ഇടക്കൊന്നു തിരിഞ്ഞുനോക്കണം ഈ ജീവിതത്തിലേക്ക്
നാട്ടിലെ ഒരു സോഷ്യല്‍ മീഡിയ കൂട്ടായ്മ ഈയിടെ നടത്തിയ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുായി. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ളവരൊക്കെയും അണിചേര്‍ന്ന ഈ സംഗമത്തില്‍ ഓരോ കുടുംബവും സദസ്സിന് തങ്ങളെ പരിചയപ്പെടുത്തുന്ന ഒരു സന്ദര്‍ഭമുണ്ട്. പിതാവിനും മാതാവിനുമൊപ്പം വേദിയില്‍ പരിചയപ്പെടാനെത്തിയപ്പോഴാണ് ആ കുട്ടിയെ ശ്രദ്ധിച്ചത്. രണ്ടോ അതിലല്‍പം കൂടുതലോ വയസ്സ് പ്രായമേയുള്ളൂ അവന്. പിതാവ് സംസാരിച്ചു തുടങ്ങിയപ്പോഴേ ആ കുഞ്ഞ് മൈക്കില്‍ പിടുത്തമിട്ടു. തന്റെ മകന് അല്‍പം ബുദ്ധിമാന്ദ്യമുണ്ടെന്ന് വ്യംഗ്യമായി സൂചിപ്പിച്ചാണ് ആ പിതാവ് തന്നെയും കുടുംബത്തെയും പരിചയപ്പെടുത്തിയത്. 'എന്റെ മകന്‍ ഒരു പാട്ടു പാടും' എന്നു പറഞ്ഞ് മൈക് അദ്ദേഹം മകന് കൈമാറി. തന്റേതായ ഭാഷയില്‍ അവന്‍ മനോഹരമായി പാടി. ബുദ്ധിയിലും സംസാരത്തിലുമുള്ള ആ കുഞ്ഞിന്റെ അവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്ന ഗാനാലാപനം. അവന്റെ പ്രകടനം സദസ്സിനെ നിശ്ശബ്ദമാക്കി. പ്രയാസപ്പെടുന്ന ഭിന്നശേഷിക്കാരെ കാണുമ്പോള്‍ ആര്‍ക്കും സങ്കടം വരും. അവര്‍ കുഞ്ഞുങ്ങളാവുക കൂടി ചെയ്താലോ! ആനന്ദപ്രദമായ ആ കൂടിച്ചേരലിലും ആ കുഞ്ഞിന്റെ മുഖവും പ്രകടനങ്ങളും നൊമ്പരമായി മനസ്സില്‍ തങ്ങിനിന്നു.
മാനസികവും ശാരീരികവുമായ വൈകല്യമുള്ളവര്‍ നിരവധിയുണ്ട് നമ്മുടെ സമൂഹത്തില്‍. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാതാപിതാക്കളുടെ മാത്രം ലോകത്ത് ഒതുങ്ങിപ്പോവുകയാണ് പലപ്പോഴും അവര്‍. സമൂഹത്തിന്റെ സംരക്ഷണവും കൈത്താങ്ങും പലപ്പോഴും അവര്‍ക്കു ലഭിക്കാറില്ല. സഹതാപം നിറഞ്ഞ ഒരു നോക്കിലും പുഞ്ചിരിയിലുമൊതുങ്ങുന്നു അവരോടുള്ള നമ്മുടെ ഉത്തരവാദിത്തം. ഇക്കൂട്ടരോടുള്ള സാമൂഹിക ബാധ്യത നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണം ഇത്തരുണത്തില്‍ പ്രസക്തമായിരിക്കും.
