Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

ബാല്‍ഫര്‍ പ്രഖ്യാപനം കൊടും വഞ്ചനയുടെ നൂറാണ്ട്

പി.കെ. നിയാസ്

ലോകത്ത് സാമ്രാജ്യത്വത്തിന്റെ വിഷബീജം വിതച്ചതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ബ്രിട്ടന്‍. രാജ്യങ്ങള്‍ ഒന്നൊന്നായി വെട്ടിപ്പിടിക്കുകയും അവിടങ്ങളിലെ ജനങ്ങളെ അടിമകളാക്കി ഭരിക്കുകയും വിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത ബ്രിട്ടന്‍ തന്നെയാണ് സയണിസ്റ്റ് ഭീകരതക്ക് വെള്ളവും വളവും നല്‍കിയത്. 1917 നവംബര്‍ രണ്ടിന് ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ഫലസ്ത്വീന്റെ മണ്ണില്‍ സയണിസ്റ്റ് രാഷ്ട്രത്തിന് ഇടം നല്‍കുക വഴി മധ്യപൗരസ്ത്യ ദേശത്തിന് തീരാ ദുഃഖം സമ്മാനിക്കുകയാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ചെയ്തത്. 

ലോകമെമ്പാടുമുള്ള ഫലസ്ത്വീനികളും അധിനിവേശ വിരുദ്ധരും ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ ശതാബ്ദിയെ സാമ്രാജ്യത്വ ഗൂഢാലോചനയുടെ നൂറ്റാണ്ടായി വിശേഷിപ്പിച്ച് പ്രതിഷേധം തീര്‍ക്കുമ്പോള്‍ അതിനെ ഗംഭീര ആഘോഷമാക്കുകയാണ് ബ്രിട്ടന്‍. പ്രധാനമന്ത്രി തെരേസ മേയ് തന്നെ മുന്‍കൈയെടുത്താണ് ആഘോഷം. അതില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലണ്ടനില്‍ എത്തിയിരുന്നു. ബാല്‍ഫര്‍ പ്രഖ്യാപനമെന്ന ഗൂഢാലോചനയിലൂടെ ഫലസ്ത്വീനികളെ വഞ്ചിച്ച ബ്രിട്ടന്‍ മാപ്പു പറയണമെന്ന ആവശ്യം നിരാകരിച്ച തെരേസ മേയ്, ബാല്‍ഫര്‍ പ്രഖ്യാപന ശതാബ്ദിയെ ഏറെ അഭിമാനത്തോടെയാണ് വരവേല്‍ക്കുന്നതെന്ന് കണ്‍സര്‍വേറ്റീവ് ഫ്രണ്ട്‌സ് ഓഫ് ഇസ്രയേല്‍ എന്ന ബ്രിട്ടനിലെ സയണിസ്റ്റ് സംഘടന പ്രസിദ്ധീകരിക്കുന്ന മാസികയില്‍ സെപ്റ്റംബറില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഏപ്രിലില്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ബാല്‍ഫറിന്റെ പേരില്‍ മാപ്പു പറയില്ലെന്നും ഇസ്രയേല്‍ രാഷ്ട്രത്തിന്റെ പിറവിയില്‍ ബ്രിട്ടന്‍ അഭിമാനം കൊള്ളുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഫലസ്ത്വീനിലെ ജൂതന്‍മാരല്ലാത്ത സമുദായങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ, വിശിഷ്യാ സ്വയംനിര്‍ണയാവകാശങ്ങളെ ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ഊന്നിപ്പറയേണ്ടിയിരുന്നുവെന്ന് പ്രസ്താവന ഓര്‍മിപ്പിക്കുന്നു.

