Prabodhanm Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

'വിശ്വാസത്തിന് കരുത്തേകി അധീശത്വത്തെ ചെറുക്കുക'

പി.എം സാലിഹ്/ജുമൈല്‍ കൊടിഞ്ഞി

ഇസ്‌ലാമിക യുവജന പ്രസ്ഥാനമെന്ന നിലയില്‍ സോളിഡാരിറ്റി യുവജനങ്ങളെയാണല്ലോ പ്രധാനമായും അഭിമുഖീകരിക്കുന്നത്. നിലവിലെ ആഗോള-ദേശീയ അവസ്ഥകളും സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങളും കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെയാണ്. ഇതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ആഗോള-ദേശീയ തലങ്ങളില്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക മേഖലകളില്‍ അധിപത്യവും അധികാരവുമുള്ളവര്‍ പിടിമുറുക്കുകയാണ്. വംശീയതയെയും ജാതീയതയെയും ഇത്തരം വിവേചനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അഭയാര്‍ഥികള്‍ കൂടിക്കൊണ്ടിരിക്കുന്നു. അവര്‍ക്ക് മാനുഷിക പരിഗണനകള്‍ പോലും നല്‍കാന്‍ ലോകരാഷ്ട്രങ്ങള്‍ സന്നദ്ധരാകുന്നില്ല.  

ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സാധാരണയില്‍നിന്ന് വ്യത്യസ്തമാണ്. അമേരിക്കയില്‍ ട്രംപിന്റെ  പ്രസിഡന്റാരോഹണം മുതല്‍ ബ്ലൂവെയില്‍ ഗെയിമുകളില്‍വരെ ഈ അസാധാരണത്വം കാണാനാകും. അസാധാരണത്വങ്ങള്‍ സ്വാഭാവികമായി മാറുന്ന ഘട്ടമെന്ന നിലയില്‍ ഇക്കാലത്തെ സ്വാഭാവികാനന്തര കാലം (പോസ്റ്റ് നോര്‍മല്‍ ടൈം) എന്നാണ് വിശേഷിപ്പിക്കുന്നത്. സ്വാഭാവികാനന്തര കാലത്ത് ഒന്നിനും സ്ഥിരതയില്ല. ഇന്നുവരെ വലിയ മൂല്യമായി കണക്കാക്കപ്പെട്ടിരുന്ന കാര്യം പെട്ടെന്ന് അട്ടിമറിക്കപ്പെടുന്നു. സ്ത്രീ പീഡനത്തെക്കുറിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനോട് ചോദിച്ചപ്പോള്‍, ഞാനും ചില സാഹചര്യങ്ങളില്‍ അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിക്കാനാവില്ലെന്നായിരുന്നു മറുപടി. ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെയോ ജയത്തെയോ അത് ദുര്‍ബലമാക്കിയില്ലെന്നത് പോസ്റ്റ് നോര്‍മല്‍ കാലത്തെ മൂല്യവ്യതിയാനങ്ങളെയാണ് സൂചിപ്പിക്കുന്നത്. 

സത്യം, നീതി, വിശ്വസ്തത തുടങ്ങിയ ഗുണങ്ങള്‍ക്കൊന്നും വിലയില്ലാത്ത കാലം കൂടിയാണിത്. വംശം, ജാതി, വര്‍ഗം, വര്‍ണം, ലിംഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ അടിച്ചമര്‍ത്താനും ഒതുക്കാനും തീരുമാനിച്ചാല്‍, അവര്‍ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്താന്‍ ഒരു ധാര്‍മികതയും തടസ്സമാകുന്നില്ല. രാഷ്ട്രങ്ങളും പാര്‍ട്ടികളും സംഘങ്ങളും വ്യക്തികളുമെല്ലാം ഇത്തരം നുണപ്രചാരണത്തില്‍ പങ്കാളികളാകുന്നു. മീഡിയ, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വ്യാജപ്രചാരണങ്ങളുടെ കേന്ദ്രമായി മാറുന്നു. സത്യാനന്തര കാലം (Post Truth Era) എന്ന പേരിനെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് ഒരടിസ്ഥാനവുമില്ലാത്ത നുണകള്‍ക്ക് പോലും ജനമനസ്സുകള്‍ അംഗീകാരം നല്‍കുന്നത്. 

