Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

ചരിത്ര സ്മാരകങ്ങള്‍ നാഗരികതയുടെ നാവാണ്

സദ്‌റുദ്ദീന്‍ വാഴക്കാട്

ഗതകാല നാഗരികതകള്‍ പില്‍ക്കാലത്തോട് സംസാരിക്കുന്നത് പ്രധാനമായും ചരിത്ര സ്മാരകങ്ങളിലൂടെയാണ്. കെട്ടിടങ്ങള്‍, ശില്‍പങ്ങള്‍, റോഡുകള്‍, നാണയങ്ങള്‍, ഉദ്യാനങ്ങള്‍, ഗ്രന്ഥങ്ങള്‍ തുടങ്ങി നാഗരികതയുടെ ശേഷിപ്പുകളൊന്നും വെറും 'വസ്തു'ക്കളല്ല, മൂകസ്തൂപങ്ങളോ നോക്കുകുത്തികളോ അല്ല. തുടിക്കുന്ന ഹൃദയമുള്ള, ജീവസ്സുറ്റ അടയാളക്കുറികളാണവ. ഏതൊരു ജനതയുടെയും അസ്തിത്വത്തിന്റെ ബഹുമുഖ തലങ്ങള്‍ അടയാളപ്പെടുത്തുന്ന സ്മാരകശിലകള്‍.

 

ജീവിക്കുന്ന ചരിത്രം

മ്യൂസിയങ്ങള്‍ ഉദാഹരണമായെടുക്കുക. അമുല്യമായ പുരാതന വസ്തുക്കള്‍ സൂക്ഷിക്കുന്ന ഇടങ്ങളാണ്  മ്യൂസിയങ്ങള്‍. പക്ഷേ, അവയൊന്നും കാഴ്ചക്കാരന്റെ മുമ്പില്‍ പഴയതല്ല, പുതിയതാണ്. ഓരോ സന്ദര്‍ശകന്നും പഠിതാവിനും ഗവേഷകന്നും  പുതിയ അറിവുകളും തിരിച്ചറിവുകളും അവ നല്‍കിക്കൊണ്ടിരിക്കുന്നു. ഒരാള്‍ ഒന്നിനെ തന്നെ പിന്നെയും പിന്നെയും നിരീക്ഷിക്കുമ്പോള്‍ പുതിയ അറിവുകള്‍ ഓരോ തവണയും കിട്ടിക്കെണ്ടേയിരിക്കുന്നു. മൃതമല്ല, ജീവിച്ചിരുന്ന കാലത്തേക്കാള്‍ ജീവനുള്ളവയാണ് അവയില്‍ സൂക്ഷിച്ചിരിക്കുന്ന പലരും.  സുക്ഷിക്കപ്പെടുന്നത് മ്യൂസിയങ്ങളിലാണെങ്കിലും അവ ജീവിക്കുന്നത് തെരുവിലാണ്, ജനമധ്യത്തിലാണ്. അവ അതത് കാലത്തെ ജനതയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ജീവിച്ചിരുന്ന ഫറോവയേക്കാള്‍ വാചാലനാണ് മരിച്ചു കിടക്കുന്ന ഫറോവ. ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ റോയല്‍ മമ്മീസ് ചേംബറില്‍ സൂക്ഷിച്ചിരിക്കുന്ന ഫറോവയുടെ ജഡം. അതൊരു ആയത്ത്  അഥവാ, ദൃഷ്ടാന്തമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഖുര്‍ആനിലെ ഓരോ ദൈവിക വചനത്തെയും ആയത്ത് എന്നു തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അവയിലൂടെ ദൈവം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഖുര്‍ആന്‍ സൂക്തങ്ങളും ഫറോവയുടെ ജഡവും 'ആയത്ത്'  ആകുന്നത് ആ പദത്തിന്റെ ഭാഷാര്‍ഥം കൊണ്ടു മാത്രമല്ല, രണ്ടിലും ആശയപ്രകാശനത്തിന്റെ അനേകം നാവുകളുണ്ട് എന്നതുകൊണ്ടാണ്. 

