Prabodhanm Weekly

Pages

Search

2017 നവംബര്‍ 03

3024

1439 സഫര്‍ 14

അറിവു തേടി കടല്‍ കടക്കുന്നു

എ. മുഹമ്മദലി ആലത്തൂര്‍

രണ്ട് പ്രധാന കലാലയങ്ങളില്‍നിന്ന് ഇസ്‌ലാമിക വിദ്യാഭ്യാസം നേടിയശേഷം നാലരപതിറ്റാണ്ടോളം വിവിധ മേഖലകളുമായി ബന്ധപ്പെടാനും ഉത്തരവാദപ്പെട്ട പല സ്ഥാനങ്ങളും വഹിക്കാനും അവസരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ്. 

ശാന്തപുരം ഇസ്‌ലാമിയാ കോളേജിലും ദോഹയിലെ മഅ്ഹദുദ്ദീനിയിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം പത്തൊമ്പതു വര്‍ഷം ഖത്തറില്‍ ഒരു ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ഉദ്യോഗസ്ഥന്‍. ആറു വര്‍ഷത്തോളം ഒരു ബിസിനസ് സ്ഥാപനത്തില്‍ സെക്രട്ടറി. പിന്നീട് ആ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് മാനേജര്‍. കൂടാതെ, ഖത്തറിലെ പ്രവാസി മലയാളി കൂട്ടായ്മയായ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തകന്‍, വര്‍ക്കിംഗ് കമ്മിറ്റിയംഗം, രണ്ടു വര്‍ഷം വീതം അതിന്റെ പ്രസിഡന്റും സെക്രട്ടറിയും, ഒരു പ്രധാന ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥാപക സമിതിയംഗം, നാലു വര്‍ഷം സ്ഥാപക സമിതിയുടെയും സ്‌കൂള്‍ ഭരണസമിതിയുടെയും പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു. ഇരുപത്തേഴു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പതിനാലു വര്‍ഷത്തോളം മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമിയുടെ സെക്രട്ടറിയായും മാധ്യമം പത്രത്തിന്റെ എഡിറ്റര്‍, പ്രിന്റര്‍, പബ്ലിഷര്‍ ചുമതലകളിലും നാലു വര്‍ഷം ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സെക്രട്ടറിയും എട്ടുവര്‍ഷം സംസ്ഥാന കൂടിയാലോചനാ സമിതിയംഗവും നാലുവര്‍ഷം അഖിലേന്ത്യാ പ്രതിനിധിസഭാംഗവുമായും സേവനം ചെയ്തതോടൊപ്പം, മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം, ബൈത്തുസ്സകാത്ത് കേരള, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്റ് ക്രെഡിറ്റ്‌സ് ലിമിറ്റഡ് എന്നീ സേവനസംരംഭങ്ങളുടെ തുടക്കം മുതല്‍ അവയുടെ മുഖ്യ നടത്തിപ്പുകാരില്‍ ഒരാളായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു.

 

ഖത്തറിലേക്ക്

'ഖത്തറിലെ മഅ്ഹദുദ്ദീനിയില്‍ പഠിക്കാന്‍ ഒരു സീറ്റ് തന്നാല്‍ പോയിക്കൂടേ?' ഉസ്താദ് അബുല്‍ജലാല്‍ മൗലവിയുടെ ചോദ്യം തീരെ അപ്രതീക്ഷിതമായിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ ഫൈനല്‍ ഇയറിന് പഠിക്കുന്ന കാലമാണ്. 1970 അവസാനത്തില്‍ മിക്ക വിഷയങ്ങളിലും ക്ലാസുകള്‍ പൂര്‍ത്തിയായി ഫൈനല്‍ പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. ആ സമയത്താണ് കോളേജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി ഇപ്രകാരം ചോദിച്ചത്.

