Prabodhanm Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

'ദാഇശ്' - ഇനി രാഷ്ട്രമില്ല, സംഘടന മാത്രം

ബശീര്‍ അല്‍ബക്ര്‍

മൗസ്വിലില്‍നിന്ന് തുരത്തപ്പെട്ട് ഏകദേശം രണ്ട് മാസത്തിനകം 'ഖിലാഫത്തി'ന്റെ തലസ്ഥാനമായ റഖയും കൈവിട്ടതോടെ ഐ.എസ് എന്ന ദാഇശിന്റെ കൈവശം ഇനി രാഷ്ട്രമില്ല. ഈ രണ്ട് ചരിത്ര നഗരങ്ങളുമായി ബന്ധപ്പെട്ട ഐ.എസ് മുദ്രകളെല്ലാം ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. അബൂബക്ര്‍ ബഗ്ദാദി എന്ന 'ഖലീഫ'ക്ക് ഇനി 'ഖിലാഫത്ത്' ഇല്ല. അയാള്‍ എവിടെയെങ്കിലും തെണ്ടിത്തിരിയുകയാണോ ഒളിച്ചിരിക്കുകയാണോ, സിറിയന്‍-ഇറാഖ് മരുഭൂമികളിലെവിടെയോ വെച്ച് മണ്ണോട് ചേര്‍ന്നിട്ടുണ്ടാവുമോ- ഒന്നും കൃത്യമായി അറിഞ്ഞുകൂടാ.

ബഗ്ദാദിയെക്കുറിച്ചോ അയാളുടെ അവശേഷിച്ച അനുയായികളെക്കുറിച്ചോ ആരും വിവരങ്ങള്‍ നല്‍കുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ലോകത്ത് ഭീതി വിതച്ചുകൊണ്ടിരുന്ന ഈ സംഘത്തിനെതിരെ ഭീകരവിരുദ്ധയുദ്ധം നടത്തിക്കൊണ്ടിരുന്ന അമേരിക്ക പോലുള്ള വന്‍ശക്തികള്‍ക്ക് വളരെ മികച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടായിട്ടും ഇതാണ് സ്ഥിതി.

ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ/തന്‍ളീമുദ്ദൗല അല്‍ ഇസ്‌ലാമിയ്യ എന്നൊക്കെ ചാനല്‍ ചര്‍ച്ചകളിലും മറ്റും ക്ലേശിച്ച് പറഞ്ഞുകൊണ്ടിരുന്നവര്‍ക്ക് ഇനി 'ദാഇശ്' എന്ന് മാത്രം പറഞ്ഞാല്‍ മതിയാവും. കാരണം ഭൗതികമായും പ്രതീകാത്മകമായുമൊക്കെ ഐ.എസ് രാഷ്ട്രം നിലംപതിച്ചിരിക്കുന്നു. ഇറാഖില്‍നിന്നും സിറിയയില്‍നിന്നും അത് തുരത്തപ്പെട്ടിരിക്കുന്നു. ഐ.എസ് രാഷ്ട്രം തകര്‍ന്നത് മാത്രമല്ല നമ്മുടെ പ്രധാന ചര്‍ച്ചാവിഷയം;  ഈ രാഷ്ട്രത്തിന്റെ പടയാളികള്‍ എവിടെപ്പോയി എന്നത് കൂടിയാണ്. ഇറാഖിന്റെ 40 ശതമാനം ഭൂമിയും സിറിയയുടെ 30 ശതമാനം ഭൂമിയും ഇക്കൂട്ടരുടെ കൈപ്പിടിയിലായിരുന്നു. എന്നിട്ടും ഐ.എസ് പടയാളികളെക്കുറിച്ച് ഒരു വിവരവുമില്ല. റഖ മോചിപ്പിച്ച വേളയില്‍ അംഗഭംഗം വന്ന ചിലരെ കാണിച്ചിരുന്നു, പിടിക്കപ്പെട്ട ഐ.എസ് പടയാളികളെന്ന പേരില്‍. വധിക്കപ്പെട്ട ഒരു ഐ.എസ് പടയാളിയുടെ പോലും ചിത്രം എവിടെയും കണ്ടിട്ടില്ല. റഖയില്‍വെച്ച് പിടികൂടി എന്ന് പറയപ്പെടുന്ന പടയാളികളെ കണ്ടാല്‍ തെരുവില്‍ അലഞ്ഞു തിരിയുന്ന ഉടുതുണിക്ക് മറുതുണിയില്ലാത്തവരാണെന്നേ തോന്നൂ. പണം കൊടുത്ത് ഇവരെ ഫോട്ടോ സെഷന് നിര്‍ത്തിയതാകണം. തങ്ങള്‍ക്കു ചുറ്റും എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് യാതൊന്നുമറിയാത്തവരാണ് അവരെന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുള്ള അവരുടെ നോട്ടം കണ്ടാലറിയാം.

