വികസനത്തെ കുറിച്ച ഒരു കാഴ്ചപ്പാടാണ് സകാത്ത്
ഖുര്‍ആന്‍ 27 സ്ഥലങ്ങളില്‍ നമസ്‌കാരത്തെയും സകാത്തിനെയും ചേര്‍ത്തു പറഞ്ഞു. നമസ്‌കാരം എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാണ്. സകാത്ത് അങ്ങനെയല്ല. നിശ്ചിത സമ്പത്തുള്ളവര്‍ക്ക് മാത്രം ബാധകമായതാണ്. എന്നിട്ടും എന്തുകൊണ്ട് എല്ലാവര്‍ക്കും ബാധകമായ സ്വലാത്തിനെയും ന്യൂനപക്ഷത്തിനു മാത്രം ബാധകമായ സകാത്തിനെയും ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ ചേര്‍ത്തു പറഞ്ഞു? സ്വലാത്തും സകാത്തും കര്‍മങ്ങള്‍ മാത്രമല്ല, പ്രതിനിധാനങ്ങള്‍ കൂടിയാണ്. നമസ്‌കാരത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന, നമസ്‌കാരം പ്രതിനിധീകരിക്കുന്ന വേറെയും കുറേ കര്‍മങ്ങളുണ്ട്. ജുമുഅ, പ്രാര്‍ഥനകള്‍, ദിക്‌റുകള്‍, ഐഛിക നമസ്‌കാരങ്ങള്‍, ആത്മീയ ഉദ്‌ബോധനങ്ങള്‍ തുടങ്ങിയവ. പള്ളിയാണ് ഇസ്‌ലാമിന്റെ ഈ ഭാവത്തിന്റെ സ്ഥാപന പ്രതീകം. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ് സ്വലാത്ത്. സകാത്ത് പ്രതിനിധീകരിക്കുന്നത് ഇസ്‌ലാമിന്റെ മാനവികതയെയാണ്. മനുഷ്യരുമായി ബന്ധപ്പെട്ട ഇസ്‌ലാമിലെ മുഴുവന്‍ കാര്യങ്ങളുടെയും തലവാചകമാണ് സകാത്ത്. പ്രാര്‍ഥനയെക്കുറിച്ച് മാത്രം പറയുന്ന മതങ്ങളുടെയും സാമ്പത്തിക സമത്വത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന പ്രത്യയശാസ്ത്രങ്ങളുടെയും ലോകത്ത് സ്വലാത്തിനെക്കുറിച്ചും സകാത്തിനെക്കുറിച്ചും സംസാരിക്കുന്ന ദിവ്യാത്ഭുതമാണ് ഇസ്‌ലാം. രാഷ്ട്രമാണ് ഇസ്‌ലാമിന്റെ ഈ ഭാവത്തിന്റെ സ്ഥാപന പ്രതീകം. ഇസ്‌ലാമിലെ പള്ളി സ്വലാത്തിന്റെ മാത്രമല്ല സകാത്തിന്റെയും കേന്ദ്രമാണ്. എങ്കിലും പള്ളിക്ക് അലൗകികമായ പരിപാവനതയുണ്ട്. സകാത്തും സ്വലാത്തും കര്‍മം മാത്രമല്ല, പ്രതീകം കൂടിയാണ് എന്നതായിരിക്കാം എല്ലാവര്‍ക്കും ബാധകമായ സ്വലാത്തിനെ, എല്ലാവര്‍ക്കും ബാധകമല്ലാത്ത സകാത്തിനോട് ചേര്‍ത്തു പറഞ്ഞതിന്റെ യുക്തി. സകാത്ത് പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്റെ മാനവിക ബാധ്യതകള്‍ എല്ലാവര്‍ക്കും ബാധകമായതാണ്. വിശ്വാസികള്‍ വിജയികളാണെന്ന് പ്രഖ്യാപിച്ച ശേഷം അവരുടെ അടയാളമായി അല്ലാഹു പറയുന്നത് അവര്‍ നമസ്‌കാരത്തില്‍ ഭയഭക്തി പുലര്‍ത്തുന്നവരാണ്, സകാത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് (അല്‍മുഅ്മിനൂന്‍ 1-4).
