Prabodhanm Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

അന്തഃസംഘര്‍ഷത്തിന്റെ ബദ്ര്‍

റഹ്മത്തുല്ല മഗ്‌രിബി

ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ ഇരുപത്തി മൂന്നാം രാവ്. മദീനാ നഗരം ആഹ്ലാദത്തിലാണ്. ഒരാഴ്ചത്തെ യുദ്ധത്തിനും യുദ്ധാനന്തര നടപടികള്‍ക്കും ശേഷം മുസ്‌ലിം സൈന്യം തിരിച്ചെത്തിയിരിക്കുന്നു. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികള്‍ അധികവും യാത്രാക്ഷീണം കാരണം തളര്‍ന്നുറങ്ങിയിരിക്കുന്നു. യുദ്ധത്തില്‍ പിടിക്കപ്പെട്ട എഴുപതോളം തടവുകാരുടെ സംരക്ഷണം സ്വഹാബികളില്‍ പലര്‍ക്കായി നല്‍കിയിരിക്കുകയാണ്. ചില തടവുകാരെ മദീനയിലെ പള്ളിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ബദ്ര്‍ യുദ്ധത്തില്‍ മുഹാജിറുകളില്‍നിന്ന് ആറു പേരും അന്‍സ്വാരികളില്‍നിന്ന് എട്ടു പേരും ഉള്‍പ്പെടെ പതിനാലു പേര്‍ മുസ്‌ലിം പക്ഷത്തുനിന്ന് രക്തസാക്ഷികളായിരിക്കുന്നു. എന്നാല്‍ ശത്രുസൈന്യത്തില്‍നിന്ന് നേതാക്കളുള്‍പ്പെടെ എഴുപത് പേര്‍ കൊല്ലപ്പെട്ടിട്ടു്. മറ്റൊരു എഴുപതു പേര്‍ ഇപ്പോള്‍ യുദ്ധത്തടവുകാരായി മദീനയിലുണ്ട് താനും. റമദാനിന്റെ അവസാന പത്താണ്. രാവേറെ വൈകിയും സ്വഹാബികളില്‍ അധിക പേരും പള്ളിയില്‍തന്നെയുണ്ട്. അവരുടെ രാത്രി നമസ്‌കാരവും പ്രാര്‍ഥനയും ഭക്തിയും ഒക്കെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് യുദ്ധത്തില്‍ പിടിക്കപ്പെട്ടവര്‍. യുദ്ധത്തടവുകാരോട് മാന്യമായി വര്‍ത്തിക്കണം എന്ന് നബി നിഷ്‌കര്‍ച്ചിരുന്നു. അതിനാല്‍തന്നെ വീട്ടിലുായിരുന്ന ഗോതമ്പിന്റെ റൊട്ടി തടവുകാര്‍ക്ക്  നല്‍കി, കാരക്കയും വെള്ളവും മാത്രമായിരുന്നു സ്വഹാബികളില്‍ പലരുടെയും ഭക്ഷണം. 

 

