Prabodhanm Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

സ്‌പെയിന്‍ സ്മൃതികള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

''മുസ്‌ലിംകളെ തോല്‍പിച്ച് സ്‌പെയിനില്‍നിന്ന് തുരത്തിവിട്ടതിന്റെ ഓര്‍മകള്‍ അയവിറക്കുകയാണ് ഇന്ന് മാഡ്രിഡ് നഗരം. ഒരു ഉത്സവത്തിന്റെ ഉത്സാഹത്തിമര്‍പ്പിലാണ് മാഡ്രിഡ് നിവാസികള്‍.'' മാഡ്രിഡില്‍ ഒരു പ്രഭാഷണത്തിനു ചെന്ന എനിക്ക് സ്‌പെയിനിലെ സുഹൃത്തില്‍നിന്ന് കേള്‍ക്കേണ്ടിവന്ന ആദ്യത്തെ വാചകം.

'സ്‌പെയ്‌നിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടോ ഈ ആഘോഷം?'

ആതിഥേയന്‍: ''അതേ, ഒരു അവധി ദിനവുമാണ് ഇന്ന്. രാത്രിയില്‍ അറബ്-ഇന്തുലൂസ് (സ്‌പെയിന്‍) വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആഘോഷം. ക്രിസ്ത്യന്‍ പാതിരിമാരുടെയും യൂറോപ്പിന്റെയും നിറഞ്ഞ പിന്തുണയോടെ സ്‌പെയ്‌നില്‍നിന്ന് മുസ്‌ലിംകളെ കെട്ടുകെട്ടിച്ച ചരിത്രം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും ഫിലിമുകളും സ്‌ക്രിപ്റ്റുകളും നാടകാവിഷ്‌കാരങ്ങളും കണ്ട് രാവ് പകലാക്കുകയാണ് ഈ ആഘോഷത്തിലെ മുഖ്യ ഇനം.''

ഈ സംഭവം എന്നെ തെല്ലിട സ്തംബ്ധനാക്കി, ചിന്തിപ്പിച്ചു. വര്‍ഷം മുഴുവന്‍ നാം മക്കളെ ഓര്‍മിപ്പിക്കേണ്ടതെന്താണ്? യൂറോപ്പ് ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൗതിക നേട്ടങ്ങള്‍ക്കും ആധുനിക ജീവിത സൗകര്യങ്ങള്‍ക്കും വഴിയൊരുക്കിയ സ്‌പെയിനിന്റെ മുസ്‌ലിം നേതാക്കളെയും നായകരെയും ശാസ്ത്രജ്ഞന്മാരെയും പണ്ഡിതന്മാരെയും നാം നമ്മുടെ തലമുറക്കും മക്കള്‍ക്കും പരിചയപ്പെടുത്തുകയുണ്ടായോ? ചരിത്രത്തിന്റെ ഗതി തിരുത്തിക്കുറിച്ച വിശ്രുത സംഭവങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് നാം അവരോട് സംസാരിക്കുകയും സംവദിക്കുകയും ചെയ്തുവോ? ചരിത്രത്തില്‍ രേഖപ്പെട്ട നിരവധി യുദ്ധങ്ങളുണ്ടല്ലോ. ഇറാഖിലെ ഖാദിസിയ്യാ യുദ്ധം, ശാമിലെ (സിറിയ) യര്‍മൂക്, ഹിത്തീന്‍ യുദ്ധങ്ങള്‍, ആന്തലൂസിയന്‍ (സ്‌പെയിന്‍) രാജ്യങ്ങളിലെ സല്ലാഖ യുദ്ധം, അങ്ങനെയങ്ങനെ...

സ്‌പെയിനില്‍ ഇരുന്നാണ് ഞാനീ ലേഖനം എഴുതുന്നത്. തെല്ലിട മുമ്പ് പരിചയപ്പെട്ട ഒരു ക്രിസ്ത്യന്‍ യുവാവ് എന്നോട് പറഞ്ഞു: 'എന്റെ പത്താമത്തെ വല്യുപ്പ ഒരു സ്‌പെയിന്‍ മുസ്‌ലിമായിരുന്നു.'

വിസ്മരിക്കപ്പെട്ട ഈ ചരിത്രഭാഗം നമ്മുടെ മക്കള്‍ക്ക് പറഞ്ഞുകൊടുക്കണം. ഫിലിമുകള്‍, നാടകങ്ങള്‍, ചിത്രീകരണങ്ങള്‍, കഥകള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, മത്സരങ്ങള്‍, വിനോദ-വിജ്ഞാന യാത്രകള്‍ എന്നിവകളിലൂടെ പൂര്‍വകാല സ്‌പെയിനിന്റെ കുലീനമായ ചരിത്ര പൈതൃകവുമായി നമ്മുടെ മക്കളും നവതലമുറയും ഇടപഴകട്ടെ.

