Prabodhanm Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

ആതിരയും വിമര്‍ശനങ്ങളും

പി.പി അബ്ദുര്‍റസാഖ്

വിശ്വാസ വൈവിധ്യം സാമൂഹിക യാഥാര്‍ഥ്യമാണ് - 2

ഇനി ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി പിന്നീട് ഘര്‍വാപ്പസി കേന്ദ്രത്തില്‍വെച്ച് സനാതന ധര്‍മത്തിലേക്ക് 'തിരിച്ചുപോയ', ആതിരയിലൂടെ സംഘ്പരിവാര്‍ ഇസ്‌ലാമിനു നേരെ ഉയര്‍ത്തിയ ചോദ്യങ്ങളെ ഓരോന്നോരോന്നായി പരിശോധിക്കാം. ഒരു പത്രസമ്മേളനത്തിലൂടെ വിഷയം പ്രശ്‌നവല്‍ക്കരിക്കപ്പെട്ട സ്ഥിതിക്ക് അത് പൊതുചര്‍ച്ചക്കും പഠനത്തിനും അന്വേഷണത്തിനും വിധേയമാവുക സ്വാഭാവികവുമാണ്. ആതിര തന്റെ മാതാപിതാക്കള്‍ക്ക് എഴുതിയ 20 പേജ് കത്തു തന്നെ ഏറക്കുറെ ആതിര പത്രസമ്മേളനത്തില്‍ ഉന്നയിച്ചതോ അവരെക്കൊണ്ടു ഉന്നയിപ്പിച്ചതോ ആയ ഏതാണ്ട് എല്ലാ വിഷയങ്ങള്‍ക്കും ഉത്തരം നല്‍കുന്നുണ്ട്. ഒരുപക്ഷേ ഇസ്‌ലാം മതവുമായി ബന്ധപ്പെട്ട ആരോഗ്യപൂര്‍ണവും പരസ്പര ആദരവിലും ബഹുമാനത്തിലും അധിഷ്ഠിതവുമായ ചര്‍ച്ചക്ക് സഹായകമായ ഒത്തിരി വിഷയങ്ങള്‍ ആ പത്രസമ്മേളനത്തില്‍ ആതിര വളരെ നിഷ്‌കളങ്കമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ആതിരക്കെന്നല്ല, ഏതൊരു വ്യക്തിക്കും അവരവരുടെ ബോധ്യത്തിനനുസരിച്ച് വിശ്വസിക്കാനും ആ ബോധ്യത്തിനനുസരിച്ച വിശ്വാസം സമാധാനപൂര്‍വം പ്രചരിപ്പിക്കാനുമുള്ള അവകാശം ഉണ്ട്. ആതിരയുടെ പത്രസമ്മേളനം, വിഷയം പരസ്പര ആദരവോടെയും ബഹുമാനത്തോടെയും പൊതുസമൂഹത്തിനു മുമ്പില്‍ ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം സൃഷ്ടിച്ചത് എന്തുകൊണ്ടും ആരോഗ്യപൂര്‍ണവും സംവാദാത്മകവും സംസ്‌കൃതവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ അറിയുന്നത് ഭയക്കേണ്ടതില്ലാത്ത, ആളുകള്‍ അവരവരുടെ ബോധ്യത്തിന് അനുസരിച്ചു വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്ന, പരസ്പരം കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന, കരുതിവെപ്പില്ലാത്ത, മതില്‍ക്കെട്ടില്ലാത്ത, സഹിഷ്ണുതയുള്ള സ്വതന്ത്ര സമൂഹത്തിന്റെ സൃഷ്ടിയായിരിക്കണം നമ്മുടെ ലക്ഷ്യം.

ആതിര ഉന്നയിച്ച ഒന്നാമത്തെ പ്രശ്‌നം പരലോകത്തെ രക്ഷാശിക്ഷകളെ സംബന്ധിച്ചായിരുന്നു. പരലോകജീവിത സാധ്യതയെ ആതിര തള്ളിപ്പറഞ്ഞിട്ടില്ല. മനുഷ്യന്‍ അവന്റെ ജീവിതത്തിനും അവന്‍ ഈ ഭൂമിയില്‍ സ്വാതന്ത്ര്യമുള്ള ഏകജീവി എന്ന നിലയില്‍ അനുഭവിക്കുന്ന പരിഗണനക്കും ദൈവത്തിന്റെ മുമ്പില്‍ ഉത്തരവാദിയാണോ എന്ന ചോദ്യത്തെ അഭിസംബോധന ചെയ്തിട്ടുമില്ല. ഈ ലോകത്ത് നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന അനീതിക്കും അക്രമത്തിനും ഒരു പരിഹാരവുമില്ലാതെ ഇങ്ങനെയങ്ങു ജീവിതം അവസാനിക്കാന്‍ അനുവദിച്ചാലുണ്ടാകുന്ന അനീതിയെ സംബന്ധിച്ചും ഒന്നും പറഞ്ഞിട്ടില്ല. പരലോക ജീവിതം ഇല്ലെങ്കില്‍ പിന്നെ 'എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന ദൈവം' ഈ അക്രമങ്ങളും അനീതിയുമൊക്കെ കണ്ടതുകൊണ്ടും അറിഞ്ഞതുകൊണ്ടും ഒരു പ്രത്യേക പ്രശ്‌നം ആര്‍ക്കും ഉണ്ടാവേണ്ടതില്ലല്ലോ. അങ്ങനെയൊരു ദൈവം നമ്മുടെ ജീവിതത്തെ സ്വാധീനിക്കേണ്ടതായിട്ടുമില്ല. അങ്ങനെയൊരു രക്ഷാശിക്ഷാ വ്യവസ്ഥയില്ലെങ്കില്‍ പിന്നെ ഓരോരുത്തര്‍ക്കും ഒന്നിനെയും ഭയപ്പെടാതെ തോന്നിയതുപോലെ ജീവിക്കുകയുമാകാം.

