ഓത്തും എഴുത്തും ഒരു കാലത്തിന്റെ കഥപറയുമ്പോള്‍
കോട്ടത്ത് താഴെകുനിയില്‍ അന്ത്രു എന്ന ഞാന്‍ പലപേരുകളില്‍ വിളിക്കപ്പെടുന്നുണ്ട്. രക്ഷിതാക്കള്‍ വിളിച്ചത് അബ്ദുര്‍റഹ്മാന്‍, അതുപിന്നെ ലോപിച്ച് അന്ത്രുവായി. ഗവണ്‍മെന്റ് രേഖകളിലും അന്ത്രുതന്നെ. ചിലര്‍ അന്ത്രു മാഷെന്നും അന്ത്രു മൗലവിയെന്നും അന്ത്രു മുസ്‌ലിയാരെന്നും വിളിക്കുമ്പോള്‍, മറ്റുചിലര്‍ അബ്ദുര്‍റഹ്മാന്‍ മാഷെന്നും അബ്ദുര്‍റഹ്മാന്‍ മൗലവിയെന്നും മുസ്‌ലിയാരെന്നും വിളിക്കുന്നു. യഥാര്‍ഥത്തില്‍ കെ.ടി അന്ത്രുവെന്നാണ് ഔദ്യോഗിക രേഖയില്‍. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ എടച്ചേരി പഞ്ചായത്തിലെ പുറമേരിയില്‍ 1945 ജൂലൈ 15-നാണ് എന്റെ ജനനം, ഇപ്പോള്‍ 73 വയസ്സ്.
എന്റെ ബാപ്പ ഉമര്‍ മുസ്‌ലിയാരും ഉമ്മ തോട്ടത്തില്‍ ഐഷക്കുട്ടിയും കക്കംപള്ളി പുറമേരി പ്രദേശക്കാരാണ്. എനിക്ക് താഴെ രണ്ട് അനുജന്മാര്‍. അഞ്ചു തലമുറ വരെ പുറകോട്ട് മുസ്‌ലിയാര്‍ കുടുംബമാണ് ഞങ്ങളുടേത്. എന്റെ ബാപ്പ ഉമര്‍ മുസ്‌ലിയാര്‍, അദ്ദേഹത്തിന്റെ ബാപ്പ സൂപ്പിക്കുട്ടി മുസ്‌ലിയാര്‍, അദ്ദേഹത്തിന്റെ പിതാവ് ഉമര്‍ മുസ്‌ലിയാര്‍, പിന്നെ സൂപ്പിക്കുട്ടി മുസ്‌ലിയാര്‍ എന്നിങ്ങനെ. എനിക്ക് പത്തുപന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ബാപ്പ വടകര താലൂക്കിലെ എടച്ചേരി വില്ലേജിലെ കായപ്പനച്ചിയില്‍ സ്ഥലംവാങ്ങി സ്ഥിരതാമസമാക്കുന്നത്. മയ്യഴിപ്പുഴയുടെ തീരത്താണ് വീട്. പുഴക്ക് അപ്പുറം പെരിങ്ങത്തൂര്‍, കണ്ണൂര്‍ ജില്ല. കായപ്പനച്ചി കോഴിക്കോട് ജില്ലയിലാണ്.
ഉപ്പ ഒരു ശരാശരി മുസ്‌ലിയാരാണ്, പണ്ടുകാലത്ത് വെല്ലൂരിലെ ബാഖിയാത്തിലും മറ്റും ഉപരിപഠനത്തിന് പോകുന്നതിനു പകരം പൊന്നാനിയില്‍ പോയി 'വിളക്കത്തിരിക്കുക' എന്ന രീതിയുണ്ടായിരുന്നു. അന്നത്തെ ഉയര്‍ന്ന കോഴ്‌സാണത്. ഉപ്പ ദര്‍സില്‍ പഠിക്കുകയും പൊന്നാനിയില്‍ വിളക്കത്തിരിക്കുകയും ചെയ്തിട്ടുണ്ട്. നാട്ടില്‍ മദ്‌റസ അധ്യാപകനായിരുന്നു. എടച്ചേരിയിലും തോട്ടോളി പള്ളിയുമായി ബന്ധപ്പെട്ട മദ്‌റസയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാട്ടിലും മറ്റു പ്രദേശങ്ങളിലും പോയി ഉറുദി(വഅഌ) പറഞ്ഞ് പണം സ്വരുക്കൂട്ടിയാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.