അല്‍ അബ്ബാസുബ്‌നു അബ്ദില്‍ മുത്ത്വലിബ് 

സ്വഹാബികള്‍ അവരവരുടെ കര്‍മങ്ങളില്‍ മുഴുകിയിരിക്കവേ, നബി (സ) വളരെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അവിടുന്ന് വീട്ടിലേക്ക് കയറിപ്പോകുന്നു. കുറച്ചു കഴിഞ്ഞ് പള്ളിയിലേക്ക് തിരിച്ചുവരുന്നു, പള്ളിയിലൂടെ നടക്കുന്നു. ഒരു പോള കണ്ണടക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. യുദ്ധത്തില്‍ മുറിവേറ്റ അല്‍ അബ്ബാസ് പള്ളിയില്‍ ഇരിക്കുന്നു്. നബിയുടെ പിതൃവ്യന്‍. ശത്രുപക്ഷത്തുനിന്ന് പിടിക്കപ്പെട്ട യുദ്ധത്തടവുകാരന്‍. ശത്രു നേതാവ് അബൂജഹ്‌ലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി യുദ്ധത്തില്‍ പങ്കുകൊണ്ട ആള്‍. അബ്ബാസിന് യുദ്ധത്തില്‍ മുറിവേറ്റിട്ടു്. ആഴത്തിലുള്ള മുറിവ്. രക്തം കിനിയുന്ന ആ മുറിവിന്റെ വേദന സഹിക്കാനാവാതെ അബ്ബാസ് ഞെരങ്ങിക്കൊണ്ടിരിക്കുന്നു. അബ്ബാസിന്റെ ഞരക്കം കേട്ടിട്ട് നബിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. തന്റെ കളിക്കൂട്ടുകാരനായ പിതൃവ്യന്‍ അബ്ബാസിന് നബിയേക്കാള്‍ മൂന്നു വയസ്സേ കൂടുതലുള്ളൂ. ചെറുപ്പത്തില്‍ ദാരിദ്ര്യമായിരുന്നു രണ്ടു പേര്‍ക്കും. പിന്നെ രണ്ടു പേരും ഐശ്വര്യത്തിലായി. അബ്ബാസ് നല്ല കച്ചവടക്കാരനായിരുന്നു. നബി ഖദീജയെ കല്യാണം കഴിച്ചതോടെ സാമ്പത്തികമായി മെച്ചപ്പെട്ടു. നബിയുടെ മറ്റൊരു പിതൃവ്യനായിരുന്ന, അബ്ബാസിന്റെ ജ്യേഷ്ഠനും നബിയുടെ സംരക്ഷകനുമായിരുന്ന അബൂത്വാലിബ് അപ്പോഴേക്കും കഅ്ബയിലേക്ക് വരുന്ന അതിഥികളെ സല്‍ക്കരിച്ച്(സിഖായത്ത്) ദരിദ്രനായി മാറിയിരുന്നു. രണ്ടു മൂന്ന് തവണ അബ്ബാസ് അദ്ദേഹത്തിന് കടം കൊടുത്തു. കൊടുത്ത കടങ്ങള്‍ തിരിച്ചുതരാന്‍ കഴിയില്ല എന്നുറപ്പായപ്പോള്‍ ആ കടങ്ങള്‍ വിട്ടുകൊടുത്തു. അനാഥനായ തന്നെ വളര്‍ത്തിയ അബൂ ത്വാലിബിന്റെ കുടുംബം പട്ടിണിയിലേക്ക് നീങ്ങുന്നതു ക് നബിയാണ് അബ്ബാസിനോട് ആ ആശയം പറഞ്ഞത്. അബൂത്വാലിബിന്റെ ഓരോ കുട്ടികളെ നമ്മള്‍ ഓരോരുത്തരും എടുത്തു പോറ്റി വളര്‍ത്തുക. ബാക്കിയുള്ളവരെ പോറ്റിയാല്‍ മതിയല്ലോ അദ്ദേഹം. അങ്ങനെ നബി അലിയെയും അബ്ബാസ് ജഅ്ഫറിനെയും ദത്തെടുത്തു. നബിയായതിനു ശേഷവും അബ്ബാസുമായുള്ള ആത്മബന്ധം തിരുദൂതര്‍ തുടര്‍ന്നു. വളരെ പക്വതയോടെ ഇടപെടുന്ന അബ്ബാസ് ഖുറൈശികള്‍ക്കിടയില്‍ മാന്യനും സ്ഥാനമാനങ്ങളുള്ള ആളുമായിരുന്നു.  തന്റെ പ്രിയപ്പെട്ട ആ അബ്ബാസാണ് വേദന സഹിക്കാനാവാതെ കിടന്നു ഞരങ്ങുന്നത്. 

കൃത്യം രണ്ടു വര്‍ഷവും ഒമ്പത് മാസവും മുമ്പാണ് നബിയെ മദീനക്കാര്‍ ഏറ്റെടുക്കുന്ന രണ്ടാം  അഖബാ ഉടമ്പടി നടന്നത്. മിനയിലെ അഖബ കിണറിനടുത്തു വെച്ച് നടന്ന ആ ഉടമ്പടി വളരെ രഹസ്യമായിരുന്നു. അത്രയും രഹസ്യമായ ആ ഉടമ്പടിയില്‍ നബിയുടെ കൂടെ ഉണ്ടായിരുന്നത് തന്റെ വിശ്വസ്തനായ പിതൃവ്യന്‍ അബ്ബാസ് ആയിരുന്നു. തന്റെ സഹോദര പുത്രന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്, ഒരുപാട് ചോദ്യങ്ങളാണ് ഉബാദത്തുബ്‌നു സാമിത്തിനോടും സഅ്ദുബ്‌നു ഉബാദയോടും അന്ന് അബ്ബാസ് ചോദിച്ചത്. മദീനയില്‍നിന്നെത്തിയ എഴുപത്തി മൂന്നു പേരില്‍നിന്നും, തങ്ങളുടെ മക്കളേക്കാള്‍ ഉപരിയായി തങ്ങള്‍ മുഹമ്മദിന് ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കും എന്ന ഉറപ്പ് വാങ്ങിയാണ് അബ്ബാസ് അന്ന് രാത്രി തന്റെ വീട്ടിലേക്ക് പോയത്. അതേ അബ്ബാസ് ഇതാ താന്‍ ആര്‍ക്കു വേണ്ടിയാണോ സംസാരിച്ചത്, ആ മുഹമ്മദിന്റെ, തന്റെ ജ്യേഷ്ഠപുത്രന്റെ എതിര്‍പക്ഷത്ത് യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട്, യുദ്ധക്കളത്തില്‍ വെച്ച് തടവുകാരനായി പിടിക്കപ്പെട്ട് മദീന പള്ളിയില്‍ കിടന്ന് വേദന കൊണ്ട് പുളഞ്ഞു കരയുന്നു. നബിക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും!  

