Prabodhanm Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

പ്രമാണങ്ങളിലെ അഹ്‌ലുസ്സുന്ന

ഇ.എന്‍ ഇബ്‌റാഹീം മൗലവി

'അഹ്‌ലുസ്സുന്ന' വളരെ പ്രചാരമുള്ള ഒരു പ്രയോഗമാണ്. അര്‍ഥവൈപുല്യമുള്ള സംജ്ഞയാണത്. വിശ്വാസ-കര്‍മ രംഗങ്ങളില്‍ മുസ്‌ലിം സമൂഹം പിന്തുടരേണ്ട ശരിയായ പാന്ഥാവാണ് അഹ്‌ലുസ്സുന്ന. എന്നാല്‍, യഥാര്‍ഥ അഹ്‌ലുസ്സുന്നത്ത് എന്താണ്? കേരളീയ മുസ്‌ലിം സമൂഹത്തില്‍ വ്യത്യസ്ത രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓരോ വിഭാഗവും തങ്ങള്‍ അഹ്‌ലുസ്സുന്നയാണ് എന്ന് അവകാശപ്പെടുന്നു. അത്രയുമല്ല, തങ്ങള്‍ മാത്രമാണ് അഹ്‌ലുസ്സുന്ന, മറ്റുള്ളവര്‍ കുറഞ്ഞോ കൂടിയോ അളവില്‍ അഹ്‌ലുസ്സുന്നക്ക് പുറത്താണ്, അതിനാല്‍തന്നെ വഴിതെറ്റിയവരുമാണ് എന്ന് വിധിയെഴുതിക്കളയുന്നവരുമുണ്ട്. സ്വര്‍ഗം തങ്ങള്‍ക്കും നരകം മറ്റുള്ളവര്‍ക്കും സംവരണം ചെയ്യാനും ചിലര്‍ ധൃഷ്ടരാകുന്നു.

പാമര ജനങ്ങളെ പറഞ്ഞുപറ്റിക്കാന്‍ എളുപ്പമുള്ള പ്രയോഗം കൂടിയാണ് അഹ്‌ലുസ്സുന്ന. സര്‍വരാലും അംഗീകരിച്ചുവരുന്ന പൂര്‍വകാല പണ്ഡിതന്മാര്‍ രേഖപ്പെടുത്തിവെച്ച തത്ത്വങ്ങള്‍ പോരാഞ്ഞ് തങ്ങളുടെ പുത്തന്‍ രീതികള്‍ക്കും വിശ്വാസങ്ങള്‍ക്കും ന്യായീകരണം കണ്ടെത്താന്‍ പുതിയ ന്യായവാദങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ടാണ് വിയോജിപ്പുള്ളവരെ പലരും അഹ്‌ലുസ്സുന്നയുടെ പുറത്താക്കുന്നത്. സംഘടനാപരവും മറ്റുമായ ഈ അത്യുത്സാഹത്തില്‍ സര്‍വാംഗീകൃത തത്ത്വങ്ങള്‍ നിരാകരിക്കാനും തങ്ങള്‍ പോലും ആദരിക്കുന്ന പൗരാണിക പണ്ഡിതന്മാരെ വരെ എതിര്‍ ചേരിയില്‍ നിര്‍ത്താനും ചിലര്‍ക്ക് പ്രയാസമുണ്ടണ്ടാകുന്നില്ല. ദീനീതാല്‍പര്യങ്ങള്‍ക്കും സമുദായത്തോടുള്ള ഗുണകാംക്ഷക്കും പകരം, പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കുള്ള ഉപകരണമാക്കി ഇത്തരം സംജ്ഞകളെ ചിലര്‍ മാറ്റിക്കളയുന്നു. 

 

എഴുപത്തി മൂന്ന് സംഘം

സമൂഹത്തെ ബാധിക്കാനിരിക്കുന്ന ശൈഥില്യത്തെ സൂചിപ്പിക്കുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളുമുണ്ട്. അവ സ്വാര്‍ഥ താല്‍പര്യങ്ങളോടെ ഉദ്ധരിച്ചും തെറ്റായി വ്യാഖ്യാനിച്ചുമാണ് സ്വന്തം ആദര്‍ശാടിത്തറ പലരും ഭദ്രമാക്കുന്നത്. അത്തരം ചില ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും പരിശോധിക്കാം.

''തങ്ങളുടെ ദീനിനെ വിഭജിക്കുകയും വിവിധ ചേരികളായി പിരിയുകയും ചെയ്തവര്‍, നീ അവരിലൊന്നിലും പെട്ടവനല്ല'' (അല്‍ അന്‍ആം 159). ''മുശ്‌രിക്കുകളില്‍ പെട്ടുപോവാതിരിക്കുക, തങ്ങളുടെ ദീനിനെ വിഭജിക്കുകയും വിവിധ ചേരികളായി പിരിയുകയും ചെയ്തവരില്‍. ഓരോ സംഘവും തങ്ങളുടെ കൈയിലുള്ളതില്‍ ഊറ്റം കൊള്ളുന്നവരാണ്'' (അര്‍റൂം 31,32).

അര്‍റൂം അധ്യായത്തിലെ ഈ സൂക്തങ്ങള്‍ വിശദീകരിച്ചുകൊ ണ്ട് ഇമാം ഇബ്‌നു കസീര്‍ എഴുതുന്നു:  ''തങ്ങളുടെ ദീനിനെ വിഭജിച്ചവര്‍ എന്നാല്‍, അതിന് ബദല്‍ നിശ്ചയിക്കുകയും അതില്‍ മാറ്റം വരുത്തുകയും ചിലത് ഉള്‍ക്കൊള്ളുകയും ചിലത് തള്ളിപ്പറയുകയും ചെയ്തവര്‍ എന്നാണര്‍ഥം. 'ഫര്‍റഖൂ ദീനഹും' എന്നത് ചിലര്‍ 'ഫാറഖൂ ദീനഹും' എന്നും ഓതിയിട്ടുണ്ട്. അപ്പോള്‍ ദീനിനെ വലിച്ചെറിഞ്ഞവര്‍ എന്നായി. യഹൂദര്‍, ക്രൈസ്തവര്‍, അഗ്നിയാരാധകര്‍, വിഗ്രഹപൂജകര്‍ തുടങ്ങി മറ്റു മതങ്ങളുടെയൊക്കെ ആളുകളെപ്പോലെയാവും ഇസ്‌ലാമിനെ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ അവര്‍.'' 'തങ്ങളുടെ ദീനിനെ വിഭജിക്കുകയും വിവിധ ചേരികളായി പിരിയുകയും ചെയ്തവര്‍, അവരില്‍ ഒന്നിലും പെട്ടവനല്ല നീ' എന്ന് അല്ലാഹു പറഞ്ഞുവല്ലോ (അല്‍അന്‍ആം 159). നമുക്ക് മുമ്പുണ്ടായിരുന്ന മതങ്ങളുടെ ആളുകള്‍ വിവിധ അഭിപ്രായങ്ങളും സത്യവിരുദ്ധ രീതികളും കൈക്കൊണ്ട് പരസ്പരം ഭിന്നിച്ചു. തങ്ങളാണ് ശരിയിലെന്നാണ് അവരില്‍ ഓരോ വിഭാഗവും വാദിച്ചുപോന്നത്. ഈ സമൂഹവും പല വിഭാഗങ്ങളായി ഭിന്നിച്ചിരിക്കുന്നു. എല്ലാം മാര്‍ഗഭ്രംശം സംഭവിച്ചവരാണ്. ഒന്ന് മാത്രമുണ്ട് ശരിയില്‍. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയും സ്വഹാബിമാരും താബിഉകളും അടങ്ങുന്ന ആദ്യ തലമുറയും പണ്ടുമുതലേ മുസ്‌ലിംകളിലെ ഇമാമുമാരും കൈക്കൊണ്ട തത്ത്വങ്ങളും അംഗീകരിക്കുന്ന സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകളാണവര്‍. ഹാകിം മുസ്തദ്‌റക്കില്‍ ഉദ്ധരിച്ചതുപോലുള്ള ഹദീസുകള്‍ അതു സംബന്ധിച്ചുണ്ട്. അവരിലെ വിജയിക്കുന്ന വിഭാഗത്തെക്കുറിച്ച് അല്ലാഹുവിന്റെ ദൂതനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് 'ഞാനും എന്റെ സ്വഹാബിമാരും അംഗീകരിച്ചത് അംഗീകരിക്കുന്നവന്‍' എന്നാണ് (ഇബ്‌നു കസീര്‍ 3/443). അബൂദാവൂദ് ഉദ്ധരിക്കുന്നു: 'അബൂഹുറയ്‌റയില്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: യഹൂദര്‍ എഴുപത്തി ഒന്നോ എഴുപത്തി രണ്ടോ വിഭാഗങ്ങളായി ഭിന്നിച്ചു. ക്രിസ്ത്യാനികളും ഭിന്നിച്ച് എഴുപത്തി ഒന്നോ എഴുപത്തി രണ്ടോ സംഘങ്ങളായി. എന്റെ സമൂഹം എഴുപത്തിമൂന്ന് വിഭാഗമായി ചേരിതിരിയും'' (അബൂദാവൂദ് 4596).

