Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 18

3014

1438 ദുല്‍ഖഅദ് 25

ഇസ്‌ലാം മദീനയിലെത്തുന്നു

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-22

 

മക്കയില്‍ സന്ദര്‍ശനത്തിനെത്തുന്നവരുമായി നബി വളരെ കാര്യമായി സമ്പര്‍ക്കം പുലര്‍ത്താന്‍ തുടങ്ങിയതോടെ പ്രതിയോഗികള്‍ കൂടുതല്‍ പ്രതിരോധത്തിലായി. ഇതിലേറ്റവും പ്രധാന സന്ദര്‍ഭം വര്‍ഷം തോറും കഅ്ബയിലേക്ക് നടന്നുവരാറുള്ള തീര്‍ഥാടനമാണ്. അബൂലഹബിനെ പോലുള്ളവര്‍ ഈ തീര്‍ഥാടകര്‍ക്കിടയില്‍ ഇസ്‌ലാമിനെക്കുറിച്ച് പലതരം കള്ളങ്ങളും മുന്‍ധാരണകളും പരത്തുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. സംഹൂദിയുടെ വിവരണമനുസരിച്ച് (പേജ് 221, 222), ഹിജ്‌റ (മദീനയിലേക്കുള്ള പലായനം) നടക്കുന്നതിന് അഞ്ചു വര്‍ഷം മുമ്പുതന്നെ മദീനയില്‍നിന്നെത്തിയ ഔസ് ഗോത്ര പ്രതിനിധി സംഘവുമായി നബി ചര്‍ച്ചകള്‍ തുടങ്ങിവെച്ചിരുന്നു. അന്ന് ഔസ് ഗോത്രക്കാര്‍ എത്തിയത് ഖസ്‌റജ് ഗോത്രത്തിനെതിരെയുള്ള സഖ്യത്തില്‍ മക്കയിലെ ഖുറൈശികള്‍ അണിനിരക്കണം എന്ന അഭ്യര്‍ഥനയുമായാണ്. ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ ഔസ് പ്രതിനിധി സംഘത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുവെങ്കിലും അവരത് സ്വീകരിച്ചില്ല. ഖുറൈശികളുമായി സൈനിക സഖ്യമുണ്ടാക്കാനുള്ള അവരുടെ ശ്രമവും വിജയിച്ചില്ല. തൊട്ടുടനെയാണ് ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മില്‍ പ്രസിദ്ധമായ ബുആസ് യുദ്ധം നടക്കുന്നത്. നബിയും കുടുംബവും ബഹിഷ്‌കരിക്കപ്പെട്ടിരുന്ന സന്ദര്‍ഭത്തിലാണ് അത് നടന്നതെന്ന് അനുമാനിക്കാം. ബഹിഷ്‌കരണത്തിനും ത്വാഇഫ് യാത്രക്കും ശേഷം നബി നടത്തിക്കൊണ്ടിരുന്ന പ്രബോധന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചരിത്രകാരന്മാര്‍1 നമുക്ക് വിവരങ്ങള്‍ നല്‍കുന്നുണ്ട്. മക്കയുടെ പ്രാന്തത്തിലുള്ള മിനായില്‍ വെച്ച് ഏകദേശം പതിനഞ്ച് സംഘങ്ങളുമായെങ്കിലും ഈ സന്ദര്‍ഭത്തില്‍ നബി സമ്പര്‍ക്കം പുലര്‍ത്തുകയുണ്ടായിട്ടുണ്ട്. ആ വിദേശികളോട് അവരുടെ നാട്ടിലേക്ക് തനിക്കും അനുയായികള്‍ക്കും വന്നു താമസിക്കാന്‍ പറ്റുമോ എന്നും അക്കാര്യത്തില്‍ ഒരു സംരക്ഷണക്കരാര്‍ ഉണ്ടാക്കാന്‍ അവര്‍ തയാറുണ്ടോ എന്നുമാണ് നബി അന്വേഷിച്ചുകൊണ്ടിരുന്നതെന്ന് ഇബ്‌നു ഹിശാം2 എഴുതുന്നു. നബി അവരോട് പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്: ''എനിക്ക് സംരക്ഷണം നല്‍കൂ, എന്റെ അധ്യാപനങ്ങള്‍ ശ്രവിക്കൂ. എങ്കില്‍ ബൈസാന്റിയന്‍- പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ നിങ്ങള്‍ക്ക് വിധേയപ്പെടുന്ന ഒരുകാലം വരും.'' നിരവധി സംഭവങ്ങളില്‍നിന്ന്3 വ്യക്തമാവുന്നതുപോലെ, തന്റെ അനുയായികള്‍ ബൈസാന്റിയന്‍-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളെ അതിജയിക്കുമെന്ന കാര്യത്തില്‍ ദൗത്യം ഏറ്റെടുത്തത് മുതല്‍തന്നെ നബിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല.

ഈ പതിനഞ്ച് ഗോത്രങ്ങള്‍ പല രീതിയിലാണ് നബിയോട് പ്രതികരിച്ചത്. ചിലര്‍ പരുഷമായി, ചിലര്‍ മാന്യമായി, മറ്റു ചിലര്‍ ഒഴിഞ്ഞുമാറിക്കൊണ്ട്, പരിഹാസോക്തികളുമായി വേറെ ചിലര്‍... ഈ പ്രതികരണങ്ങളൊന്നും ക്രിയാത്മകമായിരുന്നില്ല എന്നു മാത്രം. അബൂലഹബാകട്ടെ, സന്ദര്‍ശകര്‍ക്കിടയില്‍ മെനക്കെട്ട് ഇറങ്ങി നടന്ന് വ്യാജ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടുമിരുന്നു. അങ്ങനെ ഈ പതിനഞ്ച് സംഘങ്ങളുമായുള്ള എല്ലാ അഭിമുഖീകരണങ്ങളും തികഞ്ഞ പരാജയത്തില്‍ കലാശിച്ചു. എന്നിട്ടും നബിയുടെ ഇഛാശക്തിക്ക് മങ്ങലേല്‍ക്കുന്നില്ല, അദ്ദേഹം നിരാശനാകുന്നില്ല. അങ്ങനെ പതിനാറാമത്തെ യത്‌നത്തിലാണ് അത് ഫലപ്രാപ്തിയിലെത്തുന്നത്. മദീനയില്‍നിന്നെത്തിയ ആറംഗ സംഘത്തെ നബി അഖബയില്‍ വെച്ച് കാണുന്നു (മക്കയില്‍നിന്ന് മിനായിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ ഇടതുവശത്തായിരിക്കും ഈ പ്രദേശം. മിനായിലേക്കുള്ള ഇടുങ്ങിയ പാതയോരത്ത് സ്ഥിതി ചെയ്തിരുന്ന ആ സ്ഥലത്തിന് തുടക്കത്തില്‍ കൃത്യമായ പേരുണ്ടായിരുന്നില്ല. ഇടുങ്ങിയ വഴിക്ക് സമീപമുള്ളത് /ഇന്‍ദല്‍ അഖബ എന്ന് മാത്രമാണ് അതേപ്പറ്റി പറഞ്ഞിരുന്നത്). പതിവുപോലെ പ്രവാചകന്‍ ഈ ആറംഗ സംഘത്തെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. കുറച്ച് നേരം പരസ്പരം കൂടിയാലോചിച്ച ശേഷം അവര്‍ ഇസ്‌ലാം സ്വീകരിച്ചു.4 ഇതൊരു വ്യക്തിയുടെ തീരുമാനമായിരുന്നില്ല, ഒരു സംഘത്തിന്റെ തീരുമാനമായിരുന്നു. എന്തുകൊണ്ടാണ് മറ്റു സംഘങ്ങളില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ ഈ മദീനാ സംഘം പ്രതികരിച്ചത്?