റഖ വീണയുടനെയാണ് കിര്‍കുകില്‍ ഇറാഖി സൈന്യവും കുര്‍ദ് സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടാവുമോ എന്ന ആശങ്ക ഉയര്‍ന്നത്. അപ്പോള്‍ ശ്രദ്ധമുഴുവന്‍ കിര്‍കുകിലേക്കായി. ഒരു കാര്യം വ്യക്തമാണ്. 'ദാഇശി'ല്‍ പെട്ട ഒരുത്തനും ഇപ്പോള്‍ റഖയില്‍ ഇല്ല. ഇത് വിവിധ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചതാണ്. റഖയില്‍ ഉണ്ടായിരുന്ന ദാഇശികളില്‍ ഒരു വിഭാഗം 'ഡെമോക്രാറ്റിക് സിറിയ' എന്ന പോരാളി ഗ്രൂപ്പിന്റെ പിടിയിലായി എന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ മേഖലയിലെ ഗോത്രനേതാക്കളും ഇടപെട്ടിരുന്നുവത്രെ. പുറത്തുനിന്ന് വന്ന ദാഇശികള്‍ കീഴടങ്ങിയതിന് തെളിവൊന്നുമില്ല. അവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരിക്കും. ഇവരില്‍ അധികവും വന്നിരുന്നത് ഫ്രാന്‍സില്‍നിന്നായിരുന്നു എന്നും രഹസ്യവിവരമുണ്ട്.

ഇതൊക്കെ പുറമേക്ക് പറയുന്ന വര്‍ത്തമാനങ്ങള്‍. സത്യമെന്തെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. മൗസ്വില്‍ കീഴ്‌പ്പെടുത്തിയതിനു ശേഷം അമേരിക്ക പിന്തുടരുന്ന സ്ട്രാറ്റജി, ദാഇശില്‍നിന്ന് കൊല്ലപ്പെട്ടവരുടെയും പിടിക്കപ്പെട്ടവരുടെയും എണ്ണത്തെക്കുറിച്ച എല്ലാ കണക്കുകളും മറച്ചുവെക്കുക എന്നതാണ്. അമേരിക്ക എന്തോ ലക്ഷ്യമിടുന്നുണ്ടാവണം ഈ തമസ്‌കരണത്തിലൂടെ.

ചരിത്രം ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകരെയും നിങ്ങള്‍ക്ക് കാണാം. 'ഇറാഖ്-സിറിയ ഇസ്‌ലാമിക് സ്റ്റേറ്റ്' പോയതുകൊണ്ട് ദാഇശ് പോകില്ലെന്നാണ് അവര്‍ പറയുന്നത്. അതിന് ഏറ്റവും നല്ല തെളിവ്, ഐ.എസ് രാഷ്ട്ര പതനത്തിനു ശേഷം അമേരിക്ക പിന്തുടരുന്ന നയം തന്നെ. ഐ.എസിന് ജന്മം നല്‍കിയ മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് യാതൊരു ശ്രമവും അമേരിക്ക നടത്തുന്നില്ല. അമേരിക്കന്‍ അധിനിവേശമാണല്ലോ ഇറാഖില്‍ ദാഇശിന് വളക്കൂറുള്ള മണ്ണൊരുക്കിയത്. 2012 മുതല്‍ ഒബാമ ഭരണകൂടം തുടര്‍ന്നുവന്ന അഴകൊഴമ്പന്‍ നയമാണ് ഇരുരാഷ്ട്രങ്ങളിലും ഐ.എസ് വേരു പിടിക്കാന്‍ പ്രധാന നിമിത്തമായത്. ഒടുവില്‍ 2014 ജൂണില്‍ അത് മൗസ്വിലിന്റെ പതനത്തില്‍ കലാശിക്കുകയും ചെയ്തു.