അബൂ ആമിറുല്‍ ഹൗസനിയില്‍നിന്ന്. അദ്ദേഹം മുആവിയതുബ്‌നു അബൂസുഫ്‌യാനില്‍നിന്ന് ഉദ്ധരിക്കുന്നു. മുആവിയ എഴുന്നേറ്റുനിന്ന് പറഞ്ഞു: അറിയുക, അല്ലാഹുവിന്റെ ദൂതന്‍ ഞങ്ങളോട് പറയുകയുണ്ടണ്ടായി; അറിയുക. വേദക്കാരിലുള്‍പ്പെട്ട നിങ്ങളുടെ പൂര്‍വികര്‍ എഴുപത്തിരണ്ട് വിഭാഗമായി ഭിന്നിച്ചു. ഈ സമൂഹം എഴുപത്തിമൂന്നായി ചേരിതിരിയും. എഴുപത്തിരണ്ടും നരകത്തിലാവും. ഒന്ന് മാത്രം സ്വര്‍ഗത്തിലും. അത് 'അല്‍ ജമാഅത്താ'യിരിക്കും.

മുഹമ്മദുബ്‌നു യഹ്‌യയുടെയും അംറുബ്‌നു ഉസ്മാന്റെയും പാഠത്തില്‍ ഇത്ര കൂടിയുണ്ട്: '' എന്റെ സമൂഹത്തില്‍ചിലര്‍ രംഗത്തു വരും. പേപ്പട്ടിയുടെ കടിയേറ്റവനില്‍ വിഷം എപ്രകാരം വ്യാപിക്കുന്നുവോ അതുപോലെ ഇവരില്‍ താല്‍പര്യങ്ങള്‍ വ്യാപിക്കും. ഒരു നാഡിയും ഒരു ഞരമ്പും പേപ്പട്ടി വിഷം കലരാത്തതായി അയാളില്‍ ശേഷിക്കുകയില്ലെന്ന് കൂടിയുണ്ട് അംറിന്റെ പാഠത്തില്‍'' (അബൂദാവൂദ് 4597).

യഹൂദരിലെ എഴുപത്തി ഒന്നില്‍ ഒന്ന് സ്വര്‍ഗത്തിലും എഴുപതും നരകത്തിലുമാണ്, ക്രിസ്ത്യാനികളിലെ എഴുപത്തി രണ്ടില്‍ ഒന്ന് മാത്രം സ്വര്‍ഗത്തിലും എഴുപത്തി ഒന്നും നരകത്തിലുമാണ്. എന്റെ സമുദായത്തിലെ എഴുപത്തി രണ്ടും നരകത്തിലും ഒന്നു മാത്രം സ്വര്‍ഗത്തിലുമാണ്. ആ ഒരു സംഘം 'അല്‍ ജമാഅത്താ'ണ് എന്നാണ് ഇബ്‌നുമാജയുടെ പാഠം (3991, 3992, 3993).

മുകളില്‍ ഉദ്ധരിച്ച ഹദീസുകളില്‍ പറഞ്ഞ എണ്ണം അക്ഷരത്തിലെടുക്കണോ അര്‍ഥത്തിലെടുക്കണോ എന്ന അഭിപ്രായാന്തരമുണ്ടാവാം. ഒരുപക്ഷേ, എഴുപത്തിയൊന്ന് കൃത്യമായ എണ്ണമാവാം, അല്ലെങ്കില്‍ കുറെയേറെ സംഘങ്ങള്‍ എന്നാവാം അതിന്റെ വിവക്ഷ. രണ്ടായാലും നരകപ്രവേശത്തിനര്‍ഹമാവുന്ന സംഘങ്ങളുടെ സവിശേഷത അവരില്‍ 'അഹ്‌വാഅ്', പേപ്പട്ടി വിഷബാധയേറ്റവനെപ്പോലെ വ്യാപിച്ചിരിക്കും എന്നാണ്.

ഇഷ്ടം, താല്‍പര്യം, ആഗ്രഹം എന്നൊക്കെയാണ് 'ഹവാ' എന്ന പദത്തിനര്‍ഥം. 'ഹവാ'യുടെ ബഹുവചനമാണ് 'അഹ്‌വാഅ്'. ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമില്ലാതെ സ്വന്തം ഇഷ്ടവും താല്‍പര്യവും ദീനിന്റെ ഭാഗമായി ചിത്രീകരിച്ച് അതിന് പവിത്രതയും മഹത്വവും കല്‍പിച്ച് ആദര്‍ശവത്കരിക്കുന്നതിനെയാണ് ആ പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

മുസ്‌ലിം സമൂഹത്തില്‍ തെറ്റായ സ്വഭാവത്തില്‍ രൂപം കൊണ്ട ഏതു സംഘത്തെ പരിശോധിച്ചാലും ഇത് ബോധ്യമാവും. വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും യഥേഷ്ടം രൂപപ്പെടുത്തിയെടുക്കുകയും അവക്കൊക്കെയും ഇസ്‌ലാമിക മാനം നല്‍കാന്‍ ശ്രമിക്കുകയും ചെയ്ത പ്രത്യേക സാഹചര്യത്തിലാണ് മുജ്തഹിദുകളായ പണ്ഡിതന്മാര്‍ അഹ്‌ലുസ്സുന്നത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ (ഉസ്വൂല്‍) ആവിഷ്‌കരിച്ചത്. എന്തിനും പ്രമാണത്തിന്റെ പിന്‍ബലം വേണമെന്ന് അവര്‍ ശഠിച്ചതും ഇത്തരമൊരു സാഹചര്യത്തിലാണ്. അങ്ങനെയാണ് ഖുര്‍ആനും സുന്നത്തും ഇജ്മാഉം ഖിയാസും അഹ്‌ലുസ്സുന്നത്തിന്റെ ഏറക്കുറെ സുസമ്മതമായ നാല് പ്രമാണങ്ങളായി അംഗീകരിച്ചത്. ഈ അടിസ്ഥാന തത്ത്വത്തെ സാധൂകരിക്കുന്ന പ്രയോഗമാണ് 'അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്' എന്നത്.

ഹദീസില്‍ അതു സംബന്ധിച്ച് രണ്ട് പ്രയോഗമാണുള്ളത്. ഒന്ന്, 'അല്‍ ജമാഅത്ത്' എന്നതാണെങ്കില്‍ രണ്ടാമത്തേത്, 'ഞാനും എന്റെ സഹചരന്മാരും നിലകൊണ്ടത്' അല്ലെങ്കില്‍ 'അതില്‍ നിലകൊള്ളുന്നവര്‍' എന്നാണ്. അതായത് സ്വഹാബിമാര്‍ കൈക്കൊണ്ട വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും. അവര്‍ക്ക് പരിചയമില്ലാത്ത വിശ്വാസാനുഷ്ഠാനങ്ങള്‍ വര്‍ജ്യമാണ്. അതുകൊണ്ടത്രെ ഹുദൈഫതുബ്‌നുല്‍ യമാന്‍ ഇപ്രകാരം പ്രസ്താവിച്ചത്: ''അല്ലാഹുവിന്റെ ദൂതരുടെ സഹചരന്മാര്‍ അനുഷ്ഠിച്ചിട്ടില്ലാത്തതൊന്നും അനുഷ്ഠിക്കരുത്. കാരണം മുന്‍ഗാമി പിന്‍ഗാമിക്ക് ആക്ഷേപിക്കാന്‍ പാകത്തില്‍ ഒന്നും ബാക്കിവെച്ചിട്ടില്ല. അതിനാല്‍ ഖുര്‍ആന്‍ പഠിച്ചവരേ, അല്ലാഹുവിന്റെ കല്‍പന പാലിച്ച് ജീവിക്കാന്‍ പൂര്‍വികരുടെ പാത കൈക്കൊള്ളുകയും ചെയ്യുവിന്‍'' (അല്‍ ഇഅ്തിസ്വാം, എട്ടാം അധ്യായം 466, അല്‍ബാഇസ് അലാ ഇന്‍കാരില്‍ ബിദഅ്, അബൂശാമ, പേജ് 26). പൂര്‍വികര്‍ എന്നതുകൊണ്ട് ഹുദൈഫ വിവക്ഷിച്ചിട്ടുള്ളത് തനിക്കു മുമ്പ് മരണമടഞ്ഞ സ്വഹാബിമാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതേ കാര്യം അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറയുന്നത് ഇങ്ങനെയാണ്: ''മാതൃക സ്വീകരിക്കുന്നവര്‍ മരണമടഞ്ഞവരെയാവട്ടെ മാതൃകയാക്കുന്നത്. ജീവിച്ചിരിക്കുന്നവരുടെ കാര്യത്തില്‍ ദുഷിപ്പ് സംബന്ധിച്ച് നിര്‍ഭയനാവുകയില്ല. മുഹമ്മദി(സ)ന്റെ സഹചരന്മാരാണ് ആ മരിച്ചവര്‍. ഈ സമൂഹത്തിലെ വിശിഷ്ടരായിരുന്നു അവര്‍. ഹൃദയനന്മയുള്ളവര്‍. അഗാധജ്ഞാനികള്‍, കൃത്രിമത്വം കുറഞ്ഞവര്‍. തന്റെ പ്രവാചകനുമായുള്ള സഹവര്‍ത്തിത്വത്തിനും ദീനിന്റെ സംസ്ഥാപനത്തിനും വേണ്ടി അല്ലാഹു അവരെയാണ് തെരഞ്ഞെടുത്തത്. അതിനാല്‍ അവര്‍ക്ക് അവരുടെ മഹത്വം അംഗീകരിച്ചുകൊടുക്കുക, അവരുടെ കാല്‍പാടുകളില്‍ അവരെ പിന്തുടരുക. സാധ്യമായത്ര അവരുടെ മഹിത സ്വഭാവവും ചര്യയും മുറുകെ പിടിക്കുക. ചൊവ്വായ സന്മാര്‍ഗ നിര്‍ദേശങ്ങളിലാണ് അവര്‍ ഉണ്ടായിരുന്നത്'' (മിശ്കാത്തുല്‍ മസ്വാബീഹില്‍നിന്ന് ഉദ്ധരണം).