താനല്ലാത്തവരെക്കുറിച്ച കരുതലിനാല്‍ നിര്‍ഭരമാണ് ഇസ്‌ലാം. ഈ കരുതലിന്റെ ഊര്‍ജകേന്ദ്രം സകാത്താണ്. നീതിയുടെ രാഷ്ട്രീയവും ജീവകാരുണ്യ കാര്യങ്ങളും പിറവിയെടുക്കുന്നത് സകാത്ത് സൃഷ്ടിക്കുന്ന സാംസ്‌കാരിക ആവാസ വ്യവസ്ഥയില്‍നിന്നാണ്. സകാത്തുള്ള മതത്തിന് വിഭവ വിതരണത്തിലെ അനീതിയെക്കുറിച്ച് അശ്രദ്ധരാവാന്‍ കഴിയില്ല.
സമ്പത്തിന്റെ വിതരണത്തെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള ഒരു കാഴ്ചപ്പാടിന്റെ പേരാണ് സകാത്ത്. ബഹുദൈവത്വത്തിന്റെയും മുതലാളിത്തത്തിന്റെയും വികസന കാഴ്ചപ്പാടിനെതിരായ അതിശക്തമായ തിരുത്താണ് സകാത്ത്. സമ്പന്നന്റെ സമ്പത്തില്‍ ദരിദ്രന് അവകാശമുണ്ടെന്നതാണ് സകാത്തിന്റെ ആത്മാവ്. ദാരിദ്ര്യം ദരിദ്രന്‍ മാത്രം പരിഹരിക്കേണ്ട ഒന്നല്ല എന്നതാണ് അതിന്റെ വിശദീകരണം. വ്യക്തിപരമായ കാരണത്താല്‍ മാത്രമല്ല ദാരിദ്ര്യം ഉണ്ടാവുന്നത്. വ്യക്തിപരമായ പരിശ്രമം കൊണ്ടു മാത്രം ദരിദ്രന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടുകൊള്ളണമെന്നില്ല. ദരിദ്രന്റെ പ്രശ്‌നങ്ങളില്‍ സമൂഹത്തിന് ബാധ്യതകളുണ്ട്. ആഗോളവത്കരണത്തിന്റെ ശില്‍പികളായിരുന്നു അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും അമേരിക്കന്‍ പ്രസിഡന്റ് റൊനാള്‍ഡ് റെയ്ഗണും. ദാരിദ്ര്യത്തെക്കുറിച്ച് മാര്‍ഗരറ്റ് താച്ചറുടെ കുപ്രസിദ്ധമായ പ്രസ്താവനയുണ്ട്: ''ദാരിദ്ര്യമെന്നാല്‍ ദരിദ്രന്റെ കഴിവുകേടിന്റെ പേരാണ്.'' ഇത് യഥാര്‍ഥത്തില്‍ പുതിയ പ്രസ്താവനയല്ല. നിങ്ങള്‍ക്ക് ദൈവം നല്‍കിയതില്‍നിന്ന് ദരിദ്രര്‍ക്ക് വേണ്ടി ചെലവഴിക്കണമെന്ന് വിശ്വാസികള്‍ നിഷേധികളോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്, 'അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ ഭക്ഷിപ്പിക്കുമായിരുന്ന ഒരു കൂട്ടരെ ഞങ്ങള്‍ ഭക്ഷിപ്പിക്കണമെന്നോ? നിങ്ങള്‍ വ്യക്തമായ വഴികേടിലാണ്' (യാസീന്‍ 47) എന്നാണ്. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ദൈവത്തെ ചേര്‍ത്തു പറഞ്ഞ കാര്യം തന്നെയാണ് സോഷ്യല്‍ ഡാര്‍വിനിസ്റ്റുകള്‍ പ്രകൃതിയോട് ചേര്‍ത്തു പറയുന്നത്. ലോകം അതിജീവനത്തിനായുള്ള സമരമാണ്. അര്‍ഹതയുള്ളതാണ് അവിടെ അതിജീവിക്കുക (Survival of the Fittest). കാരുണ്യവും നീതിയും പ്രസക്തമല്ലാത്ത ഈ അതിജീവന സമരത്തെ ബഹുദൈവത്വം ദൈവത്തോട് ചേര്‍ത്തും ഭൗതികവാദം പ്രകൃതിയോട് ചേര്‍ത്തും ന്യായീകരിക്കുന്നു. ഏറ്റുമുട്ടാനും മറ്റുള്ളവരെ തോല്‍പിക്കാനും ശേഷിയുള്ളതാണ് അതിജീവിക്കല്‍ എന്ന് സോഷ്യല്‍ ഡാര്‍വിനിസം പറയുമ്പോള്‍, ഖുര്‍ആന്‍ പറയുന്നത് പൊതു ജനത്തിന് ഉപകാരപ്പെടുന്നതാണ് ഭൂമിയില്‍ നിലനില്‍ക്കുക എന്നാണ്. അല്ലാത്തവയെല്ലാം, അസത്യമായതെല്ലാം, പൊതുജന താല്‍പര്യവിരുദ്ധമായതെല്ലാം താല്‍ക്കാലിക ചന്തം സൃഷ്ടിക്കുന്ന നുരയും പതയും മാത്രമാണെന്നാണ് (അര്‍റഅ്ദ് 18).