എന്നും നീതിയുടെ പക്ഷത്ത് നിലകൊണ്ട ആളായിരുന്നു ഉപ്പ. അന്ന് നാട്ടില്‍ ജന്മിത്വം വാഴുന്ന കാലമാണല്ലോ. ഉപ്പയുടെ നിലപാടുകള്‍ പലപ്പോഴും ജന്മിമാര്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. പുറമേരിയിലെ മുസ്‌ലിം ജന്മിമാരുമായി വിയോജിപ്പ് പ്രകടിപ്പിച്ചും കലഹിച്ചുമാണ് ഉപ്പ അവിടം വിട്ടത്. 1500 രൂപക്ക് 75 സെന്റ് സ്ഥലം വാങ്ങി. ഇവിടെ, കായപ്പനച്ചിയില്‍ സ്ഥിരതാമസമാക്കിയത് അങ്ങനെയാണ്.
നാദാപുരത്തെ കോവിലകങ്ങള്‍
'തമ്പുരാക്കന്മാരുടെ നാട്' എന്നറിയപ്പെടുന്ന പുറമേരിയില്‍ നായന്മാരും നമ്പ്യാന്മാരുമൊക്കെയുണ്ട്. കടത്തനാട് രാജാവിന്റെ ആസ്ഥാനമായിരുന്നു പുറമേരി, രണ്ടേക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വലിയ കോവിലകങ്ങള്‍ കുട്ടിക്കാലത്ത് ഇവിടെ ഞാന്‍ കണ്ടിട്ടുണ്ട്. പില്‍ക്കാലത്ത് അതൊക്കെ നശിച്ചുപോവുകയായിരുന്നു.
അന്ന് പ്രധാനമായും നാലു കോവിലകങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്: 1. പുറമേരി കോവിലകം, 2. ആയഞ്ചേരി കോവിലകം, 3. ഇടവലത്ത് കോവിലകം, 4. പുത്തന്‍ കോവിലകം.
ഈ പ്രദേശത്തെ ഭൂമി മുഴുവനും കോവിലകത്തിന്റെ ഭാഗമായിരുന്നു. കായപ്പനച്ചി, എടച്ചേരി, നാദാപുരം എല്ലാം കോവിലകത്തിന്റെ ഭൂമിയാണ്. പില്‍ക്കാലത്ത് ഓരോരുത്തര്‍ക്കും വിട്ടുകൊടുത്തും ചാര്‍ത്തിക്കൊടുത്തും തീറുകൊടുത്തും ഭൂമിയൊക്കെ അന്യംനിന്നുപോവുകയായിരുന്നു. മുസ്‌ലിംകളില്‍ അധികപേരും സ്വത്തില്ലാത്തവരായിരുന്നു. കോവിലകത്തുനിന്ന് ചാര്‍ത്തിക്കിട്ടിയ വിഹിതം കൊണ്ടാണ് മുസ്‌ലിംകളില്‍ പലരും ജന്മിമാരായത്.
അങ്ങനെ കോവിലകത്തുനിന്ന് കുറച്ചധികം സ്വത്ത് കിട്ടിയ മുസ്‌ലിം തറവാടാണ് കിഴുങ്ങുംപറമ്പത്ത്. കോവിലകത്തെ ഒരു സ്ത്രീ ഇസ്‌ലാം സ്വീകരിച്ചു. മതംമാറിയതിന്റെ പേരില്‍ ചിലരൊക്കെ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്നു. ആ സ്ത്രീ മാഹിയില്‍ പോയാണ് മുസ്‌ലിമായതും കുറച്ചു കാലം ജീവിച്ചതും. മാഹി അന്ന് ഫ്രഞ്ച് അധീനതയിലായതിനാല്‍ ഇവിടെനിന്ന് ആരും അങ്ങോട്ട് പോയി പ്രശ്‌നമുണ്ടാക്കുമായിരുന്നില്ല. കുറേ കാലത്തിനു ശേഷം അവളെ കോവിലകത്തുകാര്‍ തന്നെ കൂട്ടിക്കൊണ്ടുവന്ന് ഇവിടെ താമസിപ്പിക്കുകയായിരുന്നു. 'എന്തായാലും മതംമാറി, നമ്മുടെ മകളല്ലേ, അവള്‍ക്ക് കഞ്ഞികുടിക്കാന്‍ എന്തെങ്കിലും കൊടുക്കണം.' എന്നു പറഞ്ഞ് ധാരാളം സ്വത്ത് കോവിലകത്തുകാര്‍ തന്നെ അവള്‍ക്ക് നല്‍കുകയുണ്ടായി.
