മൃഗങ്ങള്‍ തിന്മയുടെ കേദാരമോ?
ടി. മുഹമ്മദ് വേളത്തിന്റെ 'നോമ്പ് വിരക്തിയുടെ പാഠശാല' എന്ന ലേഖനം(ലക്കം 3003) വ്രതത്തിന്റെ വിശാലവും ആഴമേറിയതുമായ ആശയ തലങ്ങള്‍ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാന്‍ സഹായകമായി. എന്നാല്‍, വരികള്‍ക്കിടയിലെ ചില പ്രയോഗങ്ങള്‍ വായനക്കാരില്‍ സന്ദേഹങ്ങള്‍ ഉളവാക്കുന്നു. മനുഷ്യാസ്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കാന്‍, അതിനെ ദൈവിക തലത്തിലേക്ക് സാമ്യപ്പെടുത്താന്‍ വെമ്പുമ്പോള്‍ അതിന് തടസ്സമായി നില്‍ക്കുന്നത് ജന്തുപരമായ ആവശ്യങ്ങളാണെന്നും അവനിലെ മൃഗത്തെ മെരുക്കിയെടുക്കുക എന്നതാണിതിന് പോംവഴിയെന്നും ലേഖനം സൂചിപ്പിക്കുന്നു. 'മൃഗീയത, ജന്തുപരമായ ആവശ്യങ്ങള്‍, അവനിലെ മൃഗത്തെ മെരുക്കിയെടുക്കല്‍' തുടങ്ങിയ പദാവലികളും പ്രയോഗങ്ങളും മനുഷ്യേതര ജന്തുവിഭാഗങ്ങള്‍ സകല നെറികേടുകളുടെയും തിന്മകളുടെയും കേദാരമാണെന്ന ധ്വനി ഉണ്ടാക്കുന്നു. യഥാര്‍ഥത്തില്‍ പടച്ചവന്റെ സൃഷ്ടികളായ ജന്തുജാലങ്ങളെയും അവയുടെ നൈസര്‍ഗികമായ ജീവിത-ആവാസരീതികളെയും നിഷേധാത്മക രീതിയില്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നതിനല്ലേ ഇത് സഹായകമാവുക? മൃഗങ്ങളുടെ പ്രതിരോധതന്ത്രത്തെയും പശിയടക്കാന്‍ മാത്രമുള്ള ആക്രമണോത്സുക ഇരപിടിക്കല്‍ രീതിയെയും സ്വാഭാവിക അതിജീവന ശ്രമത്തെയും 'മൃഗീയത' എന്ന വാക്കുകൊണ്ട് ചാപ്പകുത്തുന്നത്, മറ്റുള്ള ജീവജാലങ്ങളിലെന്നപോലെ അവയിലും നിക്ഷിപ്തമായ ജനിതക വ്യവഹാരത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. പ്രതിരോധം സ്വരക്ഷക്കുള്ള സംവിധാനമാണെന്നത് ഏത് വ്യവസ്ഥയും അംഗീകരിക്കുന്നു. മനുഷ്യരിലേതുപോലെയുള്ള അപക്വവും വിവേകരഹിതവും കാലുഷ്യം നിറഞ്ഞതുമായ പ്രതികാരശൈലിയും സ്വഭാവവൈകൃതങ്ങളും മറ്റും മൃഗങ്ങളില്‍ കണ്ടുവരുന്നില്ല. മനുഷ്യലോകത്തിന് തന്നെ ഗുണപാഠങ്ങളായി, നിരവധി ജീവജാലങ്ങളെ മുന്‍നിര്‍ത്തി അനേകം ഉപമകളും ഉദാഹരണങ്ങളും വിശുദ്ധ ഖുര്‍ആന്‍ തന്നെ വിവരിച്ചിരിക്കെ, ഹിംസാത്മക സ്വഭാവ ശൈലിയെ ചൂണ്ടിക്കാണിക്കുന്നതിന് 'മൃഗീയത' പോലെ മാര്‍ദവമില്ലാത്ത പദപ്രയോഗങ്ങള്‍ക്ക് തിരുത്ത് ആവശ്യമാണ്. കുട്ടിത്തവും സ്ത്രീത്വവും നാട്ടിലും വീട്ടിലും കശാപ്പു ചെയ്യപ്പെടുന്ന, ക്ലസ്റ്റര്‍-കാര്‍പ്പറ്റ്-മിസൈല്‍ ബോംബുകള്‍ പേമാരി കണക്കെ വര്‍ഷിച്ച് പിഞ്ചുകുഞ്ഞുങ്ങളെയടക്കം ചുട്ടുചാമ്പലാക്കുന്ന, ഭരണഘടനാ തത്ത്വങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പുതിയ നിര്‍വചനങ്ങള്‍ കുറിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് 'നാല്‍ക്കാലികളെ' കവച്ചുവെക്കുംവിധം 'മൃഗീയത' പുറത്തെടുത്ത്, സംഹാരതാണ്ഡവമാടുന്ന 'ഇരുകാലികള്‍' നാടുവാഴും കാലത്ത് പൊതുസമ്മതമായിത്തീരാവുന്ന ഇത്തരം മുദ്രകുത്തലുകള്‍ പാവം മൃഗങ്ങളുടെ മേല്‍ നടത്തുന്നത് ഭൂഷണമല്ല.