സ്വാഭാവികാനന്തര കാലത്തിന്റെയും സത്യാനന്തര കാലത്തിന്റെയും സ്വാധീനങ്ങള്‍ അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും കാണാനാകും. ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയ, കുടിയേറ്റ വിരുദ്ധ വലതുപക്ഷ പ്രചാരണങ്ങള്‍, ഭീകരതക്കെതിരായ യുദ്ധം, സങ്കുചിത ദേശീയത, അതിന്റെ പേരിലുള്ള അക്രമണങ്ങള്‍ ഇതൊക്കെയും ആ സ്വാധീനഫലമായി സംഭവിക്കുന്നതാണ്. സയണിസവും സാമ്രാജ്യത്വവും കോര്‍പറേറ്റുകളും സംഘ്പരിവാറും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക മേഖലകള്‍ കൈയടക്കുന്നു. ഈ ശക്തികള്‍ തങ്ങളുടെ ശത്രുപക്ഷത്ത് പ്രധാനമായും നിര്‍ത്തുന്നത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയുമാണെന്ന് കാണാനാവും. 

അതിനാല്‍ പലതരം വെല്ലുവിളികളും പ്രതിസന്ധികളുമാണ് മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്നത്. പ്രത്യേകിച്ച് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വലിയ പരീക്ഷണങ്ങള്‍ നേരിടുന്നുണ്ട്. നാനാഭാഗത്തുനിന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും മുസ്‌ലിം സംരംഭങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ നടക്കുന്നു. 

ദേശീയതലത്തില്‍ സംഘ്പരിവാറിന്റെയും ഭരണകൂടത്തിന്റെയും അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. വ്യക്തിനിയമങ്ങള്‍ പോലുള്ള വിഷയങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ടുപോവുകയാണ്. ആദര്‍ശമാറ്റവും വിശ്വാസ സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഘര്‍വാപ്പസി സെന്ററുകളെ കുറിച്ച വെളിപ്പെടുത്തലുകളും പുറത്തുവന്നിരിക്കുന്നു. പൊതുമണ്ഡലത്തിലെ വ്യാപകമായ ഇസ്‌ലാം പേടി പ്രചാരണങ്ങള്‍ നിയമസംവിധാനങ്ങളെവരെ സ്വാധീനിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഫാഷിസ്റ്റ് ശക്തികളുടെ ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ശക്തിപകരുന്ന തരത്തിലാണ് ഇടത് ലിബറല്‍ ചിന്തകരും മാധ്യമങ്ങളും സൃഷ്ടിക്കുന്ന പൊതുബോധം. മതവും മതബന്ധിതമായതുമെല്ലാം വര്‍ഗീയതയും ഒഴിവാക്കപ്പെടേണ്ടതുമാണെന്നു ഇടതുനിലപാടും ഇവിടെ സംഘ്ശക്തികള്‍ക്കാണ് സഹായകമാകുന്നത്. 

പ്രതിസന്ധികളും പ്രതിബന്ധങ്ങളും തന്നെയാണ് ചരിത്രത്തെ വഴിതിരിച്ചുവിടാനുള്ള സാധ്യതകള്‍ തുറന്നിടുകയെന്ന് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. പ്രവാചകന്റെ ജീവിത കാലത്തും സച്ചരിതരായ ഖലീഫമാരുടെ കാലത്തും തുടര്‍ന്നുള്ള ഒന്നര സഹസ്രാബ്ദവും ഇസ്‌ലാമും മുസ്‌ലിംകളും അതിജീവിച്ചത് നാനാഭാഗത്തുനിന്നും പാഞ്ഞടുത്ത ശത്രുക്കളോട് പോരാടിത്തന്നെയാണ്. ഈ വെല്ലുവിളികളെ അവരെല്ലാം സാധ്യതകളായി കാണുകയായിരുന്നു. അങ്ങനെ അവര്‍ ചരിത്രത്തെ വഴിതിരിച്ചുവിടാനും നയിക്കാനും യോഗ്യത നേടി. 

പ്രശ്‌നങ്ങളുടെയും പ്രയാസങ്ങളുടെയും കാലത്ത് ചരിത്രത്തെ നയിക്കാന്‍ യുവജനങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന അന്വേഷണമാണ് സോളിഡാരിറ്റി. സത്യത്തിന്റെയും നീതിയുടെയും മാര്‍ഗത്തില്‍ തലയുയര്‍ത്തി പോരാടാനും മുന്നേറാനുമുള്ള തീരുമാനമാണ് സോളിഡാരിറ്റിയുടേത്. അവസാന മനുഷ്യന്നും നീതിയും അവകാശങ്ങളും ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് അത് ആവിഷ്‌കരിക്കുന്നത്. 