'ഭിന്നശേഷിയുള്ളവരെയും പൊതുസമൂഹത്തിന്റെ ഭാഗമായി ഉള്‍ക്കൊണ്ടു എന്നതിനാല്‍ ഈ നൂറ്റാണ്ട് ചരിത്രത്തില്‍ ഒരു വഴിത്തിരിവായി അടയാളപ്പെടുത്തപ്പെടും'- മാനസിക, ശാരീരിക വൈകല്യങ്ങളുള്ളവരെ കുറിച്ച് ലോകാരോഗ്യസംഘടനയും ലോകബാങ്കും സംയുക്തമായി 2011-ല്‍ നടത്തിയ ആദ്യ പഠന റിപ്പോര്‍ട്ടിന്റെ മുഖവുരയില്‍, പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോകിംഗ്‌സ് കുറിച്ചിട്ട വരികളാണിത്. കുറേയധികം ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും തന്റെ ജീവിതം എത്ര ധന്യമാണെന്ന് അനുസ്മരിക്കുന്ന അസ്‌ട്രോ ഫിസിക്‌സിലെ ഈ അതികായന്‍, തന്നെപോലെയുള്ള അനേകരെ ഈ നൂറ്റാണ്ടില്‍ ലോകം മനസ്സിലാക്കാനും സമൂഹത്തിന്റെ ഭാഗമായി എണ്ണാനും തുടങ്ങിയെന്ന സന്തോഷവും പ്രതീക്ഷയും പങ്കുവെച്ചാണ് ഹ്രസ്വമായ തന്റെ മുഖവാചകം അവസാനിപ്പിക്കുന്നത്. എന്നാല്‍, അത്രയൊന്നും പ്രത്യാശാനിര്‍ഭരമല്ല കേരളത്തില്‍ ഇത്തരക്കാരുടെ അവസ്ഥ. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ വികസിതരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് മേനി നടിക്കുന്ന കേരളം ശാരീരിക-മാനസിക ഭിന്നശേഷിക്കാരെ പരിഗണിക്കുന്ന കാര്യത്തില്‍ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല. സാമൂഹിക-സാംസ്‌കാരിക-മത-സേവന സംഘടനകളുടെ ശ്രദ്ധയിലും ഇക്കൂട്ടര്‍ ഉള്‍പ്പെട്ടിട്ടില്ല. മനുഷ്യര്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഒരു സമൂഹം എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തിന്റെ അജണ്ടയില്‍ സഗൗരവം ഇടം പിടിക്കേണ്ട പ്രശ്‌നമാണിത്.
സാബുവിന്റെ പെങ്ങള്‍
ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്, കൊച്ചിയിലെ പ്രിയ സുഹൃത്ത് സാബുവിന്റെ വീട് സന്ദര്‍ശിച്ചത് മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഭിന്നശേഷിക്കാരിയായ ഒരു മകളെയും അവളെ പരിചരിക്കുന്ന വാത്സല്യനിധിയായ ഒരമ്മയെയും അന്നവിടെ കണ്ടു. കൊച്ചിയെ ആദ്യമായി അടുത്തറിയാനുള്ള ജിജ്ഞാസയും ആഹ്ലാദവുമായാണ് ഞങ്ങള്‍ വണ്ടി കയറിയതെങ്കിലും ആ സന്തോഷമൊക്കെ സാബുവിന്റെ വീടെത്തുന്നതുവരെ മാത്രമേ നീണ്ടുനിന്നുള്ളൂ. അവിടെ ചെന്ന ഞങ്ങള്‍ വരാന്തയിലിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കുമ്പോഴാണ് വീടിനകത്ത് നിന്ന് അസാധാരണമായ ഒരു ശബ്ദം കേട്ടത്. ഞങ്ങളുടെ ശ്രദ്ധതിരിക്കുമാറ് വിചിത്രമായിരുന്നു ആ ശബ്ദം. ഞങ്ങളുടെ മുഖത്തെ ജിജ്ഞാസ മനസ്സിലാക്കിയിട്ടെന്നവണ്ണം, ആതിഥേയ സുഹൃത്ത് പറഞ്ഞു; അതു ചേച്ചിയാണ്. ഇതും പറഞ്ഞ് അദ്ദേഹം ഞങ്ങളെയും കൂട്ടി അകത്തെ മുറിയിലേക്കു നടന്നു. അകത്ത് കട്ടിലില്‍ ഒരു ചെറിയ കുട്ടി കിടക്കുന്നു. സുഹൃത്തിന്റെ അമ്മ കട്ടിലിനരികെനിന്ന് ആ കുട്ടിയെ ശ്രദ്ധാപൂര്‍വം പരിചരിക്കുന്നുണ്ട്. ഈ കട്ടിലില്‍ കിടക്കുന്ന കുഞ്ഞാണ് സുഹൃത്ത് പറഞ്ഞ ചേച്ചി എന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനോളം വളര്‍ച്ചയേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. സംസാര ശേഷിയും ചലനശേഷിയുമില്ല. ചില ശബ്ദങ്ങള്‍ മാത്രം പുറപ്പെടുവിക്കും. വിരൂപമെന്നോ വിചിത്രമെന്നോ പറയാന്‍ കഴിയാത്തവിധം ആ മനുഷ്യരൂപം കണ്ട് ഞങ്ങള്‍ അമ്പരന്നു. കഴിഞ്ഞ ഇരുപത്തഞ്ചോളം വര്‍ഷമായി ഈ അമ്മയാണ് കുട്ടിയെ പരിചരിച്ചുകൊണ്ടിരിക്കുന്നത്. ആ അമ്മ ദൂരെ ഒരിടത്തും പോയിട്ടില്ല, ഈ കുട്ടി പിറന്നതില്‍പിന്നെ. സദാ സമയവും അവര്‍ ആ കുഞ്ഞിനരികിലുണ്ട്. നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില ശബ്ദങ്ങളാണ് ആ കുഞ്ഞ് പുറപ്പെടുവിക്കുക. ഭക്ഷണത്തിനോ പ്രാഥമിക ആവശ്യങ്ങള്‍ക്കൊ വേദനകൊണ്ടോ അങ്ങനെ പലതുകൊണ്ടുമാകാം ആ ഒച്ചയിടല്‍. ആ അമ്മക്ക് മാത്രമേ ശബ്ദങ്ങളുടെ അര്‍ഥവ്യത്യാസങ്ങളും ആശയങ്ങളും തിരിച്ചറിയാനാകൂ. നീണ്ടകാലത്തെ അനുഭവം കൊണ്ട് പഠിച്ചതാകാം. ഒരു നവജാതശിശുവിനോടെന്നപോലെ മടിയേതുമില്ലാതെ ആ കുഞ്ഞിനെ പരിചരിക്കുന്ന ആ അമ്മയെ കണ്ടപ്പോള്‍, ലോകത്തിലെ ഏറ്റവും വാത്സല്യനിധിയും ത്യാഗസന്നദ്ധയുമായ അമ്മയാണ് അവരെന്നു തോന്നി. നൊന്തുപെറ്റ കുഞ്ഞിനെകുറിച്ചുള്ള അവരുടെ വര്‍ണനകള്‍ കേട്ടപ്പോള്‍ ആ മാതൃവാത്സല്യം അല്‍പം ഞങ്ങളിലും കിനിഞ്ഞിറങ്ങുന്നതുപോലെ. പഠനവും ജോലിയുമൊക്കെയായി ഞങ്ങള്‍ പലപല മേഖലകളിലേക്ക് വഴിപിരിഞ്ഞു. കാലാന്തരത്തില്‍ സാബുവുമായുള്ള സൗഹൃദവും കുറഞ്ഞു. എങ്കിലും കുറേകാലങ്ങള്‍ക്കു ശേഷം, ആ സുഹൃത്തിന്റെ ഒരു കത്ത് വന്നു. വളരെ കുറഞ്ഞ വാക്കുകളില്‍ വൈകല്യങ്ങളാല്‍ ജീവിച്ച ചേച്ചി മരിച്ചത് അറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്. 'ഈയൊരു സൃഷ്ടിപ്പും ഈയൊരു തിരിച്ചെടുക്കലും കൊണ്ട് ദൈവം നന്മതന്നെയാകും ഉദ്ദേശിച്ചിട്ടുണ്ടാവുക, അല്ലേ?' എന്ന ചോദ്യത്തോടെയാണ് സാബു കത്തവസാനിപ്പിക്കുന്നത്.
ശരിയാണ്, ഇത്തരം ജീവിതങ്ങള്‍ നമുക്ക് മുമ്പില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആ സൃഷ്ടിപ്പിലൂടെ ദൈവത്തിന് പല ഉദ്ദേശ്യങ്ങളുമുണ്ട്. ഇത്തരം അനുഭവങ്ങള്‍ക്ക് സാക്ഷിയാകുന്നവര്‍ക്ക് ചില ഉത്തരവാദിത്തങ്ങളുമുണ്ട്. ഒരുപക്ഷേ, സാബുവിന്റെ പെങ്ങളെപോലുള്ളവരുടെ കാര്യത്തില്‍ ചികിത്സയും മരുന്നുകളും പഠനവുമൊന്നും സാധ്യമായെന്നു വരില്ല. എന്നാല്‍ സമൂഹത്തിന് പലതും ചെയ്യാന്‍ കഴിയുന്ന വലിയൊരു വിഭാഗം ഭിന്നശേഷിക്കാരില്‍ വേറെയുമുണ്ട്.