 

മറ്റു ബനൂ ഹാശിം തടവുകാര്‍ 

യുദ്ധത്തില്‍ ബനൂ ഹാശിമില്‍പെട്ടവരെ കണ്ടാല്‍ അവരെ വധിക്കരുത് എന്ന് നബി (സ) അനുചരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ സ്വമേധയാ യുദ്ധത്തിനു വരികയല്ല, അവരെ നിര്‍ബന്ധിച്ചു കൊണ്ടുവരികയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അല്‍ അബ്ബാസ് മാത്രമായിരുന്നില്ല ബനൂ ഹാശിമില്‍നിന്ന് പിടിക്കപ്പെട്ടത്.  തന്നെ ജീവിതാവസാനം വരെ സംരക്ഷിച്ച പിതൃവ്യന്‍ അബൂ ത്വാലിബിന്റെ മകന്‍ അഖീലും തടവുകാരനായി പിടിക്കപ്പെട്ടിരുന്നു. അലിയുടെയും ജഅ്ഫറിന്റെയും ജ്യേഷ്ഠന്‍. ഖുറൈശികളില്‍ ഉന്നത സ്ഥാനമുള്ള അഖീല്‍. ഖുറൈശി വംശാവലിയെപ്പറ്റി ആധികാരികമായി അറിവുള്ള അപൂര്‍വം  ചിലരില്‍ ഒരാള്‍. ചെറുപ്പത്തില്‍ അബൂ ത്വാലിബിന്റെ സംരക്ഷണയില്‍ കഴിയവേ നബിയുടെ ഒപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞ അഖീല്‍. ഇതാ ബദ്ര്‍ യുദ്ധത്തില്‍ തടവുകാരനായി നബിയുടെ മുന്നില്‍. 

മറ്റൊരാള്‍ നൗഫല്‍ ആയിരുന്നു. നബിയുടെ പിതൃവ്യന്‍ ഹാരിസിന്റെ പുത്രന്‍. നബിയെ വളരെ ഇഷ്ടമായിരുന്നു നൗഫലിന്. പക്ഷേ മുസ്‌ലിമായിട്ടുണ്ടായിരുന്നില്ല. അബ്ബാസിന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു നൗഫല്‍. അദ്ദേഹമിതാ ശത്രു പക്ഷത്തു നിന്ന് പിടിക്കപ്പെട്ട് നബിയുടെ മുന്നില്‍ നിസ്സഹായനായി. 

 

അബുല്‍ ആസ്വി 

ഇതിലുമപ്പുറം നബിയെ നൊമ്പരപ്പെടുത്തിയ ഒരു തടവുകാരനുായിരുന്നു- അബുല്‍ ആസ്വി. നബിയുടെ മരുമകന്‍. മൂത്ത മകള്‍ സൈനബിനെ താന്‍ കൈ പിടിച്ചേല്‍പിച്ച മരുമകന്‍. തന്റെ വീട്ടിലേക്ക് വന്നാല്‍ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് സല്‍ക്കരിക്കേണ്ട മകന്‍. തന്റെ പേരക്കിടാങ്ങളുടെ ഉപ്പ. പ്രിയപ്പെട്ട ഉമാമ മോളുടെ പിതാവ്. ഉമാമയെ നബിക്ക് വളരെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ നബി ഖുത്വ്ബ പറയവേ ഉമാമ ഉപ്പാപ്പയെ വിളിച്ച് ചാടിവരുന്നു. നബി മിമ്പറില്‍നിന്ന് താഴെ ഇറങ്ങി ഉമാമയെ എടുത്തുപിടിച്ചുകൊണ്ടാണ് ഖുത്വ്ബയുടെ ബാക്കി പറഞ്ഞത്. എല്ലാറ്റിലുമുപരി തന്റെ പ്രിയതമ ഖദീജയുടെ സഹോദരി ഹാലയുടെ മകനാണ് അബുല്‍ ആസ്വി. ഖദീജ മുന്‍കൈയെടുത്താണ് സൈനബിനെ അബുല്‍ ആസ്വിക്ക് കല്യാണം കഴിച്ചുകൊടുക്കുന്നത്. വളരെ വിശ്വസ്തനും ഖുറൈശികളില്‍ പ്രമുഖനും ആയിരുന്ന അബുല്‍ ആസ്വി ബ്‌നു റബീഅ കച്ചവടക്കാരനായിരുന്നു. ഖുറൈശികളുടെ അമാനത്ത് സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്നു. അതിലുപരി സൈനബ് എന്നുവെച്ചാല്‍ അബുല്‍ ആസ്വിക്ക് ജീവനായിരുന്നു. സൈനബിനു തിരിച്ചും. അബുല്‍ ആസ്വിയിതാ തടവുകാരനായി നബിയുടെ മുന്നില്‍. 