അല്ലാഹുവിന്റെ അനുസരണയില്‍ ജീവിക്കാനുറച്ച യുവാവെന്ന നിലയില്‍ സോളിഡാരിറ്റി പ്രവര്‍ത്തകന് ചില ഗുണങ്ങളുണ്ടാവേണ്ടതുണ്ട്. മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും സ്ഥിരതയില്ലാത്ത ഈ കാലത്ത് അല്ലാഹുവുമായുള്ള അടിയുറച്ച ബന്ധത്തിലൂടെ സ്ഥൈര്യവും സ്ഥിരതയും (ഇസ്തിഖാമത്ത്) നേടിയെടുക്കാന്‍ സോളിഡാരിറ്റിക്കാരന് സാധിക്കണം. അതോടൊപ്പം സത്യത്തിന് വിലയില്ലാത്ത സത്യാനന്തര കാലത്ത് സത്യത്തെയും (അല്‍ഹഖ്) നന്മയെയും (അല്‍ഇഹ്‌സാന്‍) മുറുകെ പിടിക്കാനും അവന് സാധിക്കണം. 

 

യുവാക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ സൂചിപ്പിച്ചു. രാജ്യത്ത് ഭരണം, നിയമവ്യവസ്ഥ തുടങ്ങി എല്ലാ മേഖലകളിലും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ ആധിപത്യമുറപ്പിച്ചിരിക്കുന്നു. ഈ മേഖലയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്? 

വര്‍ത്തമാനകാല സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ യാഥാര്‍ഥ്യം മനസ്സിലാക്കിയ സംഘമെന്ന നിലയില്‍ സംഘ്പരിവാറിന്റെ അധീശ പ്രത്യയശാസ്ത്രത്തെ ഫലപ്രദമായി നേരിടാന്‍ സോളിഡാരിറ്റി പരിശ്രമിക്കും. രാജ്യത്തെ എല്ലാ വിഭാഗം ആളുകളും ഒന്നിച്ചുചേര്‍ന്നാണ് അധീശ ന്യൂനപക്ഷത്തിന്റെ ആധിപത്യത്തെയും അവരുടെ ഹിംസകളെയും പ്രതിരോധിക്കേണ്ടത്. ഉദ്യോഗസ്ഥ-അധികാര സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇന്ന് സംഘ്പരിവാര്‍ തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നത്. അതിനാല്‍ അധികാരരാഷ്ട്രീയത്തില്‍നിന്ന് അവരെ അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ നിര്‍ണായകമാണ്. വിവിധ ഭൂമികകളില്‍നിന്നും സാമൂഹിക പശ്ചാത്തലങ്ങളില്‍നിന്നും ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങള്‍ ഉയര്‍ന്നുവരേണ്ടതുമുണ്ട്. വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലത്തിലുള്ളവര്‍ ഒരുമിച്ച് രൂപപ്പെടുത്തുന്ന പ്രതിരോധങ്ങള്‍ക്കും സമരങ്ങള്‍ക്കും രൂപത്തിലും ശൈലിയിലും വ്യത്യസ്തതയുണ്ടാകും. അത്തരം വ്യത്യസ്തതകള്‍ നിലനിര്‍ത്തിത്തന്നെ ഫാഷിസത്തിനെതിരെയുള്ള ശബ്ദങ്ങളെ ഏകോപിപ്പിക്കാനാവണം. വ്യത്യസ്തതകളില്‍നിന്ന് ഉടലെടുക്കുന്ന പരസ്പര വിമര്‍ശനങ്ങളെ മാനിക്കണം. കൂടുതല്‍ രാഷ്ട്രീയ കൃത്യതകളിലേക്ക് എത്തുന്നതിനുള്ള സ്വയംവിമര്‍ശനങ്ങള്‍ ഫാഷിസത്തിനെതിരായ സഖ്യത്തെ ദുര്‍ബലപ്പെടുത്താതിരിക്കാനും ശ്രമിക്കണം. എല്ലാ വിഭാഗങ്ങളുടെയും കര്‍തൃത്വം അംഗീകരിക്കുകയെന്നത് ഈ സഖ്യത്തിന്റെ മുന്നുപാധിയാണ്. 

