ഹദീസെല്ലാം സുന്നത്തല്ല; സുന്നത്തെല്ലാം ഹദീസാണ്
ജാബിറുബ്‌നു അബ്ദില്ലയെ ഒരിക്കല്‍ മുഹമ്മദ് നബി(സ) തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന് കഴിക്കാനായി ഏതാനും റൊട്ടിക്കഷ്ണങ്ങള്‍ കൊണ്ടുവെച്ചു. 'കറി എന്തെങ്കിലുമുണ്ടോ?'-നബി അന്വേഷിച്ചു. 'അല്‍പം സുര്‍ക്കയല്ലാതെ ഒന്നുമില്ല' എന്നാണ് മറുപടി ലഭിച്ചത്(സുര്‍ക്കയെന്ന് ഭാഷാന്തരം ചെയ്ത 'ഖല്ല്' എന്ന പദത്തിന് വീഞ്ഞ്, അച്ചാര്‍ എന്നും അര്‍ഥമുണ്ടണ്ട്). ഉടന്‍ നബി പ്രതികരിച്ചു; 'സുര്‍ക്ക എത്ര നല്ല കറിയാണ്!' ഈ സംഭവത്തിനു ശേഷം താന്‍ സുര്‍ക്ക ഇഷ്ടപ്പെട്ടതായി ജാബിറുബ്‌നു അബ്ദില്ല പറഞ്ഞിട്ടുണ്ട്.1 മറ്റൊരു നിവേദനം കൂടി ഇവ്വിഷയകമായി കാണാം. ഒരിക്കല്‍ നബി അബൂത്വാലിബിന്റെ മകള്‍ ഉമ്മുഹാനിഇന്റെ വീട്ടില്‍ ചെന്നു. ഭക്ഷണം വല്ലതുമുണ്ടോ എന്നന്വേഷിച്ചപ്പോള്‍, 'റൊട്ടിക്കഷ്ണവും സുര്‍ക്കയും മാത്രമേ ഉള്ളൂ' എന്ന് ഉമ്മുഹാനിഅ് പറഞ്ഞു. 'അത് കൊണ്ടുവരൂ, സുര്‍ക്കയുള്ള ഒരു വീടും കറിയില്ലാതെ ദരിദ്രമായിട്ടില്ല' എന്നായിരുന്നു നബിയുടെ പ്രതികരണം.2
സുര്‍ക്കയെ കറിയെന്ന നിലയില്‍ നബി പ്രശംസിച്ചതായാണ് രണ്ടു നിവേദനങ്ങളിലും കാണുന്നത്. ഈ ഹദീസുകള്‍ 'അക്ഷരത്തില്‍ വായിച്ചാല്‍' നബി പ്രശംസിച്ച സുര്‍ക്ക, നബിചര്യയെന്ന (സുന്നത്ത്) അര്‍ഥത്തില്‍ മുസ്‌ലിംകള്‍ സ്വീകരിക്കുകയും എല്ലാ ഭക്ഷണത്തിലും 'സുന്നത്തായ കറി'യെന്ന നിലയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടിവരും. പക്ഷേ, ഇന്നോളം മുസ്‌ലിം സമൂഹം പൊതുവില്‍ സുര്‍ക്കയെ 'സുന്നത്തായ കറി'യായി പരിഗണിക്കുകയോ ഉപയോഗിച്ചുവരികയോ ചെയ്യുന്നില്ല. കാരണം, രണ്ട് നിവേദനങ്ങളും ചരിത്രസംഭവം വിവരിക്കുന്ന 'ഹദീസു'കളാണ്. ഈ 'ഹദീസു'കളില്‍നിന്ന് ലഭിക്കുന്ന 'സുന്നത്ത്'-നബിമാതൃക-മറ്റൊന്നാണ്; ഉള്ള ഭക്ഷണത്തില്‍ തൃപ്തിപ്പെടുക, എത്രയും സാധാരണവും ലളിതവുമാണെങ്കിലും അതിനെ പ്രശംസിക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ കറി കുറഞ്ഞുപോയതിന്റെയും മറ്റും പേരില്‍ വീട്ടുകാരോട് കയര്‍ക്കാതിരിക്കുക തുടങ്ങിയവയാണ് ഈ 'ഹദീസു'കളില്‍നിന്ന് ലഭിക്കുന്ന 'സുന്നത്ത്'. പെട്ടെന്ന് വീട്ടില്‍ കയറിച്ചെന്ന് ഭക്ഷണം ചോദിച്ചപ്പോള്‍ ഉള്ളത് എടുത്തുകൊടുത്ത ഒന്നാമത്തെ ഹദീസിന്റെ പശ്ചാത്തലം അതാണ് വ്യക്തമാക്കുന്നത്. 'ഭക്ഷണസമ്പന്നത'യെക്കുറിച്ച തെറ്റിദ്ധാരണ തിരുത്തുകയാണ് ഉമ്മുഹാനിഇന്റെ വീട്ടില്‍ വെച്ച് നബി ചെയ്യുന്നത്. പ്രമാണപാഠങ്ങളുടെ ആത്മാവറിഞ്ഞ് അതിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്ന ഈ സമീപനമാണ് 'ആശയവായന'യെന്ന് വിവക്ഷിക്കപ്പെടുന്നത്.
സുന്നത്തും ഹദീസും തമ്മിലുള്ള ബന്ധവും വ്യത്യാസവും മനസ്സിലാക്കാന്‍ സഹായിക്കുന്ന മികച്ച ഉദാഹരണമാണ് സുര്‍ക്കയെ സംബന്ധിച്ച നിവേദനങ്ങള്‍. 'സുര്‍ക്ക എത്ര നല്ല കറിയാണ്' എന്ന നബിവചനം ഹദീസാണ്. അതില്‍നിന്ന് വിശ്വാസിസമൂഹത്തിന് ലഭിക്കുന്ന പ്രവാചക മാതൃകയാണ് 'സുന്നത്ത്'. ഹദീസെല്ലാം സുന്നത്താകണമെന്നില്ല. പക്ഷേ, സുന്നത്തെല്ലാം ഹദീസായിരിക്കും എന്നര്‍ഥം.