പിന്തുടര്‍ച്ചയില്‍ പ്രമാണം പ്രധാനമാണെന്ന് അംഗീകരിക്കാത്തവരായി അഹ്‌ലുസ്സുന്നയില്‍ ആരുമില്ല. ഇമാം റാസി എഴുതി: ''അറിഞ്ഞിരിക്കുക. സന്മാര്‍ഗചാരിയായ പണ്ഡിതനെ മാത്രമേ പിന്തുടരാവൂ. പ്രമാണവും തെളിവും അംഗീകരിക്കുന്നവന്‍ മാത്രമേ സന്മാര്‍ഗചാരിയായ പണ്ഡിതനാവൂ. അപ്രകാരമല്ലെങ്കില്‍ അവന്‍ സന്മാര്‍ഗചാരിയായ പണ്ഡിതനല്ല. അതിനാല്‍തന്നെ അവരെ പിന്തുടരാവതുമല്ല'' (റാസി 12/111).

ഹുദൈഫയുടെയും അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെയും പ്രസ്താവനയില്‍ ഒതുങ്ങുന്നില്ല ബിദ്അത്തിനെതിരിലുള്ള ഈ നീക്കം. സ്വഹാബിമാര്‍ എല്ലാവരും തന്നെ ഈ നിലപാട് കൈക്കൊണ്ടിട്ടുള്ളതായി കാണാം.

 

സുന്നത്ത് പ്രയോഗം വിവിധ വിജ്ഞാന ശാഖകളില്‍

സുന്നത്തും ബിദ്അത്തും വിരുദ്ധ പദങ്ങളായാണ് പൊതുവില്‍ ഗ്രഹിക്കപ്പെടുന്നത്. അതുപക്ഷേ സാങ്കേതിക പ്രയോഗങ്ങളിലാണെന്നതാണ് വാസ്തവം. ഭാഷാര്‍ഥമനുസരിച്ച് അങ്ങനെയാവണമെന്നില്ല. സുന്നത്തിന്റെ ഭാഷാര്‍ഥം മാര്‍ഗം, ചര്യ എന്നൊക്കെയാണ്. നടപടിക്രമം, പ്രകൃതി എന്നും പറയാം.

സാങ്കേതികമായി വ്യത്യസ്ത അര്‍ഥതലങ്ങളിലാണ് അത് പ്രയോഗിക്കുന്നത്. ഫിഖ്ഹിന്റെ നിദാനശാസ്ത്രത്തിലും (ഉസ്വൂലുല്‍ ഫിഖ്ഹ്) ഹദീസ് വിജ്ഞാനീയത്തിലും (ഇല്‍മുല്‍ ഹദീസ്) പ്രവാചക ചര്യ എന്ന അര്‍ഥത്തിലാണെങ്കില്‍ കര്‍മശാസ്ത്രത്തില്‍ (ഫിഖ്ഹ്) ഐഛിക കര്‍മങ്ങളാണ് അര്‍ഥം. പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം ലഭിക്കാനിടയുള്ളതും ഉപേക്ഷിച്ചാല്‍ ശിക്ഷയില്ലാത്തതും എന്ന അര്‍ഥത്തിലാണ്. വചന ശാസ്ത്രത്തില്‍ (ഇല്‍മുല്‍ കലാം) ആദര്‍ശരംഗത്ത് നബി(സ) പഠിപ്പിച്ചതും സ്വഹാബിമാരും താബിഉകളും പിന്തുടര്‍ന്നുവന്നതുമായ വിശ്വാസങ്ങള്‍ക്കും നിലപാടുകള്‍ക്കും അനുസൃതമായ വിശ്വാസങ്ങളും നിലപാടുകളും സ്വീകരിക്കുന്നതാണ് സുന്നത്ത് പിന്തുടരുകയെന്നതുകൊണ്ടണ്ട് ഉദ്ദേശിക്കുന്നത്. അതായത് സ്വഹാബിമാരും താബിഉകളും  (സലഫ്) അംഗീകരിച്ചുപോന്ന അതേ ആദര്‍ശ-നിലപാടുകള്‍ സ്വീകരിക്കുന്നവരെ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് എന്നും ഭിന്നമായ ആദര്‍ശ-നിലപാടുകള്‍ സ്വീകരിക്കുന്നവരെ അഹ്‌ലുല്‍ അഹ്‌വാഇ വല്‍ ബിദഅ് എന്നും വിശേഷിപ്പിക്കുന്നു.

എന്നാല്‍ ആദര്‍ശരംഗത്തെ പുതിയ കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ ബിദ്അത്ത് എന്ന് പറയൂ, കര്‍മരംഗത്ത് അങ്ങനെയൊന്നില്ല എന്ന് ചിലര്‍ സമര്‍ഥിക്കാറുണ്ട്. അത് ശരിയായ നില

പാടല്ല. സലഫിന്റെയും ഖലഫിന്റെയും സമീപനത്തിനു വിരുദ്ധമാണ്.

ഒരു വീക്ഷണം കാണുക: ''എഴുപത്തിമൂന്ന് സംഘങ്ങളായി മുസ്‌ലിം സമുദായം വേര്‍പിരിയുമെന്ന് ഹദീസില്‍ പ്രവചിച്ച എല്ലാ വിഭാഗവും ഓരോ സംഘം തന്നെയാണല്ലോ. എന്നിരിക്കെ കേവലം സംഘം എന്ന അര്‍ഥത്തിലല്ല ഹദീസില്‍ പറഞ്ഞ ജമാഅത്തെന്ന് വ്യക്തമാണ്. പ്രസ്തുത ഹദീസിലെ ഒരു നിവേദനത്തില്‍ എല്ലാ സംഘങ്ങളും നരകത്തിലാണെന്നു പറഞ്ഞ ശേഷം രക്ഷപ്പെട്ട വിഭാഗം 'അല്‍ ജമാഅത്താണ്' എന്നത്രെ ഉള്ളത് (അഹ്മദ്).... അപ്പോള്‍ കേവലം സംഘം എന്നല്ല 'ആ സംഘം' എന്നാണ് അല്‍ ജമാഅത്ത് കൊണ്ടുദ്ദേശ്യം. 'ആ സംഘം' എന്നതിലെ ചൂണ്ടല്‍ സത്യവിശ്വാസത്തിന്റെ സമുദായം എന്നതിലേക്കാണെന്ന് ഇമാം റാസി വ്യക്താക്കിയിട്ടുണ്ട്'' (അഹ്‌ലുസ്സുന്ന- നജീബ് മൗലവി, പേജ് 23).

'ആ സംഘം' പരമ്പരാഗത മുസ്‌ലിം സമുദായമാണെന്ന് ഇമാം ശാഫിഈ, ഇബ്‌നു അബ്ബാസ്, മൈമൂനുബ്‌നു മഹ്‌റാന്‍, മാലികുബ്‌നു മിഗ്‌വല്‍, ഇമാം മാലിക്, ഇബ്‌നു ഖയ്യിം എന്നിവരെയെല്ലാം ഉദ്ധരിച്ച് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട് അദ്ദേഹം. ഈ പരമ്പരാഗത മുസ്‌ലിം സമുദായത്തില്‍നിന്ന് വ്യത്യസ്തമായി തിരിച്ചറിയാന്‍ വേണ്ടി പുതിയ പേര് സ്വീകരിച്ച കൂട്ടത്തില്‍ റാഫിളീ, മുഅ്തസിലീ, ശീഈ വിഭാഗങ്ങളെ എണ്ണിയ ശേഷം അദ്ദേഹം എഴുതുന്നു: ''ഇന്ന് കേരളത്തിലുള്ള പുത്തന്‍ പ്രസ്ഥാനങ്ങളുടെ സ്ഥിതി നോക്കുക. വഹാബി-മൗദൂദി പ്രസ്ഥാനങ്ങളെയും അതിന്റെ സംഘടനകളെയും തിരിച്ചറിയപ്പെടണമെങ്കില്‍ വാല്‍ നാമങ്ങള്‍ കൂട്ടിച്ചേര്‍ക്കുക തന്നെ വേണമല്ലോ.''

