അഹ്‌ലുസ്സുന്നത്തും ആഭ്യന്തര ഭദ്രതയും
നമുക്ക് ആദ്യമായി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅഃയുടെ നിര്‍വചനമെന്താണെന്ന് നോക്കാം. ഈ പ്രയോഗത്തിലെ 'സുന്നത്ത്' എന്ന വാക്കിന് വഴി എന്നാണര്‍ഥം. വഴി നല്ലതോ ചീത്തയോ ആകാം. 'ഇസ്‌ലാമില്‍ നല്ലൊരു വഴി വെട്ടിത്തെളിച്ചവന് അതിന്റെ പ്രതിഫലമുണ്ട്; പില്‍ക്കാലത്ത് ആ വഴിയില്‍ സഞ്ചരിക്കുന്നവരുടെ പ്രതിഫലവുമുണ്ട്; പില്‍ക്കാലക്കാരുടെ പ്രതിഫലം ഒട്ടും കുറയാതെ തന്നെ. ഇസ്‌ലാമില്‍ ഒരു ചീത്ത വഴി വെട്ടിയവന് അതിന്റെ പാപഭാരമുണ്ട്; ശേഷം അതുവഴി സഞ്ചരിക്കുന്നവരുടെ പാപഭാരവും. അതു കാരണം ആ പില്‍ക്കാലക്കാരുടെ പാപഭാരം ഒട്ടും കുറയുകയുമില്ല' എന്ന നബിവചനത്തില്‍ (മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്തത്) നല്ലതോ ചീത്തയോ ആയ വഴി വെട്ടുന്നതിന് 'സന്ന സുന്നത്തന്‍' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. 'എന്റെയും സച്ചരിതരായ ഖലീഫമാരുടെയും സുന്നത്ത് നിങ്ങള്‍ മുറുകെ പിടിക്കുക' എന്ന് മറ്റൊരു നബിവചനത്തിലും കാണാം.
ഇസ്‌ലാമിന്റെ സാങ്കേതിക ഭാഷയില്‍ 'സുന്നത്ത്' എന്നാല്‍, രണ്ടാം ഇനത്തില്‍ പെടുന്ന ദിവ്യബോധനമാണ്. അതായത് നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരങ്ങള്‍. ഖുര്‍ആനല്ലാത്ത നബിജീവിതത്തിലെ മറ്റു കാര്യങ്ങള്‍ എന്ന് സാമാന്യമായി പറയാം. ഖുര്‍ആനില്‍ 'ഹിക്മത്ത്' എന്ന് പ്രയോഗിച്ചത് ഈ അര്‍ഥത്തിലാണെന്ന് അഭിപ്രായമുണ്ട് (ഉദാഹരണം, അന്നിസാഅ് 112). 'രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ് വിടവാങ്ങുന്നത്; അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ സുന്നത്തുമാണത്. അവ മുറുകെ പിടിക്കുവോളം നിങ്ങള്‍ വഴിതെറ്റുകയില്ല' എന്ന് മറ്റൊരു നബിവചനത്തിലും കാണാം.