മുഹമ്മദ് നബിയുടെയും അദ്ദേഹത്തോടൊപ്പം ജീവിച്ച അനുചരന്മാരുടെയും ജീവിതം രേഖപ്പെടുത്തിയ അമൂല്യ ചരിത്രരേഖയാണ് ഹദീസ് സമാഹാരങ്ങള്‍. അവയില്‍ നബി ജീവിതത്തിന്റെ നാനാവശങ്ങളും സൂക്ഷ്മമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ആ ജീവിതം കണ്ടും അനുഭവിച്ചും ഇടപെട്ടും ജീവിച്ച സ്വഹാബികളുടെ സമീപനങ്ങളും ഹദീസിന്റെ ഭാഗമാണ്. നബിയും സഖാക്കളും ജീവിച്ച അറേബ്യയിലെ ഭൂമിശാസ്ത്രം, സാമൂഹികാവസ്ഥകള്‍, സാംസ്‌കാരിക സവിശേഷതകള്‍, രാഷ്ട്രീയ നടപടികള്‍ തുടങ്ങിയവ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടപ്പുണ്ട്. അക്കാലത്തെ അറേബ്യന്‍ ജീവിതത്തിന്റെ ഭാഗമായിരുന്നതും നബിയും അനുചരന്മാരും പുലര്‍ത്തിയിരുന്നതുമായ ഭാഷ, വസ്ത്രം, ഭക്ഷണം, യാത്രാമാര്‍ഗങ്ങള്‍, കച്ചവടം, ഇടപാടുകള്‍, വീട്ടുപകരണങ്ങള്‍, യുദ്ധസാമഗ്രികള്‍, സാഹിത്യ-വൈജ്ഞാനിക സംരംഭങ്ങള്‍ തുടങ്ങിയവയെല്ലാം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. വിശ്വാസപാഠങ്ങള്‍, ആരാധനാ- അനുഷ്ഠാന അധ്യാപനങ്ങള്‍, സാമൂഹിക-സാമ്പത്തിക ഇടപാടുകളും മറ്റുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍, കുടുംബജീവിതത്തിന്റെ പ്രായോഗിക മാതൃകകളും ഉപദേശനിര്‍ദേശങ്ങളും മറ്റും മറ്റും ഇതേ ഹദീസ് സമാഹാരങ്ങളില്‍തന്നെയാണ് രേഖപ്പെട്ടുകിടക്കുന്നത്. അഥവാ, അറിവനുഭവങ്ങളുടെ ആഴവും പരപ്പുമുള്ള സാഗരമാണ് 'ഹദീസ്' സമാഹാരങ്ങള്‍. അതില്‍ കപ്പലോടിച്ചും ഊളിയിട്ടിറങ്ങിയും 'സുന്നത്തി'ന്റെ മുത്തും പവിഴവും ശേഖരിക്കുകയാണ് നമ്മുടെ ദൗത്യം.
ഇസ്‌ലാമിക സമൂഹം എല്ലാ കാലത്തും ദേശത്തും ലോകാവസാനം വരെ പ്രയോഗവല്‍ക്കരിക്കേണ്ട നബിചര്യയാണ് 'സുന്നത്ത്'. ഖുര്‍ആനിന്റെ പ്രഥമ വിശദീകരണവും നിസ്സംശയം ശരീഅത്തിന്റെ രണ്ടാം പ്രമാണവുമാണത്. ഈ സുന്നത്തിന്റെ സ്രോതസ്സാണ് 'ഹദീസ്' ഗ്രന്ഥങ്ങള്‍. എന്നാല്‍, ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ട നിവേദനങ്ങളെല്ലാം അപ്പടി മുസ്‌ലിം സമൂഹം എക്കാലത്തും പ്രയോഗവല്‍ക്കരിക്കേണ്ട 'സുന്നത്ത'ല്ല; ഹദീസും സുന്നത്തും പര്യായശബ്ദങ്ങളായി ഉപയോഗിക്കപ്പെടാറുണ്ടെങ്കിലും. നബിയും അനുചരന്മാരും ജീവിതത്തില്‍ പുലര്‍ത്തിയിരുന്നതും അക്കാലത്തെ അറേബ്യന്‍ ജീവിതത്തിന്റെ ഭാഗമായിരുന്നതുമായ നാട്ടാചാരങ്ങള്‍ (ഉര്‍ഫ്), സമ്പ്രദായങ്ങള്‍ (ആദത്ത്), ജൈവമനുഷ്യന്‍ (ബശര്‍) എന്ന അര്‍ഥത്തിലുള്ള വൈയക്തിക കാര്യങ്ങള്‍, പ്രവാചകത്വത്തിനുമുമ്പുള്ള മുഹമ്മദുബ്‌നു അബ്ദില്ല എന്ന വ്യക്തിയുടെ ജീവിതം, ചരിത്രപരമായ വര്‍ത്തമാനങ്ങള്‍ (സീറത്ത്), നബിയുടെ ശാരീരിക ഗുണവിശേഷങ്ങള്‍ തുടങ്ങിയവയെല്ലാം 'ഹദീസു'കളായിത്തന്നെയാണ് സമാഹാരങ്ങളില്‍ (കുതുബുല്‍ ഹദീസ്) ഹദീസ് വിശാരദന്മാര്‍ (മുഹദ്ദിസ്) രേഖപ്പെടുത്തിയിട്ടുള്ളത്. ആരാധനാകര്‍മങ്ങളെയും സാമൂഹിക ജീവിതത്തെയും സംബന്ധിച്ച് ഖുര്‍ആന്‍ വിശദീകരിച്ചുകൊണ്ട് നബി(സ) നല്‍കിയ ദീനീപാഠങ്ങളും ഹദീസുകളായിത്തന്നെ ഇതേ സമാഹാരങ്ങളില്‍ കാണാം. ആദത്തും സുന്നത്തും ഉര്‍ഫും സീറത്തും കൂടിക്കലര്‍ന്നതാണ് ഹദീസ് സമാഹാരങ്ങള്‍ എന്നര്‍ഥം. ഹദീസുകളിലെ സുന്നത്തും ആദത്തും, സുന്നത്തും ഉര്‍ഫും, സുന്നത്തും സീറത്തും തമ്മിലുള്ള അന്തരം സാധ്യമാകുന്നത്ര സൂക്ഷ്മതയോടെ വിശദീകരിക്കപ്പെടേണ്ടതുണ്ട് എന്നാണ് ഇതില്‍നിന്ന് മനസ്സിലാകുന്നത്. 'സുന്നത്തി'നെ സംബന്ധിച്ച വികല വായനക്കും അതിവാദങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കുമൊക്കെ പ്രധാന കാരണം ഈ വേര്‍തിരിവ് ഇല്ലാതെ പോയതാണ്. അറേബ്യന്‍ ഗോത്രരീതികള്‍ പോലും സുന്നത്തെന്ന അര്‍ഥത്തില്‍ മനസ്സിലാക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്നത്, അവയെല്ലാം ഹദീസാണ്, ഹദീസും സുന്നത്തും ഒന്നുതന്നെയാണ് എന്ന് വാദിച്ചുകൊണ്ടണ്ടാകുന്നത് ഇതിന്റെ തെളിവാണ്. മനുഷ്യന്‍ എന്ന അര്‍ഥത്തിലും ദൈവദൂതന്‍ എന്ന സ്വഭാവത്തിലുമുള്ള നബിജീവിതത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഹദീസ്. എന്നാല്‍ ദൈവദൂതന്‍
