Prabodhanm Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

സുന്നത്ത് സംരക്ഷണം ചില മുന്‍കാല അനുഭവങ്ങള്‍

കെ.സി ജലീല്‍ പുളിക്കല്‍

സുന്നത്ത് അഥവാ നബിചര്യ, ഈ വിഷയത്തെ ആസ്പദമാക്കി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ പഠനവും മറ്റു ലേഖനങ്ങളും (ആഗസ്റ്റ് 2017) സാന്ദര്‍ഭിക പ്രാധാന്യമുള്ളവയാണ്. ഒരു ഭാഗത്ത് സുന്നത്ത് നിഷേധം, മറുഭാഗത്ത് സുന്നത്തിന്റെ മറവില്‍ അന്ധവിശ്വാസങ്ങളുടെ കടന്നുകയറ്റം. രണ്ടിന്റെയും പരിക്കേല്‍ക്കുന്നതാകട്ടെ ഇസ്‌ലാമിനും അതിന്റെ മൂലപ്രമാണങ്ങള്‍ക്കും.

സുന്നത്ത് നിഷേധവും ദുര്‍ബല ഹദീസുകളുടെ കടന്നുകയറ്റവും കേരള മുസ്‌ലിംകള്‍ക്കിടയില്‍ നേരത്തേതന്നെ സജീവ ചര്‍ച്ചക്കും സംവാദത്തിനും വഴിവെച്ചിരുന്നു. അന്ന് ഇസ്‌ലാഹി-ഇസ്‌ലാമിക പ്രവര്‍ത്തകരും  പണ്ഡിതന്മാരും ഫലപ്രദമായി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച രീതിയും അതിന്റെ വിജയകരമായ പരിസമാപ്തിയും ഇന്നും കൗതുകത്തോടെ ഓര്‍ക്കുകയാണ്. കരുത്തുറ്റ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നടന്ന അന്നത്തെ സംവാദങ്ങളില്‍നിന്ന് തിരുസുന്നത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ ഇന്നുള്ളവര്‍ക്ക് വെളിച്ചം പകരാന്‍ പര്യാപ്തമാണ്. സ്വന്തം ജന്മദേശത്ത് നടത്തപ്പെട്ട സംവാദങ്ങളില്‍നിന്ന് തിരുസുന്നത്തിലേക്ക് ഒരെത്തിനോട്ടം മാത്രമാണിത്. അരനൂറ്റാണ്ടിനപ്പുറം 1966-ല്‍ വാഴക്കാട്ട് നടന്ന, മാസങ്ങള്‍ നീണ്ട സംവാദമാണ് ഉദ്ദേശിക്കുന്നത്.

ഖുര്‍ആനും സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്ന ധാരണയൊന്നും മുസ്‌ലിം ജനസാമാന്യത്തിന് അന്നുണ്ടായിരുന്നില്ല. ഓത്തുപള്ളികളില്‍നിന്ന് പഠിച്ച ആരാധനാ കര്‍മങ്ങളിലപ്പുറം തെളിവുകളന്വേഷിക്കുന്ന സ്വഭാവവും ഇല്ലായിരുന്നു. ഇസ്‌ലാഹി-ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ രംഗപ്രവേശമാണ് ഇതിന് മാറ്റമുണ്ടാക്കിയത്. 

യാഥാസ്ഥിതിക വിഭാഗവും ഉല്‍പതിഷ്ണു വിഭാഗവും തമ്മില്‍ നടന്ന സംവാദ പരമ്പരയിലേക്ക് അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ച ചര്‍ച്ചയും കടന്നുവരികയായിരുന്നു. വിവിധ വിഷയങ്ങളെ സംബന്ധിച്ച സംവാദത്തില്‍, യാഥാസ്ഥിതിക വിഭാഗം അവരുടെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ പണ്ഡിതന്മാരുടെയും മഹാന്മാരുടെയും അഭിപ്രായങ്ങള്‍ തെളിവായുദ്ധരിച്ചു തുടങ്ങി. ഇതിനെത്തുടര്‍ന്ന് ഉല്‍പതിഷ്ണു വിഭാഗത്തിന് നേതൃത്വം കൊടുത്തിരുന്ന എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവിയാണ് ചര്‍ച്ച പ്രമാണങ്ങളിലേക്ക് തിരിച്ചുവിട്ടത്. പിന്നീടങ്ങോട്ട് മറുപടിയും മറുപടിക്ക് മറുപടിയുമായി നീണ്ടുപോയ പ്രഭാഷണങ്ങളിലെല്ലാം 'തിരുസുന്നത്ത്' ദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

