Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 18

3014

1438 ദുല്‍ഖഅദ് 25

ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഹദീസ് ദുര്‍വ്യാഖ്യാനങ്ങള്‍

ഇല്‍യാസ് മൗലവി

പരിശുദ്ധ ഖുര്‍ആന്റെ മൗലികതയോ ആധികാരികതയോ പ്രാമാണികതയോ ചോദ്യം ചെയ്യുന്നതിലും, അതിന്റെ തനിമയില്‍ സംശയം ജനിപ്പിക്കുന്നതിലും അമ്പേ പരാജയപ്പെട്ട ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഒടുവില്‍ സുന്നത്തിനെ/ നബിചര്യയെ കയറിപ്പിടിക്കുകയായിരുന്നു. നബിചര്യയില്‍ സംശയം ജനിപ്പിക്കുന്നതോടെ ഉറപ്പില്ലാത്ത അടിത്തറകളിലാണ് ഇസ്‌ലാം നിലകൊള്ളുന്നതെന്ന് വരുത്തിത്തീര്‍ക്കാം. മുസ്‌ലിംകളുടെ ആത്മവിശ്വാസം ഇല്ലാതാക്കാം. മൗലിക പ്രമാണങ്ങള്‍ ദുരൂഹതയുള്ളതാണെന്ന് വന്നുകഴിഞ്ഞാല്‍ അവയുടെ അടിത്തറ തന്നെ പൊള്ളയാണെന്ന ധാരണ പരക്കുകയും അവയോടുള്ള കൂറും പ്രതിബദ്ധതയും ക്രമപ്രവൃദ്ധമായി കുറഞ്ഞു വരികയും ചെയ്യുമല്ലോ. 

എന്നാല്‍ പ്രവാചകചര്യയുടെ കാര്യമെടുത്താലും, അതിന്റെ ചരിത്രപരതയെയോ പ്രാമാണികതയേയോ എളുപ്പത്തിലൊന്നും സംശയക്കുരുക്കില്‍ പെടുത്താന്‍ സാധിക്കാന്‍ കഴിയാത്തവിധം വളരെ ഭദ്രവും സുരക്ഷിതവുമായ രൂപത്തില്‍ തന്നെ അതും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് വസ്തുത. ഖുര്‍ആനില്‍നിന്ന് വ്യത്യസ്തമായി, പല പതിരുകളും സുന്നത്തില്‍ കൂടിക്കലര്‍ന്നിട്ടുണ്ടെന്നത് ശരിയാണെങ്കിലും കള്ളനോട്ടുകള്‍ തിരിച്ചറിയപ്പെടുക തന്നെ ചെയ്യുമെന്ന പോലെ, അതിലെ നെല്ലും പതിരും വേര്‍തിരിക്കുക ഇന്ന് പ്രയാസമുള്ള കാര്യമല്ല. ചരിത്രത്തില്‍ തുല്യതയില്ലാത്ത ഈ ശുദ്ധീകരണ സംവിധാനം പ്രവാചകചര്യക്കു മാത്രം അവകാശപ്പെട്ടതാണ്. 

ഇവിടെയും സംഗതി എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ഇസ്‌ലാംവിരുദ്ധ ശക്തികള്‍ അടുത്ത പടിയെന്നോണം യുക്തിയുടെയും ബുദ്ധിയുടെയും വെളിച്ചത്തില്‍ സുന്നത്തിനെ വിശകലനം ചെയ്യാന്‍ തുടങ്ങി. ബുദ്ധിക്കും പഠന-മനനങ്ങള്‍ക്കും വമ്പിച്ച പ്രോത്സാഹനം നല്‍കിയ ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ അതേ മാര്‍ഗം തന്നെ അവലംബിക്കുന്നത് എന്തുകൊണ്ടും പ്രഹരശേഷിയുള്ളതാണെന്ന തിരിച്ചറിവും ഇതിന് സഹായകമായി.

അങ്ങനെയാണ് സര്‍വാംഗീകൃതങ്ങളെന്ന് പൊതുവെ മനസ്സിലാക്കപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളിലെ ചില ഹദീസുകള്‍ പുറത്തെടുത്ത് സാധാരണക്കാരില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമം നടക്കുന്നത്. ഇസ്‌ലാമിന്റെ ആദര്‍ശത്തിലോ ആചാരാനുഷ്ഠാനങ്ങളിലോ വിധിവിലക്കുകളിലോ പെട്ടവയായിരുന്നില്ല ഇതില്‍ പലതും. ഹദീസ് പോലുമായിരുന്നില്ല പലപ്പോഴും. പക്ഷേ ഇവ പുറത്തെടുത്ത് കുടയുന്നതോടെ അതിന്റെ പൊടി പാറി നല്ലതും കൂടി പൊടി പുരണ്ട് കിട്ടാനായിരുന്നു അങ്ങനെ ചെയ്തത്. പക്ഷേ അതും പരാജയമായി കലാശിക്കുകയായിരുന്നു. ഇങ്ങനെ പുറത്തെടുക്കുന്ന ഹദീസുകള്‍ പക്ഷേ മിക്കവയും നേരത്തേ ചില യുക്തിവാദികള്‍ വിമര്‍ശിക്കുകയും അതത് സമയത്തുതന്നെ അഗ്രേസരരായ പണ്ഡിതന്‍മാര്‍ തക്ക മറുപടി പറയുകയും ചെയ്തിട്ടുള്ളതാണ്. ഇമാം ബുഖാരിയുടെ കാലത്തുതന്നെ, അല്ല അതിനും മുമ്പ് തന്നെ ഇതിനുള്ള ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.