'അല്‍ ജമാഅഃ' എന്ന വാക്കും ആധികാരിക പ്രമാണങ്ങളില്‍ വന്നിട്ടുണ്ട്. 'നിങ്ങള്‍ ജമാഅത്തായി (ഒരുമയോടെ) നില്‍ക്കണം', 'ജമാഅത്തിനൊപ്പമാണ് അല്ലാഹുവിന്റെ സഹായ ഹസ്തം', 'ജമാഅത്ത് അനുഗ്രഹമാണ്; ശൈഥില്യം ശിക്ഷയും' തുടങ്ങിയ നബിവാക്യങ്ങള്‍ ഉദാഹരണം. നബിയുടെ കാലത്ത് സുന്നത്തും ജമാഅത്തും അവയുടേതായ അര്‍ഥത്തില്‍ വേറിട്ടു തന്നെയാണ് വ്യവഹരിച്ചിരുന്നത്. നബിയുടെ വിയോഗശേഷം സ്വഹാബിമാര്‍ ആ രണ്ട് പ്രയോഗങ്ങളും (അലൈകും ബി സുന്നത്തീ, അലൈകും ബില്‍ ജമാഅഃ) ഒന്നിച്ച് ചേര്‍ക്കുകയായിരുന്നു. 'മുഖം പ്രശോഭിക്കുന്നവരാകട്ടെ അല്ലാഹുവിന്റെ കാരുണ്യത്തിലായിരിക്കും' എന്ന ഖുര്‍ആനിക സൂക്ത(ആലുഇംറാന്‍ 107)ത്തിന്റെ വിശദീകരണമായി ഇബ്‌നു അബ്ബാസ് ഇപ്രകാരം എഴുതി: ''മുഖം പ്രശോഭിക്കുന്നവരാരോ അവരാണ് അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃ.'' ഇതു മുതലാണ് ഈ പ്രയോഗം പ്രചാരത്തിലായത്. 'അഹ്‌ലുസ്സുന്ന വല്‍ ജമാഅയില്‍പെട്ട ഒരാള്‍ മരിച്ചുവെന്നു കേട്ടാല്‍ എന്റെ ചില അവയവങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്ക് തോന്നും' എന്ന് അയ്യൂബ് സഖ്ത്തിയാനി പറഞ്ഞത് ഈ അര്‍ഥത്തിലാണ്. വിശ്വാസം, ആരാധനാനുഷ്ഠാനങ്ങള്‍, സ്വഭാവചര്യകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു സമൂഹം ഒന്നിക്കുന്നുണ്ടോ എങ്കില്‍ അവരെ ജമാഅഃ എന്നു പറയാം. ആ യോജിപ്പ് ഖുര്‍ആന്‍, നബിചര്യ, പണ്ഡിത സമവായം (ഇജ്മാഅ്) എന്നിവയെ ആസ്പദിച്ചുള്ളതും മതകീയമായ പുതുനിര്‍മിതികളെയും കൂട്ടിച്ചേര്‍ക്കലുകളെയും (ബിദ്അത്ത്) നിരാകരിക്കുന്നതുമാകണം.
ഖുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. ''അല്ലാഹുവും അവന്റെ ദൂതനും ഒരു കാര്യം തീരുമാനിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ പുരുഷന്നോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തില്‍ മറ്റൊരു അഭിപ്രായമുണ്ടാകാന്‍ പാടില്ല. അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നവന്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ അകപ്പെട്ടിരിക്കുന്നു'' (33:36). ''അവന്റെ കല്‍പനകള്‍ ലംഘിക്കുന്നവര്‍ ഓര്‍ത്തിരിക്കട്ടെ; അവരെ പരീക്ഷണമോ വേദനാജനകമായ ശിക്ഷയോ പിടികൂടുമെന്ന്'' (24:63). ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങളുടെ കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുവിന്‍. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ ഭിന്നിച്ചാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുവിന്‍'' (4:59). 'നമ്മുടെ ഈ കാര്യത്തില്‍ ആരെങ്കിലും പുതിയത് വല്ലതും ചേര്‍ത്താല്‍ അത് തള്ളപ്പെടേതാണ്' എന്നും 'ഏറ്റവും നല്ല വചനം ഖുര്‍ആനാണെ'ന്നും 'ഏറ്റവും മോശപ്പെട്ടത് പുതുതായി കെട്ടിച്ചമച്ചുണ്ടാക്കിയതാണ്' എന്നും നബി(സ) താക്കീത് നല്‍കിയിട്ടുമുണ്ട്.
കാര്യങ്ങളെല്ലാം വ്യക്തമാണ്. ഈ ലേഖകന് ഒന്നും പുതുതായി എഴുതേണ്ടതില്ല. അഹ്‌ലുസ്സുന്ന വല്‍ ജമാഅഃ എന്ന പ്രയോഗം രൂപപ്പെട്ട ആദ്യകാലം മുതല്‍ തന്നെ ആരാണതിന്റെ വക്താക്കളെന്നും വിശദീകരിച്ചിട്ടുണ്ട്. ഭിന്നതകള്‍ രൂക്ഷമായ ഒരു ഘട്ടത്തിലാണ് ഈ പ്രയോഗത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചത്. ഭിന്നിച്ചുപോയ ചില വിഭാഗങ്ങള്‍ ഇസ്‌ലാമിന്റെ സര്‍വാംഗീകൃതമായ മൗലിക വിശ്വാസ പ്രമാണങ്ങളെ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഖവാരിജ്, മുഅ്തസില, റാഫിദ, മുര്‍ജിഅ, ജഹ്മിയ്യ, ഖദ്‌രിയ്യ പോലുള്ള ഒട്ടനവധി ഗ്രൂപ്പുകള്‍. ഇതു കാരണം ജനസാമാന്യത്തിന്റെ ആശയക്കുഴപ്പം വര്‍ധിച്ചു. അവര്‍ ചോദിക്കാന്‍ തുടങ്ങി: ആരാണ് യഥാര്‍ഥത്തില്‍ അഹ്‌ലുസ്സുന്ന? നബിയുടെ സുന്നത്തിനെ മുറുകെ പിടിക്കുന്നവര്‍?
