കൊല്ലാന്‍ പഠിപ്പിക്കുന്നവര്‍ സമാധാനം പ്രസംഗിക്കുമ്പോള്‍
ആസ്ത്രേലിയന്‍ പാതിരി ഗ്രഹാം സ്റ്റെയിന്‍സിനെയും പിഞ്ചുമക്കളെയും ചുട്ടുകൊന്ന വി.എച്ച്.പി നേതാവ് ധാരാ സിംഗിന്റെ കൊലക്കയര്‍ ജീവപര്യന്തമാക്കി കുറച്ചു കൊടുത്ത ഹൈക്കോടതി വിധി ശരിവെച്ചു കൊണ്ട് അന്ന് സുപ്രീം കോടതി ജഡ്ജിയായിരുന്ന ഇന്നത്തെ കേരളാ ഗവര്‍ണര്‍ പി. സദാശിവം എഴുതിവെച്ച ഒരു വാചകമുണ്ട്: 'സ്റ്റേഷന്‍ വാഗന്റെ അകത്ത് ഉറങ്ങിക്കിടക്കുമ്പോഴാണ് സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നതെങ്കിലും അദ്ദേഹത്തിന്റെ മതപരമായ പ്രവര്‍ത്തനങ്ങളെ കുറിച്ച്, അതായത് പാവപ്പെട്ട ആദിവാസികളെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന വിഷയത്തില്‍, ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം. മറ്റൊരാളുടെ മതവിശ്വാസത്തില്‍ ബലം പ്രയോഗിച്ച് ഇടപെടുന്നത് നല്ല രീതിയല്ലെങ്കിലും ഇതിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കാനാവില്ല എന്ന ഹൈക്കോടതി നിലപാടിനെ ശരിവെക്കുന്നു'.... 'മതപരമായ കാര്യങ്ങളില്‍ മറ്റുള്ളവരെ ഒരു പാഠം പഠിപ്പിക്കാനായി, പിഞ്ചു കുഞ്ഞുങ്ങളെയടക്കം ചുട്ടുകൊല്ലുന്നത് അത്ര അസാധാരണമായ കുറ്റകൃത്യമൊന്നുമല്ല' എന്നു തന്നെയല്ലേ ഇതിലടങ്ങിയ ധ്വനി? തലസ്ഥാന നഗരിയില്‍ ഗുണ്ടാ സംഘവുമായി ബന്ധമുള്ളയാള്‍ ഗ്രൂപ്പുവൈരത്തിന്റെ ഇരയായി കൊല്ലപ്പെട്ടപ്പോള്‍, അയാള്‍ ആര്‍.എസ്.എസ്സുകാരനായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് പിണറായിയെ ഓഫീസിലേക്ക് വിളിപ്പിച്ചത് ഇപ്പോള്‍ ഗവര്‍ണറായി മാറിയ ഇതേ സദാശിവമാണ്. പാവപ്പെട്ട പത്രക്കാരന്റെ മുമ്പില്‍ കാണിക്കുന്ന കസര്‍ത്ത് ബി.ജെ.പിയുടെ ഈ തുക്കിടി സായ്വിനെ കണ്ടപ്പോള്‍ മുഖ്യമന്ത്രി മറന്നത് കഷ്ടമായി പോയി.