 

എന്താണ് ഹദീസ്?

നിരൂപണവിധേയമായ ഹദീസുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യും മുമ്പ് പ്രാഥമികമായി ചില അടിസ്ഥാനങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട മൂന്ന് അടിസ്ഥാനങ്ങള്‍ മാത്രം സൂചിപ്പിക്കട്ടെ.

1. ഹദീസ് തന്നെയാണെന്ന് ഉറപ്പു വരുത്തുക.

2. ഹദീസിന്റെ യഥാര്‍ഥ പൊരുളെന്താണെന്ന് മനസ്സിലാക്കുക.

3. അതിനേക്കാള്‍ പ്രബലമായ പ്രമാണങ്ങള്‍ക്ക് എതിരല്ലെന്ന് ഉറപ്പു വരുത്തുക.

 

ഒന്ന്: ഹദീസ് തന്നെയാണെന്ന് ഉറപ്പു വരുത്തല്‍

എന്താണ് ഹദീസ്? നബി(സ)യിലേക്ക് ചേര്‍ക്കപ്പെട്ട വാക്ക്, പ്രവൃത്തി, മൗനാനുവാദം, വിശേഷണം മുതലായവക്കാണ് ഹദീസ് എന്ന് പറയുന്നത് (തയ്‌സീറു മുസ്ത്വലഹില്‍ ഹദീസ്, തഹ്‌രീര്‍ ഉലൂമില്‍ ഹദീസ്).

അപ്പോള്‍ നബി(സ)യിലേക്ക് ചേര്‍ക്കപ്പെടാത്തതൊന്നും ഹദീസിന്റെ ഗണത്തില്‍പെടുകയില്ല. ഖുര്‍ആനും ഹദീസും എന്നു പറയുമ്പോള്‍ സ്വഹാബിമാരുടെയോ താബിഉകളുടെയോ ഒന്നും ഉദ്ദേശ്യമല്ല. അവയൊന്നും ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളല്ല. പ്രമുഖരായ സ്വഹാബിമാരുടെ വാക്കുകളോ ചെയ്തികളോ ദീനീവിധികള്‍ക്ക് ആധാരവുമല്ല. അതുകൊണ്ടാണ് ഒരു സ്വഹാബിയുടെ അഭിപ്രായം മറ്റൊരു സ്വഹാബി തള്ളുന്നതും സ്വഹാബിയുടെ അഭിപ്രായം താബിഉകള്‍ തള്ളുന്നതും അവരുടെ അഭിപ്രായം ശേഷം വന്ന ഇമാമുകള്‍ തള്ളുന്നതും. ഇതിനെല്ലാം ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍ നബി(സ)യില്‍നിന്നുള്ളതാണെന്ന് തെളിഞ്ഞ ഒന്നും അങ്ങനെ തള്ളുന്നത് ഒരിക്കലും നമുക്ക് കാണുക സാധ്യമല്ല. വല്ലപ്പോഴും അങ്ങനെ സംഭവിക്കുന്നെങ്കില്‍ അത് നബിയില്‍നിന്നുള്ളതാണെന്ന കാര്യം അവര്‍ക്ക് ബോധ്യമാകാത്തതിനാലോ, അതേക്കുറിച്ച് അവര്‍ക്ക് വിവരം ലഭിക്കാത്തതിനാലോ അതുമല്ലെങ്കില്‍ അത് ദുര്‍ബലപ്പെടുത്തപ്പെട്ട(മന്‍സൂഖ്)താണെന്ന് തെളിഞ്ഞതിനാലോ മാത്രമായിരിക്കും.

ചുരുക്കത്തില്‍ ഹദീസുകളെ നിരൂപണം ചെയ്യും മുമ്പ് പ്രഥമമായി അത് ഹദീസാണെന്ന കാര്യം സ്ഥിരീകരിക്കപ്പെടണം. ഹദീസല്ലെന്നോ, ഇനി ഹദീസാണെങ്കില്‍ കൂടി അത് സ്വഹീഹല്ലെന്നോ തെളിയുന്നതോടെ അതേക്കുറിച്ച ചര്‍ച്ച അപ്രസക്തമായി. ഇവിടെയാണ് കുരങ്ങന്റെ വ്യഭിചാരവുമായി ബന്ധപ്പെട്ട ഇമാം ബുഖാരി ഉദ്ധരിച്ച ഒരു സംഭവത്തെക്കുറിച്ച ചര്‍ച്ച പ്രസക്തമാവുന്നത്. എന്താണ് വസ്തുത? നമുക്ക് പരിശോധിക്കാം.

