Prabodhanm Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

പ്രബോധനം തുടങ്ങുന്നു

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-14

മതവുമായോ ദൈവവുമായോ ബന്ധപ്പെട്ട ഒരു അമൂര്‍ത്ത ആശയം ചര്‍ച്ച ചെയ്യുകയാണെങ്കില്‍ അധികമാളുകളും ആ ചര്‍ച്ചകളില്‍ താല്‍പര്യം കാണിക്കുകയില്ല. എന്നാല്‍ നാട്ടാചാരങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പുതിയതെന്തെങ്കിലുമൊന്ന് കൊണ്ടുവന്നാല്‍ സകലരും അതിനെതിരെ വാളെടുത്ത് തുള്ളുകയായി. മക്കയില്‍ നേരത്തേ ഏതാനും പേര്‍ 'വിദേശ മതങ്ങളി'ലേക്ക് പരിവര്‍ത്തനം ചെയ്തതോ, ചിലര്‍ മക്കക്കാരുടെ ബിംബാരാധനയെ എതിര്‍ത്ത് സംസാരിച്ചിരുന്നതോ, ചിലരുടെ വിശ്വാസങ്ങള്‍ മക്കന്‍ മതത്തിന് വിരുദ്ധമായിരുന്നു എന്നതോ ആ നഗരത്തില്‍ യാതൊരു ചലനവും സൃഷ്ടിച്ചിരുന്നില്ല. നാം പ്രത്യേകമായി പരാമര്‍ശിക്കേണ്ട ഒരു കൂട്ടരാണ് മക്കയിലെ 'ഹനീഫുകള്‍.' ഇവര്‍ ഏകദൈവ വിശ്വാസികളായിരുന്നു; ആ വിശ്വാസം യുക്തിചിന്തയില്‍ അധിഷ്ഠിതവുമായിരുന്നു.1 പക്ഷേ, ഇക്കൂട്ടര്‍ക്കൊക്കെ ഉണ്ടായിരുന്ന ഭാഗ്യം ദൈവദൂതന് ലഭിച്ചില്ല. എന്തുകൊണ്ട്? കൃത്യമായി നിര്‍ണയിക്കാന്‍ പ്രയാസമാണ്. ഒരുപക്ഷേ നേരത്തേ സൂചിപ്പിച്ച വിഭാഗങ്ങളില്‍പെട്ടവരാരും സ്വയം ദൈവദൂതന്‍ എന്ന് പരിചയപ്പെടുത്താത്തതുകൊണ്ടാവാം. സമൂഹത്തെ മാറ്റിപ്പണിയണം എന്നൊന്നും അവരാരും ആഹ്വാനം ചെയ്തിരുന്നില്ല. അവരാരും മുഹമ്മദ് നബിയെ പോലെ, തന്റെ വിശ്വാസ പ്രമാണങ്ങളില്‍ അടിയുറച്ചു നിന്ന് അതിനു വേണ്ടി ജീവിതം സമര്‍പ്പിച്ചിരുന്നവരോ ആയിരുന്നില്ല എന്നതും ഒരു കാരണമാവാം.

ആദ്യം വിശ്വാസികളായവര്‍ക്ക് അല്ലാഹു ഏകനാണ്, മുഹമ്മദ് അവന്റെ ദൂതനാണ് എന്ന് അംഗീകരിച്ചാല്‍ മതിയായിരുന്നു. ആദ്യമായി ഇസ്‌ലാം സ്വീകരിച്ചവര്‍, അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്ന കാലം കൃത്യമായി നിര്‍ണയിക്കുക പ്രയാസമാണ്. ആദ്യ ദിവ്യബോധനവും രണ്ടാമത് ലഭിച്ച ദിവ്യബോധനവും തമ്മില്‍ ഏകദേശം മൂന്നു വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.  അതാണ് മക്കയിലെ പ്രമാണിമാര്‍ക്ക്, മുഹമ്മദിന്റെ ദൈവം അവനെ ഉപേക്ഷിച്ചുപോയി എന്ന് പരിഹസിച്ചു നടക്കാന്‍ അവസരം നല്‍കിയത്. അപ്പോഴും ചെറിയ രൂപത്തില്‍ ഇസ്‌ലാം പ്രചരിക്കുന്നുണ്ടായിരുന്നു. ഭാര്യ ഖദീജ ആദ്യ ദിവ്യബോധനം ലഭിച്ചപ്പോള്‍ തന്നെ വിശ്വസിച്ചിരിക്കണം. നബി(സ) അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് ദത്തുപുത്രനായി സ്വീകരിച്ച സൈദുബ്‌നു ഹാരിസയും ഇതേ സമയത്തു തന്നെയാവാം വിശ്വസിച്ചിട്ടുണ്ടാവുക. പിതൃസഹോദരന്‍ അബൂത്വാലിബിന്റെ കുടുംബഭാരം കുറക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ അലിയെ നബി ദത്തെടുത്ത് വളര്‍ത്തിയിരുന്നല്ലോ. ബാലനായിരുന്നു അന്ന് അലി.2 തന്റെ കൂടെയുള്ള മുതിര്‍ന്നവരെ അനുകരിച്ച് അലിയും വിശ്വാസം ഈ സമയത്തുതന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരിക്കാം.