കേരള ഗവര്‍ണര്‍ അവസരവാദിയല്ല എന്നും ഉണ്ണുന്ന ചോറിനോട് കൂറുള്ള അടിയുറച്ച 'രാഷ്ട്രീയ' നിലപാടുള്ളയാളാണ് എന്നും ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് ഈ വാക്കുകള്‍ ഇവിടെ എടുത്തുചേര്‍ത്തത്. കൊടിഞ്ഞി ഫൈസലിന്റെയും റിയാസ് മൗലവിയുടെയും വധം എന്തുകൊണ്ട് ഗവര്‍ണറുടെ കണ്ണില്‍ ക്രമസമാധാന പ്രശ്നമല്ല എന്ന് എം.ബി രാജേഷ് എം.പി അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന തുറന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണത്. അധികാരത്തിലേക്കുള്ള വഴിയില്‍ സ്വന്തം നേതാവിന്റെ ചെരിപ്പിലൊട്ടിയ രക്തക്കറയുടെ സാക്ഷികളാകുമെന്ന് ഭയപ്പെട്ട ഒാരോരുത്തരെയും തെരുവിലിട്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പരമ്പര തീര്‍ത്ത, ഈ കേസുകളില്‍ ദീര്‍ഘകാലം ജയിലില്‍ കിടന്ന അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധിപ്രസ്താവവും സദാശിവത്തിന്റേതാണല്ലോ. കൊല്ലപ്പെടുന്നത് അഹിന്ദുക്കളാണെങ്കിലും, ബി.ജെ.പി എന്ന സംഘടനയുടെ രാഷ്്രടീയ ലക്ഷ്യങ്ങള്‍ക്ക് അനുകൂലമാണെങ്കിലും അതിന്റെ മുമ്പില്‍ എക്കാലത്തും സംശയത്തിന്റെ അവസാനത്തെ ആനുകൂല്യവും പ്രതികള്‍ക്ക് നല്‍കിയ ചരിത്രം മറന്നുകൊണ്ടാണ് ഇദ്ദേഹമിരിക്കുന്ന കസേരയോട് മതേതര ജനാധിപത്യ കേരളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഭരണഘടനയെ തൊട്ട് സത്യം ചെയ്താണ് അധികാരമേല്‍ക്കുന്നതെങ്കിലും ഏതെങ്കിലുമൊരു ആര്‍.എസ്.എസുകാരന് ജീവിതത്തില്‍ പാലിക്കാനാവുന്ന വ്യവസ്ഥകളാണോ ഈ പദവികളുടേത്?
ഈ നാടകത്തില്‍ കേന്ദ്ര മന്ത്രിയുടെ റോള്‍ അഭിനയിച്ച അരുണ്‍ ജയ്റ്റ്ലിയെയുമുണ്ട് ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കാന്‍. പ്രത്യേകിച്ചും രാഷ്്രടീയ കൊലപാതകങ്ങളെ കുറിച്ച് സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യതയെ കുറിച്ച്. ഗുജറാത്ത് കലാപകാലത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രിയുടെ കാബിനറ്റില്‍ ഹരിണ്‍ പാണ്ഡ്യ എന്നൊരു മന്ത്രിയുണ്ടായിരുന്നില്ലേ? എന്തായിരുന്നു അദ്ദേഹത്തിന് സംഭവിച്ചതെന്ന് പാണ്ഡ്യയുടെ പിതാവ് വിത്തല്‍ പാണ്ഡ്യയും ഭാര്യ ജാഗൃതി പാണ്ഡ്യയും ഇന്നും മാധ്യമങ്ങള്‍ക്കു മുമ്പാകെ വിളിച്ചു പറയുന്ന ചില സത്യങ്ങളുണ്ട്. ഗുജറാത്ത് കലാപത്തെ കുറിച്ച് പാണ്ഡ്യക്ക് അറിയാമായിരുന്ന യാഥാര്‍ഥ്യങ്ങള്‍ അന്വേഷണ കമീഷനു മുമ്പാകെ എത്തുമെന്ന് ചില പ്രമുഖര്‍ ഭയപ്പെട്ടതാണ് പാണ്ഡ്യ കൊല്ലപ്പെടാനുണ്ടായ കാരണമത്രെ. അന്നത്തെ മുഖ്യമന്ത്രിക്ക് പ്രമാദമായ ഒരു 'നെഞ്ചുവേദന' ഉണ്ടായതും തുടര്‍ന്ന ്എല്ലിസ്ബ്രിഡ്ജ് മണ്ഡലത്തില്‍ പാണ്ഡ്യയെ മത്സരിപ്പിക്കാതിരിക്കാനുള്ള തീരുമാനത്തിന് അദ്വാനിയുടെ അംഗീകാരം കിട്ടിയതും രാഷ്്രടീയ എതിരാളികളോടുള്ള ബി.ജെ.പിയുടെ 'മാതൃകാ പുരുഷന്റെ' ഉദാത്ത സമീപനങ്ങളുടെ ഭാഗമായിരുന്നുവല്ലോ. എന്നിട്ടും പാണ്ഡ്യക്ക് കേന്ദ്രത്തില്‍ വാജ്‌പേയി ഇടം കൊടുക്കുമെന്ന സൂചന കിട്ടിയപ്പോഴാണ് 'ലശ്കറെ ത്വയ്യിബ'ക്കാര്‍ വന്ന് ആളെ ഉടലോടെ തട്ടിക്കളഞ്ഞത്. വധിക്കപ്പെടുന്നതിനു മുമ്പെ പാണ്ഡ്യയെ പ്രഭാത സവാരിക്കിടെ പാര്‍ക്കില്‍നിന്ന് തട്ടിക്കൊണ്ടുേപായിരുന്നുവെന്നും ശരീരത്തില്‍ ഏറ്റ വെടിയുണ്ടകളില്‍ രണ്ടെണ്ണവും അദ്ദേഹത്തിന്റെ ഷൂസുകളും പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അന്ന് റിേപ്പാര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ കാറില്‍ രക്തക്കറ ഉണ്ടായിരുന്നില്ല. ആരുമായാണ് പാണ്ഡ്യ അവസാനത്തെ ആ കൂടിക്കാഴ്ച നടത്തിയത്? ഹരിണ്‍ പാണ്ഡ്യ വധക്കേസിന്റെ നാള്‍വഴികളില്‍ ഇന്നും ഇന്ത്യ അന്വേഷിച്ചിട്ടില്ലാത്ത അസ്ഥി മരവിപ്പിക്കുന്ന ഈ കൊടും ക്രൂരത ആരു നടത്തിയെന്നത് അരുണ്‍ ജയ്റ്റ്ലിക്ക് അറിയില്ലെന്നാണോ?