മദീനാ നഗരത്തില്‍ (390 44'-240 33') അറബികള്‍ക്കൊപ്പം വലിയൊരു വിഭാഗം ജൂതന്മാരും താമസിക്കുന്നുണ്ടായിരുന്നു. ജനസംഖ്യയില്‍ പ്രബലരായ ഇരു വിഭാഗങ്ങളും ആന്തരികമായി ശിഥിലമായിരുന്നു. ഒരു വിഭാഗം അറബ്-ജൂത ഗോത്രങ്ങള്‍ മറ്റു അറബ്-ജൂത ഗോത്രങ്ങള്‍ക്കെതിരെ സൈനിക സഖ്യമുണ്ടാക്കുന്നതും യുദ്ധം ചെയ്യുന്നതും പതിവായിരുന്നു. കാലുമാറിയും കൂറുമാറിയും നടത്തിയിരുന്ന ഇത്തരം ആഭ്യന്തരയുദ്ധങ്ങള്‍ 120 വര്‍ഷം നീണ്ടുനിന്നു എന്നാണ് സംഹൂദി (ക-215) പറയുന്നത്. ആഭ്യന്തര യുദ്ധങ്ങള്‍ അറബ്, ജൂത വംശങ്ങളെ ഒരുപോലെ തളര്‍ത്തിക്കളഞ്ഞു. തുടര്‍ന്നാണ് ബുആസ് യുദ്ധത്തില്‍ വിജയികളായ ഗോത്രത്തിന്റെ പ്രതിനിധികള്‍ മക്കക്കാരുമായി ഒരു പരസ്പര സഹായ ഉടമ്പടി ഉണ്ടാക്കാനായി മക്കയില്‍5 വന്നത്. നേരത്തേ വിജയികളായിരുന്ന, ബുആസ് യുദ്ധത്തില്‍ പരാജിതരായിത്തീര്‍ന്ന ഖസ്‌റജ് ഗോത്രത്തില്‍ പെടുന്നവരായിരുന്നു ഇസ്‌ലാം സ്വീകരിച്ച മദീനക്കാരായ നേരത്തേ പറഞ്ഞ ആറു പേരും. മാതാവ് വഴി നബിക്ക് കുടുംബബന്ധമുള്ളത് മദീനയിലെ ഖസ്‌റജ് ഗോത്രവുമായിട്ടാണ്. മക്കയിലും മദീനയിലുമുള്ള ഈ കുടുംബക്കാര്‍ തമ്മില്‍ എന്നും ഊഷ്മള ബന്ധമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് അബ്ദു

ല്‍ മുത്ത്വലിബിനെ സഹായിക്കാന്‍ ഒരിക്കല്‍ മദീനയില്‍നിന്ന് കാലാള്‍പ്പട വന്നത്; മദീനയില്‍ ഈ ഗോത്രത്തിന്റെ മണ്ണില്‍ നബിയുടെ പിതാവ് അബ്ദുല്ലയെ മറമാടിയത്; കുട്ടിക്കാലത്ത് തന്റെ മാതാവിനോടൊപ്പം മദീനയിലെ ഈ കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ നബി പുറപ്പെട്ടത്; കച്ചവട കാര്യങ്ങള്‍ സംസാരിക്കാന്‍ നബിയുടെ പിതൃസഹോദരന്‍ അബ്ബാസ് ഇടക്കിടെ അവരെ സന്ദര്‍ശിച്ചുകൊണ്ടിരുന്നത്.6 മാത്രവുമല്ല, മറ്റു അറബികളേക്കാള്‍ മദീനക്കാര്‍ക്ക് പ്രവാചകത്വസംബന്ധമായ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് ഉണ്ടായിരുന്നു. ജൂതന്മാരുമായി ഇടപഴകുകയും അവരുമായി സൈനിക സഖ്യമുണ്ടാക്കുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ഇത്തരം അറിവുകള്‍ ലഭിച്ചത്. ഇവരില്‍ കുറച്ച് പേര്‍ ജൂതായിസത്തിലേക്ക് മതം മാറുകയും ചെയ്തിരുന്നു. അറബ് ചരിത്രകാരന്മാര്‍7 രേഖപ്പെടുത്തുന്നത്, പ്രവാചകത്വ വിഷയങ്ങളില്‍ അറിവില്ലാത്തവരെന്നു പറഞ്ഞ് ജൂതന്മാര്‍ മദീനയിലെ ബഹുദൈവ വിശ്വാസികളെ അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നാണ്. ഇത്തരം തര്‍ക്കങ്ങള്‍ മൂര്‍ധന്യത്തിലെത്തുമ്പോള്‍ ജൂതന്മാര്‍ പറയും: 'ഞങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകനുണ്ട്. അദ്ദേഹം വരട്ടെ, നിങ്ങളെയൊക്കെ ഞങ്ങള്‍ ഒരു പാഠം പഠിപ്പിക്കും.'  തര്‍ക്കങ്ങളില്‍ മനശ്ശാസ്ത്രപരമായ മേധാവിത്വം നേടാന്‍ ഇതുവഴി ജൂതന്മാര്‍ക്ക് സാധിച്ചിരുന്നു.