ഇസ്‌ലാമിക-ഭൗതിക വിദ്യാഭ്യാസക്രമങ്ങള്‍ സമന്വയിപ്പിച്ച് ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ നടന്നുവരുന്ന വിദ്യാഭ്യാസ പദ്ധതിയെ പരിചയപ്പെടുത്താനും സ്ഥാപന നടത്തിപ്പിനുള്ള സാമ്പത്തിക സഹായവും മറ്റും ലഭ്യമാക്കാനും കോളേജിന്റെ സാരഥ്യം വഹിച്ചിരുന്ന മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി ഏതാണ്ട് ഒരുവര്‍ഷം മുമ്പ് ഖത്തറടക്കമുള്ള ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിച്ച അവസരത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ശൈഖ് ജാസിം ബിന്‍ ഹമദ് ആലുഥാനിക്ക് നല്‍കിയ അപേക്ഷയനുസരിച്ച്, ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ അഞ്ചു വിദ്യാര്‍ഥികള്‍ക്കാണ് ഖത്തര്‍ വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പോടെ ദോഹയിലെ അല്‍ മഅ്ഹദുദ്ദീനി(റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂട്ടി) യില്‍ ഉപരിപഠനം നടത്താനുള്ള അവസരം ലഭിച്ചത്. ഖത്തര്‍ സന്ദര്‍ശന വേളയില്‍ അബുല്‍ ജലാല്‍ മൗലവി ചെന്നു കണ്ട ഖത്തറിലെ പ്രമുഖ പണ്ഡിതനായ ശൈഖ് അബ്ദുല്ല അന്‍സ്വാരി, മഅ്ഹദുദ്ദീനി പ്രിന്‍സിപ്പല്‍ ശൈഖ് യൂസുഫുല്‍ ഖറദാവി, വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ തുടങ്ങിയവര്‍ അബുല്‍ ജലാലിന്റെ അറബിഭാഷാ പാണ്ഡിത്യത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടരായി ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സവിശേഷ വിദ്യാഭ്യാസ കേന്ദ്രമായ ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ വിദ്യാര്‍ഥികളെയും ഖത്തര്‍ ഗവണ്‍മെന്റ് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തേ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ എ. ഹൈദറലി, ടി.കെ ഇബ്‌റാഹീം, വി.പി അഹ്മദ് കുട്ടി എന്നീ മൂന്നു പേര്‍ക്ക് സുഊദി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ മദീനാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് സെലക്ഷന്‍ കിട്ടിയ ശേഷം രണ്ടാമതായി കോളേജിന് ലഭിച്ച അംഗീകാരമായിരുന്നു ഖത്തറിലേക്ക് വിദ്യാര്‍ഥികളെ അയക്കാനുള്ള അവസരം. ഈയുള്ളവനെ കൂടാതെ എം.വി മുഹമ്മദ് സലീം, പി. അബൂസാലിഹ്, ഒ.പി ഹംസ, സി.ടി അബ്ദുര്‍റഹീം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു നാലു പേര്‍. ഇതില്‍ സി.ടി അബ്ദുര്‍റഹീം ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജിന്റെ പ്രതിനിധിയായിരുന്നു.

മുംബൈയില്‍നിന്ന് ദോഹയിലേക്ക് കപ്പലിലായിരുന്നു യാത്ര. യാത്രാരേഖകളുടെ പരിശോധനയും മറ്റും കഴിഞ്ഞ് കപ്പലില്‍നിന്ന് പുറത്തുകടന്നപ്പോള്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ കാറുമായി കേളോത്ത് അബ്ദുല്ല ഹാജി കാത്തുനില്‍പുണ്ടായിരുന്നു. ഖത്തറിലെത്തുന്ന പ്രസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും സ്വീകരിക്കുകയും അവിടത്തെ മതപണ്ഡിതന്മാരുടെ അടുത്തും സര്‍ക്കാരാഫീസുകളിലുമൊക്കെ കൊണ്ടുപോവുകയും ചെയ്യുന്ന ചുമതല സന്തോഷപൂര്‍വം നിര്‍വഹിച്ചിരുന്ന ആളാണ് ഹാജി. അന്നേ സ്വന്തമായി കാറുണ്ടായിരുന്ന ചുരുക്കം മലയാളികളിലൊരാള്‍. ദോഹാ പെട്രോള്‍ പമ്പിനടുത്തുള്ള ദോഹാ ഹോട്ടലിന്റെയും കുറേ കിഴക്കുമാറിയുള്ള ശബാബുശ്ശര്‍ഖ് ഹോട്ടലിന്റെയും ഉടമയായിരുന്നു അദ്ദേഹം. കേരളീയ ശൈലിയിലുള്ള ഭക്ഷണവും ചായയും മറ്റും ലഭിക്കുന്ന റസ്‌റ്റോറന്റുകളായിരുന്നു ആ രണ്ടു സ്ഥാപനങ്ങളും. രണ്ടര പതിറ്റാണ്ടിലധികം നീണ്ട ഖത്തറിലെ താമസക്കാലത്തുടനീളം അബ്ദുല്ല ഹാജിയുമായുള്ള സ്‌നേഹ സൗഹൃദങ്ങള്‍ ഊഷ്മളമായി നിലനിന്നുവെന്നത് പ്രത്യേകം സ്മരണീയമാണ്.