കേസില്‍ ഹാജരാക്കിയ മുഴുവന്‍ 'ഡമ്മി' ്രപതികളെയും കോടതി വെറുതെ വിട്ടിട്ടും ഇന്ത്യാ ചരിത്രത്തിലെ ഈ പ്രമാദമായ രാഷ്്രടീയ കൊലപാതകം ബി.ജെ.പി അന്വേഷിപ്പിച്ചിട്ടില്ല. അമിത് ഷാ ആഭ്യന്തരമന്ത്രിയായിരിക്കവെ ഗുജറാത്ത് പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ച തുളസീറാം പ്രജാപതി ആയിരുന്നു ഹരിണ്‍ പാണ്ഡ്യ കേസിലെ യഥാര്‍ഥ പ്രതിയെന്ന് അങ്ങാടിപ്പാട്ടായിട്ടും പാര്‍ട്ടി ആ നാണക്കേട് ചുമന്നു. സര്‍വീസില്‍നിന്ന് മോദി പുറത്താക്കിയ സഞ്ജീവ് ഭട്ടും ഈ ദിശയിലേക്കാണ് തെളിവുകള്‍ സഹിതം ആരോപണമുന്നയിച്ചത്. ഈ കേസില്‍ ജയിലിലായ, പിന്നീട് നരേന്ദ്ര മോദി അധികാരത്തിലേറിയപ്പോള്‍ വിട്ടയച്ച, മുന്‍ ഗുജറാത്ത് ഡി.ഐ.ജി വന്‍സാരയും പാണ്ഡ്യ വധക്കസില്‍ അമിത് ഷായിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു രാഷ്്രടീയ ഗൂഢാലോചനയുണ്ടെന്ന് സി.ബി.ഐയുടെചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ജാഗൃതിയുടെ ഹരജിയില്‍ ഈ സത്യം സുപ്രീം കോടതി കയറാന്‍ വന്നപ്പോള്‍ അരുണ്‍ ജയ്റ്റ്ലിയായിരുന്നു 'കുറ്റാരോപിതന്റെ' രക്ഷക്കെത്തിയത്. എന്തിനായിരുന്നു ഈ ഇരട്ടത്താപ്പ്? കൊല്ലപ്പെട്ടയാളും പേക്ഷ ബി.ജെ.പിയുടെ നേതാവായിരുന്നിേല്ല? അദ്ദേഹത്തിന്റെ ഭാര്യ കൊടുത്ത ഹരജിയില്‍ സു്രപീംകോടതി സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ ജയ്റ്റ്ലി എന്തിന് ഭയപ്പെടണമായിരുന്നു? കോണ്‍്രഗസുകാര്‍ വിഷയത്തെ രാഷ്്രടീയവല്‍ക്കരിക്കുന്ന സ്ഥിതിക്ക് ഈ കൊലപാതകത്തെ കുറിച്ച് സുപ്രീേകാടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു അന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടത്. സി.ബിഐയുടെ പേരില്‍ വെറുതെ ആരോപണങ്ങള്‍ ഏറ്റുവാങ്ങി ഗുജറാത്തില്‍ എന്തിന് പുലിവാല് പിടിക്കണമെന്നാവും അഹ്മദ് പട്ടേലിന്റെ 'രാഷ്്രടീയ ഉപദേശം' സ്വീകരിക്കുന്ന കോണ്‍ഗ്രസ് ആലോചിച്ചിട്ടുമുണ്ടാവുക. ഈ കേസിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ പട്ടികയിലാണ് പക്ഷേ അരുണ്‍ ജയ്റ്റ്ലി ചരിത്രത്തില്‍ ഇടം പിടിച്ചത്. സുപ്രീംകോടതിയിലുള്ള ജഡ്ജിമാരില്‍ എന്തുകൊണ്ടായിരുന്നു ജയ്റ്റ്ലിക്ക് ഇത്ര വിശ്വാസമെന്നതിന് പിന്നീട് ഈ കേസില്‍ വിധിപറഞ്ഞ സദാശിവത്തിന്റെ ഒറ്റ ഉദാഹരണം തന്നെ ധാരാളം മതി.