അഹ്‌ലുസ്സുന്നയുടെ വിശേഷണങ്ങള്‍ എന്തൊക്കെയാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷണങ്ങള്‍ എടുത്തു പറഞ്ഞ് അവര്‍ ഇന്ന വിഭാഗമായിരിക്കുമെന്ന് നിര്‍ണയിച്ചിട്ടില്ല. വ്യാകരണ പണ്ഡിതന്മാര്‍ പറയുന്നതുപോലെ, അടയാളം പറയാതിരിക്കലും ഒരു അടയാളപ്പെടുത്തലാണല്ലോ. നബി വിട്ടേച്ചുപോയ അടിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ എന്ന് അവരെക്കുറിച്ച് സാമാന്യമായി പറയാം. പുതിയൊരു പേരും അവര്‍ സ്വീകരിച്ചിട്ടില്ല. ഇക്കൂട്ടര്‍ ആരെന്ന് ചോദിച്ചപ്പോള്‍ ഇമാം മാലികിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''തിരിച്ചറിയാന്‍ പറ്റുന്ന ഒരു പേരും അവര്‍ക്കില്ല.'' നബിചര്യയില്‍നിന്ന് വ്യതിചലിച്ചുപോയവര്‍ പുതിയ പേരുകളില്‍ വരാന്‍ തുടങ്ങിയതുകൊണ്ടാവാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇമാം അബൂഹനീഫ അഹ്‌ലുസ്സുന്ന വല്‍ ജമാഅഃയുടെ ചില അടിസ്ഥാനങ്ങള്‍ ഇങ്ങനെ സംക്ഷേപിച്ചിട്ടുണ്ട്: ''അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി തുടങ്ങി എല്ലാ ഖലീഫമാരുടെയും മഹത്വം അംഗീകരിക്കുന്നവര്‍. പ്രവാചകന്റെ ഒരു അനുചരനെയും നിന്ദിക്കാത്തവര്‍. തെറ്റുകള്‍ ചെയ്യുന്നതിന്റെ പേരില്‍ ആളുകളെ ഇസ്‌ലാമില്‍നിന്ന് പുറത്താക്കാന്‍ (തക്ഫീര്‍) ധൃഷ്ടരാകാത്തവര്‍. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവര്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിക്കുന്നവര്‍.''
മുന്‍ഗാമികളുടെ വീക്ഷണം
അഹ്മദുബ്‌നു ഹമ്പല്‍: നബിയുടെ അനുചരന്മാര്‍ മുറുകെ പിടിച്ചതെന്തോ അതാണ് നമ്മെ സംബന്ധിച്ചേടത്തോളം സുന്നത്തിന്റെ ആധാരം. സുഫ്‌യാനുബ്‌നു ഉയൈന: പത്തു കാര്യങ്ങള്‍ മുറുകെ പിടിച്ചവന്‍ സുന്നത്തിനെ മുറുകെ പിടിച്ചു. അതില്‍ ഏതെങ്കിലുമൊന്ന് നഷ്ടപ്പെടുത്തിയവന്‍ സുന്നത്ത് നഷ്ടപ്പെടുത്തി. ഖദ്‌റില്‍ വിശ്വസിക്കുക, അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുക, ശഫാഅത്തിലും മീസാനിലും സ്വിറാത്വിലും വിശ്വസിക്കുക, ഈമാന്‍ വാക്കും പ്രവൃത്തിയുമാണെന്ന് വിശ്വസിക്കുക, ഖുര്‍ആന്‍ മുഴുവന്‍ അല്ലാഹുവിന്റെ വാക്യമാണെന്നും മരണാനന്തരം ഖബ്‌റിലും പിന്നീട് പരലോകത്തും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും വിശ്വസിക്കുക, ഒരാളോടും ഖണ്ഡിതമായി നീ നരകത്തിലാണ്/ നീ സ്വര്‍ഗത്തിലാണ് എന്നിങ്ങനെ പറയാതിരിക്കുക.