ഈ ആറ് മദീനക്കാര്‍ക്ക്, അവര്‍ ശുദ്ധമാനസരായിരുന്നതിനാലും, മേല്‍പറഞ്ഞ കാരണങ്ങളാലും നബിയുടെ ക്ഷണത്തിന് ഉത്തരം നല്‍കുമ്പോള്‍ ജൂതന്മാര്‍ക്കെതിരെ മേധാവിത്വം നേടുക എന്ന ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. നബി അവിടം കൊണ്ട് നിര്‍ത്തിയില്ല. ഇബ്‌നു ഹിശാമിന്റെ8 വിവരണപ്രകാരം, പ്രവാചകന്‍ മറ്റു മദീനാ ഗോത്ര പ്രതിനിധികളുമായും ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു. ഖസ്‌റജികളുടെ പ്രതിയോഗികളായ ഔസ് ഗോത്രവുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമം വേണ്ടത്ര വിജയിച്ചില്ല തുടക്കത്തില്‍. ഏതായാലും ഇസ്‌ലാം സ്വീകരിച്ച ആറ് പേര്‍ മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ 'പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രവാചക'ന്റെ സന്ദേശം പ്രബോധനം ചെയ്യാന്‍ ആരെയും കാത്തുനിന്നില്ല. സ്വാഭാവികമായും മദീനാ നഗരത്തില്‍ അതൊരു വലിയ ചര്‍ച്ചാവിഷയമായി. ഈ ആറു പേര്‍ക്കും ഇസ്‌ലാമിനെക്കുറിച്ച് കാര്യമായൊന്നും അറിയില്ലെങ്കിലും, അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങി. ഔസ് ഗോത്രക്കാര്‍ ഖുറൈശികളുമായി ഒരു സൈനിക കരാറിന് ശ്രമിച്ച് പരാജയപ്പെട്ടത് ആ മദീനാ ഗോത്രക്കാരെ നിരാശരാക്കിയിരുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് സംഹൂദിയുടെ വഫാഉല്‍ വഫാ എന്ന കൃതി കാണുക, ക, 215/6). അതിനാല്‍ ഔസ് ഗോത്രക്കാരില്‍നിന്നും പുതുവിശ്വാസികള്‍ ഉണ്ടാകാന്‍ തുടങ്ങി. ഇതിന്റെ ഫലമായി, ഖസ്‌റജില്‍നിന്ന് പത്തും ഔസില്‍നിന്ന് രണ്ടും പുതുവിശ്വാസികള്‍ ഒരു വര്‍ഷം കഴിഞ്ഞ്, ഒരു തീര്‍ഥാടന വേളയില്‍തന്നെ, പ്രവാചകനുമായി അഖബാ എന്ന അതേ സ്ഥലത്തു വെച്ച് സന്ധിച്ചു. അവര്‍ ഒരു അനുസരണ പ്രതിജ്ഞ അവിടെ വെച്ച് എടുക്കുകയും ചെയ്തു.

ആദ്യത്തെ ആറ് മദീനാ പുതുവിശ്വാസികള്‍ പ്രവാചകനോട് പറഞ്ഞു: ''ആഭ്യന്തരയുദ്ധങ്ങളില്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണ് ഞങ്ങളുടെ സമൂഹം. താങ്കളുടെ ഇടപെടല്‍ വഴി ദൈവം ഞങ്ങളെ രക്ഷിച്ചേക്കും. ഈ ലക്ഷ്യത്തിനു വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിലേക്ക് ഞങ്ങളും ക്ഷണിക്കാന്‍ പോകുന്നു.''9 'പ്രതീക്ഷിത പ്രവാചക'ന്റെ പിന്നില്‍ അണിനിരക്കുന്നതില്‍ ഖസ്‌റജികളേക്കാള്‍ ഒട്ടും പിറകിലായിരുന്നില്ല ഔസികളും. പക്ഷേ മനുഷ്യസഹജമായ വീഴ്ചകള്‍ ഇരു കൂട്ടര്‍ക്കും സംഭവിക്കാതിരുന്നുമില്ല. ഇബ്‌നു ഹിശാം10 രേഖപ്പെടുത്തുന്നു: ''രണ്ടാം അഖബാ സമാഗമം കഴിഞ്ഞ് മദീനയിലെ മുസ്‌ലിംകള്‍ സംഘടിതമായി നമസ്‌കാരം നിര്‍വഹിക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ, ഖസ്‌റജി ഇമാമിന്റെ പിന്നില്‍നിന്ന് നമസ്‌കരിക്കാന്‍ ഔസികള്‍ തയാറല്ല; നേരെ തിരിച്ചും അതുതന്നെ സ്ഥിതി. എന്നാല്‍, മദീനക്കാരെ ഇസ്‌ലാം പഠിപ്പിക്കാനായി നബി അയച്ചുകൊടുത്ത മക്കക്കാരനായ ഇമാമിന്റെ പിന്നില്‍ അണിനിരന്ന് നമസ്‌കരിക്കാന്‍ ഇരു കൂട്ടരും തയാറുമാണ്. കാലം കഴിയുമ്പോള്‍ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് കരുതിയെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന സ്ഥിതിവിശേഷവും വന്നുചേര്‍ന്നു. ഖസ്‌റജ് ഗ്രാമങ്ങളില്‍ ഔസികളോ ഔസി ഗ്രാമങ്ങളില്‍ ഖസ്‌റജികളോ പോകാന്‍ ധൈര്യപ്പെടുമായിരുന്നില്ല. നബി മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെ ഖുബാ എന്ന സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചിരുന്നത് ഔസിയായ ബനൂ അംരിബ്‌നു ഔഫ് ആണ്. അപ്പോള്‍ നബി ചോദിച്ചു: ''എവിടെ (ഖസ്‌റജിയായ) അസ്അദുബ്‌നു സുറാറഃ?'' ഉടന്‍ മറുപടി വന്നു: ''അദ്ദേഹം ഞങ്ങളുടെ ഗോത്രത്തിലെ ഒരാളെ കൊന്നിട്ടുണ്ട്, ബുആസ് യുദ്ധത്തില്‍ വെച്ച്. അതിനാല്‍ ഈ പ്രദേശത്ത് വരാന്‍ അദ്ദേഹം ധൈര്യപ്പെടില്ല.'' പക്ഷേ, സുറാറഃ വരിക തന്നെ ചെയ്തു, അര്‍ധരാത്രിയില്‍, ഒരു മുഖംമൂടിയൊക്കെ അണിഞ്ഞ്. നബിയുടെ അമ്പരപ്പ് കണ്ട് സുറാറഃ പറഞ്ഞു: ''താങ്കള്‍ ഇവിടെ എത്തുമ്പോള്‍ താങ്കളെ സ്വീകരിക്കാനായി എനിക്ക് വരാതിരിക്കാന്‍ പറ്റുമോ, അത് എന്റെ ജീവന്‍ പണയപ്പെടുത്തിയാണെങ്കില്‍ പോലും?''