കള്ളനും കഞ്ഞിവെച്ചവനുമൊക്കെ വന്ന് മലയാളിയെ ജനാധിപത്യവും പ്രതിപക്ഷ ബഹുമാനവും പഠിപ്പിക്കാന്‍ റാലി നടത്താനെത്തുന്നുവെന്ന് കേട്ടതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. സ്വന്തം കാര്യം പോകട്ടെ, ബി.ജെ.പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തെയെങ്കിലും ക്രമസമാധാനപാലനത്തിന് മാതൃകയാക്കി കാണിച്ചുതരാമെങ്കില്‍ അമിത് ഷാക്ക് കേരളത്തില്‍ റാലി നടത്താവുന്നതേയുള്ളൂ. പശുവിന്റെ പേരില്‍ മനുഷ്യനെ അടിച്ചുകൊന്ന കൊലയാളി ജയിലില്‍ അസുഖം വന്ന് മരിച്ചപ്പോള്‍ അവന്റെ ശരീരത്തില്‍ ദേശീയ പതാക പുതപ്പിക്കാന്‍ എം.എല്‍.എയെയും അവന്റെ കുടുംബത്തിനു വേണ്ടി മാധ്യസ്ഥം പറയാന്‍ എം.പിയെയും രംഗത്തിറക്കിയ പാര്‍ട്ടിയാണ് ബി.ജെ.പി. അത്രയൊന്നും ക്രമസമാധാനത്തകര്‍ച്ച എന്തായാലും കേരളത്തില്‍ ഉണ്ടായിട്ടില്ല. കൊലപാതകങ്ങള്‍ രാഷ്്രടീയമായിട്ടാണെങ്കിലും മതപരമായിട്ടാണെങ്കിലും അതൊന്നുമല്ലാത്ത വെറും ഗുണ്ടാവിളയാട്ടത്തിന്റെ പേരിലാണെങ്കിലും എവിടെയാണ് ബി.ജെ.പിക്ക് ധാര്‍മികമായി ഉയര്‍ന്നുനില്‍ക്കാനാവുന്ന ഒരു പഞ്ചായത്തെങ്കിലും ഇന്ത്യയിലുള്ളത്? ഉണ്ടെങ്കില്‍ ഏറ്റവും മികച്ച ഉദാഹരണമാവണമല്ലോ ആദിത്യനാഥ് ഭരിക്കുന്ന യു.പിയുടെ കാര്യം. സമാജ്വാദിയുടെ ഗുണ്ടാരാജിനെതിരെ വോട്ടു ചോദിച്ചായിരുന്നു പാര്‍ട്ടി അവിടെ അധികാരത്തിലേറിയത്. യമുനാ എക്സ്പ്രസ് ഹൈവേയിലെ ഒരു കൂട്ടബലാത്സംഗമായിരുന്നു ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയ പ്രമാദമായ വിഷയങ്ങളിലൊന്ന്. എന്നിട്ടോ? വെറും രണ്ടു മാസത്തിനിടെ 171 ബലാത്സംഗങ്ങളാണ് യു.പിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കാലയളവില്‍ 41 എണ്ണമായിരുന്നു മുന്‍ വര്‍ഷത്തെ കണക്ക്. കൊലപാതകങ്ങളുടെ എണ്ണം 101-ല്‍നിന്ന് 240 ആയും കൊള്ളകള്‍ 67-ല്‍നിന്ന് 273 ആയും വര്‍ധിച്ചു. മുഖ്യമന്ത്രിയെ വിളിപ്പിക്കുന്നതുപോട്ടെ, യു.പി ഗവര്‍ണര്‍ രാം നായിക് താനവിടെയുണ്ടെന്ന് ആദിത്യനാഥിനെ ഒന്നു ഫോണിലൂടെ ഓര്‍മിപ്പിച്ചതിനെങ്കിലും തെളിവുണ്ടോ? ഹരിണ്‍ പാണ്ഡ്യ വധക്കേസിന് സമാനമായ സംഭവം പോയിട്ട് ഒരു എം.എല്‍.എയെ പോലും ഈ മട്ടില്‍ രാഷ്്രടീയ വൈരം മൂത്ത് ആളെവിട്ട് കൊല്ലിച്ച ഉദാഹരണം കേരളത്തിലില്ല. ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ രാഷ്്രടീയ കൊലപാതകത്തിന്റെ ചിത്രമാണ് ജയ്റ്റ്ലിയും കൂട്ടരും അന്വേഷിക്കുന്നതെങ്കില്‍ അതിന് തെളിവ് ലഭിക്കാന്‍ പിണറായി ഭരണകാലത്ത് അച്യുതാനന്ദനെ 'ലശ്കറെ ത്വയ്യിബ'ക്കാര്‍ കൊല്ലണം. അല്ലെങ്കില്‍ കരുണാകരന്റെ കാലത്ത് ആന്റണിയെ, അതുമല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ചെന്നിത്തലയെ. ഇതൊക്കെ ബി.