Prabodhanm Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

ഐക്യം വിളംബരം ചെയ്യുന്ന അഹ്‌ലുസ്സുന്ന

അബൂബക്ര്‍, ഉമര്‍(റ) എന്നീ ഖലീഫമാരുടെ ഭരണകാലത്ത് ഇസ്‌ലാമിക സമൂഹം എല്ലാ വെല്ലുവിളികളെയും സംഘടിതമായാണ് ചെറുത്തുതോല്‍പ്പിച്ചത്. മൂന്നാം ഖലീഫ ഹസ്രത്ത് ഉസ്മാന്റെ ആദ്യ ആറു വര്‍ഷങ്ങളിലും ഈ നില തുടര്‍ന്നു. പിന്നീടാണ് കുഴപ്പങ്ങള്‍ തുടങ്ങുന്നത്. ഉസ്മാന്‍(റ) കലാപകാരികളുടെ കൈകളാല്‍ വധിക്കപ്പെട്ടു. ഹസ്രത്ത് അലി(റ)യുടെ ഭരണകാലത്ത് രണ്ടു തവണ മുസ്‌ലിംകള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ജമല്‍, സ്വിഫ്ഫീന്‍ യുദ്ധങ്ങളില്‍. പിന്നെ ഖവാരിജിനെതിരെ നഹ്‌റുവാന്‍ യുദ്ധം. അതില്‍ പരാജിതരായ ഖവാരിജ് നാലാം ഖലീഫയെത്തന്നെ വധിച്ചുകൊണ്ട് പ്രതികാരം ചെയ്തു. മുസ്‌ലിം സമൂഹത്തിന്റെ കെട്ടുറപ്പും ഐക്യവും ശിഥിലമായ ഈ ഘട്ടത്തിലാണ് പലതരം ചിന്താഗതിക്കാര്‍ രംഗത്തുവരുന്നത്. അവരുടെ ആശയഗതികള്‍ പലതും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് കടകവിരുദ്ധമായിരുന്നു. ഇത് ശൈഥില്യത്തിന് ആക്കം കൂട്ടുമെന്ന് മനസ്സിലാക്കിയ നേതാക്കളും പണ്ഡിതന്മാരും മുസ്‌ലിം മുഖ്യധാരയെ ഇസ്‌ലാമിക പ്രമാണങ്ങളിലും നബിയുടെയും അനുചരന്മാരുടെയും ജീവിതചര്യകളിലും ഉറപ്പിച്ചുനിര്‍ത്താന്‍ നടത്തിയ വിപുലമായ യത്‌നങ്ങളുടെ ഫലമായിട്ടാണ് അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃ രൂപംകൊള്ളുന്നത്.

ഇത് ഏതെങ്കിലും സംഘടനയുടെ പേരല്ല. ഇസ്‌ലാമിക പ്രമാണങ്ങളെയും നബിചര്യയെയും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന എല്ലാ സംഘടനകളെയും സ്ഥാപനങ്ങളെയും കൂട്ടായ്മകളെയും ഉള്‍ക്കൊള്ളുന്ന പ്രയോഗമാണത്. ശാഖാപരമായ ഭിന്നതകള്‍ ഒരിക്കലും ഒരു സംഘത്തിന്റെയും അഹ്‌ലുസ്സുന്നയിലുള്ള അംഗത്വം നഷ്ടപ്പെടുത്തിക്കളയില്ല. പേരിലെ 'അല്‍ജമാഅ' എന്ന വാക്ക് വളരെ പ്രസക്തമാണ്. 'നിങ്ങള്‍ ഒന്നിച്ചുനില്‍ക്കൂ' എന്ന നബിവചനത്തില്‍നിന്നാണ് അതെടുത്തിട്ടുള്ളത്. അതിനാല്‍ അടിസ്ഥാനങ്ങളില്‍ വ്യതിചലിക്കാത്ത എല്ലാ മുസ്‌ലിം വിഭാഗങ്ങളെയും ചേര്‍ത്തു നിര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമേ ആ പ്രയോഗത്തിന് സാധുതയുണ്ടാവൂ. നിര്‍ഭാഗ്യവശാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് തങ്ങളുടെ സംഘടനയുടെ പേരാണെന്ന് തെറ്റിദ്ധരിച്ചുപോയ ചില വിഭാഗങ്ങളെങ്കിലുമുണ്ട്. അവര്‍ മറ്റു വിഭാഗങ്ങളെ, അവര്‍ തമ്മിലുള്ള ഭിന്നത ഊതിപ്പെരുപ്പിച്ച് അഹ്‌ലുസ്സുന്നയില്‍നിന്ന് പുറംതള്ളാന്‍ ശ്രമിക്കുന്നു. ഈ മഹാ കൂട്ടായ്മയുടെ സ്ഥാപിത ലക്ഷ്യത്തെ നിര്‍വീര്യമാക്കുന്നതാണ് അത്തരം സങ്കുചിതമായ നിലപാടുകള്‍. 

ഇസ്‌ലാമിക സമൂഹം ഇന്ന് വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുസ്‌ലിം രാഷ്ട്രങ്ങളും സമൂഹങ്ങളും പല രീതിയില്‍ ശിഥിലീകരിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. വിഭാഗീയതകള്‍ക്കും ശൈഥില്യങ്ങള്‍ക്കും ആക്കം കൂട്ടാന്‍ സാമ്രാജ്യത്വ-സയണിസ്റ്റ് ശക്തികള്‍ അവര്‍ക്കാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇതിന് വളം വെച്ചുകൊടുക്കുന്ന രീതിയിലാണോ തങ്ങളുടെ പ്രവൃത്തികളെന്ന് ഓരോ മുസ്‌ലിം കൂട്ടായ്മയും ആലോചിക്കേണ്ടതുണ്ട്. എന്ത് വില കൊടുത്തും ഐക്യം കാത്തുസൂക്ഷിക്കേണ്ട നിര്‍ണായക ചരിത്ര സന്ദര്‍ഭമാണിത്; ലോകതലത്തിലും ദേശീയതലത്തിലും. രാഷ്ട്രങ്ങള്‍ തമ്മിലും കൂട്ടായ്മകള്‍ തമ്മിലും അഭിപ്രായ ഭിന്നതകളും വഴക്കുകളും ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. കൂടിയാലോചനയിലൂടെയും കൂട്ടായ ചര്‍ച്ചകളിലൂടെയുമാണ് അവക്ക് പരിഹാരം കാണേണ്ടത്. സുഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഒരുവശത്തും ഖത്തര്‍ മറുവശത്തുമായി രൂപപ്പെട്ട പ്രതിസന്ധി ഇതെഴുതുമ്പോള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ഉടന്‍ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം ഒ.ഐ.സി, ജി.സി.സി പോലുള്ള കൂട്ടായ്മകളെയും അത് ദോഷകരമായി ബാധിക്കും. അഹ്‌ലുസ്സുന്ന എന്ന ഈ മഹാ പ്രസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയായി അതിനെ കാണാന്‍ കഴിയണം. 

Comments