അക്കാലത്ത് കോവിലകങ്ങളിലെ തമ്പുരാനും കെട്ടിലമ്മയും കുട്ടികളും പല്ലക്കിലാണ് യാത്ര ചെയ്തിരുന്നത്. സേവകര്‍ അവരെ ചുമന്നുകൊണ്ടുനടക്കും. ഹോ....ഹൊയ്... എന്നും പറഞ്ഞ് പല്ലക്കുമായി പോവുന്നത് എനിക്ക് ഓര്‍മയുണ്ട്. ഒരിക്കല്‍ വയലില്‍ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാന്‍ എന്നും കാണുന്ന ഒരു തമ്പുരാന്‍ നടന്നുപോകുന്നത് കണ്ടപ്പോള്‍ 'എന്താ തമ്പുരാനേ' എന്ന് ഉറക്കെ വിളിച്ചു ചോദിച്ചു. എന്റെ ചോദ്യം കേട്ടപ്പോള്‍ അടുത്തുനിന്ന് അലക്കിക്കൊണ്ടിരുന്ന ഉമ്മയുടെ കൈയില്‍നിന്ന് മുണ്ടൊക്കെ താഴെവീണുപോയി. അന്ന് തമ്പുരാനോട് അങ്ങനെ ചോദിക്കുന്നതൊക്കെ വലിയ അപരാധമായിരുന്നു! എന്നാല്‍ അദ്ദേഹമാകട്ടെ 'ഒന്നുമില്ലെടോ...' എന്നും പറഞ്ഞ് മാന്യമായി നടന്നുപോവുകയും ചെയ്തു. 'തമ്പുരാക്കന്മാ'രുടെ ആഢ്യത്വങ്ങളൊക്കെ നശിച്ചുകൊണ്ടിരിക്കുന്ന അവസാനകാലത്താണ് ഞാന്‍ ഇതിനെല്ലാം സാക്ഷിയാവുന്നത്.
നാദാപുരത്തെ മുസ്‌ലിം ജന്മിമാര്‍
നാദാപുരം മേഖലയില്‍ ജന്മികുടുംബങ്ങള്‍ നിരവധിയുണ്ടായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളുമായ ജന്മിമാരില്‍ നല്ലവരും മോശക്കാരും ഉണ്ടായിരുന്നു. ഹിന്ദുജന്മിമാര്‍ ഹൈന്ദവരിലെതന്നെ കീഴ്ജാതിക്കാരോട് കടുത്ത ചൂഷണമനസ്സോടെയാണ് പെരുമാറിയിരുന്നത്. നായന്മാരും നമ്പ്യാന്മാരും തീയന്മാരോടും മറ്റും കാണിക്കുന്ന അതേ അവജ്ഞയും അവഗണനയും തന്നെയാണ് ഇവിടത്തെ മുസ്‌ലിം ജന്മിമാര്‍ പൊതുവെ കീഴ്ജാതി ഹിന്ദുക്കളോടും പാവപ്പെട്ട മുസ്‌ലിംകളോടും കാണിച്ചിരുന്നത്. 'താഴ്ന്ന ജാതി' ഹിന്ദുക്കള്‍ മാത്രമല്ല, 'താഴ്ന്ന' മുസ്‌ലിംകളും ചൂഷിതരും മാറ്റിനിര്‍ത്തപ്പെട്ടവരുമായിരുന്നു.