ദാഇശിനെ എതിരിടുന്നതില്‍ ഒബാമ ഭരണകൂടത്തേക്കാള്‍ വളരെക്കൂടുതല്‍ വ്യക്തതയുണ്ട് ട്രംപ് ഭരണകൂടത്തിന്. ഒബാമ ഭരണകൂടത്തിന് സാധിക്കാത്തതാണ് ട്രംപ് ഭരണകൂടം പത്തു മാസം കൊണ്ട് സാധിച്ചത്. പക്ഷേ, രണ്ട് ക്ലേശകരമായ ജോലികള്‍ ഇനിയും ബാക്കിയുണ്ട്. 2014-നു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോയ ദാഇശിനെ പൂര്‍ണമായി തുരത്തുക എന്നതാണ് ഒന്ന്. രണ്ടാമത്തേത്, ഐ.എസിന്റെ മുളപൊട്ടലിന് സിറിയയിലും ഇറാഖിലും മണ്ണൊരുക്കിയ രാഷ്ട്രീയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുക എന്നതും.

ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു വിഷയമുണ്ട്. മൗസ്വിലിലെയും റഖയിലെയും തിരിച്ചടികള്‍ വകവെക്കാതെ സിറിയയിലെ ദാഇശ് പോരാട്ടം തുടരുന്നു എന്നതാണത്. സിറിയയിലെ ദാഇശിന്റെ പങ്കിനെക്കുറിച്ചും ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഇത്. സിറിയന്‍ വിപ്ലവത്തെ തുരങ്കം വെക്കുന്ന തരത്തിലാണ് ഐ.എസ് ആദ്യമായി സിറിയയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് എന്ന കാര്യവും ഓര്‍ക്കുക. 

 

 

*******************************************************************************************

 

ദാഇശാനന്തരം ഒന്നും നടക്കാന്‍ പോകുന്നില്ല

-സലാമ കൈല-

ദാഇശാനന്തരം എന്ത് എന്ന ചോദ്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ദാഇശ്/ഐ.എസ് ഇല്ലാതായിക്കഴിഞ്ഞു എന്ന സങ്കല്‍പത്തിലാണിത്. മേഖലയെ വിറപ്പിച്ച ഒരു സംഘം കൂടൊഴിയുമ്പോള്‍ പകരം സംവിധാനങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന ചര്‍ച്ച സ്വാഭാവികമാണ്. അത്യന്തം അപകടകാരികളായ ഒരു സംഘത്തിനെതിരെ ജീവന്‍മരണ പോരാട്ടം എന്നൊരു ധാരണയാണ് ദാഇശ്‌വിരുദ്ധ നീക്കങ്ങള്‍ ഇന്നേവരെ ജനമനസ്സുകളില്‍ സൃഷ്ടിച്ചുപോന്നിട്ടുള്ളത്. അതിനിര്‍ണായകമായ ആ യുദ്ധം ജയിച്ചു എന്നും ഇപ്പോള്‍ പറയുന്നു. ദാഇശ് തകര്‍ക്കപ്പെട്ട സ്ഥിതിക്ക് ആരൊക്കെ, എങ്ങനെയൊക്കെ പകരം കയറിനില്‍ക്കും എന്ന ചര്‍ച്ചയാണ് നടക്കുന്നത്.