ബഹുമാന്യ സഹോദരന്‍ സൗകര്യപൂര്‍വം മറച്ചുവെച്ച ഹദീസിലെ മറ്റൊരു പ്രയോഗമുണ്ട്. 'ഞാനും എന്റെ സ്വഹാബിമാരും കൈക്കൊണ്ടതെന്തോ അത് കൈക്കൊള്ളുന്നവര്‍' എന്ന ഭാഗമാണത്. 

വിശ്വാസ-കര്‍മ രംഗങ്ങളില്‍ സ്വഹാബിമാരുടെ രീതിയില്‍നിന്ന് വ്യത്യസ്തമായത് എല്ലാം തന്നെ ബിദ്അത്താണെന്നും, ബിദ്അത്ത് കൈക്കൊള്ളുന്നവര്‍ രക്ഷപ്പെടുകയില്ലെന്നുമാണ് ഹദീസിലെ പ്രഖ്യാപനം. എന്നാല്‍ ഇത്തരക്കാര്‍ പിന്തുടരുന്ന പാരമ്പര്യവും നടേ പേരെടുത്ത് പറഞ്ഞ മഹാന്മാര്‍ പഠിപ്പിച്ച 'ജമാഅത്തുല്‍ മുസ്‌ലിമീന്‍' അല്ലെങ്കില്‍ 'അല്‍ മുസ്‌ലിമൂന്‍' എന്നതും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. മുസ്‌ലിം സമൂഹത്തില്‍ കടന്നുകൂടിയ എല്ലാ പാരമ്പര്യ അത്യാചാരങ്ങളും ന്യായീകരിക്കാനാണ് അഹ്‌ലുസ്സുന്നത്തിന്റെ പേരില്‍ ഇത്തരക്കാര്‍ ശ്രമിക്കാറുള്ളത്.

അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത് അംഗീകരിച്ച മാനദണ്ഡമനുസരിച്ച്, ഖുര്‍ആന്റെയും സുന്നത്തിന്റെയും ഇജ്മാഇന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിതമായ ആദര്‍ശത്തിനും അനുഷ്ഠാനങ്ങള്‍ക്കും മാത്രമേ ഇസ്‌ലാമില്‍ നിലനില്‍പ്പുള്ളൂ. ഖുര്‍ആനും സുന്നത്തും പഠിപ്പിച്ചതിനു വിരുദ്ധമായതെല്ലാം ബിദ്അത്തിന്റെ ഗണത്തിലാണ് പൗരാണിക പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്തരം ബിദ്അത്തുകള്‍ ആചരിക്കുന്നവരല്ല പുത്തന്‍വാദികളെന്ന് ആരോപിക്കപ്പെടുന്നവര്‍. വിഷയത്തെ സത്യസന്ധമായി സമീപിക്കാന്‍ ശ്രമിച്ചാല്‍ ഇത് ബോധ്യപ്പെടും.

ശാഖാപരമായ പ്രശ്‌നങ്ങളിലുള്ള അഭിപ്രായാന്തരങ്ങള്‍ അഹ്‌ലുസ്സുന്നത്തില്‍നിന്ന് പുറത്തുപോവാന്‍ കാരണമല്ലെന്ന് ബഹുമാന്യ സഹോദരങ്ങള്‍ സമ്മതിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ''ചുരുക്കത്തില്‍ ശര്‍ഇന്റെ നിയമങ്ങള്‍ ബാധ്യതപ്പെട്ട എല്ലാവരും അഭിപ്രായ വ്യത്യാസമില്ലാതെ അറിയുകയും വിശ്വസിക്കുകയും ചെയ്യേണ്ട കാര്യങ്ങള്‍ മൗലികമെന്നും അഭിപ്രായാന്തരം അംഗീകരിക്കപ്പെട്ട വിഷയങ്ങള്‍ക്കും മതനിയമങ്ങള്‍ക്കും ശാഖാപരമെന്നും പറയുന്നു. ശാഖാപരമായ കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസം സ്വാഭാവികമായും നിയമവിധേയമാണ്. മൗലിക കാര്യങ്ങളിലാകട്ടെ ഇത് നിയമവിരുദ്ധവും നിഷിദ്ധവുമാണ്'' (അഹ്‌ലുസ്സുന്ന, പേജ് 14). അദ്ദേഹം തുടരുന്നു: ''ഈ ഹദീസില്‍ പരാമര്‍ശിച്ച ഭിന്നിപ്പും ചേരിതിരിവും ദീനിന്റെ മൗലിക വിഷയങ്ങളിലായതുകൊണ്ടാണ് ഓരോ വിഭാഗത്തിന്റെയും നിലപാടിനെ ഓരോ മില്ലത്ത്-ദീന്‍ ആയി നബി(സ) വിലയിരുത്തിയത്'' (പേജ് 15).

ഈ പാരമ്പര്യവാദത്തിലാണ് ഇവിടെ ബഹുഭൂരിപക്ഷവും നിലയുറപ്പിച്ചിട്ടുള്ളത.് അതായത്, തങ്ങള്‍ ചെയ്യുന്നതും പറയുന്നതും പാരമ്പര്യമായി കിട്ടിയതാണ്, അതില്‍ കൈവെടിയേണ്ടതായി ഒന്നുമില്ല എന്നതാണ് അടിസ്ഥാന വാദം. ഈ വരികള്‍ കാണുക: ''ഇവിടെ എല്ലാവരും പൈതൃകത്തെ വലിച്ചെറിഞ്ഞതിന്റെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍ അതിനെ മാറോടണച്ചുപിടിച്ചത് സുന്നികള്‍ മാത്രമാണ്.... ഏതായാലും നിലവിലുള്ള അവസ്ഥ വെച്ചുനോക്കുമ്പോള്‍ ഇവര്‍ക്കാര്‍ക്കും സുന്നത്ത് ജമാഅത്തിന്റെ പാരമ്പര്യവും പൈതൃകവും അവകാശപ്പെടാനാവില്ല'' ('പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട്', എസ്.വൈ.എസ് അറുപതാം വാര്‍ഷിക സുവനീര്‍: പേജ് 39).

'ഇവര്‍ക്കാര്‍ക്കും' എന്ന് മുകളില്‍ പറഞ്ഞത് ജമാഅത്ത്-മുജാഹിദ് വിഭാഗങ്ങളെപ്പറ്റി മാത്രമല്ല, തങ്ങളല്ലാത്ത കേരളത്തിന്റെ മുഴുവന്‍ സംഘടനകളെയും കുറിച്ചാണ് എന്ന് ആ ലേഖനം ഒരാവൃത്തി വായിച്ചാല്‍ ബോധ്യമാവും. ഈ അവകാശവാദം തന്നെയാണ് ഇതര പാരമ്പര്യവാദികളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അവരില്‍ ആരും ആരെയും പരസ്പരം അംഗീകരിക്കുകയില്ലെന്നു മാത്രം. 'ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ ഊറ്റം കൊള്ളുന്നവരത്രെ' എന്ന് ഖുര്‍ആന്‍ (30:32) പറഞ്ഞത് എത്ര ശരി.

ഈ പാരമ്പര്യം എന്താണെന്നല്ലേ? സ്വൂഫിസം, തവസ്സുല്‍, ഇസ്തിഗാസ, തഖ്‌ലീദ്, മഖ്ബറ, മൗലിദ്, ആത്മീയ ചികിത്സ, ബറകത്തെടുക്കല്‍ ഇത്തരം വിഷയങ്ങളാണ് അഹ്‌ലുസ്സുന്നത്തിനെ സംബന്ധിച്ച പാരമ്പര്യവാദികളുടെ ചര്‍ച്ചയിലെ പ്രധാന ഇനം.

ഖുര്‍ആനും സുന്നത്തും കഴിഞ്ഞാല്‍, യഥാര്‍ഥ ദീനീ പാരമ്പര്യം സ്വഹാബികളുടെയും താബിഉകളുടെയും നടപടിക്രമങ്ങളും മുജ്തഹിദുകളായ ഇമാമുകളുടെ അവലംബനീയ അഭിപ്രായങ്ങളുമാണെന്ന് സമ്മതിക്കാന്‍ ഇവര്‍ തയാറല്ല. കാലാന്തരത്തില്‍, പലയിടങ്ങളില്‍ രൂപപ്പെട്ടുവന്ന അത്യാചാരങ്ങളും വിശ്വാസങ്ങളും അവ ഖുര്‍ആനിനും പ്രബല ഹദീസുകള്‍ക്കും മുജ്തഹിദുകളായ ഇമാമുകളുടെ അവലംബനീയാഭിപ്രായങ്ങള്‍ക്കും വിരുദ്ധമായാല്‍ പോലും ഇവര്‍ക്ക് പാരമ്പര്യമാണ്, അവയത്രയും സുന്നത്തിന്റെ ഭാഗമാണ് എന്നതാണ് നിലപാട്. ഇവിടെയാണ് പാരമ്പര്യമല്ല, പ്രമാണമാണ് പ്രധാനം എന്ന് പറയേണ്ടിവരുന്നത്. പ്രമാണങ്ങളോട് ഏറ്റുമുട്ടുന്ന പാരമ്പര്യം പ്രശ്‌നമാണെന്ന് മനസ്സിലാക്കേണ്ടണ്ടതുണ്ടണ്ട്.