അംറുബ്‌നു മൈമൂനില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ജാഹിലിയ്യാ കാലത്ത് ഒരു പെണ്‍കുരങ്ങിന്റെ ചുറ്റും കുറേ കുരങ്ങന്‍മാര്‍ ഒരുമിച്ചു കൂടിയത് ഞാന്‍ കാണുകയുണ്ടായി. പെണ്‍കുരങ്ങ് വ്യഭിചരിച്ചതായിരുന്നു. അങ്ങനെ അവ അതിനെ എറിഞ്ഞുകൊന്നു. ഞാനും അവരോടൊപ്പം എറിയുകയുണ്ടായി (ബുഖാരി: 3849).

വളരെ സംക്ഷിപ്തമായ ഈ കഥയുടെ പൂര്‍ണ രൂപം ഇങ്ങനെ വായിക്കാം. ഈസബിന്‍ ഹിത്വാന്‍ പറയുകയാണ്: ഞാന്‍ കൂഫയിലെ പള്ളിയില്‍ ചെല്ലുകയുണ്ടായി. അപ്പോള്‍ അവിടെ അംറുബ്‌നു മൈമൂന്‍ ഇരിക്കുന്നുണ്ട്; ചുറ്റിലും ആളുകളും. അപ്പോള്‍ ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു: ജാഹിലിയ്യാ കാലത്ത് താങ്കള്‍ കണ്ട ഏറ്റവും വിസ്മയകരമായ കാഴ്ചയെ പറ്റി ഞങ്ങളോട് പറഞ്ഞുതന്നാലും. അദ്ദേഹം പറഞ്ഞു: ഞാന്‍ യമനില്‍ ഒരു കൃഷിയിടത്തിലായിരുന്നു. അപ്പോഴുണ്ട് കുറേ ആണ്‍കുരങ്ങ•ാര്‍ ഒത്തുകൂടുന്നു. അങ്ങനെ അതിലൊരു ആണ്‍കുരങ്ങും പെണ്‍കുരങ്ങും ശയിക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ മറ്റൊരു കുരങ്ങ് വന്ന് പെണ്‍കുരങ്ങിനെ പ്രലോഭിപ്പിക്കുകയും അപ്പോള്‍ അത് എഴുന്നേറ്റ് ആ കുരങ്ങനോടൊപ്പം കുറച്ചപ്പുറത്തേക്ക് പോവുകയും എന്നിട്ട് ഇണ ചേരുകയും ചെയ്തു. ഞാനിത് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെ ആ പെണ്‍കുരങ്ങ് തിരിച്ചു വന്നു. പഴയ കുരങ്ങന്റെ അടുത്ത് ചെന്ന് കിടന്നു. തന്റെ കൈ അതിന്റെ പിരടിക്ക് താഴെ തിരുകി വെച്ചു. ഉടനെ ആ ആണ്‍കുരങ്ങ് ഉണര്‍ന്നെണീറ്റ് പെണ്‍കുരങ്ങിന്റെ ഗുഹ്യഭാഗം മണപ്പിച്ചു നോക്കി. അപ്പോഴേക്കും മറ്റു കുരങ്ങന്‍മാരെല്ലാവരും കൂടി ആ പെണ്‍കുരങ്ങിനെ പിടിച്ചു കൊണ്ടുവന്ന് ഒരു കുഴിയുണ്ടാക്കി അതിലിട്ട് എറിഞ്ഞുകൊന്നു. ചുരുക്കത്തില്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തിനു മുമ്പ് തന്നെ ഞാന്‍ റജ്മ് നേരിട്ട് കാണുകയുണ്ടായി (തഹ്ദീബുല്‍ കമാല്‍: 22/266, ഫത്ഹുല്‍ ബാരി).

ഇമാം ഇബ്‌നു ഹജര്‍ പറയുന്നു: ഈ നിവേദനം പ്രഥമദൃഷ്ട്യാ വ്യക്തമാവുന്നതുപോലെ നബി(സ)യുടെ വചനമോ ഏതെങ്കിലും ഒരു സ്വഹാബിയുടെ വാക്കോ അല്ല. പ്രത്യുത പ്രമുഖ താബിഇയായ അംറുബ്ന്‍ മൈമൂന്‍ കണ്ടത് കഥയായി വിവരിച്ചത് ബുഖാരി ഉദ്ധരിച്ചതാണ്. ജാഹിലിയ്യാ കാലവും പ്രവാചകകാലവും അനുഭവിച്ച വ്യക്തിയാണദ്ദേഹം. പക്ഷേ നബി(സ)യെ കണ്ടിട്ടുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തെ പണ്ഡിതന്‍മാര്‍ സ്വഹാബികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. താബിഉകളില്‍ ഒന്നാം നിരയിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത് (തഹ്ദീബു തഹ്ദീബ്: 8/11). 

