അഞ്ച് ഭവനങ്ങളില്‍ ഉണ്ടായ ആപത്തുകള്‍
ഒരു അറബ് തലസ്ഥാനത്ത് ടാക്‌സിയില്‍ യാത്ര ചെയ്യവെ ഡ്രൈവറോട് അയാളുടെ സുഖവിവരങ്ങള്‍ ആരാഞ്ഞതാണ് ഞാന്‍. അഞ്ചു വര്‍ഷമായി താന്‍ അഭിമുഖീകരിക്കുന്ന കുടുംബപ്രശ്‌നങ്ങളെക്കുറിച്ചാണ് അയാള്‍ സംസാരിച്ചത്. ''എന്റെ ഭാര്യ എന്നില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. ആറ് മക്കളെയും എന്റെയടുത്ത് വിട്ടേച്ചാണ് അവള്‍ പോയത്. അവരില്‍ ഇളവയന് ഒരു വയസ്സ്. അവനെ നോക്കാന്‍ ചിലപ്പോള്‍ ജോലി ഒഴിവാക്കേണ്ടിവരും. മക്കളെ നോക്കാനും വളര്‍ത്താനും സമയം മാറ്റിവെക്കണം, ഉമ്മയുടെയും ഉപ്പയുടെയും റോള്‍ ഒന്നിച്ചഭിനയിക്കണം. അവര്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കുക വരെ വേണം.'' അയാള്‍ ഒറ്റ വീര്‍പ്പില്‍ പറഞ്ഞു. ഞാന്‍ അയാളോട്: ''ഈ ആറ് മക്കളെ വളര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതിന് മറ്റൊരുവളെ വിവാഹം കഴിച്ചുകൂടേ?''
അയാള്‍: ''ഈ ആറ് മക്കളെയും നോക്കി വളര്‍ത്താന്‍ ആരാണ് മുന്നോട്ടുവരിക? എന്റെ സാമ്പത്തിക സ്ഥിതിയാണെങ്കില്‍ താങ്കള്‍ ഈ കാണുന്ന രീതിയിലൊക്കെയാണ്.''
മക്കളോടൊത്തുള്ള ജീവിതത്തിലെ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും നിരത്തി ഞങ്ങള്‍ കുറേനേരം സംസാരിച്ചു. ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത് സംസാരത്തിനിടയിലെല്ലാം അയാള്‍ ഉരുവിടുന്ന വാക്കാണ്. 'അല്ലാഹുവിന് സ്തുതി, അല്ലാഹുവിന് നന്ദി'. ഈ പരീക്ഷണങ്ങളെല്ലാം തന്റെ സ്വര്‍ഗപ്രവേശത്തിന് കാരണമാകുമെന്ന് അയാള്‍ വിശ്വസിക്കുന്നു. ക്ഷമയെയും സഹനത്തെയും നന്ദിയെയും കുറിച്ച ഒരു പാഠം എനിക്ക് ഈ അനുഭവം നല്‍കി.
മറ്റൊരു കഥ ഞാന്‍ ഓര്‍ക്കുന്നു. വിവാഹിതന്‍. അയാള്‍ക്ക് സന്താനഭാഗ്യം ഉണ്ടായില്ല. പത്തു വര്‍ഷം നീണ്ട ചികിത്സക്കും പരിശ്രമങ്ങള്‍ക്കും എല്ലാം ഒടുവില്‍ അയാള്‍ മറ്റൊരുവളെ വിവാഹം കഴിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കുമിടയിലായി പ്രശ്‌നം. ബഹുഭാര്യത്വം ഉളവാക്കുന്ന പ്രശ്‌നസങ്കീര്‍ണതകളും ആവോളം അനുഭവിച്ചു. രണ്ടാം ഭാര്യ ഇരട്ടകളെ ഗര്‍ഭം ധരിച്ചു. അവളുടെ ഗര്‍ഭധാരണത്തിന്റെ ഒമ്പത് മാസങ്ങളായിരുന്നു അയാളുടെ ജീവിതത്തിലെ ആനന്ദവേള. ഇരട്ട കുഞ്ഞുങ്ങളുടെ ആഗമനവും പ്രതീക്ഷിച്ചുള്ള നാളുകള്‍. പക്ഷേ നിനച്ചിരിക്കാതെയാണ് അത് സംഭവിച്ചത്. ഭാര്യ രു കുഞ്ഞുങ്ങളെയും പ്രസവിച്ചെങ്കിലും, ആ കുഞ്ഞുങ്ങള്‍ കുറഞ്ഞ നാളുകള്‍ക്കകം മരണപ്പെട്ടു. അല്ലാഹു തിരിച്ചുവിളിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. അയാള്‍ ക്ഷമ കൈക്കൊണ്ടു. ക്ഷമക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുമെന്ന് സമാധാനിച്ചു. അല്ലാഹുവിനുള്ള നന്ദിയുടെയും സ്തുതിയുടെയും വചനങ്ങള്‍ ഉരുവിട്ട് തന്റെ കാര്യങ്ങളെല്ലാം അയാള്‍ അല്ലാഹുവിനെ ഏല്‍പിച്ചു. ക്ഷമയുടെയും അല്ലാഹുവിന്റെ വിധിയിലുള്ള സംതൃപ്തിയുടെയും പാഠം അയാളുടെ അനുഭവവും എനിക്ക് നല്‍കി.
പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എളുപ്പമാണ്. ക്ഷമയെക്കുറിച്ച് ക്ലാസ്സെടുക്കാനും പ്രസംഗിക്കാനും വളരെ വളരെ എളുപ്പമാണ്. പക്ഷേ ഓരോ നിമിഷവും ഒന്നിനു മേല്‍ ഒന്നായി പതിക്കുന്ന പരീക്ഷണങ്ങളെ സഹനത്തോടെ നേരിടാനും അവക്കെല്ലാം അല്ലാഹു തക്കതായ പ്രതിഫലം നല്‍കുമെന്ന ഉത്തമ ബോധ്യത്തോടെ ജീവിക്കാനും സാധിക്കുകയെന്നത് അങ്ങേയറ്റം പ്രയാസമാണ്, മനസ്സിന് താങ്ങാനാവാത്ത ഭാരമാണ്. അതിനാലാണ് നബി(സ)യുടെ വീട് അഭിമുഖീകരിച്ച പരീക്ഷണങ്ങള്‍ ഈ അടിസ്ഥാനത്തില്‍ നാം വായിക്കുന്നത്. നബി(സ) ജനങ്ങള്‍ക്ക് മാതൃകയാവേണ്ട വ്യക്തിത്വമാണല്ലോ.
നബി(സ)യുടെ പുത്രന്‍ ഖാസിം മരണമടഞ്ഞത് പിച്ചവെച്ച് നടന്നു തുടങ്ങിയ രണ്ടാം വയസ്സിലാണ്. മറ്റൊരു പുത്രന്‍ ഇബ്‌റാഹീം പതിനെട്ടാം മാസം മരണപ്പെട്ടു. മകന്‍ അബ്ദുല്ല മരിച്ചത് പിറന്ന് ഏതാനും ദിവസങ്ങള്‍ക്കകം. തന്റെ പ്രവാചകത്വ ലബ്ധിക്കു ശേഷം എല്ലാമെല്ലാമായ പത്‌നി ഖദീജ(റ) വിടപറഞ്ഞു. ഖദീജ(റ) മരിച്ച വര്‍ഷം തന്നെ പിതൃവ്യന്‍ അബൂത്വാലിബും മരണമടഞ്ഞു. ഹിജ്‌റ രണ്ടാം വര്‍ഷം പുത്രി റുഖിയ്യ മരണപ്പെട്ടു. പിന്നീട് അവരുടെ സഹോദരി സൈനബിനെ ഹിജ്‌റ എട്ടാം വര്‍ഷം അല്ലാഹു തിരിച്ചുവിളിച്ചു. ഹിജ്‌റ ഒമ്പതാം വര്‍ഷം പുത്രി ഉമ്മു കുല്‍സൂമും മരണമടഞ്ഞു. നബി(സ) വഫാത്തായി ആറു മാസം പിന്നിട്ടപ്പോള്‍ പുത്രി ഫാത്വിമ(റ)യും ഈ ലോകത്തോട് വിടചൊല്ലി.