കുറച്ച് മുസ്‌ലിം ജന്മികുടുംബങ്ങള്‍ നാദാപുരത്തുണ്ടായിരുന്നു, സമ്പന്നതയിലും സുഭിക്ഷതയിലും ജീവിച്ചിരുന്നവര്‍. നല്ല ഭക്ഷ്യവസ്തുക്കളൊക്കെ അന്ന് ജന്മിമാര്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. നേന്ത്രപ്പഴം, മുട്ട, ആട്ടിറച്ചി, പശുവിന്‍നെയ്യ് എന്നിവ ജന്മിമാര്‍ മാത്രം കഴിച്ചിരുന്നവയാണ്. മിക്കതും കുടിയാന്മാര്‍ കാണിക്കവെക്കുന്നതായിരിക്കും. അതുകൊണ്ടുതന്നെ അന്ന് ജന്മിമാര്‍ക്ക് മാത്രമാണ് പ്രമേഹം തുടങ്ങിയ 'വലിയ രോഗങ്ങള്‍' ഉണ്ടായിരുന്നതും! നല്ല പോഷക ഭക്ഷണം കഴിച്ച് അധ്വാനിക്കാതെ സുഖലോലുപരായിരുന്നതിനാലാകണം ഇത്.
കുറുവമ്പത്ത്, വെള്ളച്ചാല്‍, മുക്രിന്റവിട എന്നിവ അറിയപ്പെട്ടിരുന്ന മുസ്‌ലിം ജന്മി കുടുംബങ്ങളായിരുന്നു. ഹിന്ദുക്കളായ തീയരോട്, ഹിന്ദു ജന്മിമാരെപ്പോലെ മോശമായ പെരുമാറ്റമായിരുന്നു അന്ന് മുസ്‌ലിം ജന്മിമാര്‍ക്കും. അന്ന് ഒരാള്‍ കമ്യൂണിസ്റ്റാവുക എന്നാല്‍ തീയരുടെ കൂട്ടത്തില്‍ ചേരുക എന്നാണ് അര്‍ഥം. തീയരും മാപ്പിളയും തമ്മിലുള്ള സംഘട്ടനമാണ് ഇവിടെ കമ്യൂണിസ്റ്റുകളും മുസ്‌ലിംകളും തമ്മിലുള്ള സംഘട്ടനം. ഇവിടെ വര്‍ഗസംഘട്ടനം സാമുദായികമായിത്തീരുന്നു എന്നര്‍ഥം.
കൃഷിയിലും മറ്റു ജോലികളിലുമൊക്കെ തീയന്മാരായിരുന്നു മുന്നില്‍നിന്നത്, പിന്നെ ദരിദ്രരായ മുസ്‌ലിംകളും. വയലൊക്കെ നന്നായി നോക്കി നടത്തിയിരുന്നു തീയന്മാര്‍. അന്ന് നാട്ടില്‍ കള്ളന്മാരും തട്ടിപ്പുകാരുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ പൊതുവെ പട്ടിണികൊണ്ട് സംഭവിക്കുന്നതായിരുന്നു.
5 വയസ്സുള്ള മുസ്‌ലിം കുട്ടികള്‍ 90 വയസ്സുള്ള അമുസ്‌ലിം വൃദ്ധരോട് ചോദിക്കുക; 'എന്താ കണാരാ നീ എങ്ങോട്ടാ പോകുന്നത്' എന്നായിരുന്നു. തിരിച്ച്, ചെറിയ മുസ്‌ലിംകുട്ടിയെ പോലും അവര്‍ ബഹുമാനിക്കണം! ഞാനും അങ്ങനെയുള്ളവരുടെ കൂട്ടത്തത്തില്‍ പെട്ടുപോയിട്ടുണ്ട്. ബഹുമാനപുരസ്സരം 'താങ്കള്‍' എന്നൊക്കെ കുട്ടിക്കാലത്ത്, മുതിര്‍ന്ന മറ്റ് ആളുകള്‍ നമ്മെ വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ തമാശപോലെ തോന്നും. അമുസ്‌ലിംകളെല്ലാം താണവരും മോശക്കാരും മുസ്‌ലിംകളെല്ലാം സ്വര്‍ഗാവകാശികളും അല്ലാഹുവിന്റെ ആളുകളുമാണെന്ന വിശ്വാസപരമായ നിലപാടും ഇതിന്റെ പിന്നില്‍ കുറച്ചൊക്കെ ഉണ്ടായിരുന്നു. അതേസമയം തീയന്മാരെക്കാള്‍ ഉയര്‍ന്ന ജാതിക്കാരായ നമ്പ്യാന്മാരോടും കുറുപ്പുകളോടും അടിയോടിമാരോടും മുസ്‌ലിംകള്‍ ഈ നിലപാട് സ്വീകരിച്ചിരുന്നുമില്ല.