പാരമ്പര്യവാദികള്‍ പ്രധാനമായി കാണുന്ന നേരത്തേ സൂചിപ്പിച്ച വിഷയങ്ങള്‍ എന്തുകൊണ്ടാണ് ആദ്യകാല നൂറ്റാണ്ടുകളിലെ പണ്ഡിതന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാവാതെ പോയത്? ഒരാളെ 'സുന്നി'യായി അംഗീകരിക്കാന്‍ അനിവാര്യമായും അയാള്‍ ഉള്‍ക്കൊള്ളേണ്ട കാര്യങ്ങള്‍ അബ്ദുല്‍ ഖാഹിറുല്‍ ഇസ്ഫറായിനി(ഹി. 429-ക്രി. 1037) രേഖപ്പെടുത്തുന്നുണ്ട്: 

നാം വിവരിച്ച ഈ സംക്ഷേപം 72 വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. റാഫിദികളും ഖവാരിജുകളും  ഖദ്‌രികളും മുര്‍ജിഉകളും നജ്ജാരികളും ബക്‌രിയ്യ, ദിരാരിയ്യ, ജഹ്മിയ്യ, കറാമിയ്യ എന്നിവയും കൂടിയതാണ് 72 വിഭാഗം.

എന്നാല്‍ 73-ാമത്തെ വിഭാഗം അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്താണ്. റഅ്‌യിന്റെയും ഹദീസിന്റെയും രണ്ടു വിഭാഗങ്ങള്‍. വിനോദ വൃത്താന്തം കൊള്ളുന്നവരല്ല അവര്‍. ഈ രണ്ട് വിഭാഗത്തിലെ കര്‍മശാസ്ത്രകാരന്മാര്‍, അവരിലെ ഖുര്‍റാഉകള്‍, മുഹദ്ദിസുകള്‍, അഹ്‌ലുല്‍ ഹദീസിലെ വചന ശാസ്ത്രകാരന്മാര്‍  അവരെല്ലാവരും ഒരേ അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്. സ്രഷ്ടാവിന്റെ ഏകത്വം, അവന്റെ വിശേഷണങ്ങള്‍, അവന്റെ രീതി, യുക്തി, അവന്റെ നാമങ്ങള്‍, ഗുണങ്ങള്‍, പ്രവാചകത്വത്തിന്റെയും ഇമാമത്തിന്റെയും വിഷയം, അന്ത്യവിധികള്‍, ദീനിന്റെ മറ്റു അടിസ്ഥാനങ്ങള്‍ എന്നിവയിലെല്ലാം ഒരേ അഭിപ്രായമുള്ളവര്‍. നിയമത്തിലെ ശാഖാ പ്രശ്‌നങ്ങളില്‍പെട്ട ഹലാല്‍-ഹറാമുകളുടെ കാര്യത്തില്‍ അവര്‍ അഭിപ്രായാന്തരം പുലര്‍ത്തുന്നുണ്ട്. അവര്‍ അഭിപ്രായാന്തരം പുലര്‍ത്തുന്ന വിഷയങ്ങളില്‍ ആരെക്കുറിച്ചും വഴിതെറ്റിയവനെന്നോ അധര്‍മിയെന്നോ അവര്‍ വിധിയെഴുതിയിട്ടില്ല. അവരാണ് വിജയിക്കുന്ന വിഭാഗം. സ്രഷ്ടാവിന്റെ ഏകത്വം, അവന്റെ അനാദിത്വം, അവന്റെ അനാദിയായ ഗുണങ്ങള്‍, സാമ്യത കല്‍പിക്കാതെയും ഗുണങ്ങളെ നിഷേധിക്കാതെയും പരലോകത്ത് അവനെ കാണാമന്ന അംഗീകാരം എന്നിവയുടെ ഏറ്റുപറച്ചില്‍ അവരെ ഏകീകരിക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളും അവന്റെ ദൂതന്മാരെയും ഇസ്‌ലാമിക ശരീഅത്തിന്റെ നിത്യതയും ഖുര്‍ആന്‍ അനുവദിച്ചതത്രയും അനുവദനീയമായും നിഷിദ്ധമാക്കിയതത്രയും നിഷിദ്ധമായും അംഗീകരിക്കുക എന്നതും ഇതോടൊപ്പം ഉണ്ടായിരിക്കണം. അല്ലാഹുവിന്റെ ദൂതരുടെ പ്രബല സുന്നത്തുകള്‍ അംഗീകരിക്കുക, വിചാരണക്കായുള്ള സമ്മേളനം, ഉയിര്‍പ്പ്, ഖബ്‌റില്‍ വെച്ചുള്ള മലക്കുകളുടെ ചോദ്യം ചെയ്യല്‍, ഹദീസിന്റെയും മീസാനിന്റെയും സ്ഥിരീകരണം എന്നിവയും.

നാം വിവരിച്ച ഈ സംക്ഷേപം ഏറ്റുപറയുകയും തന്റെ ആദര്‍ശത്തോട് ഖവാരിജുകളുടെയോ റാഫിദികളുടെയോ ഖദ്‌രികളുടെയോ (അഹ്‌വാഅ്) സ്വേഛാ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഇതര വിഭാഗങ്ങളുടെയോ നവീനാശയങ്ങള്‍ കൂട്ടിച്ചേര്‍ക്കാതിരിക്കുകയും ചെയ്തവര്‍ വിജയികളുടെ വിഭാഗത്തിലുള്‍പ്പെട്ടവരത്രെ. അല്ലാഹു അവരുടെ അന്ത്യം അങ്ങനെ നിജപ്പെടുത്തിയാല്‍ മാത്രമാണത്. ഉമ്മത്തിലെ മഹാ ഭൂരിപക്ഷവും മഹാ സംഘവും ഈ സംക്ഷേപത്തിലുള്‍ച്ചേരുന്നവരാണ്. മാലികിന്റെയും ശാഫിഇൗയുടെയും അബൂഹനീഫയുടെയും ഔസാഇയുടെയും സൗരിയുടെയും ആളുകളും ളാഹിരികളും അതിലുള്‍പ്പെടുന്നു'' (അല്‍ ഫര്‍ഖു ബൈനല്‍ ഫിറഖ് 25-28).

അഹ്‌ലുസ്സുന്നത്തിന്റെ മൗലിക തത്ത്വങ്ങളായി കേരളത്തിലെ ചില പാരമ്പര്യ മുസ്‌ലിം വിഭാഗങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന നടേ പറഞ്ഞതുപോലുള്ള വിഷയങ്ങളൊന്നും തന്നെ മുകളിലെ ഉദ്ധരണിയില്‍ കാണാനില്ല. അഹ്‌ലുസ്സുന്നയെയും ഇതര വിഭാഗങ്ങളെയും വിവരിക്കുന്ന ഇതുപോലുള്ള ഗ്രന്ഥങ്ങളില്‍ മാത്രമല്ല അഹ്‌ലുസ്സുന്നയുടെ അടിസ്ഥാന തത്ത്വങ്ങള്‍ വിവരിക്കുന്ന അഖീദയുടെ ഒരു ഗ്രന്ഥത്തിലും അവയൊന്നും പറയുന്നില്ല. അപ്പോള്‍ പിന്നെ പാരമ്പര്യവാദികള്‍ക്ക് ഇത് എവിടെനിന്ന് കിട്ടി?

ഈ ചോദ്യത്തിന്റെ മറുപടി നേരത്തേ ഉദ്ധരിച്ച അഹ്‌ലുസ്സുന്ന എന്ന പുസ്തകത്തിലുണ്ട്. ''അല്‍ ജമാഅത്ത് എന്നത് സ്വഹാബിമാരുടെ മാത്രം ജമാഅത്തല്ല. മറിച്ച് എല്ലാ കാലത്തുമുള്ള എല്ലാ തലമുറകളുമാണ്. എല്ലാ തലമുറകള്‍ക്കും ഈ വിശുദ്ധി അവകാശപ്പെട്ടതാണ്.'' ''ഇജ്മാഇന്റെ പ്രാമാണിതകതയും മുസ്‌ലിം ജമാഅത്തിന്റെ പിഴവു പറ്റാത്ത സുരക്ഷിതത്വവും എല്ലാ മുസ്‌ലിം തലമുറകള്‍ക്കും അവകാശപ്പെട്ടതുതന്നെയാണ്'' (അഹ്‌ലുസ്സുന്ന, പേജ് 40).

''... ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ നിവേദനം ചെയ്ത ഹുദൈഫുത്തുബ്‌നുല്‍ യമാനിന്റെ പ്രസിദ്ധമായ ഹദീസില്‍ (നമ്പര്‍ 708) 'തുല്‍സമു ജമാഅത്തുല്‍ മുസ്‌ലിമീന വ ഇമാമുഹും' എന്നുതന്നെ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. സമുദായം ദുഷിക്കുമ്പോള്‍ മുസ്‌ലിംകളുടെ സംഘത്തോടും അവരുടെ നേതൃത്വത്തോടും നീ പറ്റിച്ചേര്‍ന്ന് നില്‍ക്കുകയെന്നാണ് ഈ വാക്യത്തില്‍ ഹുദൈഫ(റ)യോട് നബി(സ) നിര്‍ദേശിച്ചത്'' (പേജ് 40).

