Prabodhanm Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

ശഫീഖ് മാസ്റ്റര്‍

പി. മുനീര്‍ നിലമ്പൂര്‍

കൊണ്ടോട്ടി വലിയപറമ്പ് സ്വദേശികളും വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ് അധ്യാപകരുമായിരുന്ന മര്‍ഹൂം ശൈഖ് ഉസ്താദിന്റെയും സ്വഫിയ്യ ടീച്ചറുടെയും മകനും തൃശൂര്‍ ജില്ലയിലെ ദേശമംഗലം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനുമായിരുന്നു തച്ചര്‍തൊടി ശഫീഖ് മാസ്റ്റര്‍.

കര്‍മമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കെയാണ് 39-ാമത്തെ വയസ്സില്‍ വിധി അദ്ദേഹത്തെ തിരിച്ചുവിളിച്ചത്. പരിചയപ്പെട്ടവര്‍ക്കെല്ലാം നല്ലതുമാത്രം സമ്മാനിച്ചാണ് അദ്ദേഹം യാത്രയായത്. സൗമ്യനും വിനയാന്വിതനുമായിരുന്നു. അറിവും ആഴവുമുള്ള പണ്ഡിതനായിരുന്നെങ്കിലും, പ്രകടനാത്മകമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

വൈജ്ഞാനിക മേഖലയോടായിരുന്നു കൂടുതല്‍ താല്‍പര്യം. അറബി ഭാഷയോട് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. തന്റെ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിച്ചപ്പോള്‍ അറബി ഉപഭാഷയാക്കുന്നതിനു വേണ്ടി അദ്ദേഹം പ്രയത്‌നിക്കുകയും വിജയിക്കുകയും ചെയ്തു. ആഗസ്റ്റ് 5-ന് ചാവക്കാട്ട് നടന്ന ക്ലസ്റ്റര്‍ മീറ്റിംഗില്‍ എല്ലാവരും തങ്ങളുടെ കൂട്ടുകാരെ പരമ്പരാഗത രീതിയില്‍ പരിചയപ്പെടുത്തിയപ്പോള്‍ ശഫീഖിന്റെ പരിചയപ്പെടുത്തലിന് ചില വ്യത്യസ്തതകളുണ്ടായിരുന്നു. രണ്ടു മാസം കഴിഞ്ഞ് ഒക്‌ടോബര്‍ 7-ന് അതേ സ്ഥലത്ത് ക്ലസ്റ്റര്‍ നടക്കുമ്പോള്‍ ശഫീഖിനെ ഞങ്ങള്‍ക്ക് മറ്റൊരു രീതിയിലാണ് പരിചയപ്പെടുത്തേണ്ടിവന്നത്.

വീടുപണി പൂര്‍ത്തീകരിച്ചെങ്കിലും താമസിക്കാന്‍ കഴിയാതെയാണ് ശഫീഖ് മാസ്റ്റര്‍ ഈ ലോകത്തോട് വിടപറഞ്ഞത്. പണി നടക്കുമ്പോള്‍ വീട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച ഞങ്ങളോട് 'ഞാന്‍ വിളിക്കാം' എന്നായിരുന്നു മറുപടി. വിളിക്കാതെ എല്ലാവരും അവിടെ എത്തിച്ചേര്‍ന്നു, അദ്ദേഹത്തിന്റെ ജനാസ കാണാന്‍.

പുളിക്കല്‍ റൗദത്തുല്‍ ഉലൂം, വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ്, അല്‍ജാമിഅ ശാന്തപുരം, ഉമറാബാദ് എന്നിവിടങ്ങളില്‍നിന്നും പഠനം പൂര്‍ത്തീകരിച്ച ശഫീഖ്, ഐ.ആര്‍.എച്ച്.എസ് എടയൂര്‍, ആലത്തൂര്‍ ഇസ്‌ലാമിയാ കോളേജ്, മന്നം ഇസ്‌ലാമിയാ കോളേജ്, ജി.വി.എച്ച്.എസ്.എസ് കണ്ണൂര്‍, ജി.വി.എച്ച്.എസ്.എസ് പറവൂര്‍, ജി.വി.എച്ച്.എസ്.എസ് ദേശമംഗലം എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഭാര്യ: നിലമ്പൂര്‍ ചന്തക്കുന്ന് പ്രാദേശിക ജമാഅത്ത് അമീര്‍ പി. ഉസ്മാന്‍ സാഹിബിന്റെ മകള്‍ സല്‍മാബി. ഏകമകന്‍: ഷാന്‍ അഹ്മദ് (3 വയസ്സ്).