ഫാഷിസത്തിനെതിരെയുള്ള പ്രതിരോധത്തില്‍ അക്കാദമിക പ്രവര്‍ത്തനങ്ങളും വളരെ പ്രധാനമാണ്. അത്തരം ശ്രമങ്ങളുടെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന തരത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ പാഠശാല നടത്തണമെന്നും സോളിഡാരിറ്റി ഈ പ്രവര്‍ത്തന കാലയളവില്‍ ആഗ്രഹിക്കുന്നുണ്ട്. ഇസ്‌ലാം പേടിയെന്ന മാധ്യമ-അധികാര സൃഷ്ടിയിലൂടെയാണ് പല സംഘ് അജണ്ടകളും ഇവിടെ നടപ്പാകുന്നത്. ഇവയെ അക്കാദമികമായി നേരിടുന്നതോടൊപ്പം ഇസ്‌ലാമിന്റെ സാമൂഹികവും വിമോചനപരവും ആത്മീയവുമായ ഉള്ളടക്കങ്ങളെ പൊതുജനത്തിന്റെ തെറ്റിദ്ധാരണകള്‍ തിരുത്തുന്ന വിധം പകര്‍ന്നുനല്‍കാനും ശ്രമിക്കും. 

സംഘ്ഫാഷിസത്തിന്റെ ഏറ്റവും വലിയ ഇരകള്‍ മുസ്‌ലിം സമുദായമാണെന്നത് എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. ഈ സാഹചര്യത്തില്‍ ഭയത്തിന്റെ അന്തരീക്ഷത്തെ ഭേദിച്ച് സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ ശ്രമിക്കും. വിശ്വാസവും അതിന്റെ അടിസ്ഥാനത്തിലുള്ള ആത്മവിശ്വാസവും യുവാക്കള്‍ക്ക് നേടാനായാല്‍ മുസ്‌ലിം സമുദായത്തിന് പ്രതിസന്ധികള്‍ മറികടക്കാനാകും. ജനാധിപത്യ രീതിയിലുള്ള സര്‍ഗാത്മക സമരങ്ങള്‍ നയിക്കാന്‍ അതവരെ പ്രാപ്തരാക്കും. 

ഭരണകൂട ഭീകരതയുടെയും ഭീകരനിയമങ്ങളുടെയും ഇരകളോടുള്ള ഐക്യദാര്‍ഢ്യവും അവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവും സോളിഡാരിറ്റി പൂര്‍വാധികം ശക്തിയോടെ തന്നെ തുടരും. രാജ്യത്തുടനീളം അന്യായമായി തടവില്‍ കഴിയുന്ന നൂറുകണക്കിനാളുകളുണ്ട്. അവര്‍ക്കുള്ള നിയമസഹായങ്ങളും അവരുടെ കുടുംബങ്ങളുടെ പുനരധിവാസവും സോളിഡാരിറ്റി ഏറ്റെടുത്തിട്ടുണ്ട്. അതിനു പുറമെ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ തന്നെ റദ്ദ് ചെയ്യുന്ന ഭീകരനിയമങ്ങളെ സമൂഹത്തില്‍ ചര്‍ച്ചയാക്കാനും സോളിഡാരിറ്റി ശ്രമിക്കും. 

 

നിലവിലെ സാഹചര്യത്തില്‍ സംഘ്ശക്തികള്‍ വിവിധ രീതികളില്‍ മുസ്‌ലിം സമുദായത്തെ ഉന്നമിടുന്നുണ്ടെന്ന് പറഞ്ഞല്ലോ. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിശ്വാസ സ്വാതന്ത്ര്യം, ആദര്‍ശമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ചര്‍ച്ചകള്‍. മതപരിവര്‍ത്തന നിരോധന നിയമമെന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന അജണ്ടയിലേക്കാണ് ഈ ചര്‍ച്ചകള്‍ പോകുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. താങ്കളുടെ അഭിപ്രായം?