ചരിത്ര സ്മാരകങ്ങളായ കെട്ടിടങ്ങളും കോട്ടകളും മറ്റും വെറും കല്ലും ചാന്തും മരവും മറ്റു ഉരുപ്പടികളും മാത്രമല്ല. അവക്ക് മതവും ദര്‍ശനവും രാഷ്ട്രീയവും സംസ്‌കാരവുമുണ്ട്. ഓരോ ചരിത്ര സ്മാരകവും നിരവധി ഭാഷകളില്‍ സംസാരിക്കുന്നുണ്ട്; ഓരോ കാഴ്ചക്കാരനോടും അവരവരുടെ ഭാഷയില്‍, ഓരോ കാലക്കാരോടും അവരവരുടെ കാലത്തുതന്നെ നിന്നുകൊണ്ട്. അവക്കെല്ലാം അനേകം വാതിലുകളുണ്ട്. അവയിലൂടെ അകത്തു കടന്നാല്‍ മണ്‍മറഞ്ഞുപോയ ജനതതികളെ കാണാം. അവരുടെ വിശ്വാസവും രാഷ്ട്രീയവും ഭാഷയും കലയും ജീവിതവും സമീപനവും.... അങ്ങനെ പലതും കണ്ടറിയാം. ചരിത്ര സ്മാരകങ്ങളിലെ സന്ദര്‍ശനം സ്വന്തം വേരുകള്‍ തേടിയുള്ള യാത്രയാണെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. ഓരോ യാത്രയിലെയും കാഴ്ചകള്‍ തങ്ങള്‍ ആരാണെന്ന കണ്ടെത്തലാണെന്നര്‍ഥം. ഓരോ ജനവിഭാഗത്തിന്റെയും അസ്തിത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും വിളംബരമായ ചരിത്രസ്മാരകങ്ങള്‍ ഇന്നലെകളില്‍ അവര്‍ നിലനിന്നതിന്റെ തെളിവുകള്‍ മാത്രമല്ല, ഇന്ന് അവര്‍ക്ക് നിലനില്‍ക്കാനുള്ള കരുത്തും നാളെ അവര്‍ നിലനില്‍ക്കേണ്ടതിന്റെ അനിഷേധ്യമായ ന്യായവും കൂടിയാണ്.

പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദ് ജില്ലയിലുള്ള ഹസറുദ്ദുആരി കൊട്ടാരം ബംഗാള്‍ ഭരിച്ച മുസ്‌ലിംകളുടെ പ്രൗഢപാരമ്പര്യത്തെ വിളംബരം ചെയ്യുന്നു. ഇന്നത്തെ പശ്ചിമ ബംഗാളിനോട്, അവിടത്തെ മുസ്‌ലിംകളോട്, പശ്ചിമ ബംഗാള്‍ മുസ്‌ലിംകളെ കുറിച്ച് മുഴുവന്‍ ഇന്ത്യക്കാരോടും ആ കൊട്ടാരം എന്തെല്ലാം പറയുന്നുണ്ട്! മൈസൂരില്‍ ടിപ്പു സുല്‍ത്താന്റെ കോട്ടക്കകത്ത് സ്ഥിതി ചെയ്യുന്ന ശ്രീരംഗപട്ടണം ക്ഷേത്രം. മസ്ജിദിനു മുന്നിലെ കവാടത്തിലൂടെ കടന്നുപോയി ചെന്നെത്താവുന്ന, ടിപ്പു വെടിയേറ്റു വീണതിന്റെ വിളിപ്പാടകലെയുള്ള ആ ക്ഷേത്രം ആയിരം നാവുകൊണ്ടാണ് സംസാരിക്കുന്നത്. ആ സംസാരം ചരിത്ര വിവരണം മാത്രമല്ല, വര്‍ത്തമാനത്തിലേക്കുള്ള രാഷ്ട്രീയ ചാട്ടുളികള്‍കൂടിയാണ്. ചരിത്ര സമാരകങ്ങള്‍ മഹാഗ്രന്ഥങ്ങളാണ്, ഒരുപാട് പുസ്തകങ്ങള്‍ക്ക് പകരം ഒരു കെട്ടിടം മതിയാകും എന്നര്‍ഥം.

ചരിത്രസ്മാരകങ്ങള്‍ രാഷ്ട്രീയ അധികാരവുമായും മതം, സമുദായം, വംശം തുടങ്ങിയവയുടെ നല്ലതോ തീയ്യതോ ആയ താല്‍പര്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്. അവ സംരക്ഷിക്കുന്നതിനും തകര്‍ക്കുന്നതിനും രാഷ്ട്രീയ പ്രാധാന്യമുണ്ട്. ചില കെട്ടിടങ്ങളിലെ ഒരു എഴുത്ത്, ഒരു കൊത്തുപണി പോലും വമ്പിച്ച രാഷ്ട്രീയ പ്രാധാന്യമുള്ളതായിരിക്കും. ബാബരി മസ്ജിദിന്റെ പ്രവേശന കവാടത്തിലെ വാതിലിലുണ്ടായിരുന്ന ഒരു കൊത്തുപണി അതിനുമേലുള്ള സംഘ് പരിവാര്‍ അവകാശവാദങ്ങള്‍ തന്നെ പൊളിക്കുന്നതാണ്. ക്ഷേത്രം സ്ഥാപിക്കപ്പെടുന്നതിനുമുമ്പുള്ള ഹൈദരാബാദ് ചാര്‍മിനാറിന്റെ ഒരു ഫോട്ടോക്ക് പോലും വലിയ ചരിത്രമൂല്യമുണ്ടല്ലോ.