ഹുസൈന്‍ സാഹിബിന്റെ മകന്‍
എറണാകുളം ജില്ലയിലെ ഒരു ഗ്രാമത്തില്‍, പള്ളി ഇമാമും മദ്‌റസാധ്യാപകനുമായി കുറച്ചുകാലം ജോലിചെയ്യാന്‍ ഒരവസരമുണ്ടായി. സ്‌നേഹസമ്പന്നരായ നിരവധി ഇസ്‌ലാമിക പ്രവര്‍ത്തകരുള്ള നാട്. പ്രദേശത്തെ എല്ലാ സദ്പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടായിരുന്ന ഒരു സാത്വികനായിരുന്നു ഹുസൈന്‍ സാഹിബ്. എല്ലാ നല്ലകാര്യങ്ങള്‍ക്കും മുന്‍പന്തിയിലുള്ള സുസമ്മതനായ ഹുസൈന്‍ സാഹിബിനെകുറിച്ച് ചിലര്‍ക്ക് ചെറിയ മുറുമുറുപ്പുണ്ട്. ഇസ്‌ലാമിക പ്രവര്‍ത്തകരായ ഞങ്ങളുടെ ഭാര്യമാരൊക്കെ വീടിന് പുറത്തിറങ്ങി സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഹുസൈനിക്കയുടെ ഭാര്യ മാത്രം ഒന്നിനും വരാറില്ലത്രെ! അതാണവരുടെ പരാതി. ഹുസൈനിക്കയിലുള്ള ഒരു കുറവായി ആ പരാതി എന്റെ മനസ്സിലിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തിന് ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുള്ള കാര്യം അന്നാണ് അറിയുന്നത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്ത, വീടിന് പുറത്തിറങ്ങാത്ത, ഹുസൈനിക്കയുടെ ഭാര്യയാണ് ആ കുട്ടിയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത്. അവരുടെ ജീവിതം തന്നെ ആ കുട്ടിക്കു വേണ്ടി ഉഴിഞ്ഞുവെച്ചിരിക്കുകയാണ്. കുട്ടിയെ തനിച്ചാക്കി എങ്ങും പോകാനാകാത്തവിധം പ്രയാസകരമാണ് അവസ്ഥ. അത്തരമൊരു സാഹചര്യത്തില്‍, ആ കുഞ്ഞിന്റെ പരിചരണം തന്നെ വലിയൊരു പുണ്യപ്രവൃത്തിയാണെന്നിരിക്കേ അവരിനി മറ്റെന്ത് സാമൂഹിക പ്രവര്‍ത്തനം നടത്താന്‍. ഏറെ ക്ഷമയും ത്യാഗസന്നദ്ധതയും ആവശ്യമായ ഈ പരിചരണത്തിനായിരിക്കില്ലേ, സമൂഹമധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഒരുപക്ഷേ ദൈവകൃപ കൂടുതല്‍ കിട്ടുക! ഇങ്ങനെ ഉണ്ടാകുന്ന കുട്ടികള്‍ പെണ്‍കുട്ടികളാവുക കൂടി ചെയ്താലോ? ആ മാതാവിന്റെ ഉത്തരവാദിത്തം എത്രകണ്ട് വര്‍ധിക്കുമെന്ന് പറയേണ്ടതില്ല. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ടു നടക്കുംപോലെ സദാസമയവും അമ്മയുടെ സുരക്ഷിതത്വമുള്ള ചിറകിനടിയിലായിരിക്കും അത്തരം പെണ്‍കുട്ടികള്‍. അവരുടെ മനസ്സിനല്ലേ വളര്‍ച്ചയില്ലാതെയുള്ളൂ. ശരീരം വളരുന്നുണ്ടല്ലോ. ജീവിതകാലം മുഴുവനും പറക്കമുറ്റാതിരിക്കുന്ന ആ കുഞ്ഞുങ്ങളെ തന്റെ ചിറകിനടിയില്‍ സംരക്ഷിക്കല്‍ അമ്മക്കോഴിയുടെ ചുമതലയാണല്ലോ.