 

സ്വഹാബികളുടെ അന്തഃസംഘര്‍ഷം 

ബദ്ര്‍ കേവലമൊരു യുദ്ധമായിരുന്നില്ല. മറിച്ച്, നബിയുള്‍പ്പെടെ എല്ലാവരെയും കടുത്ത അന്തഃസംഘര്‍ഷങ്ങളില്‍ കൊത്തെിച്ച ഒരു പോരാട്ടമായിരുന്നു. ആദര്‍ശത്തിന്റെ പേരിലുള്ള ബന്ധം തന്നെയാണ് ബന്ധമെന്നും ശത്രു ഉടപ്പിറപ്പാണെങ്കിലും  ശത്രു തന്നെയാണെന്നുമുള്ള തിരിച്ചറിവ് ഉള്‍ക്കൊണ്ട ദിനം. ഏറ്റവും പ്രയാസപ്പെട്ടവരില്‍ ഒരാള്‍ അബൂ ഹുദൈഫയാണ്. അടര്‍ക്കളത്തില്‍ തനിക്കെതിരെ തന്റെ പിതാവ് ഉത്ബത്തും സഹോദരന്‍ വലീദും പിതൃവ്യന്‍ ശൈബത്തും. ആ മൂന്ന് പേരും ബദ്‌റില്‍ ആദ്യം തന്നെ കൊല്ലപ്പെടുകയുണ്ടായി. വലീദിനോട് ഏറ്റുമുട്ടിയത് അലിയും ശൈബയോട് ഏറ്റു മുട്ടിയത് ഹംസയും ആയിരുന്നു. ഉത്ബയോട് ഉബൈദത്തും. രണ്ടു പേരെയും വകവരുത്തിയ ശേഷം അലിയും ഹംസയും കൂടി ഉബൈദത്തിനെ സഹായിക്കാനെത്തി. ഉത്ബയെയും അവര്‍ വകവരുത്തി. ഈ വധങ്ങളാണ് അബൂ ഹുദൈഫയുടെ സഹോദരിയായ ഹിന്ദിനെ ഹംസയെ ചതിച്ചു കൊല്ലാന്‍ ഗൂഢ പദ്ധതി തയാറാക്കാന്‍ പ്രേരിപ്പിച്ചത്.

ബദ്‌റില്‍ കൊല്ലപ്പെട്ട ശത്രുക്കളുടെ മൃതദേഹങ്ങള്‍ ബദ്‌റിന് അടുത്തുള്ള ഖലീബ് കിണറ്റിലാണ് നിക്ഷേപിച്ചത്.  കൂട്ടത്തില്‍ ഉത്ബയുടെ മൃതദേഹം വലിച്ചുകൊണ്ടുപോയപ്പോള്‍ അബൂഹുദൈഫയുടെ മുഖം മങ്ങുന്നത് റസൂല്‍(സ) കണ്ടു. അവിടുന്ന് ചോദിച്ചു: 'താങ്കള്‍ക്ക് പിതാവിന്റെ അവസ്ഥയില്‍ ദുഃഖമുണ്ടോ?' അബൂ ഹുദൈഫ പറഞ്ഞു:  'ഇല്ല, ഒരിക്കലുമില്ല നബിയേ!' അദ്ദേഹം പറഞ്ഞു. 'പക്ഷേ എന്റെ പിതാവിനെ  ബുദ്ധിയും വിവേകവുമുള്ള ഒരാളായിട്ടാണ് ഞാന്‍ കരുതിയിരുന്നത്. അതിനാല്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ, അദ്ദേഹത്തിന് ഈ അവസ്ഥ വന്നു കണ്ടപ്പോള്‍ ഒരു പ്രയാസം.' ഇതുകേട്ടപ്പോള്‍ നബി(സ) അദ്ദേഹത്തിന്റെ നന്മക്കായി പ്രാര്‍ഥിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സ്വന്തം പിതാവിന്റെയും സഹോദരന്റെയും പിതൃവ്യന്റെയും മൃതദേഹങ്ങള്‍ ഖലീബ് കിണറ്റിലിടുന്നത് നോക്കി വിഷമത്തോടെ അബൂ ഹുദൈഫ നിന്നു.  