മദ്ഹബുകള്‍ നിലവില്‍ വന്നതോടെ നാലിലൊരു മദ്ഹബ് പിന്തുടര്‍ന്നാല്‍ മതിയെന്നും ഖുര്‍ആനും സുന്നത്തും തെളിവായുദ്ധരിക്കേണ്ട ബാധ്യത നമുക്കില്ലെന്നും വാദിച്ച് രക്ഷപ്പെടാന്‍ യാഥാസ്ഥിതിക വിഭാഗം നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തും സുന്നത്തെന്ന പേരില്‍ വ്യാജനിര്‍മിതവും ദുര്‍ബലവുമായ ഹദീസുകള്‍ ഉദ്ധരിച്ചും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു പിന്നീടവര്‍.

തുടര്‍ന്ന് ചര്‍ച്ചയുടെ മര്‍മം ഹദീസിന്റെ സ്വീകാര്യതയിലേക്കും അസ്വീകാര്യതയിലേക്കും നീങ്ങി. വ്യാജ ഹദീസുകളുടെ അരങ്ങേറ്റമുണ്ടായ ചരിത്ര സന്ദര്‍ഭവും അതിന് തടയിട്ട് സുന്നത്തിനെ സംരക്ഷിക്കാന്‍ മഹാന്മാര്‍ നടത്തിയ മഹനീയ സംരംഭങ്ങളും ഹദീസ് സമാഹാരണ യത്‌നങ്ങളും, സുന്നത്തിനെ വേര്‍തിരിച്ചെടുക്കാന്‍ മാനദണ്ഡമാക്കാനുതകുന്ന ഹദീസ് നിദാനശാസ്ത്രവും (ഉലൂമുല്‍ ഹദീസ്) എല്ലാം പഠനവിധേയമായി.

കേരളത്തിലെ പ്രഗത്ഭ ഇസ്‌ലാഹീ പണ്ഡിതന്മാരായിരുന്ന എ. അലവി മൗലവി, ശൈഖ് മുഹമ്മദ് മൗലവി, എ.കെ അബ്ദുല്ലത്വീഫ് മൗലവി, സൈദ് മൗലവി രണ്ടത്താണി, എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവരെല്ലാം അണിനിരന്ന് സവിസ്തരം നടത്തിയ പഠന-പ്രഭാഷണങ്ങളില്‍നിന്ന് ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളും പൂര്‍വികരായ പണ്ഡിതന്മാരുടെ പഠനങ്ങളും വീക്ഷണഗതികളും മുന്നില്‍ വെച്ച് ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളെ ഇങ്ങനെ സമാഹരിക്കാം:

1. ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് ആധാരം ദിവ്യസന്ദേശം (വഹ്‌യ്) ആകുന്നു. 2. വഹ്‌യ് രണ്ട് വിധം: ഖുര്‍ആനും സുന്നത്തും. 3. ഖുര്‍ആന്‍ ഒരു കലര്‍പ്പുമില്ലാത്ത അല്ലാഹുവിന്റെ 'കലാം'. അതിന് അല്ലാഹു നല്‍കിയ സുരക്ഷയുണ്ട്. അന്ത്യനാള്‍ വരെ ഒരക്ഷരവും ആര്‍ക്കും മാറ്റാനാകാത്തവിധം അല്ലാഹു ഖുര്‍ആന്‍ സംരക്ഷിച്ചുനിര്‍ത്തും. അന്ത്യനാള്‍ വരെ ലോകത്തിന്റെ ഗതിവിഗതികളിലും വൈജ്ഞാനിക- സാങ്കേതിക രംഗങ്ങളിലുമുണ്ടാകുന്ന മുഴുവന്‍ മാറ്റങ്ങളും ഉള്‍ക്കൊള്ളാനും എല്ലാറ്റിനെയും അതിജീവിക്കാനുമുള്ള ശേഷി ഖുര്‍ആനിനുണ്ട്. അതിനാല്‍ ഖുര്‍ആന്‍ പഠനം സാര്‍വത്രികവും സാര്‍വജനീനവും സാര്‍വലൗകികവും ആയിരിക്കണം. മരണാനന്തര ജീവിതത്തിലെ ആദ്യത്തെ ചോദ്യമായി പ്രവാചകന്‍ പഠിപ്പിച്ചത് 'ഖുര്‍ആന്‍ കൊണ്ട് എന്തു ചെയ്തു?' എന്നായിരിക്കുമല്ലോ. ഖുര്‍ആന്‍ ആയിരുന്നു എന്റെ ഇമാം അഥവാ ഞാന്‍ ഖുര്‍ആന്‍ പിന്‍പറ്റിയായിരുന്നു ജീവിച്ചിരുന്നത് എന്ന് ഉത്തരം നല്‍കാന്‍ ഓരോ വ്യക്തിക്കും സാധിക്കുമാറ് ഖുര്‍ആന്‍ നിത്യജീവിതത്തിന്റെ ഭാഗമായിത്തീരണം. 