എന്നു വെച്ചാല്‍ ഇത് ഒരു ഹദീസാണെന്ന് പറയുന്നത് ശരിയല്ല എന്നര്‍ഥം. അദ്ദേഹം കണ്ട കാഴ്ച വിവരിച്ചു എന്ന് മാത്രം. അത് ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തില്‍ ചേര്‍ത്തു. അത് പക്ഷേ ഹദീസെന്ന നിലക്കല്ല. മറിച്ച് അംറുബ്‌നു മൈമൂന്‍ ജാഹിലിയ്യാ കാലത്ത് ജീവിച്ചിരുന്ന ആളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടി ഉദ്ധരിച്ചതാണ് (ഖുര്‍ത്വുബി: 1/442).

താന്‍ കണ്ട കാഴ്ച അദ്ദേഹം തന്റേതായ ഭാഷയിലും ശൈലിയിലും വിവരിച്ചു. അദ്ദേഹത്തിന്റെ ജല്‍പനം ശരിയായില്ല എന്ന് വേണമെങ്കില്‍ പറയാം എന്നല്ലാതെ ആ സംഗതി അദ്ദേഹം കണ്ടിട്ടില്ലെന്ന് ഉറപ്പിച്ചു പറയാന്‍ യാതൊരു നിര്‍വാഹവുമില്ല. ആ പറഞ്ഞത് ഹദീസല്ലാത്തതിനാല്‍ തന്നെ അതിന് പ്രാമാണികതയുമില്ല. അങ്ങനെയുള്ള ഒരു സംഗതി എടുത്തു പറഞ്ഞ് ബുഖാരിയില്‍ ളഈഫായ ഹദീസുകളുണ്ടെന്ന് സമര്‍ഥിക്കുന്നത് എന്തുമാത്രം ബാലിശമാണ്! ചുരുക്കത്തില്‍ ഇതും ഇതുപോലുള്ള ഉദ്ധരണികളും വെച്ച് ഹദീസിനെ വിമര്‍ശിക്കുന്നത് ശരിയല്ല. കാരണം ഇത് ഹദീസല്ല എന്നതു തന്നെ. 

ബുഖാരിയില്‍ നിരൂപണവിധേയമായ ഹദീസുകള്‍ ഇല്ല എന്നല്ല പറഞ്ഞത്; പ്രത്യുത നിരൂപണം സ്ഥാനത്താവണം. നിരൂപണം വസ്തുനിഷ്ഠവും പ്രമാണബദ്ധവും ആകേണ്ടതുണ്ട്.

 

രണ്ട്: ഹദീസിന്റെ യഥാര്‍ഥ പൊരുള്‍

അതില്‍പെട്ടതാണ് ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രബലമായ പരമ്പരയോടെ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ്. അത് ഇങ്ങനെയാണ്. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: 'ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നത് വരെയാണ് ജനങ്ങളോട് യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ആരെങ്കിലും അത് പറയുന്നതോടെ അവന്റെ ധനവും ശരീരവും അവന്‍ എന്നില്‍നിന്നും സുരക്ഷിതമാക്കി' (ബുഖാരി: 1399).

ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് അംഗീകരിക്കാത്ത എല്ലാവരോടും യുദ്ധം ചെയ്യണം എന്നാണ് ഒരാള്‍ ഈ ഹദീസില്‍നിന്ന് മനസ്സിലാക്കുന്നതെങ്കില്‍ അയാളുടെ വായന തെറ്റാണെന്ന് പറയേണ്ടിവരും.

1.  ഹദീസിലെ 'ജനങ്ങളോട്' (അന്നാസ്) എന്നതുകൊണ്ട് എല്ലാ ജനങ്ങളുമാണ് എന്ന് ജല്‍പ്പിക്കുന്നത് ഖുര്‍ആനിനും ഹദീസിനും വിരുദ്ധമാണ്. ഉദാഹരണമായി:

മ. ''തീര്‍ഥാടനം ചെയ്യാന്‍ ജനങ്ങളില്‍ പൊതുവിളംബരം ചെയ്യുക. ദൂരദിക്കുകളില്‍നിന്നൊക്കെയും കാല്‍നടക്കാരായും, ഒട്ടകങ്ങളില്‍ സവാരി ചെയ്തുകൊണ്ടും അവര്‍ നിന്റെ അടുക്കല്‍ എത്തിച്ചേരുന്നതാകുന്നു'' (അല്‍ ഹജ്ജ് 27).

യ. ''തൊട്ടിലില്‍തന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും'' (ആലു ഇംറാന്‍ 46).

ര. ''അവരോട് ജനം പറഞ്ഞു: നിങ്ങള്‍ക്കെതിരെ വന്‍ സൈന്യങ്ങള്‍ സംഘടിച്ചിരിക്കുന്നു. സൂക്ഷിക്കുവിന്‍. അതുകേട്ട് അവരില്‍ സത്യവിശ്വാസം വര്‍ധിക്കുകയാണുണ്ടായത്. അവര്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. കാര്യങ്ങള്‍ ഏല്‍പിക്കാന്‍ ഏറ്റവും പറ്റിയവന്‍ അവന്‍ നിന്നെയാകുന്നു'' (ആലു ഇംറാന്‍ 173).