യഥാര്‍ഥത്തില്‍ മക്കയില്‍നിന്ന് വന്ന മുഹാജിറുകളോട് പൊരുതാന്‍ കൊലവിളിക്കുകയാണ് ഖുറൈശികള്‍ ചെയ്തത്. യുദ്ധത്തിന്റെ തുടക്കത്തില്‍ ഹംസ, നബിയുടെ ജലാശയത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ വന്ന അസ്‌വദിനെ വധിച്ചതൊഴിച്ചാല്‍ നേര്‍ക്കു നേരെ ഖുറൈശികളുമായി ഏറ്റുമുട്ടാന്‍ മുഹാജിറുകള്‍ മുന്നോട്ടു വരാതിരുന്നത്, അടുത്ത ബന്ധുക്കളോടും കുടുംബക്കാരോടും ഏറ്റുമുട്ടേണ്ടിവരുന്ന പ്രയാസകരമായ സാഹചര്യം ഒഴിവാക്കാന്‍ തന്നെയായിരുന്നു. അതിനാല്‍ യുദ്ധകാഹളം മുഴക്കി ഉത്ബയും വലീദും ശൈബയും അടര്‍ക്കളത്തിലേക്ക് ചാടിവീണപ്പോള്‍ അവരെ പ്രതിരോധിക്കാനായി മുസ്‌ലിം പക്ഷത്തുനിന്ന് ഇറങ്ങിയത് ഏതാനും അന്‍സ്വാറുകള്‍ ആയിരുന്നു. ഔഫ്, മഊദ്, അബ്ദുല്ലാഹിബ്‌നു റവാഹ എന്നിവര്‍. എന്നാല്‍ അന്‍സ്വാറുകളെയല്ല, മറിച്ച് മക്കത്തുനിന്ന് ഓടിപ്പോന്ന തങ്ങളുടെ ബന്ധുക്കളായ മുഹാജിറുകളെയാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് ഉത്ബത്തും ശൈബത്തും വലീദും ശഠിച്ചു. സ്വന്തം ബന്ധുക്കളെ നേരിടാന്‍ പ്രയാസപ്പെട്ടു നിന്ന മുഹാജിറുകളെ  പ്രകോപിക്കാനായിരുന്നു ആ ശാഠ്യവും വെല്ലുവിളിയും. വെല്ലുവിളിച്ചവര്‍ ആകട്ടെ, തുടക്കത്തില്‍തന്നെ വധിക്കപ്പെടുകയും ചെയ്തു. 

അബൂ ഹുദൈഫക്ക് ഉത്ബയോടോ വലീദിനോടോ ഏറ്റുമുട്ടേണ്ടിവന്നില്ല. എന്നാല്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ സ്ഥിതി അതായിരുന്നില്ല. അദ്ദേഹത്തിന്റെ അമ്മാവന്‍ ആസ്വു ബ്‌നു ഹിശാം തന്റെ മുന്നില്‍ വന്നു തന്നോട് ഏറ്റുമുട്ടി. നിവൃത്തിയില്ലാതെ ഉമര്‍ ആസ്വിനെ വധിക്കുന്നു. സ്വന്തം അമ്മാവന്‍ എതിര്‍പക്ഷത്ത് യുദ്ധത്തിനു വരിക, വധിക്കേണ്ടിവരിക. അബൂബക്ര്‍ സിദ്ദീഖിനാകട്ടെ, തന്റെ മകന്‍ അബ്ദുല്‍ കഅ്ബയുമായി (അബ്ദുര്‍റഹ്മാന്‍) മുഖാമുഖം ഏറ്റുമുട്ടേണ്ടിവന്നു. പക്ഷേ, വധിക്കപ്പെടുന്നതിനു മുമ്പ് അബ്ദുര്‍റഹ്മാന്‍ രക്ഷപ്പെട്ടു. അബ്ദുര്‍റഹ്മാന്‍ പിന്നീട് ഹുദൈബിയ സന്ധിക്കു ശേഷം മുസ്‌ലിമായി. 