ഒരു നമ്പ്യാര്‍ വീട്ടില്‍ വന്നാല്‍ 'മന്തിരിയ'യിലാണ് ഇരുത്തുക, അന്ന് കസേരയും ബെഞ്ചുമൊന്നും ഇല്ലായിരുന്നല്ലോ. ബഡാപ്പുറം എന്നു പേരുള്ള, നമസ്‌കാര സ്ഥലമുണ്ടാകും മിക്ക മുസ്‌ലിം വീടുകളിലും. അവിടെ നായന്മാരും നമ്പ്യാന്മാരുമൊന്നും ഇരിക്കുകയുമില്ല, ഇരുത്തിക്കുകയുമില്ല. അവര്‍ക്ക് 'മന്തിരിയ' (പുല്‍പ്പായ) കൊണ്ടുവന്ന് വിരിച്ചുകൊടുക്കാറാണ് പതിവ്. അതേസമയം തീയനാണ് വന്നതെങ്കില്‍ നമ്മുടെ കോലായില്‍ തോളിലെ തോര്‍ത്തുമുണ്ട് വിരിക്കാനുള്ള ധൈര്യംപോലും കാണിക്കില്ല. ദൂരത്തെവിടെയെങ്കിലും പോയി ഇരിക്കുകയാണ് പതിവ്. തീയന്മാരില്‍നിന്നും മറ്റും മതംമാറി മുസ്‌ലിമായി വന്നാല്‍പോലും പണ്ട് കാണിച്ചിരുന്ന അതേ നിലപാടുതന്നെയാണ് താഴ്ന്ന ജാതിക്കാരോട് പലരും കാണിച്ചിരുന്നത്.
പൂര്‍ണമായും മേല്‍കുപ്പായമിടാതെ വയലില്‍ ഞാട്ടി പണിയെടുക്കുമായിരുന്നു സ്ത്രീകള്‍. കുപ്പായമിടാതെ പണിയെടുക്കുന്ന 20, 22 വയസ്സുള്ള യുവതികള്‍ ലജ്ജകൊണ്ട് ഒരു തോര്‍ത്തുമുണ്ട് ചുമലിലെങ്ങാനും ഇട്ടിട്ടുണ്ടെങ്കില്‍, 'എന്താണേ ഒരു പുതപ്പ്, എടുത്തുമാറ്റ്...' എന്ന് കല്‍പിക്കും. ഹിന്ദു ജന്മിമാര്‍ എങ്ങനെയായിരുന്നോ താഴ്ന്ന ജാതിയിലെ പെണ്ണുങ്ങളെ കാണുകയും ആസ്വദിക്കുകയും ചെയ്തിരുന്നത് അതുപോലെതന്നെയാണ് മുസ്‌ലിം ജന്മിമാരും ഇവിടെ പെരുമാറിയിരുന്നത്.