ദൈവം മരിച്ചിരിക്കുന്നു, ഞാനിപ്പോള്‍ ശവസംസ്‌കാരം കഴിഞ്ഞാണ് വരുന്നത് എന്നു പറഞ്ഞ ഫെഡ്രറിക് നീത്‌ഷേയാണ് ഭൗതികവാദത്തിന്റെ വികസന വിഭവ വിതരണ കാഴ്ചപ്പാട് ഏറ്റവും ശക്തിയില്‍ വിശദീകരിച്ചത്. അദ്ദേഹം ദൈവത്തിലല്ല അതിമാനുഷനിലാണ് വിശ്വസിച്ചിരുന്നത്. അപാരമായ കരുത്തും അധികാര മോഹവും ദയാരാഹിത്യവുമുള്ള മനുഷ്യരാണ് അതിമാനുഷര്‍. അവരല്ലാത്ത മറ്റു മനുഷ്യരെക്കുറിച്ച് അല്ലെങ്കില്‍ ദുര്‍ബലരെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ''ഞാന്‍ സത്യമായും നിങ്ങളോട് പറയുന്നു. വീഴുന്നവന് ഒരു ഉന്തുകൂടി കൊടുത്തേക്കുക.'' സാധാരണ മനുഷ്യരോട് അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ വെറും പാലങ്ങള്‍, നിങ്ങളേക്കാള്‍ ഉന്നതര്‍ നിങ്ങളെ ചവിട്ടി കടന്നുപോവട്ടെ, നിങ്ങള്‍ വെറും പടവുകള്‍, അതിനാല്‍ നിങ്ങളെ ചവിട്ടിപ്പോകുന്നവരോട് നിങ്ങള്‍ ക്രോധിക്കരുത്.''
ദൈവം, മതം എന്നിവ ശക്തിമാനെതിരായ ദുര്‍ബലന്റെ ഗൂഢാലോചനയാണ് എന്നാണ് നീത്‌ഷേ പറഞ്ഞത്. ഇതേക്കുറിച്ച് ബെഗോവിച്ച് ഇങ്ങനെ എഴുതുന്നുണ്ട്: ''ദുര്‍ബലര്‍ ശക്തരെ കബളിപ്പിക്കാന്‍ കണ്ടുപിടിച്ചതാണ് മതങ്ങളെന്ന് നീത്‌ഷേ അവകാശപ്പെട്ടു. നേരെ വിപരീത ധാരണയാണ് മാര്‍ക്‌സ് പുലര്‍ത്തിയത്. സാങ്കല്‍പികമാണ് മതങ്ങളെങ്കില്‍ നീത്‌ഷേയുടെ വ്യാഖ്യാനമാണ് കൂടുതല്‍ തൃപ്തികരം. കാരണം ദുര്‍ബലര്‍ക്ക് സമത്വാവകാശത്തിനുള്ള അടിസ്ഥാനം മതം മാത്രമായിരിക്കുമല്ലോ, മതമൊഴികെ ശാസ്ത്രമുള്‍പ്പെടെ മറ്റെല്ലാം മനുഷ്യന്റെ അസമത്വത്തെ സ്ഥിരീകരിക്കുന്നു. എന്തുകൊണ്ടാണ് പള്ളി, ചര്‍ച്ച്, അമ്പലം എന്നിവയുടെ പ്രവേശന കവാടങ്ങളില്‍ ധാരാളം അംഗവൈകല്യമുള്ളവര്‍ ചുറ്റിക്കൂടുന്നത്? ഒന്നും കാണിക്കാനും തെളിയിക്കാനും ഇല്ലാത്തവര്‍ക്കാണ് ദേവാലയത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നത്.'' പൊതുവായ ഒരഛനുണ്ടാവുമ്പോഴാണല്ലോ ദുര്‍ബലനായ സഹോദരന്‍ പരിഗണിക്കപ്പെടേണ്ടവനാവുന്നത്. ദൈവമുണ്ടാകുമ്പോഴാണ് ദുര്‍ബലരായ മനുഷ്യര്‍ പരിഗണിക്കപ്പെടേണ്ടവരാവുന്നത്. ദൈവം അധികാരശക്തി മാത്രമല്ല മൂല്യത്തിന്റെ സ്രോതസ്സ് കൂടിയാണ്. ദൈവമുണ്ടാകുമ്പോഴാണ് മനുഷ്യരില്‍ കരുണ ഉണ്ടാവുന്നത്. അതുകൊണ്ടാണ് ഇസ്‌ലാമിന്റെ ഒരു കാല് സകാത്താവുന്നത്.