ഇത് രണ്ട് രീതിയില്‍ മനസ്സിലാക്കാം. ഒന്ന്, സ്വഹാബത്തിന്റെ വഴി പിന്തുടരുന്നവര്‍ എല്ലാ കാലത്തുമുണ്ടാവാം. അവരാണ് അഹ്‌ലുസ്സുന്ന. രണ്ട്, എല്ലാ കാലത്തുമുള്ള സുന്നികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘങ്ങള്‍ക്കാണ് അഹ്‌ലുസ്സുന്ന എന്ന് പറയുന്നത്. അവര്‍ ആവിഷ്‌കരിക്കുന്ന ഏത് ആചാരവും വിശ്വാസവും അഹ്‌ലുസ്സുന്നയുടെ വിശ്വാസവും ആചാരവുമായി പരിഗണിക്കണം. ആദ്യം പറഞ്ഞതാണ് ഉദ്ദേശ്യമെങ്കില്‍ അത് സര്‍വസ്വീകാര്യമാണ്. 'ഞാനും എന്റെ സ്വഹാബിമാരും പിന്തുടര്‍ന്നത് പിന്തുടരുന്നവര്‍' എന്ന് നബി(സ) പറഞ്ഞത് ഓര്‍ക്കുമല്ലോ. രണ്ടാമത് പറഞ്ഞതാണ് ഉദ്ദേശ്യമെങ്കില്‍ അത് കാലാകാലങ്ങളില്‍ ആവിഷ്‌കരിക്കുന്ന ബിദ്അത്തുകള്‍ സമൂഹത്തെക്കൊണ്ട് അഗീകരിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അസ്വീകാര്യവും.

'മുസ്‌ലിംകളുടെ സംഘടനയെയും (ജമാഅത്ത്) അവരുടെ നായകനെയും (ഇമാം) വിടാതെ പിടികൂടുക' എന്ന ഹദീസിലെ പ്രയോഗം വിരല്‍ ചൂണ്ടുന്ന കാര്യം എന്താണ്?

ഇബ്‌നു ഹജറുല്‍ അസ്ഖലാനി എഴുതുന്നു: ''തബ്‌രി പറഞ്ഞു: ഒരാളെ അമീറായി നിശ്ചയിക്കുന്നതില്‍ യോജിക്കുകയും അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുന്ന സംഘത്തെ വിടാതെ കൂടുക എന്നതാണ് ശരി.'' അയാളുമായുള്ള ബൈഅത്ത് ലംഘിച്ചവന്‍ ജമാഅത്തില്‍നിന്ന് പുറത്തുപോയി. അദ്ദേഹം പറഞ്ഞു: ജനങ്ങള്‍ക്ക് ഇമാമില്ലാതെ വരികയും അവര്‍ വിവിധ സംഘങ്ങളായി ചേരി തിരിയുകയും ചെയ്താല്‍ ഒരു സംഘത്തിലും ചേരരുത്. സാധ്യമെങ്കില്‍ എല്ലാ സംഘങ്ങളെയും വെടിയുകയും ചെയ്യുക. ശര്‍റില്‍ അകപ്പെട്ടേക്കുമോ എന്ന ഭയമാണ് അതിന് കാരണം'' (ഫത്ഹുല്‍ ബാരി 13:47).

മുസ്‌ലിംകള്‍ക്ക് ഇമാമില്ലാത്ത കാലമാണ് നമ്മുടേത് എന്നത് പ്രത്യേകം പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഗ്രന്ഥകാരന്‍ ഉദ്ധരിച്ച ഹദീസിലെ നിര്‍ദേശം ഒരു സംഘത്തിലും ചേരരുതെന്നാണ്. അപ്പോള്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘം, അല്ലെങ്കില്‍ സമാന രീതിയിലുള്ള സംഘങ്ങള്‍ അഹ്‌ലുസ്സുന്നയും, അദ്ദേഹം വിമര്‍ശിച്ചു പറഞ്ഞ വഹാബികള്‍ (മുജാഹിദും ജമാഅത്തും) അഹ്‌ലുസ്സുന്നത്തിന്റെ പുറത്തും എന്ന കാഴ്ചപ്പാട് തെറ്റും തെറ്റിദ്ധാരണാ ജനകവുമാണെന്ന് വന്നു.

മുകളില്‍ അമീര്‍ എന്നു പറഞ്ഞത് ലോക ഇസ്‌ലാമിക നേതൃത്വത്തെ (ഖലീഫയെ) സംബന്ധിച്ചാണെന്നും അതേ ഗ്രന്ഥത്തില്‍ ഇബ്‌നു ഹജര്‍ പറയുന്നുണ്ട്. ബൈദാവി പറഞ്ഞു: ''ഭൂമിയില്‍ ഖലീഫയില്ലെങ്കില്‍ ഏകാന്തത കൈക്കൊള്ളുകയും കാലഘട്ടത്തിന്റെ തീക്ഷ്ണത കൈയേറ്റ് ക്ഷമിക്കുകയും ചെയ്യുക എന്നാണ് അതിന്റെ താല്‍പര്യം'' (ഫത്ഹുല്‍ ബാരി 13:47).

അപ്പോള്‍ ഹദീസിലെ പരാമര്‍ശം ഗ്രന്ഥകാരന്‍ പറഞ്ഞതല്ലെന്ന് വ്യക്തം. എങ്കില്‍പിന്നെ ഹദീസിലെ തന്നെ 'ഞാനും എന്റെ സ്വഹാബിമാരും കൈക്കൊണ്ട രീതി കൈക്കൊള്ളുന്നവര്‍' എന്ന പരാമര്‍ശത്തിലേക്ക് തിരിച്ചുപോവുകയേ നിര്‍വാഹമുള്ളൂ എന്നു വരും.

കേരളീയ പശ്ചാത്തലത്തില്‍ സുന്നത്തും ബിദ്അത്തും ഏതെങ്കിലുമൊരു കക്ഷിയുടെ മുഖമുദ്രയായി ചിത്രീകരിക്കുന്നതിനു പകരം സ്വഹാബിമാരുടെയും താബിഉകളുടെയും വിശ്വാസാനുഷ്ഠാനങ്ങളുമായി ആര്‍ എത്രത്തോളം താദാത്മ്യം പുലര്‍ത്തുന്നുണ്ട് എന്ന് പരിശോധിച്ച് തീരുമാനിക്കുകയേ സംഗതമാവൂ. അതിനു മുമ്പ് ബിദ്അത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇമാം ശാത്വിബി പറയുന്നു: ഒന്ന്, വൈജ്ഞാനികമായി ഇജ്തിഹാദിന് യോഗ്യതയില്ലാതെ തന്നെ തനിക്കതിനൊക്കെ യോഗ്യതയുണ്ടെന്ന് ധരിക്കുക. തുടര്‍ന്ന് ആ ധാരണക്കൊത്ത് പ്രവര്‍ത്തിക്കുകയും തന്റെ അഭിപ്രായവും മുജ്തഹിദുകളുടേതുപോലെ പരിഗണനീയമായ അഭിപ്രായമായി ഗണിക്കുകയും ചെയ്യുക.

ഈ വശത്തേക്ക് വിരല്‍ ചൂണ്ടുന്ന ഹദീസ് കാണുക: ''മനുഷ്യരില്‍നിന്ന് വിജ്ഞാനം പിടിച്ചെടുത്തുകൊണ്ടല്ല അല്ലാഹു വിജ്ഞാനം ഇല്ലാതാക്കുന്നത്. പിന്നെയോ, പണ്ഡിതന്മാരെ മരിപ്പിച്ചുകൊണ്ടാവും അത് പിടിച്ചെടുക്കുന്നത്. അങ്ങനെ യോഗ്യനായ പണ്ഡിതന്‍ ഇല്ലാതെ വരുമ്പോള്‍ ജനങ്ങള്‍ അജ്ഞാനികളെ നേതാക്കളായി വരിക്കും. അവരോട് ചോദിക്കും. വിവരമില്ലാതെ അവര്‍ ഫത്‌വ നല്‍കും. അവര്‍ സ്വയം വഴിതെറ്റും, മറ്റുള്ളവരെ തെറ്റിക്കുകയും ചെയ്യും'' (ബുഖാരി, കിതാബുല്‍ ഇല്‍മ് 100).

വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ കാര്യം കൈയാളുന്നതിലടങ്ങിയ അപകടം വിവരിച്ചുകൊണ്ട് നബി(സ) ഇപ്രകാരം പറയുന്നുണ്ട്: ''അബൂഹുറയ്‌റയില്‍നിന്ന്: അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ജനങ്ങളെ വഞ്ചനാത്മക വര്‍ഷങ്ങള്‍ ബാധിക്കും. കള്ളം പറയുന്നവരെ അന്ന് സത്യപ്പെടുത്തും. സത്യം പറയുന്നവനെ കള്ളവാദിയെന്ന് വിളിക്കും. വഞ്ചകനെ അന്ന് വിശ്വസ്തനെന്ന് കരുതും. വിശ്വസ്തനും അന്ന് വഞ്ചന കാണിക്കും. റുവൈബിദത്താവും അന്ന് സംസാരിക്കുന്നത്. എന്താണ് റുവൈബിദ എന്ന് ചോദിച്ചു: റസൂല്‍ പറഞ്ഞു: നിസ്സാരനായ മനുഷ്യന്‍ പൊതു കാര്യത്തില്‍ ഇടപെടുകതന്നെ'' (തിര്‍മിദി- ഫിതന്‍ 4036).

