ഹദീസ് നിഷേധികള്‍ അറിയാതെ പോകുന്നത്
''നബിചര്യ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍, നമുക്കും അന്ത്യദൂതനായ നബിക്കുമിടയില്‍ അവശേഷിക്കുന്നത് പതിനാല് നൂറ്റാണ്ടുകളുടെ ഒരു മഹാഗര്‍ത്തമല്ലാതെ മറ്റെന്താണ്? ഈ മഹാശൂന്യതയില്‍ വിശുദ്ധ ഖുര്‍ആന്‍ പോലും നമ്മുടെ കൈകളില്‍നിന്ന് വഴുതിപ്പോകും; കാരണം നബിചര്യയുടെ അഭാവത്തില്‍ നാമതിനെ വ്യാഖ്യാനിക്കുന്നത് നമ്മുടെ ഭാവനാ വിലാസങ്ങള്‍ക്കൊത്താവും. നബിചര്യ നങ്കൂരമിട്ട് നില്‍ക്കുന്നതുകൊണ്ടാണ് അത്തരം വഴുതലുകളില്‍നിന്ന് നാം രക്ഷപ്പെടുന്നത്. എന്നു മാത്രമല്ല, സുന്നത്ത് നിഷേധിക്കപ്പെടുമ്പോള്‍ ഖുര്‍ആന്റെ അസ്തിത്വവും വിശ്വാസ്യതയും തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. മുഹമ്മദ് നബി തന്നെയും ഒരു കടങ്കഥയായി രൂപാന്തരപ്പെടുകയും ചെയ്യും.'' പണ്ഡിതനും ഗവേഷകനുമായ ഡോ. ഫസ്‌ലുര്‍റഹ്മാന്റേതാണ് ഈ മുന്നറിയിപ്പ്. പാശ്ചാത്യര്‍ ഓറിയന്റല്‍ പഠനങ്ങള്‍ ആരംഭിച്ചതു മുതല്‍ തന്നെ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ കാര്യമായി ടാര്‍ഗറ്റ് ചെയ്തിട്ടുണ്ട്. അതിന് പശ്ചാത്തലമൊരുക്കിയത് കുരിശുയുദ്ധങ്ങളാണ്. ഇസ്‌ലാമിന്റെ അനുയായികളുടെ ആത്മവീര്യം കെടുത്താനുള്ള ഒരു യുദ്ധതന്ത്രമെന്ന നിലക്കും ഈ ഓറിയന്റല്‍ പഠനങ്ങളെ കാണേണ്ടതുണ്ട്. പ്രവാചകന്റെ വ്യക്തിത്വത്തെ അവമതിക്കുക മാത്രമായിരുന്നില്ല ഓറിയന്റലിസ്റ്റുകളുടെ ലക്ഷ്യം; അദ്ദേഹത്തിന്റെയും അനുയായികളുടെയും മഹത്തായ ജീവിതമാതൃകകള്‍ പതിഞ്ഞു കിടക്കുന്ന ഹദീസുകളുടെ വിശ്വാസ്യത തകര്‍ക്കുക എന്നത് കൂടിയായിരുന്നു. ഇവിടെയാണ് ഹദീസ് നിഷേധ പ്രവണതകളുടെ വേരുകള്‍ അന്വേഷിക്കേണ്ടത്.
പ്രവാചക വ്യക്തിത്വത്തെ അവമതിക്കാനും ഹദീസുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനുമുള്ള ഓറിയന്റലിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ പ്രമാണ പാഠങ്ങളിലും ചരിത്രത്തിലും ഊന്നിനിന്നുകൊണ്ട് ശക്തമായ പ്രതിരോധമാണ് മുസ്‌ലിം നവോത്ഥാന നായകരും ചിന്തകരും ഉയര്‍ത്തിക്കൊണ്ടുവന്നത്. അല്ലാമാ മുഹമ്മദ് ഇഖ്ബാലും മൗലാനാ മൗദൂദിയും സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വിയുമെല്ലാം ആ പ്രതിരോധക്കോട്ടയൊരുക്കുന്നതില്‍ മുന്‍നിരയില്‍ നിന്നു. ചരിത്രത്തിന്റെ ഓറിയന്റലിസ്റ്റ് ദുര്‍വ്യാഖ്യാനങ്ങളില്‍ ഭ്രമിച്ചുപോയ ചിന്തകന്മാരെയും ചെറുപ്പക്കാരെയും നേര്‍വഴിയില്‍ തിരിച്ചെത്തിക്കാന്‍ അവരുടെ പഠനങ്ങളും യത്‌നങ്ങളും വലിയൊരളവില്‍ പര്യാപ്തമായി. പക്ഷേ, ഹദീസ് നിഷേധപ്രവണത കുറ്റിയറ്റുപോയിരുന്നില്ല. പല മേല്‍വിലാസങ്ങളില്‍ അത് ഇടക്കിടെ തലപൊക്കിക്കൊണ്ടിരുന്നു. സോഷ്യല്‍ മീഡിയ മേല്‍ക്കൈ നേടിയ ഇക്കാലത്ത് ഹദീസ് നിഷേധ പ്രചാരണങ്ങള്‍ വിപുലപ്പെടുത്താനും അതിനു വേണ്ടി പ്രത്യേക കൂട്ടായ്മകള്‍ രൂപവത്കരിക്കാനും കൂടുതല്‍ സൗകര്യവുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്ന ഹദീസ് നിഷേധ പോസ്റ്റുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഒരു കാര്യം എളുപ്പത്തില്‍ ബോധ്യമാകും. ഹദീസിന്റെ ചരിത്രത്തെക്കുറിച്ചോ അതിന്റെ ബലാബലങ്ങള്‍ പരിശോധിക്കാന്‍ പൂര്‍വകാല പണ്ഡിതന്മാര്‍ നടത്തിയ മഹായത്‌നങ്ങളെക്കുറിച്ചോ പോസ്റ്റിടുന്നവര്‍ക്കോ അത് പ്രചരിപ്പിക്കുന്നവര്‍ക്കോ യാതൊന്നുമറിയില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ പണ്ഡിതന്മാര്‍ മറുപടി പറഞ്ഞ വിഷയങ്ങള്‍ -ചില ഹദീസുകളും അവയുടെ ഉള്ളടക്കവും- പുതിയ ആരോപണങ്ങളായി അവര്‍ പൊടിതട്ടിയെടുക്കുന്നു. ഏതൊരു കാര്യത്തെ വിമര്‍ശിക്കുമ്പോഴും അതിനെക്കുറിച്ച് സാമാന്യമായെങ്കിലും അറിഞ്ഞിരിക്കുക എന്ന തത്ത്വമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. ഹദീസ് മുറുകെ പിടിക്കുന്നവര്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കും പലതരം അബദ്ധങ്ങള്‍ സംഭവിക്കുന്നുണ്ട്. അതും ഹദീസ് നിഷേധ പ്രവണതകള്‍ക്ക് വളം വെക്കുന്നു. ഹദീസും സുന്നത്തും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതിരിക്കുക എന്നതാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് പലപ്പോഴും കാരണമാവുന്നത്. അതു സംബന്ധമായി ഒരു പഠനം ഈ ലക്കത്തില്‍ ആരംഭിക്കുകയാണ്.
Comments