അല്‍ മഅ്ഹദുദ്ദീനിയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളെല്ലാം താമസിച്ചിരുന്ന ദോഹാ സ്റ്റേഡിയത്തിനും പബ്ലിക് ലൈബ്രറി 'ദാറുല്‍ കുതുബി'നും സമീപത്തുള്ള സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍ 'അല്‍ ഖിസ്മുദ്ദാഖിലി'യിലേക്കാണ് അബ്ദുല്ല ഹാജി ഞങ്ങളെ കൊണ്ടുപോയത്. നേരത്തേ എത്തിച്ചേര്‍ന്ന മൂന്നുപേരും അവിടെയുണ്ടായിരുന്നു. ആഫ്രിക്കയിലെ ഘാന, റുവാണ്ട, ബുറുണ്ടി, താന്‍സാനിയ, ഏഷ്യയിലെ ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ്, യമന്‍ തുടങ്ങി വിവിധ ദേശക്കാരും ഭാഷക്കാരുമായ ധാരാളം വിദേശ വിദ്യാര്‍ഥികള്‍ 'ഖിസ്മുദ്ദാഖിലി'യില്‍ താമസിക്കുന്നുണ്ട്.

സ്‌കോളര്‍ഷിപ്പ് അനുവദിച്ച് വിവിധ നാടുകളില്‍നിന്ന് കൊണ്ടുവരുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഗവണ്‍മെന്റ് ചെലവില്‍ ഒരുക്കിയിരുന്നതിനു പുറമെ റൊക്കമായി പ്രതിമാസ സ്‌കോളര്‍ഷിപ്പ് സഹായവും നല്‍കിയിരുന്നു.

ഇബ്തിദാഇ(പ്രൈമറി) ആറു വര്‍ഷം, ഇഅ്ദാദി(പ്രിപ്പറേറ്ററി) മൂന്നു വര്‍ഷം, ഥാനവി(സെക്കന്ററി) മൂന്നു വര്‍ഷം എന്നിങ്ങനെ പന്ത്രണ്ടു വര്‍ഷത്തെ പഠനം അടങ്ങുന്നതാണ് ഖത്തറിലെ സ്‌കൂള്‍ സിസ്റ്റം. അതില്‍ ഇഅ്ദാദി, ഥാനവി എന്നീ ഘട്ടങ്ങളിലെ ആറു ക്ലാസുകളാണ് അല്‍മഅ്ഹദുദ്ദീനിയിലുള്ളത്. മുഖ്യമായും മതവിദ്യാലയമായി സ്ഥാപിക്കപ്പെട്ടതാണെങ്കിലും വിദ്യാര്‍ഥികളുടെ താല്‍പര്യമനുസരിച്ച് അല്‍ഖിസ്മുദ്ദീനി(മതപഠന വിഭാഗം), അല്‍ ഖിസ്മുല്‍ അദബി(ലിറ്ററേച്ചര്‍/പൊതുവിദ്യാഭ്യാസം) എന്നീ രണ്ടു വിഭാഗങ്ങളിലൊന്നില്‍ ചേര്‍ന്നു പഠിക്കാം. ഇസ്‌ലാമിക വിദ്യാഭ്യാസ പ്രോത്സാഹനാര്‍ഥം തെരഞ്ഞെടുക്കപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളിലെയും അവികസിത നാടുകളിലെയും വിദ്യാര്‍ഥികളെ സാധാരണയായി അല്‍ ഖിസ്മുദ്ദീനിയിലാണ് ചേര്‍ക്കാറ്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ് തുടങ്ങിയ ഇസ്‌ലാമിക വിഷയങ്ങള്‍ ബിരുദ നിലവാരത്തില്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് പഠിച്ചിരുന്നെങ്കിലും അറബ് നാടുകളുടെ ചരിത്രം, ഭൂമിശാസ്ത്രം, കണക്ക്, സോഷ്യോളജി മുതലായ വിഷയങ്ങള്‍ അറബി മാധ്യമത്തില്‍ മുമ്പ് പഠിച്ചിട്ടില്ലാത്തവയായതിനാലും ഭാഷാസ്വാധീനം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയും ആദ്യമെത്തിയ മൂന്നു പേരെയും നമ്മുടെ നാട്ടിലെ പ്രീഡിഗ്രിക്കു തുല്യമായ ആ ക്ലാസിലാണു ചേര്‍ത്തിരുന്നത്. ഒടുവിലെത്തിയ ഞങ്ങള്‍ രണ്ടു പേരെയും അതേ ക്ലാസില്‍ തന്നെ ചേര്‍ത്തു.