പരലോകത്തെ ശിക്ഷ ഭയപ്പെടേണ്ടതും രക്ഷ ആഗ്രഹിക്കേണ്ടതും തന്നെയാണ്. 'നീതി' എന്നാണ് ദൈവത്തിന് ഇസ്‌ലാം നല്‍കുന്ന തൊണ്ണൂറ്റി ഒമ്പതു നാമങ്ങളില്‍ ഒന്ന്. പരലോകത്തെ ശിക്ഷ നീതിയുടെ തേട്ടമായാണ് വിശുദ്ധഖുര്‍ആന്‍ പറയുന്നത്. അതുകൊണ്ടുതന്നെ അത് സ്വയംതന്നെ അനീതിപൂര്‍ണമാവില്ല. ആയതിനാല്‍ കൂടിയാണ് തിന്മക്ക് തത്തുല്യമായ പ്രതിഫലമെന്നും നന്മക്ക് അനേകമിരട്ടി പ്രതിഫലമെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. സ്വര്‍ഗവും നരകവുമൊക്കെ ഈ രക്ഷാശിക്ഷകള്‍ ലഭിക്കുന്ന അതിഭൗതിക ലോകങ്ങളാണ്. ഓരോരുത്തരുടെയും തെറ്റുകുറ്റങ്ങള്‍ക്ക് അവയുടെ മുഴുവന്‍ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും അവരുടെ ജീവിതലക്ഷ്യത്തെയും ദൗത്യത്തെയും അവര്‍ അനുഭവിച്ച അനുഗ്രഹങ്ങളെയും അവസരങ്ങളെയുമെല്ലാം കണക്കിലെടുത്ത്  ദൈവികനീതിക്കനുസരിച്ച് ശിക്ഷിക്കുന്ന ലോകമാണ് നരകം. ഇങ്ങനെയൊരു രക്ഷാശിക്ഷാ ലോകമില്ലെങ്കില്‍, കാലാകാലങ്ങളില്‍ ഭൂകമ്പങ്ങളിലും ചുഴലിക്കാറ്റുകളിലും അഗ്നിപര്‍വത സ്‌ഫോടനങ്ങളിലും പ്രളയത്തിലുമൊക്കെ അതിദാരുണമായി മരിക്കുന്ന കോടിക്കണക്കിനു മനുഷ്യജീവിതങ്ങള്‍ക്കൊന്നും ഒരര്‍ഥവും ഉണ്ടാവില്ല. അന്ധരും ബധിരരും  അംഗപരിമിതരും  നിത്യരോഗികളും  ബുദ്ധിമാന്ദ്യമുള്ളവരുമൊക്കെയായി ജനിച്ചു ജീവിക്കേണ്ടിവരുന്ന മനുഷ്യജീവിതത്തിന് ഒരര്‍ഥവും ഉണ്ടാകില്ല. പരലോകത്തെ ദൈവികനീതിയുടെ അഭാവത്തില്‍ ഇതൊക്കെ കാരുണ്യവാനായ ദൈവത്തെ നിഷേധിക്കുന്നതിന് കാരണമാകുന്ന കൊടിയ ക്രൂരത മാത്രമായി മാറും. സ്വര്‍ഗനരക രക്ഷാശിക്ഷാ ലോകത്തെ സംബന്ധിച്ച് സന്ദേഹമുള്ളവര്‍ ഈ ലോകത്തുവെച്ചുതന്നെ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടി ചിന്തിച്ചുനോക്കുക. ദൈവവിശ്വാസികളെ സംബന്ധിച്ചേടത്തോളം, അവര്‍ ഏതു മതത്തിലുള്ളവരുമായിക്കൊള്ളട്ടെ, ഇതൊക്കെയും ദൈവികമായ കൃത്യങ്ങള്‍ തന്നെയായിരിക്കുമല്ലോ. സ്വര്‍ഗനരകങ്ങളും രക്ഷാശിക്ഷകളും ഏറക്കുറെ എല്ലാ മതങ്ങളും പങ്കുവെക്കുന്ന പൊതുവിശ്വാസവുമാണ്. ഖുര്‍ആന്‍ അക്കാര്യം അടിക്കടി ഉണര്‍ത്തുന്നതുകൊണ്ട് മുസ്‌ലിംകളില്‍ പരലോകവിശ്വാസം രൂഢമൂലമാണ്. 

ആതിര പറഞ്ഞ രണ്ടാമത്തെ കാര്യം പില്‍ക്കാലത്തുണ്ടായ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ ഖുര്‍ആനിക പരാമര്‍ശങ്ങളുമായി യോജിച്ചുപോകുന്നതിനെ കുറിച്ച് മുസ്‌ലിംകള്‍ നടത്തുന്ന അവകാശവാദത്തെ സംബന്ധിച്ചാണ്. ഇവിടെ ആതിര നേര്‍ക്കുനേരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിന് വിരുദ്ധമായുള്ള എന്തെങ്കിലും ഖുര്‍ആനിക പരാമര്‍ശങ്ങളെ എടുത്തുപറയുന്നില്ല. അങ്ങനെയൊന്ന് എടുത്തുകാണിക്കാന്‍ സാധ്യവുമല്ല. ശാസ്ത്രം പഠിപ്പിക്കാന്‍ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ല ഖുര്‍ആന്‍. അത് മനുഷ്യരാശിയുടെ സാന്മാര്‍ഗിക ദര്‍ശനത്തിനുവേണ്ടി അവതീര്‍ണമായ ഗ്രന്ഥമാണ്. ആ സാന്മാര്‍ഗികദര്‍ശനം ലക്ഷ്യംവെച്ച് ഒത്തിരി പ്രകൃതി പ്രതിഭാസങ്ങളിലേക്ക് അത് വിരല്‍ചൂണ്ടുന്നുണ്ട്. ആ പ്രകൃതിപ്രതിഭാസങ്ങളെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളെല്ലാം പില്‍ക്കാലത്ത് ശാസ്ത്രം കണ്ടെത്തിയ തത്ത്വങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നവയുമാണ്. പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച ഖുര്‍ആനിക പരാമര്‍ശം തെറ്റാണെന്ന് കൃത്യമായി ഒന്നും പറയാതെ പൊതുവായി ആതിര പറഞ്ഞുപോകുന്നുമുണ്ട്. 'പ്രപഞ്ചം ആദിയില്‍ ഒരു വാതക/ധൂമപടലം മാത്രമായിരുന്നു' എന്ന ഖുര്‍ആനിക പരാമര്‍ശത്തെയാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. എങ്കില്‍, ഖുര്‍ആനിന്റെ ആ പരാമര്‍ശവും നിലവിലെ ശാസ്ത്രനിരീക്ഷണത്തിനുപോലും വിരുദ്ധമല്ല എന്നതാണ് വസ്തുത. 

വിശുദ്ധ ഖുര്‍ആനിലെ ദൈവം മനുഷ്യനെ വെല്ലുവിളിക്കുന്നതിലെ ആപത്തിനെക്കുറിച്ചും ആതിര പറയുന്നുണ്ട്. അവിടെ നിരക്ഷരകുക്ഷിയായ പ്രവാചകന്റെ പ്രവാചകത്വത്തിനു ഏക തെളിവായി നല്‍കപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന കാര്യം ആതിര മറന്നുപോയി. ആ തെളിവിനെ ബുദ്ധിപരമായ ഒരു പിന്‍ബലവുമില്ലാതെ അന്ധമായി നിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് വെല്ലുവിളി ഉണ്ടാകുന്നത്. മനുഷ്യരെ മാത്രമല്ല, മനുഷ്യരില്‍ ബഹുഭൂരിപക്ഷവും അടിപ്പെടുന്ന  മുഴുവന്‍ ദൈവേതര ശക്തികളുടെയും സഹായം തേടി നോക്കാനും അതേ സൂക്തം ആവശ്യപ്പെടുന്നുണ്ട്. ഇസ്‌ലാമില്‍ അറിവ്/ജ്ഞാനം വിശ്വാസത്തിന്റെ മുന്നുപാധിയാണ്. അറിവാകട്ടെ, തെളിവിന്റെ പിന്‍ബലത്തില്‍ സ്ഥാപിക്കപ്പെടണം. എന്തും ഏതും തെളിവാകില്ല. അത് തെളിവെന്ന നിലയില്‍ പരിശോധിക്കപ്പെടുകയും വെല്ലുവിളിക്കുകയും അതിനെ നിഷേധിക്കുന്നവരുടെ വെല്ലുവിളിക്ക് വിധേയമാവുകയും ചെയ്യണം. വിശുദ്ധ ഖുര്‍ആന്‍ അങ്ങനെയൊരു അവകാശവാദം ഉയര്‍ത്തിയില്ലെങ്കില്‍ പ്രവാചകന്റെ ലോകാവസാനം വരെയുള്ള പ്രവാചകത്വവാദത്തിന് പിന്നെ മറ്റെന്താണ് തെളിവായി ഉണ്ടാവുക?