ഇതുപോലെ വേറെയും ധാരാളം വിവരണങ്ങള്‍ കാണാം. പലതരം അവാന്തര വിഭാഗങ്ങള്‍ ഉടലെടുത്ത അക്കാലത്ത് അവര്‍ പലതിനെയും നിഷേധിച്ചിരുന്നു. അവര്‍ തള്ളിപ്പറഞ്ഞ കാര്യങ്ങള്‍ എടുത്തു പറയുകയാണ് മേല്‍ ഉദ്ധരണികളില്‍ ചെയ്തിരിക്കുന്നത്. അഹ്‌ലുസ്സുന്നയുടെ പ്രമാണങ്ങളായി വേറെയും പലതുമുണ്ടല്ലോ. നിഷേധിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രമാണങ്ങളെ ഊന്നിപ്പറയുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്.
ഇബ്‌നു തൈമിയ്യ ഇങ്ങനെ എഴുതിയിട്ടുണ്ട്: ''സുന്നത്തും ഇജ്മാഉം അംഗീകരിച്ചവന്‍ അഹ്‌ലുസ്സുന്ന വല്‍ ജമാഅഃയില്‍ പെട്ടിരിക്കുന്നു.'' അഹ്‌ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങള്‍ എണ്ണിപ്പറയുന്ന ധാരാളം ഗ്രന്ഥങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ആ തത്ത്വങ്ങള്‍ സര്‍വാംഗീകൃതമൊന്നുമല്ല. എല്ലാവരും എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല. ചില തത്ത്വങ്ങള്‍ സ്വീകരിക്കുമ്പോള്‍ മറ്റു ചിലത് അവര്‍ തള്ളിക്കളയും. അബുല്‍ ഹസന്‍ അല്‍ അശ്അരി തന്റെ 'അല്‍ ഇബാന', 'രിസാലതുന്‍ ഇലാ അഹ്‌ലിസ്സഗ്ര്‍' എന്നീ കൃതികളിലായി 51 അടിസ്ഥാനങ്ങള്‍ വിവരിക്കുന്നുണ്ട്. അബൂ ഉമര്‍ അദ്ദാനി തന്റെ 'അല്‍ വാഫിയ' എന്ന കൃതിയില്‍ എണ്ണിപ്പറഞ്ഞത് 56 അടിസ്ഥാനങ്ങള്‍. ഇബ്‌നു ശാഹീന്‍ 42 അടിസ്ഥാനങ്ങളും ഇബ്‌നു സൈദിന്‍ ഖൈറുവാനി 30 അടിസ്ഥാനങ്ങളും എണ്ണിപ്പറഞ്ഞിരിക്കുന്നു.