എന്ന അര്‍ഥത്തില്‍ മുസ്‌ലിംകള്‍ എന്നും മാതൃകയാക്കേണ്ടതും സര്‍വകാലത്തും മുഴുലോകത്തും പ്രയോഗവല്‍ക്കരിക്കേണ്ടതുമായ ജീവിതമാതൃകയാണ് സുന്നത്ത്. ഇവ തമ്മിലുള്ള ബന്ധവും വ്യത്യാസവുമാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
1. ചില ഹദീസുകള്‍ അക്ഷരാര്‍ഥത്തില്‍തന്നെ 'സുന്നത്താ'യിരിക്കും. നബിചര്യയെന്ന അര്‍ഥത്തില്‍ അവ എക്കാലത്തും അതേ വിധം പാലിക്കാന്‍ ഇസ്‌ലാമിക സമൂഹം ബാധ്യസ്ഥവുമാണ്. ഉദാഹരണം, ആരാധനാ കര്‍മങ്ങള്‍ സംബന്ധിച്ച നബിമാതൃകകള്‍. സ്വുബ്ഹ് നമസ്‌കാരത്തിന്റെ സമയം സംബന്ധിച്ച് നബി (സ) പറഞ്ഞു: 'പ്രഭാതോദയം മുതല്‍ സൂര്യോദയം വരെയാണ് സ്വുബ്ഹ് നമസ്‌കാരത്തിന്റെ സമയം''. അബ്ദുല്ലാഹിബ്‌നു അംറ് നിവേദനം ചെയ്ത ഹദീസാണിത്.3 ഈ ഹദീസ് അക്ഷരാര്‍ഥത്തില്‍തന്നെ 'സുന്നത്താ'ണ്. സ്വുബ്ഹ് നമസ്‌കാരത്തിലെ റക്അത്തിന്റെ എണ്ണത്തെ കുറിച്ച് ആഇശ(റ) നിവേദനം ചെയ്യുന്നു; നബി (സ) പറഞ്ഞു: ''സ്വുബ്ഹിന്റെ രണ്ട് റക്അത്ത് ഭൗതിക വിഭവങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്.''4 സ്വുബ്ഹ് നമസ്‌കാരം രണ്ട് റക്അത്താണെന്ന 'ഹദീസ്' തന്നെയാണ് സുന്നത്ത്. ഈ നമസ്‌കാരത്തിന്റെ സമയത്തിലോ, റക്അത്തിന്റെ എണ്ണത്തിലോ മാറ്റം വരുത്താന്‍ അനുവാദമില്ല.
2. ചില നിവേദനങ്ങളില്‍ ഹദീസും സുന്നത്തും കൂടിക്കലര്‍ന്നതായിരിക്കും. അവയിലെ ചില ഭാഗങ്ങള്‍ അക്ഷരാര്‍ഥത്തില്‍തന്നെ സ്വീകരിക്കേണ്ട 'സുന്നത്തും' ചില ഭാഗങ്ങള്‍ ആശയാര്‍ഥത്തില്‍ മനസ്സിലാക്കി സാമൂഹികാവസ്ഥകള്‍ക്കനുസരിച്ച് വ്യത്യസ്ത പ്രയോഗ രൂപങ്ങള്‍ സ്വീകരിക്കാവുന്ന 'സുന്നത്തു'മായിരിക്കും. ഉദാഹരണത്തിന് ഫിത്വ്ര്‍ സകാത്തിനെ സംബന്ധിച്ച നിവേദനങ്ങള്‍. ഇബ്‌നു ഉമര്‍ നിവേദനം ചെയ്യുന്നു: ''മുസ്‌ലിമായ സ്വതന്ത്രന്നും അടിമക്കും ആണിനും പെണ്ണിനും ചെറിയവര്‍ക്കും വലിയവര്‍ക്കും ഒരു സ്വാഅ് ഈത്തപ്പഴം അല്ലെങ്കില്‍ ബാര്‍ലി ഫിത്വ്ര്‍ സകാത്തായി നല്‍കല്‍ നബി നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കുന്നു. ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പോകുന്നതിനു മുമ്പായി അത് നല്‍കണമെന്നും നബി കല്‍പിച്ചിട്ടുണ്ട്.''5 ബാര്‍ലി, ഈത്തപ്പഴം, ഉണക്കമുന്തിരി, പാല്‍ക്കട്ടി എന്നിവയാണ് ഫിത്വ്ര്‍ സകാത്തായി നല്‍കേണ്ടത് എന്ന് അബൂസഈദില്‍ ഖുദ്‌രിയും ഇബ്‌നു ഉമറും നിവേദനം ചെയ്ത വേറെയും ഹദീസുകളില്‍ കാണാം.6 ഈ ഹദീസുകള്‍ പൂര്‍ണമായും അക്ഷരാര്‍ഥത്തില്‍ തന്നെ, യാതൊരു മാറ്റവും വരുത്താതെ മുസ്‌ലിം സമൂഹം എല്ലാകാലത്തും എല്ലാ ദേശത്തും പുലര്‍ത്തേണ്ട നബിചര്യ (സുന്നത്ത്) ആയി മനസ്സിലാക്കിയാലോ? ബാര്‍ലിയും ഈത്തപ്പഴവും ഉണക്കമുന്തിരിയും പാല്‍ക്കട്ടിയുമായിരിക്കും എല്ലാ രാജ്യങ്ങളിലെയും എല്ലാ മുസ്‌ലിംകളും ഫിത്വ്ര്‍ സകാത്തായി നല്‍കേണ്ടിവരിക! അത് സാധ്യമോ യുക്തിസഹമോ 'ഹദീസി'ന്റെ താല്‍പര്യത്തിന് നിരക്കുന്ന സുന്നത്തോ (നബിമാതൃക) അല്ല. ഓരോ രാജ്യത്തെയും കാര്‍ഷിക വിളകള്‍ക്കും ആഹാരവിഭവങ്ങള്‍ക്കുമനുസരിച്ച് നല്‍കേണ്ട ഫിത്വ്ര്‍ സകാത്തിന്റെ ഇനത്തില്‍ മാറ്റം വരുമെന്നത് വ്യക്തമാണ്. ഈ ഹദീസുകളിലെ അളവിനെ സംബന്ധിച്ച ഭാഗം-ഈദുല്‍ ഫിത്വ്‌റിനോട് അനുബന്ധിച്ച് സകാത്തുല്‍ ഫിത്വ്ര്‍ നല്‍കണമെന്നതും അത് ഒരു സ്വാഇല്‍ (2.200 കി.ഗ്രാം) കുറയാന്‍ പാടില്ല എന്നതും-മാറ്റം വരുത്താന്‍ പാടില്ലാത്ത 'സുന്നത്താ'ണ്. എന്നാല്‍, നല്‍കേണ്ട ഭക്ഷണ ഇനത്തെ സംബന്ധിച്ച ഹദീസിലെ മറ്റൊരു ഭാഗം ആശയപരമായി മനസ്സിലാക്കേണ്ടതാണ്. നബി ബാര്‍ലി, പാല്‍ക്കട്ടി, ഉണക്കമുന്തിരി, ഈത്തപ്പഴം എന്നിവ നല്‍കാന്‍ കല്‍പ്പിച്ചത് അവ സുലഭവും മുഖ്യഭക്ഷണവുമായിരുന്ന അറബികളോടാണ്. ഭക്ഷണ ഇനങ്ങളെ സംബന്ധിച്ച നബിയുടെ ഈ കല്‍പന അങ്ങനെത്തന്നെ അംഗീകരിക്കാന്‍ ലോകത്ത് എല്ലാ പ്രദേശങ്ങളിലെയും മുസ്‌ലിംകള്‍ക്ക് ബാധ്യതയില്ല. 'ആഘോഷ ദിവസം ആരും പട്ടിണികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക, അതിനു വേണ്ടി ഓരോ പ്രദേശത്തും സുലഭമായ ഭക്ഷണവിഭവം ഫിത്വ്ര്‍ സകാത്തായി നല്‍കുക'-ഇതാണ് ഈ ഹദീസില്‍നിന്ന് ലഭിക്കുന്ന 'സുന്നത്ത്'-നബിചര്യ. ഇത് ഹദീസിന്റെ ആശയവായനയാണ്.