തീര്‍ച്ചയായും മുഹമ്മദ് നബി തന്റെ അന്ത്യപ്രവാചകത്വത്തിനു തെളിവ് സമര്‍പ്പിച്ചിരുന്നു. അത് ഖുര്‍ആന്‍ മാത്രമായിരുന്നു. മുഹമ്മദിന്റേതു അന്ത്യപ്രവാചകത്വമായതിനാലും അത് ലോകാവസാനം വരെയുള്ള ജനങ്ങള്‍ക്ക് ബാധകമായതിനാലും അദ്ദേഹത്തിനു നല്‍കപ്പെട്ട തെളിവും ലോകാവസാനം വരെ നിലനില്‍ക്കും. മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ അല്ലാത്ത, അദ്ദേഹത്തിന്റെ കാലക്കാര്‍ക്ക് മാത്രം അനുഭവിക്കാന്‍ കഴിയുന്ന വല്ലതുമായിരുന്നു തെളിവായി നല്‍കിയിരുന്നതെങ്കില്‍ അത് അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ കാലപരമായ പരിമിതിയാകുമായിരുന്നു. ഖുര്‍ആന്‍ മുഹമ്മദിന്റെ പ്രവാചകത്വത്തിനുള്ള തെളിവാണ് എന്നത് ഒരു ആരോപണം അല്ല. മറിച്ച് അത് ഖുര്‍ആന്‍ തന്നെ പറഞ്ഞതാണ്: ''(പ്രവാചകന്‍ അവരോട്) പറയുക, ഞാന്‍ നിങ്ങളുടെ രക്ഷിതാവില്‍നിന്നുമുള്ള വ്യക്തമായ തെളിവുമായാണ് ആഗതമായിട്ടുള്ളത്..''( 6:57) 

''..നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍നിന്നും വ്യക്തമായ തെളിവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു..'' (6:157). ഇതുപോലെ നിരവധി സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ ഖുര്‍ആനെ തെളിവെന്നു വിശേഷിപ്പിച്ചതായി കാണാം (11:17; 47:14; 98:1; 98:4). ഈ തെളിവ് ലോകാവസാനം വരെ സുരക്ഷിതമായി നിലനില്‍ക്കുമെന്നും ഖുര്‍ആന്‍ അവകാശപ്പെടുന്നു: ''തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആനിനെ അവതരിപ്പിച്ചിട്ടുള്ളത്. തീര്‍ച്ചയായും നാം തന്നെ അതിനെ സംരക്ഷിച്ചു നിലനിര്‍ത്തും'' (15:9). ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കിപ്പുറത്തുനിന്നും തിരിഞ്ഞുനോക്കുമ്പോള്‍ മുഹമ്മദീയ പ്രവാചകത്വത്തിന്റെ തെളിവിന്റെ കൂടി സംരക്ഷണമായി വള്ളിപുള്ളി വ്യത്യാസമില്ലാതെയുള്ള ഖുര്‍ആനിന്റെ സംരക്ഷണം ഒരു ചരിത്രാനുഭവമായി നാം മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഈ തെളിവ് നഷ്ടപ്പെട്ട് ആ വിഷയത്തിലെ വെറും ഒരു വിശ്വാസം മാത്രമായി അത് മാറിയില്ല. മറിച്ച്, ഈ തെളിവ് നിലനില്‍ക്കുകയും അത് നാമോരോരുത്തരുടെയും ഒരു നിത്യാനുഭവമായി മാറുകയും ചെയ്തു. ഈ തെളിവ്, സത്യത്തെ അസത്യത്തില്‍നിന്നും തഥ്യയെ മിഥ്യയില്‍നിന്നും ധര്‍മത്തെ അധര്‍മത്തില്‍നിന്നും ന്യായത്തെ അന്യായത്തില്‍നിന്നും ശരിയെ തെറ്റില്‍നിന്നും നീതിയെ അനീതിയില്‍നിന്നും സദാചാരത്തെ അത്യാചാരങ്ങളിനിന്നും വേര്‍തിരിക്കുന്ന (ഖുര്‍ആന്‍ 'തെളിവ്' എന്നതിനു അറബിയില്‍ ഉപയോഗിച്ച 'ബയ്യിനത്' എന്ന വാക്കിന്റെ അര്‍ഥം 'വേര്‍തിരിക്കുന്നത്' എന്നു കൂടിയാണ്) ഉരക്കല്ല് (ഫുര്‍ഖാന്‍) കൂടിയാണ്. ഈ തെളിവ് അവകാശവാദത്തിന്നും അപ്പുറത്ത് അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നത് അത് ആ തെളിവിനെ നിഷേധിക്കുന്നവനെ വെല്ലുവിളിക്കുകയും ആ വെല്ലുവിളിക്കു മുമ്പില്‍ നിഷേധി നിസ്സഹായനാണെന്നു വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ടാണ്.  വിശുദ്ധ ഖുര്‍ആന്റെ അസന്ദിഗ്ധ വെല്ലുവിളിയുടെ മുഴക്കം തന്നെ നമ്മെ അമ്പരപ്പിക്കുന്നതാണ്. ''നാം നമ്മുടെ ദാസന്റെ മേല്‍ അവതരിപ്പിച്ചതില്‍ നിങ്ങള്‍ക്ക് വല്ല സന്ദേഹവും ഉണ്ടെങ്കില്‍, നിങ്ങള്‍ ഇതുപോലുള്ള ഒരു സൂറ (അധ്യായം) എങ്കിലും കൊണ്ടുവരിക. നിങ്ങള്‍ അതിനുവേണ്ടി അല്ലാഹുവിനെ കൂടാതെയുള്ള സകലമാന ശക്തികളുടെയും സഹായം തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍!'' (2:23). ഈ വിഷയത്തിലെ നിഷേധിയുടെ നിസ്സഹായതയും വിശുദ്ധ ഖുര്‍ആന്‍ തന്നെ തൊട്ടടുത്ത വചനത്തില്‍തന്നെ പ്രഖ്യാപിക്കുന്നത് കാണുക: ''നിങ്ങള്‍ക്ക്അ ത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല'' (2:24). ഈ സുവ്യക്ത തെളിവിനു മുമ്പിലെ നിഷേധിയുടെ ഇതഃപര്യന്തമുള്ള നിസ്സഹായതയും കൃത്യമായ ചരിത്രാനുഭവമാണ്. 