 

ആര്‍ക്കിയോളജിയുടെ വികാസം

പുരാവസ്തു ഗവേഷണശാസ്ത്രം (ആര്‍ക്കിയോളജി)ഇന്ന് ലോകത്ത് ഏറ്റവും വികസിച്ചതും പ്രാധാന്യമുള്ളതുമായ വിജ്ഞാന ശാഖയാണ്. അനേകം ഉപശാഖകള്‍ അതിനുണ്ട്, ആയിരക്കണക്കിന് ധിഷണകള്‍ ആ രംഗത്ത് സേവനം ചെയ്യുന്നുണ്ട്, കോടിക്കണക്കിന് പണം ചെലവഴിക്കുന്നുണ്ട്. ചരിത്ര സ്മാരകങ്ങള്‍ക്ക് അത്രമേല്‍ പ്രാധാന്യമുള്ളതുകൊണ്ടാണിത്.  അന്തര്‍ദേശീയ യുദ്ധ നിയമങ്ങള്‍ ചരിത്രസ്മാരകങ്ങളുടെ സംരക്ഷണം ഊന്നിപ്പറയുന്നുണ്ട്. യുദ്ധവേളയില്‍ കലാ-സാംസ്‌കാരിക വസ്തുക്കള്‍ക്ക്  കേടുപാടുകള്‍ വരുത്തില്ലെന്നാണ് 1954-ല്‍ അംഗീകരിക്കപ്പെട്ട ഒരു അന്തര്‍ദേശീയ യുദ്ധ ഉടമ്പടിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ കരാര്‍ അനുസരിച്ച് സാംസ്‌കാരിക ശേഷിപ്പുകളുടെ മോഷണം, നശീകരണം, അവക്കെതിരായ ആക്രമണം തുടങ്ങിയവ കുറ്റകരമാണ്. ആഭ്യന്തര യുദ്ധങ്ങളും ഈ വ്യവസ്ഥയില്‍ ഉള്‍പ്പെടും. ഇത്തരം നശീകരണങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ കോടതിയെ സമീപിക്കാനും സാധിക്കും. മനുഷ്യക്കുരുതി മാത്രമല്ല, പൈതൃക നശീകരണവും യുദ്ധക്കുറ്റങ്ങളില്‍ പെടുന്നുവെന്നര്‍ഥം. കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ മനുഷ്യ സമൂഹത്തിന്റെ മുഴുവന്‍ സ്വത്തായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടാകണം, പുരാവസ്തു വകുപ്പിന്റെ കീഴിലുള്ളതും എന്നാല്‍, മതവിഭാഗങ്ങള്‍ കൈവശം വെച്ച് അനുഷ്ഠാനങ്ങള്‍ തുടരുന്നതുമായ ആരാധനാലയങ്ങള്‍ എല്ലാ മത-മതരഹിത വിഭാഗങ്ങള്‍ക്കുമായി സന്ദര്‍ശനത്തിന് തുറന്നുകൊടുക്കുന്നത്.

അഞ്ച് മുഖ്യ കാരണങ്ങളാല്‍ ചരിത്രസ്മാരകങ്ങളുടെ സൂക്ഷിപ്പ് അനിവാര്യമാണെന്ന് ശാസ്ത്രലോകം പറയുന്നു. ഒന്ന്; ചരിത്ര ശേഷിപ്പുകളിലെ ശില്‍പകലാ സൗന്ദര്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമമാണ്. നാഡീവ്യൂഹ ശാസ്ത്രത്തിന്റെ (Neuroscience) ഒരു പുതിയ ശാഖ അറിയപ്പെടുന്നത് നാഡീവ്യൂഹകലാസ്വാദനം (Neuroasethetics) എന്ന പേരിലാണ്. സൗന്ദര്യാത്മകമായി രൂപകല്‍പന ചെയ്തിട്ടുള്ളവയെ ഒരു മനുഷ്യന്‍ ആസ്വദിക്കുമ്പോഴുള്ള തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും അവസ്ഥാന്തരങ്ങളും വിദഗ്ധനായ ഒരു നാഡീവ്യുഹ ശാസ്ത്രജ്ഞന് അളന്നെടുക്കാന്‍ സാധിക്കും. രണ്ട്; ഒരു ജനതയെയും രാജ്യത്തെയും ഭൂതകാലവുമായി ബന്ധിപ്പിക്കുന്ന സ്ഥൂലകണ്ണികളാണ് (Physical Links) ചരിത്രപ്രധാനമായ കെട്ടിടങ്ങള്‍. പൂര്‍വികരെ സംബന്ധിച്ച അമൂല്യ വിവരങ്ങളുടെ ശേഖരങ്ങളാണ് ആ ചരിത്ര സ്മാരകങ്ങള്‍. അവയെ ഇല്ലാതാക്കുമ്പോള്‍ ചരിത്ര രേഖകളെയാണ് എന്നെന്നേക്കുമായി മായ്ച്ചുകളയുന്നത്. നമുക്കു മുമ്പ് അങ്ങനെയൊരു ജനത ജീവിച്ചിരുന്നില്ല എന്നാണ് അതോടെ വന്നുചേരുന്നത്. മൂന്ന്; ചരിത്രമൂല്യങ്ങള്‍ നിറഞ്ഞ കെട്ടിടങ്ങള്‍ നഗരങ്ങള്‍ക്ക് സാംസ്‌കാരിക പ്രൗഢിയും സാമ്പത്തിക സുസ്ഥിതിയും നല്‍കുന്നു. ലൈബ്രറികള്‍, ആരാധനാലയങ്ങള്‍, സ്തൂപങ്ങള്‍, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആസ്വാദ്യകരമായ ചിത്രങ്ങള്‍, കലാശില്‍പങ്ങള്‍, ജലധാരകള്‍ ഉള്‍പ്പെടെയുള്ള ഉദ്യാനങ്ങള്‍, കൊട്ടാരങ്ങള്‍, ജയിലുകള്‍ തുടങ്ങിയ പുരാതന സ്മാരകങ്ങള്‍ ഓരോ നാടിനും നഗരത്തിനും നല്‍കുന്ന സാംസ്‌കാരിക സൗന്ദര്യം അമൂല്യമാണ്. 