മൊത്തത്തില്‍ വിശ്വാസപരമായും ജാതിപരമായുമുള്ള പെരുമാറ്റങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴും അതിന്റെ ശേഷിപ്പുകള്‍ പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. അത് എങ്ങനെയോ പ്രകടമാകുന്ന അവസരങ്ങളിലാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. താഴ്ന്ന ജാതിക്കാര്‍ തലമുറകളായി ആ പഴയ പക സൂക്ഷിച്ചുപോരുകയാണ്. ഇന്നും ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ക്ക് അതുമാത്രമേ കൈമുതലായുള്ളൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പഠനം
പുറമേരിയിലെ മദ്‌റസയില്‍നിന്നാണ് എന്റെ പ്രാഥമിക ദീനീപഠനം ആരംഭിക്കുന്നത്. ഓത്തുപുര എന്നാണ് ഞങ്ങളതിനെ വിളിച്ചിരുന്നത്. ഞാന്‍ അവിടെനിന്ന് പിരിയുന്ന സമയത്താണ് ഓത്തുപുര മദ്‌റസയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരിലൂടെയാണ് ഇവിടത്തെ പാരമ്പര്യ സുന്നികള്‍ക്കിടയില്‍ മദ്‌റസ പ്രസ്ഥാനം ആരംഭിക്കുന്നതും ഓത്തുപള്ളികളെല്ലാം മദ്‌റസയായി പ്രഖ്യാപിക്കപ്പെടുന്നതും. അദ്ദേഹം തന്നെ എഴുതി തയാറാക്കിയ ദീനിയ്യാത്ത്, അമലിയ്യാത്ത് എന്നിവയായിരുന്നു പുതിയ പാഠ്യപദ്ധതിയിലെ പ്രധാന പുസ്തകങ്ങള്‍.
ദീന്‍പഠനം 'ഓത്തുപഠനം' എന്നും സ്‌കൂള്‍ വിദ്യാഭ്യാസം 'എഴുത്തുപഠനം' എന്നുമാണ് അന്ന് അറിയപ്പെട്ടിരുന്നത്. ഓത്തുപുരയില്‍ ഞങ്ങളൊന്നും എഴുതിപഠിക്കാറുണ്ടായിരുന്നില്ല, ചൊല്ലിപ്പഠിക്കാറായിരുന്നു പതിവ്. അതേസമയം സ്‌കൂളില്‍ തുടക്കം മുതല്‍ക്കേ എഴുത്ത് തുടങ്ങും. അങ്ങനെ അത് 'ഓത്തും' ഇത് 'എഴുത്തും' ആയി. മദ്‌റസാ സമ്പ്രദായം നിലവില്‍ വന്നതില്‍പിന്നെയാണ് അറബിമലയാളം എഴുതിപഠിപ്പിക്കാന്‍ തുടങ്ങുന്നത്. 'ഓത്ത്' എന്ന വാക്ക് നമ്പൂതിരിമാരില്‍നിന്ന് കിട്ടിയതാണ്. അവര്‍ വേദം പഠിക്കുന്നതിനും 'ഓത്തുപഠിക്കുക' എന്നാണ് പറയാറുണ്ടായിരുന്നത്.
ഓത്തുപള്ളി നടത്തുന്നവരെ നാദാപുരം ഭാഗത്തുള്ളവര്‍ മുസ്‌ലിയാരെന്നും ഉസ്താദെന്നും വിളിക്കുമ്പോള്‍ ചൊക്ലി, തലശ്ശേരി ഭാഗത്തൊക്കെ 'സീതി' എന്നാണ് പറയുക. അതുകൊണ്ട് പഴയ ഓത്തുപള്ളികള്‍ സ്‌കൂളുകളായി മാറിയ പല മുസ്‌ലിം സ്‌കൂളുകളുടെ മാനേജ്‌മെന്റ് 'സീതി'മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 'സീതി'യെന്ന വാക്കിന്റെ അര്‍ഥം കൃത്യമായി അറിയില്ല. 'സയ്യിദ്' സീതിയായി രൂപാന്തരപ്പെട്ടതാണോ, ഓത്തുപഠിപ്പിക്കുന്നവര്‍ക്ക് 'സീതി' എന്ന പേരുണ്ടോ ഒന്നും തീര്‍ച്ചയില്ല.