ജെ.പിക്കു മാത്രം അവകാശപ്പെടാനാവുന്ന മട്ടിലുള്ള ഉദാഹരണങ്ങളാണ്. എന്തിനേറെ പറയുന്നു, മുഗള്‍ സരായി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റിയിടുമെന്നല്ലാതെ ദീന്‍ദയാല്‍ ഉപാധ്യായ എന്ന നേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലെങ്കിലും ആ കൊലപാതകത്തെ കുറിച്ച സത്യം പുറത്തുകൊണ്ടുവരുമോ? അന്നത്തെയും ഇന്നത്തെയും മഹാനായ മറ്റൊരു ജനസംഘം നേതാവിന്റെ നേരെയും ഈ കേസില്‍ സംശയത്തിന്റെ കുന്തമുനകള്‍ നീണ്ടിരുന്നില്ലേ?
ഹിന്ദുത്വത്തിന്റെ പേരില്‍ ആര്‍.എസ്.എസ് കൊന്നൊടുക്കിയ അ്രതയും മനുഷ്യജീവികളെ ഇന്ത്യയിലെ എല്ലാ കൊലപാതകികളും കൂടി കൊന്നിട്ടുണ്ടാവില്ല. വിഭജനകാലത്തെ കണക്കുകള്‍ തല്‍ക്കാലം മാറ്റിനിര്‍ത്തുക. 1967-ലെ റാഞ്ചി കലാപം തൊട്ടിങ്ങോട്ട് നടന്ന ജാംഷഡ്പൂര്‍, മുറാദാബാദ്, നെല്ലി, ഭീവണ്ടി, മീറത്ത്, ഭാഗല്‍പൂര്‍, ഹൈദരാബാദ്, ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപങ്ങളും ഇതുപോലുള്ള ശേഷിച്ച മറ്റു ചെറുകിട കലാപങ്ങളുമൊക്കെ ചേര്‍ത്ത് കണക്കെടുക്കട്ടെ. ഈ കലാപങ്ങളെ കുറിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നടപടിയെടുക്കട്ടെ. എന്നിട്ടുമതി മലയാളികളെ ഉദ്ബുദ്ധരാക്കാനായി അമിത് ഷായും മോഹന്‍ ഭഗവതുമൊക്കെ ഇങ്ങോട്ടേക്ക് കെട്ടിയെഴുന്നള്ളുന്നത്. കേരളത്തില്‍ ഇന്നത്തെ സി.പി.എം-ബി.ജെ.പി ഏറ്റുമുട്ടലുകളുടെ തുടക്കം തന്നെ 1971-ലെ തലശ്ശേരി കലാപത്തില്‍നിന്നായിരുന്നു എന്നു മറക്കരുത്. ആരെയായിരുന്നു ആ കലാപത്തിന്റെ ആസൂത്രകരും മുഖ്യ കുറ്റവാളികളുമായി ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയത്? മറ്റുള്ളവരെ കൊല്ലാന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്ക് നേരിയ തോതിലെങ്കിലും തിരിച്ചടി കിട്ടുന്നു എന്നതു മാത്രമാണ് ഇന്ന് കേരളത്തിലെ ആര്‍.എസ്.എസിനുള്ള പ്രതിസന്ധി. അങ്ങാടിയില്‍ മാത്രമല്ല പള്ളിക്കകത്ത് പോലും കയറി മതത്തിന്റെ പേരില്‍ വെട്ടിക്കൊന്നിട്ടും സംയമനം പാലിക്കുന്ന ഒരു ജനതയെയും ഉത്തരേന്ത്യയില്‍നിന്ന് വ്യത്യസ്തമായി അവര്‍ക്കു നേരിടേണ്ടി വരുന്നുണ്ട്. കൊലപാതകങ്ങളെ പോലും രാഷ്്രടീയമെന്നും മതപരമെന്നും വേര്‍തിരിച്ച് അതിലൊന്നിനെ ന്യായീകരിക്കുന്ന അവസ്ഥയിലേക്കെത്തിയ കുമ്മനത്തിനും കൂട്ടര്‍ക്കും വേണ്ടത് അവര്‍ക്കു മാത്രമായി മറ്റുള്ളവരെ തോന്നും പോലെ വെട്ടിക്കൊല്ലാനുള്ള അവകാശമാണോ?