മക്കാ നഗരത്തില്‍ മുഹമ്മദ് നബിയുടെ അടുത്ത സുഹൃത്ത് മറ്റാരുമല്ല, അബൂബക്ര്‍. ഒരുപക്ഷേ, ദിവ്യബോധനത്തെക്കുറിച്ച് സംസാരിക്കാന്‍ വറഖത്തുബ്‌നു നൗഫലിന്റെ അടുക്കല്‍ പോയപ്പോള്‍ അബൂബക്ര്‍ നബിയെ അനുഗമിച്ചിട്ടുണ്ടാവില്ല. എങ്കില്‍ പോലും തനിക്കുണ്ടായ വെളിപാടുകളെക്കുറിച്ച് പിന്നീട് അദ്ദേഹവുമായി സംസാരിച്ചിരിക്കാം. ഒട്ടും ശങ്കിച്ചുനില്‍ക്കാതെ അബൂബക്‌റും വിശ്വാസികളിലൊരാളായി. വറഖക്ക് പിന്നീട് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

ദിവ്യബോധനം പുനരാരംഭിച്ചപ്പോള്‍ മുഹമ്മദ് നബിക്ക് ലഭിച്ച ആദ്യ നിര്‍ദേശം ഇതായിരുന്നു: ''ഏറ്റവും അടുത്ത ബന്ധുക്കളെ ഉപദേശിക്കുക.''3 ഇതിനോടുള്ള നബിയുടെ പ്രതികരണത്തെക്കുറിച്ച ബലാദുരി4 നമ്മോട് പറയുന്നുണ്ട്. ഒരു മാസക്കാലം പുറത്തേക്കിറങ്ങാതെ അദ്ദേഹം തന്റെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. പിതൃസഹോദരിമാരും പിതൃസഹോദര ഭാര്യമാരും അദ്ദേഹത്തിന് അസുഖമാണെന്ന് കരുതി വീട്ടില്‍ സന്ദര്‍ശിക്കാന്‍ വരെ വന്നു. തന്റെ കൂട്ടുകുടുംബത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. തന്നില്‍ അര്‍പ്പിതമായിരിക്കുന്ന ദൗത്യം വളരെ ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ട ഒന്നാണെന്നും അദ്ദേഹത്തിന് അറിയാം. അമ്മായിമാര്‍ യഥാര്‍ഥ കാരണം കണ്ടെത്തിയപ്പോള്‍ ദേഷ്യപ്പെടുന്നതിനു പകരം അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നും ബലാദുരി രേഖപ്പെടുത്തുന്നു. ബന്ധുക്കളെ വിളിച്ച് ചേര്‍ക്കുമ്പോള്‍ അബൂലഹബിനെ വിളിക്കരുതെന്ന് അവര്‍ പ്രത്യേകം ഉണര്‍ത്തുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള അകല്‍ച്ചയും തെറ്റിദ്ധാരണകളും തന്നെ കാരണം.

നബി ആദ്യം തന്റെ കുടുംബക്കാരെ ഒരു സദ്യക്ക് ക്ഷണിക്കുകയാണ് ചെയ്തത്. എല്ലാവരും  വന്ന് ഭക്ഷണം കഴിച്ച് തിരിച്ചുപോയി; ആതിഥേയന് പ്രധാനപ്പെട്ട ഒരു കാര്യം തങ്ങളോട് പറയാനുണ്ടെന്ന് അവര്‍ക്കപ്പോള്‍ മനസ്സിലായിരുന്നില്ല. ഒരിക്കല്‍കൂടി അദ്ദേഹം അവരെ ക്ഷണിച്ചു. ഭക്ഷണം കഴിഞ്ഞ് ചില കാര്യങ്ങള്‍ തനിക്ക് പറയാനുണ്ടെന്ന് ബന്ധുക്കളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. ബലാദുരി പറയുന്നത്, ക്ഷണിക്കപ്പെടാത്ത അതിഥിയായി അബൂലഹബ് ഈ സംഗമത്തില്‍ പങ്കെടുത്തിരുന്നു എന്നാണ്. നബിയുടെ അമ്മായിമാര്‍ നല്‍കിയ മുന്നറിയിപ്പ് അവിടെ സത്യമായി പുലരുകയും ചെയ്തു. ദൈവം തന്നെ ദൂതനായി തെരഞ്ഞെടുത്തിരിക്കുകയാണെന്നും തന്റെ ദൗത്യം ഇന്നതാണെന്നും നബി വിശദീകരിക്കേണ്ട താമസം, അബൂലഹബ് ചാടിയെഴുന്നേറ്റ്, മുഹമ്മദ് പൈതൃക മതത്തില്‍നിന്ന് ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും ഇത് ദൈവങ്ങളുടെ കോപം വിളിച്ചുവരുത്തുമെന്നും ആക്രോശിച്ചു. ധിക്കാരം നിറഞ്ഞ വാക്കുകള്‍ വിളിച്ചു പറഞ്ഞ് തന്റെ സ്വന്തക്കാരെ ഇളക്കിവിടുകയും ചെയ്തു. വളരെ അസുഖകരമായ രീതിയില്‍ ആ സംഗമം അവസാനിപ്പിക്കേണ്ടിവന്നു. നബിയുടെ അമ്മായിമാര്‍ പിന്നീട് അബൂലഹബിനോട് സംസാരിച്ചുവെന്നും പ്രവചിക്കപ്പെട്ട ദൈവദൂതനാണ് അദ്ദേഹമെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ശ്രമം വിജയിച്ചില്ലെന്നും ബലാദുരി5 കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഈ തിരിച്ചടി നബിയുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഒരു ദിവസം അദ്ദേഹം കഅ്ബക്ക് എതിര്‍വശമുള്ള സ്വഫാ കുന്നിലേക്ക് ചെന്നു. എന്നിട്ട് പ്രദേശവാസികളോട് തനിക്കൊരു പ്രധാന കാര്യം പറയാനുണ്ടെന്ന് വിളിച്ചു പറഞ്ഞു. പരമ്പരാഗതമായി തുടര്‍ന്നു വരുന്ന ഒരു ആശയവിനിമയ രീതിയാണിത്. എല്ലാവരും ഓടിക്കൂടി. തന്റെ ബന്ധുക്കളോട് മാത്രമാണ് തനിക്ക് സംസാരിക്കേണ്ടതെന്നു പറഞ്ഞ് അദ്ദേഹം മറ്റു കുടുംബങ്ങളില്‍നിന്നുള്ളവരെ തിരിച്ചയച്ചു. ഈയൊരു രീതി അദ്ദേഹം സ്വീകരിച്ചത്, മക്കാ നഗരത്തില്‍ തനിക്കുള്ള സ്വാധീനം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കുമോ, അതോ മറ്റു കാരണങ്ങളുണ്ടോ? ഏതായാലും അദ്ദേഹം സംസാരം തുടങ്ങി, ഇങ്ങനെ ചോദിച്ചുകൊണ്ട്; 'ഈ കുന്നിന്റെ തൊട്ടപ്പുറത്ത് ഒരു സൈന്യം തമ്പടിച്ചിരിക്കുന്നുവെന്നും അവര്‍ നിങ്ങളെ ആക്രമിക്കാന്‍ തയാറായി നില്‍ക്കുകയാണെന്നും ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?'

