്ങളും വിജ്ഞാന കേന്ദ്രങ്ങളും. മസ്ജിദുകള്‍ പോലും തദ്ദേശീയ വാസ്തുമാതൃകകള്‍ക്ക് അനുസൃതമായി നിര്‍മിച്ചു. ചൈനയിലെ മസ്ജിദുകള്‍ അവിടത്തെ മാതൃകയിലും കേരളത്തിലേത് ഇവിടത്തെ മാതൃകയിലുമാണ് പണിതത്.
യൂറോപ്യന്‍ ടൗണ്‍ പ്ലാനിംഗ് അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡലിസത്തിലെ ഉച്ചനീചത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുള്ളതായിരുന്നുവെങ്കില്‍ ഇസ്‌ലാമിക ടൗണ്‍ പ്ലാനിംഗ് മത-മതേതര മൂല്യങ്ങള്‍ നിലനിര്‍ത്തി ഉച്ചനീചത്വങ്ങള്‍ അപ്രസക്തമാക്കുന്ന തരത്തിലുള്ളവയായിരുന്നു. മാത്രവുമല്ല സാമൂഹിക ജീവിതത്തിന് ഊന്നല്‍ കൊടുക്കുന്നതോടൊപ്പം സ്വകാര്യത സംരക്ഷിക്കുന്നത് കൂടിയായിരുന്നു. സ്‌പെയിന്‍ കത്തോലിക്കരുടെ അധീനതയിലായപ്പോള്‍ അവരുടെ സംസ്‌കാരവും അതിന്റെ അവശ്യഘടകമായ ഉച്ചനീചത്വങ്ങളും തിരിച്ചുകൊണ്ടുവരേണ്ടിയിരുന്നു. വിവരവും വിദ്യാഭ്യാസവും സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുക എന്നത് വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായിരുന്നു. ഗതകാല സ്മരണകളെയും അവയെ ഉണര്‍ത്തുന്ന എന്തിനെയും നശിപ്പിക്കേണ്ടിയിരുന്നു. നിലവിലുള്ള സാധാരണക്കാരന്റെ വിജ്ഞാനസ്രോതസ്സ് നശിപ്പിക്കേണ്ടിയിരുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതി ഉള്‍പ്പെടെ സര്‍വവും നശിപ്പിച്ചാണ് കത്തോലിക്കാ ഭരണകൂടം ഇത് സാധിച്ചത്. എന്നാല്‍ കൊട്ടാരങ്ങള്‍ തങ്ങള്‍ക്ക് ഉപയോഗപ്രദമായതിനാലും ആരാധനാലയങ്ങള്‍ പരിവര്‍ത്തിച്ച് തങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിനാലും അത്തരം കെട്ടിടങ്ങള്‍ നശിപ്പിക്കാതെ വിടുകയായിരുന്നു. അതിലൊന്നായ ലോക പൈതൃകത്തിലെ ഏറ്റവും മനോഹരമായ ലെ മെസ്‌ക്യൂറ്റയാണ് ഇന്നും ഒരു കത്തീഡ്രലായി തുടരുന്നത്. അങ്ങനെ തുടരാനുള്ള ന്യായീകരണമായി പറയുന്നത് ആ സ്ഥാനത്ത് ഇസ്‌ലാമിക കാലത്തിനു മുമ്പ് ഒരു കത്തീഡ്രല്‍ ഉണ്ടായിരുന്നുവെന്നാണ്. ഇന്ത്യയില്‍ ഇന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പല അവകാശവാദങ്ങളെയും ഇതുമായി താരതമ്യം ചെയ്യാവുന്നതാണ്.
ഇതുപോലുള്ള അയുക്തിക വാദങ്ങളില്‍ മാത്രമല്ല 15-ാം നൂറ്റാണ്ടിലെ സ്‌പെയിനും 21-ാം നൂറ്റാണ്ടിലെ ഇന്ത്യയും താദാത്മ്യപ്പെടുന്നത്. മാനുഷിക പരിഗണനകള്‍ പോലും നല്‍കാതെയാണ് കത്തോലിക്കാ വിഭാഗം മുസ്‌ലിംകളോട് പെരുമാറിയത്. ആദ്യകാലത്ത് ചേരികളില്‍ മാത്രമേ അവര്‍ക്ക് താമസിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ. പിന്നീട് നിര്‍ബന്ധ മതപരിവര്‍ത്തനം. 100 വര്‍ഷം കഴിഞ്ഞപ്പോള്‍ മതപരിവര്‍ത്തനം ചെയ്ത് കത്തോലിക്കരായവരെയും അവരുടെ പിന്മുറക്കാരെയും വരെ സ്‌പെയിനില്‍നിന്നും ആട്ടിപ്പുറത്താക്കി. അവരുടെ കൂറ് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല എന്ന ന്യായം പറഞ്ഞ്.
എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യയിലും ആഫ്രിക്കയിലും ഇസ്‌ലാമിക പൈതൃകങ്ങള്‍ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ നശിപ്പിക്കപ്പെട്ടിട്ടില്ല. പ്രതികൂലമായ കാലാവസ്ഥയും അവഗണനയും മൂലം ആഫ്രിക്കയിലെ ചരിത്രശേഷിപ്പുകള്‍ നശിച്ചുപോവുകയോ നാശോന്മുഖമാവുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മുഗളര്‍ക്കു ശേഷം ബ്രിട്ടീഷുകാരും സ്വാതന്ത്ര്യത്തിനു ശേഷം ജനാധിപത്യ ഭരണകൂടങ്ങളും ഇസ്‌ലാമിക പൈതൃകങ്ങള്‍ നശിപ്പിക്കാനോ മാറ്റിമറിക്കാനോ തയാറായിട്ടില്ല. ചൈന പോലുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും വ്യത്യസ്തമല്ല സ്ഥിതിഗതികള്‍.
എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ഇസ്‌ലാമിനെയും അതിന്റെ ചിഹ്നങ്ങളെയും തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ, സ്വയം വരുത്തി വെച്ച അധമബോധം ശമിപ്പിക്കാന്‍ ഉത്തമമായതിനെ നശിപ്പിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു. നശിപ്പിക്കുക എന്നത് മറുപടിയില്ലാത്ത വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നതിനാല്‍ കുപ്രചാരണം വഴി അതിന്റെ മേല്‍ അവകാശവാദം ഉന്നയിക്കുകയോ അതിനു പകരം മറ്റെന്തെങ്കിലും ഉയര്‍ത്തിക്കാട്ടുകയോ മാത്രമേ വഴിയുള്ളൂ. 1960-കളുടെ അവസാനത്തില്‍ തുടങ്ങിയതാണിത്. ഞങ്ങളുടെ വിദ്യാഭ്യാസ കാലത്ത് തന്നെ ക്ലാസ്സെടുക്കുമ്പോള്‍ സാമൂഹികപാഠം അധ്യാപകന്‍ ഖുത്ബ് മിനാറിന്റെയും താജ്മഹലിന്റെയും മേല്‍ ഇന്ന് ഉയര്‍ത്തുന്ന അതേ അവകാശം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ അധികാരത്തിന്റെ പിന്തുണയോടെ ആ ശബ്ദം പുറത്തും മുഴങ്ങിക്കേള്‍ക്കുന്നു.
താജ്മഹല്‍ (ആഗ്ര), ഖുത്ബ് മിനാര്‍ (ദല്‍ഹി), ആഗ്ര കോട്ട, അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം (സിക്കന്തര്‍, ആഗ്ര), ഷാ ഹംദന്‍ ശവകുടീരം (ശ്രീ നഗര്‍), ഗോല്‍ ഗുമ്പാസ് (ബീജാപ്പൂര്‍, കര്‍ണാടക), ഷേര്‍ഷാ സൂരി ശവകുടീരം (സസാറം, ബിഹാര്‍), ഹുമയൂണ്‍ ശവകുടീരം (ദല്‍ഹി), ചെങ്കോട്ട, ജുമാ മസ്ജിദ്, ഫത്തഹ്പ്പൂര്‍ സിക്രി (ദല്‍ഹി), ജുമാ മസ്ജിദ് (ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ്, ചമ്പാനര്‍, ഗുജറാത്ത്), മഹ്മൂദ് ഖവാന്‍ മദ്‌റസ (ബിദാര്‍, കര്‍ണാടക), സീതി സയ്യാദ് മസ്ജിദ് (അഹ്മദാബാദ്, ഗുജറാത്ത്), ഔറംഗസീബിന്റെ ഭാര്യ റാബിഅ അല്‍ ദദുറാനിയുടെ ശവകുടീരം (ഔറംഗാബാദ്, മഹാരാഷ്ട്ര) ജുമാ മസ്ജിദ് (സൗരാഷ്ട്ര, ഗുജറാത്ത്), ഇബ്‌റാഹീം റൗസ സമുച്ചയം (ബിജാപ്പൂര്‍, കര്‍ണാടക), ടര്‍ക്കിഷ് മഹല്‍ (ബിദാപ്പൂര്‍ കോട്ട, കര്‍ണാടക) തുടങ്ങി അനേകം കോട്ടകൊത്തളങ്ങള്‍, കൊട്ടാരങ്ങള്‍, പാലങ്ങള്‍, പൊതു ഉദ്യാനങ്ങള്‍ എന്നിവ ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളുടെ സംഭാവനയാണ് (ഇത്തരത്തില്‍പെട്ട പലതും ഇന്ന് പാകിസ്താനിലും നിലനില്‍ക്കുന്നുണ്ട്).
