Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 18

3014

1438 ദുല്‍ഖഅദ് 25

ലോഹ ഖനികളില്‍ കണ്ണുവെച്ച് ട്രംപ്

മസ്ഊദ് അബ്ദാലി

അമേരിക്കയിലെ ട്രംപ് ഭരണകൂടം അതിന്റെ അഫ്ഗാന്‍ നയരേഖക്ക് അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തിന് പതിനേഴ് വര്‍ഷത്തെ അഫ്ഗാന്‍ അനുഭവങ്ങളുണ്ട്; അതൊന്നും അത്ര നല്ലതല്ല താനും. ആയിരക്കണക്കിന് അമേരിക്കന്‍ പട്ടാളക്കാരുടെ ജീവന്‍ കുരുതി കൊടുത്തും 1700 ബില്യന്‍ ഡോളര്‍ ചെലവിട്ടും നടത്തിയ 'ഭീകരവിരുദ്ധ പോരാട്ടങ്ങള്‍'ക്കു ശേഷവും അഫ്ഗാനിസ്താന്റെ പകുതിയിലേറെ ഭാഗവും ഇപ്പോഴും താലിബാന്റെ പിടിയില്‍ തന്നെ. പരാജയം സമ്മതിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ അഫ്ഗാനില്‍നിന്ന് ധാരാളം അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് അഫ്ഗാന്‍ വിഷയത്തില്‍ ഒന്നും ഉരിയാടിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിദേശനയം വിശദീകരിക്കുമ്പോള്‍ തനിക്ക് ലോക പോലീസാവാന്‍ യാതൊരു താല്‍പര്യവുമില്ലെന്നും, അമേരിക്കയിലെ കര്‍ഷകരുടെയും സംരംഭകരുടെയും ഉന്നമനത്തിനാണ് താന്‍ മുന്‍ഗണന നല്‍കുകയെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷേ പ്രസിഡന്റായ ശേഷം തന്റെ മുന്‍ഗാമികളുടെ വഴിയില്‍ തന്നെ തിരിച്ചെത്തിയിരിക്കുകയാണ് ട്രംപ്. അതിന് ഉദാഹരണമാണ് പുതിയ അഫ്ഗാന്‍ നയരേഖ.

കഴിഞ്ഞ നാല് മാസമായി അഫ്ഗാന്‍ നയരേഖയുമായി ബന്ധപ്പെട്ട് പലരുമായും കൂടിയാലോചന നടത്തിവരികയായിരുന്നു ട്രംപ്. പുതിയ നയത്തിന്റെ ഭാഗമായി അയ്യായിരം അമേരിക്കന്‍ സൈനികരെ കൂടി അഫ്ഗാനിലേക്ക് അയക്കാന്‍ തീരുമാനമായിട്ടുണ്ട്. അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയാണ്. രക്തച്ചൊരിച്ചിലല്ലാതെ മറ്റൊന്നും അതുകൊണ്ട് നേടാനില്ലെന്നാണ് അവരുടെ വീക്ഷണം. പതിനാല് വര്‍ഷം പൊരുതിയിട്ടും നാറ്റോ സഖ്യത്തിന്റെ ഒന്നര ലക്ഷം സൈന്യത്തിന് അഫ്ഗാനില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, ഈ അയ്യായിരം പേര്‍ എന്ത് അത്ഭുതമാണ് കാട്ടാന്‍ പോകുന്നത് എന്നാണവര്‍ ചോദിക്കുന്നത്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, പ്രതിരോധ സെക്രട്ടറി ജ. ജയിംസ് മാറ്റിസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജ. മെക്മാസ്റ്റര്‍, മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ ഫെലന്‍ എന്നിവരാണ് പുതിയ അഫ്ഗാന്‍ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇവരൊക്കെയും അഫ്ഗാനില്‍ സൈനിക ഉത്തരവാദിത്തങ്ങള്‍ വഹിച്ചവരാണ്. അവര്‍ ചെയ്തുകൂട്ടിയതൊക്കെ എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.