ഇതിനും പുറമെ, വിശുദ്ധ ഖുര്‍ആന്‍ അത് യഥാര്‍ഥ ദൈവത്തില്‍നിന്നുള്ളതാണെന്നതിനു ധാരാളം തെളിവുകളും നിരത്തുന്നു (4:82). ഭാഷയിലും ശൈലിയിലും ഉള്ളടക്കത്തിലും ചര്‍ച്ച ചെയ്യുന്ന പ്രമേയങ്ങളുടെ വ്യാപ്തിയിലും ആഴത്തിലും പരപ്പിലും ആശയങ്ങളുടെ സ്ഥൂലതയിലും സൂക്ഷ്മതയിലും സമഗ്രതയിലും വിശദാംശത്തിലും വികസനാത്മകതയിലും സംഭവങ്ങളുടെ പ്രവചനാത്മകതയിലും എല്ലാം ഈ ആന്തരികമായ തെളിവുകള്‍ നിലകൊള്ളുന്നുണ്ട്. ഖുര്‍ആനില്‍ തന്നെ അതിന്റെ ദൈവികതക്ക് തെളിവായി നിലനില്‍ക്കുന്ന പല തലങ്ങളിലെ ആന്തരിക തെളിവുകള്‍ക്ക് ഓരോന്നിനുംനിരവധി ഉദാഹരണങ്ങള്‍ പറയാന്‍ സാധിക്കും. നക്ഷത്രങ്ങള്‍ കെട്ടണഞ്ഞ് തമോഗര്‍ത്തമായി മാറുന്നുവെന്നും (ഖുര്‍ആന്‍ 51: 1) പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും (ഖുര്‍ആന്‍ 51: 47) കാറ്റ് പരാഗണത്തിന്റെ കൂടി മാര്‍ഗമാണെന്നും (ഖുര്‍ആന്‍ 15: 22) സൂര്യചന്ദ്ര നക്ഷത്രാദികളുള്‍പ്പെടെ മുഴുവന്‍ പ്രപഞ്ചവും ചലിച്ചുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞ ഖുര്‍ആന്‍ 'അനുഭവാധിഷ്ഠിത ദിഗന്തങ്ങളിലും മനുഷ്യരില്‍ തന്നെയും ദൃഷ്ടാന്തങ്ങളുണ്ടെണ്ട'ന്ന് ചൂണ്ടണ്ടിക്കാണിക്കുകയും ചെയ്യുന്നു (ഖുര്‍ആന്‍ 41: 53). ചില ചരിത്രാവശിഷ്ടങ്ങള്‍ അത്ഭുതകരമായ രൂപത്തില്‍ സംരക്ഷിക്കപ്പെട്ടതിനെകുറിച്ചും (10:92) സൂക്ഷ്മങ്ങളില്‍ സൂക്ഷ്മമായ അനേകകോടി കൈവിരലടയാളങ്ങളിലോരോന്നും അദ്വിതീയമാക്കിയതിനെകുറിച്ചും (ഖുര്‍ആന്‍ 75: 4) മറ വിട്ടൊഴുകാത്ത കടലുകളെകുറിച്ചും (ഖുര്‍ആന്‍ 25: 53; 55: 19) ഗര്‍ഭസ്ഥശിശുവിന്റെ ഭിന്ന അവസ്ഥകളെകുറിച്ചും (22: 5; 23: 14; 39: 6; 40: 67; 75: 38; 96: 2) മേഘങ്ങളുടെ രൂപപ്പെടലിനെയും അവയിലെ വൈവിധ്യത്തെയും ചലനത്തെയും കുറിച്ചും (2: 164; 7: 57; 13: 12; 24: 40; 24: 43; 30: 48; 35: 9; 78: 14) ഭൂമിയുടെ ചലനത്തെകുറിച്ചും (ഖുര്‍ആന്‍ 27: 88) ഒരു പന്തിന്റെ ആകൃതിയിലുള്ള അതിന്റെ ചലനത്തിലൂടെ രാപ്പകലുകള്‍ ഉണ്ടാകുന്നതിനെ കുറിച്ചും (ഖുര്‍ആന്‍ 39: 5) ഭൂമിയിലെ പര്‍വതങ്ങളുടെ സ്ഥാനത്തെകുറിച്ചും (ഖുര്‍ആന്‍ 21: 31; 27: 61; 31: 10; 41: 10; 50: 7; 77: 27) പ്രപഞ്ചത്തിന്റെ തന്നെ ഉത്ഭവത്തെകുറിച്ചും (ഖുര്‍ആന്‍ 21: 30; 41: 10) അവയിലെ അനേക കോടി താരങ്ങളും ഗോളങ്ങളും പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ അവക്കിടയില്‍ നമ്മുടെ നേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത തൂണുകളായി ആകര്‍ഷണ ബന്ധത്തെ നിശ്ചയിച്ചതിനെ കുറിച്ചും (ഖുര്‍ആന്‍ 13: 2; 31: 10) ജലത്തില്‍നിന്നാണ് മുഴുവന്‍ ജീവികളുടെയും ഉത്ഭവമെന്നതിനെകുറിച്ചു (21: 30) മൊക്കെയുള്ള ഖുര്‍ആന്റെ സുവ്യക്ത പരാമര്‍ശങ്ങള്‍ അതിന്റെ ദൈവികതക്കുള്ള ആന്തരിക തെളിവുകളെന്ന നിലയില്‍ ഏതൊരു സത്യാന്വേഷിയുടെയും കണ്ണ്തുറപ്പിക്കാന്‍ പര്യാപ്തമാണ്. 

ആതിര മൂന്നു വട്ടം തന്റെ അഭിമുഖത്തില്‍ ആവര്‍ത്തിച്ച ഗുരുതരമായ ഒരു ആരോപണം, 'മുസ്‌ലിം തന്റെ അമുസ്‌ലിം മാതാപിതാക്കളെ വെറുക്കണം' എന്ന് ഖുര്‍ആനില്‍ പരാമര്‍ശമുണ്ടെണ്ടന്ന് പറഞ്ഞതാണ്. ഇത് എന്ത് അടിസ്ഥാനത്തിലാണ് ആതിര പറയുന്നത് എന്ന് മനസ്സിലാവുന്നില്ല. 'ശിര്‍ക് ചെയ്യാന്‍ കല്‍പിച്ചാല്‍/നിര്‍ബന്ധിച്ചാല്‍ മാതാപിതാക്കളെ അനുസരിക്കാന്‍ പാടില്ല' എന്നതൊഴിച്ചുനിര്‍ത്തിയാല്‍ മാതാപിതാക്കളെ സ്‌നേഹിക്കാനും അവരോട് മാന്യമായും കാരുണ്യത്തോടെയും പെരുമാറാനുമാണ് ഖുര്‍ആനും പ്രവാചകചര്യയുമൊക്കെ പഠിപ്പിക്കുന്നത്. അമുസ്‌ലിംകളായ മാതാപിതാക്കളെ വെറുക്കാന്‍ ഖുര്‍ആന്‍ പറയുന്നുവെന്ന് ഒരു തെളിവുമില്ലാതെ ആരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി പറഞ്ഞതായിരിക്കുമോ ആതിര? ഒരുപക്ഷേ, ആതിരയല്ല ആ വ്യക്തിയിലൂടെ മറ്റാരോ ആണ് സംസാരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഈ പരാമര്‍ശമായിരിക്കണം.

ആതിര പറഞ്ഞ മറ്റൊരു കാര്യം

ഖുര്‍ആനിലെ യുദ്ധസംബന്ധമായ സൂക്തങ്ങളെക്കുറിച്ചാണ്. അതു സംബന്ധമായി തന്റെ കൂട്ടുകാര്‍ ആ സൂക്തങ്ങള്‍ യുദ്ധപശ്ചാത്തലത്തില്‍ ഇറങ്ങിയതാണെന്ന് വിശദീകരിച്ചുകൊടുത്തതായി പറയുന്നുണ്ട്. ഇപ്പോള്‍ ആതിര ചോദിക്കുന്നത്/അല്ലെങ്കില്‍ ആതിരയെക്കൊണ്ട് ചോദിപ്പിക്കുന്നത്, അങ്ങനെ യുദ്ധപശ്ചാത്തലത്തില്‍ ഇറങ്ങിയ സൂക്തങ്ങള്‍ ലോകാവസാനം വരെ നിലനില്‍ക്കുന്ന ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടോ എന്നാണ്. ആതിര മനസ്സിലാക്കാതെ പോയ ഒരു കാര്യം ഖുര്‍ആനിലെ പല നിയമങ്ങളും നബിയുടെ 23 വര്‍ഷകാലത്തെ ജീവിതത്തില്‍ അപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇറങ്ങിയതാണ് എന്നതാണ്. അവയാകട്ടെ, കാലദേശങ്ങള്‍ക്കതീതമായി എല്ലാ സമൂഹങ്ങളും നാഗരികതയും എപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമാണ്. നാമിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധവും സമാധാനവും എല്ലാ കാലത്തെയും മനുഷ്യന്റെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ഭാഗവുമാണ്. അപ്പോള്‍ അതുസംബന്ധമായ നിയമങ്ങളും നിര്‍ദേശങ്ങളും ജീവിതത്തിന്റെ നിഖില മേഖലകളിലും വഴി കാണിക്കുന്ന ഗ്രന്ഥമെന്ന നിലയില്‍  ഖുര്‍ആനിലും,  ജീവിതവ്യവസ്ഥ എന്ന നിലയില്‍ ഇസ്‌ലാമിലും ഉണ്ട്. അതുസംബന്ധമായ സൂക്തങ്ങള്‍ മറ്റെല്ലാ നിയമസൂക്തങ്ങളെയും പോലെ ആ സാഹചര്യം രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രസക്തമാകുന്നതുകൊണ്ട് അത് ഖുര്‍ആനിലുണ്ടാവേണ്ടത് മാര്‍ഗദര്‍ശക ഗ്രന്ഥം എന്ന നിലയില്‍ അനിവാര്യമാണ്. ഏതൊരു രാജ്യത്തും ആഭ്യന്തര ഛിദ്രശക്തികള്‍ രാജ്യത്തിന്റെ ആഭ്യന്തരഭദ്രതക്ക് ഭീഷണി ഉയര്‍ത്തി സായുധ കലാപത്തിന് ഇറങ്ങിയാല്‍ ആ രാജ്യത്തിന് ഛിദ്രശക്തികള്‍ രാജ്യത്തിന്റെ പരമാധികാരത്തിനു വിധേയപ്പെടുന്നതുവരെ അവരോട് യുദ്ധം ചെയ്യുകയല്ലാതെ നിര്‍വാഹമുണ്ടാവുകയില്ല. സ്‌നേഹവും   സഹകരണവും ക്ഷമയും നന്മയുമൊക്കെ യുദ്ധം ഒഴിവാക്കാന്‍ പരമാവധി, ആതിര പറഞ്ഞതുപോലെ, കോരിയൊഴിക്കാം. അതുതന്നെയാണ് ഇസ്‌ലാമിന്റെയും സമീപനം. യുദ്ധം ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്‌നേഹം കോരിയിടുക എന്നതല്ല, ശത്രുവിനെ ഭയപ്പെടുത്തുക എന്നതാണ് അധര്‍മത്തിനു മേല്‍ ധര്‍മം വിജയിക്കാന്‍ സഹായകമാവുക. ആധുനികലോകത്ത് പല രാജ്യങ്ങള്‍ക്കുമിടയില്‍ യുദ്ധം നടക്കാതെ ഒഴിവാകുന്നത് ശത്രുവിനെക്കുറിച്ച ഭയം കാരണമായികൂടിയാണ്. ഇൃലറശയഹല ഉലലേൃൃലിരല എന്നാണു ഇതിനു പറയുക. ഇതില്ലെങ്കില്‍ ലോകം ഇന്നു കാണുന്നതിലേറെ ഭീകരയുദ്ധത്തിന്റെ കെടുതി അനുഭവിക്കുമായിരുന്നു . 