 

 

വായനയെ സ്‌നേഹിച്ച ഹസന്‍കോയ സാഹിബ്

ദീര്‍ഘകാലം മൂഴിക്കല്‍ ചെറുവറ്റ പള്ളിയിലെ ഖത്വീബും ജമാഅത്ത് ഘടകത്തിന്റെ സാരഥിയുമായിരുന്നു ഹസന്‍കോയ സാഹിബ്. നാലാംക്ലാസ് വരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ അദ്ദേഹം സ്വപ്രയത്‌നത്തിലൂടെ ഇസ്‌ലാമിനെയും പ്രസ്ഥാനത്തെയും ആഴത്തില്‍ പഠിച്ചു.

1955-ല്‍ മൊയ്തീന്‍-പാത്തുമ്മായ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രബോധനത്തില്‍ ഏറെക്കാലം ജോലി ചെയ്തു. കെ.സി, ടി.കെ, എ.ആര്‍, ടി. മുഹമ്മദ്, ഒ. അബ്ദുല്ല, സി.ടി റഹീം, പി. കോയ, വി.എ കബീര്‍, ടി.കെ ഉബൈദ്, അബ്ദുല്‍ അഹദ് തങ്ങള്‍ തുടങ്ങിയവരുമായി ചെറു പ്രായത്തിലേ ഇടപഴകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. ടി. മുഹമ്മദ് സാഹിബിന്റെ ജീവിതം വായനക്ക് പ്രചോദനമായതായി അദ്ദേഹം പറയാറുണ്ട്.

പിന്നീട് 14 വര്‍ഷത്തോളം ഒമാനിലെ സലാലയായിരുന്നു പ്രവര്‍ത്തന മണ്ഡലം. വടകര സ്വദേശി വി. ഹമീദ് സാഹിബാണ് സലാലയില്‍ ഐ.എം.ഐ (ഇസ്‌ലാമിക് മിഷന്‍ ഫോര്‍ ഇന്ത്യന്‍സ്) എന്ന പേരില്‍ ഒരു യൂനിറ്റ് രൂപീകരിക്കുന്നത്. ഹമീദ് സാഹിബ് പ്രവാസമവസാനിപ്പിച്ചപ്പോള്‍ പ്രസ്ഥാന നേതൃത്വം ഹസന്‍കോയ സാഹിബിനായിരുന്നു. ജോലി കഴിഞ്ഞുള്ള സമയങ്ങള്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും വായനക്കും മാറ്റിവെച്ചു. നിരന്തര വ്യക്തിബന്ധത്തിലൂടെ നിരവധി പേരെ പ്രസ്ഥാന പാതയില്‍ കൊണ്ടുവന്നു.

വൈജ്ഞാനിക ചര്‍ച്ചകള്‍ക്കു പുറമെ കലാ-കായിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും സജീവ പങ്കാളിയാവുകയും ചെയ്തിരുന്നു ഹസന്‍കോയ സാഹിബ്. ലാളിത്യവും വിനയവുമാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കിയത്. ഒരു കൊച്ചുവീട് എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച ഉടന്‍ പ്രവാസം അവസാനിപ്പിച്ചു. പ്രബോധനത്തിന്റെ ലക്കങ്ങള്‍ ബൈന്റ് ചെയ്ത് സൂക്ഷിച്ചിരുന്ന അദ്ദേഹം നാട്ടില്‍ പോകുമ്പോള്‍ തനിക്ക് കൊണ്ടുപോകാനുള്ള കാര്യമായ ലഗേജ് അതാണെന്ന് പറയുമായിരുന്നു.