ഹെറിറ്റേജ് ടൂറിസം ഏതൊരു ദേശത്തിനും ദേശീയവും വിദേശീയവുമായ സാമ്പത്തിക വരുമാനം ഉറപ്പുനല്‍കുന്നു; തൊഴില്‍ സാധ്യതകള്‍ തുറന്നുവെക്കുന്നു. ചില ചരിത്ര സൗധങ്ങള്‍ അവയുടെ തനിമ നിലനിര്‍ത്തിക്കൊുതന്നെ പുനരുപയോഗം സാധ്യമാണ്. ചരിത്ര സ്മാരകങ്ങള്‍ ഇല്ലാതാകുന്നതോടെ ഈ രംഗത്തുണ്ടാകുന്ന ഇടിവ് ചെറുതാവില്ല.

നാല്; പൈതൃകസ്വത്ത് എന്ന മേല്‍വിലാസം വസ്തുമൂല്യം ഉയര്‍ത്തുന്നു. സാധാരണയില്‍ ഒരു ഭൂമിക്കോ കെട്ടിടത്തിനോ ലഭിക്കുന്ന വിപണി മൂല്യത്തേക്കാള്‍ വലുതായിരിക്കും ചരിത്രപ്രാധാന്യമുള്ള ഒരു കെട്ടിടത്തിനും വസ്തുവിനും ലഭിക്കുന്നത്. ഈ മേല്‍വിലാസം ശരിയായ അര്‍ഥത്തില്‍ നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ സാധിച്ചാല്‍ നേട്ടങ്ങളുണ്ടാകും.

അഞ്ച്; പ്രകൃതി സംരക്ഷണത്തിന് അത് സഹായകമാകുന്നു. ഇന്ന് ലോകത്ത് ഏറ്റവുമധികം ശബ്ദമുയരുന്ന വിഷയങ്ങളിലൊന്നാണ് പരിസ്ഥിതി സംരക്ഷണം. പൗരാണിക കെട്ടിടങ്ങളുടെ സംരക്ഷണം പരിസ്ഥിതി സംരക്ഷണത്തെ പല വിധത്തില്‍ സഹായിക്കുന്നു. പൗരാണിക കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹൃദമുള്ളവയും മനുഷ്യപ്രകൃതിക്ക് അത്യധികം ഇണങ്ങുന്നവയുമാണ്. അസഹനീയമായ ചൂട് പുറം തള്ളുന്ന, ഫാനോ എയര്‍ കണ്ടീഷ്ണറോ ഇല്ലെങ്കില്‍ ഒരു മണിക്കൂര്‍ പോലും അകത്ത് കഴിയാന്‍ സാധിക്കാത്ത പുതിയ കോണ്‍ക്രീറ്റ് കാടുകളും ഏതു അത്യുഷ്ണത്തിലും കുളിര്‍മ കാത്തുസൂക്ഷിക്കുന്ന എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തോടെ പണിത പൗരാണിക കെട്ടിടങ്ങളും തമ്മിലുള്ള അന്തരം അനുഭവിച്ചിട്ടുള്ളവര്‍ക്കറിയാം. 