ബാല്‍ഫറിനെ പുകഴ്ത്തുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പക്ഷത്തിന്റെ നിലപാടുകള്‍ സയണിസത്തിന്റെ നിഷ്ഠുരതയെ പൂവിട്ടു പൂജിക്കുന്നതിന് തുല്യമാണ്. ബ്രിട്ടനിലെ സയണിസ്റ്റ് സംഘടനകളുടെ കൂട്ടായ്മയായ ജ്യൂയിഷ് ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഫലസ്ത്വീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ മാസം ലേബര്‍ ഫ്രണ്ട്‌സ് ഓഫ് ഇസ്രയേലിന്റെ സമ്മേളനത്തില്‍നിന്നും കോര്‍ബിന്‍ വിട്ടുനില്‍ക്കുകയുണ്ടായി. ഇസ്രയേലീ ഭീകരതയെ കണ്ണും പൂട്ടി അനുകൂലിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വമാണ് ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അമേരിക്കയുടെ അമ്പതാം സംസ്ഥാനമെന്ന നിലയിലാണ് സയണിസ്റ്റ് രാഷ്ട്രം പരിഗണിക്കപ്പെടുന്നത് എന്നതും വസ്തുതയാണ്. ഇസ്രയേലിന്റെ പിറവി മുതല്‍ ആ രാജ്യം നടത്തുന്ന എല്ലാ നെറികേടുകളെയും ഇക്കാലം വരെയും വെള്ളപൂശുകയും ഫലസ്ത്വീനീ ജനതയെ ഉന്‍മൂലനം ചെയ്യാന്‍ മാരകായുധങ്ങള്‍ നിര്‍ബാധം നല്‍കുകയും ചെയ്യുന്നതും അമേരിക്കയാണ്. അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്റെ ഇസ്രയേല്‍ ബാന്ധവം അമ്പതുകള്‍ക്കു ശേഷം കുറഞ്ഞുവെന്നത് ശരിയാണെങ്കിലും ഫലസ്ത്വീന്‍ പ്രശ്‌നത്തിന്റെ അടിവേരുകള്‍ പരിശോധിക്കുമ്പോള്‍ അതിന്റെ പാപഭാരം പേറേണ്ടത് ബ്രിട്ടന്‍ തന്നെയാണ്. 

 

മൂന്ന് മഹാ പാതകങ്ങള്‍

ഫലസ്ത്വീനികളെയും ലോകത്തെയും വഞ്ചിക്കുന്ന മൂന്നു മഹാപാതകങ്ങളാണ് ഒന്നാം ലോക യുദ്ധ കാലത്ത് ബ്രിട്ടന്‍ ചെയ്തത്. ഉസ്മാനി തുര്‍ക്കികളെ പരാജയപ്പെടുത്താന്‍ സഹായിച്ചാല്‍ അറബ് മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശങ്ങളുടെ നിയന്ത്രണം തദ്ദേശീയര്‍ക്ക് നല്‍കാമെന്ന വാഗ്ദാനമാണ് അതില്‍ പ്രധാനം. മക്കയിലെ ശരീഫ് ആയിരുന്ന ഹുസൈന്‍ ബിന്‍ അലിയും ബ്രിട്ടന്റെ ഈജിപ്തിലെ ഹൈക്കമീഷണറായിരുന്ന കേണല്‍ ഹെന്റി മെക്മഹോനും 1915 ജൂലൈക്കും 1916 മാര്‍ച്ചിനും ഇടയില്‍ നടത്തിയ കത്തിടപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വാഗ്ദാനം. ഒന്നാം ലോക യുദ്ധാനന്തരം സിറിയയുടെ ചില ഭാഗങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ അറബ് പ്രദേശങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കാമെന്നായിരുന്നു ഇരുവര്‍ക്കുമിടയില്‍ എഴുതപ്പെട്ട പത്തു കത്തുകളിലെ ഉള്ളടക്കം. ഏതാണ്ട് ഇതേ കാലത്ത്, ഫ്രാന്‍സുമായി ഒപ്പിട്ട മറ്റൊരു കരാറിലൂടെ (1916-ലെ സൈക്‌സ്-പിക്കോ ഉടമ്പടി) ഫലസ്ത്വീന്‍ പ്രദേശങ്ങളുടെ ഭൂരിഭാഗവും അന്താരാഷ്ട്ര ഭരണത്തിനു കീഴിലായതിനാല്‍ ബാക്കി വരുന്ന ഭാഗങ്ങള്‍ യുദ്ധാനന്തരം വീതിച്ചെടുക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം രഹസ്യ ധാരണയിലെത്തി. ഫലസ്ത്വീന്റെ നിയന്ത്രണം പില്‍ക്കാലത്ത് ബ്രിട്ടനായിരിക്കുമെന്നും അവിടങ്ങളില്‍ താമസിക്കുന്ന അറബ് ജനതക്ക് സ്വാതന്ത്ര്യം നല്‍കില്ലെന്നുമായിരുന്നു കരാറിന്റെ ഉള്ളടക്കം. ഫലസ്ത്വീനികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച അവരുടെ ഭൂമി അവിടേക്ക് ഭാവിയില്‍ കുടിയിരുത്തപ്പെടുന്ന ജൂതന്‍മാര്‍ക്ക് സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനായി നല്‍കുമെന്ന് വിളംബരം ചെയ്യുന്ന ബാല്‍ഫര്‍ പ്രഖ്യാപനം 1917 നവംബര്‍ 2-ന് ബ്രിട്ടന്‍ പരസ്യപ്പെടുത്തുക കൂടി ചെയ്തതോടെ ഗൂഢാലോചന മറനീക്കി പുറത്തുവന്നു.