റ. ''അതല്ല, മറ്റുള്ളവരോട്, അല്ലാഹു അവരെ അനുഗ്രഹിച്ചുവെന്നതിന്റെ പേരില്‍ അസൂയ കാണിക്കുകയാണോ? അതാണ് കാര്യമെങ്കില്‍ അവര്‍ മനസ്സിലാക്കട്ടെ, ഇബ്‌റാഹീം സന്തതികള്‍ക്കും നാം വേദവും തത്ത്വജ്ഞാനവും അരുളിയിട്ടുണ്ട്. വമ്പിച്ച ആധിപത്യവും നല്‍കിയിട്ടുണ്ട്'' (അന്നിസാഅ് 54).

ല. ''അവന്‍ ചെന്ന് അറിയിച്ചു: യൂസുഫേ, തികഞ്ഞ സത്യസന്ധാ, എനിക്ക് ഈ സ്വപ്‌നത്തിന്റെ വ്യാഖ്യാനം പറഞ്ഞുതരിക. അതായത്, ഏഴു കൊഴുത്ത പശുക്കളെ തിന്നുകൊണ്ടിരിക്കുന്ന ഏഴു മെലിഞ്ഞ പശുക്കളും ഏഴു പച്ചയായ ധാന്യക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. ഞാന്‍ ജനങ്ങളിലേക്ക് തിരിച്ചുചെല്ലട്ടെ. അവര്‍ കാര്യം ഗ്രഹിക്കട്ടെ'' (യൂസുഫ് 46).

ഇവിടെയൊന്നും 'നാസ്' എന്നതുകൊണ്ട് എല്ലാ ജനങ്ങളും ഉദ്ദേശിക്കപ്പെട്ടിട്ടില്ല. 

2. 'ലാ ഇലാഹ ഇല്ലാഹ' എന്ന് അംഗീകരിക്കാത്ത ബഹുദൈവാരാധകര്‍ അഭയം ചോദിച്ചാല്‍ അത് നല്‍കണമെന്നും സുരക്ഷിത താവളമൊരുക്കിക്കൊടുക്കണമെന്നുമാണ് ഖുര്‍ആന്റെ കല്‍പന. അല്ലാതെ 'കലിമ' ചൊല്ലും വരെ അവരോട് പടവെട്ടണമെന്നല്ല.

3. ഇതു പറഞ്ഞ നബി (സ) എന്തു ചെയ്തു എന്നതും പരിശോധിക്കണമല്ലോ. അപ്പോള്‍ വ്യക്തമാവുന്ന കാര്യം, കലിമ ചൊല്ലാത്തവരോടെല്ലാം യുദ്ധം ചെയ്തിരുന്നില്ല നബി എന്നു തന്നെയാണ്. 

അപ്പോള്‍ പിന്നെ അതിന്റെ അര്‍ഥം എന്താണ്?

ഒന്ന്: ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് യുദ്ധം ചെയ്യുക എന്നതാണ്. അതിനിടെ അവര്‍ കലിമ ചൊല്ലിയാല്‍ പിന്നെ അവരോട് യുദ്ധം ചെയ്തുകൂടാ. അതു ചൊല്ലുന്നതോടെ ആ അനുവാദം അവസാനിച്ചു. അതു വ്യക്തമാക്കുന്ന ഒരു ഹദീസ് ഇതോട് ചേര്‍ത്തുവായിച്ചാല്‍ കാര്യം പെട്ടെന്ന് മനസ്സിലാകും. സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്: ഒരു യുദ്ധത്തിനിടയില്‍ ഉസാമ (റ) ഒരാളുമായി ഏറ്റുമുട്ടി. അങ്ങനെ അയാള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞു. ഉസാമ (റ) തന്നെ പറയട്ടെ: ഞാനയാളെ കൊന്നു. അതേക്കുറിച്ച് ഞാന്‍ നബി (സ) യോട് സംസാരിച്ചു. അപ്പോള്‍ അവിടുന്ന് ചോദിച്ചു: അയാള്‍ ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞിട്ടും താങ്കളദ്ദേഹത്തെ വധിച്ചോ? ഞാന്‍ പറഞ്ഞു: അയാള്‍ ആയുധം പേടിച്ച് പറഞ്ഞതാണ്. അന്നേരം നബി(സ) ചോദിച്ചു: ''അങ്ങനെ പറഞ്ഞതാണെന്ന് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലായി? താങ്കള്‍ അയാളുടെ ഹൃദയം ചൂഴ്ന്നുനോക്കിയോ? ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നത് അന്നായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുവോളം തിരുമേനി അതുതന്നെ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു'' (മുസ്‌ലിം: 287).