ചരിത്രമൂല്യമുള്ള ഒരു നഗരത്തിന്റെ പ്രാധാന്യവും പ്രൗഢിയും, എത്ര മനോഹരമായും അത്യധികം ആസൂത്രണത്തോടെയും നിര്‍മിച്ച ഒരു പുതിയ സിറ്റിക്കും ഉണ്ടാവുകയില്ല. ഈജിപ്തിലെ അലക്‌സാണ്ടറിയ, ഗ്രീസിലെ ഏതന്‍സ്, പെറുവിലെ കൃസ്‌കോ, ചൈനയിലെ ബീജിംഗ്, ജര്‍മനിയിലെ ബേജിംഗ്, തുര്‍ക്കിയിലെ ഇസ്തംബുള്‍, സുഊദി അറേബ്യയിലെ മക്ക, മദീന, തുനീഷ്യയിലെ കാര്‍തേജ്, അമേരിക്കയിലെ ബോസ്റ്റണ്‍, ഇന്ത്യയിലെ ദല്‍ഹി തുടങ്ങിയ നഗരങ്ങളെല്ലാം അതത് രാജ്യങ്ങളുടെ പ്രൗഢമായ ചരിത്ര പാരമ്പര്യത്തെയാണ് വിളംബരം ചെയ്യുന്നത്. ആ നഗരങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ടാല്‍ അവ പാരമ്പര്യമില്ലാത്ത രാഷ്ട്രങ്ങളായും മണ്ണില്‍ വേരില്ലാത്ത ജനതയായും മാറും. ദല്‍ഹി എന്ന മഹാനഗരം ലോകഭൂപടത്തില്‍ ഇടം പിടിക്കുന്നതിന്റെ പ്രധാന കാരണം അതിന്റെ ചരിത്രമൂല്യവും മഹത്തായ സ്മാരകങ്ങളുമാണ്. ഇന്ത്യയില്‍  ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരമാണ് ദല്‍ഹി. ഏഴ് നഗരങ്ങളുടെയും ആയിരം സ്മാരകങ്ങളുടെയും നഗരം എന്നാണ് ദല്‍ഹി വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 175 സ്മാരകങ്ങള്‍ ദല്‍ഹിയിലുള്ളതായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണക്ക്. മുഗളന്മാരും ടര്‍ക്കിഷ് വംശജരും പണിതതാണ് ചരിത്രപ്രധാനമായ പല കെട്ടിടങ്ങളും. ജുമാ മസ്ജിദ്, ചെങ്കോട്ട (1639), ചാന്ദ്‌നി ചൗക്ക് (1650), ഖുത്ബ് മിനാര്‍(1192), പുരാനകില(1538), ഹുമയുണ്‍ ടോംബ്(1569-'70) തുടങ്ങിയവ ദല്‍ഹിയുടെ പ്രൗഢി വിളിച്ചറിയിക്കുന്ന പുരാതന സ്മാരകങ്ങളാണ്. ബഹായികളുടെ ലോട്ടസ് ടെംബഌം (1986) ഹിന്ദുക്കളുടെ അക്ഷര്‍ധാം ക്ഷേത്രവും (2005) പുതുതായി നിര്‍മിക്കപ്പെട്ടവയാണ്. എന്നാല്‍,  പൗരാണിക സ്മാരകങ്ങളെ പുറംതള്ളി നഗരവിവരണ ബ്രോഷറുകളിലും ടൂറിസം ഭൂപടത്തിലും ഇതുപോലുള്ള പുതിയ കെട്ടിടങ്ങളാണ് ഇപ്പോള്‍ പ്രതിഷ്ഠിക്കപ്പെടുന്നത്.

73 മീറ്റര്‍ (240 അടി) ഉയരമുള്ള, ചുടുകട്ട കൊണ്ട് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ മിനാറായ ഖുത്ബ് മിനാര്‍ ഇല്ലാത്ത ദല്‍ഹിക്ക് എന്ത് പ്രൗഢിയാണുണ്ടാവുക! സെല്ലുലാര്‍ ജയിലും ജുമാ മസ്ജിദും ഇല്ലാത്ത അന്തമാനിലെ പോര്‍ട് ബ്ലെയര്‍ സിറ്റി, മഹാരാജാവിന്റെ കൊട്ടാരവും വൃന്ദാവന്‍ ഗാര്‍ഡനും സെന്റ് ഫിലാമിനാ ചര്‍ച്ചും  ഇല്ലാത്ത മൈസൂരു, ടിപ്പുവിന്റെ കൊട്ടാരവും രംഗനാഥസ്വാമി ക്ഷേത്രവും എലഫന്റ് ഗേറ്റും ജുമാ മസ്ജിദും മറ്റുമില്ലാത്ത ശ്രീരംഗ പട്ടണം ..... ഇങ്ങനെ ഓരോ നഗരത്തെയും പ്രദേശത്തെയും സങ്കല്‍പ്പിച്ചുനോക്കുക. വലിയ ശൂന്യതയായിരിക്കും അവിടങ്ങളില്‍ ബാക്കിയുണ്ടാവുക. വലിയൊരു ഭൂകമ്പം തകര്‍ത്ത നാടിനെപ്പോലുള്ള ശൂന്യതയും മൂകതയും.

 