3. ചില ഹദീസുകള്‍ ആശയാര്‍ഥത്തില്‍ തന്നെ വായിക്കേണ്ടതായിരിക്കും. അപ്പോഴേ അതിലടങ്ങിയ 'സുന്നത്തി'ലേക്ക് എത്തിച്ചേരാനാകൂ. അത്തരം ഹദീസുകളുടെ അക്ഷരവായന 'സുന്നത്ത്' നഷ്ടപ്പെടുത്താനാണ് കാരണമാവുക. ഒരു ഖുദ്‌സിയായ ഹദീസ് ഇതിന് മികച്ച് ഉദാഹരണമാണ്. അല്ലാഹു പറഞ്ഞതായി നബി(സ) പഠിപ്പിക്കുന്നു; 'എന്റെ ആത്മമിത്രത്തോട് (വലിയ്യ്) ആരെങ്കിലും ശത്രുത കാണിച്ചാല്‍ ഞാന്‍ അവനോട് യുദ്ധം പ്രഖ്യാപിക്കുന്നു. ഞാന്‍ നിര്‍ബന്ധമാക്കിയ കര്‍മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് എന്റെ ദാസന്‍ എന്റെ സാമീപ്യം തേടുന്നതാണ് എനിക്ക് ഏറ്റവും പ്രിയങ്കരം. എന്നാല്‍, ഐഛിക കര്‍മങ്ങള്‍ കൊണ്ടും എന്റെ ദാസന്‍ എന്നോട് അടുത്തുകൊണ്ടേയിരിക്കും, അങ്ങനെ ഞാന്‍ അവനെ സ്‌നേഹിക്കും. ഞാന്‍ അവനെ സ്‌നേഹിച്ചു കഴിഞ്ഞാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന പാദങ്ങളും ഞാനായിത്തീരും. അവന്‍ ചോദിച്ചാല്‍ ഞാന്‍ നല്‍കും. അവന്‍ എന്നോട് പാപമോചനം തേടിയാല്‍ ഞാന്‍ പൊറുത്തുകൊടുക്കും, അവനെന്നോട് അഭയം തേടിയാല്‍ ഞാന്‍ അഭയം നല്‍കും.'7
ഈ ഹദീസിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. ഈ ഹദീസ് അക്ഷരാര്‍ഥത്തില്‍ മനസ്സിലാക്കിയാല്‍ ഭക്തനായ സത്യവിശ്വാസിയുടെ കൈയും കാലും കണ്ണും കാതുമെല്ലാം അല്ലാഹുവായിത്തീരും എന്നാണ് അര്‍ഥം ലഭിക്കുക. ദൈവം മനുഷ്യശരീരത്തിലെ അവയവങ്ങളായി രൂപം പ്രാപിക്കുകയെന്നത് ഇസ്‌ലാമേതര മതത്തിലെ അവതാര സങ്കല്‍പത്തിന്റെ ഭാഗമാണ്. ഈ ഹദീസിനെ അക്ഷരാര്‍ഥത്തിലെടുത്ത മുസ്‌ലിംകളിലെ ചില ആത്മീയ വാദികള്‍ ഇത്തരമൊരു അവതാര (ഹുലൂല്‍) വാദത്തിലേക്ക് പോയിട്ടുണ്ട്. പണ്ഡിതന്മാര്‍ തള്ളിക്കളഞ്ഞതാണ് ഈ അവതാരവാദം. ഈ ഹദീസിലെ അടിവരയിട്ട ഭാഗം ആശയപരമായി മാത്രം മനസ്സിലാക്കേണ്ടതാണെന്ന് ഹദീസ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് 'കൈയും കാലും കണ്ണും കാതും അല്ലാഹുവാകും' എന്ന ഭാഷാപ്രയോഗത്തിന്റെ ആശയമിതാണ്; നിര്‍ബന്ധവും ഐഛികവുമായ കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് ഒരു സത്യവിശ്വാസി അടുത്തുകഴിഞ്ഞാല്‍ അല്ലാഹുവിന് അവനോടുള്ള ഇഷ്ടം വര്‍ധിക്കും. അവന്റെ മനസ്സില്‍ അല്ലാഹുവോടുള്ള സ്‌നേഹവും ഭക്ത്യാദരവുകളും കൂടും. അവന്റെ വികാരവിചാരങ്ങളും ആഗ്രഹങ്ങളും ചലനങ്ങളുമെല്ലാം അല്ലാഹുവിന്റെ ഇഷ്ടപ്രകാരം മാത്രമായിത്തീരും. അല്ലാഹുവിന്റെ ദിക്‌റും അല്ലാഹുവിന് ഇഷ്ടപ്പെട്ടതും മാത്രമേ നാവുകൊണ്ട് സംസാരിക്കാന്‍ കഴിയൂ. അല്ലാഹുവിന് പ്രിയപ്പെട്ടതു മാത്രമേ അവന് കാണാനും കേള്‍ക്കാനും സാധിക്കൂ. അല്ലാഹുവിന് ഇഷ്ടമുള്ളതു മാത്രമേ കൈകൊണ്ട് പ്രവര്‍ത്തിക്കാനാകൂ. അല്ലാഹു താല്‍പര്യപ്പെടുന്നിടത്തേക്കു മാത്രമേ കാലുകൊണ്ട് നടന്നുപോകാന്‍ കഴിയൂ. അതായത്, അവന്റെ മനസ്സും ശാരീരിക അവയവങ്ങളും അല്ലാഹുവിന്റെ പ്രത്യേകമായ സംരക്ഷണവലയത്തിലും അനുഗ്രഹങ്ങളിലുമായിരിക്കും. നന്മയല്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്തവിധം അല്ലാഹുവിന്റെ പ്രത്യേകമായൊരു കാവല്‍! സത്യവിശ്വാസി എത്തിച്ചേരുന്ന ആത്മീയ ഔന്നത്യത്തെയാണ് ഹദീസ് വരച്ചുകാണിക്കുന്നത്. ഇത് അക്ഷരത്തില്‍ മനസ്സിലാക്കിയാല്‍ പക്ഷേ വിശ്വാസം തന്നെ പിഴച്ചുപോകാം!