ആ രാത്രി സുറാറഃ നബിയോടൊപ്പം കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ സുറാറക്ക് സംരക്ഷണം നല്‍കണമെന്ന് നബി ഏതാനും ഔസി പ്രമാണിമാരോട് ആവശ്യപ്പെട്ടു. തുടക്കത്തില്‍ ഔസികള്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് അവരില്‍ സഅ്ദു ബ്‌നു ഖൈത്തമ എന്നൊരാള്‍ അസ്അദുബ്‌നു സുറാറയുടെ വീട്ടിലെത്തി അദ്ദേഹത്തെ നബിയുടെ അടുത്തേക്ക് ആനയിച്ചുകൊണ്ടുവന്നു. ഈ അപ്രതീക്ഷിത രംഗം കണ്ടപ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു: ''പ്രവാചകരേ, ഞങ്ങള്‍ അദ്ദേഹത്തിന് സംരക്ഷണം നല്‍കിയിരിക്കുന്നു.'' അന്നുമുതല്‍ എല്ലാ രാവിലെയും വൈകുന്നേരവും പ്രവാചകനെ വന്നു കാണാന്‍ അസ്അദിന് അവസരമുണ്ടായി (സംഹൂദി, ക, 249,250). നബിക്ക് മുമ്പിലുണ്ടായിരുന്നത് വലിയ കടമ്പകളായിരുന്നു എന്നര്‍ഥം.

അഖബയില്‍ വെച്ച് പന്ത്രണ്ട് മദീനക്കാര്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. അത് ഇങ്ങനെ വായിക്കാം: ''ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യും, സ്വസ്ഥതയിലും പ്രയാസത്തിലും സന്തുഷ്ടിയിലും അസന്തുഷ്ടിയിലും. താങ്കള്‍ക്ക് മുന്‍ഗണന നല്‍കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്. ആര്‍ക്കാണോ ആജ്ഞാപിക്കാനുള്ള അധികാരം, അവരെ ഞങ്ങള്‍ ധിക്കരിക്കുകയുമില്ല. ദൈവമാര്‍ഗത്തില്‍ ആരുടെയും ആക്ഷേപം ഞങ്ങള്‍ വകവെക്കുകയില്ല. ദൈവത്തില്‍ പങ്കുകാരെ ചേര്‍ക്കില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും ഞങ്ങളുടെ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുകയില്ലെന്നും പരസ്പരം ദുഷിച്ച് സംസാരിക്കുകയില്ലെന്നും നല്ല പ്രവൃത്തികളിലൊന്നിലും താങ്കളോട് അനുസരണക്കേട് കാണിക്കില്ലെന്നും ഞങ്ങള്‍ വാക്ക് തരുന്നു.'' ആവേശഭരിതരായി ആ നല്ല മനുഷ്യര്‍ ഇത്രകൂടി പറഞ്ഞു: ''ദൈവദൂതരേ, താങ്കള്‍ അനുവാദം നല്‍കുന്ന പക്ഷം, നാളെത്തന്നെ ഈ മിനായിലെ അവിശ്വാസികളോട് ഏറ്റുമുട്ടി അവരെ ഞങ്ങള്‍ വകവരുത്താം.''

പ്രവാചകന്‍ അവരോട് പറഞ്ഞു: ''അങ്ങനെ ചെയ്യാനല്ല ദൈവം എന്നോട് ആവശ്യപ്പെട്ടിട്ടുള്ളത്.''11 പിന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''ഈ പ്രതിജ്ഞ നിങ്ങള്‍ പാലിക്കുമെങ്കില്‍ നിങ്ങള്‍ക്കുള്ള പ്രതിഫലം സ്വര്‍ഗമായിരിക്കും; ഏതെങ്കിലും നിലക്ക് ഇത് ലംഘിക്കുകയാണെങ്കിലോ ദൈവം നിങ്ങളെ ശിക്ഷിച്ചേക്കാം; അല്ലെങ്കില്‍ നിങ്ങള്‍ക്ക് മാപ്പു നല്‍കിയേക്കാം.''12 സംഹൂരി ഉദ്ധരിക്കുന്ന ആ സംഭവം (പേ: 857, ഇബ്‌നു ഖുദാമയുടെ അല്‍ ഇസ്തിബ്‌സ്വാര്‍ ഫീ നസബിസ്സ്വഹാബ: മിനല്‍ അന്‍സ്വാര്‍, പേ: 174 എന്ന കൃതിയിലും ഇതു കാണാം) നടക്കുന്നതും ഇതേ കാലത്തു തന്നെയാവണം. ''അഖബയില്‍ വെച്ച് റഫീഉബ്‌നു മാലിക് അസ്സുര്‍ഖിയെ സന്ധിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന് അതുവരെ അവതരിച്ച ഖുര്‍ആനിക സൂക്തങ്ങളുടെ ഏട് നല്‍കുകയുണ്ടായി. റഫീഅ് തന്റെ ഗോത്രത്തിലേക്ക് ചെന്ന് അവിടെ ഒരു പള്ളി ഉണ്ടാക്കുകയും ഈ ഏട് ഉച്ചത്തില്‍ പാരായണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ചരിത്രത്തിലെ ഇതുപോലുള്ള ആദ്യ സംഭവമാണിത്.''

രണ്ട് രീതികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവമുണ്ട്. അതില്‍ ഒരു റിപ്പോര്‍ട്ട് ഇപ്രകാരം: മദീനയിലെ മുസ്‌ലിംകള്‍ - അവര്‍ പിന്നീട് 'സഹായികള്‍'/'അന്‍സ്വാര്‍' എന്നാണ് അറിയപ്പെടുന്നത്- പ്രവാചകനോട്, അഖബയില്‍വെച്ച് തങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിച്ചുതരാനും അത് പൊതുജനങ്ങളില്‍ പ്രബോധനം ചെയ്യാനും ഒരാളെ അയച്ചുതരണമെന്ന് ആവശ്യപ്പെടുന്നു. രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഒരു പ്രബോധകനെ അയച്ചുതരണമെന്ന് ആവശ്യപ്പെട്ട് അവര്‍ മദീനയില്‍നിന്ന് മക്കയിലേക്ക് കത്തെഴുതി എന്നാണ്. പ്രബോധകനും ഗുരുവുമായി നബി മദീനയിലേക്ക് അയക്കുന്നത് മുസ്വ്അബു ബ്‌നു ഉമൈറിനെയാണ്.13