ഇതൊക്കെയായിരുന്നു ബദ്ര്‍. ഒരു ജീവന്മരണ പോരാട്ടം മാത്രമായിരുന്നില്ല. തനിക്ക് വളരെ ഇഷ്ടപ്പെട്ടവരോട് പടവെട്ടേണ്ടിവരുന്ന വിഷമകരമായ സാഹചര്യമാണ് ബദ്ര്‍ സൃഷ്ടിച്ചത്. നിവൃത്തിയില്ലാതെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സര്‍വവും മറന്ന് പോരാടുന്ന സ്വഹാബികളെ നാം കാണുന്നു. എന്നാല്‍ പലരും ദുഃഖവും പ്രയാസവും മനസ്സില്‍ കടിച്ചമര്‍ത്തിയായിരുന്നു 

പോര്‍ക്കളത്തിലേക്ക് എടുത്തുചാടിയത്.

 

തടവുകാരോടുള്ള പെരുമാറ്റം 

പിടിക്കപ്പെട്ടവരെ അപ്പാടെ കൊന്നുകളയണമെന്നും വെറുതെ വിടണമെന്നും രണ്ട് അഭിപ്രായങ്ങളാണ് പ്രധാനമായും സ്വഹാബികളുടെ ഇടയില്‍ ഉയര്‍ന്നുവന്നത്. അവിടെയും നബി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാത സ്വീകരിക്കുകയായിരുന്നു. തടവുകാരെയും കൊണ്ട് അദ്ദേഹവും അനുചരന്മാരും മദീനയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഏറ്റവും നല്ല രൂപത്തില്‍ തടവുകാരോട് പെരുമാറാന്‍ ആവശ്യപ്പെട്ടതിനാല്‍ അങ്ങേയറ്റത്തെ കാരുണ്യത്തോടെയാണ് സ്വഹാബികള്‍ തടവുകാരോട് പെരുമാറിയത്. അവരുടെ ഭക്ഷണ കാര്യത്തില്‍ പോലും അവര്‍ അങ്ങേയറ്റത്തെ ജാഗ്രത പുലര്‍ത്തി. മുസ്അബിന്റെ സഹോദരന്‍ അബുല്‍ അസീസ് പറഞ്ഞ പോലെ, 'അന്‍സ്വാറുകള്‍ കാരക്ക തിന്നപ്പോള്‍ അവര്‍ എനിക്ക് ഗോതമ്പ് റൊട്ടി തന്നു'. തങ്ങളേക്കാള്‍ മുന്‍ഗണന യുദ്ധത്തടവുകാര്‍ക്ക് കൊടുത്ത അന്‍സ്വാറുകള്‍ ലോകത്തിനു തന്നെ വലിയ മാതൃകയാണ് കാട്ടിയത്. ഇതേ അഭിപ്രായം നബിയുടെ മരുമകന്‍ അബുല്‍ ആസ്വിയും പറയുന്നുണ്ട്. കാരക്കയും റൊട്ടിയും മാത്രമുണ്ടാവുകയും റൊട്ടി വളരെ കുറവാകുകയും ചെയ്തപ്പോള്‍ വരെ യുദ്ധത്തടവുകാര്‍ക്ക്  റൊട്ടിയും തങ്ങള്‍ക്ക്  കാരക്കയും മതി എന്ന് തീരുമാനമെടുത്തു അവര്‍. വലീദുബ്‌നു വലീദ് ഇബ്‌നു മുഗീറയും 'അവര്‍ നടക്കുമ്പോള്‍ ഞങ്ങളെ ഒട്ടകപ്പുറത്ത് കയറ്റിയിരുന്നു' എന്ന് പറയുന്നുണ്ടണ്ടണ്ട്.

മദീനാ പള്ളിയിലെ തൂണില്‍ ബന്ധിതനായ അബ്ബാസ് വേദന കൊണ്ട് പുളഞ്ഞു ഞരങ്ങുന്നു. നബി ഉറക്കമില്ലാതെ നടക്കുന്നതു കണ്ട സ്വഹാബികളിലാരോ ചോദിച്ചു: 'എന്താണ് നബിയേ താങ്കള്‍ക്ക്  ഉറങ്ങാന്‍ സാധിക്കാത്തത്?' നബി പറഞ്ഞു: 'അബ്ബാസിന്റെ ഞരക്കം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു'. സ്വഹാബികള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഞരക്കം നില്‍ക്കുന്നു. അബ്ബാസിന് എന്തോ ആശ്വാസം ലഭിച്ച പോലെ. നബി ചോദിച്ചു. 'എന്തു പറ്റി? ഞാനിപ്പോള്‍ അബ്ബാസിന്റെ ഞരക്കം കേള്‍ക്കുന്നില്ലല്ലോ.' ആരോ പറഞ്ഞു: 'ഞാനദ്ദേഹത്തിന്റെ കെട്ട് അഴിച്ചിട്ടുണ്ട്. ആശ്വാസം ലഭിച്ചിരിക്കാം.' അപ്പോള്‍ നബി പറഞ്ഞു: 'എങ്കില്‍ എല്ലാവരുടെയും കെട്ടുകള്‍ അഴിച്ചേക്കൂ.' അങ്ങനെ തൂണില്‍ ബന്ധിതരായിരുന്നവര്‍ ഒക്കെ കെട്ടഴിക്കപ്പെട്ടു. 