ചെങ്കല്ലിന്റെ അകത്തുനിന്ന് കിട്ടുന്ന നൂറ് പോലെയുള്ള വസ്തു(ചെകിടി) എടുത്ത് ഗോലിപോലെ ഉരുട്ടി, ഒരു പലക നനച്ച് അതിന്മേല്‍ പുരട്ടും. പലകയുടെ പ്രതലം നല്ല വെള്ളക്കടലാസുപോലെയാകും. അതിനുമുകളിലാണ് എഴുതുക. ഉസ്താദ്/മൊല്ലാക്കയാണ് എഴുതിത്തരിക. കുട്ടികള്‍ അത് വായിച്ച് പഠിക്കുക മാത്രം. ആദ്യം അക്ഷരമാലയാണ് എഴുതിത്തരിക. കുട്ടികള്‍ അത് ഉച്ചത്തില്‍ ചൊല്ലണം. അ ഇ ഉ () എന്നതിന് അല്‍ഫീനാ, അല്‍ഫീനീ, അല്‍ഫീനൂ എന്നാണ് പറയുക. അപ്രകാരം ബാഖൂബാ, ബഖൂബീ, ബഖൂബൂ, താക്താ, താക്തീ, താക്തൂ (), സക്‌സാ, സക്‌സീ, സക്‌സൂ () എന്നിങ്ങനെ ക്ലിഷ്ടമായ ശൈലിയില്‍, പരമ്പരാഗത രീതിയിലായിരുന്നു ചൊല്ലിപ്പഠനം.
ആയത്തുകള്‍/സൂറത്തുകള്‍ ഒരു തവണ എഴുതിത്തന്നാല്‍ പിന്നെ മനഃപാഠമാക്കുന്നതുവരെ അത് പലകയില്‍നിന്നും മായ്ച്ചുകളയില്ല. ചെറിയ മൂന്നു ആയത്തുകള്‍ എഴുതുമ്പോഴേക്കും പലക നിറഞ്ഞിരിക്കും. അങ്ങനെ അമ്മയില്‍(സൂറത്തുന്നബഅ്) എത്തുമ്പോഴാണ് ആഘോഷം. കുട്ടികള്‍ പഠിച്ചുതുടങ്ങുന്ന ക്രമമനുസരിച്ച് ഒന്നാമത്തെ ജുസ്അ് എന്ന അര്‍ഥത്തില്‍ 'ഒന്നു ചൊല്ലിക്കുക' അഥവാ 'അമ്മ ചൊല്ലിക്കുക' എന്നൊക്കെയാണതിന് പേര് പറയുക. 'അമ്മ എഴുതുന്ന'ത് മദ്‌റസയില്‍ വെച്ചല്ല, വീട്ടില്‍ വെച്ചാണ്. കുട്ടി 'അമ്മ ഓതുന്ന' അന്ന് മുസ്‌ലിയാര്‍ക്ക് വീട്ടില്‍ നല്ല കോളൊക്കെയുണ്ടാകും. അതോടെ 'മുസ്വ്ഹഫ്' എടുക്കാന്‍ തുടങ്ങും. താഴെ പതിനഞ്ച് എന്നും മേലെ പതിനഞ്ച് എന്നും മുസ്വ്ഹഫ് ഇനം തിരിച്ചിരുന്നു. അമ്മ ജുസ്അ് മുഴുവന്‍ പലകയില്‍ എഴുതിപ്പഠിച്ച ശേഷമാണ് 'മുസ്വ്ഹഫ്' എടുക്കുക. താഴെ പതിനഞ്ചിലാണ്(അവസാനത്തെ 15 ജുസ്അ്) തുടക്കം.
അന്നൊന്നും മുസ്‌ലിയാര്‍ക്ക് വല്യ വരുമാനമുണ്ടായിരുന്നില്ല. വ്യാഴാഴ്ച ദിവസങ്ങളില്‍ ഓരോ കുട്ടിയും ഓരോ മുക്കാല്‍ വീതം കൊണ്ടുകൊടുക്കും. 'വ്യാഴാഴ്ച പൈസ' എന്നാണതിന് പറയുക.
മദ്‌റസാ പഠനത്തോടൊപ്പം വിലാദപുരം മാപ്പിള എല്‍.പി സ്‌കൂളില്‍ നാലാം തരം വരെ പഠിച്ചു. കുഞ്ഞിക്കണ്ണന്‍ കുറുപ്പ്, കണ്ണന്‍ മാഷ്, നമ്പൂതിരി മാഷ് പിന്നെ പോക്കര്‍ മാഷ് എന്നിവരാണ് ഓര്‍മയിലുള്ള അധ്യാപകര്‍. 'ചിത്രാവലി' എന്ന മലയാള പാഠപുസ്തകവും കണക്കുമായിരുന്നു പ്രധാന വിഷയങ്ങള്‍. സോഷ്യല്‍ സ്റ്റഡീസും സയന്‍സും അന്നത്തെ എല്‍.പി സെക്ഷനില്‍ ഇല്ല. ചില പൊതുവിജ്ഞാനീയങ്ങള്‍ അന്ന് അധ്യാപകര്‍ വാചികമായി പറഞ്ഞുതരുമായിരുന്നു.