അല്‍ മഅ്ഹദുദ്ദീനിയിലെ പ്രധാനാധ്യാപകന്‍ (മുദീര്‍) പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ ശൈഖ് യൂസുഫുല്‍ ഖറദാവിയായിരുന്നു. ശൈഖ് അലി ജമ്മാസ്, ശൈഖ് അബ്ദുല്ലത്വീഫ് സായിദ്, ശൈഖ് മുസ്ത്വഫ അലൈവ തുടങ്ങിയ മറ്റു ചില ഈജിപ്ഷ്യന്‍ പണ്ഡിതന്മാരും മഅ്ഹദുദ്ദീനിയില്‍ ദീനീ വിഷയങ്ങളിലെ സീനിയര്‍ അധ്യാപകരായിരുന്നു. ഇതര ഈജിപ്ഷ്യന്‍ യൂനിവേഴ്‌സിറ്റികളില്‍നിന്ന് അറബി ഭാഷയില്‍ ബിരുദം നേടിയ ഉസ്താദ് റാദി, ഉസ്താദ് റുശ്ദി എന്നിവരാണ് അറബി ഭാഷ പഠിപ്പിച്ചിരുന്നത്. കൂടാതെ ഈജിപ്തില്‍നിന്നുതന്നെയുള്ള അധ്യാപകരായ ഉസ്താദ് ആശൂര്‍(ചരിത്രം), ഉസ്താദ് മിസ്വ്ബാഹ്(ഖുര്‍ആന്‍), ഉസ്താദ് മുഹമ്മദ് സക്‌റാന്‍(ദീനീ വിഷയങ്ങള്‍), ഉസ്താദ് സുലൈമാന്‍ അസ്സത്താവി(സോഷ്യോളജി), സിറിയക്കാരനായ ഉസ്താദ് ഹസന്‍ അബ്ബാസി, സുഡാന്‍കാരനായ ഉസ്താദ് ഇദ്‌രീസ്(രണ്ടു പേരും ഇംഗ്ലീഷ്), ജോര്‍ദാന്‍കാരനായ ഉസ്താദ് ദാവൂദ്(ജ്യോഗ്രഫി) തുടങ്ങിയവരും ഉണ്ടായിരുന്നു.

 

രാഷ്ട്രീയ സംഭവവികാസങ്ങള്‍

ഖത്തറില്‍ ഭരണമാറ്റം സംഭവിച്ചത് ആ വര്‍ഷമായിരുന്നു. ശൈഖ് അഹ്മദ് ബിന്‍ അലി ആലുഥാനിയായിരുന്നു അതുവരെ ഖത്തര്‍ ഭരണാധികാരി. 1972 സെപ്റ്റംബര്‍ 2-ന് അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രനും അതുവരെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിരുന്ന ആളുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ആലുഥാനി അമീര്‍ സ്ഥാനം സ്വയം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഫലത്തില്‍ പ്രധാനമന്ത്രിയെന്ന നിലക്ക് അതുവരെ എല്ലാ അധികാരങ്ങളും കൈയാളിയിരുന്ന ശൈഖ് ഖലീഫയുടെ അമീര്‍ സ്ഥാനാരോഹണം കേവലം ഔപചാരികമായ ഒരു ചടങ്ങ് മാത്രമായിരുന്നു. അതിനാല്‍ അധികാരമാറ്റം ഒച്ചപ്പാടൊന്നുമില്ലാതെ സമാധാനപൂര്‍വം കടന്നുപോയി. ഇതിനുമുമ്പ് 1971 ഫെബ്രുവരി 22-ന് ബ്രിട്ടനുമായുള്ള വിദേശകാര്യ-പ്രതിരോധ കരാര്‍ അവസാനിപ്പിച്ച് ഖത്തര്‍ സ്വതന്ത്രരാഷ്ട്ര പദവി കരസ്ഥമാക്കിയിരുന്നു.