ഗുരുവിന്റെ ദൗത്യം ഒട്ടും എളുപ്പമായിരുന്നില്ല. ഇസ്‌ലാം സ്വീകരിച്ച മദീനയിലെ ഗോത്രമുഖ്യരിലൊരാളായ അസ്അദുബ്‌നു സുറാറയുടെ കൂടെയാണ് മുസ്വ്അബിന്റെ താമസം. ഒരിക്കല്‍ അസ്അദ്, തന്റെ സഹോദര പുത്രനായ സഅ്ദുബ്‌നു മുആദ്, അദ്ദേഹത്തിന്റെ സുഹൃത്താ യ ഉസൈദു ബ്‌നു ഹുദൈര്‍ എന്നിവരുടെ അടുക്കലേക്ക് മുസ്വ്അബിനെ കൊണ്ടുപോയി. മുസ്വ്അബ് കിണറ്റിനരികിലുള്ള ഒരു തോട്ടത്തില്‍ ഇരുന്നു. പലരും അദ്ദേഹത്തെ കാണാനായി വരുന്നുണ്ട്. തോട്ടത്തിന്റെ ഉടമയായ സഅ്ദുബ്‌നു മുആദിന് 'പുത്തന്‍മതം' തീരെയങ്ങ് പിടിക്കുന്നില്ല. അദ്ദേഹം തന്നോടൊപ്പമുണ്ടായിരുന്ന ഉസൈദിനോട് പറഞ്ഞു: ''നിങ്ങള്‍ പോയി ആ രണ്ട് പേരോടും (ഗുരുവിനോടും അദ്ദേഹത്തിന് ആതിഥ്യം നല്‍കുന്ന അസ്അദിനോടും) ഇവിടം വിട്ട് പോകാന്‍ പറയൂ. അസ്അദ് എന്റെ അമ്മായിയുടെ മകനാണ്. അയാള്‍ കൂടെയില്ലായിരുന്നെങ്കില്‍ നിങ്ങളെ എനിക്ക് ബുദ്ധിമുട്ടിക്കേണ്ടി വരുമായിരുന്നില്ല. നമ്മുടെ വീട്ടിലെ സമാധാനം തകര്‍ക്കരുതെന്ന് അവരോട് ചെന്ന് പറയൂ.'' ഉസൈദ് തന്റെ കുന്തം ഉയര്‍ത്തിപ്പിടിച്ച് തോട്ടത്തിലെത്തി പ്രകോപനമുണ്ടാക്കുന്ന ശൈലിയില്‍ പറഞ്ഞു: ''ദുര്‍ബലമാനസരെ ചാക്കിട്ടു പിടിക്കാനാണോ നിങ്ങള്‍ ഇങ്ങോട്ട് എഴുന്നള്ളിയിരിക്കുന്നത്? എത്ര പെട്ടെന്ന് ഈ സ്ഥലം വിടുന്നുവോ അത് നിങ്ങളുടെ സുരക്ഷക്ക് നല്ലത്.'' ഗുരു മുസ്വ്അബ് വളരെ മാന്യമായാണ് പ്രതികരിച്ചത്: ''താങ്കള്‍ അല്‍പനേരമിരുന്ന് ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കുമോ? താങ്കള്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ഞങ്ങള്‍ ഉടന്‍ തന്നെ നിര്‍ത്തി പോയേക്കാം.'' ഉസൈദ് പറഞ്ഞു: ''നിങ്ങള്‍ പറഞ്ഞത് ന്യായമാണ്.'' ഇസ്‌ലാം എന്താണെന്ന് മുസ്വ്അബ് ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചു; പിന്നെ ചില ഖുര്‍ആനിക സൂക്തങ്ങള്‍ ചൊല്ലിക്കേള്‍പ്പിച്ചു. മുസ്വ്അബ് തന്റെ ലഘുപ്രഭാഷണം അവസാനിപ്പിക്കുന്നതിനു മുമ്പുതന്നെ ഉസൈദ് ആകെ വശീകരിക്കപ്പെട്ടുപോയെന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: ''എത്ര മനോഹരം! ഈ മതം പുല്‍കുന്നതിന് എന്താണ് തടസ്സം?'' പിന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ''ഞാന്‍ മറ്റൊരാളെ നിങ്ങളുടെ അടുത്തേക്ക് അയക്കാം. അയാളൊരു ഗോത്രത്തലവനാണ്. അയാളെ നിങ്ങള്‍ക്ക് ബോധ്യപ്പെടുത്താനാവുമെങ്കില്‍ അയാളുടെ ഗോത്രമാകെ മാനസാന്തരപ്പെടും.'' സഅ്ദുബ്‌നു മുആദിന്റെയും കൂട്ടുകാരുടെയും അടുത്തേക്ക് തിരിച്ചുവന്ന് ഉസൈദ് ഇങ്ങനെ അറിയിച്ചു: ''വന്നയാള്‍ പ്രശ്‌നക്കാരനാണെന്ന് തോന്നുന്നില്ലെങ്കിലും, സ്ഥലം വിടാന്‍ പറഞ്ഞപ്പോള്‍ 'ഞങ്ങള്‍ വിചാരിച്ചപോലെ ഞങ്ങള്‍ ചെയ്യും' എന്നാണ് അവര്‍ രണ്ടുപേരും മറുപടി പറഞ്ഞത്. പിന്നെ നിങ്ങളുടെ മച്ചുനനുണ്ടല്ലോ, കൂടെ വന്നിരിക്കുന്ന അസ്അദ്, അയാളെ കൊല്ലാനായി നിങ്ങളുടെ പ്രതിയോഗി ഗോത്രം ബനൂ ഹാരിസ പരിപാടിയിട്ടിരിക്കുകയാണെന്ന വിവരവും എനിക്ക് കിട്ടിയിട്ടുണ്ട്. നിങ്ങളെ നാണം കെടുത്തുകയാണ് ഉദ്ദേശ്യം'' (അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചത് ഇതാണ്: അസ്അദ് മുസ്‌ലിമായിരിക്കുന്നു. നിങ്ങള്‍ പാരമ്പര്യ മതത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അയാളെ സഹായിക്കാന്‍ നിവൃത്തിയില്ല. അതേസമയം അയാള്‍ നിങ്ങളുടെ ബന്ധു കൂടി ആണല്ലോ. ആരോ വന്ന് അയാളെ കൊലപ്പെടുത്തുന്നതും നിങ്ങള്‍ക്ക് അപമാനമാണല്ലോ). ഉസൈദ് ഇങ്ങനെയൊരു കഥ മെനഞ്ഞുണ്ടാക്കിയത്, ഏതെങ്കിലും വിഷയത്തില്‍ ഗുരു മുസ്വ്അബുമായി സന്ധിക്കാന്‍ സഅ്ദുബ്‌നു മുആദിന് അവസരമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. അപ്പോള്‍ സഅ്ദിനും കാര്യങ്ങള്‍ ബോധ്യപ്പെടും. സഅ്ദ് ഉള്‍ഭയത്തോടെ പറഞ്ഞു: ''നീ പോയിട്ട് പ്രശ്‌നം തീര്‍ന്നില്ല. ഞാന്‍ പോയി നോക്കാം.'' കുന്തം വാങ്ങി സഅ്ദ,് മുസ്വ്അബിന് നേരെ ചെന്നു, അദ്ദേഹത്തെ കണക്കിന് ശകാരിച്ചു. കുറച്ച് കഴിഞ്ഞ് സഅ്ദ് സ്വന്തം ഗോത്രക്കാരിലേക്ക് തിരിച്ചു ചെല്ലുന്നതാണ് നാം കാണുന്നത്. അദ്ദേഹം അവരോട് ചോദിച്ചു: ''ആരാണ് ഞാന്‍?'' അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു: ''നിങ്ങള്‍ ഞങ്ങളുടെ നേതാവാണ്; ഞങ്ങളുടെ കൂട്ടത്തിലെ ബുദ്ധിമാന്‍, വിവേകമതി.'' അപ്പോള്‍ സഅ്ദ് എന്ന പരുക്കനായ ഗോത്രനേതാവ് ഉച്ചത്തില്‍: ''എന്നാല്‍ ശ്രദ്ധിച്ച് കേട്ടോളൂ. ഞാന്‍ നിങ്ങളിലെ കുട്ടികളെയും സ്ത്രീകളെയും എല്ലാവരെയും കൈയൊഴിയും, നിങ്ങള്‍ ഉടനടി ഇസ്‌ലാം സ്വീകരിക്കാന്‍ തയാറാവുന്നില്ലെങ്കില്‍.'' സൂര്യനസ്തമിക്കുമ്പോഴേക്ക് ആ ഗോത്രക്കാര്‍ മുഴുവന്‍ ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞിരുന്നു.14 ഒരു വര്‍ഷം മുഴുവന്‍ മദീനയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം മക്കയില്‍ തിരിച്ചെത്തിയ മുസ്വ്അബ് പ്രവാചകന് റിപ്പോര്‍ട്ട് കൊടുത്തു; മൂന്ന് കുടുംബങ്ങളില്‍ നിന്നൊഴിച്ച് അറബ് ഗോത്രങ്ങളില്‍നിന്നുള്ള ഭൂരിപക്ഷം പേരും ഇസ്‌ലാം ആശ്ലേഷിക്കാന്‍ സന്നദ്ധരായിരിക്കുന്നു.