സ്വുബ്ഹ് നമസ്‌കാരാനന്തരം നബി സ്വഹാബത്തിനോട് പറഞ്ഞു: 'അബ്ബാസിനെ മോചനദ്രവ്യം (ഫിദ്‌യ) വാങ്ങി വിടാന്‍ ഉദ്ദേശിക്കുന്നു.' പിതൃവ്യനാണെന്നു വെച്ച് സ്വന്തക്കാര്‍ക്കു വേണ്ടി ഒരു ഒരൊഴികഴിവും നല്‍കാന്‍ നബി ഉദ്ദേശിച്ചിരുന്നില്ല. അബ്ബാസിനോട് ഇരുപത് ഊഖിയ (ഇന്നത്തെ എഴുപത്തഞ്ച് പവന്‍) വാങ്ങിയാണ് നബി തിരികെ വിട്ടത്. തന്റേതു മാത്രമല്ല, സഹോദര പുത്രന്മാരായ അഖീലിന്റെയും നൗഫലിന്റെയും തന്റെ ബന്ധുവായിരുന്ന അതബയുടെയും മോചനദ്രവ്യം അബ്ബാസ് തന്നെയാണ് നല്‍കിയത്. തിരികെ മക്കയിലേക്ക് പോയ അബ്ബാസ് മക്കാ വിജയത്തിന്റെ തൊട്ടു മുമ്പായി ഇസ്‌ലാം സ്വീകരിച്ച് മദീനയില്‍ ചെന്നു. അവസാനത്തെ മുഹാജിറായിട്ടാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. നൗഫല്‍ ഇസ്‌ലാം സ്വീകരിച്ചു അബ്ബാസിന്റെ കൂടെ മദീനയിലേക്ക് പോയി. ഹുനൈന്‍-ത്വാഇഫ് യുദ്ധ വേളകളില്‍ നബിയുടെ കൂടെ ഉറച്ചുനിന്നവരില്‍ നൗഫലും പെടുന്നു. 

യുദ്ധത്തടവുകാരോടുള്ള മുസ്‌ലിംകളുടെ മാന്യമായ പെരുമാറ്റം അവരില്‍ വലിയ സ്വാധീനമുണ്ടാക്കി. പലരും അതിനു ശേഷം ഇസ്‌ലാമിലേക്ക് വന്നു. മക്കയിലെ പ്രമുഖരായ യുദ്ധത്തടവുകാരുടെ അക്ഷര ജ്ഞാനം ഉപയോഗപ്പെടുത്തി പത്ത് മുസ്‌ലിം കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ചാല്‍ വെറുതെ വിടാമെന്നായിരുന്നു അവര്‍ക്ക്  ലഭിച്ച വാഗ്ദാനം. അതും ചരിത്രത്തിലെ മറ്റൊരു അത്ഭുതം. അങ്ങനെ ഓരോരുത്തരായി മക്കയിലേക്ക് മടങ്ങി.   