''താങ്കളൊരിക്കലും കളവ് പറഞ്ഞിട്ടില്ല. താങ്കള്‍ എന്തു പറഞ്ഞാലും ഞങ്ങള്‍ വിശ്വസിക്കും.''- അവര്‍ പ്രതികരിച്ചു. ''ദൈവം എന്നെ അയച്ചിരിക്കുകയാണ്, നിങ്ങള്‍ക്കിടയിലേക്ക് മുന്നറിയിപ്പുകാരനായി. ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കാത്ത പക്ഷം ദൈവകോപം നിങ്ങള്‍ക്ക് വരാനിരിക്കുന്നു.'' ഇതു പറഞ്ഞ് കഴിയേണ്ട താമസം പക ശമിക്കാത്ത അബൂലഹബ് ഇടപെട്ടു: ''ഈ മണ്ടത്തരം കേള്‍പ്പിക്കാനാണോ നീ ഞങ്ങളെ വിളിച്ചു വരുത്തിയതും സമയം മെനക്കെടുത്തിയതും?''6

അബൂലഹബും അദിയ്യുബ്‌നു ഹംറാഉം തങ്ങളുടെ അയല്‍പക്കത്തുള്ള പ്രവാചകന്റെ വീടിനു നേരെ കല്ലെറിയാറുണ്ടായിരുന്നുവെന്ന് ത്വബരി7 രേഖപ്പെടുത്തുന്നു. അബൂലഹബ് തന്റെ സഹോദര പുത്രന്റെ വീട്ടുപടിക്കല്‍ സകല ചപ്പുചവറുകളും കൊണ്ടിടുകയും ചെയ്യുമായിരുന്നു. ഇതൊരിക്കല്‍ മറ്റൊരു പിതൃവ്യന്‍ കൈയോടെ പിടികൂടി; ഇനിയിത് ആവര്‍ത്തിച്ചാല്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉടന്‍ അബൂലഹബ് ശൈലി മാറ്റി. ചിലയാളുകള്‍ക്ക് പണം കൊടുത്ത് ഇതൊക്കെ ചെയ്യിക്കാന്‍ തുടങ്ങി.8  അബൂലഹബിന്റെ ഭാര്യ ഉമ്മു ജമീലും (അബൂ സുഫ്‌യാന്റെ സഹോദരി) ഇസ്‌ലാമിനെ അധിക്ഷേപിക്കുന്നതില്‍ ഒട്ടും പിന്നിലായിരുന്നില്ല. പിന്നെ അവതരിച്ച ഒരു അധ്യായം തന്നെ ഇവരെക്കുറിച്ചായതില്‍, അതിനാല്‍ തന്നെ, ഒട്ടും അത്ഭുതമില്ല.

''അബൂലഹബിന്റെ ഇരു കൈകളും നശിക്കട്ടെ, അവന്‍ തന്നെയും നശിക്കട്ടെ. തന്റെ ധനവും താന്‍ സമ്പാദിച്ചതുമൊന്നും അവന് ഗുണം ചെയ്തില്ല. ജ്വാലകളുള്ള അഗ്നിയില്‍ അവന്‍ പ്രവേശിക്കാന്‍ പോകുന്നു; (അപവാദത്തിന്റെ) വിറക് ചുമക്കുന്ന അവന്റെ ഭാര്യയുണ്ടല്ലോ അവളും. അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള പിരിച്ച കയറുണ്ട്.''9 

അധിക്ഷേപ പദ്യങ്ങള്‍ രചിച്ചാണ് ഉമ്മു ജമീല്‍ പ്രതികാരം തീര്‍ത്തത്. തന്റെ രണ്ട് ആണ്‍മക്കള്‍ക്ക് ഭാര്യമാരായി കണ്ടു വെച്ചിരുന്ന നബിയുടെ രണ്ട് പെണ്‍മക്കളെ ഉപേക്ഷിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.10 ബന്ധവിഛേദം പൂര്‍ണമായിരുന്നു; അനുരഞ്ജനത്തിന് ഒരു സാധ്യതയുമില്ലായിരുന്നു.

