Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

'സമസ്ത' സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതാര്‍ഹം

റഹ്മാന്‍ മധുരക്കുഴി

''ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ആത്മീയതയുടെ ഭാഗമല്ല. സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ആത്മീയത എന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്'' (സുപ്രഭാതം 28-9-2017). മമ്പുറം തങ്ങള്‍ അനുസ്മരണ യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ചെയ്ത ശ്രദ്ധേയമായ പ്രസ്താവനയാണിത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും അധഃസ്ഥിത വിഭാഗങ്ങളും നിലവിലുള്ള രാഷ്ട്രീയ ഭരണവ്യവസ്ഥക്കു കീഴില്‍ അനുഭവിക്കുന്ന അവഗണനയും പീഡനവും ഏറെ ആശങ്കാജനകമാണ്. ഇത്തരമൊരു അവസ്ഥയില്‍ ഭരണകൂട ഭീകരതക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ രംഗത്തുവരാതെ നിഷ്‌ക്രിയമാവുന്നത് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ആത്മീയതയുടെ ഭാഗമല്ല തന്നെ.

അക്രമിയായ ഭരണാധികാരിയുടെ മുന്നില്‍ സത്യം തുറന്നു പറയുന്നത് വലിയ ജിഹാദാണെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുമ്പോള്‍, മൗനവും നിഷ്‌ക്രിയത്വവുമൊക്കെ ഗുരുതരമായ കൃത്യവിലോപമായി കാണേിവരും. ഭൂമിയില്‍ മര്‍ദിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ എന്തുകൊണ്ട് സമരസജ്ജരായി രംഗത്തു വരുന്നില്ലെന്ന വിശുദ്ധ ഖുര്‍ആന്റെ ചോദ്യം, ചില വിശ്വാസ കാര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും മാത്രം മനുഷ്യനെ തളച്ചിട്ട് അവന്റെ ജീവിത പ്രയാസങ്ങളിലും പീഡനങ്ങള്‍ക്കെതിരെയുള്ള പ്രതിരോധത്തിലും പങ്കുവഹിക്കാത്ത മുസ്‌ലിം നിസ്സംഗതക്കു നേരെക്കൂടിയാണ്. 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ; ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും' എന്ന നബിവചനം തീവ്രവാദ മുദ്ര ചുമത്തി ജയിലിലടക്കപ്പെട്ടവരുടെ മോചനത്തിനും, അവശതയും അവഗണനയും ദുരിതവുമനുഭവിക്കുന്ന മനുഷ്യമക്കളുടെ സംരക്ഷണത്തിനും രംഗത്തിറങ്ങാനുള്ള ആഹ്വാനമല്ലെങ്കില്‍ മറ്റെന്താണ്? സമസ്ത ഈ ദൗത്യം ഏറ്റെടുത്ത് രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

 

 

അഭയാര്‍ഥികളോടുള്ള സി.പി.എം നിലപാട്

ഇരട്ട വിഷയങ്ങള്‍ ഒരേ ലേഖനത്തില്‍ കൈകാര്യം ചെയ്യാന്‍ മടി കാട്ടുന്നവരാണ് എഴുത്തുകാര്‍. വിഷയ ദൗര്‍ലഭ്യമാണ് കാരണമെന്ന് പറഞ്ഞുകൂടാ. എങ്കിലും, സി.കെ.എ ജബ്ബാര്‍ ഏഴു വിഷയങ്ങള്‍  ഒറ്റ തലക്കെട്ടിലെടുത്ത് 'കൊച്ചി കമ്യൂണിസ്റ്റ് ഉച്ചകോടിയും മൗലികവാദവും' എന്ന പേരില്‍ പ്രബോധനത്തില്‍  എഴുതിയപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാതെ വയ്യ. ഏതായാലും കൊച്ചിക്കാര്‍ക്ക് ലേഖനത്തിന്റെ ആദ്യ വിഷയം അത്ര സ്വീകാര്യമാകുമെന്ന് തോന്നുന്നില്ല. മൗലികവാദികള്‍ എന്ന വരി വായിക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വന്നത് സഖാവ് ഇ.എം.എസ്സിനെയാണ്. ജനാബ് സി.എച്ച് മുഹമ്മദ് കോയയുടെ പ്രസംഗത്തേക്കാള്‍ ഏറെ കേട്ടതും കേള്‍ക്കാന്‍ ഇഷ്ടപ്പെട്ടതും ഇ.എം.എസ്സിന്റെ പ്രസംഗമാണ്. മലപ്പുറം ജില്ലയില്‍ സഖാവിന്റെ ഏതു പ്രസംഗത്തിലും എവിടെയെങ്കിലും മൗലികവാദം പറഞ്ഞ് മൗലികവാദികളെ ആര്‍ക്കെങ്കിലും ഏല്‍പ്പിച്ചു കൊടുക്കുക പതിവായിരുന്നു. 