4. ചില ഹദീസുകള്‍ സംഭവവിവരണങ്ങള്‍ മാത്രമായിരിക്കും. ഇസ്‌ലാമിക സമൂഹം ദീനീനിയമത്തിന്റെ പരിഗണന നല്‍കി പിന്തുടരേണ്ട നബിചര്യ (സുന്നത്ത്) ആയിരിക്കില്ല. 'ഹദീസ്' എന്ന അര്‍ഥത്തില്‍ അവ പ്രബല നിവേദനങ്ങളും സ്വീകാര്യമായ വിവരണങ്ങളും ചരിത്രപ്രാധാന്യമുള്ളവയും ആയിരിക്കെത്തന്നെ അവക്ക് ഇസ്‌ലാമിക സമൂഹം പിന്തുടരേണ്ട ദീനീനിയമപരമായ (അല്‍അഹ്കാമുദ്ദീനിയ്യ) 'സുന്നത്തി'ന്റെ പദവി ഉണ്ടായിരിക്കുകയില്ല. ചില ഉദാഹരണങ്ങളില്‍നിന്ന് ഇത് എളുപ്പം മനസ്സിലാക്കാം. നബിയുടെ സംസാരം, പ്രവര്‍ത്തനം, അംഗീകാരം എന്നിവയാണല്ലോ ഹദീസ്. മുസ്‌ലിം സമൂഹം എക്കാലത്തും സ്വീകരിക്കേണ്ട നബിചര്യയാണ് 'സുന്നത്ത്'. ഈ അര്‍ഥത്തിലാണ് ഇവിടെ ഉദാഹരണങ്ങള്‍ പരിശോധിക്കുന്നത്. അങ്ങനെ വരുമ്പോള്‍, നബിയും അനുചരന്മാരും വലിയ തളികയില്‍ (ജഫ്‌ന)നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നത് ഹദീസാണ്,8 പക്ഷേ മുസ്‌ലിം സമൂഹം എക്കാലത്തും പിന്തുടരേണ്ട സുന്നത്ത് (നബിചര്യ) അല്ല 'ജഫ്‌ന'യുടെ ഉപയോഗം. ആയിരുന്നെങ്കില്‍, ജഫ്‌നയില്‍നിന്ന് വെള്ളമെടുത്തുള്ള കുളിയും സുന്നത്തായിത്തീരും. കാരണം, നബി പത്‌നി വലിയ അശുദ്ധിയില്‍നിന്ന് മുക്തയാകാന്‍ 'ജഫ്‌ന'യില്‍ വെള്ളമെടുത്ത് കുളിച്ചിരുന്നു, 'ജഫ്‌ന'യില്‍ ബാക്കിവന്ന വെള്ളം കൊണ്ട് നബിയും കുളിച്ചു എന്നത് 'ഹദീസാ'ണ്. പക്ഷേ ജഫ്‌നയില്‍ വെള്ളമെടുത്ത് കുളിക്കുകയെന്നത് മുസ്‌ലിം സമൂഹം പിന്തുടരേണ്ട 'സുന്നത്ത്' അല്ല. മുഹമ്മദ് നബി ഒട്ടകപ്പുറത്താണ് യാത്ര ചെയ്തിരുന്നത് എന്നത് ഹദീസാണ്, സുന്നത്തല്ല. നബി തുകല്‍പാത്രത്തില്‍ വെള്ളമെടുത്താണ് ശൗച്യം ചെയ്തിരുന്നതും വുദൂ (അംഗസ്‌നാനം) എടുത്തിരുന്നതും-ഇതും ഹദീസാണ്, പക്ഷേ 'സുന്നത്ത'ല്ല. നബി പ്രസംഗിക്കുമ്പോള്‍ ഒരു വടി കൈയില്‍ പിടിച്ച് അതില്‍ ഊന്നിനിന്നിരുന്നുവെന്ന് ഹദീസില്‍ കാണാം. പക്ഷേ അത് മുസ്‌ലിം സമൂഹം എക്കാലത്തും ദീനീവിധിയെന്ന നിലയില്‍ പിന്തുടരേണ്ട സുന്നത്തല്ല. കാരണം അറബികള്‍ പൊതുവെ അക്കാലത്ത് പ്രസംഗിക്കുമ്പോള്‍ വടിയോ വാളോ ഊന്നിപ്പിടിക്കാറുണ്ടായിരുന്നു. ഇങ്ങനെ അറബികളുടെ ആചാരസമ്പ്രദായങ്ങള്‍ (ഉര്‍ഫ്, ആദത്ത്) ഹദീസുകളില്‍ ധാരാളമുണ്ട്. അവ ദീനീനിയമത്തിന്റെ മാനങ്ങളുള്ള 'സുന്നത്താ'യി പരിഗണിക്കാന്‍ പ്രമാണങ്ങളൊന്നുമില്ല.