ഭൂമിക്കു മുകളിലെ വേരുകള്‍

വൃക്ഷത്തിന്റെ വേരുകള്‍ ഭൂമിക്കടിയിലാണ്. എന്നാല്‍, ഒരു ജനതയുടെ വേരുകള്‍ ഭൂമിക്ക് മുകളിലാണ്. തലയുയര്‍ത്തി നില്‍ക്കുന്ന ചരിത്ര സ്മാരകങ്ങളാണ്, പൈത്യക സമ്പത്താണ് ഏതു ജനതയെയും മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന വേരുകളില്‍ പ്രധാനം. ഒരു മരത്തിന്റെ വേരറുത്താല്‍ അത് മറിച്ചിടാന്‍ എളുപ്പമാണ്. അപ്രകാരം, തകര്‍ക്കപ്പെട്ട പൈതൃകങ്ങള്‍ വേരറുക്കപ്പെട്ട ജനതയെ സൃഷ്ടിക്കും. പിന്നെ അവരെ പിഴുതെറിയുക പ്രയാസകരമല്ല. ആഴത്തില്‍ വേരില്ലാത്ത വൃക്ഷം ചെറുകാറ്റില്‍ ആടിയുലയുകയും മറിഞ്ഞുവീഴുകയും ചെയ്യുന്നതു പോലെ, പൈതൃകങ്ങള്‍ നശിപ്പിക്കപ്പെട്ട ജനതക്ക് പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കുക പ്രയാസകരം തന്നെ. ഫലസ്ത്വീന്‍ ജനതക്ക് അധിനിവേശത്തിന്റെ ഒരു നൂറ്റാണ്ടിനു ശേഷവും തങ്ങളുടെ ജന്മദേശത്ത് പിടിച്ചുനില്‍ക്കാന്‍ കരുത്തു നല്‍കുന്ന ഘടകങ്ങളിലൊന്ന് ആ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇസ്‌ലാമിക പൈതൃക സ്തംഭങ്ങളാണ്. ബൈത്തുല്‍ മഖ്ദിസിന്റെ ചുവരുകള്‍ അതിജീവന പോരാട്ടത്തിന്റെ അഭിമാനസ്തംഭമാണ്, നിത്യ പ്രചോദനമാണ്, ആത്മവിശ്വാസത്തിന്റെ സുഭദ്രമായ കന്മതിലുകളാണ്. അതുകൊണ്ടാണ് സയണിസ്റ്റ് സൈന്യം ഖുദ്‌സ് തകര്‍ക്കാന്‍ പലപ്പോഴായി നീക്കം നടത്തുന്നത്.

അതായത്, ഒരു ജനതയുടെ ഭൂതകാലത്തെ അടയാളപ്പെടുത്തുക മാത്രമല്ല, അവരെ വര്‍ത്തമാനത്തില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ഭാവിയിലേക്ക് കുതിച്ചുചാടാനുള്ള കരുത്ത് നല്‍കുകയും ചെയ്യുന്നതില്‍ ഈ നാഗരിക ശേഷിപ്പുകള്‍ക്ക് വലിയ പങ്കുണ്ടെന്നര്‍ഥം. ഉത്തേജകങ്ങളും പ്രതിരോധ മരുന്നുകളും അവയോരോന്നും പ്രസാരണം ചെയ്യുന്നുണ്ട്. അതുകൊണ്ട്, ഭൂതകാലത്തിന്റെ ശേഷിപ്പുകളോരോന്നും ഭാവിയിലേക്ക്  കരുതിവെക്കല്‍, വര്‍ത്തമാനകാലത്തെ വലിയ ദൗത്യമാണ്. ചിലര്‍, തങ്ങളുടെ പൈതൃക സ്മാരകങ്ങള്‍ പുരാതന രൂപത്തില്‍ തന്നെ സംരക്ഷിക്കാതെ, പുതുക്കിപ്പണിയാറുണ്ട്. നന്മ ഉദ്ദേശിച്ചാകാം അപ്രകാരം ചെയ്യുന്നതെങ്കിലും, ഒരര്‍ഥത്തില്‍ ചരിത്രത്തോട് ചെയ്യുന്ന അനീതിയും ചരിത്രബോധമില്ലായ്മയുടെ അടയാളവുമാണത്. പുതുക്കിപ്പണിയുന്ന കെട്ടിടങ്ങളുടെ പഴയ ശില്‍പകല, സൗന്ദര്യം, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയുടെ ചരിത്രമൂല്യവും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മാനങ്ങളും പ്രധാനമായിരിക്കും. പഴയ കെട്ടിടത്തോടൊപ്പം അവയെല്ലാം മണ്ണിനടിയിലാകുന്നു. കേരളത്തിലെ പുരാതന മുസ്‌ലിം പള്ളികളുടെ കാര്യം മാത്രമെടുത്താല്‍ മതി ഇത് ബോധ്യപ്പെടാന്‍. പഴയ മുസ്‌ലിം പള്ളികളുടെ നിര്‍മാണ രീതികള്‍ സമകാലിക ഇന്ത്യയില്‍ പല തരത്തില്‍ പ്രാധാനമാണ്. പക്ഷേ, അത്തരം എത്ര പള്ളികള്‍ ഇടിച്ചുനിരത്തി, പുതിയ കോണ്‍ക്രീറ്റ് പള്ളികള്‍ പണിതു! കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളി, തലശ്ശേരി ഓടത്തില്‍ പള്ളി, കൊച്ചി ചെമ്പിട്ട പള്ളി തുടങ്ങിയവ ഒരിക്കല്‍ സന്ദര്‍ശിച്ചാലറിയാം അവയുടെ ചരിത്രമൂല്യം, അവ അങ്ങനെത്തന്നെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത.