കരള്‍ പിളര്‍ക്കുന്ന എന്തെല്ലാം അനുഭവങ്ങള്‍ നബിജീവിതത്തില്‍ ഉണ്ടായി. തന്റെ ജീവിതത്തില്‍ തന്റെ കണ്‍മുമ്പാകെ മക്കള്‍ നഷ്ടപ്പെട്ടു. അപ്പോഴെല്ലാം ക്ഷമയവലംബിച്ചു. നന്ദി പ്രകടിപ്പിച്ചു. ക്ഷമയുടെയും സഹനത്തിന്റെയും ഉത്തമ മാതൃകയായി ജീവിച്ചു. ഇതുപോലെ തന്നെ മറ്റു പ്രവാചകന്മാരും. ആദമും ഹവ്വയും. ഇരുവരും മക്കളുടെ കാര്യത്തില്‍ പരീക്ഷണം നേരിട്ടവരാണ്. ഇബ്‌റാഹീം(അ). പുത്രനെ അറുക്കണമെന്ന അല്ലാഹുവിന്റെ ആജ്ഞയാണ് അദ്ദേഹം നേരിട്ട പരീക്ഷണം. യഅ്ഖൂബ് നബി(അ)യെ മകന്‍ യൂസുഫിന്റെ വേര്‍പാടും അസാന്നിധ്യവും മൂലം അല്ലാഹു പരീക്ഷിച്ചു. മൂസാ(അ)യുടെ മാതാവ്. കുഞ്ഞിനെ കടലിലൊഴുക്കാനുള്ള അല്ലാഹുവിന്റെ കല്‍പനയായിരുന്നു ആ മാതാവിനുള്ള പരീക്ഷണം. അങ്ങനെ എണ്ണിപ്പറയാന്‍ പരീക്ഷണങ്ങള്‍ നിരവധിയുണ്ട്.
ഒരു ചൊല്ലുണ്ട്. മറ്റുള്ളവര്‍ക്ക് സംഭവിക്കുന്ന വിപത്തുകളറിഞ്ഞാല്‍ തന്റെ ആപത്ത് നിസ്സാരമായി തോന്നും. നാം ഇവിടെ കണ്ടത് അഞ്ച് പ്രവാചകന്മാരുടെ ഭവനങ്ങളില്‍ ഉണ്ടായ വിപത്‌സംഭവങ്ങളാണ്. അവരുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളെ തുടര്‍ന്നുണ്ടായ അത്യാഹിതങ്ങള്‍.
ടാക്‌സി ഡ്രൈവറുടെയും രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച പുരുഷന്റെയും കഥകളെ തുടര്‍ന്നാണ് ഞാന്‍ ഈ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്. ഒന്നോര്‍ത്താല്‍ ഒരു കാര്യം നമുക്ക് ബോധ്യപ്പെടും. നമ്മില്‍ ഓരോരുത്തരും ഓരോ തരത്തിലുള്ള പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. വീട്ടില്‍, ഭാര്യയില്‍, മക്കളില്‍... അങ്ങനെ ഒരുപാട് പരീക്ഷണങ്ങള്‍. പരീക്ഷണങ്ങള്‍ നേരിടുന്ന മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും പാഠവും പിന്‍ബലവും ആവണമെന്ന ഉദ്ദേശ്യത്തോടെയാണ് വിശുദ്ധ ഖുര്‍ആന്‍ കുടുംബത്തില്‍ നേരിടുന്ന പരീക്ഷണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് ഉദ്‌ബോധിപ്പിക്കുന്നത്: ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും സംഭവിച്ചാല്‍ അവര്‍ പറയുന്നത്; 'ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്കുതന്നെ മടങ്ങേണ്ടവരുമാണ്' എന്നായിരിക്കും. അവര്‍ക്കാണ് തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നത്. അവരാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍'' (അല്‍ബഖറ 155-157). കുടുംബപ്രശ്‌നങ്ങളാല്‍ പരീക്ഷണം നേരിടുന്ന എല്ലാവര്‍ക്കുമുള്ള സുവാര്‍ത്തയാണിത്.
വിവ: പി.കെ ജമാല്‍
Comments