ആ വര്‍ഷം മദീനയില്‍നിന്ന് മക്കയില്‍ തീര്‍ഥാടനത്തിന് എത്തിയവര്‍ 500 പേര്‍. അവരില്‍ 71 മുസ്‌ലിം പുരുഷന്മാരും രണ്ട് മുസ്‌ലിം സ്ത്രീകളും ഉണ്ടായിരുന്നു. ഈ മുസ്‌ലിംസംഘം അഖബയില്‍ വെച്ച് രാത്രി പ്രവാചകനുമായി സന്ധിക്കാമെന്ന ധാരണയിലെത്തി. ഒറ്റയും തെറ്റയുമായാണ് അവര്‍ കൂടാരത്തിനു പുറത്ത് കടന്നത്; മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കുന്നതിനു വേണ്ടി. അര്‍ധരാത്രിയായി കാണും. പൂര്‍ണ ചന്ദ്രനുള്ള ദിവസമാണ്. പ്രവാചകന്‍ എത്തിയിരിക്കുന്നത് പിതൃസഹോദരന്‍ അബ്ബാസുമൊത്താണ്. അന്നദ്ദേഹം ഇസ്‌ലാം സ്വീകരിച്ചിട്ടില്ല. ഏറക്കുറെ പ്രവാചകന്റെ അതേ പ്രായം തന്നെ ആയതുകൊണ്ട് അബ്ബാസിന് അദ്ദേഹത്തോട് വളരെയേറെ സ്‌നേഹവും അടുപ്പവുമുണ്ടായിരുന്നു. സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കാനുള്ളതുകൊണ്ട് അബ്ബാസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളുടെ സേവനം ആവശ്യമായിരുന്നു. സ്ഥിരമായി മദീനയില്‍ പോകാറുള്ളതുകൊണ്ട് അബ്ബാസിനെ അവര്‍ക്കെല്ലാം അറിയാം. മുസ്വ്അബ് പ്രബോധകനായി മദീനയിലുള്ളപ്പോള്‍ തന്നെ ഒരു സൈനിക കരാറിനുള്ള പ്രാരംഭ ചുവടുവെപ്പുകള്‍ നടത്തിയിട്ടുണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. കാരണം അബ്ബാസ് സംസാരം തുടങ്ങിയതുതന്നെ ഇങ്ങനെയാണ്: ''നിങ്ങള്‍ക്കറിയാമല്ലോ, മുഹമ്മദ് ഇപ്പോള്‍ സ്വന്തം നാട്ടിലും അദ്ദേഹത്തിന്റെ കുടുംബക്കാരുടെ സംരക്ഷണത്തിലുമാണ്. മക്ക വിട്ട് നിങ്ങളോടൊപ്പം ചേരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. നേരത്തേ നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച് നിങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുമെങ്കില്‍ ആ ഉത്തരവാദിത്തം കൈയേല്‍ക്കുക. ഇനി സ്വന്തം നാടു വിട്ട് അവിടെയെത്തിയ ശേഷം നിങ്ങള്‍ അദ്ദേഹത്തെ കൈവിടുമെന്നാണങ്കില്‍ അദ്ദേഹത്തെ നിങ്ങള്‍ ക്ഷണിക്കാതിരിക്കുന്നതാണ് നല്ലത്.'' അവരുടെ മറുപടി: ''താങ്കള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് മനസ്സിലായി. ഇനി പ്രവാചകന്‍ തന്നെ ഞങ്ങളോട് സംസാരിക്കട്ടെ.'' നബി ഏതാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്ത് ഇസ്‌ലാമിനെ സംക്ഷിപ്തമായി പരിചയപ്പെടുത്തിയ ശേഷം പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും എപ്രകാരം സംരക്ഷിക്കുന്നുവോ അപ്രകാരം എന്നെയും നിങ്ങള്‍ സംരക്ഷിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.'' അപ്പോള്‍ അവര്‍ പറഞ്ഞു: ''സ്വന്തക്കാരെ സംരക്ഷിക്കുന്നതുപോലെ അങ്ങയെയും ഞങ്ങള്‍ സംരക്ഷിച്ചു കൊള്ളാം.'' അതിന്റെ അര്‍ഥം ലോകം മുഴുവന്‍ നിങ്ങള്‍ക്കെതിരെ യുദ്ധത്തിന് വരും എന്നാണെന്ന് അവരോട് പറഞ്ഞപ്പോള്‍, അവരുടെ തീരുമാനത്തില്‍ ചാഞ്ചല്യമൊന്നും ഉണ്ടായില്ല. ത്വബ്‌രി തന്റെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍15 പറയുന്നത് പോലെ, അദ്ദേഹത്തെയും മക്കയില്‍നിന്നെത്തുന്ന അദ്ദേഹത്തിന്റെ അനുയായികളെയും ആരില്‍നിന്ന് സംരക്ഷിക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ ഉറപ്പുകൊടുത്തു. പ്രതിനിധി സംഘത്തിലെ ഒരാള്‍ ചോദിച്ചു: ''ദൈവദൂതരേ, ഞങ്ങളും ഞങ്ങളുടെ നാട്ടിലെ ജൂതന്മാരും തമ്മില്‍ ചില ധാരണകളും കരാറുകളും ഉണ്ട്; താങ്കള്‍ വരുന്നതോടെ ഞങ്ങള്‍ക്കത് തള്ളിപ്പറയേണ്ടിവരും. ഞങ്ങളത് തള്ളിപ്പറഞ്ഞതിനു ശേഷം, പില്‍ക്കാലത്ത് ദൈവം താങ്കള്‍ക്ക് വിജയം നല്‍കി അനുഗ്രഹിക്കുകയാണെങ്കില്‍ താങ്കളുടെ ജനതയിലേക്ക് തിരിച്ചുപോകുമോ?'' പുഞ്ചിരിച്ചുകൊണ്ട് നബി പറഞ്ഞു: ''നിങ്ങളുടെ രക്തമാണ് എന്റെ രക്തം. നിങ്ങളുടെ നാശം എന്റെയും നാശമാണ്. ഞാന്‍ നിങ്ങളോടൊപ്പം ചേരുന്നു, നിങ്ങള്‍ എന്നോടൊപ്പം ചേരുന്നു. നിങ്ങള്‍ ആരോട് യുദ്ധം ചെയ്യുന്നുവോ അവരോട് ഞാന്‍ യുദ്ധം ചെയ്യും, നിങ്ങള്‍ ആരോട് സന്ധി ചെയ്യുന്നുവോ അവരോട് ഞാന്‍ സന്ധി ചെയ്യും.''16