ജീവിത അടയാളങ്ങളിലെ യാദൃഛികതകള്‍
'നമുക്ക് തണലേകാന്‍ വെയില്‍ കൊണ്ടവരുടെ ജീവിതം' അനുസ്മരിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനം ജീവിത അടയാളങ്ങള്‍ എന്ന പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ബഷീര്‍ തൃപ്പനച്ചിയുടെ കുറിപ്പ് (ലക്കം 3003) ശ്രദ്ധേയമായി. ഇസ്‌ലാമിക പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച, അതിനുവേണ്ടി വിയര്‍പ്പൊഴുക്കി വിടപറഞ്ഞുപോയ അനേകം പേര്‍ ഇനിയും ഇത്തരമൊരു അനുസ്മരണ സമാഹാരത്തിന്റെ ഭാഗമാകേവരായു് എന്നത്, ലേഖകന്‍ തന്നെ സൂചിപ്പിച്ചതുപോലെ, ശ്രമകരമായ ഈ ഉദ്യമത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്ല ബോധ്യമുണ്ട്. ഈ പുസ്തകത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ അവര്‍ അനുസ്മരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
പല അനുസ്മരണക്കുറിപ്പുകളും നേരത്തേ വായിക്കപ്പെട്ടതാണെങ്കിലും അവയെല്ലാം ഒരു പുസ്തകത്തില്‍ ഒന്നിച്ച് ഇടംപിടിച്ചപ്പോഴുള്ള വായനാനുഭവം വേറെത്തന്നെ. പലവിധ വികാരങ്ങളും മനസ്സില്‍ അണപൊട്ടി പുസ്തകത്തിലെ ചില കുറിപ്പുകളിലൂടെ കണ്ണോടിച്ചപ്പോള്‍. 11-08-14-ന് മരണപ്പെട്ട കെ.പി.ഒ മൊയ്തീന്‍ കുട്ടി ഹാജിയെക്കുറിച്ച് അനുസ്മരണമെഴുതിയത് തിരൂരിലെ എന്‍.കെ ബാവ മാസ്റ്റര്‍. 11-02-16-ന് വിടപറഞ്ഞ ബാവ മാസ്റ്ററുടെ അനുസ്മരണവും ഇതേ പുസ്തകത്തിലു്. 30-12-08-ന് വിട്ടുപിരിഞ്ഞ കെ.ടി ഹനീഫ് സാഹിബി(തിരുവനന്തപുരം)നെക്കുറിച്ച് പി.എ സഈദ് എഴുതിയതും, 25-12-16-ന് വിടപറഞ്ഞ സഈദ് സാഹിബിനെക്കുറിച്ച് എ.എ ഹലീം എഴുതിയതും ഒരേ പുസ്തകത്തില്‍! 31-12-09-ന് മരണമടഞ്ഞ ആനമങ്ങാടന്‍ മൊയ്തു ഹാജിയെക്കുറിച്ച് ശാന്തപുരം കുഞ്ഞാണി ഹാജി, കുഞ്ഞാണി ഹാജിയെക്കുറിച്ച് ശൈഖ് മുഹമ്മദ് കാരകുന്ന്, പി.കെ.പി തങ്ങളെയും വടക്കാങ്ങര കെ. അബ്ദുല്‍ ഖാദിര്‍ മൗലവിയെക്കുറിച്ച് കെ. അബൂബക്കര്‍ വടക്കാങ്ങര, ഇദ്ദേഹത്തെക്കുറിച്ച് ആരിഫ വടക്കാങ്ങര. മരണം എന്ന അതിഥിയുടെ ക്ഷണിക്കപ്പെടാതെയുള്ള കടന്നുവരവിനെ സംബന്ധിച്ച വലിയ പാഠങ്ങളും സന്ദേശങ്ങളും മുന്നറിയിപ്പുകളുമാണ് ഓരോ കുറിപ്പും നമുക്ക് നല്‍കുന്നത്.