'ന്യൂയോര്‍ക്ക് ടൈംസി'ലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മാര്‍ക്ക് ലാന്‍ഡ്‌ലര്‍ എഴുതിയ ലേഖനത്തില്‍ (2017 ജൂലൈ 24), പുതിയ നയത്തിലൂടെ ട്രംപ് കണ്ണ് വെക്കുന്നത് അഫ്ഗാനിസ്താനിലെ ഖനിജങ്ങളിലും ലോഹസമ്പത്തിലുമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കണക്കുകൂട്ടലുകളും തെറ്റി കാര്യങ്ങള്‍ കൈവിട്ടുപോകുന്ന പ്രവചനാതീത സ്വഭാവം അഫ്ഗാനിസ്താന് ഉണ്ടെങ്കിലും ആ രാഷ്ട്രത്തിന്റെ ധാതുസമ്പത്ത് വലിയൊരു പ്രലോഭനം തന്നെയാണ്. ബല്‍ഖ് പ്രവിശ്യ ചെമ്പ് നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ്. മൂവായിരം കൊല്ലം മുമ്പ് ചെമ്പ് ഖനനം ചെയ്തു തുടങ്ങിയിട്ടുണ്ടത്രെ ബല്‍ഖിലെ സറായെ പുല്‍ നഗരത്തിലെ ബല്‍ഖാബ് ഖനിയില്‍നിന്ന്. ഇപ്പോഴും ഖനനം തുടരുന്നു. ഒരുപക്ഷേ ലോകത്തെ ഏറ്റവും പഴക്കമുള്ള ചെമ്പ് ഖനി ഇതായിരിക്കണം. ഈ വലിയ പ്രദേശം മുഴുക്കെ നിക്ഷേപമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ച പാകിസ്താനിലെ അതിര്‍ത്തി പ്രവിശ്യയിലുമുണ്ട്. അവിടത്തെ ഒരു നഗരത്തിന് 'ഐനക്ക്'(ചെമ്പ്) എന്ന് പേര് വരാന്‍ കാരണവും അതു തന്നെ. അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില്‍ ലിത്തിയം, ഈയം, മെര്‍ക്കുറി എന്നിവയുടെയും സ്വര്‍ണത്തിന്റെയും രത്‌നങ്ങളുടെയും വലിയ നിക്ഷേപങ്ങള്‍ തന്നെയാണുള്ളത്. 2010-ല്‍ യു.എസ് ജിയോളജിക് സര്‍വെ നടത്തിയ പഠനം, ഈ നിക്ഷേപങ്ങള്‍ മൂവായിരം ബില്യന്‍ ഡോളര്‍ വിലമതിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പെന്റഗണ്‍ തയാറാക്കിയ ഒരു റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ, 'അഫ്ഗാനിസ്താന്‍, ലിത്തിയത്തിന്റെ സുഊദി അറേബ്യ' എന്നായിരുന്നു. അസംസ്‌കൃത എണ്ണ സുഊദി അറേബ്യയില്‍ എന്ന പോലെ, ലിത്തിയം അഫ്ഗാനിസ്താനില്‍ സമൃദ്ധമാണ് എന്നര്‍ഥം.

വിലപിടിപ്പുള്ള ലോഹമാണ് ലിത്തിയം. ബാറ്ററിയിലും മൊബൈല്‍ ഫോണിലും കംപ്യൂട്ടറിലുമൊക്കെ അത് ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി കൊണ്ട് ഓടുന്ന കാറുകള്‍ വ്യാപകമായി പ്രചാരത്തിലാവുന്നതോടെ ലിത്തിയത്തിന് രത്‌നങ്ങളേക്കാള്‍ വില കൂടിയേക്കാമെന്ന് കരുതുന്നവരുണ്ട്. ലോഹഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിയുമായി ട്രംപ് സംസാരിച്ചിട്ടുണ്ടെന്ന് ലാന്‍ഡ്‌ലര്‍ വെളിപ്പെടുത്തുന്നു. തന്റെ അടുത്ത സുഹൃത്തും അമേരിക്കയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ 'അമേരിക്കന്‍ എലമെന്‍സ്' ഉടമയുമായ മൈക്കല്‍ സില്‍വര്‍, സെക്യൂരിറ്റി കമ്പനിയായി പേരെടുത്ത ഡിന്‍ കോര്‍പറേഷ(Dyn Corporation)ന്റെ കോടിപതിയായ ഉടമ സ്റ്റീഫന്‍ ഫെയ്ന്‍ ബര്‍ഗ് എന്നിവരുമായും ട്രംപ് ആശയവിനിമയം നടത്തിക്കഴിഞ്ഞു. നേരത്തേ പറഞ്ഞ അയ്യായിരം സൈനികരില്‍ ഡിന്‍ കോര്‍പറേഷന്റെയും ബ്ലാക് വാട്ടറിന്റെയും കൂലിപ്പട്ടാളക്കാരും (Consultants എന്ന് അമേരിക്കന്‍ ഭാഷ്യം) ഉണ്ടാകും. കൂലിപ്പട്ടാളക്കാരെ നല്‍കുന്ന ബ്ലാക് വാട്ടറിന്റെ പുതിയ പേര് 'അക്കാദമി' എന്നാണ്! അതിന്റെ ഉടമ എറിക് പ്രിന്‍സിന് അറബ് ഭരണാധികാരികളുമായി അടുത്ത ബന്ധമാണ്. അവരും ഈ ഖനന പ്രോജക്ടില്‍ മുതലിറക്കുന്നുണ്ട്.