ഖത്തര്‍, ബഹ്‌റൈന്‍, പിന്നീട് രൂപീകൃതമായ 'യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്' (യു.എ.ഇ)യില്‍ ഉള്‍പ്പെട്ട ഏഴു നാട്ടുരാജ്യങ്ങള്‍ എന്നിവയടക്കം എട്ടൊമ്പത് രാജ്യങ്ങള്‍ ബ്രിട്ടനുമായുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ 'ട്രൂഷ്യല്‍ സ്റ്റേറ്റ്‌സ്' എന്ന പേരിലാണ് അതുവരെ അറിയപ്പെട്ടിരുന്നത്. വിദേശകാര്യം, പ്രതിരോധം, നാണയം എന്നിവയായിരുന്നു കരാര്‍ ബാധകമായ വിഷയങ്ങള്‍. മറ്റെല്ലാ ഭരണകാര്യങ്ങളും പ്രാദേശിക നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ഇതു സംബന്ധമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമിടയില്‍ അബൂദബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍, ഖോര്‍ഫുക്കാന്‍ എന്നീ ഏഴു നാടുകള്‍ ഐക്യ അറബ് എമിറേറ്റുകള്‍ എന്ന പേരില്‍ ഒരു രാഷ്ട്രകൂട്ടായ്മ രൂപീകരിക്കാന്‍ തീരുമാനമായി. ഗണ്യമായ പെട്രോളിയം വരുമാനമുള്ള അബൂദബിയും വാണിജ്യകേന്ദ്രമായി വളര്‍ന്നിരുന്ന ദുബൈയും കഴിച്ചാല്‍ മറ്റു അഞ്ചു നാടുകളും ചെറിയ ഭൂപ്രദേശങ്ങളായിരുന്നതിനാല്‍ വെവ്വേറെ സ്വതന്ത്ര രാജ്യങ്ങളായിത്തീരുന്നതിന് പ്രസക്തിയില്ലായിരുന്നു. എണ്ണ സമ്പന്നമായ അബൂദബിയിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആലു നഹ്‌യാന്റെ സഹായസഹകരണങ്ങളിലുള്ള പ്രതീക്ഷയാണ് യു.എ.ഇ എന്ന പേരിലുള്ള ഫെഡറല്‍ രാഷ്ട്രത്തിന്റെ ഭാഗങ്ങളായി നിലകൊള്ളാന്‍ അവയെ പ്രേരിപ്പിച്ചത്. വികസ്വര വാണിജ്യകേന്ദ്രമെന്ന നിലക്ക് കൂടുതല്‍ പ്രാധാന്യവും പ്രാദേശിക ഭരണാധികാരികളില്‍ താരതമ്യേന ഉയര്‍ന്ന വ്യക്തിത്വവുമുണ്ടായിരുന്ന ദുബൈയിലെ ശൈഖ് റാശിദുബ്‌നു മക്തൂം ആലു മക്തൂം എണ്ണ വരുമാനത്തിന്റെ പ്രാമുഖ്യം അംഗീകരിച്ച് എണ്ണ നിക്ഷേപമില്ലാത്ത ദുബൈയെ അബൂദബിയോടൊപ്പം യു.എ.ഇയുടെ ഭാഗമാക്കാന്‍ തീരുമാനമെടുത്തു. ഏഴു എമിറേറ്റുകളിലെയും ശൈഖുമാര്‍ അംഗങ്ങളായ സുപ്രീം കൗണ്‍സില്‍ സ്വാഭാവികമായും കൂട്ടത്തില്‍ ഏറ്റവും പ്രബലനായ അബൂദബി ഭരണാധികാരി ശൈഖ് സായിദിനെ രാഷ്ട്രത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഫെഡറല്‍ കൗണ്‍സിലില്‍ ദുബൈയിലെ ശൈഖ് റാശിദ് രണ്ടാമനായിത്തീര്‍ന്നു. യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രൂപവത്കരണം അതിലുള്‍പ്പെട്ട പ്രദേശങ്ങളിലെല്ലാം സാമ്പത്തിക-സാമൂഹിക-നാഗരിക മേഖലകളില്‍ വമ്പിച്ച വികസനത്തിന് വഴിവെച്ചു.