സയണിസത്തെക്കുറിച്ച് ആധികാരിക പഠനം നടത്തിയ ഫലസ്ത്വീന്‍-അമേരിക്കന്‍ എഴുത്തുകാരനും പ്രമുഖ അക്കാദമീഷ്യനുമായ എഡ്വേര്‍ഡ് സെയ്ദ് ഒറ്റവാക്കില്‍ ഇക്കാര്യം പറഞ്ഞുവെച്ചിട്ടുണ്ട്. ശക്തമായ ഒരു യൂറോപ്യന്‍ രാഷ്ട്രം യൂറോപ്പിനു പുറത്ത് തദ്ദേശീയരായ ഭൂരിപക്ഷം ജനതയുടെ വികാരത്തിനെതിരായി നടത്തിയ രാഷ്ട്രപ്രഖ്യാപനം എന്നാണ് ബ്രിട്ടന്റെ സയണിസ്റ്റ് ഗൂഢാലോചനയെ സെയ്ദ് വിശേഷിപ്പിച്ചത്. 90 ശതമാനം അറബ് ജനത വസിച്ചിരുന്ന പ്രദേശത്ത് അവരുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി വിദേശികളായ ജൂതന്‍മാരെ കൊണ്ടുവന്ന് രാജ്യം സ്ഥാപിക്കുകയാണ് ബ്രിട്ടന്‍ ചെയ്തത്.

 

ബാല്‍ഫര്‍ പ്രഖ്യാപനം

1917 നവംബര്‍ രണ്ടിന് ബ്രിട്ടന്റെ വിദേശകാര്യമന്ത്രി ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍  യഹൂദ സമൂഹത്തിന്റെ നേതാവും കോടീശ്വരനുമായ വാള്‍ട്ടര്‍ റോത്‌ചൈല്‍ഡിന് ഒരു കത്തയക്കുന്നു. ഫലസ്ത്വീന്‍ പ്രദേശത്ത് ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിനെ ബ്രിട്ടന്‍ അനുകൂലിക്കുന്നു എന്നാണ് കത്തിന്റെ ഉള്ളടക്കം. ഫലസ്ത്വീന്‍ പ്രദേശത്തെ ജൂതന്‍മാര്‍ക്ക് കൈമാറാന്‍ ബ്രിട്ടന് എന്തധികാരം എന്നതും വിദേശകാര്യമന്ത്രി ബാല്‍ഫര്‍ ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്ന കത്ത് യഹൂദ പ്രമാണിയായ റോത്‌ചൈല്‍ഡിന് കൈമാറിയതിന്റെ സാംഗത്യവും സംഭവം നടന്ന് നൂറു വര്‍ഷം പിന്നിടുമ്പോഴും ലോകം ചര്‍ച്ച ചെയ്യുകയാണ്. ഒന്നാം ലോക യുദ്ധത്തിന്റെ (1914-1918) ഇടയിലാണ് ബാല്‍ഫര്‍ പ്രഖ്യാപനം നടക്കുന്നത്. യുദ്ധത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പായ ജര്‍മനി, ഓസ്ട്രിയ, ഹംഗറി, ഉസ്മാനി സാമ്രാജ്യം (തുര്‍ക്കി), ബള്‍ഗേറിയ എന്നിവയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ അധികാരം കൈയാളാന്‍ ബ്രിട്ടനും ഫ്രാന്‍സും റഷ്യയും ഉള്‍പ്പെടുന്ന സഖ്യ കക്ഷികള്‍ ചില കരാറുകളില്‍ എത്തിയിരുന്നു. 1517 മുതല്‍ ഉസ്മാനിയ ഖിലാഫത്തിനു കീഴില്‍ തുര്‍ക്കികളുടെ അധികാരത്തിലായിരുന്ന പ്രദേശങ്ങളുടെ നിയന്ത്രണം ഫ്രാന്‍സും ബ്രിട്ടനും പങ്കിട്ടെടുക്കാനായിരുന്നു തീരുമാനം. അത്തരമൊരു തീരുമാനത്തിന് യാതൊരു നിയമസാധുതയും ഉണ്ടായിരുന്നില്ല. കാരണം ഫലസ്ത്വീന്‍ അപ്പോഴും തുര്‍ക്കിയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. യുദ്ധാനന്തരം മാത്രം തീരുമാനമെടുക്കേണ്ട വിഷയത്തില്‍ ഗൂഢാലോചന നേരത്തേ അരങ്ങേറിയെന്ന് ചുരുക്കം.