ഒരു സംസ്‌കൃതിയും അതിന്റെ വക്താക്കളായ ജനതയും നശിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ പ്രതിനിധാനം നിര്‍വഹിക്കുന്ന കെട്ടിടങ്ങളും ഭൗതിക സാന്നിധ്യങ്ങളും  തകര്‍ക്കുകയെന്നതും പേരുകള്‍ പോലും മാറ്റിയെഴുതുന്നതും അധീശ വര്‍ഗത്തിന്റെ രീതിയാണ്, എന്നും എവിടെയും. ഇന്ത്യയിലെ ബൗദ്ധ സ്മാരകങ്ങളാണ് ഇതിന്റെ ഇന്ത്യന്‍ ഉദാഹരണം. ആര്യന്‍ അധിനിവേശാനന്തര വംശീയ മതഭ്രാന്ത് ബുദ്ധമതത്തെ നശിപ്പിക്കുന്നതിന്റെ ഭാഗമായി വലിയ തോതില്‍ ബുദ്ധ വിഹാരങ്ങളും പ്രതിമകളും സ്തുപങ്ങളും മറ്റും അവശിഷ്ടങ്ങള്‍ പോലുമില്ലാത്ത വിധം തുടച്ചുനീക്കുകയുണ്ടായി. കേരളത്തില്‍ തന്നെ പല ഭാഗങ്ങളിലും ഒരു കാലത്ത് ബുദ്ധ സ്വാധീനം ശക്തമായിരുന്നു. ഇന്നു പക്ഷേ, അതിന്റെ ഭൗതിക ശേഷിപ്പുകളൊന്നും കാണാനില്ല. കൊല്ലം, ആലപ്പുഴ, മാവേലിക്കര, കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേരളത്തിലെ ഇതിന്റെ ഉദാഹരണങ്ങളില്‍ ചിലതാണ്. ഇവിടങ്ങളില്‍നിന്നൊക്കെ  ബുദ്ധ വിഹാര അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ എങ്ങനെ തകര്‍ക്കപ്പെട്ടു, നശിപ്പിക്കപ്പെട്ടവയുടെ സ്ഥാനത്തോ രൂപമാറ്റം വരുത്തിയോ പിന്നീട് ഏതൊക്കെ ആരാധനാലയങ്ങള്‍ നിര്‍മിക്കപ്പെട്ടു തുടങ്ങിയ ചോദ്യങ്ങള്‍ ഇന്ന് രാഷ്ട്രീയ പ്രാധാന്യമുള്ളവയാണ്. താജ്മഹലിനെ തേജോ മഹാലയമാക്കുന്ന സംഘ് പരിവാര്‍ കള്ളക്കഥകള്‍ പോലെയല്ല , ഈ ചോദ്യങ്ങള്‍ക്കുള്ള യഥാര്‍ഥ ഉത്തരങ്ങള്‍ പലതിന്റെയും അടിത്തറ തകര്‍ക്കുന്നതായിരിക്കും.

ബൗദ്ധ സ്വാധീനത്തിന്റെ ഒറ്റപ്പെട്ട ചില അടയാളങ്ങള്‍ ബാക്കിയുണ്ടെങ്കിലും അവയെയും 'മതപരിവര്‍ത്തനം' ചെയ്യാനുള്ള ശ്രമത്തിലാണ് ആര്യ ബ്രാഹ്മണിസം.  'പള്ളി' ചേര്‍ത്തുള്ള സ്ഥലനാമങ്ങള്‍ 'പിള്ളി'യായി മാറ്റപ്പെടുന്നത് ഉദാഹരണം. കരുനാഗപ്പള്ളി, ഇടപ്പള്ളി, ഇരിങ്ങാടന്‍പള്ളി... തുടങ്ങിയവയിലെ പള്ളി ചേര്‍ന്ന ശൈലി ബുദ്ധ പാരമ്പര്യത്തിന്റെ ശേഷിപ്പാണ്. ഇത്തരം സ്ഥലനാമങ്ങള്‍ 'ഇരിങ്ങാടന്‍പിള്ളി' എന്ന രൂപത്തിലേക്ക് ഇന്ന് സംഘ്പരിവാര്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. പള്ളി പാലി ഭാഷയിലെ പദമാണ്. ബുദ്ധവിഹാരങ്ങള്‍ക്കാണ് പള്ളിയെന്ന് പ്രയോഗിച്ചിരുന്നത്. മുസ്‌ലിംകളും ക്രൈസ്തവരും ഒരുപോലെ തങ്ങളുടെ ആരാധനാലയങ്ങള്‍ക്ക്  പള്ളി എന്ന് പ്രയോഗിച്ചത് ഈ പരമ്പര്യത്തിന്റെ സവിശേഷമായ കണ്ണിചേരലാണ്. അതാണിപ്പോള്‍ 'പിള്ളി'യാക്കപ്പെടുന്നത്. പല ബോര്‍ഡുകളിലും കാണുന്ന പള്ളി-പിള്ളി വ്യത്യാസം യാദൃഛികമല്ല എന്നര്‍ഥം. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന് മാറ്റിയെഴുതാനുള്ള നീക്കം മറ്റൊന്നാണ്. ഔറംഗസീബ് റോഡിനെ എ.പി.ജെ അബ്ദുല്‍ കലാം റോഡാക്കി പുനര്‍നാമകരണം ചെയ്യുന്നതിനേക്കാള്‍ സൂക്ഷ്മമാണ് ഈ രംഗത്തെ സംഘ് പരിവാര്‍ അജണ്ടകള്‍. പക്ഷേ, ബൗദ്ധ വിഹാരങ്ങളും മറ്റും തകര്‍ക്കപ്പെടുന്ന കാലത്ത്  സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ വികസിക്കാതിരുന്നതിനാല്‍ അവയൊന്നും ഫോട്ടോകളോ വീഡിയോകളോ ആയി സംരക്ഷിതമായിരുന്നില്ല. ഇന്നു പക്ഷേ, കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