പൊതുവെ മുശ്‌രിക്കുകളോടുള്ള സമീപനമല്ല ഇതെന്നതിന് ഖുര്‍ആന്‍ തന്നെ തെളിവാണ്. ഉദാഹരണമായി: 

അംറുബ്‌നു ആസ്വില്‍നിന്നും നിവേദനം, നബി (സ) പറഞ്ഞതായി അദ്ദേഹം പറയുന്നു: ഇസ്‌ലാമിക രാഷ്ട്രത്തിലെ മുസ്‌ലിം പൗരനെ ആരെങ്കിലും വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്റെ വാസന പോലും ലഭിക്കുകയില്ല. അതിന്റെ സുഗന്ധം നാല്‍പതു വര്‍ഷം ദൂരെ വരെ എത്തുന്നതാണ് (ബുഖാരി: 1137). അപ്പോള്‍ ആരെയാണ് ഇവിടെ ഉദ്ദേശ്യം? അല്ലാഹു തന്നെ പറയട്ടെ: 

''നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുവിന്‍. എന്നാല്‍ അതിക്രമം പ്രവര്‍ത്തിച്ചുകൂടാ. എന്തെന്നാല്‍ അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍ ബഖറ 190).

''പ്രതിജ്ഞകള്‍ ലംഘിച്ചുകൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍നിന്ന് പുറത്താക്കാനൊരുമ്പെടുകയും ചെയ്യുന്ന ഒരു ജനത്തോടു നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ, അക്രമം ആദ്യം തുടങ്ങിയത് അവര്‍ തന്നെ ആയിരുന്നിട്ടും? നിങ്ങളവരെ ഭയപ്പെടുന്നുവോ? വിശ്വാസികളാണെങ്കില്‍, അല്ലാഹുവാകുന്നു അവരേക്കാള്‍ കൂടുതല്‍ നിങ്ങള്‍ ഭയപ്പെടാനര്‍ഹന്‍'' (തൗബ 13).

''യാഥാര്‍ഥ്യം ഇതത്രെ: അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍ തൊട്ടേ അവന്റെ രേഖയില്‍ മാസങ്ങളുടെ സംഖ്യ പന്ത്രണ്ടാകുന്നു. അതില്‍ നാലു മാസങ്ങള്‍ യുദ്ധം നിരോധിക്കപ്പെട്ടവയാണ്. ഇതാണ് ശരിയായ നിയമവ്യവസ്ഥ. അതിനാല്‍ ഈ നാലു മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അതിക്രമം ചെയ്യാതിരിക്കുവിന്‍. എന്നാല്‍ ബഹുദൈവാരാധകര്‍ ഏതുവിധം ഒറ്റക്കെട്ടായി നിങ്ങളോടു യുദ്ധം ചെയ്യുന്നുവോ അതേവിധം ഒറ്റക്കെട്ടായി നിന്നു നിങ്ങള്‍ അവരോടും യുദ്ധം ചെയ്യണം. അറിഞ്ഞിരിക്കുവിന്‍, അല്ലാഹു ഭക്തന്മാരുടെ കൂടെത്തന്നെയാകുന്നു'' (തൗബ 36).

ചുരുക്കത്തില്‍,  ഈ ഹദീസ് അതിന്റെ പരിഭാഷ മാത്രം വായിച്ച് വിമര്‍ശിക്കുന്നതിന് പകരം ഹദീസിന്റെ യഥാര്‍ഥ താല്‍പര്യം എന്താണെന്നും അതിന്റെ ആശയം എന്താണെന്നും ആദ്യം മനസ്സിലാക്കുക. പിന്നെയായിരിക്കണം അത് നിരൂപണം ചെയ്യേണ്ടത്. മറ്റൊരുദാഹരണമാണ് പല്ലിയെ കൊന്നാല്‍ വമ്പിച്ച പ്രതിഫലമുണ്ടെന്ന ഹദീസ്. എന്താണ് വസ്തുത?

മാരകമായ മാറാ വ്യാധികള്‍ക്ക് വരെ കാരണമാകുന്ന പല്ലിവര്‍ഗത്തില്‍പെട്ട ഒരു ജീവി (വസഗ്)യെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതു സംബന്ധമായ ശാസ്ത്രീയ ഗവേഷണ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രോഗങ്ങളുടെ പേരും സ്വഭാവവുമെല്ലാം വിവരിച്ച ശേഷം ഈ ജീവിയെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ പ്രവാചകന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 

ആമിറുബ്‌നു സഅ്ദ് തന്റെ പിതാവില്‍നിന്ന് നിവേദനം ചെയ്യുന്നു. നബി(സ) വസഗിനെ കൊല്ലാന്‍ നിര്‍ദേശിച്ചു. അതിനെ നികൃഷ്ട പ്രാണി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു (മുസ്‌ലിം: 4156). പലതരം ഉപദ്രവങ്ങള്‍ വരുത്തിവെക്കുന്ന പല്ലികളുടെ വര്‍ഗമാണ് വസഗ്.