അബുല്‍ ആസ്വിയുടെ കാര്യം അല്‍പം നൊമ്പരപ്പെടുത്തുന്നതായിത്തന്നെ അവശേഷിച്ചു. നബിയുടെ മകള്‍ സൈനബ് മക്കയില്‍തന്നെ ആയിരുന്നു. പക്ഷേ മുസ്‌ലിമായിരുന്നു. അബുല്‍ ആസ്വി ആവട്ടെ, മുസ്‌ലിമായിട്ടില്ല താനും. അബുല്‍ ആസ്വി ബന്ധിതനായ വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കാന്‍ സൈനബ് കുറച്ച് സ്വര്‍ണം കൊടുത്തയച്ചു.  അങ്ങേയറ്റം സ്‌നേഹിക്കുന്ന ദമ്പതികളായിരുന്നു അബുല്‍ ആസ്വിയും സൈനബും. നബിയുടെ മകള്‍ റുഖിയ്യയുടെ വിവാഹം അബൂലഹബിന്റെ മകന്‍ ഉത്ബയുമായി ഉറപ്പിച്ചുവെച്ചിരുന്നു. നബി പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അബൂലഹബ് ഇടപെട്ട് ആ വിവാഹം മുടക്കി. ഖുറൈശികള്‍ അബുല്‍ ആസ്വിയോടും സൈനബിനെ ഒഴിവാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ നിങ്ങളെന്തു പറഞ്ഞാലും എന്റെ പ്രിയതമയെ ഞാന്‍ ഒഴിവാക്കില്ലാ എന്ന് തീര്‍ത്തുപറഞ്ഞു അബുല്‍ ആസ്വി. അതേ സ്‌നേഹമാണ് അബുല്‍ ആസ്വി തടവുകാരനായിരിക്കുമ്പോള്‍ സൈനബും കാണിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ മോചനദ്രവ്യമായി പലയിടത്തുനിന്നും സ്വരൂപിച്ച സ്വര്‍ണമാണ് നബിയുടെ അടുത്തേക്ക് സൈനബ് അയച്ചത്. അത് തുറന്നു നോക്കിയ നബി അതില്‍ സൈനബിനെ കല്യാണം കഴിപ്പിക്കുന്ന സമയത്ത് തന്റെ പ്രിയതമ ഖദീജ കഴുത്തില്‍നിന്ന് ഊരിക്കൊടുത്ത ഒരു മാലയും കണ്ടു. ഖദീജയുടെ കഴുത്തില്‍ കിടന്നിരുന്ന ആ മാല കണ്ടപ്പോള്‍ നബി, പ്രിയതമ ഖദീജയുടെ ഓര്‍മയില്‍ വിതുമ്പിപ്പോയി. സൈനബിന് ആകെയുള്ള ഒരു മാല. സൈനബ് തന്റെ ഉമ്മയുടെ സ്മരണക്ക് ഇപ്പോഴും കൊണ്ടുനടക്കുന്ന ആ മാല, പ്രിയതമനെ മോചിപ്പിക്കാന്‍ വേണ്ടി കൊടുത്തയച്ചിരിക്കുന്നു. മകളെയും അവളുടെ ഉമ്മയെയും ഓര്‍ത്ത്  അവിടുന്ന് കരഞ്ഞു. പിന്നെ അനുചരന്മാരോട് പറഞ്ഞു: ''അബുല്‍ ആസ്വിയെ മോചിപ്പിക്കാന്‍ സൈനബ് അയച്ചതാണീ സ്വര്‍ണം. അബുല്‍ ആസ്വിയെ സൈനബിന് മടക്കിക്കൊടുക്കാനും സ്വര്‍ണം അവള്‍ക്ക് തിരിച്ചുകൊടുക്കാനും നിങ്ങള്‍ തീരുമാനിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യുക.'' സ്വഹാബികള്‍ പറഞ്ഞു: 'അങ്ങനെ തന്നെ ചെയ്യാം.' പക്ഷേ, അബുല്‍ ആസ്വിയോട് നബി ഒരു നിബന്ധന വെച്ചു; മക്കയില്‍ എത്തിയാല്‍ സൈനബിനെ മദീനയിലേക്ക് അയക്കണം. അങ്ങനെ അബുല്‍ ആസ്വി മക്കയില്‍ ചെന്നു. ഏറെ താമസിയാതെ സൈനബ് മദീനയിലുമെത്തി. തുടര്‍ന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ സിറിയയില്‍നിന്ന് കച്ചവടം കഴിഞ്ഞു വരവേ മുസ്‌ലിം സൈന്യത്തിന്റെ പിടിയില്‍പെടുന്നു അബുല്‍ ആസ്വി. സൈനബ് അദ്ദേഹത്തിന് അഭയം കൊടുക്കുന്നു. മുസ്‌ലിം സമൂഹത്തോട് അത് അംഗീകരിക്കാന്‍ അപേക്ഷിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്  മുസ്‌ലിംകള്‍ വിട്ടുകൊടുത്ത കച്ചവടച്ചരക്കുമായി മക്കയിലെത്തിയ അബുല്‍ ആസ്വി മക്കയിലെ ചിലര്‍ തന്റെ പക്കല്‍ ഏല്‍പിച്ച അമാനത്തുകളെല്ലാം തിരിച്ചേല്‍പ്പിച്ച ശേഷം മക്കയില്‍ വെച്ച് തന്നെ  ഇസ്‌ലാം സ്വീകരിച്ച്  മദീനയിലേക്ക് വരികയാണുായത്. 

അങ്ങനെ ബദ്ര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരില്‍ മിക്കവാറും ഇസ്‌ലാമിലേക്ക് വരികയും തുടര്‍ന്നുള്ള അവരുടെ ജീവിതം ഇസ്‌ലാമിനു വേി സമര്‍പ്പിക്കുകയുമായിരുന്നു.

Comments