Prabodhanm Weekly

Pages

Search

2017 ജൂണ്‍ 16

3006

1438 റമദാന്‍ 21

പി.എസ്.സി നിയമങ്ങളിലെ മെറിറ്റ് അട്ടിമറി

സുദേഷ് എം.രഘു

പിന്നാക്ക-പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍െപട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റുകളില്‍ അഥവാ ജനറല്‍ സീറ്റുകളില്‍ നിയമനം ലഭിക്കാന്‍ നിയമപരമായി തന്നെ അവകാശമുണ്ടെന്നും എന്നാല്‍ ആ അവകാശം പി.എസ്.സിയുടെ നിലവിലുള്ള റൊട്ടേഷന്‍ വ്യവസ്ഥപ്രകാരം ലഭിക്കുന്നില്ലെന്നും വസ്തുതകളുടെയും തെളിവുകളുടെയും പിന്‍ബലത്തോടെ സമര്‍ഥിക്കുന്ന പുസ്തകം. സംവരണ സമുദായക്കാരെ മെറിറ്റ് സീറ്റുകളില്‍ അടുപ്പിക്കാതിരിക്കുന്നതുവഴി സംവരണത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെയാണ് പി.എസ്.സി അട്ടിമറിക്കുന്നത്. സംവരണവും റൊട്ടേഷനും: അടിസ്ഥാന വിവരങ്ങള്‍, തുടര്‍ റൊട്ടേഷനിലെ തെരഞ്ഞെടുപ്പ്, നൂറ് യൂനിറ്റാക്കലും ഒറ്റ യൂനിറ്റാക്കലും, മെറിറ്റ് സീറ്റുകളുടെ നഷ്ടം, കോടതിപ്പോരാട്ടം, വാദം - പ്രതിവാദം തുടങ്ങി 8 അധ്യായങ്ങളും പത്ത് അനുബന്ധങ്ങളും. പേജ്: 175, വില: 180, പ്രസാധനം: അദര്‍ ബുക്‌സ്, കോഴിക്കോട്.

 

സത്യത്തിലേക്ക് എന്റെ ജീവിതയാത്ര

അസ്മാ നസ്‌റീന്‍

ഹൃദയം തൊട്ട വാക്കുകള്‍ കൊണ്ട് സ്വന്തം ജീവിതയാത്ര കോറിയിട്ട കൃതിയാണ് അസ്മാ നസ്‌റീന്റെ 'സത്യത്തിലേക്ക് എന്റെ ജീവിതയാത്ര.' സത്യാന്വേഷണത്തിന്റെ വഴിയില്‍ പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന ഒരു മലയാളി വനിതയുടെ  കഥയാണീ കൃതി. തിരുവനന്തപുരത്ത് ബഹുദൈവ വിശ്വാസ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്നു. അനുഭവങ്ങളില്‍നിന്ന് ഉടലെടുത്ത ജിജ്ഞാസ അന്വേഷണത്തിലേക്ക് നയിച്ചപ്പോള്‍ എത്തിപ്പെട്ട അറിവിന്റെ ലോകം ഇസ്‌ലാമിക സത്യത്തിലേക്ക് വഴിനടത്തുകയായിരുന്നു. ആ യാത്രയിലെ അനുഭവങ്ങളാണ് 145 പേജുള്ള ഈ പുസ്തകത്തില്‍. അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങള്‍ പിന്നിട്ട്, ഇസ്‌ലാം ജീവിതയാഥാര്‍ഥ്യമായിത്തീര്‍ന്നതു മുതല്‍ അസ്മാ അനുഭവിച്ച സന്തോഷവും സംതൃപ്തിയും ഇതിലെ അക്ഷരങ്ങളില്‍നിന്ന് വെളിച്ചം പരത്തുന്നുണ്ട്. എന്നാല്‍, മുന്നോട്ടു പോകുമ്പോള്‍ നേരിടേണ്ടിവന്ന തീക്ഷ്ണമായ പരീക്ഷണങ്ങള്‍, പട്ടിണി, ഭീഷണി, ഒറ്റപ്പെടല്‍ ഇതിലെ  അക്ഷരങ്ങളില്‍ തീപടര്‍ത്തുന്നുണ്ട്. വിശ്വാസത്തിലെ വികലതകള്‍, ആത്മഹത്യ, ആശ്വാസത്തിന്റെ ബാങ്കൊലി, കല്യാണ നാടകം, അഭയാര്‍ഥി, കാലിത്തൊഴുത്തിലേക്ക്, ആദ്യനോമ്പ്, പുതുവര്‍ഷം പുതുജീവിതം, നികാഹ്, ഉമ്മയുടെ രക്തം, പീഡനം, മോചനം, ഭീഷണി, അല്‍ഹംദുലില്ലാഹ് എന്നിങ്ങനെ 30 അധ്യായങ്ങള്‍. ഒറ്റയിരപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന പുസ്തകം നമ്മുടെ മനസ്സ് നിറക്കും. പേജ്: 145, വില: 160, പ്രസാധനം: ബുക്മാര്‍ട്ട്, ടി.സി 49/208, മണക്കാട്, തിരുവനന്തപുരം-9.

 

നബി പറഞ്ഞ കഥകള്‍

അബ്ദുല്‍ ജബ്ബാര്‍ കൂരാരി

മനുഷ്യസമൂഹത്തിനാകെ വെളിച്ചം പകര്‍ന്ന പുണ്ടണ്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ സന്മാര്‍ഗോപദേശകഥകള്‍. ധാര്‍മികതയും മാനുഷികമൂല്യങ്ങളും ഹൃദയത്തോട് അടുപ്പിച്ച് കനിവിന്റെയും സ്‌നേഹത്തിന്റെയും പ്രകാശം സമൂഹത്തില്‍ പരത്തുന്നു. സാമൂഹിക പ്രതിബദ്ധതയും ജാതിമതരഹിത സമൂഹവും ഏകദൈവ വിശ്വാസവും വളര്‍ത്താന്‍ ഉതകുന്ന സവിശേഷകൃതി. പേജ്: 112, വില: 100, പ്രസാധനം: ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്.

 

അറബി ഭാഷ കേരളത്തില്‍

എ.ആര്‍ കൊടിയത്തൂര്‍

പ്രാചീന കാലം മുതല്‍ കേരളവുമായി ഉറ്റ ബന്ധമുണ്ട് അറബി ഭാഷക്ക്. വ്യാപാരം, ഇസ്‌ലാമിക പ്രബോധനം, ഭരണനിര്‍വഹണം, വിദ്യാഭ്യാസം, ഗ്രന്ഥരചന തുടങ്ങിയവയിലൂടെ അറബിഭാഷയും കേരളവും തമ്മിലുള്ള ബന്ധം വളര്‍ന്നു വികസിച്ചു. അതിന്റെ ചരിത്രവും സ്വാധീനവും പഠനവിധേയമാക്കുന്ന കൃതിയാണ് അറബി ഭാഷ കേരളത്തില്‍. അറബി ഭാഷാ ചരിത്രത്തോടൊപ്പം കേരളത്തില്‍ രചിക്കപ്പെട്ട അറബി ഭാഷാ കൃതികള്‍, പ്രമുഖ പണ്ഡിതന്മാര്‍ തുടങ്ങിയവരെയും പരിചയപ്പെടുത്തുന്നു. പത്തൊമ്പത് അധ്യായങ്ങളു് പുസ്തകത്തില്‍. പ്രസാധനം: വചനം ബുക്‌സ്. പേജ് 191. വില 180 രൂപ.

Comments