തുടര്‍ന്ന് നബി അവരോട് ഏതാനും നേതാക്കളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. അവരുടെ നിര്‍ദേശം കണക്കിലെടുത്ത്, ഖസ്‌റജികളില്‍നിന്ന് ഒമ്പതും ഔസികളില്‍നിന്ന് മൂന്നും വീതം നേതാക്കളെ (നാഖിബ്) അദ്ദേഹം തെരഞ്ഞെടുത്തു. വൈസ്രോയി എന്ന പോലെ ഈ 'നേതാക്കളുടെ നേതാവി' (നാഖിബുന്നുഖബാ)നെയും തെരഞ്ഞെടുക്കുകയുണ്ടായി. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഖസ്‌റജ് നേതാവ് അസ്അദു ബ്‌നു സുറാറ17യായതില്‍ ഒട്ടും അത്ഭുതമില്ല. കാരണം മുസ്വ്അബുബ്‌നു ഉമൈര്‍ എന്ന പ്രബോധകന്‍ തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത് അസ്അദിന്റെ വീട്ടില്‍ താമസിച്ചുകൊണ്ടായിരുന്നു.

ഇബ്‌നു ഹിശാമിന്റെയും (പേ. 346) സംഹൂദിയുടെയും (പേ. 230) വിവരണമനുസരിച്ച്, മദീനാ പലായനം കഴിഞ്ഞ ഉടനെ അസ്അദ് മരണപ്പെടുന്നുണ്ട്. പള്ളിയുടെ പണി അപ്പോള്‍ പൂര്‍ത്തിയായിരുന്നില്ല. അസ്അദിന് പകരം തങ്ങള്‍ക്ക് പുതിയൊരു 'നഖീബി'നെ (അല്ലെങ്കില്‍ നഖീബുന്നുഖബായെ തന്നെയോ) നിശ്ചയിച്ചു തരണമെന്ന് അദ്ദേഹത്തിന്റെ ഗോത്രക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ നബി പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ ബന്ധുവാണ്. ഇനിമുതല്‍ ഞാനാണ് നിങ്ങളുടെ നഖീബ്'' (ഒരുപക്ഷേ ഇങ്ങനെയൊരു പദവി ഇനി വേണ്ട എന്ന് നബി തീരുമാനിച്ചതാകാം. മറ്റൊരു കാരണം കൂടിയുണ്ടാവാം. ഇനിയൊരു നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ ഖസ്‌റജികളില്‍ നല്ല സ്വാധീനമുള്ള രണ്ട് പേരെയത് രോഷാകുലരാക്കിയേക്കും. അതിലൊരാള്‍ കപടവിശ്വാസിയായ ഇബ്‌നു ഉബയ്യ് ആണ്. മറ്റൊരാള്‍ ആര്‍ക്കും വഴങ്ങാത്ത സഅ്ദു ബ്‌നു ഉബാദയും. ഇദ്ദേഹം പില്‍ക്കാലത്ത് അബൂബക്ര്‍ സിദ്ദീഖിന്റെ ഖിലാഫത്ത് പോലും അംഗീകരിച്ചിരുന്നില്ല).