1919-ല്‍ ഫലസ്ത്വീന്‍, ഇറാഖ്, സിറിയ, ട്രാന്‍സ് ജോര്‍ദാന്‍, ലബനാന്‍ എന്നിവയെ സ്വതന്ത്ര രാഷ്ട്രങ്ങളായി വാഴ്‌സ കോണ്‍ഫറന്‍സ് അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളെ ലീഗ് ഓഫ് നേഷന്‍സിനു കീഴിലാക്കുകയും മേല്‍നോട്ടാധികാരം ബ്രിട്ടന് നല്‍കുകയും ചെയ്തു. ഫലസ്ത്വീന്‍ അങ്ങനെയാണ് ബ്രിട്ടന്റെ നിയന്ത്രണത്തിലാകുന്നത്. 1919-ലെ വെര്‍സെയില്‍സ് ഉടമ്പടി ഫലസ്ത്വീന്‍ പ്രദേശത്തിന്റെ താല്‍ക്കാലിക ഭരണാധികാരം മാത്രമേ ബ്രിട്ടന് നല്‍കിയിരുന്നുള്ളു. മാത്രമല്ല, ജൂതന്‍മാരുടെയും ഫലസ്ത്വീനികളായ അറബികളുടെയും താല്‍പര്യം ഒരുപോലെ സംരക്ഷിക്കാനും ബ്രിട്ടന് ബാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഭരണമേറ്റെടുത്ത് അഞ്ചു വര്‍ഷത്തിനിടയില്‍ 150-ലേറെ ഓര്‍ഡിനന്‍സുകളാണ് ബ്രിട്ടന്‍ പുറപ്പെടുവിച്ചത്. അതിലേറെയും ഫലസ്ത്വീനികളോട് അങ്ങേയറ്റം വിവേചനം പുലര്‍ത്തുന്നതും ജൂത കുടിയേറ്റങ്ങള്‍ക്ക് ഒത്താശ നല്‍കുന്നതുമായിരുന്നു. അന്ന് ഫലസ്ത്വീനിലെ ജനസംഖ്യയില്‍ 95 ശതമാനവും മുസ്‌ലിംകളും ക്രിസ്ത്യാനികളുമായിരുന്നു. ജൂതന്‍മാര്‍ അഞ്ചു ശതമാനം മാത്രം. ലീഗ് ഓഫ് നേഷന്‍സിന്റെ പരമാധികാരം അംഗീകരിച്ച രാജ്യങ്ങളെല്ലാം ഇതേ വര്‍ഷം സ്വതന്ത്രമായപ്പോള്‍ ഫലസ്ത്വീന്‍ മാത്രം അതില്‍ ഉള്‍പ്പെട്ടില്ല. ഇസ്രയേല്‍ രാഷ്ട്രം ഔദ്യോഗികമായി നിലവില്‍ വരുന്നതുവരെ ഫലസ്ത്വീന് സ്വാതന്ത്ര്യം നല്‍കാതിരിക്കാന്‍ ബ്രിട്ടന്‍ കുതന്ത്രങ്ങള്‍ തുടര്‍ന്നു. ഇതിനകം രണ്ടു ലക്ഷം ജൂതന്‍മാര്‍ക്ക് ഫലസ്ത്വീന്‍ പൗരത്വം നല്‍കി. കുടിയേറിയ നാലു ലക്ഷം ജൂതന്‍മാര്‍ വേറെയും. അറബികളുടെ എതിര്‍പ്പ് വകവെക്കാതെ ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കിയതോടെ 1948 മേയില്‍ ഫലസ്ത്വീനിന്റെ നെഞ്ചില്‍ ജൂതരാഷ്ട്രം സ്ഥാപിതമായി. ഫലസ്ത്വീനികള്‍ കഴിഞ്ഞ ഏഴുപതു വര്‍ഷമായി ആചരിക്കുന്ന 'നക്ബ'(മഹാ ദുരന്തം)ക്കു പിന്നില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ കരങ്ങളായിരുന്നു. സയണിസ്റ്റ് മിലീഷ്യയെ ആയുധങ്ങള്‍ നല്‍കി വളര്‍ത്തിയ ശേഷമാണ് അവര്‍ ഫലസ്ത്വീനില്‍നിന്ന് പിന്‍വാങ്ങിയത്. ഏഴര ലക്ഷം ഫലസ്ത്വീനികളെ ജന്‍മനാട്ടില്‍നിന്ന് വേര്‍പെടുത്തിയ മഹാപാതകത്തിന് രംഗസംവിധാനം ഒരുക്കിയത് ബാല്‍ഫര്‍ പ്രഖ്യാപനമാണ്.

