ബാത്ത്പുര സംഭവം നല്‍കുന്ന പാഠം
യു.പിയിലെ ബാത്ത്പുര ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി വയലിലൂടെ നടന്നുവരികയായിരുന്നു. കുറച്ച് ദൂരെ രണ്ടു പേര്‍ ഒരു കന്നുകാലിയെ എന്തോ ചെയ്യുന്നത് അവന്റെ ശ്രദ്ധയില്‍പെട്ടു. അടുത്ത് ചെന്നപ്പോള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു പശുവിനെ അറുക്കാന്‍ ശ്രമിക്കുകയാണ്. കുട്ടി ഓടിപ്പോയി ഗ്രാമത്തിലെ അങ്ങാടിയില്‍ ചെന്ന് ബഹളം വെച്ച് ഏതാനും ആളുകളുമായി തിരികെയെത്തി. ഒരാളെ കൈയോടെ പിടികൂടി. മറ്റേയാള്‍ ഓടി രക്ഷപ്പെട്ടു. പശുവിനെ അറുക്കുന്നതിനിടെ പിടിക്കപ്പെട്ടയാളുടെ പേര് രാം സേവക് ദീക്ഷിത്. ഒരു ഹിന്ദു ബ്രാഹ്മണന്‍. ഓടി രക്ഷപ്പെട്ട കക്ഷിയുടെ പേര് മംഗള്‍ ദീക്ഷിത്. അയാളും അതേ ജാതിക്കാരന്‍ തന്നെ. ഇരുവരും ബാത്ത്പുരയിലെ നിവാസികള്‍. അറുക്കാന്‍ കൊണ്ടുവന്ന ഈ പശുവിനെ മോഷ്ടിച്ചതാവട്ടെ ഗണേഷ് പ്രസാദ് ദീക്ഷിത് എന്ന മറ്റൊരു ബ്രാഹ്മണന്റെ വീട്ടില്‍നിന്ന്. സംഭവം നടക്കുമ്പോള്‍ രാം സേവക് മദ്യലഹരിയിലായിരുന്നു. അയാള്‍ക്കെതിരെ കൊലപാതകം, പിടിച്ചുപറി ഉള്‍പ്പെടെ പതിനെട്ട് പോലീസ് കേസുകളുണ്ട്. അയാളുടെ സഹായി മംഗള്‍ ദീക്ഷിതും മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഒരു പ്രതികാരത്തിന്റെ കഥയാണ് രാം സേവക് പറഞ്ഞത്. ഒരു കൊലക്കേസില്‍ സുഹാവന്‍ ദീക്ഷിത് എന്നൊരാള്‍ രാം സേവകിനെതിരെ സാക്ഷി പറയാന്‍ ഇരിക്കുകയാണത്രെ. സുഹാവനെ കുടുക്കാന്‍ ഒരു പശുവിനെ അറുത്ത് കുറ്റം അയാളുടെ തലയില്‍ കെട്ടിവെക്കാനായിരുന്നു ശ്രമം.
ഈ കഥ യു.പി പോലീസ് പോലും വിശ്വസിച്ചില്ല എന്നതിന് തെളിവാണ് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ധയും വൈരവും വളര്‍ത്താന്‍ ബോധപൂര്‍വം ശ്രമിച്ചതിന് ഐ.പി.സി 153 എ പ്രകാരവും 295 എ പ്രകാരവും രാം സേവകിനും മംഗളിനുമെതിരെ കേസ് ചാര്‍ജ് ചെയ്തത്. കഴിഞ്ഞ ഒക്‌ടോബര്‍ അഞ്ചിന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം അധിക മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ല. വര്‍ഗീയ കലാപം കുത്തിപ്പൊക്കാന്‍ ക്രിമിനലുകളെ ഉപയോഗിക്കുക എന്ന എത്രയോ കാലമായി തുടര്‍ന്നുവരുന്ന കുതന്ത്രമാണ് ഒരു ബാലന്റെ സമയോചിത ഇടപെടല്‍ കാരണം വഴിമാറിപ്പോയത്. കേന്ദ്രത്തിലെയും യു.പിയിലെയും ഭരണകൂടങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കുമെന്നും പിടികൂടുമെന്നും ഒരാളും പ്രതീക്ഷിക്കുന്നുണ്ടാവില്ല. ആശൂറാ ദിനാചരണത്തിന്റെ ഒരു ദിവസം മുമ്പായിരുന്നു ഈ സംഭവം എന്നുമോര്‍ക്കുക.
ബാത്ത്പുര ഗ്രാമത്തില്‍ വളരെക്കുറച്ച് മുസ്‌ലിംകളേയുള്ളൂ. സംഭവം പിടിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ പശുവിനെ അറുത്തതിന്റെ പാപഭാരം തീര്‍ച്ചയായും തല്‍പ്പരകക്ഷികള്‍ അവിടത്തെ മുസ്‌ലിംകളുടെ തലയില്‍ കെട്ടിവെക്കുമായിരുന്നു. പിന്നെ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചില തല്‍പ്പര കക്ഷികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വ്യക്തം. അന്വേഷണം ആ വഴിക്ക് നീങ്ങില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അവര്‍ ആരാണെന്ന് നാം അറിയാന്‍ പോകുന്നില്ല. ഒട്ടുമിക്ക വര്‍ഗീയ കലാപങ്ങളുടെയും പിന്നില്‍ ഇതുപോലുള്ള ആസൂത്രിത നീക്കങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്താന്‍ കഴിയും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള സംഘ്പരിവാര്‍ ഭരണകൂടങ്ങള്‍ കടുത്ത ജനരോഷം ഏറ്റുവാങ്ങുമ്പോള്‍, ഇത്തരം നിഗൂഢ നീക്കങ്ങളെക്കുറിച്ച് പൊതുസമൂഹം കൂടുതല്‍ ജാഗ്രത്താവണം. കേരളത്തില്‍ ഇത്തരമൊരു നിഗൂഢ നീക്കം പൊളിഞ്ഞപ്പോള്‍ 'മലപ്പുറത്തെ ദൈവം രക്ഷിച്ചു' എന്ന് ഒരു പോലീസ് ഓഫീസര്‍ പറഞ്ഞത് നമുക്ക് മറക്കാതിരിക്കാം.
Comments