'അമാനുഷ' ശേഷികളുള്ള, സാങ്കേതിക മികവുകളില്‍ ആരെയും കവച്ചുവെക്കുന്ന അപകടകാരികളായ സംഘമായി ദാഇശ് ചിത്രീകരിക്കപ്പെട്ടതിനാല്‍, അതിനെ നേരിടുന്നതിനായി 63 രാഷ്ട്രങ്ങള്‍ ചേര്‍ന്ന ഒരു പടിഞ്ഞാറന്‍ സഖ്യം രൂപപ്പെട്ടതില്‍ ആര്‍ക്കും അസ്വാഭാവികത തോന്നില്ലല്ലോ. റഷ്യയും ഇറാനും അവയുടെ ഉപഗ്രഹ രാഷ്ട്രങ്ങളും ചേര്‍ന്ന മറ്റൊരു ദാഇശ്‌വിരുദ്ധ സഖ്യവുമുണ്ട്. ദാഇശിനെതിരെയുള്ള യുദ്ധത്തില്‍ പതിനായിരക്കണക്കിന് സൈനികരാണ് അണിനിരന്നത്. ഈ ഭീകര സംഘത്തെ തോല്‍പിക്കാന്‍ സകലവിധ ആയുധങ്ങളും പ്രയോഗിക്കുകയും ചെയ്തു. യുദ്ധച്ചെലവിലേക്കായി ഒഴുകിയതോ വിവിധ രാഷ്ട്രങ്ങളില്‍നിന്ന് ബില്യന്‍ കണക്കിന് ഡോളറുകള്‍. സിറിയയിലും ഇറാഖിലും പതിനായിരക്കണക്കിന് പൗരന്മാര്‍ വധിക്കപ്പെട്ടു. നിരവധി നഗരങ്ങള്‍ പാടേ തകര്‍ക്കപ്പെട്ടു. ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ലക്ഷങ്ങളാണ് അഭയാര്‍ഥികളായി മറ്റിടങ്ങളില്‍ കഴിഞ്ഞുകൂടുന്നത്. ദാഇശ്‌വിരുദ്ധ യുദ്ധം മൂന്ന് വര്‍ഷവും പിന്നീട് മാസങ്ങളും നീണ്ടുനിന്നു; ലോക രാഷ്ട്രങ്ങളുടെ മൊത്തം പിന്തുണയോടെ. ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ക്ക് വരെ ഇത്ര മീഡിയാ കവറേജ് കിട്ടിക്കാണില്ല. ഈ സംഘത്തെക്കുറിച്ച് പറഞ്ഞ് പരത്തിയ 'മഹാഭീതികള്‍' ഏറ്റവുമൊടുവില്‍ വന്നുനോക്കുമ്പോള്‍ ചുക്കിച്ചുളിഞ്ഞു പോകുന്നതാണ് കാണാന്‍ കഴിയുക. ഐ.എസ് എന്ന 'മഹാശക്തി' ഒരു ചെറുത്തു നില്‍പുപോലുമില്ലാതെ കീഴടങ്ങുന്നു; ഉടനടി ചിത്രത്തില്‍നിന്ന് അപ്രത്യക്ഷമാവുന്നു.

ദാഇശാനന്തരം എന്ത് എന്ന ചോദ്യത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ദാഇശിന്റെ 'പരാജയ'ത്തിനു ശേഷം അങ്ങനെയൊരു ചര്‍ച്ച വേണ്ടതുമാണ്. പക്ഷേ, അത്തരമൊരു ചോദ്യം തന്നെ ചിരിയുണര്‍ത്തുന്നതും പരിഹാസ്യവുമാണ് എന്നത്രെ ഈ കുറിപ്പുകാരന്റെ പക്ഷം. കാരണം ആ ചോദ്യം ഉത്ഭവിക്കുന്നതു തന്നെ 'ദാഇശിനെതിരെയുള്ള യുദ്ധം' ഒരു സംഭവയാഥാര്‍ഥ്യമാണ് എന്നതില്‍നിന്നാണല്ലോ. യുദ്ധത്തില്‍ ദാഇശ് പരാജയപ്പെട്ടുകഴിഞ്ഞാല്‍ സ്വാഭാവികമായും പിന്നീടുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. പക്ഷേ, അങ്ങനെയൊരു യുദ്ധം നടന്നിട്ടില്ല എന്നതാണ് സത്യം. ആ യുദ്ധത്തിന്റെ മറവില്‍ തല്‍പ്പരകക്ഷികള്‍ ഇറാഖിലെയും സിറിയയിലെയും സ്ഥിതിഗതികള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക മാത്രമാണ് ചെയ്തത്. കാര്യങ്ങള്‍ തങ്ങളുടെ വരുതിയില്‍ വരുത്തുക എന്ന ലക്ഷ്യം പൂര്‍ത്തിയായപ്പോള്‍ 'യുദ്ധം' അവസാനിക്കുകയും ചെയ്തു! അപ്പോള്‍ ദാഇശിന്റെ മേല്‍വിലാസത്തില്‍ നടക്കുന്ന ഈ ചര്‍ച്ച തന്നെ യഥാര്‍ഥ വിഷയത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് എന്ന് പറയേണ്ടിവരും.