നേരത്തേ പറഞ്ഞ പോലെ ചില ഉസ്വൂലുകള്‍ ചിലര്‍ക്ക് സ്വീകാര്യമാവുകയില്ല. കാരണം ഖുര്‍ആനും സുന്നത്തും വെച്ചാണ് ഇവര്‍ അടിസ്ഥാനങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കുന്നത്. ഈ രണ്ട് അടിസ്ഥാന പ്രമാണങ്ങളിലും പണ്ഡിതന്മാര്‍ക്കുള്ള ഗ്രാഹ്യമനുസരിച്ചും അവരുടെ നിര്‍ധാരണ രീതിയനുസരിച്ചുമൊക്കെ ഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍, ഈ ഉസ്വൂലുകളെ അഹ്‌ലുസ്സുന്നയുടെ ഭാഗമായി നമുക്ക് എണ്ണാവുന്നതുമാണ്. അതേസമയം താന്‍ നിര്‍ണയിച്ചത് മാത്രമാണ് ഉസ്വൂലുകള്‍ എന്ന് ഒരു വ്യക്തിക്കും അവകാശപ്പെടാനാവുകയില്ല. വിശ്വാസ കാര്യങ്ങളില്‍ വ്യക്തികളല്ല പ്രധാനം; ഖുര്‍ആനും സുന്നത്തും മുന്‍കാല പണ്ഡിതാഭിപ്രായ സമന്വയങ്ങളുമാണ്. ആരെഴുതിയതും ഖുര്‍ആനും സുന്നത്തുമായി മാറ്റുരച്ചു നോക്കണം; അവ രണ്ടിനോടും യോജിക്കുന്നത് സ്വീകരിക്കപ്പെടും, അല്ലാത്തത് തള്ളപ്പെടും. 'അല്‍ അഖീദതുല്‍ വാസിത്വിയ്യ' എന്ന കൃതിയില്‍ ഇബ്‌നു തൈമിയ്യ തന്റെ കാലത്തെ പണ്ഡിതരെ ഉപദേശിക്കുന്നു: ''ഞാന്‍ എഴുതിയിരിക്കുന്നതെല്ലാം ഇതാ നിങ്ങളുടെ മുന്നില്‍. നിങ്ങളതിനെ ഖുര്‍ആനും സുന്നത്തുമായി ചേര്‍ത്തുവെച്ച് നോക്കുക. ഏതെങ്കിലും വിഷയം ആ രണ്ട് പ്രമാണങ്ങളുമായി ഒത്തുവരുന്നില്ലെങ്കില്‍, ഞാനതില്‍നിന്ന് ഇതാ പിന്‍വാങ്ങിയിരിക്കുന്നു. കാരണം ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായതൊന്നും ഒരാള്‍ക്കും കൊണ്ടുവരാനാവില്ല.''
സവിശേഷതകള്‍
അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃയുടെ സവിശേഷതകള്‍ എന്തൊക്കെ? ധാരാളമുണ്ട്. ചിലത് പറയാം:
1. മുസ്‌ലിം സമൂഹത്തിന്റെ ഐക്യവും മുസ്‌ലിം സംഘടനകള്‍ തമ്മിലുള്ള രഞ്ജിപ്പും കാത്തുസൂക്ഷിക്കുക. കാരണം മുസ്‌ലിംകള്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങളെ ഇസ്‌ലാമിന്റെ ആധാരശിലയായി കാണുന്നവരും അവ നിലനിര്‍ത്തല്‍ സ്വന്തം ബാധ്യതയായി കാണുന്നവരുമാണ് അഹ്‌ലുസ്സുന്ന വല്‍ ജമാഅ. ഒട്ടേറെ ഖുര്‍ആന്‍ വചനങ്ങള്‍ ഈ വിഷയത്തിലുണ്ട്; നബി വചനങ്ങളും. അവര്‍ പരസ്പരം കാരുണ്യമുള്ളവരാണ് (അല്‍ ഫത്ഹ് 29), അവര്‍ സഹോദരന്മാര്‍ മാത്രമാണ് (അല്‍ ഹുജുറാത്ത് 10), അല്ലാഹുവിന്റെ പാശം നിങ്ങള്‍ ഒന്നായി മുറുകെ പിടിക്കുക, ഭിന്നിക്കരുത് (ആലു ഇംറാന്‍ 103) തുടങ്ങിയ ഒട്ടേറെ ഖുര്‍ആനിക പരാമര്‍ശങ്ങള്‍. 'നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയില്ല' തുടങ്ങിയ ധാരാളം നബിവചനങ്ങളും.
