അരുള്‍മുത്തുകള്‍ (ഹദീസുകളുടെ പദ്യാവിഷ്‌കാരം)
ആശാപാശം
ഒരു കുന്നു കനകം ലഭിച്ചുവെന്നാല്‍
ഉഴറുന്നു മറ്റൊന്ന് ലഭിക്കുവാനായ്
ഇച്ഛപോല്‍ രണ്ടെണ്ണം കൈവരികിലോ പുന-
രിച്ഛിക്കും മൂന്നാമതൊരു കുന്നിനായി
ഇല്ലായെളുതല്ല മനുജന്റെയുദരം
നിറയ്ക്കുവാന്‍, കുഴിമാടമൊന്നിനല്ലാതെ.
കര്‍മപര്‍വം
നെഞ്ചകം ദൈവികബോധ്യമാലേ
അഞ്ചിതമാകും പുണ്യാത്മചാരി
പുഞ്ചിരിതൂകി കര്‍മങ്ങള്‍ പാകി
മുന്നേറുമവനോ സുകൃതശാലി
വിശ്രാന്തിയറിയാതെ പണിചെയ്തുതന്നെ
നെറ്റിയില്‍ വേര്‍പ്പുതന്‍ മണിമുത്തുമായി
വിധിയാല്‍ പരലോകപ്രാപ്തനാകും!
വിജയത്തിന്‍ നിയതിയിലേക്കാനയിതനാകും!
തിന്മയോട്
കൈയാല്‍ വിലക്കുവിന്‍
തിന്മ നീ കാണ്‍കില്‍
വാചാ തടുക്കുവിന്‍
വയ്യാ അതെങ്കില്‍
മൊഴിയാല്‍ വിലങ്ങാനുമെളുതല്ലയെങ്കിലോ
മനസ്സാ വെറുക്കുകയെങ്കിലും ചെയ്ക!
സന്യാസം
നിഗ്രഹിച്ചിന്ദ്രിയവികാരമെല്ലാം
നിശ്ശേഷമെന്നിട്ടു നിസ്സംഗജന്മം
നയിച്ചിടും സന്യാസപര്‍വമെന്നാല്‍
നിഷിദ്ധമാണീ മതത്തിലെന്നും,
കര്‍മകുശലം ഭക്തന്റെ ലോകം
ധര്‍മസമരമാണവനു സന്യാസം!
ധര്‍മസമരം
ക്രൂര,നക്രാമകന്‍ അരചന്നു മുന്നില്‍
ഭീതനാകാതെയുഴുന്നേറ്റുനിന്നും
തലകുനിക്കാതെ, നടുവളക്കാതെയും
ഉച്ചൈസ്തരം നേരു മുഴക്കുകെന്നാല്‍
അതുതാനേറ്റം വലുതാം ജിഹാദ്!
സരളം
ഏറ്റം സരളമീ ദിവ്യസരണി
അതു ക്ലിഷ്ടമാക്കുവോര്‍ ദുരിതത്തിലാകും
അതിനാലീ ലാളിത്യം കാത്തു നീ കൊള്‍ക!
അതുതന്നെ നാഥന്റെയിച്ഛയെന്നറിക!
അറിയുക
അറിവിന്റെ വഴിയില്‍ പുറപ്പെട്ടുവെന്നാല്‍
അറിയുക, അവനെന്നും ദൈവമാര്‍ഗത്തില്‍!
ഉടയവനരുളുന്നു കാവലും തഴുകലും
അറിവാളിയായവന്‍ തിരികെയെത്തുംവരെ.
വിശ്വാസപൂര്‍ണിമ
ആരുവാന്‍ സ്‌നേഹിച്ചു ദൈവനാമത്തില്‍
ആരുവാന്‍ കോപിച്ചു ദൈവബോധത്തില്‍
ആരുവാന്‍ നല്‍കി, യാരു വിലങ്ങി
ദൈവികസംപ്രീതിയൊന്നേ നിനച്ചെങ്കി
ലവനേ തികവുറ്റ വിശ്വാസിഭക്തന്‍!
പാരസ്പര്യം
ദൈവവിശ്വാസികളേകസഹോദരര്‍
എങ്ങും ഒരേ ഗാത്രഭാഗങ്ങളാണവര്‍
തന്നുടെ ചിത്തത്തിലാശിക്കും നന്മകള്‍
അപരവിശ്വാസിക്കുമിച്ഛിക്കും സന്തതം
അല്ലായ്കിലില്ലവനില്‍ വിശ്വാസലക്ഷണം.
Comments