ഇപ്പോള്‍, മക്കാ നഗരിയിലുള്ള എല്ലാവര്‍ക്കും ഈ പുതിയ 'പ്രസ്ഥാന'ത്തെ അറിയാം. ഇനിയും ഈ സന്ദേശം മറച്ചുവെച്ചിട്ട് കാര്യമില്ല. പിന്നെ വന്ന ദൈവിക നിര്‍ദേശം ഇങ്ങനെയായിരുന്നു:

''അതിനാല്‍ താങ്കളോട് എന്താണോ കല്‍പിക്കപ്പെട്ടിരിക്കുന്നത് അത് തുറന്ന് പ്രഖ്യാപിക്കുക.

ബഹുദൈവവാദികളെ അവഗണിക്കുകയും ചെയ്യുക. പരിഹസിക്കുന്നവരെ നാം നോക്കിക്കൊള്ളാം.

അല്ലാഹുവിനെ കൂടാതെ ആരാധ്യരെ സ്വീകരിക്കുന്നവരുണ്ടല്ലോ, അവര്‍ പിന്നീട് അറിഞ്ഞുകൊള്ളും.

അവരുടെ വാക്കുകള്‍ താങ്കളെ വല്ലാതെ പ്രയാസപ്പെടുത്തുവെന്ന് നാം അറിയുന്നുണ്ട്.

അതിനാല്‍ താങ്കള്‍ ചെയ്യേണ്ടത് ഇതാണ്: താങ്കളുടെ നാഥനെ സ്തുതിക്കുക, അവനെ വാഴ്ത്തുക, അവന് സാഷ്ടാംഗം വീഴുന്നവരിലൊരാളാവുക. ദൃഢമായ കാര്യം (മരണം) എത്തും വരെയും നാഥന് വഴിപ്പെട്ടു ജീവിക്കുക.''11

മുഹമ്മദ് നബി തന്റെ നാട്ടുകാരോട് സംസാരിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കുന്നുണ്ടായിരുന്നില്ല. അതുവരെ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഊന്നിപ്പറഞ്ഞിരുന്ന കാര്യങ്ങള്‍ ഇവയാണ്: ദൈവം ഏകനാണ്; എന്നെന്നും നിലനില്‍ക്കുന്നവനും സര്‍വശക്തനുമാണ്. ഒരു പങ്കാളിയും അവന് ഇല്ല. പിതാവോ ഭാര്യയോ മക്കളോ ഇല്ല. മരണശേഷം ഒരു ദിനം എല്ലാ മനുഷ്യരും പുനരുജ്ജീവിക്കപ്പെടും. അന്നാണ് ഭൂമിയില്‍ മനുഷ്യന്‍ തന്റെ ആയുഷ്‌കാലത്ത് ചെയ്ത പ്രവൃത്തികള്‍ വിചാരണ ചെയ്യപ്പെടുക. വിചാരണശേഷം സല്‍ക്കര്‍മികള്‍ക്ക് സ്വര്‍ഗവും ദുഷ്‌കര്‍മികള്‍ക്ക്  നരകവും നല്‍കും. കല്ലുകളെയും മറ്റും പൂജിക്കുന്നത് ചിന്തിക്കുന്ന മനുഷ്യന് ഉള്‍ക്കൊള്ളാനാവില്ല. താന്‍ തന്നെ സങ്കല്‍പിച്ചുണ്ടാക്കുന്ന ഒന്നിനെയാണ് അവന്‍ ആരാധിക്കുന്നത്. ദൈവത്തിന്റെ ആഹ്വാനം ചെവിക്കൊള്ളുന്നവര്‍ക്ക് നന്മ ചെയ്യാനേ കഴിയൂ; തിന്മ തടയാനും.

ചില സൂക്തങ്ങളില്‍ മനുഷ്യന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ വിസ്തരിച്ച് പ്രതിപാദിക്കുന്നതു കാണാം. താന്‍ ദൈവത്തിന് എന്നും കടപ്പെട്ടിരിക്കുന്നു എന്ന് മനുഷ്യനെ ഉണര്‍ത്താന്‍ വേണ്ടിയാണിത്.

മുഹമ്മദ് നബി ഈ ഘട്ടത്തില്‍ വ്യക്തികളെയോ സംഘങ്ങളെയോ അഭിമുഖീകരിച്ചിരുന്നത് ഈ സൂക്തങ്ങളില്‍ ചിലത് തന്റെ ശ്രുതിമധുരമായ സ്വരത്തില്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടായിരുന്നു. ആത്മീയ നിര്‍വൃതിയോടെയാണ് അദ്ദേഹമത് നിര്‍വഹിക്കുക. പിന്നെ ചെറിയൊരു വിശദീകരണം നല്‍കുകയും ആളുകളെ ഈ സന്ദേശത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. വേണ്ടത്ര തൃപ്തികരമായിരുന്നില്ല ആദ്യ പ്രതികരണങ്ങള്‍.