4. തിരുസുന്നത്ത് ഖുര്‍ആന്റെ അനുബന്ധമായ രണ്ടാം പ്രമാണമാണ്. വഹ്‌യ് അടിസ്ഥാനമാക്കി പ്രവാചകന്‍ പഠിപ്പിച്ചതാണ് തിരുസുന്നത്ത്. പ്രവാചക ചര്യ പിന്‍പറ്റി ജീവിക്കണമെന്നത് അല്ലാഹു ഖുര്‍ആനിലൂടെ ആജ്ഞാപിച്ചതാണ്. ഖുര്‍ആനിന്റെ പ്രയോഗവത്കരണം കൂടിയാണ് സുന്നത്ത്. ഉദാഹരണത്തിന്, നമസ്‌കാരം നിലനിര്‍ത്തൂ എന്നത് ഖുര്‍ആനിന്റെ കല്‍പനയാണ്. എങ്ങനെ നമസ്‌കരിക്കണം എന്ന പ്രായോഗിക രൂപം നബിചര്യയും. രണ്ടും വഹ്‌യ് തന്നെ. വഹ്‌യ് അല്ലാത്ത, റസൂലിന്റെ വ്യക്തിപരമായ അഭിപ്രായം സുന്നത്തല്ല. ഉദാഹരണം, ബദ്ര്‍ യുദ്ധത്തില്‍ മുസ്‌ലിം സേനക്ക് നിലയുറപ്പിക്കാനുള്ള സ്ഥാനം റസൂല്‍ കാണിച്ചുകൊടുത്തപ്പോള്‍ ഒരനുയായി 'ഇത് താങ്കളുടെ അഭിപ്രായമാണോ അതല്ല അല്ലാഹു അറിയിച്ചതാണോ' എന്ന് ചോദിച്ചപ്പോള്‍ 'എന്റെ അഭിപ്രായമാണെ'ന്ന് റസൂല്‍ പറഞ്ഞു. എങ്കില്‍ ഇവിടെയല്ല, അവിടെയാണ് നല്ലത് എന്ന് പ്രസ്തുത അനുയായി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് പ്രവാചകന്‍ താവളം മാറ്റുകയും ചെയ്തു. ഭക്ഷണം, വേഷം തുടങ്ങിയ വിഷയങ്ങളിലും ഇതേ രീതി തന്നെയാണ് സ്വീകരിക്കേണ്ടത്. വലതു കൈകൊണ്ട് ഭക്ഷിക്കണം, ബിസ്മി ചൊല്ലണം ഇതെല്ലാം സുന്നത്താണ്. എന്നാല്‍ ഈത്തപ്പഴം കഴിക്കലോ സുര്‍ക്ക കൂട്ടലോ സുന്നത്തല്ല. പട്ട് ഉപേക്ഷിക്കല്‍ സുന്നത്ത്. അറബികളുടെ വേഷം ധരിക്കല്‍ സുന്നത്തല്ല.