5. 'ഹദീസു'കളില്‍ ചിലത് 'സീറത്ത്'-നബിചരിത്രം-ആണ്. ആ 'സീറത്ത്' അതേപടി 'സുന്നത്ത്' ആയി മുസ്‌ലിം ലോകം സ്വീകരിക്കേണ്ടതായിരിക്കില്ല. ഉദാഹരണമായി മുഹമ്മദ് നബിയുടെ പ്രബോധന ജീവിതത്തിലെ ഘട്ടങ്ങള്‍. നബി മക്കയില്‍ പതിമൂന്ന് വര്‍ഷം പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അതില്‍ ആദ്യ മൂന്നു വര്‍ഷം രഹസ്യപ്രബോധനമായിരുന്നു. പിന്നീട് പത്തു വര്‍ഷം പരസ്യപ്രബോധനം. തുടര്‍ന്ന് മദീനാ പലായനം. ശേഷം പത്തു വര്‍ഷം മദീനയില്‍, അവിടെ ഒരു സാമൂഹികക്രമവും രാഷ്ട്രവും കെട്ടിപ്പടുത്തു. മദീനാ ജീവിതത്തിന്റെ എട്ടാം വര്‍ഷം മക്കയിലേക്ക് തിരിച്ചുചെന്ന് വിജയക്കൊടി നാട്ടി, തിരിച്ചുപോയി. പത്താം വര്‍ഷം, 63-ാം വയസ്സില്‍ മരിച്ചു. ഇതെല്ലാം വിശദാംശങ്ങളോടെ ഹദീസുകളില്‍ വായിക്കാം. മുഹമ്മദ് നബിയുടെ 'സുന്നത്ത്' പിന്തുടരുന്ന ഏതൊരു പ്രബോധകനും പ്രസ്ഥാനവും തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഇതേ വര്‍ഷക്രമത്തിലും ഘട്ടങ്ങളിലും മുന്‍ഗണന നല്‍കി ക്രമീകരിക്കേണ്ടതില്ല. 3+10+10=23 വര്‍ഷങ്ങള്‍ എന്നത് പ്രബോധനരംഗത്തെ നബിയുടെ 'സീറത്ത്' ആണ്, 'സുന്നത്ത്' അല്ല. പ്രബോധനത്തെ സംബന്ധിച്ച ഉത്തരവാദിത്തബോധം, അതില്‍ പുലര്‍ത്തേണ്ട ധാര്‍മിക മൂല്യങ്ങള്‍, നബി സ്വീകരിച്ച ഗുണകാംക്ഷാപൂര്‍ണമായ സമീപനങ്ങള്‍, സന്ദര്‍ഭാനുസാരം സ്വീകരിക്കേണ്ടണ്ട മുന്‍ഗണനാ ക്രമങ്ങള്‍ തുടങ്ങിയവയാണ് ഈ രംഗത്ത് 'ഹദീസി'ല്‍നിന്ന് മനസ്സിലാക്കേണ്ട 'സുന്നത്ത്'. ഇതിനെയാണ് 'ഫിഖ്ഹുസ്സീറ' എന്ന് പറയുന്നത്.
6. നബിയുടെ ശരീര പ്രകൃതത്തെ സംബന്ധിച്ച വിശേഷണങ്ങളാണ് ഹദീസുകളിലെ മറ്റൊരു ഇനം. 'സ്വിഫത്തുന്നബി/വസ്വ്ഫുന്നബി' എന്ന തലക്കെട്ടിലാണ് ഇത്തരം ഹദീസുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജാബിറുബ്‌നു സംറ നിവേദനം ചെയ്യുന്നു: 'നബിയുടെ വായ വലുതും കണ്ണുകള്‍ ഇരുവശത്തേക്കും നീണ്ടതും ശരീരം മാംസളത കുറഞ്ഞതുമായിരുന്നു.'10 ഈ ഗണത്തില്‍പെട്ട നിരവധി ഹദീസുകള്‍ കാണാം. നബിയുടെ ശരീരവര്‍ണനകള്‍ മനസ്സിലാക്കാം എന്നതിനപ്പുറം ഈ ഹദീസുകളില്‍ എക്കാലത്തെയും മുസ്‌ലിം സമൂഹത്തിന് പകര്‍ത്താന്‍ എന്ത് 'സുന്നത്ത്'-നബിമാതൃക-ആണുള്ളത്! നബിയെ ജീവിതമാതൃകയായി കാണുന്ന മുസ്‌ലിംകള്‍ ശരീരം ഇതേപോലെ രൂപപ്പെടുത്തലാണോ 'സുന്നത്ത്' സ്വീകരിക്കുകയെന്നതിനര്‍ഥം? ഇത് പ്രബല ഹദീസായിരിക്കെത്തന്നെ മുസ്‌ലിംസമൂഹം ജീവിതത്തില്‍ സ്വീകരിച്ച് പുലര്‍ത്തേണ്ട 'സുന്നത്ത്' അല്ലെന്നര്‍ഥം. ഹദീസെല്ലാം സുന്നത്തല്ല, സുന്നത്തെല്ലാം ഹദീസാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നു. പക്ഷേ, ഹദീസും ഹദീസ് ഗ്രന്ഥങ്ങളില്‍ സമാഹരിക്കപ്പെട്ടിരിക്കുന്ന, ഇസ്‌ലാമിക സമൂഹം എന്നും പിന്തുടരേണ്ട നബിചര്യയും (സുന്നത്ത്) തമ്മിലുള്ള ബന്ധവും വ്യത്യാസവും എന്തൊക്കെയാണെന്ന് കുറേക്കൂടി സൂക്ഷ്മമായി വിശദീകരിക്കേണ്ടതുണ്ടായിരുന്നു. ആചാരസമ്പ്രദായങ്ങള്‍ (ആദത്ത്, ഉര്‍ഫ്), ചരിത്രം (സീറത്ത്), ശരീര വര്‍ണനകള്‍ (സ്വിഫത്തുന്നബി) എന്നിവയും 'സുന്നത്തും' തമ്മിലുള്ള അടുപ്പവും അന്തരവും ശരിയായ അര്‍ഥത്തില്‍ വേര്‍തിരിച്ച് അവതരിപ്പിക്കപ്പെട്ടില്ല എന്നതാണ് അക്ഷരവായനക്കും അറബ് ആചാരങ്ങളുടെ സുന്നത്ത്‌വല്‍ക്കരണത്തിനും നിമിത്തമായ ഒരു ഘടകം. ഹദീസും സുന്നത്തും സാങ്കേതിക ശബ്ദങ്ങളെന്ന അര്‍ഥത്തില്‍ പര്യായപദങ്ങളാണെന്നും ദീനീവീക്ഷണത്തില്‍ രണ്ടും തമ്മില്‍ വ്യത്യാസമില്ലെന്നും രണ്ടു പദങ്ങള്‍ക്കിടയിലെ അന്തരം പദപരം മാത്രമാണെന്നും (ഖിലാഫ് ലഫ്‌ളി) വിശദീകരിക്കപ്പെട്ടതും ഇതിന്റെ മറ്റൊരു കാരണമാണ്.