പലിശയാണ് ബഹുദൈവത്വത്തിന്റെയും മുതലാളിത്തത്തിന്റെയും സാമ്പത്തിക സംസ്‌കാരങ്ങളുടെ അടയാളം. ഇസ്‌ലാം പലിശയെ നിഷിദ്ധമാക്കുക മാത്രമല്ല ചെയ്തത്. സകാത്തിനെ അതിന്റെ സാമ്പത്തിക സംസ്‌കാരത്തിന്റെ അടയാളമായി പ്രഖ്യാപിക്കുക കൂടിയാണ്. പലിശയും സകാത്തും പരസ്പരവിരുദ്ധമായ രണ്ട് സാമ്പത്തിക സംസ്‌കാരങ്ങളാണ്. മറ്റുള്ളവരുടെ നിസ്സഹായതയോ ദൗര്‍ബല്യമോ ചൂഷണം ചെയ്ത് നേടുന്ന നേട്ടങ്ങള്‍ വികസനമാണെന്നതാണ് പലിശാധിഷ്ഠിത സമീപനത്തിന്റെ കാഴ്ചപ്പാട്. മറ്റുള്ളവരുടെ നിസ്സഹായത പങ്കുചേര്‍ന്ന് പരിഹരിക്കേണ്ട മാനുഷിക പ്രശ്‌നമാണെന്നതാണ് സകാത്ത് അധിഷ്ഠിതമായ കാഴ്ചപ്പാട്. പലിശ കൊണ്ട് ഉത്തമര്‍ണന് നേട്ടമുണ്ടാവുമെങ്കിലും യഥാര്‍ഥത്തില്‍ അത് വളര്‍ച്ചയല്ല. സകാത്ത് പ്രത്യക്ഷത്തിലും തീര്‍ത്തും വ്യക്തിപരമായി മാത്രമെടുത്താലും നഷ്ടക്കച്ചവടമാണ്. പക്ഷേ, പലിശയല്ല സകാത്താണ് അല്ലാഹുവിന്റെ അടുക്കല്‍ വികസനമെന്നാണ് ഖുര്‍ആന്‍ പറയുന്നത് (അര്‍റൂം 39).
സകാത്ത് എന്ന വാക്കിന് രണ്ടര്‍ഥങ്ങളാണുള്ളത്. ഒന്ന്, സംസ്‌കരണം, രണ്ട് വളര്‍ച്ച. സംസ്‌കരിച്ചുകൊണ്ട് വളരുക എന്നാണതിന്റെ സമഗ്രാര്‍ഥം. വളര്‍ച്ചയുടെ സംസ്‌കരണമെന്നാല്‍ കേവലം ചില ആത്മസംസ്‌കരണങ്ങളല്ല. അത് അവകാശം നിഷേധിക്കപ്പെട്ടവന് അവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ള വളര്‍ച്ചയാണ്, വികസനമാണ്. ദുര്‍ബലനും അടിസ്ഥാനാവശ്യങ്ങള്‍ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തലാണ്. അവസരസമത്വം ഉറപ്പാക്കലാണ്. അവസാന മനുഷ്യനെ എങ്ങനെ ബാധിക്കും എന്ന ആലോചനയില്ലാത്ത, ആധിയില്ലാത്ത വികസനത്തെ സകാത്തിന്റെ സംസ്‌കാരത്തിന് വികസനമായി അംഗീകരിക്കാന്‍ കഴിയില്ല. എത്ര വളരുന്നു, അതില്‍ എത്ര നീതിയും കരുണയും പുലരുന്നു എന്നതാണ് ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം വികസനത്തിന്റെ മാപിനികള്‍.