 

ഗൂഢാലോചന

ഒന്നാം ലോക യുദ്ധത്തില്‍ ബ്രിട്ടന്നും സഖ്യകക്ഷികള്‍ക്കും വിജയം അനിവാര്യമായിരുന്നു. അമേരിക്കയിലും റഷ്യയിലും ഭരണത്തില്‍ സ്വാധീനമുണ്ടായിരുന്ന ജൂതന്‍മാരെ ഉപയോഗിച്ച് ഇരു രാജ്യങ്ങളുടെയും പിന്തുണ യുദ്ധത്തിന്റെ അവസാനം വരെ ഉറപ്പിക്കാന്‍ ബ്രിട്ടന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു യൂറോപ്പില്‍ ചിതറിക്കിടക്കുന്ന ജൂതന്‍മാര്‍ക്ക് സ്വതന്ത്ര രാഷ്ട്ര വാഗ്ദാനം. 1897-ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ബേസില്‍ നഗരത്തില്‍ ചേര്‍ന്ന പ്രഥമ ലോക സയണിസ്റ്റ് കോണ്‍ഗ്രസ് അടുത്ത അമ്പത് വര്‍ഷത്തിനകം ജൂതന്‍മാര്‍ക്ക് പ്രത്യേക രാഷ്ട്രം എന്ന പ്രഖ്യാപനം നടത്തിയാണ് പിരിഞ്ഞത്. സയണിസത്തിന്റെ ആചാര്യനായ തിയോഡര്‍ ഹെര്‍സലിന്റെ നേതൃത്വത്തില്‍ ജൂതന്‍മാര്‍ അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടനു മേല്‍ നടത്തിയ ലോബിയിംഗും ഫലം കണ്ടു. ഇതിനെല്ലാം പുറമെ, യൂറോപ്പില്‍ ജൂതന്‍മാര്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന വ്യാപകമായ പ്രചാരണങ്ങളും സയണിസ്റ്റ് പദ്ധതികള്‍ക്ക് പിന്തുണയേകാന്‍ ബ്രിട്ടന്‍ കണ്ടെത്തിയ ന്യായങ്ങളായിരുന്നു. 1920 ജൂലൈ 1-ന് ഫലസ്ത്വീന്റെ ഭരണമേറ്റെടുക്കാന്‍ എത്തിയതു തന്നെ ബ്രിട്ടീഷ് ക്യാബിനറ്റില്‍ അംഗവും സയണിസ്റ്റുമായ ഹെര്‍ബര്‍ട്ട് സാമുവലായിരുന്നു. ഫലസ്ത്വീനിലെ പ്രഥമ ബ്രിട്ടീഷ് ഹൈക്കമീഷണറായ സാമുവല്‍ അധികാരം ഏറ്റെടുക്കുന്നതിനു മുമ്പ് യൂറോപ്യന്‍ ജൂതന്‍മാരെ ഫലസ്ത്വീനിലേക്ക് കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന നടപടികളാണ് ചെയ്തത്. 1922-നും 1935-നുമിടയില്‍ ഫലസ്ത്വീനിലെ ജൂത ജനസംഖ്യ ഒമ്പതില്‍നിന്ന് 27 ശതമാനമായി വര്‍ധിക്കുന്നതിന് ഈ നീക്കങ്ങള്‍ സഹായകമായി. അക്കാലത്ത് ബ്രിട്ടീഷ് ക്യാബിനറ്റില്‍ സയണിസ്റ്റുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. 