 

ആദര്‍ശപ്രബോധനവും വിശ്വാസ സ്വാതന്ത്ര്യവും മൗലികാവകാശം എന്ന നിലയില്‍ സംഘടന ഏറ്റെടുക്കും. ആര്‍ക്കും ഏത് വിശ്വാസവും സ്വീകരിക്കാനും ഉപേക്ഷിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അനിവാര്യ തേട്ടമാണ്. രാജ്യം നേടിയ നവോത്ഥാനത്തിന്റെ പ്രധാന ഉള്ളടക്കമായിരുന്നു ഈ വ്യക്തി സ്വാതന്ത്ര്യം. നവോത്ഥാനത്തിന്റെ ഭാഗമായുണ്ടായ സാമൂഹിക ആദര്‍ശമാറ്റങ്ങളെ അന്ന് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഇടതു യുക്തിവാദികളും വ്യക്തിയുടെ നിര്‍ണയാവകാശത്തിനു വേണ്ടി വാദിച്ചു. എന്നാല്‍ ഇന്ന് ലിബറല്‍ മതേതരരും സംഘ്പരിവാറിന്റെ മതപരിവര്‍ത്തന നിരോധനം എന്ന ആശയമാണ് ഉയര്‍ത്തിക്കാട്ടുന്നത്. 

ഇസ്‌ലാമികാശയങ്ങളുടെ വിമോചനാത്മക ഉള്ളടക്കവും നൈതികമൂല്യങ്ങളും വിവിധ ജനവിഭാഗങ്ങളെ ചരിത്രത്തില്‍ പലരീതിയില്‍ ആകര്‍ഷിച്ചിട്ടുണ്ട്. അത്തരം വിമോചനാശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ സോളിഡാരിറ്റി പരിശ്രമിക്കും. അതിനായുള്ള വൈജ്ഞാനിക കഴിവുകള്‍ പ്രവര്‍ത്തകരില്‍ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക ഊന്നല്‍ നല്‍കും. മാനവികത, നീതി, സൗഹാര്‍ദം എന്നിവയിലൂന്നി വിവിധ ആശയധാരകള്‍ക്ക് പരസ്പരം മനസ്സിലാക്കാനാകുന്ന സംവാദങ്ങളെ പ്രോത്സാഹിപ്പിക്കും. 

 

സമുദായത്തിന്റെ ആത്മവിശ്വാസവും ശാക്തീകരണവും ഈ സന്ദര്‍ഭത്തില്‍ നിര്‍ണായകമാണെന്ന് പറഞ്ഞു. ആ മേഖലയില്‍ എന്തെല്ലാം കാല്‍വെപ്പുകളാണ് ഉദ്ദേശിക്കുന്നത്?

സമുദായത്തിന്റെ വിവിധ തരത്തിലുള്ള ശാക്തീകരണം വളരെ പ്രധാനപ്പെട്ടതാണ്. ഈ ശാക്തീകരണത്തിലൂടെയാണ് ആത്മവിശ്വാസം വളര്‍ത്താനും അരക്ഷിതബോധം ഇല്ലാതാക്കാനും സാധിക്കുക. സാമ്പത്തിക ശാക്തീകരണം യുവാക്കളുടെ സംഘടനയെന്ന നിലയില്‍ നിര്‍ണായകമാണ്. സമുദായത്തിന്റെ സമയവും അധ്വാനവും നിര്‍മാണാത്മക മേഖലകളില്‍ വിനിയോഗിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പരിപാടികള്‍ യുവജനങ്ങളെ ലക്ഷ്യംവെച്ച് തയാറാക്കും. സമുദായത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാന്‍ ശ്രമിക്കും. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായി സമുദായത്തിന്റെ നിലവിലെ അവസ്ഥകളെ മനസ്സിലാക്കുന്ന പഠനങ്ങള്‍ നടത്തും. 

മുസ്‌ലിം സമുദായവുമായുള്ള സോളിഡാരിറ്റിയുടെ ബന്ധം സജീവമാക്കും. സമുദായത്തിലെ വിവിധ സംഘടനകളുമായും കൂട്ടായ്മകളുമായുമുള്ള സഹകരണത്തിലൂടെ സമുദായ ശാക്തീകരണത്തിനുള്ള സാധ്യതകള്‍ തേടും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ കൃത്യമായി ഇടപെടാനും ക്രിയാത്മകമാറ്റങ്ങളുണ്ടാക്കാനും യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിക്ക് സാധിച്ചിട്ടുണ്ട്. പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു ഭാഷയും വികസിപ്പിക്കാന്‍ കഴിഞ്ഞു. സമുദായത്തെ കൃത്യമായി അഭിമുഖീകരിക്കാനും വിവിധ ധാരകളെ ഉള്‍ക്കൊള്ളാനുമാകുന്ന ഭാഷയും ശൈലിയും കൂടുതല്‍ മെച്ചപ്പെടുത്താനും ശ്രമിക്കും. 

