Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 18

3014

1438 ദുല്‍ഖഅദ് 25

അബ്ദുല്ല നദ്‌വി കുറ്റൂര്‍ പഠനം സപര്യയാക്കിയ പണ്ഡിതന്‍

കെ.ടി ഹുസൈന്‍

ദരിദ്രമായ കുടുംബ പശ്ചാത്തലത്തില്‍നിന്ന് സ്വപ്രയത്‌നം കൊണ്ടും അസാമാന്യമായ ഇഛാശക്തി കൊണ്ടും പഠിച്ചുയര്‍ന്ന് പണ്ഡിതനും  എഴുത്തുകാരനുമായിത്തീര്‍ന്ന  അബ്ദുല്ല നദ്‌വി കുറ്റൂരിന്റെ  ദേഹവിയോഗം  അപ്രതീക്ഷിതമായിരുന്നു. പ്രായം അമ്പതിനോട് അടുത്ത് വരുന്ന നദ്‌വി പനിബാധിച്ചാണ് മരണപ്പെട്ടത്. ഇസ്‌ലാമിക വിഷയങ്ങളിലും അറബി, ഉര്‍ദു ഭാഷകളിലും അവലംബിക്കാവുന്ന ആധികാരികത ഉണ്ടായിരുന്ന അദ്ദേഹത്തെ അത്തരത്തില്‍ അറിഞ്ഞത് അടുത്ത് പരിചയമുള്ളവര്‍ മാത്രമായിരുന്നു. പള്ളി ദര്‍സിലും ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന അറബി കോളേജില്‍ സമസ്ത എ.പി വിഭാഗം പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ക്ക് കീഴിലും പഠിച്ച അബ്ദുല്ല നദ്‌വിക്ക് പഠനാനന്തരം അതേവഴിയില്‍ പോയിരുന്നുവെങ്കില്‍ നാട്ടുകാര്‍ക്കിടയില്‍  വലിയ സ്വീകാര്യതയും അംഗീകാരവും ലഭിക്കുമായിരുന്നു. പക്ഷേ ചെറുപ്പകാലം മുതല്‍ തന്നെ എന്റെ ജ്യേഷ്ഠസഹോദരന്‍ കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വിയുമായുള്ള അടുപ്പം കാരണം ഉപരിപഠനം ലഖ്‌നൗ നദ്‌വത്തുല്‍ ഉലമായിലായത്  അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചുവെന്ന് പറയാം. നദ്‌വയില്‍നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി  പുറത്തുവരുമ്പോള്‍ ആശയപരമായി ജമാഅത്തെ ഇസ്‌ലാമിയെയും  നദ്‌വി നെഞ്ചേറ്റിയിരുന്നു. നദ്‌വയില്‍ വെച്ച് മൂലഭാഷയിലൂടെ തന്നെ മൗദൂദിയെയും  അബുല്‍ ഹസന്‍ അലി നദ്‌വിയെയും   വായിച്ചതിലൂടെയായിരുന്നു ഇത്.  'അലീമിയാന്റെ മാദാ ഖസിറല്‍ ആലമും, ഇലല്‍ ഇസ്‌ലാമി മിന്‍ ജദീദും പോലെയുള്ള പുസ്തകങ്ങള്‍ വായിക്കുന്ന ഒരാള്‍ ജമാഅത്തുകാരനല്ലാതെ മറ്റെന്താണ് ആയിത്തീരുക' എന്ന് തന്റെ ആശയമാറ്റത്തെ സൂചിപ്പിച്ച് അബ്ദുല്ല നദ്‌വി ഒരിക്കല്‍ പറയുകയുണ്ടായി. പിന്നീട് അദ്ദേഹം ജമാഅത്തിന്റെ കാര്‍കുനുമായി.

ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗവണ്‍മെന്റ് സ്‌കൂളില്‍ അറബി അധ്യാപകനായി നിയമനം ലഭിക്കുന്നതുവരെ അബ്ദുല്ല നദ്‌വി ജോലി ചെയ്തത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളിലാണ്. വാടാനപ്പള്ളി,  കുറ്റിയാടി ഇസ്‌ലാമിയാ കോളേജുകള്‍, മര്‍കസുല്‍ ഉലൂം അറബിക് കോളേജ് കൊണ്ടോട്ടി, മലപ്പുറം ഫലാഹിയാ കോളേജ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ അടക്കം വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയാണ് അദ്ദേഹം. ഔപചാരിക പഠനം നദ്‌വയില്‍ അവസാനിച്ചെങ്കിലും പഠനം അവസാനം വരെ തുടര്‍ന്നുവെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. സ്‌കൂള്‍ പഠനം അഞ്ചാം ക്ലാസില്‍ നിര്‍ത്തി ജോലി ചെയ്തുകൊണ്ടുതന്നെ  സ്വന്തമായി ഏഴാം  ക്ലാസും എസ്.എസ്.എല്‍.സിയും അഫ്ദലുല്‍ ഉലമയും ഉര്‍ദുവില്‍ അദീബേ ഫാസിലും അദ്ദേഹം പാസായി. ഒടുവില്‍  ടീച്ചേഴ്‌സ് ട്രെയ്‌നിംഗും പൂര്‍ത്തീകരിച്ച്  പി.എസ്.സി വഴി തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശനം നേടിയത് അദ്ദേഹത്തിന്റെ കഠിന പ്രയ്തനത്തിനും  ഇഛാശക്തിക്കും വലിയ തെളിവാണ്. അതിനിടയില്‍ ആരാമം വനിതാ മാസികയില്‍ നിരന്തരം കുറിപ്പുകളെഴുതുകയും അറബിയില്‍നിന്നും ഉര്‍ദുവില്‍നിന്നും പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ഇസ്‌ലാമിക മനഃശാസ്ത്രത്തിലും പ്രവാചക വൈദ്യത്തിലും പ്രത്യേക പഠനവും നടത്തിയിരുന്നു. ഇമാം നവവിയുടെ രിയാളുസ്സ്വാലിഹീന്‍, സുയൂത്വിയുടെ മുഖ്ത്വസ്വറുത്ത്വിബ്ബിന്നബവി, അബുല്‍ ഹസന്‍ അലി നദ്‌വിയുടെ ഇലല്‍ ഇസ്‌ലാമി മിന്‍ ജദീദ് എന്നിവയാണ്  അബ്ദുല്ല നദ്‌വിയുടെ ഇതിനകം പുറത്തുവന്ന വിവര്‍ത്തനങ്ങള്‍. അഞ്ഞൂറിലേറെ പേജ് വരുന്ന സ്വഹാബികളുടെ ജീവചരിത്രം, അലീമിയാന്‍ രചിച്ച ഇബ്‌നു തൈമിയ്യയുടെ ജീവ ചരിത്രത്തിന്റെ വിവര്‍ത്തനം എന്നിവ പണി പൂര്‍ത്തിയാക്കി പ്രസാധകരെ ഏല്‍പ്പിച്ചിട്ടുണ്ട്. കമാല്‍ പാഷ പുറത്തിറക്കിയ സ്വിഹാഹുസ്സിത്തയുടെ പരിഭാഷ, ഐ.പി.എച്ചിന്റെ ഇസ്‌ലാമിക വിജ്ഞാന കോശം, തിര്‍മിദിയുടെ പരിഭാഷ എന്നിവയിലും നദ്‌വി പങ്കാളിയായിട്ടുണ്ട്. വൈജ്ഞാനിക വിഷയങ്ങളില്‍ പലപ്പോഴും വ്യക്തിപരമായി തന്നെ അവലംബിച്ചിട്ടുള്ള നാട്ടുകാരന്‍ കൂടിയായ ഉറ്റ സുഹൃത്തിന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

 

 

ഐ. അഹ്മദ് ക്ലാപ്പന

കൊല്ലം ഓച്ചിറയിലെ ഇടയില വീട്ടില്‍ ജനിച്ച അഹ്മദ് സാഹിബ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ക്ലാപ്പന ജമാഅത്ത് ഹല്‍ഖയിലെ അംഗമായിരുന്നു. മുതിര്‍ന്ന പ്രവര്‍ത്തകരുടെ ഇടയിലേക്ക് കടന്നുവന്ന അഹ്മദ് സാഹിബിന്റെ യുവത്വം പ്രവര്‍ത്തനങ്ങള്‍ക്ക് സജീവത നല്‍കി. ദാറുല്‍ അമാനത്ത് പലിശരഹിത സഹായനിധി വിപുലീകരിക്കപ്പെട്ടു. അടിയന്തരാവസ്ഥയില്‍ പ്രസ്ഥാനം നിരോധിക്കപ്പെട്ടപ്പോള്‍ ക്ലാപ്പനയിലെ ഡോക്യുമെന്റ് സൂക്ഷിപ്പുകാരനായി. ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ആരംഭ കാലഘട്ടത്തില്‍തന്നെ ക്ലാപ്പനയിലും അഹ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ യൂനിറ്റ് രൂപീകരിച്ചു. ജില്ലയിലുടനീളം സഞ്ചരിച്ച് അദ്ദേഹം പ്രസ്ഥാനത്തിന്റെ ആവേശമായി. ക്ലാപ്പന ഹൈസ്‌കൂളില്‍ അറബി അധ്യാപകനായിരുന്നു. സ്‌കൗട്ട് ആന്റ് ഗൈഡന്‍സിന്റെ  ചാര്‍ജും ഉണ്ടായിരുന്നു. ജീവിതത്തിന്റെ വലിയൊരു ഭാഗം സുഊദി അറേബ്യയിലെ രിയാദിലാണ് കഴിച്ചുകൂട്ടിയത്. കേരളത്തിന്റെ പല ഭാഗത്തുനിന്നും രിയാദിലെത്തിയ മലയാളി സഹോദരന്മാരെ ദീനീബോധമുള്ളവരാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നാട്ടിലും പ്രവാസികള്‍ക്കിടയിലും ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ അഹ്മദ് സാഹിബ് എന്നും മുന്നിലുണ്ടായിരുന്നു. താനുമായി അടുത്തിടപഴകുന്ന ആരുമായും വിട്ടുപിരിയാന്‍ കഴിയാത്തത്ര ഹൃദയബന്ധം അദ്ദേഹം സ്ഥാപിച്ചിരിക്കും. സുഹൃദ് ബന്ധങ്ങള്‍ കുടുംബബന്ധം പോലെ വളര്‍ത്തിയെടുക്കുമായിരുന്നു. പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ റൈഹാനത്ത്. മൂന്ന് പെണ്‍മക്കളുണ്ട്.