ആദ്യകാല വിശ്വാസികള്‍

അബൂദര്‍റ് എന്നയാള്‍ യന്‍ബൂഇ(യാമ്പൂ)ന് സമീപം അധിവസിക്കുന്ന ഗിഫാര്‍ ഗോത്രക്കാരനാണ്. ഇദ്ദേഹമാണ് ഖദീജ, സൈദ്, അലി, അബൂബക്ര്‍ എന്നിവര്‍ക്കു ശേഷം അഞ്ചാമതായി ഇസ്‌ലാം സ്വീകരിക്കുന്നത്. ഇദ്ദേഹത്തിന്റെ സാഹസികതകള്‍ ഉള്‍ക്കാഴ്ചകള്‍ പകരുന്നവയാണ്. ഗിഫാര്‍ ഗോത്രക്കാര്‍ കുപ്രസിദ്ധി നേടിയ വഴിക്കൊള്ളക്കാരും കവര്‍ച്ചക്കാരുമാണ്. കഅ്ബയിലേക്ക് തീര്‍ഥാടനത്തിന് വരുന്നവരെ വരെ അവര്‍ വെറുതെ വിടില്ല. തന്റെ ഗോത്രക്കാരുടെ ജീവിതരീതി തന്നെയായിരുന്നു അബൂദര്‍റിന്റേതെങ്കിലും, അദ്ദേഹം വളരെ ലോലഹൃദയനായിരുന്നു. സ്വഹീഹ്12 മുസ്‌ലിമില്‍ വന്ന വിവരണപ്രകാരം, അബൂദര്‍റ് തന്റെ ഗോത്രം വിട്ടുപോരാന്‍ ചില സംഭവങ്ങള്‍ നിമിത്തമായിട്ടുണ്ട്. യുദ്ധം നിഷിദ്ധമായ മാസങ്ങളില്‍ പോലും തീര്‍ഥാടകര്‍ അവരുടെ പ്രദേശങ്ങളിലൂടെ കടന്നുപോയാല്‍ അവര്‍ കൈയേറ്റത്തിന് മുതിരും. ഇങ്ങനെ കൈയേറ്റം ചെയ്യപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിലായിരിക്കും അബൂദര്‍റിനെ പശ്ചാത്താപവിവശനാക്കിയതും ഒടുവില്‍ ഗോത്രം തന്നെ വിട്ടുപോരാന്‍ ഇടവരുത്തിയതും. അദ്ദേഹം പറയുന്നതൊന്നും ഗിഫാര്‍ ഗോത്രക്കാര്‍ ശ്രദ്ധിക്കുമായിരുന്നില്ല. തന്റെ മാതാവിനെയും ഇളയ സഹോദരനെയും കൂട്ടി അദ്ദേഹം മാതാവിന്റെ ബന്ധുക്കളുടെ അടുത്ത് അഭയം തേടി. നബിയോട് തന്നെ അബൂദര്‍റ് പറഞ്ഞ ഒരു കാര്യം ഇങ്ങനെയാണ്: ''ഇസ്‌ലാമിനു മുമ്പ് ഞാന്‍ ദൈവത്തോട് മൂന്ന് വര്‍ഷമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു; ദൈവം അന്നേരം എനിക്ക് തോന്നിച്ചുതന്നത് ഏതു രൂപത്തിലാണോ ആ രൂപത്തില്‍.'' കുറച്ച് കഴിഞ്ഞപ്പോള്‍ തന്റെ താവളമൊക്കെ ഉപേക്ഷിച്ച് അദ്ദേഹം നേരെ തെക്കോട്ട് മക്കയുടെ നേരെ നീങ്ങി; എന്നിട്ട് മക്കക്ക് പുറത്തുള്ള ഒരു ഗ്രാമത്തില്‍ താമസം തുടങ്ങി. ഒരു ദിവസം ഒരു യാത്രികനില്‍നിന്ന് അദ്ദേഹത്തിന് ഒരു വിവരം കിട്ടി; വിശുദ്ധ മക്കയില്‍ ഏതോ ഒരാള്‍ വിഗ്രഹാരാധനക്കെതിരെ ഒരു ആത്മീയ പ്രസ്ഥാനം തുടങ്ങിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരാനായി അബൂദര്‍റ് തന്റെ സഹോദരനെ മക്കയിലേക്ക് അയച്ചു. മടങ്ങിവന്ന് സഹോദരന്‍ റിപ്പോര്‍ട്ട് നല്‍കി: ''അദ്ദേഹം നിങ്ങളെപ്പോലെ ഒരാളാണ്. ഏകദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ. നല്ലത് പ്രവര്‍ത്തിക്കണമെന്ന് ഉപദേശിക്കുന്നു. താന്‍ ദൈവദൂതനാണെന്നും പറയുന്നുണ്ട്. മക്കക്കാര്‍ അദ്ദേഹത്തെ കവിയാണെന്നോ കൈനോട്ടക്കാരനാണെന്നോ ഒക്കെ പറഞ്ഞ് ആക്ഷേപിക്കുന്നു. ഞാനൊരു കവിയാണ്. അദ്ദേഹം ഒരു കവി അല്ലെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. ഞാന്‍ പല കൈനോട്ടക്കാരെയും കണ്ടിട്ടുണ്ട്. അവരുമായി അദ്ദേഹത്തിന് യാതൊരു സാദൃശ്യവുമില്ല. കൈനോട്ടക്കാര്‍ കള്ളം പറയുന്നവരാണ്. പക്ഷേ, ഇദ്ദേഹം സത്യമേ പറയൂ. നന്മ  ചെയ്യാനും തിന്മ തടയാനും ഉപദേശിക്കുകയും ചെയ്യുന്നു.''