 

യുവാക്കളെ സംഘടിപ്പിക്കാന്‍ സോളിഡാരിറ്റി കാണുന്ന രീതികളെന്തെല്ലാമാണ്? ഭിന്നാഭിരുചിക്കാരായ യുവാക്കളെ സംഘടനാ ഘടനക്ക് ഉള്‍ക്കൊള്ളാനാകുമോ?

സമൂഹത്തിന് അനുഗുണമാകുംവിധം യുവാക്കളുടെ വ്യത്യസ്ത അഭിരുചികളെയും താല്‍പര്യങ്ങളെയും പരിഗണിച്ച് സംഘാടനം നടത്താനാണ് സോളിഡാരിറ്റി ഉദ്ദേശിക്കുന്നത്. യുവാക്കളുടെ ചടുലതയെയും ക്രിയാത്മകതയെയും സമൂഹത്തിന് ഉപയോഗപ്പെടുത്താനാകണം. അതിനായി വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളെ സംഘടിപ്പിക്കും. ബിസിനസുകാര്‍, പ്രഫഷണലുകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരുടെ കൂട്ടായ്മകളുണ്ടാക്കും. 

കലാ-കായിക, സാംസ്‌കാരിക മേഖലകളില്‍ താല്‍പര്യമുള്ളവര്‍ക്ക് അവരുടെ ആവിഷ്‌കാരങ്ങള്‍ക്ക് സംഘടന അവസരവും പ്രോത്സാഹനവും നല്‍കും. ധ്രുവീകരണ ശ്രമങ്ങളെ മറികടക്കാനാകുന്ന വിധം കലാ-കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഉപയോഗപ്പെടുത്തും. പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സൗഹൃദ പരിപാടികള്‍ സംഘടിപ്പിക്കും. സേവന പ്രവര്‍ത്തനങ്ങള്‍ സോളിഡാരിറ്റിയുടെ മുഖമുദരയാണ്, അത് തുടരും.

 

സംഘടനയെ ജനകീയമാക്കാന്‍ യുവാക്കളെ ആകര്‍ഷിക്കേണ്ടതുണ്ടല്ലോ. ഈ മേഖലയിലെ ശ്രമങ്ങള്‍? 

പ്രാദേശിക സംഘാടനവും വ്യാപനവും സജീവമാക്കി സോളിഡാരിറ്റിയുടെ ജനകീയ അടിത്തറ ഭദ്രമാക്കുകയാണ് ഈ പ്രവര്‍ത്തന കാലയളവിലെ ഒരു പ്രധാന ഊന്നല്‍. മുസ്‌ലിം യുവാക്കളെ ദീനീകാര്യങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനും അവരുടെ ഇസ്‌ലാമിക ധാര്‍മിക വ്യക്തിത്വം ഉറപ്പുവരുത്താനും പ്രാദേശിക സംഘാടനത്തിലൂടെ പരിശ്രമിക്കും. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്ക് ഏറ്റവും ഉത്തമമായ മറുപടി ജീവിതസാക്ഷ്യം തന്നെയാണ്. യഥാര്‍ഥ ഇസ്‌ലാമിനെ തങ്ങളുടെ ജീവിതത്തില്‍ ആവിഷ്‌കരിച്ച് തങ്ങളുടെ സാക്ഷ്യത്തെ കൂടുതല്‍ സുന്ദരവും സംവേദനക്ഷമവുമാക്കാന്‍ മുസ്‌ലിം യുവാക്കളെ പ്രാപ്തരാക്കാനാണ് മുന്‍ഗണന നല്‍കുക. അതിനായി  ചെറിയ കാമ്പയിനുകള്‍ നടത്തും. പ്രദേശത്തെ പരമാവധി യുവാക്കളെ പങ്കെടുപ്പിച്ച് യൂത്ത് മീറ്റുകള്‍ സംഘടിപ്പിക്കും. 