സുന്നത്തിന്റെ ഇനങ്ങളെ (അഖ്‌സാമുസ്സുന്ന) സംബന്ധിച്ച വിശകലനം ഈ ചര്‍ച്ചയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു; സുന്നത്തും ഹദീസും സമാനാര്‍ഥമുള്ള സാങ്കേതിക പ്രയോഗങ്ങളായി മനസ്സിലാക്കുമ്പോള്‍ വിശേഷിച്ചും. ഇതു സംബന്ധിച്ച് ഡോ. മുഹമ്മദ് അമ്മാറയുടെ അഖ്‌സാമുസ്സുന്ന എന്ന ലേഖനത്തില്‍നിന്നുള്ള ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക: ''നബിയുടെ കര്‍മവും സംസാരവും അംഗീകാരവുമാണ് സുന്നത്ത് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. പക്ഷേ, നബിയുടെ സുന്നത്ത് പൂര്‍ണമായും അങ്ങനെത്തന്നെ മുസ്‌ലിംകള്‍ എല്ലാ കാലത്തും പ്രദേശത്തും പിന്തുടരല്‍ നിര്‍ബന്ധമായ ജീവിതക്രമവും (ദീന്‍), ദൈവിക നിര്‍ദേശങ്ങളും (രിസാലത്ത്) ആണോ? അതല്ല, സുന്നത്തുന്നബി വിവിധ ഇനങ്ങളാണോ? അതായത്, ദൈവിക നിര്‍ദേശത്തിന്റെ ഭാഗമായ നിര്‍ബന്ധ നിയമങ്ങളും (തശ്‌രീഅ മുല്‍സിം) ജീവിതവ്യവസ്ഥയും (ദീന്‍) ലക്ഷ്യങ്ങളും (ഗായത്ത്) സാഹചര്യത്തിന്റെ ഉത്തമ താല്‍പര്യങ്ങളും വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മാറ്റം വരുന്ന സാമൂഹികവും രാഷ്ട്രീയപരവുമായ ആചാരങ്ങളും സമ്പ്രദായങ്ങളും സവിശേഷതകളും എന്നിങ്ങനെയുള്ള വ്യത്യസ്തതകള്‍ സുന്നത്തിലുണ്ടോ?....
''പ്രമുഖരായ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഈ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കുകയും സുന്നത്തിന്റെ ഇനങ്ങളെ സംബന്ധിച്ച് അമുല്യമായ പുസ്തകങ്ങള്‍ തന്നെ രചിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അഹ്മദു ബ്‌നു ഇദ്‌രീസ്, ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, ശൈഖ് അബ്ദുല്‍ അസീസ് ജാവീഷ്, ശൈഖ് മുഹമ്മദ് ഖിദ്ര്‍ ഹുസൈന്‍, ഡോ. അല്ലാമ മുഹമ്മദ് അബ്ദുല്ല ദര്‍റാസ്, ശൈഖ് മുഹമ്മദ് ത്വാഹിര്‍ ബിന്‍ ആശൂര്‍, ശൈഖ് അലി അല്‍ഖഫീഫ്, ശൈഖ് അബ്ദുല്‍ ജലീല്‍ ഈസാ, ശൈഖ് മുഹമ്മദ് ശല്‍തൂത്ത് തുടങ്ങിയവര്‍ സുന്നത്തിന്റെ വിവിധ ഇനങ്ങള്‍ സംബന്ധിച്ച് എഴുതിയിട്ടുള്ളവരാണ്. ഈ തരംതിരിവിന്റെ അടിസ്ഥാന നിയമങ്ങള്‍ (ഖവാഇദു ഇല്‍മി അഖ്‌സാമി സ്സുന്നത്തിന്നബവിയ്യ), മുസലിംകള്‍ നിര്‍ബന്ധമായും പിന്തുടരേണ്ട ദൈവിക സന്ദേശത്തിലുള്‍പ്പെട്ട ദീനീ ശാസനകള്‍, ദീനിന്റെ ഭാഗമല്ലാത്ത ആചാരസമ്പ്രദായങ്ങളും സന്ദര്‍ഭബന്ധിതമായ രാഷ്ട്രീയ നിലപാടുകളും എല്ലാം ഇവര്‍ വേര്‍തിരിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്....
''പക്ഷേ, ഈ വിജ്ഞാന ശാഖയെ സംബന്ധിച്ച് നമ്മുടെ ശരീഅ കോളേജുകളിലും മറ്റും അന്വേഷിച്ചാല്‍ ഇതവിടെയൊന്നും പരിഗണനാ വിഷയമല്ല എന്നതാണ് വിചിത്രവും അത്ഭുതകരവുമായ കാര്യം. ഉന്നത ദീനീ പാഠശാലകളിലെ സുന്നത്തിന്റെ അധ്യാപകരോ സ്‌പെഷലൈസ് ചെയ്യുന്ന ഗവേഷകരോ ഈ വിഷയം ഗൗനിക്കുന്നില്ല, വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നുമില്ല. ഈ വിഷയത്തെ സംബന്ധിച്ച് കട്ടപിടിച്ച അജ്ഞതയാണ് (ജഹ്‌ല് മുറക്കബ്) പലരെയും നയിക്കുന്നത്....
വിഷയം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇമാം മുഹമ്മദ് ശല്‍തൂത്തിന്റെ വിശദീകരണത്തില്‍ ചില അടിസ്ഥാന സൂചനകളുണ്ട്: ''ഹദീസ് ഗ്രന്ഥങ്ങളില്‍ സമാഹരിക്കപ്പെട്ട നബിയുടെ സംസാരവും കര്‍മവും അംഗീകാരവും വിവിധ ഇനങ്ങളാണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്....
''ഒന്ന്, മനുഷ്യന്റെ ജൈവികമായ ആവശ്യങ്ങള്‍. ഭക്ഷണം, വെള്ളം, ഉറക്കം, നടത്തം, നാട്ടിലെ നടപ്പു രീതികള്‍ക്കനുസരിച്ച് രണ്ടു വ്യക്തികള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ശിപാര്‍ശകള്‍, കച്ചവടത്തിലെ മുസാവമത്ത് തുടങ്ങിയവ ഉദാഹരണം.
രണ്ട്, വ്യക്തിപരമോ സാമൂഹികമോ ആയ ശീലങ്ങളും സമ്പ്രദായങ്ങളും. കൃഷി രീതികളും ചികിത്സാ സമ്പ്രദായങ്ങളും വസ്ത്രരൂപങ്ങളും ഉദാഹരണം.
മൂന്ന്, സാഹചര്യത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കാര്യങ്ങള്‍. യുദ്ധസന്ദര്‍ഭങ്ങളിലെ സൈനിക വിന്യാസം, വിവിധ യുദ്ധതന്ത്രങ്ങള്‍, നടപടിക്രമങ്ങള്‍....