ഒരു ചുവന്ന പൂവ് ചോദിച്ചപ്പോള്‍ ഒരു കൊട്ട നിറയെ ചുവന്ന പൂവ് എടുക്കാന്‍ പോയ കഴിഞ്ഞകാല കമ്യൂണിസ്റ്റുകാരന്‍ അനുഭവിച്ച ക്ലേശം സി.കെ.എ ജബ്ബാര്‍  ഓര്‍ത്തുനോക്കണം. പ്രത്യയശാസ്ത്രവും മൗലികവാദവുമെല്ലാം അവിടെ ഇരിക്കട്ടെ. അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ സി.പി.എം എടുത്ത നിലപാടിന്റെ പകുതി പോലും വരില്ല ഐക്യ രാഷ്ട്രസഭയുടെ നിലപാട്.  അല്ലെങ്കില്‍ ഉത്തരവാദപ്പെട്ട ലോക രാജ്യങ്ങളുടെ നിലപാട്. റോഹിങ്ക്യന്‍ മുസ്ലിം എന്ന പേര് വന്നു പോയി, വെറും റോഹിങ്ക്യന്‍ അഭയാര്‍ഥി എന്നായിരുന്നെങ്കില്‍ അവരുടെ ഇപ്പോഴത്തെ ദുരവസ്ഥ ഉണ്ടാവില്ലായിരുന്നു. സി.പി.എം ഒരു നിലപാട് എടുക്കുമ്പോള്‍ ജാതിമതത്തേക്കാള്‍ ഏറെ മനുഷ്യാവകാശത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്.  റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നം ഗുരുതരമായ മൗലികാവകാശ ലംഘനമാണ്. അതില്‍ സി.പി.എം എടുത്ത നിലപാടിനെ പ്രകീര്‍ത്തിക്കുമ്പോള്‍ ചൈനയുമായി കൂട്ടിക്കുഴച്ചത് ശരിയല്ല. രണ്ടും രണ്ട് വിഷയമാണ്. ചൈനയുടെ വിദേശനയവും അഭയാര്‍ഥി പ്രശ്‌നവും ഒരു തുലാസിന്റെ രണ്ട് തട്ടില്‍ വെക്കുമ്പോള്‍ ഏതാണോ തൂങ്ങുക അതായിരിക്കും ശരിയായ നിലപാട്. കാലാവസ്ഥ മാറുന്നു. സാമ്പത്തികം മാറുന്നു. കമ്യൂണിസ്റ്റ് ഇതിഹാസങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന ഹൈടെക് യുഗം ആഞ്ഞടിക്കുമ്പോള്‍ രാജ്യങ്ങളും പ്രസ്ഥാനങ്ങളും ഒരു കുടക്കീഴില്‍ വരുന്നില്ല എന്ന് പറഞ്ഞു വിമര്‍ശിക്കുന്നത് ശരിയല്ലല്ലോ.

അബ്ബാസ് ആനപ്പുറം, യാമ്പു 

 

 

ഒക്‌ടോബര്‍ വിപ്ലവത്തെക്കുറിച്ച്

'ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ഹ്രസ്വനൂറ്റാണ്ട്' എന്ന ലേഖനം (ലക്കം 3022) ഗംഭീരമായിരുന്നു. പഴയ റഷ്യന്‍ കലണ്ടര്‍ പ്രകാരമാണ് ഒക്‌ടോബര്‍ വിപ്ലവം ഒക്‌ടോബര്‍ 25 എന്ന് അടയാളപ്പെടുത്തുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം അത് നവംബര്‍ ഏഴാണ്. ഈ വസ്തുത ലേഖനത്തില്‍ എവിടെയും പരാമര്‍ശിച്ചുകണ്ടില്ല. ലേഖനത്തിലുടനീളം ഒക്‌ടോബര്‍ 25 എന്നാണ് പറയുന്നത്. വായനക്കാര്‍ അത് ഇപ്പോള്‍ നിലവിലുള്ള ഗ്രിഗോറിയന്‍ കലണ്ടറിലെ ഒക്‌ടോബര്‍ 25 ആണെന്ന് തെറ്റിദ്ധരിക്കും.