നാഗരിക ദാരിദ്യവും ചരിത്രപരമായ ശൂന്യതയുമുള്ള ഒരു സംഘത്തിന്, സമ്പന്ന നാഗരികതയും സുവര്‍ണ ചരിത്രവുമുള്ള മറ്റൊരു ജനതയോട് തോന്നുന്ന അസുയ വിനാശകരമായ പരാക്രമങ്ങള്‍ക്കാണ് ഹേതുവാകുക. ചരിത്ര ശേഷിപ്പുകള്‍ തച്ചുടക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു കാരണമിതാണ്. യൂറോപ്പിലും അമേരിക്കയിലും അറേബ്യയിലും ഇന്ത്യയിലുമെല്ലാം ഇത്തരം തകര്‍ക്കലുകള്‍ കണ്ടിട്ടുണ്ട്. ഇന്നിപ്പോള്‍, ഇന്ത്യയിലെ ലോകാത്ഭുതങ്ങള്‍ക്കു നേരെ തൃശൂലമുനകള്‍ കൂര്‍പ്പിക്കുന്നവര്‍ ഒന്ന് തിരിഞ്ഞുനോക്കണം, സ്വന്തമെന്നു പറഞ്ഞ് അഭിമാനത്തോടെ ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കാന്‍ നാഗരിക പൈതൃകങ്ങള്‍ എത്രത്തോളമുണ്ട് തങ്ങളുടെ പാരമ്പര്യത്തിലെന്ന്!

പുതിയ ചരിത്ര നിര്‍മിതികള്‍ നാഗരിക ശേഷിപ്പുകളില്‍ തട്ടിത്തകരും. ഈയൊരു പ്രതിസന്ധി ഇന്ത്യയിലെ സംഘ് പരിവാര്‍ നന്നായി അനുഭവിക്കുന്നുണ്ട്.

വിദ്യാഭ്യാസ-ചരിത്ര മേഖലകള്‍ കാവിവല്‍ക്കരിച്ചതുകൊണ്ടോ പാഠപുസ്തകങ്ങളും ചരിത്ര ഗ്രന്ഥങ്ങളും തിരുത്തിയെഴുതിക്കൊാേ കെട്ടുകഥകള്‍ക്ക് ചലച്ചിത്രഭാഷ്യം നല്‍കി ചരിത്രത്തെ കീഴ്‌മേല്‍ മറിച്ചുകൊാേ ഒന്നും ഇന്ത്യയിലെ ഇസ്‌ലാമിന്റെ സ്വാധീനത്തെയോ പ്രൗഢമായ മുസ്‌ലിം പാരമ്പര്യത്തെയോ നിഷേധിക്കാനും മറച്ചുവെക്കാനും സംഘ് പരിവാറിന് സാധ്യമേയല്ല. അക്ഷരങ്ങളിലും അഭ്രപാളികകളിലും മുസ്‌ലിം ഇന്ത്യയെ തമസ്‌കരിച്ചാലും, ഈ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നൂറ് നൂറ് പൈതൃക താരകങ്ങള്‍ പ്രസരിപ്പിക്കുന്ന ചരിത്രവെളിച്ചം സംഘ് പരിവാര്‍ കെട്ടുകഥകളെ പൊളിച്ചടുക്കുക തന്നെ ചെയ്യും. ദല്‍ഹിയിലെ കുത്ബ് മിനാറും മൈസൂരിലെ ശ്രീരംഗപട്ടണം ക്ഷേത്രവും പള്ളിയും... സംഘ് പരിവാറിന്റെ നെഞ്ചകത്ത് നീറ്റലുണ്ടാക്കുന്നത്, വംശവെറിയില്‍ അധിഷ്ഠിതമായ തങ്ങളുടെ കള്ളക്കഥകള്‍ക്കുമേല്‍, ഈ കെട്ടിടങ്ങള്‍ ചരിത്ര സത്യങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നതുകൊണ്ടാണ്. സത്യം ആകാശത്തോളം ഉയരത്തില്‍ നില്‍ക്കുമ്പോള്‍ കള്ളങ്ങള്‍  'നിലവറകളില്‍' ഒളിപ്പിച്ചുവെക്കുകയല്ലാതെ എന്തു ചെയ്യാന്‍!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