ടി.കെ അബ്ദുല്ല സാഹിബിന്റെ ഉപ്പ തറക്കണ്ടി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരായിരുന്നു നാദാപുരത്ത് ആദ്യം ദര്‍സ് ആരംഭിച്ചത്. പിന്നീട് ഖുത്വുബി മുഹമ്മദ് മുസ്‌ലിയാരും മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാരും നാലാമതായി കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാരും ദര്‍സ് നടത്തി. നോട്ടിന് സകാത്ത് കൊടുക്കേണ്ടതില്ല എന്ന വിവാദ പരാമര്‍ശം നടത്തിയ വ്യക്തിയാണ് മേപ്പിലാച്ചേരി മൊയ്തീന്‍ മുസ്‌ലിയാര്‍. കീഴന ദര്‍സ് നടത്തുന്ന കാലത്തായിരുന്നു ഞാന്‍ അവിടെ പഠിക്കാന്‍ പോയത്. അദ്ദേഹത്തിന്റെയടുക്കല്‍ 'തബര്‍റുക്കി'നു വേണ്ടി കുറച്ച് ഓതിയിട്ടുണ്ട്. പത്തുകിതാബെല്ലാം ഓതിയിട്ടും എനിക്ക് ഒന്നും ഒരു പിടുത്തവുമുണ്ടായിരുന്നില്ല. അല്‍ഫിയയും ഫത്ഹുല്‍ മുഈനും കൂടി ഓതിയാല്‍ മാത്രമേ കാര്യങ്ങള്‍ മനസ്സിലാകൂ എന്ന നിലക്കാണ് കരിയാട് എന്‍.എ മൗലവിയുടെ അടുത്ത് ഉപ്പ എന്നെ കൊണ്ടുപോയി ചേര്‍ക്കുന്നത്. അവിടെ ചേരാനുള്ള കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, 'എനിക്ക് അല്‍ഫിയയും ഫത്ഹുല്‍ മുഈനും ഓതണം.' ഉടനെ ചോദ്യം വന്നു; 'എനിക്ക് അടി കിട്ടിയിട്ടില്ല എന്ന് അറബിയില്‍ എങ്ങനെ പറയും?' എനിക്കാണെങ്കില്‍ അത് അറിയുകയുമില്ല. ഞാനാകെ കുഴങ്ങി. ഒടുവില്‍ ഉത്തരം അദ്ദേഹം തന്നെ പറഞ്ഞു. 'അല്‍ഫിയയും ഫത്ഹുല്‍ മുഈനും ഓതുന്നതൊക്കെ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ, ആദ്യം ഹിദായത്തുല്‍ ജലിയ്യ പഠിക്കൂ'. എന്‍.എ മൗലവി തന്നെ എഴുതിയ അറബി മലയാളം പുസ്തകമായിരുന്നു അത്. അതില്‍ അറബി വ്യാകരണ പാഠമായ 'നകിറ'യും 'മഅ്‌രിഫ'യും വിവരിച്ചത് രസകരമായിട്ടാണ്. ഇതൊക്കെ പഠിച്ചതിനു ശേഷമാണ് ഞാന്‍ അല്‍ഫിയയും ഫത്ഹുല്‍ മുഈനുമൊക്കെ ഓതാന്‍ തുടങ്ങിയത്.
എന്‍.എ മൗലവിയുടെ അടുത്ത് മൂന്ന് വര്‍ഷം കിതാബോതി. അപ്പോഴാണ് ഉപ്പയുടെ മരണം. എനിക്കന്ന് 19 വയസ്സ്. അതില്‍പിന്നെ കിതാബോതലൊക്കെ നിര്‍ത്തി എന്തെങ്കിലും ജോലി നേടിയാല്‍ മതിയെന്നായി. കാരണം വീട്ടില്‍ വലിയ പ്രാരാബ്ധമായിരുന്നു.
(തുടരും)
Comments