ആതിര ഇതുസംബന്ധമായി അല്‍പം ചരിത്രവും മഹാഭാരതമുള്‍പ്പെടെയുള്ള ലോക ഇതിഹാസങ്ങളും കൂടി മുഹമ്മദ് നബിയുടെ ചരിത്രത്തോട് ചേര്‍ത്തു പഠിക്കുന്നത് നന്നായിരിക്കും

ചരിത്രത്തിന്റെ വിശകലന വ്യാഖ്യാന ശീലുകള്‍ക്ക് വഴങ്ങാതെയും അതിന് അതീതമായുമാണ് മുഹമ്മദു നബി 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് തുല്യതയില്ലാത്ത അദ്വിതീയമായ വിപ്ലവം സാധിപ്പിച്ചെടുത്തത്. ചരിത്രം രൂപപ്പെടുത്തിയ വിപ്ലവം ആയിരുന്നില്ല അത്. മറിച്ച്, ചരിത്രത്തെ രൂപപ്പെടുത്തിയ വിപ്ലവമായിരുന്നു. ചരിത്രത്തിന് അതുവരെയും അതിനു ശേഷവും പരിചയമുണ്ടായിരുന്ന വെറും ഭാഗിക പരിവര്‍ത്തനമായിരുന്നില്ല അത്. മറിച്ച്, വിശ്വാസത്തെയും വിചാരത്തെയും, സ്വകാര്യതയെയും പൊതുജീവിതത്തെയും, വ്യക്തിയെയും കുടുംബത്തെയും, സമൂഹത്തെയും രാഷ്ട്രത്തെയും, സമ്പത്തിനെയും സംസ്‌കാരത്തെയും എന്നല്ല, ജീവിതം കൊണ്ട് വിവക്ഷിക്കപ്പെടുന്ന അതിന്റെ സര്‍വ തലങ്ങളെയും അപ്പാടെ മാറ്റിപ്പണിത വിപ്ലവമായിരുന്നു അത്. ജനതതികളെ കീഴടക്കാന്‍ ചരിത്രം ശീലിച്ച വഴി ഭിന്നിപ്പിക്കുക എന്നതായിരുന്നെങ്കില്‍, ഭിന്നിച്ചുനിന്ന് നിതാന്തമായി പോരടിച്ചിരുന്നവരെയും അഭയാര്‍ഥികളായി വന്നവരെയുമൊക്കെ ഒന്നിപ്പിച്ചുകൊണ്ടും ഏകീകരിച്ചുകൊണ്ടും (ഖുര്‍ആന്‍ 3: 102) സാധിപ്പിച്ചെടുത്ത അദ്വിതീയ വിപ്ലവമായിരുന്നു അത്. അതുകൊണ്ടുകൂടി തന്നെയാണ്, മൃഗീയശക്തി ഉപയോഗിച്ചുകൊണ്ട് ലക്ഷങ്ങളെ ബലികൊടുത്ത് കീഴടക്കലിന്റെ തത്ത്വശാസ്ത്രം ചമച്ചിരുന്ന അക്കാലത്തെ റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍നിന്നും ഭിന്നമായി, ആ സാമ്രാജ്യത്തിന്റെ നുകത്തില്‍നിന്നും രക്ഷനേടുന്നതിന്ന് ജനതതികള്‍ ഇസ്‌ലാമിന്റെ നീതിയില്‍ സമാധാനപൂര്‍വം അഭയം തേടിയത്. ഇസ്‌ലാമിനു മുമ്പുള്ള ലോകത്തും ഇസ്‌ലാമാനന്തര ലോകത്തും രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കപ്പെട്ടത് പതിനായിരക്കണക്കിനു മനുഷ്യകബന്ധങ്ങളുടെ തലയോട്ടിക്കു മുകളിലാണ്. റോമക്കും ഗ്രീസിനും പേര്‍ഷ്യക്കും ബ്രിട്ടന്നും ഫ്രാന്‍സിനുമൊക്കെ കീഴടങ്ങിയവരെന്നും കീഴടക്കിയവരെന്നുമുള്ള വിവേചനം ഉണ്ടായിരുന്നതുകൊണ്ടാണ് ആ സാമ്രാജ്യങ്ങളുടെ ആസ്ഥാനം റോമും ഗ്രീസും പേര്‍ഷ്യയും ലണ്ടനും പാരിസും ഒക്കെയായി തന്നെ നിലനിന്നത്. എന്നാല്‍, മദീനയില്‍ തുടങ്ങിയ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആസ്ഥാനം മദീനയില്‍നിന്നും ദമസ്‌കസിലേക്കും പിന്നെ ബഗ്ദാദിലേക്കും അവിടന്ന് മറ്റിടങ്ങളിലേക്കും അവസാനം തുര്‍ക്കിയിലേക്കും ഒക്കെ മാറുന്നതായി ചരിത്രത്തില്‍ നാം കാണുന്നത് ഇസ്‌ലാമിക രാഷ്ട്രവ്യവസ്ഥയില്‍ കീഴടക്കലിന്റെയും കീഴടങ്ങലിന്റെയും സങ്കല്‍പ്പം തന്നെ ഇല്ലാത്തതുകൊണ്ടാണ്. അഫ്ഗാനില്‍ നിന്നുവന്ന മുഗളന്മാര്‍ക്കുപോലും അവരുടെ ആസ്ഥാനം കാബൂളായിരുന്നില്ല, മറിച്ച് ദല്‍ഹിയായിരുന്നു. അവര്‍ ഇന്ത്യക്കാരായി ജീവിക്കുകയും ഇന്ത്യക്കാരായി മരിക്കുകയുമായിരുന്നു.