സലാലയില്‍നിന്ന് തിരിച്ചെത്തിയ ഉടന്‍ മാധ്യമത്തിലെ പ്രിന്റിംഗ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു വ്യാഴവട്ടത്തിലധികം അവിടെ സേവനം ചെയ്തു. ചെലവൂര്‍ കാരന്തൂര്‍ പ്രദേശത്ത് ഹല്‍ഖ രൂപീകരിക്കുകയും നാസിമായി പ്രവര്‍ത്തിക്കുകയും ചെയ്തു. അവസാന കാലത്ത് കോഴിക്കോട് പുതിയറ ജയിലിലായിരുന്നു ഖുത്വ്ബ. പത്തോ ഇരുപതോ ജയില്‍വാസികള്‍ക്കു വേണ്ടി മിമ്പറോ മിഹ്‌റാബോ ഇല്ലാത്ത ഹാളില്‍ സ്ഥിരമായി ഖുത്വ്ബ പറയുന്നതിന് യാതൊരു വൈമനസ്യവും അദ്ദേഹത്തിന് തോന്നാതിരുന്നത് ഇടക്ക് പകരക്കാരനായി പോകുന്ന എന്നെ അത്ഭുതപ്പെടുത്തി. കര്‍മശാസ്ത്രമാപിനികള്‍ വെച്ച് അത് ഖുത്വ്ബയാകുമോ എന്നാശങ്കിക്കുന്നതിന് പകരം യാതൊരു പ്രതിഫലേഛയുമില്ലാതെ കുറേനാള്‍ അദ്ദേഹമത് തുടര്‍ന്നു. ഖുത്വ്ബ പറഞ്ഞ് പോകുന്നതിനപ്പുറം ജയില്‍പുള്ളികള്‍ക്ക് പെരുന്നാളിന് ഭക്ഷണം നല്‍കല്‍ ഉള്‍പ്പെടെ പല കാര്യങ്ങളിലും പരേതനായ സാമൂഹിക പ്രവര്‍ത്തകന്‍ ബാപ്പുക്കയുമായി സഹകരിച്ചു. 

മികച്ച വായനക്കാരനായിരുന്നു. എത്ര ചെറിയവരില്‍നിന്നും അറിവ് ചോദിച്ച് മനസ്സിലാക്കാന്‍ മാത്രം വിനയാ

ന്വിതനായിരുന്നു. ചെറുപ്പക്കാരായ ഞങ്ങളെ വായിക്കാനും പഠിക്കാനും നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. രോഗത്തിന്റെ അവശതയിലും വായനയില്‍ ആശ്വാസം കണ്ടിരുന്ന അദ്ദേഹം നല്ലൊരു ശ്രോതാവ് കൂടി ആയിരുന്നു. മത-രാഷ്ട്രീയ സംഘടനാ ഭേദങ്ങളില്ലാതെ എല്ലാ പ്രസംഗങ്ങളും സശ്രദ്ധം ശ്രവിക്കാറുണ്ട് അദ്ദേഹം.

ആശാരി, പെയിന്റര്‍, പാചകക്കാരന്‍, ആര്‍ട്ടിസ്റ്റ്, കര്‍ഷകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. അയല്‍പക്കത്തെ സഹോദര സമുദായാംഗങ്ങളുമായി ഊഷ്മള ബന്ധം പുലര്‍ത്തി. മയ്യിത്ത് കുളിപ്പിക്കുന്നതു മുതല്‍ ഖബ്‌റടക്കം വരെ മുഴുവന്‍ ചടങ്ങുകളിലും ഉണ്ടായിരുന്ന ജനസാന്നിധ്യം ഇതര വിഭാഗങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധത്തിന് അടിവരയിട്ടു.

പി. സഫറുല്ല

 

 

കെ.ഐ മുഹമ്മദ് ഇസ്മാഈല്‍

കല്ലുങ്കല്‍ കെ.ഐ മുഹമ്മദ് ഇസ്മാഈല്‍ സര്‍, കാഞ്ഞിരപ്പള്ളി പേട്ട ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 1959-ല്‍ ജമാഅത്തെ ഇസ്‌ലാമി ദക്ഷിണ മേഖലാ നാസിം കെ. അബ്ദുസ്സലാം മൗലവിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിക്കടുത്ത് പാറത്തോട് പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാന ഘടകം രൂപവത്കരിച്ചു. 1962-ല്‍ അത് കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റിയതു മുതല്‍ അദ്ദേഹം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. യാഥാസ്ഥിതികത്വം പിടിമുറുക്കിയിരുന്ന ആ കാലഘട്ടത്തില്‍ അതിനെ സധൈര്യം നേരിട്ടു. കാഞ്ഞിരപ്പള്ളിയുടെ മുക്കുമൂലകളില്‍ ഇസ്‌ലാമിക സന്ദേശമെത്തിച്ച സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളില്‍ ഇസ്മാഈല്‍ സര്‍ സജീവമായിരുന്നു.

