Prabodhanm Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

സൗഹൃദം (കവിത)

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

അടപ്പിനൊപ്പമുയരുന്ന

നുരയുടെ

ആയുസ്സു മാത്രമുള്ളതാണ്

ചില സൗഹൃദങ്ങള്‍

 

നിറയുമ്പോള്‍ നില്‍ക്കുന്നതും

ഒഴിയുമ്പോള്‍ ഒഴിയുന്നതുമാണ്

മറ്റു ചില സൗഹൃദങ്ങള്‍

 

കൂര്‍പ്പില്‍ തുടങ്ങി

പരപ്പില്‍ തീരുന്നതും

പരപ്പില്‍ തുടങ്ങി

കൂര്‍പ്പില്‍ തീരുന്നതുമാണ്

ഇനിയും ചില സൗഹൃദങ്ങള്‍

 

പെരുമഴയത്ത്

അലക്ഷ്യമായെറിഞ്ഞ

കുപ്പിയില്‍ നിറയുന്ന

വെള്ളം കണക്കെ

അറിയാതെ നിറയുന്ന

സൗഹൃദങ്ങളുണ്ടനവധി

 

കൂടാന്‍ 

സമയമെടുക്കുന്നതും

കൂടിയാല്‍ 

പിരിയാനാവാത്തതുമാണ്

അപൂര്‍വം ചില സൗഹൃദങ്ങള്‍

 

കൂടിയാല്‍ കുപ്പി കണക്കെ

മിനുസമുള്ളതും

പൊട്ടിയാല്‍

കുപ്പിച്ചില്ലു കണക്കെ

മൂര്‍ച്ചയുള്ളതുമാണ്

ഇനിയും ചില സൗഹൃദങ്ങള്‍

 

കൊല്ലങ്ങള്‍ക്കു ശേഷവും

അങ്ങോട്ടുമിങ്ങോട്ടും

ഒഴിയുകയോ 

നിറയുകയോ ചെയ്യാതെ

കാലിക്കുപ്പിയായി

നില്‍ക്കുന്നതാണിന്ന്

സൗഹൃദങ്ങളിലേറെയും

 

 

പ്രവാചകന്റെ നടപ്പാത!

-വി.ഡി ഡോളി

 

പ്രവാചകന്റെ

നടപ്പാതയില്‍

കല്ലുണ്ട്

മുള്ളുണ്ട്

കുണ്ടുകളുണ്ട്

കുഴികളുണ്ട്

അവിടെ

പതിയിരിക്കുന്നവര്‍

സത്യത്തെ

മൂടിവെച്ചിരിക്കുന്നു

തിന്മയുടെ

കാലാള്‍പ്പടയെ

ഒരുക്കിവെച്ച്

അതാണ്

സത്യമെന്നു ചൊല്ലുന്നു

അവിടെ

പലരും

കാലിടറിവീഴുന്നു

തിന്മയെ

വാഴ്ത്തുന്നു

പക്ഷേ,

പ്രവാചകന്‍

കാലിടറാതെ

നടക്കുന്നു

സത്യമെന്നതിനെ നയിക്കുന്നു

വീണുപോയവരെ

കൈപിടിച്ചുയര്‍ത്തുന്നു

കല്ലും മുള്ളും

കുണ്ടുകളും

കുഴികളും

സമതലങ്ങളാക്കുന്നു..

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (20-24)
എ.വൈ.ആര്‍