ചില വ്യക്തിത്വങ്ങളെ കുറിച്ച് നമ്മുടെ മക്കളും തലമുറയും അറിയുകയാണെങ്കില്‍ അവരുടെ ആത്മവീര്യം ഉയര്‍ത്താന്‍ അത് സഹായകമായേനെ. മതപ്രചാരണത്തിനും ആകാശനീതിയുടെ സാക്ഷാത്കാരത്തിനും സംസ്ഥാപനത്തിനും നമ്മുടെ പൂര്‍വികര്‍ അനുഷ്ഠിച്ച ത്യാഗങ്ങള്‍ വസ്തുനിഷ്ഠമായി അറിഞ്ഞിരുന്നുവെങ്കില്‍ അവരുടെ അന്തഃരംഗങ്ങള്‍ അഭിമാനപൂരിതമായേനെ!

അബ്ദുര്‍റഹ്മാനുദ്ദാഖിലിനെ അവര്‍ അറിയണം. 25 വയസ്സായ ആ യുവാവ് ഏകാകിയായാണ് നാടുവിട്ടത്. സ്‌പെയിനില്‍ തനിയെ പ്രവേശിച്ച ആ യുവാവ് ഛിന്നഭിന്നമായി കിടന്ന ആ രാജ്യത്തെ ഒന്നിപ്പിക്കുകയും സമര്‍ഥമായ ഭരണത്തിലൂടെ പുതുയുഗത്തിന് അടിത്തറ പാകുകയും ചെയ്തു. അവിടെ ഉമവി ഭരണത്തിന് തുടക്കമിട്ട അദ്ദേഹം ചരിത്രത്തെ മാറ്റിമറിച്ചു. യൂറോപ്പിലെ മികച്ച രാജ്യമാക്കി അതിനെ പരിവര്‍ത്തിപ്പിച്ചു. വേറെയുമുണ്ട് ശ്രേഷ്ഠ വ്യക്തിത്വങ്ങള്‍. അബ്ദുര്‍റഹ്മാനുല്‍ ഔസത്ത്, 23-ാം വയസ്സില്‍ കൊര്‍ദോവ നഗരത്തിന് അസ്തിവാരമിട്ട അബ്ദുര്‍റഹ്മാന്‍ നാസിര്‍ തുടങ്ങിയ ചരിത്രത്തിന്റെ സ്രഷ്ടാക്കള്‍. കൊര്‍ദോവയില്‍ നിരത്തുകള്‍ നിര്‍മിച്ചതും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതും പള്ളികളും വിദ്യാലയങ്ങളും സര്‍വകലാശാലകളും പണിതതും അബ്ദുര്‍റഹ്മാന്‍ അന്നാസിറാണ്. നാലു ലക്ഷം ഗ്രന്ഥങ്ങളുള്ള ഉമവി ലൈബ്രറി അവിടെ സ്ഥാപിച്ചതും അദ്ദേഹം തന്നെയാണ്. ലോകമെങ്ങുമുള്ള വിജ്ഞാനകുതുകികളുടെയും ഗവേഷകരുടെയും തീര്‍ഥാടന കേന്ദ്രമായിരുന്നു കൊര്‍ദോവയിലെ ആ വിശ്രുത ഗ്രന്ഥാലയം. ആ ഗ്രന്ഥങ്ങളുടെ പകര്‍ത്തിയെഴുത്തായിരുന്നു ആ കാലത്ത് ജീവിച്ച സ്ത്രീകളുടെ കുടില്‍ വ്യവസായം. ഈ ദൗത്യത്തിന് സ്ത്രീകളെ വേതനം നല്‍കി നിയമിച്ചു. സ്‌പെയിനിനെ ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമായി മാറ്റിയതില്‍ അബ്ദുര്‍റഹ്മാന്‍ അന്നാസിറിന് വലിയ പങ്കാണുള്ളത്. അദ്ദേഹത്തിന്റെ ആയിരാമത് ചരമവാര്‍ഷികം നാല്‍പതു വര്‍ഷം മുമ്പാണ് സ്‌പെയിന്‍ ആചരിച്ചത്. ഉഖ്ബതുബ്‌നു നാഫിഅ്, മൂസാബ്‌നു നുസൈര്‍, ത്വാരിഖുബ്‌നു സിയാദ്, യൂസുഫുബ്‌നു താശഫിന്‍ തുടങ്ങിയ മഹാരഥന്മാര്‍ സ്‌പെയിന്‍ ചരിത്രത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.