എന്‍.കെ ഹുസൈന്‍, കുന്ദമംഗലം
'നോമ്പ് എനിക്കുള്ളത്'
എല്ലാ ആരാധനകളും അല്ലാഹുവിനാണ്. എന്നാല്‍ വ്രതത്തെക്കുറിച്ചുമാത്രം, 'നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്' എന്ന് അല്ലാഹു പറഞ്ഞത് എന്തുകൊണ്ടായിരിക്കാം? ചിന്ത സംഗതമാണെന്നു തോന്നുന്നു. മറ്റെല്ലാ ആരാധനകളും സമൂഹം കാണുന്നതാണ്. സമൂഹത്തെ ബോധ്യപ്പെടുത്താനോ, പേടിച്ചോ നമസ്‌കരിക്കുന്നവരും മറ്റ് ആരാധനകള്‍ ചെയ്യുന്നവരുമുണ്ട്. എന്നാല്‍ നോമ്പിന്റെ കാര്യത്തില്‍ അത് സാധ്യമല്ല. നോമ്പുകാരനാണോ അല്ലേ എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാവില്ല, അപ്പോള്‍ യഥാര്‍ഥ ദൈവഭയമുള്ളവര്‍ മാത്രമേ സത്യസന്ധമായി നോമ്പെടുക്കുകയുള്ളൂ. ദൈവഭയമുണ്ടെങ്കിലും ശങ്കിച്ചുനില്‍ക്കുന്നവരുണ്ടാകാം. ഭക്ഷണമുപേക്ഷിക്കുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണ്. തീറ്റപ്രിയര്‍ക്ക് അലോസരമുണ്ടാക്കുന്നതുമാണ്. ദൈവഭയമുണ്ടെങ്കിലും ഭക്ഷണകാര്യത്തിലുള്ള ദൗര്‍ബല്യം നോമ്പിന്റെ കാര്യത്തില്‍ അവരെ പിന്നോട്ടുവലിക്കും. ശീലിച്ച കാര്യം പെട്ടെന്നെങ്ങനെ നിര്‍ത്തും? സ്വാദിഷ്ടമായ ഭക്ഷണം തല്‍ക്കാലത്തേക്കെങ്കിലും എങ്ങനെ ഉപേക്ഷിക്കും? ഇങ്ങനെ ആടിക്കളിക്കുന്ന മനസ്സിനെ നബിവചനം പിടിച്ചുനിര്‍ത്തും. ചാഞ്ചാട്ടക്കാരെ ഇരുത്തിച്ചിന്തിപ്പിക്കും. ഭക്ഷണത്തിന്റെ മുമ്പില്‍ ഈമാന്‍ പതറിക്കൂടെന്ന്, ഭക്തിയുള്ളവരെ അത് ഓര്‍മിപ്പിക്കും. 'നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്' എന്ന ഓര്‍മപ്പെടുത്തല്‍ വല്ലാതെ മനസ്സില്‍ തട്ടുന്ന ഉത്തേജകൗഷധം തന്നെ.
കെ.പി ഇസ്മാഈല്‍, കണ്ണൂര്‍
പ്രബോധനം തന്നെ!
വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഒരു സംഭവം. ഗ്ലാസ്‌നോസ്റ്റ്-പെരിസ്‌ട്രോയിക്ക കാലം. ടി.കെ അബ്ദുല്ല സാഹിബിന്റെ തുടര്‍ലേഖനങ്ങള്‍ പ്രബോധനത്തില്‍ അച്ചടിച്ചുവരുന്നു. അന്ന് വാരികയുടെ വരിക്കാരനായിരുന്നു ഇന്നത്തെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. എല്ലാ ആഴ്ചയും അദ്ദേഹത്തിന് പ്രബോധനം കൊടുക്കും. ഒരു ദിവസം അദ്ദേഹം പറഞ്ഞു; 'ഞാനിന്നലെ കാസര്‍കോട്ട് പ്രസംഗിച്ചത് പ്രബോധനം ഉയര്‍ത്തിക്കാട്ടിയാണ്. കമ്യൂണിസം തകരാന്‍ പാടില്ല എന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ ബുദ്ധിജീവിയായ ടി.കെ അബ്ദുല്ല പോലും പറയുന്നു; കാരണം കമ്യൂണിസം തകര്‍ന്നാല്‍ മുതലാളിത്തം അതിന്റെ സകല ശക്തിയോടും കൂടി രംഗം വാഴും.' എല്ലാ വിഭാഗം വായനക്കാരെയും ഹഠാദാകര്‍ഷിച്ചു പ്രബോധനം എന്നതിന്റെ തെളിവുകളിലൊന്നാണിത്.
കെ.കെ ബശീര്‍, കുറുവ, കണ്ണൂര്‍
ദൈവത്തിന്റെ വരദാനം
മൂവായിരത്തി നാലാം ലക്കത്തിലെ വാണിദാസ് എളയാവൂരിന്റെ ഖുര്‍ആന്‍ ലേഖനം, ഗൗരവത്തിലും മനോഹാരിതയിലും ആ വിശുദ്ധഗ്രന്ഥത്തോട് നീതി പുലര്‍ത്തിയ ഒന്നായിരുന്നു. ലേഖനത്തില്‍, സാമാന്യ മനുഷ്യബുദ്ധിയെ എന്നും വിസ്മയഭരിതമാക്കാറുള്ള ആ മൂന്ന് ചോദ്യങ്ങള്‍ക്ക് അദ്ദേഹം കോറിയിട്ട വിശദീകരണം, പണ്ഡിതോചിതം തന്നെ.
മമ്മൂട്ടി കവിയൂര്‍
Comments