ട്രൂഷ്യല്‍ സ്റ്റേറ്റ്‌സിലുള്‍പ്പെട്ടിരുന്ന ഖത്തറും ബഹ്‌റൈനും യു.എ.ഇയില്‍ അംഗങ്ങളാകാതെ സ്വതന്ത്രരാജ്യങ്ങളായി നില്‍ക്കാനാണ് തീരുമാനിച്ചത്. യു.എ.ഇയിലുള്‍പ്പെട്ട ഏഴു എമിറേറ്റുകളും ഭൂമിശാസ്ത്രപരമായി പരസ്പരം അതിര്‍ത്തി പങ്കിടുന്നതായിരുന്നുവെങ്കില്‍, ഖത്തര്‍ കൈപ്പടത്തിലെ പെരുവിരലിന്റെ ആകൃതിയില്‍ അറേബ്യന്‍ ഉപദ്വീപില്‍നിന്ന് ഗള്‍ഫ് കടലിലേക്ക് തള്ളിനില്‍ക്കുന്ന ഒരു ചെറിയ ഉപദ്വീപും ബഹ്‌റൈന്‍ ഖത്തറിന്റെ വടക്കുപടിഞ്ഞാറായി ഖത്തറിനും സുഊദി അറേബ്യക്കുമിടയില്‍ സ്ഥിതിചെയ്യുന്ന ഏതാനും ദ്വീപുകളുടെ കൂട്ടവുമായിരുന്നത് അവ രണ്ടിനെയും യു.എ.ഇയില്‍ ചേരാതെ വേറിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്നാവാം. അന്ന് നമ്മുടെ നാട്ടിലൊക്കെ പേര്‍ഷ്യന്‍ ഗള്‍ഫെന്നും (ഉള്‍ക്കടലിന്റെ മറുകര മുഴുവനായും പൗരാണികകാലം മുതലേ പേര്‍ഷ്യയെന്ന് നാമമുണ്ടായിരുന്ന ഇന്നത്തെ ഇറാനിലുള്‍പ്പെടുന്നതുകൊണ്ടാണ് ആ പേര്‍ സിദ്ധിച്ചത്), പിന്നീട് നിലവില്‍വന്ന അറബ്‌നാടുകള്‍ അറേബ്യന്‍ ഗള്‍ഫെന്നും വിളിക്കുന്ന, തെക്ക് ഒമാന്‍ തീരം മുതല്‍ വടക്ക് കുവൈത്ത് തീരം വരെ നീണ്ടുകിടക്കുന്ന ഉള്‍ക്കടല്‍ അതിന്റെ തീരത്ത് വലിയ എണ്ണ നിക്ഷേപമുള്ള രാജ്യങ്ങളുടെ കിടപ്പുകാരണം സാമ്പത്തികമായും രാഷ്ട്രീയമായും വലിയ പ്രാധാന്യമുള്ള മേഖലയായി മാറി. ഇറാന്റെ അതിര്‍ത്തിക്കകത്തും ഖത്തറിനോട് ചേര്‍ന്ന സമുദ്രാതിര്‍ത്തിയിലും ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക നിക്ഷേപം (Natural Gas Reserve) കണ്ടുപിടിക്കപ്പെട്ടതോടെ ഗള്‍ഫിന്റെ സ്ട്രാറ്റജിക് പ്രാധാന്യം പിന്നെയും വര്‍ധിക്കുകയും ചെയ്തു. 

(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (20-24)
എ.വൈ.ആര്‍