ദാഇശ്‌വിരുദ്ധ യുദ്ധപ്രഖ്യാപനം കഴിഞ്ഞ ഉടനെ എന്താണ് സംഭവിച്ചതെന്ന് നോക്കുക. ഇറാഖില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വളരെയധികം ശക്തിപ്പെടുത്തി. അമേരിക്കയുടെ പൂര്‍ണ മേല്‍നോട്ടത്തില്‍ ഇറാഖി സൈന്യത്തെ പുനഃസംഘടിപ്പിച്ചു. അമേരിക്കന്‍ നയങ്ങള്‍ ഇറാഖിനു മേല്‍ അടിച്ചേല്‍പിക്കുന്നതിന്റെ ഭാഗമാണിത്. ഇറാഖില്‍നിന്ന് അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ 'ധൃതിപിടിച്ച്' തീരുമാനമെടുത്തെങ്കിലും അമേരിക്കന്‍ മേല്‍ക്കോയ്മക്ക് ഒരു കുറവും വന്നിട്ടുായിരുന്നില്ല. ഈ മേല്‍ക്കോയ്മക്കു വേണ്ടിയായിരുന്നു 1991-ലെയും 2003-ലെയും യുദ്ധങ്ങള്‍. എണ്ണസമ്പന്നമായ ഇറാഖില്‍ ഇറാന്റെ പിടി അയക്കുക എന്നതും ഈ നീക്കങ്ങളുടെ ലക്ഷ്യമായിരുന്നു.

സിറിയയില്‍ വിപ്ലവത്തെ തുരങ്കം വെക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് നടന്നത്. ഏറ്റവുമൊടുവില്‍ സിറിയന്‍ വിഷയത്തില്‍ അമേരിക്കയും റഷ്യയും ഒരു ധാരണയില്‍ എത്തുകയായിരുന്നു.

സിറിയയില്‍ റഷ്യന്‍ മേല്‍ക്കോയ്മ അമേരിക്ക അംഗീകരിച്ചുകൊടുക്കുകയാണുണ്ടായത്. അതനുസരിച്ചാണ് ഇനിയിവിടെ കാര്യങ്ങള്‍ നീങ്ങുക. സിറിയയിലെ റഷ്യന്‍ മേല്‍ക്കോയ്മ ഇറാഖിലെ അമേരിക്കന്‍ മേല്‍ക്കോയ്മയേക്കാള്‍ ഭദ്രമാണെന്നും പറയാം. സിറിയയിലെ റഷ്യന്‍ അധിനിവേശത്തിന് അവിടത്തെ ഭരണകൂടത്തിന്റെ തന്നെ ഔദ്യോഗിക അംഗീകാരമുണ്ടല്ലോ.

അതുകൊണ്ടാണ് പറഞ്ഞത്, അമേരിക്കയും റഷ്യയും തമ്മിലുള്ള പങ്കുവെപ്പിന് കേവലം ഒരു മറ മാത്രമായിരുന്നു ഐ.എസ് വിരുദ്ധ യുദ്ധം എന്ന്. ഇക്കാര്യത്തില്‍ ഇരു രാഷ്ട്രങ്ങളും മേഖലയിലെ മറ്റു ശക്തികളും തമ്മില്‍ ഒരു ധാരണ രൂപപ്പെട്ടതോടെ, സിറിയയിലും ദാഇശ്‌വിരുദ്ധ യുദ്ധത്തിന് വിരാമമായി! ഉള്ളുകള്ളികള്‍ മറച്ചുവെക്കാന്‍ ആ 'യുദ്ധവിജയം' ആഘോഷിക്കപ്പെടേണ്ടതുമുണ്ടായിരുന്നു. തല്‍പ്പര കക്ഷികള്‍ അവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞതോടെ ഇനി വിജയക്കൊടി നാട്ടാം. അതിനാല്‍ ദാഇശാനന്തരം എന്ത് എന്നാലോചിച്ച് ആരും തലപുണ്ണാക്കേണ്ടതില്ല. അത് 'ദാഇശ്‌വിരുദ്ധ യുദ്ധ' കാലത്തു തന്നെ തീരുമാനിക്കപ്പെട്ടുകഴിഞ്ഞതാണ്. 

(ഐ.എസ്സിന്റെ ഭാവിയെക്കുറിച്ച് രണ്ട് അറബ് കോളമിസ്റ്റുകളുടെ നിരീക്ഷണങ്ങള്‍)


Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (20-24)
എ.വൈ.ആര്‍