ഇഛക്ക് പ്രാധാന്യം നല്‍കുന്നതാണ് രണ്ടാമത്തെ കാര്യം. ബിദ്അത്തുകാരെ അഹ്‌വാഇന്റെ (ഇഛയുടെ) ആളുകള്‍ എന്ന് പറയുന്നത് അതുകൊണ്ടാണ്. പ്രമാണം പരിഗണിച്ച് പ്രവര്‍ത്തിക്കുന്നതിനു പകരം തങ്ങള്‍ ചെയ്യുന്നതിനനുസരിച്ച് പ്രമാണത്തെ വ്യാഖ്യാനിച്ചൊപ്പിക്കാനാവും അവര്‍ ശ്രമിക്കുക. സമൂഹത്തില്‍ മാന്യ സ്ഥാനം ലഭിക്കുക, ജനഹിതത്തിനൊത്ത് ആചാരങ്ങളും വിശ്വാസങ്ങളും രൂപപ്പെടുത്തുക ആദിയായ കാര്യങ്ങള്‍ ഇതിലാണുള്‍പ്പെടുന്നത്. ഇഛ സ്വന്തം ഇഛയാവാം, മറ്റുള്ളവരുടെ ഇഛയുമാവാം.

'അല്ലാഹുവില്‍നിന്നുള്ള മാര്‍ഗദര്‍ശനത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഇഛയെ പിന്തുടരുന്നവനേക്കാള്‍ വഴിതെറ്റിയവന്‍ ആരുണ്ട്' എന്ന് ഖുര്‍ആന്‍ (28:50) ചോദിക്കുന്നത് അതുകൊണ്ടത്രെ.

''ഇബ്‌റാഹീം നഖഇയോട് ചോദിച്ചു: ഇഛയില്‍ ഉത്തമം ഏതാണ്? അദ്ദേഹം പറഞ്ഞു: അതില്‍ ഒന്നിലും അണുത്തൂക്കവും നന്മ അല്ലാഹു നിക്ഷേപിച്ചിട്ടില്ല. പിശാചായ ഒരലങ്കാരം മാത്രമാണത്. പ്രഥമ കാര്യം മാത്രമാണ് കാര്യം. സലഫ് കൈക്കൊണ്ടതു മാത്രം'' (അല്‍ ഇഅ്തിസാം 2/688).

ഒരാള്‍ ഇബ്‌നു അബ്ബാസിനെ സമീപിച്ചുകൊണ്ട് പറഞ്ഞു: ''താങ്കളുടെ ഇഛക്കൊത്ത് നീങ്ങുകയാണ് ഞാന്‍.'' ഇബ്‌നു അബ്ബാസ് പറഞ്ഞു: ''ഇഛ ഏതും ദുര്‍മാര്‍ഗമാണ്. ഞാന്‍ താങ്കളുടെ ഇഛക്കൊത്ത് എന്ന് പറഞ്ഞാല്‍ എന്താണത്?'' (അല്‍ ഇഅ്തിസാം 2: 688).

മൂന്ന്: നാശഹേതുകമായാലും സത്യവിരുദ്ധമായാലും കൊള്ളാം പാരമ്പര്യത്തെ പിന്‍പറ്റുക എന്നതാണ് മൂന്നാമത്തെ കാരണം. പൂര്‍വ പിതാക്കളോ പണ്ഡിതന്മാരോ ഗുരുഭൂതന്മാരോ കൈക്കൊണ്ടുവന്ന കാര്യം പിന്‍പറ്റുക എന്നതാണത്. ഖുര്‍ആനിന്റെ അധിക്ഷേപത്തിന് ശരവ്യമായ അനുകരണമാണത്. ഖുര്‍ആന്‍ ഇപ്രകാരം പറയുന്നുണ്ട്: ''ഇതിനു മുമ്പ് നാം അവര്‍ക്ക് വല്ല ഗ്രന്ഥവും നല്‍കിയിട്ടുണ്ടായിരുന്നുവോ, എന്നിട്ട് അവര്‍ അത് മുറുകെ പിടിച്ചതാണ് എന്നാണോ? അല്ല, അവര്‍ പറഞ്ഞുകളഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഒരു രീതി കൈക്കൊണ്ടത് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവരുടെ കാല്‍പാടുകള്‍ക്കൊത്ത് വഴി സ്വീകരിക്കുകയായിരുന്നു. അതേപോലെ, നിനക്കു മുമ്പ് ഏതൊരു നാട്ടില്‍ മുന്നറിയിപ്പുകാരനെ നിയോഗിച്ചാലും അവിടെയുള്ള സുഖലോലുപന്മാര്‍ പറയും, ഞങ്ങളുടെ പിതാക്കള്‍ ഒരു രീതി പിന്തുടരുന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ അവരുടെ കാല്‍പാടുകള്‍ പിന്തുടരുകയാണ്. അപ്പോള്‍ പ്രവാചകന്‍ ചോദിച്ചു: നിങ്ങളുടെ പിതാക്കള്‍ പിന്തുടര്‍ന്ന് കണ്ടതിലും സന്മാര്‍ഗദായകമായതിനാണ് ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്നുതന്നതെങ്കിലോ? അവര്‍ പറഞ്ഞു: നിങ്ങള്‍ എന്തുമായാണോ നിയുക്തരായിരിക്കുന്നത് അത് ഞങ്ങള്‍ നിഷേധിക്കുകയാണ്'' (ഖുര്‍ആന്‍ 43:21-24).

സ്വഹാബിമാരും താബിഉകളും കൈക്കൊണ്ടുപോന്ന വിശ്വാസാനുഷ്ഠാനങ്ങളില്‍നിന്ന് വ്യത്യസ്തവും അവക്ക് വിരുദ്ധവുമായ വിശ്വാസാനുഷ്ഠാനങ്ങള്‍ കൈക്കൊള്ളുന്നവര്‍ ആരായാലും മേല്‍പറഞ്ഞ മൂന്ന് കാരണങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പെട്ടുപോയവരാണെന്നു കാണാം. ഇതുവെച്ച് വേണം നമ്മുടെ കാലത്തെയും പരിശോധിക്കാന്‍. ഈ പരിശോധനയില്‍ വരേണ്ട വിഷയങ്ങള്‍ രണ്ട് ഇനമായി തിരിക്കാം. ഒന്ന്, പൂര്‍വ പണ്ഡിതന്മാര്‍ പറഞ്ഞത്. രണ്ട്, 'സമസ്ത' പ്രമേയത്തില്‍ ഉള്‍പ്പെടുത്തി പാസ്സാക്കിയത്. പൂര്‍വകാല പണ്ഡിതന്മാര്‍ പറഞ്ഞത് ഇമാം അബ്ദുല്‍ ഖാഹിറുബ്‌നു ത്വാഹിറുല്‍ ഇസ്ഫറായിനി (മരണം ഹി. 429 ക്രി. 1037) പറഞ്ഞതനുസരിച്ചാവാം പരിശോധിക്കുന്നത്. അദ്ദേഹം തന്റെ അല്‍ഫര്‍ഖു ബൈനല്‍ ഫിറഖ് എന്ന ഗ്രന്ഥത്തില്‍ ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു വിഭാഗത്തെ അഹ്‌ലുസ്സുന്നത്തില്‍ ഉള്‍പ്പെട്ടതായി അംഗീകരിക്കാന്‍ പറയുന്ന കാര്യങ്ങള്‍  ഇത്രയുമാണ്.

1. അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുക. 2. അവന്റെ വിശേഷണങ്ങള്‍ (സ്വിഫാത്ത്) അംഗീകരിക്കുക. 3. അവന്റെ നീതിയും യുക്തിയും അംഗീകരിക്കുക. 4. അവന്റെ നാമങ്ങളും ഗുണങ്ങളും അംഗീകരിക്കുക. 5. ദൈവദൂതന്മാരുടെ പ്രവാചകത്വം അംഗീകരിക്കുക. 6. ഖുലഫാഉര്‍റാശിദയുടെ ഖിലാഫത്ത് (ഇമാമത്ത്) അംഗീകരിക്കുക. 7. പരലോകവും മറ്റുമായി ബന്ധപ്പെട്ട ദീനിന്റെ അടിസ്ഥാനങ്ങള്‍ അംഗീകരിക്കുക. 8. കര്‍മശാസ്ത്ര(ഫിഖ്ഹ്)പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇവിടെ പരിഗണനീയമല്ല. അത്തരം വിഷയങ്ങളില്‍ ഭിന്ന വീക്ഷണം പുലര്‍ത്തുന്നവരെ ഫാസിഖുകളെന്നോ ളലാലത്തിലകപ്പെട്ടവരെന്നോ പറയാവതല്ല. 9. അല്ലാഹുവിന്റെ അനാദിത്വം, അവന്റെ അനാദിയായ ഗുണങ്ങള്‍ എന്നിവ അംഗീകരിക്കല്‍. 10. പരലോകത്തു വെച്ച് വിശ്വാസികള്‍ അല്ലാഹുവിനെ ദര്‍ശിക്കുമെന്ന് അംഗീകരിക്കല്‍. 11. അവന്റെ ഗുണങ്ങളെ നിരാകരിക്കാതിരിക്കുകയും അവന് ഏതെങ്കിലും വിധം ആകാരം സങ്കല്‍പിക്കാതിരിക്കുകയും ചെയ്യുക. 12. അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങളിലെല്ലാം വിശ്വസിക്കുക. 13. അവന്റെ ദൂതന്മാരിലെല്ലാവരിലും വിശ്വസിക്കുക. 14. മുഹമ്മദ് നബി(സ)യിലൂടെ അല്ലാഹു അവതരിപ്പിച്ച ശരീഅത്ത് എല്ലാ മനുഷ്യര്‍ക്കും ബാധകമാണെന്നും അത് ലോകാന്ത്യം വരെ നിലനില്‍ക്കുമെന്നും അംഗീകരിക്കുക. 15. നബി(സ)യില്‍നിന്നുദ്ധരിച്ചുവന്ന പ്രബല ഹദീസുകള്‍ അംഗീകരിക്കുക. 16. മരണാനന്തരമുള്ള ഉയിര്‍പ്പും മഹ്ശറില്‍ വെച്ചുള്ള വിചാരണയും ഖബ്‌റില്‍ വെച്ചുള്ള മലക്കുകളുടെ ചോദ്യം ചെയ്യലും അംഗീകരിക്കുക. 17. ഹൗദുല്‍ കൗസര്‍, മീസാന്‍ എന്നിവ അംഗീകരിക്കുക. 18. മുഅ്തസില, ഖവാരിജ്, റാഫിദ (ശീഈകള്‍) തുടങ്ങിയുള്ള വിഭാഗങ്ങളുടെയൊന്നും നവീനാശയങ്ങള്‍ അംഗീകരിക്കാതിരിക്കുക.

ഇത്രയും സംഗതികള്‍ അംഗീകരിക്കുന്നവര്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തില്‍ ഉള്‍പ്പെട്ടവരാണ്. അവരില്‍ ഹദീസിന് പ്രാധാന്യം നല്‍കുന്ന ഇമാമുമാരായ മാലിക്, ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍ എന്നിവരുടെ മദ്ഹബുമായി ബന്ധപ്പെട്ടവരും ഹദീസിനോടൊപ്പം ബുദ്ധിക്ക് കൂടി പ്രാധാന്യം നല്‍കുന്ന അബൂഹനീഫയുടെ മദ്ഹബ് കാഴ്ചപ്പാട് അംഗീകരിക്കുന്നവരും ഇവരിലൊന്നും പെടാത്ത ഔസാഈ, സൗരി എന്നിവരുടെ കാഴ്ചപ്പാട് അംഗീകരിക്കുന്നവരും ഖിയാസിനെത്തന്നെ നിരാകരിക്കുന്ന ദാഹിരീ മദ്ഹബുകാരുമൊക്കെ ഉള്‍പ്പെടും.

ഇനി ഒരാള്‍ സുന്നിയാവാന്‍ നിര്‍ബന്ധമായും അംഗീകരിച്ചിരിക്കണമെന്ന് സമസ്ത 1933 മാര്‍ച്ച് 8-ലെ ഫറോക്ക് പ്രമേയം വഴി പ്രഖ്യാപിച്ച കാര്യങ്ങള്‍ കാണാം:

1. മഹാന്മാരെക്കൊണ്ട് തവസ്സുല്‍ ചെയ്യല്‍. 2. മഹാന്മാരെ വിളിക്കല്‍. 3. മഹാന്മാരോട് നേരിട്ട് പ്രാര്‍ഥിക്കല്‍ (ഇസ്തിഗാസ). 4. മഹാന്മാരുടെ ആസാറുകള്‍ (തിരുശേഷിപ്പുകള്‍) കൊണ്ട് ബറകത്തെടുക്കല്‍. 5. മരിച്ചുപോയ മഹാന്മാര്‍ക്കു വേണ്ടി ധര്‍മം ചെയ്യല്‍. 6. അവരുടെ പേരില്‍ നേര്‍ച്ച കഴിക്കല്‍. 7. അവരുടെ പേരില്‍ ഖുര്‍ആന്‍ ഓതലും ഓതിക്കലും. 8. തല്‍ഖീന്‍ ചൊല്ലല്‍. 9. ഖബ്ര്‍ സിയാറത്തിന് വേണ്ടിയുള്ള യാത്ര. 11. ആയത്ത്, ഹദീസ്, മുഅള്ളമായ അസ്മാഅ്, ബുര്‍ദ എന്നിവ ഉരുവിട്ട് മന്ത്രിക്കല്‍. 12. ഇവ ഉപയോഗിച്ച് ഉറുക്ക് എഴുതിക്കെട്ടല്‍, പിഞ്ഞാണം എഴുതിക്കൊടുക്കലും വെള്ളം, നൂല്‍ മുതലായവ മന്ത്രിച്ചുകൊടുക്കലും. 13. സ്വൂഫി ത്വരീഖത്ത് പിന്തുടരല്‍. 14. റാത്തീബ് ഓതല്‍. 15. ത്വരീഖത്തിലെ ദിക്ര്‍ ചൊല്ലല്‍. 16. ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി എന്നിവ ചൊല്ലല്‍. 17. അസ്മാഉന്നബി, അസ്മാഉല്‍ ബദ്‌രിയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ എന്നിവ ചട്ടമാക്കല്‍. 18. തസ്ബീഹ് മാല ഉപയോഗിക്കല്‍. 19. മന്‍ഖൂസ് മുതലായ മൗലിദുകള്‍ ഓതല്‍. 20. ബദ്‌രിയ്യത്ത് ബൈത്ത്, ബദ്ര്‍ മാല, മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല മുതലായ നേര്‍ച്ചപ്പാട്ടുകള്‍ പാടലും പാടിക്കലും (സമസ്ത 70-ാം വാര്‍ഷിക സ്മരണിക-1996, പേജ് 30).

സമസ്തയുടെ പ്രമേയമനുസരിച്ച് ഈ കാര്യങ്ങളത്രയും അഹ്‌ലുസ്സുന്നത്തിന്റെ ആധാരശിലകളാണ്. അവ അംഗീകരിക്കാത്തവര്‍ മുബ്തദിഉകളും അതിനാല്‍തന്നെ നരകാവകാശികളുമാണ്. തദടിസ്ഥാനത്തിലാണ് തങ്ങളല്ലാത്തവരെയൊക്കെ അവര്‍ തള്ളിപ്പറയുന്നതും വഴിപിഴച്ചവരും നരകാവകാശികളുമെന്ന് വിധിയെഴുതുന്നതും ഇസ്‌ലാമിന്റെ ബദ്ധവൈരികളുമായി ചങ്ങാത്തം കൂടിയാലും ഇത്തരക്കാരുമായി ഒരു ബന്ധവും പാടില്ലെന്ന് തീര്‍പ്പ് കല്‍പിക്കുന്നതും. സുന്നിയാവാന്‍ അനിവാര്യമായും പിന്തുടരേണ്ട സംഗതികളായി പൗരാണിക പണ്ഡിതന്മാരാരും ഇപ്പറഞ്ഞതില്‍ ഒന്നു പോലും എണ്ണിപ്പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല അതില്‍ പലതും നൂറ്റാണ്ടുകള്‍ക്കു ശേഷം രൂപം കൊണ്ടതും അതിനാല്‍തന്നെ അനാചാരവും (ബിദ്അത്ത്) അന്ധവിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്നവയുമാണ്. വേറെ ചിലത് ശീഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയും.

ഇവിടെ നമ്മുടെ പണ്ഡിതന്മാര്‍ക്ക് പിണഞ്ഞ അബദ്ധം ഇമാം ശാത്വിബി നടേ പറഞ്ഞതു തന്നെയാണ്. അറിവില്ലാതെ സ്വയം തത്ത്വങ്ങള്‍ മെനഞ്ഞുണ്ടാക്കുക, പാരമ്പര്യാനുകരണം, സ്വേഛാപൂരണം, പ്രമാണങ്ങളെ സത്യസന്ധമായി പിന്തുടരുന്നതിനു പകരം അവക്ക് ദുര്‍വ്യാഖ്യാനം നല്‍കി അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അംഗീകാരം നല്‍കുക. അതുവഴി സാധിച്ചെടുത്തതോ, അത്തരം ആചാരങ്ങളും വിശ്വാസങ്ങളും അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരെ തൊട്ടു കൂടാത്തവരായി പ്രഖ്യാപിക്കുക എന്നതും. അഹ്‌ലുസ്സുന്നത്തിന്റെ തത്ത്വങ്ങളിലേക്ക് സ്വയം മെനഞ്ഞെടുത്ത തത്ത്വങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് അവര്‍ ചെയ്തത്.

Comments