സ്‌പെയിനിലെ ശാസ്ത്രജ്ഞന്മാരുടെ എണ്ണം അസംഖ്യമാണ്. വിജ്ഞാനത്തിന്റെ സര്‍വതോമുഖമായ മണ്ഡലങ്ങളില്‍ അവര്‍ തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തി. ആകാശവീഥിയിലൂടെ പറവയെ പോലെ പറക്കുന്നതിനെക്കുറിച്ച് ആദ്യമായി ആലോചിച്ചത് അബ്ബാസുബ്‌നു ഫര്‍നാസ്. ശിലകളില്‍നിന്ന് ചില്ലും സ്ഫടികവും നിര്‍മിക്കുന്ന വിദ്യ അദ്ദേഹം കണ്ടുപിടിച്ചു. സമയഗണനക്ക് പ്രത്യേക ഉപകരണം നിര്‍മിച്ചു. അന്ധവിശ്വാസങ്ങളില്‍നിന്നും മാരണ-മാന്ത്രിക ബന്ധങ്ങളില്‍നിന്നും കെമിസ്ട്രിയെ മോചിപ്പിച്ചെടുത്തത് മസ്‌ലമത്തുല്‍ മജ്‌രിത്തിയാണ്. വിശ്രുത ഭിഷഗ്വരന്‍ അബുല്‍ ഖാസിം അസ്സഹ്‌റാവി അക്കാലത്തെ കേളികേട്ട ശസ്ത്രക്രിയാ വിദഗ്ധനായിരുന്നു. ശസ്ത്രക്രിയയെക്കുറിച്ച ആദ്യ ഗ്രന്ഥം സഹ്‌റാവിയുടേതാണ്. പട്ടുനൂല്‍ കൊണ്ട് നാഡീഞരമ്പുകള്‍ തുന്നിക്കെട്ടിയത്, 'ക്വാട്ടറൈസേഷന്‍' പ്രക്രിയയിലൂടെ രക്തപ്രവാഹം നിര്‍ത്തിയത്, അര്‍ബുദ കോശങ്ങള്‍ പിഴുതുമാറ്റിയത്... തുടങ്ങി നിരവധി സംഭാവനകള്‍ സഹ്‌റാവിയുടേതായി ചരിത്രം രേഖപ്പെടുത്തുന്നു.

'പകലിനെ രാവിന്മേലും രാവിനെ പകലിന്മേലും ചുറ്റുന്നു' എന്ന ഖുര്‍ആന്‍ സൂക്തം അടിസ്ഥാനമാക്കി ഭൂമി ഉരുണ്ടതാണെന്ന് സ്ഥാപിച്ച ഇബ്‌നു ഹസം, സാറ്റലൈറ്റുകളുടെ സഹായമില്ലാതെ രാജ്യാതിര്‍ത്തികള്‍ വരച്ച ശരീഫുല്‍ ഇദ്‌രീസി, ഇബ്‌നു സര്‍ഖാലി തുടങ്ങിയ ശാസ്ത്രജ്ഞന്മാര്‍, ശാസ്ത്രത്തിലും നീതിന്യായ വ്യവസ്ഥയിലും പാണ്ഡിത്യത്തിലും വിഖ്യാതനായ ഇബ്‌നുറുശ്ദ്, സസ്യശാസ്ത്രജ്ഞനായ ഇബ്‌നുല്‍ ബൈത്താര്‍, സാഹിത്യ വിശാരദനും കവിയുമായ ഇബ്‌നു സയ്ദൂന്‍, ഗാനത്തിനും സംഗീതത്തിനും ആദ്യത്തെ കലാലയം സ്ഥാപിച്ച സിയാബ അങ്ങനെ എത്രയെത്ര മഹാരഥന്മാര്‍! ഇമാം ഖുര്‍ത്വുബി, ഇബ്‌നു ഹസമുല്‍ ഉന്‍ദുലൂസി, ഇബ്‌നു ഹിബ്ബാനുല്‍ ഖുര്‍ത്വുബി, ഖാദി അബൂബക്ര്‍ ഇബ്‌നുല്‍ അറബി, ഖാദി ഇയാദ് തുടങ്ങി എത്രയെത്ര പണ്ഡിതപ്രതിഭകളായ ഭുവന പ്രശസ്തരെ സ്‌പെയിനിനോട് ചേര്‍ത്തുപറയാന്‍ കിടക്കുന്നു! അത്ഭുതം, മഹാത്ഭുതം!

ഭൂതകാലത്തെ മറക്കുന്നവരും ചരിത്രത്തോട് ഉദാസീന ഭാവം പുലര്‍ത്തുന്നവരും വേരുകളില്ലാതെയാണ് വളരുക. വര്‍ത്തമാനമോ ഭാവിയോ അവര്‍ക്കുള്ളതല്ല. ചരിത്രവും ഐതിഹ്യവും തമ്മിലെ വ്യത്യാസം മനസ്സിലാക്കണം. ചരിത്രം വസ്തുതയാണ്. ഐതിഹ്യങ്ങള്‍ അന്ധവിശ്വാസമോ ഭാവനകളോ കെട്ടുകഥകളോ വീണ്‍വാക്കുകളോ ആണ്. നിരവധി വീരചരിത്രങ്ങളാല്‍ നിര്‍ഭരമാണ് നമ്മുടെ ഭൂതകാലം. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