ഷാജഹാന്‍ ടി. അബ്ബാസ്, സുഊദി അറേബ്യ

 

 

 

അറബി ഭാഷയോടുള്ള മനോഭാവം തന്നെയാണ് പ്രശ്‌നം

കേരള സര്‍ക്കാര്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി കേന്ദ്രീകരിച്ച് അറബി ഭാഷയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി Excellent International Centre for Arabic Studies ആരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.ടി ജലീല്‍ ഈയിടെ പറയുകയുണ്ടായി. ഷാര്‍ജാ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമിയുടെ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വേളയിലാണ് അദ്ദേഹം ഇതിനെ കുറിച്ച് പറയുന്നത്. പദ്ധതിക്കാവശ്യമായ മുഴുവന്‍ സംഖ്യയും ഷാര്‍ജാ ഗവണ്‍മെന്റ് വഹിക്കാമെന്ന് ശൈഖ് സുല്‍ത്താന്‍ പറഞ്ഞതായും അദ്ദേഹം കുറിച്ചു. 

നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ കേരളത്തില്‍ അറബി ഭാഷാ പഠനം നിലവിലുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഇന്ന് അറബി പഠിക്കുന്നവരായി കേരളത്തിലുണ്ട്. 25000-ല്‍പരം പേര്‍ അറബി ഭാഷാ അധ്യാപകരായി ഉണ്ടെന്നാണ് കണക്ക്. യു.എന്‍ അംഗീകരിച്ച പ്രധാന ഭാഷകളില്‍ ഒന്നാണ് അറബിയെങ്കിലും കേരളത്തില്‍ അറബി ഭാഷാ പഠന മേഖലയെ സങ്കുചിത മനസ്സോടെയാണ് കാണുന്നത് എന്നതാണ് വസ്തുത. അറബി സര്‍വകലാശാല ആരംഭിക്കാന്‍ ടി.പി ശ്രീനിവാസന്‍ വൈസ് ചെയര്‍മാനായ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശിപാര്‍ശ പ്രകാരമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു വന്നത്. എന്നാല്‍, കലാപകലുഷിതമായ അന്തരീക്ഷത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനേ അറബി സര്‍വകലാശാല ഉപകരിക്കൂ എന്നു വരെ ഫയലില്‍ രേഖപ്പെടുത്തി സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശത്തെ എതിര്‍ക്കുകയായിരുന്നു ഉദ്യോഗസ്ഥ ലോബി.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച പാലോളി കമ്മിറ്റിയാണ് അറബിക് സര്‍വകലാശാല എന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം യു.ഡി.എഫ് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. ഋഃരലഹഹലി േഇലിൃേല-നു പകരം അറബി ഭാഷാ അഭിവൃദ്ധിക്കായി സര്‍വകലാശാല തന്നെ സ്ഥാപിക്കാനാണ് ഇടതുപക്ഷം അര്‍ജവം കാണിക്കേണ്ടത്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ച പാലോളി കമ്മിറ്റി നിര്‍ദേശമാണ് എന്നതിനാല്‍ അതിന്റെ മാറ്റ് വര്‍ധിക്കുകയേയുള്ളൂ. ഇന്ത്യയുമായി മികച്ച നയതന്ത്രം പുലര്‍ത്തുന്ന സുഊദി അറേബ്യ, യു.എ.ഇ, മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനായാല്‍ 50 ശതമാനം ഫണ്ട് മാത്രം മതിയാവും സര്‍വകലാശാല നടത്തിപ്പിനെന്നും, ശേഷിക്കുന്ന 50 ശതമാനം പ്രോജക്ട് ഫണ്ടുകള്‍ വഴിയും മറ്റു രാജ്യങ്ങളുടെ സഹായം ഉപയോഗപ്പെടുത്തിയും മികച്ച രീതിയില്‍ സര്‍വകലാശാല പ്രവര്‍ത്തിക്കാമെന്നും ടി.പി ശ്രീനിവാസന്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ അന്നുതന്നെ പറഞ്ഞിരുന്നു. ഷാര്‍ജാ ശൈഖിനോട് ഋഃരലഹഹലി േഇലിൃേല എന്ന ആശയം മുന്നോട്ടു വെച്ചപ്പോള്‍ തന്നെ അതിന്റെ മുഴുവന്‍ തുകയും ഷാര്‍ജാ ഗവണ്‍മെന്റ് വഹിക്കാമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ഇതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാണ് ഇടതുപക്ഷം രാഷ്ട്രീയ കരുത്ത് കാണിക്കേണ്ടത്. 