സോളിഡാരിറ്റി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ ആത്മീയ ഉള്ളടക്കത്തെ കൂടുതല്‍ ഭംഗിയായി പ്രാവര്‍ത്തികമാക്കാനാകുന്ന സാമൂഹിക-സേവന ഇടപെടലുകള്‍ പ്രാദേശിക തലത്തില്‍ വ്യാപിപ്പിക്കും. 

 

സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകളും ഫാഷിസ്റ്റ് പ്രതിരോധവും മുഖ്യ അജണ്ടയാകുമ്പോള്‍ അവയുടെ വൈജ്ഞാനിക അടിത്തറ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണല്ലോ. ഇസ്‌ലാമോഫോബിയ പോലുള്ള അക്കാദമിക വ്യവഹാരങ്ങളെ സോളിഡാരിറ്റി കഴിഞ്ഞ കാലത്ത് പൊതുമണ്ഡലത്തില്‍ ചര്‍ച്ചക്ക് വെക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കും? 

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ യുവജനവിഭാഗമെന്ന നിലയില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ സോളിഡാരിറ്റിയുടെ മുഖ്യ അജണ്ടയിലുണ്ടാകും. പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെയും വിമര്‍ശനങ്ങളെയും അവയുടെ ഉറവിടം അന്വേഷിച്ചുള്ള പഠനങ്ങള്‍ നിര്‍ണായകമാണ്. സംഘ്ശക്തികളും ഉദാര ആധുനികതയും പലരീതിയില്‍ ഇസ്‌ലാമിനെതിരെയും ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെയും ഉന്നയിക്കുന്ന വിമര്‍ശനങ്ങളുടെയും ചോദ്യങ്ങളുടെയും അടിസ്ഥാനങ്ങളിലേക്കിറങ്ങി മറുചോദ്യങ്ങളുന്നയിക്കല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇസ്‌ലാമോഫോബിയ, ഡികൊളോണിയാലിറ്റി, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍, സൂക്ഷ്മരാഷ്ട്രീയങ്ങളെ തിരിച്ചറിഞ്ഞുള്ള പഠനങ്ങള്‍ ഇവയെല്ലാം ഇത്തരം മറുചോദ്യങ്ങളുടെ പ്രധാന ഭാഗമാണ്. ഈ വിമര്‍ശനാത്മക നിലപാടില്‍നിന്ന് ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നോട്ടുപോക്കിനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്താനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ സോളിഡാരിറ്റി സജീവമാക്കും. അതിനായി പ്രവര്‍ത്തകരെ പ്രാപ്തരാക്കുന്നതോടൊപ്പം ഈ മേഖലയില്‍ പ്രത്യേക പഠന പരിപാടികള്‍ സംഘടിപ്പിക്കും. 

സമുദായത്തിനുള്ളിലെ ഊര്‍ജസ്വലരായ പുതുതലമുറ വൈജ്ഞാനിക-പഠന മേഖലയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്. സവര്‍ണാധിപത്യത്തോടും അവഗണനകളോടും പോരാടി അക്കാദമിക രംഗത്ത് നിലയുറപ്പിക്കാന്‍ ഇടത്-പിന്നാക്ക വിഭാഗങ്ങളുമായി സംവദിച്ചുള്ള പഠന പ്രവര്‍ത്തനങ്ങളിലൂടെ പുതുതലമുറക്ക് സാധിച്ചിട്ടുണ്ട്. അക്കാദമിക വ്യായാമങ്ങള്‍ക്കപ്പുറം, അവയെ രാഷ്ട്രീയ പരീക്ഷണങ്ങളാക്കി മാറ്റാനും കാമ്പസുകളില്‍ ഇവര്‍ക്കാവുന്നുണ്ട്. സമുദായത്തിന്റെ ബൗദ്ധികവിഭവങ്ങളുടെ ആസൂത്രിതമായ വികാസത്തിനും പുനര്‍വിന്യാസത്തിനും ശ്രമങ്ങള്‍ നടത്തുകയാണെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും. 

ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും അടിസ്ഥാനങ്ങളില്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും സാമാന്യധാരണകള്‍ നല്‍കാനാകുന്ന പഠനപ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തും. ഖുര്‍ആന്‍, സുന്നത്ത് എന്നിവയിലൂന്നി പ്രവര്‍ത്തകരില്‍ വൈജ്ഞാനിക വികാസത്തിന് ശ്രമിക്കും. സംഘടനയുടെ ആദര്‍ശം, നയങ്ങള്‍, അതിന്റെ വികാസ പരിണാമങ്ങള്‍, ഇസ്‌ലാമികത എന്നിവയെ കുറിച്ച് ബോധമുണ്ടാക്കാനും പഠനങ്ങളിലൂടെ ശ്രമിക്കും. സംഘടനയുടെയും അതിന്റെ ഇടപെടലുകളുടെയും ചരിത്രം അടയാളപ്പെടുത്താനും ശ്രമിക്കും. 