ഇതൊക്കെയും പണിതത്, ശവകുടീരങ്ങള്‍ ഒഴികെയുള്ളത്, പൊതു ആവശ്യത്തിനാണെന്ന് വരുമ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിശാലമനസ്‌കരായിരുന്നു എന്ന് മനസ്സിലാക്കാം. ഈ തെളിവുകള്‍, അവര്‍ സങ്കുചിത മതമൗലികവാദികളായിരുന്നു എന്ന് തെളിയിക്കാന്‍ വെമ്പുന്നവര്‍ക്ക് അസഹനീയമാണ്. ഈ തെളിവുകള്‍ അവര്‍ക്ക് എതിരായി ഉപയോഗിക്കാനാണ് അവയൊക്കെ പുണ്യസ്ഥാപനങ്ങളായിരുന്നുവെന്നും മുസ്‌ലിം ഭരണാധികാരികള്‍ അവ തങ്ങളുടേതാക്കി മാറ്റിയതാണെന്നും ആരോപിക്കുന്നത്.
ഇതൊക്കെയും ഇതുവരെ സംരക്ഷിക്കപ്പെട്ടത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്മരണ നിലനിര്‍ത്താനല്ല, മറിച്ച് ചരിത്ര സ്മാരകങ്ങളായാണ്. മുസ്‌ലിം ഭരണാധികാരികള്‍ക്കു മുമ്പും ശേഷവും നാട് വാണിരുന്ന ഒരു വിഭാഗവും ഇത്തരം പൈതൃകങ്ങള്‍ ഒന്നും തന്നെ വിട്ടേച്ചുപോയില്ല എന്നത് ചിലരുടെ അസൂയക്ക് ഹേതുവാണെങ്കിലും, നേരത്തേ സൂചിപ്പിച്ചതുപോലെ ചരിത്രരചനയില്‍ പങ്കില്ലാത്തവര്‍ ആ സത്യം അംഗീകരിക്കുക എന്നതാണ് വര്‍ത്തമാന കാലത്തോട് അവര്‍ക്ക് ചെയ്യാവുന്ന നീതി.
താജ്മഹലിന് മേലുള്ള അവകാശവാദത്തെ പരിഹാസ്യമാക്കുന്നത് അത് ശിവക്ഷേത്രമായിരുന്നു എന്ന വാദമാണ്. ഒരു ക്ഷേത്രം തകര്‍ത്ത് അതിന്റെ സ്ഥാനത്ത് താജ്മഹല്‍ പണിതു എന്നാണ് വാദമെങ്കില്‍ സംശയത്തിന്റെ ആനുകൂല്യമെങ്കിലും ലഭിക്കുമായിരുന്നു. ഖുബ്ബയും മിനാരവുമുള്ള തികച്ചും മുസ്‌ലിം വാസ്തുശില്‍പ മാതൃകയില്‍ പണിത ഒരു സൗധം ക്ഷേത്രമായിരുന്നുവെന്ന് പറയുന്നവര്‍ സ്വയം അപഹാസ്യരാവുകയാണ്; ഒരു ചരിത്രകാരനും ഇന്നുവരെ അങ്ങനെയൊരു സംശയം പോലും പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഇതിന്റെ മറ്റൊരു രൂപമാണ് അറബി അക്കങ്ങള്‍ എന്ന് ലോകം അംഗീകരിച്ച, സാര്‍വത്രികമായി ഉപയോഗിച്ചുവരുന്ന അക്കങ്ങള്‍. (1,2,3..). സി.ബി.എസ്.ഇ പാഠപുസ്തകങ്ങളില്‍ ഈ അക്കങ്ങളെ ഇപ്പോള്‍ പരിചയപ്പെടുത്തുന്നത് ഹിന്ദു അറബി അക്കങ്ങള്‍ എന്നാണ്. ഇന്തോ അറബ് അക്കങ്ങള്‍ എന്നു പോലുമല്ല.
ഒരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ തുടച്ചുനീക്കാന്‍ പ്രേരണയാവുന്നത്, അവ തങ്ങളുടെ വാദമുഖങ്ങളുടെ നേര്‍വിപരീതമാണ് എന്നതുകൊാണെങ്കില്‍, അത് ഇവിടെ നിലവിലുണ്ടായിരുന്ന ഉത്തമ നാഗരികതയുടെ വക്താക്കള്‍ക്ക് അഭിമാനകരം തന്നെയാണ്.
Comments