പ്രവാചകന്‍ മദീനയില്‍നിന്നെത്തുന്നവരുമായി നടത്തുന്ന രഹസ്യ സമാഗമങ്ങളെക്കുറിച്ച് ചില സൂചനകള്‍ മക്കയിലെ ഖുറൈശികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. ഇതിനെക്കുറിച്ച് താക്കീത് ചെയ്യാന്‍ ഒരു മക്കന്‍ പ്രതിനിധിസംഘം മദീന സന്ദര്‍ശിക്കുകവരെയുണ്ടായി. വല്ല സൈനികക്കരാറും അദ്ദേഹവുമായി ഉണ്ടാക്കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതേക്കുറിച്ച് മദീനയിലെ മുസ്‌ലിംകള്‍ ഒരക്ഷരം പ്രതികരിച്ചില്ല. രാത്രി രഹസ്യമായി നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നുമറിയാതിരുന്ന മദീനയിലെ മുസ്‌ലിംകളല്ലാത്ത മറ്റുള്ളവരാകട്ടെ, അങ്ങനെയൊരു കരാറേ നിലവിലില്ലെന്ന് തറപ്പിച്ചു പറഞ്ഞു. അബ്ദുല്ലാഹിബ്‌നു ഉബയ്യ് പ്രതികരിച്ചത് ഇങ്ങനെയാണ്: ''ഞാന്‍ അറിയാതെ അവര്‍ക്ക് എങ്ങനെയാണ് അങ്ങനെയൊരു കരാര്‍ ഉണ്ടാക്കാനാവുക?'' (സംഹൂദി, പേ. 233). സംതൃപ്തിയോടെ മക്കന്‍ പ്രതിനിധിസംഘം തിരിച്ചുപോന്നെങ്കിലും, കരാറിന്റെ എല്ലാ വിശദാംശങ്ങളും പിന്നീട് മക്കക്കാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. രോഷാകുലരായ അവര്‍ മദീനക്കാരെ അന്വേഷിച്ച് പുറപ്പെട്ടെങ്കിലും അപ്പോഴേക്കും അവര്‍ മദീനയില്‍ എത്തിക്കഴിഞ്ഞിരുന്നു. നിര്‍ഭാഗ്യത്തിന് ഒരു മദീനക്കാരന്‍ തിരിച്ചുപോകാന്‍ വൈകി. മക്കക്കാര്‍ അയാളെ പിടികൂടി. അയാളുടെ നീളമുള്ള മുടി പിടിച്ച് വലിച്ചിഴച്ചു, മര്‍ദിച്ചു. പിന്നെ മക്കയിലേക്ക് കൊണ്ടുവന്നു. ഈ മദീനക്കാരന് മക്കയില്‍ സുഹൃത്തുക്കളുണ്ടായിരുന്നു. മദീനയില്‍ തന്റെ പ്രദേശത്ത് കൂടി അവരുടെ കച്ചവടസംഘം കടന്നുപോകുമ്പോള്‍ അയാളാണ് സംരക്ഷണം നല്‍കിയത്. ആ സുഹൃത്തുക്കള്‍ എത്തി അയാളെ രക്ഷപ്പെടുത്തി സ്വതന്ത്രനാക്കി വിട്ടു.18  

(തുടരും)

 

കുറിപ്പുകള്‍

1. ഇബ്‌നു ഹിശാം, പേ. 281

2. അതേ പുസ്തകം പേ. 282,283

3. അതേ പുസ്തകം 278,326, സുഹൈലി - II -6, ബലാദുരി ക - 268, ഇബ്‌നു സഅദ് I/I p-134, ത്വബരി I 1162

4. ഇബ്‌നുഹിശാം, പേ. 278, ബലാദുരി I-566

5. ഇബ്‌നുഹിശാം, പേ. 285, ബലാദുരി I-562. സംഹൂദി നമുക്ക് ഇതു സംബന്ധമായി താല്‍പര്യമുണര്‍ത്തുന്ന വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്. ഒരു ഗോത്രക്കാരന്‍ ആ ഗോത്രത്തിന്റെ സംരക്ഷണത്തിലുള്ള ഒരാളെ, അല്ലെങ്കില്‍ ആ ഗോത്രത്തിന്റെ സഖ്യ കക്ഷികളില്‍പെട്ട ഒരാളെ കൊന്നാല്‍ പ്രതികാര നടപടികളൊന്നും സ്വീകരിക്കാതിരിക്കുക എന്നതായിരുന്നു മദീനക്കാരുടെ രീതി. ഒരിക്കല്‍ ഒരു ഔസ് ഗോത്രക്കാരന്‍ ഖസ്‌റജി ഗോത്രക്കാരുടെ സംരക്ഷണത്തിലുള്ള ഒരാളെ കൊന്നു. കുറ്റവാളിയെ ശിക്ഷിക്കണമെന്ന് ഖസ്‌റജികള്‍ ഒച്ചവെച്ചെങ്കിലും ഔസികള്‍ ചെവിക്കൊണ്ടില്ല. ഇതാണ് ബുആസ് യുദ്ധത്തിന് കാരണമായത്.... യുദ്ധത്തിനിടക്ക് ഔസികള്‍ തങ്ങളുടെ സഖ്യ കക്ഷികളായ ജൂതന്മാരില്‍നിന്ന് സൈനിക സഹായം തേടിയെങ്കിലും അവര്‍ നല്‍കിയില്ല. അങ്ങനെയാണ് ഔസികള്‍ ഖുറൈശികളുടെ സഹായം തേടാനായി ഉംറ ചെയ്യാനെന്ന പേരില്‍ മക്കയില്‍ വരുന്നത്. ഖസ്‌റജിനെതിരെ ഒരു സൈനിക സഖ്യമുണ്ടാക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഈ ചര്‍ച്ചകളിലൊന്നും അബൂജഹ്ല്‍ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ അബൂജഹ്ല്‍ ഓടിയെത്തുകയും മക്കക്കാരുടെ താല്‍പര്യങ്ങള്‍ക്ക് ഈ സൈനിക കരാര്‍ ഹാനികരമാണെന്നതിനാല്‍ അത് റദ്ദ് ചെയ്യാന്‍ ഖുറൈശികളെ നിര്‍ബന്ധിക്കുകയും ചെയ്തു. ഒപ്പുവെച്ച കരാറില്‍നിന്ന് പിന്തിരിയാന്‍ ഔസികളോടും അയാള്‍ ആവശ്യപ്പട്ടു. ആ കരാര്‍ റദ്ദാക്കപ്പെട്ടു.

6. ഇബ്‌നു ഹിശാം, പേ. 294

7. അതേ പുസ്തകം, പേ. 276

8. അതേ പുസ്തകം, പേ. 285

9. അതേ പുസ്തകം, പേ. 287

10. അതേ പുസ്തകം, പേ. 290, സംഹൂദി, പേ. 224, 249,250

11. ഇബ്‌നു ഹമ്പല്‍ iii, 462, ഇബ്‌നു ജൗസി, വഫാഅ് പേ. 226

12. ഇബ്‌നു ഹിശാം പേ. 289, ബലാദുരി I, 566

13. ഒന്നാമത്തെ വേര്‍ഷന്‍, ഇബ്‌നു ഹിശാം പേ. 289, രണ്ടാമത്തെ വേര്‍ഷന്‍, ബലാദുരി 1-566

14. ഇബ്‌നു ഹിശാം പേ. 290-293

15. ത്വബരി - തഫ്‌സീര്‍ ix, 163

16. ഇബ്‌നു ഹിശാം പേ. 297

17. ബലാദുരി I  584

18. ഇബ്‌നു ഹിശാം, പേ. 301, ബലാദുരി I-585

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (192 - 195)
എ.വൈ.ആര്‍

ഹദീസ്‌

സംസ്‌കരണത്തിന്റെ മൂലശിലകള്‍
കെ.സി ജലീല്‍ പുളിക്കല്‍