അഫ്ഗാനിലെ ധാതു/ലോഹ സമ്പത്ത് അടിച്ചുമാറ്റാന്‍ ട്രംപിന് സാധിക്കുമോ? വളരെ പ്രയാസപ്പെടും എന്ന് തന്നെയാണ് നിരീക്ഷകരൊക്കെയും കരുതുന്നത്. തങ്ങളുടെ ദേശീയ സമ്പത്തിനോട് വൈകാരിക സമീപനമാണ് അഫ്ഗാന്‍ ജനതക്ക്. അതിന്മേല്‍ തൊട്ടുകളിക്കാന്‍ അവര്‍ ആരെയും അനുവദിക്കില്ല. സോവിയറ്റ് യൂനിയന്‍ പ്രകൃതിവാതകം കടത്തിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടത് ഉദാഹരണം. തൊട്ടടുത്ത നാടുകളായ താജികിസ്താനും തുര്‍ക്കുമെനിസ്താനും അന്ന് സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്നു എന്നുകൂടി ഓര്‍ക്കണം. മെറ്റലര്‍ജി കോര്‍പറേഷന്‍ ഓഫ് ചൈന(എം.സി.സി) കമ്പനിയുമായി അഫ്ഗാന്‍ ഭരണകൂടം ഉണ്ടാക്കിയ കരാറുകളാണ് മറ്റൊരു കടമ്പ. ഖനനത്തിനും മറ്റും ടെണ്ടര്‍ വിളിക്കുമ്പോള്‍ ആദ്യം എം.സി.സിയെ പരിഗണിക്കണമെന്നാണ് വ്യവസ്ഥ.

ട്രംപും കൂട്ടരും കാര്യമായി നോട്ടമിടുന്നത് ലിത്തിയം നിക്ഷേപത്തിലാണ്. ഈ നിക്ഷേപം ധാരാളമായുള്ളത് ഫറാഹ്, ഗസ്‌നി പ്രവിശ്യകളിലാണ്. ഈ രണ്ട് പ്രവിശ്യകളും ഫലത്തില്‍ ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഇറാന്‍ അതിര്‍ത്തിയിലുള്ള ഫറാഹ്, നംറൂസിന്റെ വടക്കും ഹല്‍മന്ദിന്റെ വടക്കു പടിഞ്ഞാറുമായാണ് സ്ഥിതിചെയ്യുന്നത്. ലോഗര്‍, വര്‍ദിക്, പക്തീക, പക്തിയ, സാഹില്‍, അര്‍സ്ഗാന്‍ ഇവയൊക്കെയാണ് ഗസ്‌നിയോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍. ഇതൊക്കെയും താലിബാന്റെ പിടിത്തത്തിലാണ്. അമേരിക്കയുടെ പുതിയ അഫ്ഗാന്‍ നയം രക്തച്ചൊരിച്ചിലിന്റെ വേറൊരു അധ്യായമായിരിക്കും തുറന്നിടുക. ആ യുദ്ധം താലിബാനുമായിട്ടായിക്കൊള്ളണമെന്നുമില്ല. അമേരിക്ക യുദ്ധത്തിലേര്‍പ്പെടുന്നതാകട്ടെ എന്തെങ്കിലും ദേശീയ താല്‍പര്യം സംരക്ഷിക്കാനുമായിരിക്കില്ല. സമ്പത്ത് കടത്തിക്കൊണ്ടുപോകലും അതിന് ലഭിച്ച കമീഷന്റെ വീതംവെപ്പുമൊക്കെയാവും നടക്കുക. ദേശീയ സമ്പത്ത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന അഫ്ഗാനികള്‍ക്ക് മുമ്പില്‍ അമേരിക്കയുടെ പുതിയ നയത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് എല്ലാവരും സംശയത്തില്‍ തന്നെയാണ്. 

(ജസാറത്ത് ഫ്രൈഡെ സ്‌പെഷ്യല്‍, 2017 ആഗസ്റ്റ് 4)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (192 - 195)
എ.വൈ.ആര്‍

ഹദീസ്‌

സംസ്‌കരണത്തിന്റെ മൂലശിലകള്‍
കെ.സി ജലീല്‍ പുളിക്കല്‍