ഖുര്‍ആനിനെ പോലെ സത്യസമ്പൂര്‍ണമായ ഗ്രന്ഥരൂപം സുന്നത്തിനില്ല. അങ്ങനെ അല്ലാഹു ചെയ്തിട്ടില്ല. പ്രവാചകന്‍ നിര്‍ദേശിച്ചിട്ടുമില്ല. പിന്നെങ്ങനെ സുന്നത്ത് ലഭിക്കും? പില്‍ക്കാലത്ത് സമാഹരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് സുന്നത്തിനെ തെരഞ്ഞെടുക്കുക തന്നെ. തെരഞ്ഞെടുക്കാനുള്ള മാനദണ്ഡമെന്ത്? ഖുര്‍ആനിന്റെ തത്ത്വങ്ങള്‍ക്കും അടിസ്ഥാനങ്ങള്‍ക്കും യോജിച്ചതാണോ ഹദീസ് എന്ന് പരിശോധിക്കുക. അപ്പോള്‍ ഖുര്‍ആനില്‍ ജ്ഞാനമില്ലാത്തവര്‍ എന്തു ചെയ്യും? ഖുര്‍ആനില്‍ ജ്ഞാനമുള്ളവരാണ് ഹദീസ് പഠിക്കേണ്ടത്. അഥവാ ഖുര്‍ആന്‍ പഠനത്തോടൊപ്പം പഠനഭാഗവുമായി ബന്ധപ്പെടുത്തി ഹദീസുകള്‍ പഠിക്കണം.

ഇവിടെയാണ് അല്‍പം വിശദമായ ചര്‍ച്ച ആവശ്യമായിവന്നത്. ആ ചര്‍ച്ച 'എന്തുകൊണ്ട് ഖുര്‍ആനിനോടൊപ്പം സുന്നത്ത് ക്രോഡീകരിച്ച് സമാന സ്വഭാവമുള്ള ഗ്രന്ഥമാക്കപ്പെട്ടില്ല' എന്നതിലേക്കാണ് എത്തിയത്. സുന്നത്ത് ഖുര്‍ആനിന്റെ ഉപ പ്രമാണമെന്ന സ്വഭാവമുള്ളതാണ് എന്ന മുന്‍ഗാമികളായ പലരുടെയും വീക്ഷണഗതിയിലെത്തിപ്പെട്ടത് അങ്ങനെയാണ്. ഖുര്‍ആനിനോടൊപ്പം സുന്നത്തും ക്രോഡീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഖുര്‍ആനില്‍നിന്നുയര്‍ന്നുവന്ന വൈജ്ഞാനിക-ശാസ്ത്ര വളര്‍ച്ചയോ നാഗരിക വളര്‍ച്ചയോ ഉണ്ടാകുമായിരുന്നില്ല. പില്‍ക്കാലത്ത് ഫിഖ്ഹും മദ്ഹബുകളുമെല്ലാം രംഗം കൈയടക്കിയപ്പോള്‍ ഖുര്‍ആനിക ചിന്തയും ശാസ്ത്രീയ വളര്‍ച്ചയുമെല്ലാം നിലച്ചുപോയത് നാം കണ്ടതാണല്ലോ.

ഖുര്‍ആന്‍ അവഗണിക്കപ്പെട്ടേക്കുമോ എന്ന ആശങ്കയായിരുന്നു ഉമര്‍(റ) പ്രകടിപ്പിച്ചത്. അല്ലാതെ സുന്നത്ത്‌നിഷേധികള്‍ പറയുന്ന പോലെ, സുന്നത്ത്‌വിരോധമായിരുന്നില്ല അതിനു കാരണം. അതിനാല്‍ ഖുര്‍ആനിന്റെ അനുബന്ധ പ്രമാണമെന്ന നിലയില്‍ ഖുര്‍ആനിന്റെ വിശദീകരണ(ബയാന്‍, തഫ്‌സീര്‍)മെന്ന സ്വഭാവത്തില്‍ സുന്നത്തിനെ ഹദീസ് സമാഹാരങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന രീതി തന്നെയാണ് ഖുര്‍ആനും സുന്നത്തും പ്രമാണമായി അംഗീകരിച്ചവരുടെ സൂക്ഷ്മ മാര്‍ഗം.