1974-ല്‍ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ മേഖലാ സമ്മേളനങ്ങളിലൊന്ന് കാഞ്ഞിരപ്പള്ളിയിലായിരുന്നു. കരുത്തുറ്റ ഒരു യുവജനനിര അന്ന് കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ദക്ഷിണ മേഖലാ സമ്മേളനം രണ്ടു റുക്‌നുകള്‍ മാത്രമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയില്‍ നടത്തിയത്. പ്രഗത്ഭ വാഗ്മിയും സംഘാടകനുമായിരുന്ന കെ.എന്‍ അബ്ദുല്ല മൗലവിയായിരുന്നു സമ്മേളന നാസിം. സമ്മേളനം അലങ്കോലപ്പെടുത്താന്‍ യാഥാസ്ഥിതികരുടെ ഭാഗത്തുനിന്നും പല എതിര്‍പ്പുകളുണ്ടായെങ്കിലും അവയൊക്കെ അതിജീവിച്ചുകൊണ്ട് സമ്മേളന ഒരുക്കങ്ങള്‍ മുന്നേറി. പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലും എതിര്‍പ്പുകള്‍ മറികടക്കുന്നതിലും ഇസ്മാഈല്‍ സര്‍ മുന്നിലുണ്ടായിരുന്നു.

പ്രസ്ഥാനത്തിന്റെ ഏതു കര്‍മമണ്ഡലത്തിലും ചുറുചുറുക്കോടെ പങ്കെടുക്കുകയും അതു വിജയിപ്പിക്കുകയും ചെയ്യുന്നതില്‍ ആരോഗ്യമുള്ള കാലത്തോളം ഇസ്മാഈല്‍ സര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് 31-5-1978-ല്‍ ഇസ്‌ലാമിക് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ രൂപവത്കരണം. ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലെ ഒന്നാം പേരുകാരനാണ് ഇസ്മാഈല്‍ സര്‍. ട്രസ്റ്റിന് സ്ഥലം വാങ്ങാനും ഓല ഷെഡില്‍ ആരംഭിച്ച അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയയില്‍ അധ്യാപകനായി സേവനം ചെയ്യാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. മസ്ജിദുല്‍ ഹുദായുടെ നിര്‍മാണത്തിലും അദ്ദേഹം സജീവമായി. അവയുടെ കണക്കുകളും കൃത്യമായി എഴുതി സൂക്ഷിച്ചു. സ്വകാര്യ പണമിടപാടുകളും പ്രസ്ഥാന സംബന്ധമായ കണക്കുകളും കൃത്യതയോടെ കൈകാര്യം ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു. രോഗബാധിതനായതിനാല്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലത്തോളം പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കഴിയാതെ പോയതായിരുന്നു സറിനെ ഏറെ ദുഃഖിപ്പിച്ചത്. ഭാര്യ: ഖദീജാ ബീവി. മക്കള്‍: സുമയ്യ, അനസ് (ഫാര്‍മസിസ്റ്റ്), അമീന.

പി.ഐ അബ്ദുല്‍ മജീദ്

 

 

ജമീല

ആലപ്പുഴ ജില്ലയിലെ കാക്കാഴം കാര്‍കുന്‍ ഹല്‍ഖയിലെ മുന്‍ സാരഥിയാണ് തെക്കേക്കര വീട്ടില്‍ അബ്ദുല്‍ മുത്തലിബ് സാഹിബിന്റെ ഭാര്യ ജമീല (56). വിവാഹാനന്തരം പ്രസ്ഥാന മാര്‍ഗത്തില്‍ സജീവമായി. ഒരു ഘട്ടത്തില്‍ ഹല്‍ഖാ നാസിമത്തായി. തന്നെ ബാധിച്ച അസുഖത്തിന്റെ കാഠിന്യം അറിയാതെ വളരെ ബുദ്ധിമുട്ടിയാണെങ്കിലും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലും മറ്റും ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. വസ്ത്രധാരണത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്ന് എപ്പോഴും ഉപദേശിക്കും. ഹല്‍ഖയില്‍ പഠിക്കാന്‍ നിര്‍ദേശിക്കുന്ന ഭാഗങ്ങള്‍ ആവേശത്തോടെ ആദ്യം തന്നെ പഠിക്കുകയും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു.  മക്കള്‍: ജസീന(അധ്യാപിക), ജസീര്‍, ജാബിര്‍. മരുമക്കള്‍: കെ.എം അശ്‌റഫ്(ശാന്തപുരം അല്‍ ജാമിഅ), സുമയ്യ, സിബിന(അധ്യാപിക).

ഖൈറുന്നിസ

 

**അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍**

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (20-24)
എ.വൈ.ആര്‍