ഇത്രയും കാലം താന്‍ തേടിക്കൊണ്ടിരുന്നത് ഇതുതന്നെയായിരുന്നല്ലോ എന്ന് അബൂദര്‍റ് ആശ്ചര്യപ്പെട്ടു. ഉടന്‍ അദ്ദേഹം മക്കാനഗരത്തെ ലക്ഷ്യമാക്കി നീങ്ങി. പക്ഷേ, താന്‍ ആരെയാണോ അന്വേഷിച്ചുവന്നത് അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവരോട് കൂടുതല്‍ ചോദിച്ചറിയാനൊന്നും അബൂദര്‍റ് പോയില്ല. വിശ്വാസികള്‍ക്കെതിരെയുള്ള പീഡനം ശക്തിപ്പെട്ടുവരുന്ന സന്ദര്‍ഭമായിരിക്കണം അത്. അങ്ങനെ ഒരു മാസം അവിടെ കഴിച്ചുകൂട്ടി; താന്‍ കാണാന്‍ ഉദ്ദേശിക്കുന്ന ആള്‍ കഅ്ബാങ്കണത്തില്‍ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട് രാവും പകലും അദ്ദേഹം കാത്തിരുന്നു. ഒരു ദിവസം, വളരെ ദയനീയ മുഖഭാവമുള്ള ഒരാള്‍ കഅ്ബയിലേക്ക് വരുന്നത് അബൂദര്‍റ് കണ്ടു. അതൊരു മുസ്‌ലിമായിരിക്കുമെന്ന് അബൂദര്‍റ് കരുതി; അദ്ദേഹത്തോട് നബിയുടെ വിലാസം ചോദിക്കുകയും ചെയ്തു. അബൂദര്‍റിന് ആളെ മാറിപ്പോയി. ആ മനുഷ്യന്‍ ഉറക്കെ ഓരിയിടാന്‍ തുടങ്ങി: ''ഖുറൈശികളേ, ഇതാ ഇവിടെ ഒരു മുസ്‌ലിം.'' വന്നവര്‍ വന്നവര്‍ അബൂദര്‍റിനെ നിര്‍ദയം തല്ലിച്ചതച്ചു. തന്റെ കഥ അബൂദര്‍റ് ഇങ്ങനെ തുടര്‍ന്നു: ''എനിക്ക് ബോധം തെളിഞ്ഞപ്പോള്‍, ചുവന്ന ചായം പൂശിയ പ്രതിമ പോലെയായിരുന്നു ഞാന്‍'' (മേലാസകലം മുറിവ് പറ്റി രക്തമൊഴുകുകയായിരുന്നു എന്നര്‍ഥം).

മറ്റൊരു സംഭവം. ഒരു രാത്രി രണ്ട് സ്ത്രീകള്‍ കഅ്ബയിലേക്ക് വരുന്നത് അബൂദര്‍റ് കണ്ടു. അവര്‍ കഅ്ബയെ വലം വെക്കുകയാണ്. എത്രയോ കാലമായി തുടര്‍ന്നുവരുന്ന ഒരു അനുഷ്ഠാനം. ഇസാഫ് എന്ന ആണ്‍പ്രതിമയോടും നാഇല എന്ന പെണ്‍പ്രതിമയോടും അവര്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുന്നതും കേള്‍ക്കാം. അബൂദര്‍റിന് അധികനേരം സഹിച്ചിരിക്കാനായില്ല. അദ്ദേഹം അവരോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ''അവരെ കല്യാണം കഴിപ്പിക്കൂ'' (ഇതിനു പിന്നില്‍ ഒരു പുരാവൃത്തമുണ്ട്. ഇസാഫും നാഇലയും ജുര്‍ഹും ഗോത്രത്തില്‍ പെട്ട കമിതാക്കളായിരുന്നുവത്രെ. ഇവര്‍ കഅ്ബയില്‍ വന്ന് രഹസ്യമായി തങ്ങളുടെ ശരീരതൃഷ്ണ ശമിപ്പിച്ചുവെന്നും അതു കാരണം കല്ലുകളായി മാറി എന്നുമാണ് കഥ. ശിലാരൂപം പൂണ്ട ഇവരുടെ ശരീരങ്ങള്‍ എല്ലാവര്‍ക്കും ഒരു പാഠമായി മലമുകളില്‍ നാട്ടിനിര്‍ത്താറുണ്ടായിരുന്നുവത്രെ. കാലം കുറേ കഴിഞ്ഞ് പുതിയ തലമുറകള്‍ വന്നപ്പോള്‍ അവര്‍ ഈ കഥ മറന്നുപോവുകയും രണ്ട് പേരെയും ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു). അബൂദര്‍റ് പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതാണ്: ഇസാഫ്, നാഇല എന്നീ കമിതാക്കള്‍ക്ക് സ്വന്തം ആഗ്രഹങ്ങള്‍ തന്നെ പൂര്‍ത്തീകരിക്കാനായില്ല; എങ്കില്‍ പെണ്ണുങ്ങളേ, നിങ്ങളുടെ ആഗ്രഹങ്ങള്‍ അവക്ക് എങ്ങനെ പൂര്‍ത്തീകരിച്ച് തരാന്‍ കഴിയും? രണ്ടു പേര്‍ മാത്രമായതുകൊണ്ടും രാത്രിയായതുകൊണ്ടും പെണ്ണുങ്ങള്‍ തര്‍ക്കത്തിനൊന്നും നിന്നില്ല. പക്ഷേ, ഈ 'മതനിന്ദ' എങ്ങനെ പൊറുക്കാനാകും? അവര്‍ ചില ഭീഷണി വാക്കുകളൊക്കെ പതുക്കെ ഉരുവിട്ട് അവിടെ നിന്നും പോയി. പോകുംവഴി അവര്‍ ആ വിഷയം സംസാരിക്കുന്നുമുണ്ടായിരുന്നു. വഴിയില്‍ വെച്ച് ആ പെണ്ണുങ്ങള്‍ നബിയെ കണ്ടു. നബി കാര്യമെന്താണെന്ന് അന്വേഷിച്ചു. നബിയാണെന്ന് മനസ്സിലാക്കാതെ അവര്‍ ഉണ്ടായ സംഭവങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു.