ദോഷം വരുത്തുന്നതിലും ഉപദ്രവിക്കുന്നതിലും മറ്റേതൊരു പ്രാണിയേക്കാളും അതിരു വിടുന്ന ജീവികളായതിനാല്‍ അഞ്ച് ഇനം ജീവികളെ ഹറമിലും അല്ലാത്തിടത്തും കൊല്ലാന്‍ നബി (സ) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ കൂട്ടത്തിലാണ് ഈ ജീവി പെടുക (നോക്കുക: ശറഹു മുസ്‌ലിം 7/411).

മറ്റൊരു ഹദീസില്‍ അവയെ ഒറ്റയടിക്ക് കൊന്നാല്‍ ഇത്ര പ്രതിഫലം, രണ്ടാമത്തെ അടിക്ക് കൊന്നാല്‍ ഇത്ര പ്രതിഫലം, മൂന്നാമത്തെ അടിക്ക് കൊന്നാല്‍ ഇത്ര പ്രതിഫലം, നാലാമത്തെ അടിക്ക് കൊന്നാല്‍ ഇത്ര പ്രതിഫലം എന്നിങ്ങനെ പറഞ്ഞതു കാണാം (മുസ്‌ലിം: 4151).

ഇത് യഥാര്‍ഥത്തില്‍ മഹത്തായ ഒരു പാഠം നല്‍കുകയാണ്. ഉപദ്രവകാരിയായ ജീവിയാണെങ്കില്‍ പോലും, കുറേ തല്ലാതെ ഒറ്റയടിക്ക് കൊല്ലാന്‍ പറ്റിയാല്‍ അതാണ് ചെയ്യേണ്ടതെന്നും, രണ്ടാമത്തെ അടിയേക്കാള്‍ അതാണ് ഉത്തമമെന്നും പഠിപ്പിക്കുകയാണ്.

ഈ തത്ത്വം മറ്റൊരു ഹദീസില്‍ നബി (സ) തന്നെ വ്യക്തമാക്കുന്നത് കാണുക: അല്ലാഹു എല്ലാ സംഗതിയിലും ഏറ്റവും നന്നായി ചെയ്യണമെന്ന് നിയമമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കൊല്ലുകയാണെങ്കില്‍ ഏറ്റവും നന്നായി കൊല്ലുക. നിങ്ങള്‍ അറുക്കുകയാണെങ്കില്‍ ഏറ്റവും നന്നായി അറുക്കുക. നിങ്ങള്‍ ഓരോരുത്തരും അവനവന്റെ ആയുധം നന്നായി മൂര്‍ച്ച കൂട്ടുക. എന്നിട്ട് താനറുക്കുന്ന ഉരുവിന് പ്രയാസമില്ലാതാക്കുക (മുസ്‌ലിം).

ചുരുക്കത്തില്‍, നിരുപദ്രവകാരിയായ ഒരു സാധു പ്രാണിയെ കൊല്ലാനുള്ള പ്രേരണയാണ് ഈ നബിവചനമെന്ന മട്ടില്‍ പല്ലിയെ കൊല്ലുന്നവര്‍ക്ക് ഇത്ര പ്രതിഫലം എന്ന് പ്രചരിപ്പിക്കുന്നവര്‍ കേവലം ഉപരിപ്ലവമായ വായന നടത്തുന്നവരാണ്. വളരെ ഉപദ്രവകാരിയായിരുന്ന, അറബികള്‍ക്ക് നല്ല പരിചയമുണ്ടായിരുന്ന പല്ലിവര്‍ഗത്തില്‍പെടുന്ന ഒരു ജീവിയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നതെന്ന് ആര്‍ക്കും ബോധ്യമാകും. അക്കാര്യം ഭാഷാപരമായി തന്നെ ഇമാം നവവിയെപ്പോലുള്ളവര്‍ വിശദീകരിച്ചിട്ടുള്ളതുമാണ്. കൂടാതെ ക്ഷുദ്രജീവിയെന്ന് നബി(സ) തന്നെ അതിനെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. 

 

മൂന്ന്: അതിനേക്കാള്‍ പ്രബലമായ പ്രമാണങ്ങള്‍ക്ക് എതിരല്ലെന്ന് ഉറപ്പു വരുത്തുക

ഒരു ഹദീസില്‍ പറഞ്ഞ ആശയം ആധികാരിക പ്രമാണങ്ങളിലെ ആശയങ്ങളോടും അടിസ്ഥാനങ്ങളോടും ഏറ്റുമുട്ടുന്നുണ്ടോ എന്ന് നോക്കണം. ഉദാഹരണമായി, അംറുബ്‌നുല്‍ ആസ്വ് (റ) ഇഴഞ്ഞുകൊണ്ടായിരിക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്ന ഹദീസ്. ഇവിടെ ധനികരേക്കാള്‍ ദരിദ്രരുടെ സ്ഥാനം ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി ചിലര്‍ ഈ ഹദീസ് എടുത്തുദ്ധരിക്കാറുണ്ട്. യഥാര്‍ഥത്തില്‍, സ്വര്‍ഗം ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട മഹാനായ സ്വഹാബിയാണ് അംറുബ്‌നുല്‍ ആസ്വ്. ഇസ്‌ലാമിക മാര്‍ഗത്തില്‍ ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും ത്യാഗോജ്ജ്വലമായ സംഭാവനകളര്‍പ്പിച്ച ഈ സ്വഹാബിയെ സംബന്ധിച്ചുള്ള ഇത്തരം ഹദീസുകള്‍ പ്രബലമായ മറ്റു ഹദീസുകള്‍ വെച്ചുകൊണ്ട് പണ്ഡിതന്മാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു (നോക്കുക: സുന്നത്തിനോടുള്ള നമ്മുടെ സമീപനം എങ്ങനെ? ശൈഖ് ഖറദാവി).