ഇസ്‌ലാമിന്റെ ചരിത്രത്തിന് വംശഹത്യകള്‍ അന്യമാണ്. വറ്റാത്ത ആര്‍ദ്രതയുടെയും ദയയുടെയും മഹാസാഗര തീരത്തുനിന്നുകൊണ്ട്, പ്രപഞ്ചംപോലെ പ്രവിശാലമായ  കരുണയുടെയും സ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഏകദൈവവിശ്വാസത്തിന്റെ ഭാഗമായിത്തന്നെ പഠിപ്പിക്കുന്ന ഇസ്‌ലാം അതിന്റെ പേരില്‍ തന്നെ സമാധാനത്തെ ഉള്‍ക്കൊള്ളുന്ന മതമായത് യാദൃഛികമല്ല. വിശ്വാസികളുടെ അഞ്ചു നേരത്തെ പ്രാര്‍ഥനയുടെയും പരിസമാപ്തി

സമാധാനത്തിന്റെ അഭിവാദനവചനം തന്നെ ആക്കിയ, 'ദൈവമേ, നീയാണ് സമാധാനം, നിന്നില്‍നിന്നാണ് സമാധാനം, നിന്നിലേക്ക് മടങ്ങുന്നതിലൂടെയാണ് സമാധാനം, നാഥാ, ഞങ്ങളെ നീ സമാധാനത്തോടെ ജീവിപ്പിക്കണേ, ഞങ്ങളെ നീ ശാന്തിനികേതനില്‍ പ്രവേശിപ്പിക്കണേ' എന്ന് അഞ്ചു നേരത്തെയും നമസ്‌കാരത്തിനു ശേഷമുള്ള ആദ്യ പ്രാര്‍ഥനയായി പഠിപ്പിച്ച, പരസ്പരം കണ്ടുമുട്ടുമ്പോള്‍ പോലും സമാധാനത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് അഭിവാദനം ചെയ്യാന്‍ കല്‍പിച്ച ഇസ്‌ലാമിന്, സഹനത്തിന്റെയും ആത്മ സംയമനത്തിന്റെയും അവസാന നിമിഷത്തില്‍ ആത്മപ്രതിരോധത്തിനും നവജാതരാഷ്ട്രത്തിന്റെ സുരക്ഷക്കും വേണ്ടി സ്വന്തം ബന്ധുമിത്രാദികള്‍ക്കെതിരെ ഉപാധികളോടുകൂടി ആയുധം എടുക്കുന്നതിന് അനുയായികളെ പ്രത്യേകം പ്രചോദിപ്പിക്കേണ്ടിവന്ന സാഹചര്യം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇലിയഡും ഒഡീസ്സിയും ശാഹ്‌നാമയും മഹാഭാരതവും ഒക്കെ ഭാവനയോ സംഭവമോ ആകട്ടെ. സംഭവമാണെങ്കില്‍ അവയില്‍ പരാമര്‍ശവിധേയമായ യുദ്ധകഥകള്‍ ഭീകരങ്ങളാണ്. ഇനി അവയൊക്കെ ഭാവനകളാണങ്കില്‍ അതിലേറെ ഭീകരവും ബീഭത്സവുമാണ്. കാരണം അവരൊക്കെയും സ്വപ്‌നം കണ്ടു ആസ്വദിച്ചതുപോലും ഭീകരയുദ്ധങ്ങളായിരുന്നു എന്നാണതിന് അര്‍ഥം. എന്നാല്‍, ഇസ്‌ലാമിക സംസ്‌കൃതിയില്‍ യുദ്ധവീര്യവും വൈരവും സൃഷ്ടിക്കുന്ന യുദ്ധേതിഹാസങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കുന്നില്ല. യുദ്ധത്തെയും ശത്രുവിന്റെ ചോരയെയും ഒക്കെ വര്‍ണിക്കുന്ന നിരവധി യുദ്ധപ്രേരക കവിതകള്‍ പ്രവാചക പൂര്‍വ അറേബ്യന്‍ സാഹിത്യത്തിന്റെ ഭാഗമായിരുന്നിട്ടും ഇസ്‌ലാമിക ചരിത്രത്തിലോ സംസ്‌കൃതിയിലോ അങ്ങനെയൊന്ന് കാണാന്‍ സാധിക്കാത്തത് ഇസ്‌ലാം എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത് എന്നതിന്റെ വ്യക്തമായ നിദര്‍ശനമാണ്.

വിപ്ലവങ്ങള്‍ സാധാരണ ഗതിയില്‍ മില്യന്‍ കണക്കിന് മനുഷ്യരുടെ ശ്മശാന ഭൂമിയിലാണ് ജനിച്ചു വീഴാറുള്ളത്. ഫ്രഞ്ച്, റഷ്യന്‍, ചൈനീസ് വിപ്ലവങ്ങളില്‍ മരിച്ചുവീണ ദശലക്ഷക്കണക്കിനു മനുഷ്യാത്മാക്കള്‍ മറ്റൊരു ഭിന്നമായ കഥയല്ല നമ്മോട് പറയുന്നത്. എന്നല്ല, അത് പലപ്പോഴും സ്വന്തം സന്തതികളെ പോലും ഭുജിക്കുന്നു. ഫ്രഞ്ച് വിപ്ലവത്തിനു നേതൃത്വം കൊടുത്തിരുന്ന റോബെസ്പിയര്‍ ആയിരക്കണക്കിന് കുബേരന്മാരെയും പ്രതിവിപ്ലവകാരികളെയും കൊന്നതിനുശേഷം താന്‍ തന്നെ കൊല്ലപ്പെടുന്നതിനുമുമ്പ് 'വിപ്ലവം സ്വന്തം സന്തതികളെയും കൊന്നുതിന്നുന്നു' എന്ന് പറയേണ്ടിവന്നതിന്റെ സാഹചര്യം അതായിരുന്നു. അതുതന്നെയാണ് സ്റ്റാലിന്റെ കീഴില്‍ ട്രോട്‌സ്‌കിക്കും അനുയായികള്‍ക്കും അനുഭവിക്കേണ്ടിവന്നത്. അതുതന്നെയാണ് സാംസ്‌കാരിക വിപ്ലവത്തിന്റെ പേരില്‍ മാവോയില്‍നിന്ന് ചൈനക്കാര്‍ക്കും നേരിടേണ്ടിവന്നത്. എന്നാല്‍, ഇസ്‌ലാമിക വിപ്ലവങ്ങള്‍ ചരിത്രത്തിന്റെ ഈ ശീലുകളിനിന്ന് ഏറെ വ്യത്യസ്തമാണ്. പ്രവാചകന്‍ മക്ക ജയിച്ചത് രക്തരഹിത വിപ്ലവത്തിലൂടെയായിരുന്നു. അത് ശത്രുക്കളുടെ കൂടി സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമായിരുന്നു. ജയിച്ചവര്‍/ തോറ്റവര്‍ എന്ന പ്രതീതി പ്രവാചകന്‍ ഉണ്ടാക്കുകയുണ്ടായില്ല. അതുകൊണ്ടുതന്നെ ശത്രുക്കളെയോ വിപ്ലവത്തിന്റെ സന്തതികളെ തന്നെയോ പ്രവാചകന്നോ അനുയായികള്‍ക്കോ ഭുജിക്കേണ്ടതായി വന്നില്ല.