ബാല്‍ഫര്‍ പ്രഖ്യാപനത്തിന് കാര്‍മികത്വം വഹിച്ചത് ബ്രിട്ടനായിരുന്നെങ്കിലും  സഖ്യരാജ്യങ്ങളുടെ പരിപൂര്‍ണ പിന്തുണ പദ്ധതിക്കുണ്ടായിരുന്നു. പ്രഖ്യാപനത്തിന് ഏതാണ്ട് ഒരു മാസം മുമ്പ് ചേര്‍ന്ന ക്യാബിനറ്റ് യോഗം തങ്ങളുടെ തിരുമാനത്തോട് അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രു വില്‍സന്റെ നിലപാട് ആരായുകയുണ്ടായി. അനുകൂലമായാണ് വില്‍സണ്‍ പ്രതികരിച്ചതെന്ന് ഒക്‌ടോബര്‍ നാലിന്റെ ക്യാബിനറ്റ് മിനിറ്റ്‌സില്‍ ആര്‍തര്‍ ബാല്‍ഫര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 1948 മേയില്‍ ഇസ്രയേല്‍ രാഷ്ട്രപ്രഖ്യാപനം ഉണ്ടായി വെറും പതിനൊന്ന് മിനിറ്റിനിടയില്‍ സയണിസ്റ്റ് രാജ്യത്തെ അംഗീകരിച്ച്  അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ബ്രിട്ടനെ കടത്തിവെട്ടുകയും ചെയ്തു. വിദേശകാര്യ നയരൂപീകരണ സമിതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ഉപദേശത്തിന് വിരുദ്ധമായാണ് ട്രൂമാന്‍ പൊടുന്നനെ പ്രഖ്യാപനം നടത്തിയത്. ട്രൂമാന്റെ ഉദാരതക്ക് നന്ദി പ്രകാശിപ്പിച്ച് ഹീബ്രു സര്‍വകലാശാലാ ഹാരി എസ്. ട്രൂമാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് പീസ് എന്ന ചെയര്‍ സ്ഥാപിക്കുകയുണ്ടായി. 

 

സൈക്ക്‌സ് -പിക്കോ കരാര്‍

യുദ്ധാനന്തരം പങ്കിട്ടെടുക്കേണ്ട പ്രദേശങ്ങള്‍ നിര്‍ണയിക്കുന്നതിനായി ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ചേര്‍ന്ന് ഒരു കൂട്ടം നയതന്ത്ര വിദഗ്ധരുടെ കൂട്ടായ്മക്ക് രൂപം നല്‍കുകയുണ്ടായി. ഉസ്മാനിയ സാമ്രാജ്യം വീതം വെക്കുന്ന കാര്യത്തിലാണ് ഇവരുടെ ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് 1915 നവംബറിനും 1916 മേയ് മാസത്തിനുമിടയില്‍ നിരവധി രഹസ്യ ചര്‍ച്ചകളും ആശയവിനിമിയങ്ങളും അരങ്ങേറി. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് 1916 മേയ് 16-ന് സൈക്ക്‌സ്-പിക്കോ കരാര്‍ രൂപം കൊള്ളുന്നത്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ രാഷ്ട്രീയ ഉപദേശകനും നയതന്ത്രജ്ഞനും സൈനികനും രാഷ്ട്രീയക്കാരനും സഞ്ചാരിയുമൊക്കെയായ മാര്‍ക്ക് സൈക്‌സും (1879-1919) ഫ്രഞ്ച് നയതന്ത്രജ്ഞനും ചരിത്രകാരനായ ജോര്‍ജ് പിക്കോയുടെ മകനുമായ ഫ്രാങ്ഷ്വ ജോര്‍ജ്‌സ് പിക്കോയും (1870-1951) ചേര്‍ന്ന് നടത്തിയ ഗൂഢപദ്ധതിയാണ് സൈക്ക്‌സ്-പിക്കോ എന്ന പേരില്‍ അറിയപ്പെടുന്ന 'ഏഷ്യാ മൈനര്‍ കരാര്‍'. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി സാസോനോവിന്റെ കൈയൊപ്പ് ഈ കരാറിനുണ്ടായിരുന്നു.