ഉടന്‍ മുഹമ്മദ് നബി തന്റെ ഉറ്റ സുഹൃത്ത് അബൂബക്‌റിനെയും കൂട്ടി കഅ്ബാങ്കണത്തില്‍ ചെന്ന് ദീര്‍ഘനേരം പ്രാര്‍ഥിച്ചു. മറഞ്ഞിരിക്കുന്ന അബൂദര്‍റിന് മനസ്സിലായി, ഇതുതന്നെ താന്‍ അന്വേഷിക്കുന്ന വ്യക്തി. അബൂദര്‍റ് പുറത്തേക്കുവന്ന് 'അല്ലാഹുവിന്റെ ദൂതരേ' എന്ന് അഭിസംബോധന ചെയ്തു. അബൂദര്‍റിനോട് തിരുദൂതര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഗിഫാര്‍ ഗോത്രക്കാരനാണെന്ന് കേട്ടപ്പോള്‍ തന്റെ കൈ അബൂദര്‍റിന്റെ നെറ്റിത്തടത്തില്‍ വെച്ച് കുറച്ച് നേരം ആലോചിച്ചു നിന്നു. എന്നിട്ടു ചോദിച്ചു: ''നിങ്ങള്‍ ഈ ചുറ്റുവട്ടത്ത് താമസിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി?''

''ഏകദേശം മുപ്പത് ദിവസം.''

''നിങ്ങള്‍ക്ക് ഭക്ഷണം എവിടെ നിന്നാണ്?''

''ഞാന്‍ സംസം കിണറ്റില്‍ പോയി വെള്ളം കുടിക്കും. എന്നിട്ട്  പോലും ഞാന്‍ തടിച്ചുവരികയാണ്.''

ഉടന്‍ അബൂബക്ര്‍, അബൂദര്‍റിനെയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി. തന്റെ അതിഥിക്ക് കുടിക്കാനും ഭക്ഷിക്കാനുമുള്ളതെല്ലാം നല്‍കി. പിറ്റേന്ന് രാവിലെ അലി വന്ന് അബൂദര്‍റിനെ തിരുദൂതരുടെ സന്നിധിയിലെത്തിച്ചു. അവിടെ വെച്ച് അബൂദര്‍റ് ഇസ്‌ലാം സ്വീകരിച്ചു. മക്കയില്‍ അബൂദര്‍റ് വിദേശി ആയതിനാല്‍, ഏതെങ്കിലും കുടുംബവുമായി സഖ്യമുണ്ടാക്കാതെ കൂടുതല്‍ കാലം അവിടെ കഴിയുന്നത് അപകടമാണ്. അതിനാല്‍ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ അബൂദര്‍റിനെ പഠിപ്പിച്ച ശേഷം അദ്ദേഹത്തെ സ്വന്തം ഗോത്രത്തിലേക്ക് തന്നെ തിരിച്ചയക്കുകയാണ് നബി ചെയ്തത്.13 ഹിജ്‌റക്കുശേഷം നബി മദീനയില്‍ സ്ഥാപിച്ച ഭരണകൂടത്തോടൊപ്പം നിന്ന ആദ്യ വിഭാഗങ്ങളില്‍ ഗിഫാരി ഗോത്രക്കാരുമുണ്ടായിരുന്നു. അതേക്കുറിച്ച് പിന്നീട്.