ഏതൊരു സംഗതിയും നിരൂപണം നടത്തുമ്പോള്‍ പ്രാഥമികമായി പാലിച്ചിരിക്കേണ്ട ചില അടിസ്ഥാനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, നിരൂപണം ചെയ്യാന്‍ യോഗ്യതയുള്ളവനായിരിക്കണം അത് ചെയ്യുന്നത് എന്നതാണ്. കവിതയെക്കുറിച്ചോ അതിന്റെ ചേരുവകളെ കുറിച്ചോ നിശ്ചയമില്ലാത്തവര്‍ കവിതയെയും കവിയെയും നിരൂപണം ചെയ്താലെങ്ങനെയുണ്ടാകും? അത്തരക്കാര്‍ക്ക് ഭാഷകൂടി നിശ്ചയമില്ലെങ്കിലത്തെ കഥ പിന്നെ പറയാനുമില്ല. ഈ മാനദണ്ഡം പക്ഷേ ഹദീസ് നിരൂപണം ചെയ്യുന്നവര്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് കാര്യങ്ങള്‍. സംശയം ആര്‍ക്കും ഉന്നയിക്കാം. പക്ഷേ അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ നിരൂപണം ചെയ്ത് ഒരു വിധിപ്രസ്താവം നടത്തുന്നത് ബുദ്ധിശൂന്യം എന്നേ പറയാനാവൂ.

നിരൂപണവിധേയമായ ഹദീസുകള്‍ മൊത്തം പരിശോധിച്ചാല്‍ ബോധ്യമാകുന്ന കാര്യം, ഇവയില്‍ ഏതാണ്ടെല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിരൂപണവിധേയമായിട്ടുള്ളവയും പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടുള്ളവയുമാണ് എന്നതാണ്. അവ ഒന്ന് മറിച്ചുനോക്കിയാല്‍തന്നെ പല വിമര്‍ശനങ്ങളും ബാലിശവും ഉപരിപ്ലവവുമാണെന്ന് ബോധ്യമാകും. ഖുര്‍ആനിന് വിരുദ്ധം, പ്രബലമായ ഇതര ഹദീസുകള്‍ക്ക് വിരുദ്ധം, ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ക്ക് വിരുദ്ധം, ബുദ്ധിക്കും യുക്തിക്കും നിരക്കാത്തത്, ചരിത്രപരമായി സ്ഥിരീകരിക്കാന്‍ സാധിക്കാത്തത് തുടങ്ങി പല കാരണങ്ങളാലും വിമര്‍ശിക്കപ്പെട്ട ഹദീസുകള്‍ കാണാം. അവയെല്ലാം പരിശോധിച്ച് ആരോപകര്‍ ഉന്നയിച്ച വിമര്‍ശനത്തിന് യുക്തവും ഭദ്രവുമായ മറുപടി പറയാന്‍ ഇമാമുകള്‍ ശ്രമിച്ചിട്ടുണ്ട്.

പല ദുരൂഹതകളും ഇതൊക്കെ ഒരാവൃത്തി വായിച്ചുനോക്കുന്നതോടെ ചുരുളഴിയുന്നതാണ്. പക്ഷേ, സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണത്തിന് പലരും തയാറല്ല. ഇസ്‌ലാമിന്റെ ശത്രുക്കള്‍ പണ്ടേ ഉന്നയിച്ചുവന്ന ആരോപണങ്ങള്‍ അതേ പടി ആവര്‍ത്തിക്കുക മാത്രമാണവര്‍. അത്തരം ആരോപണങ്ങളെ അണ്ണാക്ക് തൊടാതെ വിഴുങ്ങുകയും ചെയ്യുന്നു. ഇതു സംബന്ധമായി മുന്‍കഴിഞ്ഞ മഹാന്മാര്‍ തത്സംബന്ധമായി രേഖപ്പെടുത്തിയതൊന്നും ഇത്തരക്കാര്‍ മറിച്ചുനോക്കിയിരുന്നുവെങ്കില്‍ എന്ന് ആശിച്ചുപോവുകയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (192 - 195)
എ.വൈ.ആര്‍

ഹദീസ്‌

സംസ്‌കരണത്തിന്റെ മൂലശിലകള്‍
കെ.സി ജലീല്‍ പുളിക്കല്‍