അഞ്ചു കാര്യങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെട്ടിരുന്നത്:

1. ബഗ്ദാദ് മുതല്‍ തെക്ക് കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് തീരം വരെയുള്ള പ്രദേശങ്ങളുടെ പൂര്‍ണ നിയന്ത്രണം ബ്രിട്ടനു നല്‍കുക.

2. ഇന്നത്തെ വടക്കന്‍ ഇറാഖ്, ജോര്‍ദാന്‍, ഇപ്പോള്‍ ഇസ്രയേലിന്റെ ഭാഗമായ നെഗേവ് മരുഭൂമി മുതല്‍ ഈജിപ്തിലെ സീനായി വരെയുള്ള പ്രദേശങ്ങളുടെ ഭാഗിക നിയന്ത്രണവും ബ്രിട്ടനായിരിക്കും.

3. തെക്കന്‍ ലബനാന്‍ മുതല്‍ വടക്ക് മെര്‍സിന്‍, ഇസ്‌കെന്ദ്രന്‍, അദാന ഉള്‍പ്പെടെയുള്ള പ്രവിശ്യകള്‍ മുതല്‍ അനറ്റോലിയ വരെയുള്ള ഭാഗങ്ങളുടെ പൂര്‍ണ നിയന്ത്രണം ഫ്രാന്‍സിനായിരിക്കും.

4. സിറിയന്‍ മരുഭൂമി ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ നിയന്ത്രണവും ഫ്രാന്‍സിനു തന്നെ നല്‍കും.

5. ഉസ്മാനി ജറൂസലം ഉള്‍പ്പെടുന്ന ചരിത്രമുറങ്ങുന്ന ഫലസ്ത്വീന്‍ പ്രദേശങ്ങള്‍ അതിന്റെ മതപരമായ പ്രാധാന്യം കാരണം അന്താരാഷ്ട്ര മേഖലയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ പ്രസ്തുത മേഖലയില്‍ ഉള്‍പ്പെടുന്ന അകെറും (അറബിയില്‍ അക്ക) ഹൈഫയും ബ്രിട്ടന്റെ നിയന്ത്രണത്തിലായിരിക്കും.

ഇതിനു പുറമെ കരാറില്‍ ഭാഗഭാക്കായ സാറിസ്റ്റ് റഷ്യക്ക് ഇസ്തംബൂളും ബോസ്ഫറസ് കടലിടുക്കിനോടു ചേര്‍ന്നുള്ള പ്രദേശങ്ങളും കിഴക്കന്‍ അനറ്റോലിയയിലെ റഷ്യന്‍ അതിരുകളോട് ചേര്‍ന്നുള്ള നാലു പ്രവിശ്യകളും നല്‍കാന്‍ തീരുമാനിച്ചു. ഗ്രീസിന് തുര്‍ക്കിയുടെ പടിഞ്ഞാറേ തീരപ്രദേശങ്ങളുടെ നിയന്ത്രണവും ഇറ്റലിക്ക് തെക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളുമാണ് കരാര്‍ വ്യവസ്ഥ ചെയ്തത്.

1917-ലെ ബോള്‍ഷെവിക് വിപ്ലവത്തില്‍ സാര്‍ ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയ വഌദിമിര്‍ ലെനിന് ഗവണ്‍മെന്റ് ആര്‍ക്കൈവ്‌സില്‍നിന്ന് സൈക്ക്‌സ്-പിക്കോ കരാറിന്റെ കോപ്പി ലഭിക്കുകയുണ്ടായി. 'കൊളോണിയല്‍ കൊള്ളക്കാരുടെ കരാര്‍' എന്നാണ് സൈക്ക്‌സ്-പിക്കോ ഉടമ്പടിയെ  ലെനിന്‍ വിശേഷിപ്പിച്ചത്. ലെനിന്റെ സഹയാത്രികനായ ലിയോണ്‍ ട്രോട്‌സ്‌കി പ്രസ്തുത കരാര്‍ വിശദമായി 1917 നവംബര്‍ 24-ലെ ഇസ്‌വെസ്തിയ ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉസ്മാനി മഹാ സാമ്രാജ്യത്തെ നിഷ്‌കാസനം ചെയ്ത് പ്രദേശങ്ങള്‍ വീതംവെക്കാന്‍ വന്‍ ശക്തികള്‍ നടത്തിയ വൃത്തികെട്ട കളികള്‍ അനാവരണം ചെയ്യുകയായിരുന്നു രേഖകള്‍ പരസ്യപ്പെടുത്തിയതിന്റെ ഉദ്ദേശ്യം. ഒന്നാം ലോക യുദ്ധം അവസാനിച്ചെങ്കിലും  അതിന്റെ മറവില്‍ രാജ്യങ്ങളെ പങ്കിട്ടെടുക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ ഗൂഢ തന്ത്രങ്ങള്‍ ബ്രിട്ടനിലും ഫ്രാന്‍സിലും വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടത്. 