ഇബ്‌നു തൈമിയ്യ എഴുതുന്നതു പോലെ, ഒരു വ്യക്തിയില്‍ നന്മയും തിന്മയും, അനുസരണവും ധിക്കാരവും, സുന്നത്തും ബിദ്അത്തും ഒരേ സമയം കണ്ടെന്നിരിക്കും. ഇത് രണ്ടും കണക്കിലെടുത്തേ അയാളോട് നിലപാടെടുക്കാവൂ. മോഷണത്തിന് ശിക്ഷയായി കൈപ്പത്തി ഛേദിക്കപ്പെട്ടയാളുടെ സംരക്ഷണം രാഷ്ട്രം ഏറ്റെടുക്കുന്നത് ഉദാഹരണമായി പറയാം. ഇത് അഹ്‌ലുസ്സുന്നയുടെ അംഗീകൃത പ്രമാണമാണ് (ഖവാരിജ്- മുഅ്തസില വിഭാഗങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല). ഇതു പ്രകാരം, ഒരാള്‍ പുതുനിര്‍മിതി നടത്തിയിട്ടുണ്ടോ ഇല്ലേ എന്ന് വ്യക്തമായിട്ടില്ലെങ്കില്‍ അയാളുടെ പിന്നില്‍നിന്ന് നമസ്‌കരിക്കുന്നതിന് വിരോധമില്ല എന്നാണ് അഹ്‌ലുസ്സുന്നയിലെ പ്രബലമായ അഭിപ്രായം. മുസ്‌ലിം ഐക്യം സംരക്ഷിക്കുക എന്നതാണ് ഇതിനു പിന്നിലെ ചേതോവികാരം. ഇബ്‌നു തൈമിയ്യ പറയുന്നു: ''ഒരാളുടെ വിശ്വാസ പ്രമാണം എന്തെന്നറിയാതെ അയാളുടെ പിന്നില്‍ നമസ്‌കരിക്കരുത് എന്നത് മുസ്‌ലിംകളില്‍ ഒരാളും പറയാത്ത കാര്യമാണ്.'' അഹ്‌ലുസ്സുന്നയിലെ ഇമാം ശാഫിഈ, ഇമാം അഹ്മദ് തുടങ്ങിയവര്‍ ഒരേ സ്വരത്തില്‍ പറയുന്നത്, ഇമാം നല്ലവനാണെങ്കിലും മോശക്കാരനാണെങ്കിലും അയാളുടെ പിന്നില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചിരിക്കണം എന്നാണ്. കാരണം ഇമാമില്‍ ബിദ്അത്ത് ആരോപിച്ച് ഒരാള്‍ക്കും ജുമുഅ ഉപേക്ഷിക്കാന്‍ അനുവാദമില്ല.
2. വിയോജിക്കുന്നവരെക്കുറിച്ച് സദ്‌വിചാരം പുലര്‍ത്തുക. വിയോജിപ്പുള്ള വിഷയങ്ങളില്‍ ഒഴികഴിവ് കണ്ടെത്താനാകുമോ എന്നും അന്വേഷിക്കുക. ഇബ്‌നു തൈമിയ്യയെ വീണ്ടും ഉദ്ധരിക്കട്ടെ: ''ഒരു വിശ്വാസ പ്രമാണത്തിന്റെ കാര്യത്തില്‍ ആരെങ്കിലും എതിരഭിപ്രായം പറഞ്ഞാല്‍ അയാള്‍ തുലഞ്ഞു എന്ന് വെക്കേതില്ല. സദുദ്ദേശ്യത്തോടെയുള്ള ഗവേഷണമായിരിക്കാം അദ്ദേഹം നടത്തിയത്. ഒരുപക്ഷേ തെറ്റ് പറ്റിയിരിക്കാം. ഇജ്തിഹാദിലെ പിഴവ് അല്ലാഹു പൊറുത്തുകൊടുക്കുമല്ലോ. വിഷയത്തില്‍ വേണ്ടത്ര അറിവ് ലഭിക്കാത്തതാവും അതിനു കാരണം. ഇത്തരം പിഴവുകളെ മായ്ച്ചുകളയുന്ന ഒരുപാട് നന്മകള്‍ അയാളില്‍ ഉണ്ടായേക്കുമല്ലോ.''
3. വിയോജിക്കുന്നവരോട് നീതി കാണിക്കുക. അവരുടെ പ്രവൃത്തി എത്ര ശുഷ്‌കമാണെങ്കിലും അതിനെ അംഗീകരിക്കുക. അവരെയും അഹ്‌ലുസ്സുന്നക്കെതിരെ പടപ്പുറപ്പാട് നടത്തുന്നവരെയും ഒരേ കുട്ടയില്‍ ഇടാതിരിക്കുക. ഇബ്‌നു തൈമിയ്യ പറഞ്ഞു: ''റാഫിദികളേക്കാളും ഖവാരിജിനേക്കാളും നല്ലവരാണ് മുഅ്തസിലികള്‍. കാരണം മുഅ്തസിലികള്‍ നാല് ഖലീഫമാരെയും അംഗീകരിക്കുന്നുണ്ട്.''