അസംബന്ധജഡിലമായ ഈ നാടകത്തെ പതിവുപോലെ ദേശീയ മാധ്യമങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി ആഘോഷിച്ചു. കൊല്ലപ്പെട്ടത് കൂടുതലും സി.പി.എമ്മുകാര്‍ ആയിട്ടും കേരളത്തെ ബി.ജെ.പിയുടെയും അതിലുപരി ഹിന്ദുക്കളുടെയും കൊലനിലമായി അവര്‍ ചി്രതീകരിച്ചു. ഏതാനും ഒറ്റപ്പെട്ട ചാനലുകളും പത്രങ്ങളും ഒഴികെയുള്ളവ സംസ്ഥാന സര്‍ക്കാറിന്റെയോ അതിനെ നയിക്കുന്ന പാര്‍ട്ടിയുടെയോ വിശദീകരണങ്ങള്‍ക്ക് ഇടം കൊടുത്തില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ വിളനിലമായ യു.പിക്കും രാജസ്ഥാന്നും ബാധകമല്ലാത്ത ക്രമസമാധാന തകര്‍ച്ചയും രാഷ്്രടപതി ഭരണവുമാണ് കേരളത്തിനായി അവര്‍ ഒരുക്കിക്കൂട്ടാന്‍ തുടങ്ങിയത്. അഴിമതി എന്ന വാക്കിനെ കുറിച്ച് 'കേട്ടുകേള്‍വി പോലുമില്ലാത്ത' ബി.ജെ.പിക്കകത്ത് നേതാക്കള്‍ നടത്തുന്ന 'ഇടപാടു'കളെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഒരു കഥ ഇതിനിടെ അസ്സലായി മുക്കി. മെഡിക്കല്‍ കോളേജ് കിട്ടാനായി കോടികള്‍ വാങ്ങിയത് അങ്ങ് ദല്‍ഹിയില്‍ ആര്‍ക്കോ കൊടുത്തിട്ടുണ്ടാവണമല്ലോ. ദല്‍ഹിയെ ബാധിക്കുന്ന ഇത്തരം നൂറ് കഥകള്‍ നിത്യേനയെന്നോണം മുക്കി താങ്ങിനിര്‍ത്തുന്ന മോദിസര്‍ക്കാറിനു വേണ്ടി ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനത്തെ കരിവാരിത്തേച്ചു. കേരളത്തില്‍ ചരിത്രത്തിലിന്നുവരെയായി ഒറ്റ എം.എല്‍.എയുമായി നടക്കുന്ന, ഇന്നേവരെ പാര്‍ലമെന്റിലേക്ക് ഒരാളെ പറഞ്ഞയക്കാനാവാത്ത പാര്‍ട്ടി മലയാളിയോടു ചെയ്ത ഏറ്റവും കടുത്ത അപരാധങ്ങളിലൊന്നാവുകയാണ് രാഷ്്രടപതി ഭരണം വേണമെന്ന ഈ ആവശ്യം. വിവരവും വിദ്യാഭ്യാസവുമുള്ളവരെന്ന് ഇന്ത്യയിലുടനീളം അംഗീകരിക്കപ്പെടുന്ന ഒരു സംസ്ഥാനത്ത് ജനങ്ങള്‍ ബി.ജെ.പിയെ ഇങ്ങനെ തള്ളിപ്പറയുന്നതിന്റെ നാണക്കേട് മനസ്സിലാവും. എന്നുവെച്ച് അധികാരം കൈയിട്ടു വാരിയാലെങ്ങനെ ശരിയാകും?
Comments