ശഫീഖ്

 

കുരുണിയന്‍ അഹ്മദ് കുട്ടി

കോട്ടക്കല്‍ പറപ്പൂര്‍ സൗത്ത് ഘടകത്തിലെ അംഗമായിരുന്നു കുരുണിയന്‍ അഹ്മദ് കുട്ടി സാഹിബ്. മര്‍ഹൂം തേനു മുസ്‌ലിയാരുടെ ശിഷ്യനായിരുന്ന അഹ്മദ് കുട്ടി സാഹിബ് വിവിധ പള്ളിദര്‍സുകളില്‍ പഠിച്ച ശേഷം തൊഴില്‍ തേടി മുംബൈയിലെത്തി കച്ചവടവുമായി കഴിയുന്ന ഘട്ടത്തിലാണ് ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. മുംബൈ മലയാളി ഹല്‍ഖയിലൂടെ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം നാനാ തുറകളിലുള്ള ആളുകളുമായി ബന്ധം സ്ഥാപിച്ചു. വിദേശ യാത്രക്കെത്തുന്ന ഭാഷാ പരിജ്ഞാനമില്ലാത്ത മലയാളികള്‍ നിരന്തരം കൊള്ളയടിക്കപ്പെട്ടിരുന്ന ആ കാലത്ത് അവര്‍ക്ക് സുരക്ഷിതമായ ഇടത്താവളമായി മുംബൈ മലയാളി ഹല്‍ഖയും അഹ്മദ് കുട്ടി സാഹിബും പ്രവര്‍ത്തിച്ചു. കേരളത്തില്‍നിന്ന് വിദേശയാത്രക്കും പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും മുംബൈയിലെത്തുന്ന പ്രസ്ഥാന നേതാക്കളുടെ മുഖ്യ അവലംബമായിരുന്നു അദ്ദേഹം. അബുല്‍ ജലാല്‍ മൗലവി, മൊയ്തു മൗലവി തുടങ്ങിയ നേതാക്കളുമായുള്ള ആത്മബന്ധം അവര്‍ വിടപറയുംവരെ കാത്തുസൂക്ഷിച്ചിരുന്നു.

ഉര്‍ദു ഭാഷ അനായാസം കൈകാര്യം ചെയ്തിരുന്ന അഹ്മദ് കുട്ടി സാഹിബ് വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജിന്റെ മെസഞ്ചറായും ജോലി ചെയ്തു. പിന്നീട് യു.എ.ഇയിലേക്ക് പോയി അവിടെയും പ്രവര്‍ത്തന രംഗത്ത് സജീവമായി. ജോലി സംബന്ധമായി ആയുസ്സില്‍ അധികകാലവും കേരളത്തിനു പുറത്തായിരുന്നതിനാല്‍ നാട്ടിലെ പ്രവര്‍ത്തനരംഗത്ത് കുറഞ്ഞ കാലമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ സംഭാഷണചാതുരിയും വ്യക്തിബന്ധങ്ങളും പ്രസ്ഥാനത്തിന് ഏറെ ഗുണം ചെയ്തിരുന്നു.

സ്വന്തം കുടുംബത്തില്‍ പ്രസ്ഥാനം സജീവ ചര്‍ച്ചയാക്കുന്നതിലും അതുവഴി കുടുംബാംഗങ്ങളെ മുഴുവന്‍ പ്രസ്ഥാനവത്കരിക്കുന്നതിലും അദ്ദേഹം വിജയിച്ചു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു. ഭാര്യ കുഞ്ഞായിശ. മക്കള്‍: സകരിയ്യ, നജ്മത്ത്വുസ്സ്വബാഹ്, സുമയ്യ, നസ്‌റിന്‍, ശാകിറ.

കെ. അവറു മാസ്റ്റര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (192 - 195)
എ.വൈ.ആര്‍

ഹദീസ്‌

സംസ്‌കരണത്തിന്റെ മൂലശിലകള്‍
കെ.സി ജലീല്‍ പുളിക്കല്‍