സകാത്തില്‍ കൊടുക്കുന്ന വ്യക്തിക്ക് സാമ്പത്തിക നഷ്ടമുണ്ട്. പക്ഷേ, അയാള്‍ക്ക് ആത്മസംസ്‌കരണം ലാഭമായി ലഭിക്കും. സമൂഹത്തില്‍ ദുര്‍ബലന് ഒന്നുകില്‍ മത്സരക്ഷമത നേടിയെടുക്കാനാവും. അല്ലെങ്കില്‍ സംരക്ഷിക്കപ്പെടും. നിസ്സഹായനായി നിര്‍ത്തപ്പെടുന്ന മനുഷ്യരുണ്ടാവില്ല എന്നതാണ് ഈ വികസന കാഴ്ചപ്പാടിന്റെ സവിശേഷത. സമൂഹത്തിലെ എല്ലാവരുടെയും വികസനത്തിലൂടെയേ ഏത് വ്യക്തിക്കും ഭൗതികമായി തന്നെ വളരാന്‍ കഴിയൂ എന്നതാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. ബഹുദൈവത്വവും കോര്‍പറേറ്റിസവും സമ്പത്ത് ചിലരില്‍ കുന്നുകൂടുന്നതിലാണ് വിശ്വസിക്കുന്നത്. ബഹുദൈവത്വത്തില്‍ ഭക്തന്‍ എല്ലാം പുരോഹിതന് നല്‍കുന്നു. പുരോഹിതന്‍ ഒന്നും ആര്‍ക്കും നല്‍കേണ്ടതില്ല. കോര്‍പറേറ്റ് മുതലാളിത്തത്തില്‍ സാധാരണക്കാരന്റെ സബ്‌സിഡികളെല്ലാം എടുത്തുകളയുന്നു. കോര്‍പറേറ്റുകള്‍ക്ക് എല്ലാ ഇളവുകളും നല്‍കുന്നു. മൂലധനത്തിന്റെ മേല്‍ സാമൂഹിക നിയന്ത്രണം കൊണ്ടുവരേണ്ടതിനു പകരം സമൂഹത്തിന്റെ മേല്‍ മൂലധനത്തിന്റെ നിയന്ത്രണം കൊണ്ടുവരുന്നു. മൂലധന നിക്ഷേപത്തെ ജന പരിസ്ഥിതി സൗഹൃദപരമാക്കുന്നതിനു പകരം ജനത്തോട് നിരന്തരം മൂലധനസൗഹൃദപരമാവാന്‍ സമ്മര്‍ദപ്പെടുത്തുന്നു. സമ്പത്തുള്ളവന് സമ്പത്തില്ലാത്തവന്‍ സകാത്ത് നല്‍കുന്ന തലതിരിഞ്ഞ സമ്പദ് വ്യവസ്ഥയാണ് കോര്‍പറേറ്റ് മുതലാളിത്തം.
'വികസനം' എന്ന ആശയം യഥാര്‍ഥത്തില്‍ ഒരു മുതലാളിത്ത പദമാണ്. വികസിത രാഷ്ട്രം എന്നാല്‍ അര്‍ഥമാക്കപ്പെടുന്നത് കൂടുതല്‍ മുതലാളിത്തവത്കരിക്കപ്പെട്ട രാജ്യങ്ങള്‍ എന്നാണ്. വികസ്വര രാഷ്ട്രങ്ങള്‍ എന്നാല്‍ മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ എന്നും അവികസിത രാജ്യങ്ങള്‍ എന്നാല്‍ തീരേ മുതലാളിത്തവത്കരിക്കപ്പെടാത്ത രാജ്യങ്ങള്‍ എന്നുമാണാര്‍ഥം. അവികസിത നാടുകളായ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കാടുകള്‍ പുറത്തുവിടുന്ന ഓക്‌സിജന്റെ ബലത്തിലാണ് വികസിത ലോകം നിലനില്‍ക്കുന്നത്. അതിനിടെയാണ് ട്രംപ് പാരീസ് കരാറില്‍നിന്ന് പിന്മാറുന്നത്. എല്ലാ രാജ്യങ്ങളും വികസിത രാജ്യമാവാത്തതുകൊണ്ടാണ് ലോകം നിലനില്‍ക്കുന്നത്.
ശരിയായ വികസനത്തെക്കുറിക്കാനുള്ള ഇസ്‌ലാമിക പദം സകാത്തിന്റെ മറ്റൊരു രൂപമായ തസ്‌കിയത്ത് എന്നതാണെന്ന് പ്രമുഖ ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രകാരന്‍ നജാത്തുല്ലാ സിദ്ദീഖി അഭിപ്രായപ്പെടുന്നുണ്ട്.
Comments