ഇസ്ലാമോഫോബിയയുടെ ഇരയാണ് അറബി ഭാഷ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കേരള സമര ചരിത്രത്തില്‍ മറക്കാനാവാത്ത ഒന്നാണ് ഭാഷാ സമരം അല്ലെങ്കില്‍ അറബി ഭാഷാ സമരം. 1980-ല്‍ ഇ.കെ നായനാര്‍ സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍നിന്ന് അറബി, ഉര്‍ദു, സംസ്‌കൃത ഭാഷാ പഠനം ഒഴിവാക്കാനുള്ള നിയമനിര്‍മാണം നടത്താനുള്ള നീക്കത്തിനെതിരെയായിരുന്നു അത്. നിയമ നിര്‍മാണത്തിന്റെ ലക്ഷ്യം അറബി ഭാഷാ പഠനം പൊതുവിദ്യാഭ്യാസ പഠന മേഖലയില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. മൂന്നു പേരുടെ മരണത്തില്‍ കലാശിച്ച സമരത്തെ തുടര്‍ന്ന് നായനാര്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തില്‍നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നും അറബി ഭാഷാ മേഖലയെ തകര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 

2013-ല്‍ എം.ജി സര്‍വകലാശാല പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസം വഴി അറബി രണ്ടാം ഭാഷയായി തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് അത് പുനഃസ്ഥാപിക്കുകയായിരുന്നു. അപ്രഖ്യാപിത നിയമനനിരോധനം നിലനില്‍ക്കുന്നു എന്നതാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിനെതിരെയുള്ള ആരോപണം. അറബി ഭാഷക്ക് അപ്രഖ്യാപിത നിയമന നിരോധനം വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നു എന്നതാണ് സത്യം. സംവരണ പാക്കേജിലെ അവ്യക്തത കാരണം സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ 275 അറബി അധ്യാപക തസ്തികകളാണ് വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്നത്. എല്‍.പി സ്‌കൂള്‍ മുതല്‍ കോളേജ് തലം വരെയാണ് ഇത്രയും പേരുടെ ഒഴിവ്. പുതിയ കോളേജുകളിലെയും സര്‍വകലാശാലയിലെയും ഒഴിവ് ഇതിനു പുറമെയാണ്. കേരള സര്‍വകലാശാല ബി.എ അറബിക്, എം.എ അറബിക്, അഫ്ദലുല്‍ ഉലമ കോഴ്സുകള്‍ പ്രൈവറ്റായി പഠിക്കാനുള്ള അവസരം നേരത്തേ റദ്ദാക്കിയിരുന്നു. കേരളയില്‍ തന്നെ ഇപ്പോള്‍ വിദൂര വിദ്യാഭ്യാസം വഴി മലയാളം, ഹിന്ദി, അറബി ഉള്‍പ്പെടെ 12 ഭാഷകള്‍ ഉപഭാഷയായി തെരഞ്ഞെടുക്കാന്‍ അവസരം നല്‍കിയിരിക്കെ മലയാളം, ഹിന്ദി ഭാഷകളുടെ സിലബസ് മാത്രമേ യൂനിവേഴ്സിറ്റി ലഭ്യമാക്കിയിട്ടുള്ളൂ. അറബി ഓപ്ഷനായി എടുത്ത വിദ്യാര്‍ഥികള്‍ സിലബസിനായി യൂനിവേഴ്സിറ്റിയെ സമീപിച്ചപ്പോള്‍ സിലബസ് തയാറാക്കിയിട്ടില്ലെന്നും വേണമെങ്കില്‍ മലയാളം, ഹിന്ദി എന്നിവയിലേക്ക് മാറാമെന്നുമാണ് മറുപടി ലഭിച്ചത്. വി.സി പറഞ്ഞതാവട്ടെ ഇതിനെ കുറിച്ചൊന്നും അറിയില്ലെന്നാണ്.  കെ.ടെറ്റ് പരീക്ഷയുടെ പ്രശ്‌നങ്ങളും ഇതോടു ചേര്‍ത്തുവായിക്കണം.

ഭരണകൂടങ്ങളും ഉദ്യോഗസ്ഥ ലോബിയും അറബി ഭാഷയോട് കാണിക്കുന്ന വിവേചനത്തിന്റെ ഏതാനും ചില സമകാലിക ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ. അറബിയോടുള്ള മനോഭാവത്തില്‍ തന്നെയാണ് അടിസ്ഥാനപരമായ മാറ്റം ഉണ്ടാവേണ്ടത് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

റഹീം ചേന്ദമംഗല്ലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