ഇസ്‌ലാമിക വിശ്വാസം സ്വീകരിച്ച ആറാമത്തെയാള്‍ സഅ്ദുബ്‌നു അബീവഖാസ് ആണ്.14 അദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തിന്റെ വിശദാംശങ്ങളൊന്നും ലഭ്യമല്ല. തന്റെ മനസ്സും ശരീരവും സമ്പത്തുമെല്ലാം ദൈവമാര്‍ഗത്തില്‍ സമര്‍പ്പിച്ച അബൂബക്ര്‍ സിദ്ദീഖിന്റെ സേവനങ്ങളും അധ്വാനങ്ങളും നാമിവിടെ ഓര്‍ക്കണം. തന്റെ കുടുംബാംഗങ്ങളെ മാത്രമല്ല, നിരവധി സുഹൃത്തുക്കളെയും സിദ്ദീഖ് ഇസ്‌ലാമിന്റെ തണലിലെത്തിച്ചു. അബൂബക്‌റിന്റെ അത്തരം സുഹൃത്തുക്കളില്‍ ഒരാളായിരുന്നു സഅ്ദ്. സുബൈറുബ്‌നുല്‍ അവ്വാം, അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്, ത്വല്‍ഹത്തുബ്‌നു ഉബൈദുല്ല തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഇസ്‌ലാമിലെത്തുന്നത്. ഒരു റിപ്പോര്‍ട്ട് പ്രകാരം, മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാനും ഇസ്‌ലാം സ്വീകരിച്ചത് അബൂബക്‌റിന്റെ ശ്രമഫലമായാണ്. എല്ലാവരും ചെറുപ്പക്കാര്‍, മക്കയിലെ പ്രശസ്ത കുടുംബങ്ങളില്‍നിന്നുള്ളവര്‍. വിവരണാതീതമായ എതിര്‍പ്പുകളാണ് അവര്‍ക്ക് സ്വന്തം കുടുംബങ്ങളില്‍നിന്ന് നേരിടേണ്ടിവന്നത്. ചിലരെ കാലുകളില്‍ ചങ്ങലക്കിട്ട് കുരുക്കി; ചിലരെ സ്വന്തം രക്ഷിതാക്കളും കുടുംബക്കാരും തല്ലിച്ചതച്ചു.

(തുടരും)

കുറിപ്പുകള്‍

1. ഖുര്‍ആന്റെ വിവരണമനുസരിച്ച് (2/135, 3/67, 6/161, 16/123) ഹനീഫിയ്യ അല്ലെങ്കില്‍ ഹനീഫിസം എന്നാല്‍ ഇബ്‌റാഹീം നബിയുടെ ഏകദൈവത്വ ആശയത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ചില സെമിറ്റിക് ഭാഷകളില്‍ അതിന് ദൈവവിരോധി(Heretic)  എന്ന് അര്‍ഥമുണ്ടെങ്കിലും, അറബിയില്‍ അതിന്, എല്ലാ പിഴച്ച ദൈവസങ്കല്‍പങ്ങളില്‍നിന്നും മുക്തനായ യഥാര്‍ഥ വിശ്വാസി എന്ന അര്‍ഥം മാത്രമാണുള്ളത്. ഒരേ കുടുംബത്തില്‍പെട്ട വിവിധ ഭാഷകള്‍ തമ്മില്‍ താരതമ്യപഠനം നടത്തിയാല്‍ ഇങ്ങനെ വിരുദ്ധാര്‍ഥങ്ങള്‍ ഉണ്ടാവുകയെന്നത് അസ്വാഭാവികമല്ലെന്നു കാണാം. റല് എന്നാല്‍ പേര്‍ഷ്യനില്‍ പിശാച് എന്നാണ് അര്‍ഥം; സംസ്‌കൃതത്തില്‍ deva-ക്ക് ദൈവം എന്നും. chaud (ഫ്രഞ്ച്), caldo  (ഇറ്റാലിയന്‍) എന്നീ വാക്കുകള്‍ക്ക് ചൂടുള്ളത് എന്നാണ് അര്‍ഥം; അതേ ധാതുവില്‍നിന്ന് വരുന്ന kalt (ജര്‍മന്‍), kholod (ഇംഗ്ലീഷ്), സവീഹീറ (റഷ്യന്‍) എന്നീ വാക്കുകള്‍ക്ക് തണുപ്പുള്ളത് എന്നും. ഉര്‍ദുവില്‍ 'ആപ്പ' എന്നാല്‍ സഹോദരി എന്നും മറാത്തിയില്‍ സഹോദരന്‍ എന്നുമാണ് അര്‍ഥം. 'ആക്ക' എന്നാല്‍ ഉര്‍ദുവില്‍ 'സഹോദരനാ'ണ്; 'ആക്ക' മറാത്തിയിലെത്തുമ്പോള്‍ 'സഹോദരി' ആകുന്നു. Gentils എന്ന വാക്ക് റോമക്കാര്‍ 'വിശിഷ്ടര്‍' എന്ന അര്‍ഥത്തിലും ജൂത-ക്രൈസ്തവ പദാവലിയില്‍ 'അവിശ്വാസികള്‍' എന്ന അര്‍ഥത്തിലും പ്രയോഗിക്കുന്നു.

2. അലിയുടെ പ്രായത്തെക്കുറിച്ച് വ്യത്യസ്താഭിപ്രായം സര്‍കശിയുടെ ശറഹു സിയറില്‍ കബീറില്‍ കാണാം.

3. ഖുര്‍ആന്‍ 26:214

4. ബലാദുരി, അന്‍സാബ് 1/235

5. Ibid 1/236

6. Ibid 1/238,239

7. ത്വബരി 1/1130

8. ബലാദുരി, അന്‍സാബ് 1/264

9. ഖുര്‍ആന്‍ III/15

10. ബലാദുരി 1/245

11. ഖുര്‍ആന്‍ 15: 94-99

12. മുസ്‌ലിം- സ്വഹീഹ് 44:132,133, അബൂനുഐം, പേജ് 84-86

13. ബുഖാരി 63:3

14. ജാഹിള്- രിസാല ഉസ്മാനിയ്യ, പേജ് 159, ചില വിവരണമനുസരിച്ച് അദ്ദേഹം ഏഴാമത്തെ ആളാണ്.

Comments