കേവലം 67 വാക്കുകളില്‍ ഒതുങ്ങുന്ന ബാല്‍ഫര്‍ പ്രഖ്യാപനം ലോക സമാധാനത്തിന് ഏല്‍പിച്ച മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ലെന്നു മാത്രമല്ല, ശസ്ത്രക്രിയകള്‍ കൊണ്ടൊന്നും പരിഹരിക്കാനാവാത്ത വിധം സങ്കീര്‍ണമാവുകയാണ് ചെയ്തിരിക്കുന്നത്. ഇസ്രയേല്‍ എന്ന പുതിയ അധിനിവേശ ശക്തിയെ സൃഷ്ടിക്കുകയെന്ന മറ്റൊരു പാതകം കൂടി ബ്രിട്ടീഷ് സാമ്രാജ്യത്വം ലോകത്തിന് സമ്മാനിച്ചു. പിറന്നുവീണതു മുതല്‍ ഫലസ്ത്വീനികളെ ജന്‍മനാട്ടില്‍നിന്ന് ആട്ടിപ്പുറത്താക്കിയും കിഴക്കന്‍ ജറൂസലമും വെസ്റ്റ് ബാങ്കും ജൂലാന്‍ കുന്നുകളും ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെട്ടിപ്പിടിച്ചും യുദ്ധങ്ങളിലൂടെ ഗസ്സയെ ഉന്‍മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതികള്‍ മെനഞ്ഞും മേഖലയെ സ്‌ഫോടനാത്മകമായ സ്ഥിതിയില്‍ എത്തിച്ചിരിക്കുകയാണ് ഇസ്രയേലീ ഭീകരത. സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചതിന്റെ പേരില്‍ ഈജിപ്തിനെ ആക്രമിക്കാന്‍ 1956-ല്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചത് ബ്രിട്ടനും ഫ്രാന്‍സുമായിരുന്നു. ഇസ്രയേലിന്റെ 2006-ലെ ലബനാന്‍ അധിനിവേശത്തെ പരസ്യമായി പിന്തുണച്ച് ഇസ്രയേല്‍ഭക്തി തെളിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, മിഡിലീസ്റ്റിലെ ശാന്തിദൂതന്റെ വേഷമിട്ട് രംഗപ്രവേശം ചെയ്യുന്നതും ലോകം കണ്ടു. 2014-ല്‍ ഗസ്സയെ ഇസ്രയേല്‍ ബോംബിട്ട് തകര്‍ക്കുമ്പോഴും പിഞ്ചു കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുമ്പോഴും അമേരിക്കയോടൊപ്പം പരസ്യമായി അതിനെ പിന്തുണക്കാന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹേമന്റ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം അനുവദിക്കില്ലെന്ന് വെല്ലുവിളി ഉയര്‍ത്തി വിശാല ജറൂസലം പദ്ധതിയുമായി മുന്നോട്ടുപോകുന്ന സയണിസത്തേക്കാള്‍ ഭീഷണി ശീഈസമാവുകയും, ഫലസ്ത്വീനിലെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളുടെ ചിറകരിയാന്‍ അറബ് ലോകത്തുനിന്നുതന്നെ നീക്കങ്ങള്‍ ഉയരുകയും ചെയ്യുന്ന ഒരു കാലത്താണ് ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ നൂറാണ്ട് ആചരിക്കപ്പെടുന്നത് എന്നതാണ് മറ്റൊരു ദുരന്തം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