4. വിയോജിക്കുന്നവര്‍ ഇസ്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്താണ് (തക്ഫീര്‍) എന്ന് പ്രഖ്യാപിക്കാതിരിക്കുക. ഇക്കാര്യത്തില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തുന്നവരാണ് അഹ്‌ലുസ്സുന്ന വല്‍ ജമാഅ. തങ്ങളെ കാഫിര്‍ (അവിശ്വാസി) ആയി മുദ്രകുത്തുന്നവരെപ്പോലും അവര്‍ തിരിച്ച് അതേ പേര് പറഞ്ഞ് അധിക്ഷേപിക്കുകയില്ല. എന്നാല്‍, ശീഈ ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ മുമ്പിലാണ്. ഇബ്‌നു തൈമിയ്യ അടക്കമുള്ളവര്‍ക്ക് അവര്‍ കുഫ്ര്‍ മുദ്ര പതിച്ചുനല്‍കിയിട്ടുണ്ട്. അവരെക്കുറിച്ച് ഇബ്‌നു തൈമിയ്യ പറയുന്നത് നോക്കൂ: ''ഇസ്‌നാ അശ്‌രികളായ ഇമാമി വിഭാഗം, അവരില്‍ കടുത്ത അജ്ഞതയും വഴികേടും നിലനില്‍ക്കുന്നതോടൊപ്പം അകമെയും പുറമെയും അവര്‍ മുസ്‌ലിംകള്‍ തന്നെയാണ്; കപടന്മാരായ മതനിഷേധികള്‍ (സനാദിഖ)അല്ല. അറിവില്ലാതെ വഴിതെറ്റിപ്പോയ അവര്‍ ദേഹേഛകളെ പിന്തുടരുകയാണ്. കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലായിട്ടില്ലാത്ത അവരിലെ സാധാരണക്കാരും മുസ്‌ലിംകള്‍ തന്നെ'' (അല്‍ മിന്‍ഹാജ് 2/452). സത്യനിഷേധം സ്ഫുരിക്കുന്ന വാക്കുകള്‍ പറയുന്നവനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ''അയാള്‍ പറഞ്ഞ വാക്ക് 'കുഫ്ര്‍' (സത്യനിഷേധം) ആയിരിക്കാം. പക്ഷേ, വ്യക്തമായ തെളിവുകളോടെയല്ലാതെ ഒരാളെക്കുറിച്ചും കാഫിര്‍ എന്നു പറഞ്ഞുകൂടാ. പറഞ്ഞത് കുഫ്‌റിന്റെ വാക്കാണെങ്കിലും അയാളെ സംബന്ധിച്ച് ഒഴികഴിവ് കണ്ടെത്താനായേക്കും'' (അല്‍ ഫതാവാ അല്‍ മിസ്വ്‌രിയ്യ, പേജ് 60).
ഖവാരിജ്, റാഫിദി വിഭാഗങ്ങളുടെ പല പരാമര്‍ശങ്ങളും വ്യക്തമായ കുഫ്‌റാണെങ്കിലും, അതു വെച്ച് ഒരു വ്യക്തിയെയും കാഫിറെന്ന് വിളിക്കരുതെന്ന് ഇബ്‌നു തൈമിയ്യ തുടര്‍ന്ന് ഓര്‍മപ്പെടുത്തുന്നുണ്ട്. ഇന്നയിന്ന കാര്യങ്ങള്‍ കുഫ്‌റാണെന്ന് മൊത്തത്തിലേ പറയാവൂ. കാരണം വ്യക്തി കുഫ്‌റിന്റെ വാക്ക് ഉച്ചരിക്കുന്നുണ്ടെങ്കിലും, അയാള്‍ക്ക് പല ഒഴികഴിവുകളും- അറിവില്ലായ്മ പോലെ- ഉണ്ടായെന്നു വരാം. ഇബ്‌നു തൈമിയ്യ തക്ഫീറിന്റെ ആശാനായിരുന്നുവെന്ന് ഇന്ന് പ്രതിയോഗികള്‍ നിരന്തരം പ്രചാരണം നടത്തുന്നതുകൊണ്ടാണ് ഇക്കാര്യം ഇവിടെ അടിവരയിട്ട് പറയേണ്ടിവന്നത്.