ആതിര പറഞ്ഞ മറ്റൊരു കാര്യം, ഇസ്‌ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെ കുറിച്ചാണ്. ഇസ്‌ലാം സ്ത്രീക്കും പുരുഷന്നും പ്രകൃത്യായുള്ള ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളെ കണക്കിലെടുത്ത് സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും കാണുന്നു. ദൈവത്തിന്റെയും സമൂഹത്തിന്റെയും മുമ്പില്‍സ്ത്രീയും പുരുഷനും ധാര്‍മികമായും നിയമപരമായും സമമാണെന്ന് ഇസ്‌ലാം പറയുന്നു. പുരുഷന്റെ വിമോചനം പൗരുഷത്തില്‍ നിന്നുള്ള മോചനമല്ലാത്തതുപോലെത്തന്നെ സ്ത്രീയുടെ വിമോചനം സ്ത്രീത്വത്തില്‍ നിന്നുള്ള മോചനവുമല്ല. ഒരു പുരുഷന്‍ സ്ത്രീയെപ്പോലെ ആകാന്‍ ശ്രമിക്കുന്നത് എത്രത്തോളം ഭൂഷണമല്ലയോ, അതുപോലെ ഒരു സ്ത്രീ പുരുഷനെപ്പോലെ ആകാന്‍ ശ്രമിക്കുന്നതും പ്രകൃതിപരമല്ല. പുരുഷനെ അളവുകോല്‍ (ങലമൗെൃല) ആക്കിക്കൊണ്ടും മാതൃകയാക്കിക്കൊണ്ടും പാശ്ചാത്യര്‍ സ്ത്രീയെ നോക്കിക്കാണുന്നതും, തദനുസാരം സ്ത്രീ പുരുഷനെ അനുകരിച്ച് അവളുടെ സ്വത്വത്തെ അപരവത്കരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. സ്ത്രീപുരുഷന്മാരെ അവരുടെ സാമൂഹിക-സാമ്പത്തിക ഉത്തരവാദിത്തങ്ങളില്‍ തുല്യരായി കാണുന്നത് അസന്തുലിതത്വമാണ് സൃഷ്ടിക്കുക. മാത്രവുമല്ല, സ്ത്രീയെ പ്രകൃതിയേല്‍പിച്ച, പുരുഷന് നേര്‍ക്കുനേരെ ഭാഗിച്ചെടുക്കാന്‍ സാധിക്കാത്ത ഉത്തരവാദിത്തങ്ങളുടെ പശ്ചാത്തലത്തില്‍ പലപ്പോഴും സ്ത്രീ ഇരട്ടിഭാരം ചുമക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. സ്ത്രീക്ക് പുരുഷന്റെ മേലോ പുരുഷന് സ്ത്രീയുടെ മേലോ ശ്രേഷ്ഠത (ഫദ്ല്‍) ഇല്ലെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പറയുന്നുണ്ട്. ചില വിഷയങ്ങളില്‍ സ്ത്രീക്ക് ശ്രേഷ്ഠത നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ മറ്റു ചില കാര്യങ്ങളില്‍ പുരുഷന് ശ്രേഷ്ഠത നല്‍കപ്പെട്ടിരിക്കുന്നു. ആയതിനാല്‍ ശ്രേഷ്ഠതയുടെ വിഷയത്തില്‍ പു

രുഷന്‍ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും കുറവുകളെ നികത്തുന്ന, പരസ്പരം സുരക്ഷിതത്വബോധം നല്‍കുന്ന, ഒരാള്‍ മറ്റൊരാളുടെ സൗന്ദര്യവും സന്തോഷവും സമാധാനവുമായി മാറുന്ന പാരസ്പര്യ

െത്തയാണ് വിശുദ്ധ ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടുന്നത് (4: 34; 2: 187). ഇസ്‌ലാമികമായി സ്ത്രീ ഒരു പ്രിവിലേജ്ഡ് ക്ലാസ് ആണ്. അവള്‍ക്കു സ്വന്തമായി സമ്പാദ്യമുണ്ടാവാമെങ്കിലും അവളുടെ ആവശ്യങ്ങളൊക്കെ നിര്‍വഹിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം പുരുഷനാണ്. ഈ ഉത്തരവാദിത്തത്തിന്റെ പദവിയെ കുറിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ പുരുഷന് സ്ത്രീയുടെ മേലുള്ള 'ദറജ' എന്നുപറഞ്ഞത്. 

തീര്‍ച്ചയായും ഇസ്‌ലാമിലെ വൈയക്തികവും സാമൂഹികവുമായ നിയമങ്ങളുടെ പൊതുവായ ലക്ഷ്യങ്ങളില്‍ ഒന്ന് സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. സ്ത്രീ ഏതെങ്കിലും സാമൂഹികമായ പ്രവര്‍ത്തനങ്ങളില്‍നിന്നും തടയപ്പെടുന്നില്ല. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തിയുള്ള ഏതു സാമൂഹിക പ്രവര്‍ത്തനത്തിലും അവര്‍ക്ക് ഏര്‍പ്പെടാം. ആ വിഷയത്തില്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധത്തിന്റെയോ നിരോധത്തിന്റെയോ കല്‍പന ഇസ്‌ലാം നല്‍കാതിരുന്നത്, നിര്‍ബന്ധിച്ചാല്‍ അത് താല്‍പര്യപ്പെടാത്ത നിരവധി സ്ത്രീകള്‍ കുറ്റക്കാരാവുന്നതുകൊണ്ടും നിരോധിച്ചാല്‍  അത്തരം  പ്രവര്‍ത്തനങ്ങളില്‍   താല്‍പര്യമുള്ള സ്ത്രീകളെ തടഞ്ഞിടലാവുന്നതുകൊണ്ടും തന്നെയാണ്. ഈ വിഷയത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടെ സാഹചര്യവും താല്‍പര്യവും മുന്‍ഗണനാക്രമങ്ങളും അനുസരിച്ച് തീരുമാനമെടുക്കാനുള്ള വിശാലമായ സ്വാതന്ത്ര്യമാണ് ഇസ്‌ലാം നല്‍കുന്നത്.

'മനുഷ്യനെ സന്മാര്‍ഗത്തിലാക്കുന്നതും ദുര്‍മാര്‍ഗത്തിലാക്കുന്നതും അല്ലാഹുവാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. അങ്ങനെയാണെങ്കില്‍ ആദൈവം തന്നെ ദുര്‍മാര്‍ഗത്തിലായവരെ ശിക്ഷിക്കുന്നത് എങ്ങനെ' എന്ന് ആതിര പത്രസമ്മേളനത്തില്‍   ചോദിച്ചിരുന്നു. ഇതൊരു പ്രസക്തമായ ചോദ്യമാണ്. അത് ആതിരയെക്കൊണ്ട് പത്രസമ്മേളനം നടത്തിച്ച് പൊതുചര്‍ച്ചക്കു വിഷയീഭവിപ്പിച്ചത് സ്വാഗതാര്‍ഹവുമാണ്. ആ ചോദ്യം എല്ലാ മതങ്ങളും പൊതുവായി കൈകാര്യം ചെയ്യേണ്ട വിഷയമാണെങ്കിലും വിശുദ്ധ ഖുര്‍ആനും ഇസ്‌ലാമും അതിനു കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്. ഒരുപക്ഷേ  ഈ വിഷയത്തില്‍ എന്തെങ്കിലും ഉത്തരം മനുഷ്യന് ഏതെങ്കിലും മതഗ്രന്ഥം  നല്‍കുന്നുണ്ടെങ്കില്‍ അത് വിശുദ്ധഖുര്‍ആന്‍ മാത്രമായിരിക്കും.

മനുഷ്യന്റേതുള്‍പ്പെടെ പ്രകൃതിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ തീരുമാന/നിശ്ചയപ്രകാരമാണ്. ദൈവത്തിന്റെ അലംഘനീയ നിയമങ്ങളെയാണ് മനുഷ്യന്റേതുള്‍പ്പെടെ പ്രകൃതിമുഴുവന്‍ അനുസരിക്കുന്നത്. അതുകൊണ്ടാണ് പ്രപഞ്ചം മുഴുക്കെ പ്രകൃത്യാ മുസ്‌ലിം (ദൈവത്തെ മാത്രം അനുസരിക്കുന്നത്) ആണെന്ന് പറയുന്നത്. മനുഷ്യന്റെ പ്രകൃതിപരമായ കാര്യങ്ങളും അങ്ങനെത്തന്നെ. ഒരു മനുഷ്യന്നും കണ്ണുകൊണ്ട് കേള്‍ക്കാനോ കാതുകൊണ്ട് കാണാനോ സാധിക്കില്ല. ദൈവം നിശ്ചയിച്ച പ്രകൃതി നിയമങ്ങള്‍ക്ക് അലംഘനീയമായ രൂപത്തില്‍ അവനും വിധേയനാണ്. അതുകൊണ്ടാണ് പ്രകൃത്യാ ഓരോ മനുഷ്യനും മുസ്‌ലിം ആണെന്ന് ഇസ്‌ലാം പറയുന്നത്. എന്നാല്‍ മനുഷ്യസ്വാതന്ത്ര്യവുമായി/ഇഛയുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ തീരുമാനം/നിശ്ചയം മനുഷ്യന്‍ തീരുമാനിക്കട്ടെ എന്നതാണ് (ഖുര്‍ആന്‍ 76: 30; 81: 29 ). ഇതിനാണ് സ്വതന്ത്രമായ ഇഛ എന്നു പറയുന്നത്. ഇതാണ് മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ക്കുന്നത്.  ഇതില്‍നിന്നാണ് മനുഷ്യന്‍ ഉത്തരവാദിത്തബോധമുള്ളവനായിത്തീരുന്നത്. ഇതുകൊണ്ടാണ് മനുഷ്യന് സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലകളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കുന്നത്.