ഇത്തരം വിഷയങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഹദീസുകളൊന്നും മുസ്‌ലിംകള്‍ എന്നും പ്രാവര്‍ത്തികമാക്കേണ്ട ദീനീനിയമത്തില്‍ (ശറഅ്) പെട്ടതല്ല. നിയമവിധിയായോ നിയമസ്രോതസ്സായോ അവ മനസ്സിലാക്കപ്പെടാവതുമല്ല.
നാല്, നബിയുടെ നിയമപരമായ (തശ്‌രീഅ) പ്രവര്‍ത്തനങ്ങള്‍. ഇത് പല ഇനങ്ങളാണ്:
1. ദൈവദൂതന്‍ എന്ന നിലയില്‍ അല്ലാഹുവില്‍നിന്നുള്ള ദൗത്യത്തിന്റെ ഭാഗമായവ. ഖുര്‍ആനിലെ സംക്ഷിപ്തങ്ങള്‍ വിശദീകരിക്കുക, പൊതു തത്ത്വങ്ങള്‍ സവിശേഷമാക്കുക, നിരുപാധികമായവ സോപാധികമാക്കുക, ആരാധനാനുഷ്ഠാനങ്ങളും ഹലാല്‍-ഹറാമുകളും വിശ്വാസസംസ്‌കാരങ്ങളും മറ്റും പഠിപ്പിക്കുക.
ഇതെല്ലാം ദീനീനിയമത്തിന്റെ ഭാഗമായ സുന്നത്താണ്, അന്ത്യനാള്‍ വരെ പിന്തുടരേണ്ടവയുമാണ്.
2. ഭരണാധികാരി, മുസ്‌ലിം സമുഹത്തിന്റെ നേതാവ് എന്നീ നിലകളില്‍ നബി സ്വീകരിച്ച നടപടിക്രമങ്ങള്‍, യുദ്ധത്തിനായി സൈനികരെ നിയോഗിക്കല്‍, ധനശേഖരണവും വിതരണവും, ഗവര്‍ണര്‍മാരുടെയും ഖാദിമാരുടെയും നിയമനം, കരാറുകള്‍ തുടങ്ങി നേതാവോ ഭരണാധികാരിയോ അതത് സന്ദര്‍ഭങ്ങളില്‍ കൈക്കൊള്ളുന്ന നടപടികള്‍. ഒാരോ സാഹചര്യത്തിലെയും ആവശ്യങ്ങളും സാമൂഹിക നന്മകളുമാണ് ഇതിന് ആധാരമാക്കുക. ഇത് പൊതുവായ ദീനീനിയമം അല്ല. അതത് കാലത്തെ ഭരണനേതൃത്വമാണ് ഇതില്‍ ഏത് സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടത്. വ്യക്തികള്‍ക്ക് യഥേഷ്ടം തീരുമാനിക്കാന്‍ അവകാശമില്ല.
3. തര്‍ക്കങ്ങളിലും വാദങ്ങളിലും നബി പ്രഖ്യാപിച്ച വിധികളും തീരുമാനങ്ങളും. ഇതും രണ്ടാമത്തെ ഇനം പോലെയാണ്. പൊതുവില്‍ ഇവ മുഴുവന്‍ ശറഇന്റെ ഭാഗമല്ല. വ്യക്തികള്‍ക്ക് ഇവ സ്വന്തം ഇഷ്ടത്തിന് പ്രയോഗവല്‍ക്കരിക്കാന്‍ അനുവാദമില്ല. കാലഘട്ടത്തിലെ ജഡ്ജിമാരാണ് ഇത് തീരുമാനിക്കേണ്ടത്.....
''ശൈഖ് ശല്‍തൂത്ത് തുടരുന്നു: സുന്നത്തിന്റെ ഈ ഇനങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണ അനിവാര്യമാണ്. ഇന്ന്, ദീനും നിയമവും സുന്നത്തും എന്നൊക്കെ വ്യവഹരിക്കപ്പെടുന്ന ഹദീസുകളില്‍ പലതും യഥാര്‍ഥത്തില്‍ ദീനീശാസനകള്‍ എന്ന സ്വഭാവത്തില്‍ നബിയില്‍നിന്ന് വന്നിട്ടുളളവയല്ല. ജൈവ മനുഷ്യന്‍, ആചാര സമ്പ്രദായങ്ങള്‍ എന്നീ നിലകളില്‍ വന്നിട്ടുള്ളതാണ്. ഇതെല്ലാം ദീനീശാസനകളായ സുന്നത്തായി പരിഗണിക്കേണ്ടതല്ല.''11
(തുടരും)
കുറിപ്പുകള്‍:
1. സ്വഹീഹു മുസ്‌ലിം 2051, 2052
2. സുനനുത്തിര്‍മിദി 1841, ഇമാം ബുഖാരി സംശയം പ്രകടിപ്പിച്ച ഈ ഹദീസ് പക്ഷേ അല്‍ബാനി പ്രബലമെന്ന് അഭിപ്രായപ്പെടുന്നു. സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ-2220
3. സ്വഹീബു മുസ്‌ലിം 612
4. സ്വഹീഹു മുസ്‌ലിം
5. സ്വഹീഹുല്‍ ബുഖാരി, ബാബു സ്വദഖത്തില്‍ ഫിത്വ്ര്‍
6. സ്വഹീഹുല്‍ ബുഖാരി, ബാബു സ്വദഖത്തില്‍ ഫിത്വ്ര്‍
7. അബൂഹുറയ്‌റ നിവേദനം ചെയ്ത ഈ ഹദീസ് ഇമാം ബുഖാരിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വഹീഹുല്‍ ബുഖാരി 6502
8. അബ്ദുല്ലാഹിബ്‌നു അബ്ബാസ്, ജാബിറുബ്‌നു അബ്ദില്ല, അക്‌റാശുബ്‌നു ദുഐബ് തുടങ്ങിയവര്‍ നിവേദനം ചെയ്ത ഹദീസുകള്‍. വായ്‌വട്ടമുള്ളതും ഉള്ള് കുഴിഞ്ഞതുമായ പാത്രമാണ് ജഫ്‌ന.
9. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്ത ഹദീസ്.
10. തിര്‍മിദി തന്റെ സുനനില്‍ ഉദ്ധരിച്ചത്. ഇത് പ്രബലമായ (സ്വഹീഹ്, ഹസന്‍) ഹദീസാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
11. ഡോ. മുഹമ്മദ് അമാറയുടെ അഖ്‌സാമുസ്സുന്ന എന്ന ലേഖനത്തില്‍നിന്ന്. അര്‍റാഇദ്, വാല്യം-58, 2016 മെയ്.
Comments