നമുക്കു ചുറ്റിലും ഒന്നു കണ്ണോടിച്ചാല്‍ മതി, ഇങ്ങനെയുള്ള അനേകം മുഖങ്ങള്‍ മുന്നില്‍ തെളിഞ്ഞുവരും. ലോകാരോഗ്യസംഘടന 2011-ല്‍ പുറത്തിറക്കിയ World Report On Disability-യുടെ കണക്കനുസരിച്ച്, ലോക ജനസംഖ്യയില്‍ 100 കോടി പേര്‍ ഏതെങ്കിലും വൈകല്യം ബാധിച്ചവരാണ്. മാനസികവൈകല്യങ്ങളുള്ളവരും ഇതില്‍ വലിയൊരളവില്‍ വരും. ഇതില്‍ മൂന്നിലൊന്നും മൂന്നാം ലോകരാജ്യങ്ങളില്‍നിന്നുള്ള കുട്ടികളാണ്. ഇസ്‌ലാമിക സംഘടനകളുടെ പ്രവര്‍ത്തന അജണ്ടകളില്‍ ഇവരുടെ പ്രശ്‌നം പ്രാധാന്യത്തോടെ ഇടംപിടിക്കേണ്ടണ്ടതുണ്ട്. ഒരു സമൂഹം എന്ന നിലയില്‍, ഒരു മഹല്ല് എന്ന നിലയില്‍, ഒരു സംഘടന എന്ന നിലയില്‍ ഇക്കൂട്ടര്‍ക്ക് വേണ്ടി സേവന കര്‍മ പദ്ധതികള്‍ എന്തൊക്കെയുണ്ടെന്ന് ഓരോരുത്തരും ആലോചിേക്കണ്ടതുണ്ട്. ഒരു മഹല്ലിന്റെ/ സംഘടനയുടെ സംരക്ഷണ/ സേവനവൃത്തത്തിന് പുറത്താണോ ഇത്തരക്കാര്‍? ഇത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്ക് മാത്രമാണോ ഇവരോട് ഉത്തരവാദിത്തങ്ങളുള്ളത്?
മഹദ് മാതൃകകള്‍
ദുര്‍ബലരെയും ആലംബഹീനരെയും സഹായിക്കാന്‍ ആഹ്വാനം ചെയ്യുന്ന നിരവധി വചനങ്ങള്‍ ഖുര്‍ആനില്‍ കാണാം. ശാരീരികവും മാനസികവുമായ അവശതകളുള്ള എല്ലാവരും മുസ്‌ലിംകളുടെ സഹായത്തിന് അര്‍ഹരാണ്. ശാരീരികമായ ഒരവശതയെ വേണ്ടവണ്ണം നബി പരിഗണിക്കാത്തതിലുള്ള ശക്തമായ തിരുത്തും താക്കീതുമുണ്ട് 'അബസ' അധ്യായത്തിലെ ആദ്യവചനങ്ങളില്‍. നബിയെകുറിച്ചുള്ള ഒരു ഖുര്‍ആനിക വിശേഷണം, മനുഷ്യരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയും അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുകയും ചെയ്യുന്ന ദൈവദൂതന്‍ എന്നാണ്. സമൂഹത്തില്‍ ദുര്‍ബലരായ ഇക്കൂട്ടര്‍ക്കുള്ള കൈത്താങ്ങും പ്രവാചകദൗത്യത്തിന്റെ പിന്തുടര്‍ച്ചക്കാരുടെ അജണ്ടയാവാതിരിക്കാന്‍ തരമില്ല.
ആശയ തലത്തില്‍ മാത്രമല്ല, സമൂഹത്തിലെ ഇത്തരം അവശരെ കൈപിടിച്ചു കൂടെനടത്താനുള്ള പ്രായോഗികശ്രമങ്ങളും ഇസ്‌ലാമിക സമൂഹത്തില്‍ വളരെ നേരത്തേതന്നെ ഉണ്ടായിട്ടുണ്ട്. അന്ധനായ ഒരാള്‍ക്ക് പള്ളിയില്‍ വരാനുള്ള സൗകര്യത്തിനായി പള്ളിക്ക് സമീപം വീടു വെച്ച് കൊടുത്ത ചരിത്രമുണ്ട് ഖലീഫാ ഉമറുല്‍ ഫാറൂഖിന്. കാഴ്ചയില്ലാത്തതിനാല്‍ മകന് പള്ളിയിലെത്താന്‍ കഴിയില്ലെന്ന പിതാവിന്റെ പരാതിയിലാണ് ഉമര്‍ അങ്ങനെ ചെയ്തത്. ബുദ്ധിമാന്ദ്യമുള്ളവരെ പരിപാലിക്കാനായി വ്യവസ്ഥാപിതമായ രീതിയില്‍ ഒരു കെയര്‍ ഹോം ആരംഭിച്ച ഭരണാധികാരിയായിരുന്നു ഉമവി ഖലീഫ വലീദുബ്‌നു അബ്ദില്‍ മലിക്. ദമസ്‌കസില്‍ അദ്ദേഹം ഒരു ആതുരാലയം സ്ഥാപിച്ചു. ബുദ്ധിമാന്ദ്യമുള്ളവരെ കൂടി ചികിത്സിക്കാന്‍ കഴിയുന്ന ആദ്യ ആതുരാലയമായിരുന്നു അത്.