മനുഷ്യന് എന്തും തീരുമാനിക്കാം; ദൈവഹിതത്തിനു വിധേയമായും ദൈവഹിതത്തിനു വിരുദ്ധമായും. അവന്റെ സ്വാതന്ത്ര്യത്തെ ദൈവഹിതത്തിനു വിധേയമാക്കാന്‍ അവന്‍ തീരുമാനിക്കുമ്പോള്‍ അവന്‍ സോദ്ദേശ്യ മുസ്‌ലിം ആയിത്തീരുന്നു. അപ്പോള്‍ അവന്‍ പ്രകൃതിയുടെ പൊതുധാരയുമായി താദാത്മ്യപ്പെടുന്നു. അതുകൊണ്ടാണ് മനുഷ്യനിലെ സോദ്ദേശ്യ ഇസ്‌ലാമിനെ പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും മനുഷ്യമുഖമായും മനുഷ്യന്റെ പ്രാപഞ്ചിക മുഖമായും വിശേഷിപ്പിക്കുന്നത്. സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലകളില്‍ ദൈവഹിതത്തിനു വിരുദ്ധമായി ദൈവേതര ശക്തികള്‍ക്ക് അവന്‍ വിധേയപ്പെടുമ്പോള്‍ അവന്‍ പ്രകൃതിയുടെ പൊതുധാരക്ക് വിരുദ്ധമായ പാത സ്വീകരിക്കുന്നവനായിത്തീരുന്നു. ഇതിനെയാണ് വിശുദ്ധ ഖുര്‍ആന്‍ കുഫ്ര്‍ എന്ന പദംകൊണ്ട് വിശേഷിപ്പിക്കുന്നത്.

ഇവിടെ രണ്ടുതരത്തിലുള്ള ഉദ്ദേശ്യങ്ങള്‍ ഉണ്ട്. മനുഷ്യസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കാര്യം മനുഷ്യന്‍ ഉദ്ദേശിക്കട്ടെ എന്ന് അല്ലാഹു ഉദ്ദേശിച്ചു. ഇവിടെ അല്ലാഹു പ്രദായകോദ്ദേശകനാണ്. അങ്ങനെ മനുഷ്യന്‍ അവനു സ്വാതന്ത്ര്യം നല്‍കപ്പെട്ട മേഖലകളില്‍ സ്വന്തം തീരുമാനം എടുക്കുന്നു. മനുഷ്യനിവിടെ പ്രദാനിതോദ്ദേശകനുമാണ്. അല്ലാഹുവിനു ദുര്‍മാര്‍ഗത്തില്‍ ചരിക്കാനുദ്ദേശിച്ച മനുഷ്യനെ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ സന്മാര്‍ഗത്തിലാക്കാന്‍ സാധിക്കുമായിരുന്നു. മനുഷ്യനു ഇഛാസ്വാതന്ത്ര്യം നല്‍കിയ അല്ലാഹു (ഖുര്‍ആന്‍ 76: 30; 81: 29) സര്‍വശക്തനായിട്ടും അവനെ നി

ര്‍ബന്ധിച്ചു സന്മാര്‍ഗത്തിലാക്കുന്നില്ല. ആയതിനാല്‍ മനുഷ്യനെ നിര്‍ബന്ധിച്ച് സന്മാര്‍ഗത്തിലാക്കാന്‍ കഴിവുണ്ടായിട്ടും അങ്ങനെ നിര്‍ബന്ധിക്കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടാണ് മനുഷ്യന്‍ ദുര്‍മാര്‍ഗത്തില്‍ ജീവിക്കുന്നത്. ഇതേപോലെ സന്മാര്‍ഗത്തില്‍ ജീവിക്കാനുദ്ദേശിച്ച മനുഷ്യനെ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ദുര്‍മാര്‍ഗത്തിലാക്കാന്‍ സാധിക്കുമായിരുന്നു. മനുഷ്യനു ഇഛാസ്വാതന്ത്ര്യം നല്‍കിയ അല്ലാഹു സര്‍വശക്തനായിട്ടും അവനെ നിര്‍ബന്ധിച്ച് ദുര്‍മാര്‍ഗത്തിലാക്കുന്നില്ല. ആയതിനാല്‍ മനുഷ്യനെ നിര്‍ബന്ധിച്ച് ദുര്‍മാര്‍ഗത്തിലാക്കാന്‍ കഴിവുണ്ടായിട്ടും അങ്ങനെ നിര്‍ബന്ധിക്കാതിരിക്കാന്‍ അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടാണ് മനുഷ്യന്‍ സന്മാര്‍ഗത്തില്‍ ജീവിക്കുന്നത്.

മനുഷ്യന്റെ തീരുമാനത്തെ/ഉദ്ദേശ്യ

ത്തെ കര്‍മമാക്കി മാറ്റുമ്പോഴുള്ള സ്ഥലവും കാലവുമായി ബന്ധപ്പെട്ട രണ്ടു ഘടകങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തിലല്ല. ആയതിനാല്‍ മനുഷ്യന്‍ തീരുമാനം കര്‍മമാക്കി/ചെയ്തിയാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിനാവശ്യമായ സ്ഥലവും കാലവും അവന്റെ നിയന്ത്രണത്തിലില്ലാത്തതിനാലും അത് പൂ

ര്‍ണമായും അല്ലാഹുവിന്റെ നിയന്ത്രണത്തിലായതിനാലും അവന്‍ സത്യവിശ്വാസികളോട് 'ഇന്‍ശാ അല്ലാഹ്' എന്ന് പറയാന്‍ (ഖുര്‍ആന്‍ 18: 23) കല്‍പിച്ചു. അങ്ങനെ സ്ഥലകാലനിയമങ്ങള്‍ക്കു വിധേയപ്പെട്ട് മനുഷ്യന്‍ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് കാര്യകാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഭൗതികലോകത്ത് ഫലമുണ്ടാകുന്ന പ്രകൃതിനിയമമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ആയതിനാല്‍ അഗ്നിയെ സ്പര്‍ശിച്ചാല്‍ വിശ്വാസി-അവിശ്വാസിഭേദമന്യേ എല്ലാവര്‍ക്കും പൊള്ളും. മനുഷ്യന്‍ അവനു അല്ലാഹു നല്‍കിയ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി ചെയ്യുന്ന കര്‍മങ്ങള്‍ക്ക് സ്വാഭാവികമായ/പ്രകൃതിപരമായ ഫലങ്ങ

ളും ധാര്‍മികമായ ഫലങ്ങളും ഉണ്ടാവും. ഇതിനു മനുഷ്യന്‍ ദൈവത്തിന്റെ

മുമ്പില്‍ ഉത്തരവാദിയാണ്. അവന്‍ അവ

ന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് തെരഞ്ഞെടുക്കുന്ന രണ്ടു വഴികള്‍ സ്വാഭാവികമായി എത്തിച്ചേരുന്ന സങ്കേതങ്ങളാണ് സ്വര്‍ഗനരകലോകങ്ങള്‍.                

(അവസാനിച്ചു)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (20-24)
എ.വൈ.ആര്‍