സമുദായ ശാക്തീകരണത്തിന് സഹായകമാകുന്ന സ്ട്രാറ്റജിക് പഠനങ്ങള്‍ നടത്താന്‍ സോളിഡാരിറ്റി ശ്രമം നടത്തും. സമുദായത്തിന്റെ മുന്നോട്ടുപോക്കിന് സഹായകമാകുന്ന ഇത്തരം പഠനങ്ങള്‍ക്ക് മറ്റ് വിഭാഗങ്ങളെയും ഏജന്‍സികളെയും സഹകരിപ്പിക്കാന്‍ ശ്രമിക്കും. 

 

ഏതൊരു സംഘത്തിന്റെയും കരുത്ത് അതിന്റെ അണികളാണല്ലോ. അവരുടെ വ്യക്തിത്വം, സംസ്‌കാരം എന്നിവയുടെ വികാസത്തിന് പ്രത്യേക പദ്ധതികളുണ്ടോ? 

വിശ്വാസികളെന്ന നിലയില്‍ സംഘടനയില്‍ അണിനിരന്ന എല്ലാവര്‍ക്കും പാരത്രികവിജയം നേടാനാവുകയെന്നതാണ് വ്യക്തികളെന്ന നിലയില്‍ അവരുടെ ആത്യന്തിക ലക്ഷ്യം. ഇവിടെ പ്രവര്‍ത്തകന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, തന്റെ സ്വര്‍ഗം ഉറപ്പാക്കുകയെന്നത് തന്റെ തന്നെ ഉത്തരവാദിത്തമാണ് എന്നതാണ്. ചിലരുടെ പ്രവര്‍ത്തനംകൊണ്ട് പ്രസ്ഥാനത്തിന് വലിയ പ്രയോജനങ്ങളുണ്ടാവും, എന്നാല്‍ പല കാരണങ്ങളാല്‍ അവന് അതിന്റെ പ്രതിഫലം നഷ്ടപ്പെടും. അത്തരം വിപത്തുകള്‍ നാം സൂക്ഷിക്കണം. ഉദ്ദേശ്യവും ആത്മാര്‍ഥതയും നഷ്ടപ്പെടാതെ സൂക്ഷിക്കണം.

ഓരോ വിശ്വാസിയും താനൊറ്റക്കാണ് എന്നല്ല മനസ്സിലാക്കേണ്ടത്. സഹോദരനോടുള്ള ഗുണകാംക്ഷ എപ്പോഴും അവനില്‍ നിറഞ്ഞു നില്‍ക്കണം. താന്‍ അല്ലാഹുവിലേക്ക്, അവന്റെ അനുഗ്രഹത്തിലേക്ക് തീര്‍ഥാടനം നടത്തുമ്പോള്‍ തന്റെ സഹോദരനെ കൂടി കൈപിടിച്ച് കൂടെകൂട്ടുകയെന്ന സാമൂഹിക ബാധ്യതയാണ് ഗുണകാംക്ഷ. അതുകൊണ്ടാണല്ലോ പ്രവാചകന്‍ ദീന്‍ എന്നാല്‍ ഗുണകാംക്ഷയാണെന്ന് പഠിപ്പിച്ചത്. തന്റെ സഹോദരന്റെ കുറ്റവും കുറവും പരസ്യപ്പെടുത്താനല്ല, അവ പരിഹരിച്ച് സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ പരസ്പരം സഹകരിക്കാനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടത്. പ്രവര്‍ത്തകരുടെ സ്വഭാവഗുണങ്ങള്‍, പരസ്പര ബന്ധങ്ങള്‍, ഇടപാടുകള്‍ എന്നിവയില്‍ ഓര്‍മപുതുക്കലുകള്‍ക്കും ആത്മപരിശോധനക്കുമുള്ള അവസരങ്ങള്‍ സംഘടന ഒരുക്കും.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (20-24)
എ.വൈ.ആര്‍