ഈയടിസ്ഥാനത്തില്‍, ഖുര്‍ആനികാധ്യാപനങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ യോജിക്കാത്തതും ഹദീസ് നിദാന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തള്ളപ്പെടേണ്ടതുമായ ഹദീസുകളെ മാറ്റിനിര്‍ത്തി ബഹിഷ്‌കൃത പട്ടികയില്‍ പെടുത്താം. ഇങ്ങനെ വരുമ്പോള്‍ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ ഹദീസ് ബുഖാരിയില്‍ ഉണ്ടെങ്കില്‍ അതിനെ മാറ്റിനിര്‍ത്താന്‍ പ്രയാസമില്ല. ഇവിടെയാണ് സത്യ സമ്പൂര്‍ണമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണെന്ന വസ്തുത യാഥാര്‍ഥ്യമാകുന്നത്.

പഴയകാല ഇസ്‌ലാഹീ -ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വ്യാജ ഹദീസുകളുടെ കടന്നുകയറ്റത്തെ സംബന്ധിച്ചും ബിദ്അത്തുകളില്‍ പെട്ടുപോകുന്ന വിഷയത്തിലും ജാഗ്രത പുലര്‍ത്തിയിരുന്നു. ഇന്നിപ്പോള്‍ ജാഗ്രതയോടെ കൈകോര്‍ത്തു നില്‍ക്കുന്ന സ്വഭാവം ഒന്ന് അയഞ്ഞപ്പോള്‍, അന്ന് ഭയപ്പെട്ടതെല്ലാം തള്ളിക്കയറുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലേക്കെത്തുന്നുണ്ടോ എന്ന് അനുഭവജ്ഞാനമുള്ള ഇസ്‌ലാഹീ പ്രമുഖരും പ്രവര്‍ത്തകരും പരിശോധിക്കേണ്ടതുണ്ട്. നിസ്സംഗത ആപത്കരമാണ്.

ഇസ്രാഈലീ കെട്ടുകഥകളിലും വ്യാജ നിര്‍മിത ഹദീസുകളിലും സുന്നത്ത് മുങ്ങിപ്പോയ കാലത്താണല്ലോ മഹാന്മാര്‍ സുന്നത്തിന്റെ സംരക്ഷണാര്‍ഥം ഇറങ്ങിത്തിരിച്ച് കഠിനാധ്വാനത്തിലൂടെ ഹദീസുകള്‍ സമാഹരിച്ചത്. പ്രത്യക്ഷത്തില്‍ അവ രണ്ടിലുമുള്‍പ്പെട്ടതാണെന്ന് ബോധ്യപ്പെട്ടവ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്തു. എന്നാലും ഖുര്‍ആന്‍ നിര്‍ദേശിച്ച ആദര്‍ശമാര്‍ഗത്തിലുള്ള അധ്വാനത്തെ പരിഗണിക്കാതെ സ്വര്‍ഗത്തിലേക്കുള്ള കുറുക്കുവഴിയില്‍ വിശ്വാസികളെ തളച്ചിടാന്‍ പ്രേരിപ്പിക്കുന്ന നിരവധി ഹദീസുകള്‍ ഹദീസ് സമാഹാരങ്ങളിലില്ലേ? ഇവ എടുത്തുദ്ധരിക്കുന്നതിനു പകരം തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുകയെങ്കിലും (മൗഖൂഫ്) ചെയ്തു കൂടേ? ഇന്നിപ്പോള്‍ നേരത്തേ പറഞ്ഞ പിടിത്തം വിട്ടപ്പോഴുള്ള തള്ളിക്കയറ്റത്തില്‍ 'സ്വിഹാഹുസ്സിത്ത'യില്‍ ഇല്ലാത്ത എത്രയെത്ര കഥകളും സങ്കല്‍പങ്ങളുമാണ് ഹദീസുകളെന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്! മിമ്പറിലേക്കുപോലും ഇവ കയറിയെത്താന്‍ തുടങ്ങിയിട്ടുണ്ട്.

ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഹദീസ്‌നിഷേധം വിജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്ത ചില കളികള്‍ മാത്രം. എങ്കിലും തെറ്റിദ്ധാരണ നീക്കാന്‍ സോഷ്യല്‍ മീഡിയയെ തന്നെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. സുന്നത്തിനെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍, കഴിഞ്ഞകാലത്തെ വിജയകരമായ സംരംഭങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രംഗത്തു വരേണ്ടതുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (20-24)
എ.വൈ.ആര്‍