അഹ്‌ലുസ്സുന്ന ചെയ്യേണ്ടത്
വളരെ അപായകരമായ ഒരു കാലത്തിലൂടെയാണ് അഹ്‌ലുസ്സുന്ന ഇന്ന് കടന്നുപോകുന്നത്. കിഴക്കും പടിഞ്ഞാറും തെക്കും വടക്കുമുള്ള സയണിസ്റ്റുകളും കുരിശു പോരാളികളും സ്വഫവികളും കപടന്മാരുമെല്ലാം ചേര്‍ന്ന് അതിനെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം അണികളെ ഒരുമിപ്പിച്ചുനിര്‍ത്തുക എന്നതാണ് അഹ്‌ലുസ്സുന്ന ഈ അടിയന്തര ഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ചരിത്ര ദൗത്യം. വീക്ഷണ വ്യത്യാസങ്ങള്‍ മാറ്റിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ശത്രു ലക്ഷ്യമിടുന്നത് അവരെ ഒന്നടങ്കമാണ്. ആദ്യം അവരെ ശിഥിലമാക്കി ദുര്‍ബലമാക്കുക, പിന്നെ ഉന്മൂലനം ചെയ്യുക, എന്നിട്ട് അവരുടെ വിഭവങ്ങള്‍ കൊള്ളയടിക്കുക. പരസ്പരമുള്ള പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാനുള്ള സന്ദര്‍ഭമല്ലയിത്.
ഇവിടെ അഹ്‌ലുസ്സുന്ന എന്ന് നാം പ്രയോഗിക്കുന്നത് അതിന്റെ വിശാല അര്‍ഥത്തിലാണ്. അഹ്‌ലുല്‍ ഹദീസുകാരും അശ്അരികളും മാതുരീദികളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളും തബ്‌ലീഗ് ജമാഅത്തുമെല്ലാം അതില്‍ ഉള്‍പ്പെടും. ഇസ്‌ലാമിക സാഹോദര്യത്തെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ലാതെ പോയതാണ് ഇസ്‌ലാമിക സമൂഹം ഇത്രയേറെ ദുര്‍ബലമായി പോകാനുള്ള ഒരു പ്രധാന കാരണം. ഒന്നിച്ചുനിന്നെങ്കിലേ വിജയമുണ്ടാകൂ. അതൊരു അടിസ്ഥാന പാഠമാണ്. ഒന്നിച്ചു നില്‍ക്കുന്നതിനു പകരം പരസ്പരം പടവെട്ടുന്നതിനാണ് പലര്‍ക്കും ഇപ്പോഴും താല്‍പര്യം. ഇറാഖ് നഷ്ടപ്പെടുത്തിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടാം. ഈജിപ്തും കൈവിട്ടുപോവുകയാണ്. സിറിയയും ലബനാനും വഴുതിപ്പോയിക്കൊണ്ടിരിക്കുന്നു.
ഭിന്നതകള്‍ മറന്ന് ശത്രുവിനെതിരെ ഒന്നിക്കുക എന്നത് മാത്രമാണ് പോംവഴി. നഷ്ടപ്പെടുത്താന്‍ സമയമില്ല. കുരുക്ക് മുറുകുകയാണ്. അല്ലാഹുവിന്റെ സഹായവും പിന്നെ നമ്മുടെ ഐക്യവുമല്ലാതെ മറ്റൊന്നും നമ്മുടെ രക്ഷക്കെത്തുകയില്ല. അല്ലാഹു പറഞ്ഞല്ലോ: ''നിങ്ങള്‍ ഭിന്നിക്കരുത്, ഭിന്നിച്ചാല്‍ നിങ്ങള്‍ തോല്‍ക്കും, നിങ്ങളുടെ കാറ്റു പോകും'' (അല്‍ അന്‍ഫാല്‍ 46).
(മൊറോക്കോ പണ്ഡിതസഭയില്‍ അംഗമാണ് ലേഖകന്‍)
Comments