ഏറെ വൈകല്യങ്ങളുണ്ടായിരുന്നിട്ടും സ്റ്റീഫന്‍ ഹോകിംഗ്‌സും ഹെലന്‍ കെല്ലറും വില്‍മ റുഡോള്‍ഫുമൊക്കെ അസാധാരണ പ്രതിഭകളായി വളര്‍ന്നതിനു പിന്നില്‍, അവര്‍ ജീവിച്ച, അവരെ പ്രതിഭകളാകാന്‍ സഹായിച്ച സമൂഹങ്ങള്‍ക്കും വലിയ പങ്കുണ്ട്. നമ്മുടേതു പോലെയുള്ള ഒരു സമൂഹത്തിലായിരുന്നു അവരെങ്കില്‍ ഭിന്നശേഷിയുള്ള അനേകരില്‍ ഒരാളായി മാത്രം അവരുടെ ജീവിതം പരിമിതപ്പെട്ടുപോകുമായിരുന്നു. ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ ഭാഗമായി കാണുന്നതിലും അവര്‍ക്കുവേണ്ടി പ്രത്യേക സ്ഥാപനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിലും നാം തീര്‍ച്ചയായും പാശ്ചാത്യ സമൂഹത്തെ കണ്ടുപഠിക്കണം. ബുദ്ധിപരമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാരീരിക പ്രശ്‌നങ്ങളുള്ളവരെ പ്രത്യേകം പരിഗണിക്കുന്ന സംവിധാനങ്ങളും അവിടെയുണ്ട്. നമ്മുടെ സ്ഥാപനങ്ങളും മതകേന്ദ്രങ്ങളുമൊക്ക ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളാന്‍ പോന്നതല്ല. വീല്‍ചെയറില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍ക്ക് കൂടി പ്രാപ്യമാകുന്ന പള്ളികളും സ്ഥാപനങ്ങളും ഒറ്റപ്പെട്ടതെങ്കിലും ഉണ്ടായത് ഇപ്പോഴാണ്. പള്ളികളിലോ പൊതുപരിപാടികളിലോ മുസ്‌ലിം സംഘടനാ മഹാ സമ്മേളനങ്ങളില്‍ പോലുമോ, മൂക-ബധിരര്‍ക്ക് വേണ്ടി ഒരു ആംഗ്യഭാഷാ വിദഗ്ധനെ വേദിയില്‍ കാണാറില്ല. അത്തരക്കാര്‍ പാശ്ചാത്യസമൂഹത്തില്‍ കുറവായിട്ടുകൂടി, പ്രഭാഷണങ്ങള്‍ക്കും മറ്റും ആംഗ്യഭാഷാ വിദഗ്ധര്‍ പതിവു കാഴ്ചയാണ്.
ഇക്കാലത്ത് രോഗികള്‍ക്ക് സാന്ത്വനവും പരിചരണവും നല്‍കാന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പോലുള്ള വലിയ സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇക്കൂട്ടരെ അഡ്രസ്സ് ചെയ്യുന്ന ഫലപ്രദമായ സംവിധാനങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അരികുവല്‍ക്കരിക്കപ്പെട്ടുപോയ ഇക്കൂട്ടരെ ചേര്‍ത്തു നിര്‍ത്താന്‍ ഇസ്‌ലാമിക സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്തമുണ്ട്. അവരുടെ മാതാപിതാക്കളെയും സമൂഹം ആ നിലക്ക് പരിഗണിക്കേണ്ടതുണ്ട്. അവരോട് മനസ്സുകൊണ്ട് ഐക്യപ്പെടാനെങ്കിലും കഴിയണം. സമൂഹത്തില്‍ അങ്ങനെയും ഒരു കൂട്ടരുണ്ടെന്ന് നാം ഇടക്കിടെ ഓര്‍മിക്കുന്നത് നല്ലതാണ്.
Comments